ഹൃദയതാളമായ്: ഭാഗം 162

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കോൾ കട്ട്‌ ആയതും അച്ചു ചെവിയിൽ നിന്ന് മൊബൈൽ മാറ്റി എമിയെ ഒന്നു നോക്കി. ആൾ ഭയങ്കര പ്രകൃതി നിരീക്ഷണത്തിലാണ്. ശാസ്ത്രജ്ഞന്മാർക്ക് വരെ വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് നിരീക്ഷണം. അവളുടെ നിൽപ്പും ഇല എണ്ണലും എല്ലാം നോക്കി അച്ചു നെഞ്ചിൽ കൈ പിണച്ചു വെച്ച് എമിയെ തന്നെ നോക്കി. അച്ചുവിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ ആയതും എമി ഇടംകണ്ണിട്ട് അവനെ ഒന്നു നോക്കി. ഗൗരവത്തോടെ നിൽക്കുന്നവനെ കണ്ടതും അവൾ വേഗം തന്നെ നോട്ടം മാറ്റി. പണി പാളിയല്ലോ എന്റെ പുണ്യാളാ... അവൾ ഇനി എങ്ങാനും അപ്പുവേട്ടനെ കൊന്നോ????? ഏയ്‌... അതിനുള്ള സാധ്യതയില്ല.... നിൽപ്പ് കണ്ടിട്ട് എല്ലാം അറിഞ്ഞ ലക്ഷണമാ കാണുന്നത്. ഞാൻ ഇനി ഡ്രാക്കൂന്റെ മുന്നിൽ നിന്ന് രക്ഷപ്പെടും എന്റെ കർത്താവേ???? മനസ്സിൽ പറഞ്ഞു കൊണ്ടവൾ കൈവിരലുകൾ ഞെരിച്ചു. തലകറങ്ങുന്നതായിട്ട് അഭിനയിച്ചാലോ?????

എന്റെ പാഷാണം ഷാജിയേട്ടാ നിങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഞാനൊരു പരീക്ഷണത്തിന് ഇറങ്ങുവാ അനുഗ്രഹിച്ചേക്കണേ..... സ്വയമേ ഓർത്തവൾ നെറ്റിയിൽ വിരൽ വെച്ചു. അയ്യോ.... എനിക്ക് തല ചുറ്റുന്നേ..... മോഹാലസ്യപ്പെട്ട് വീഴാൻ പോവുന്നത് പോലെ അഭിനയിച്ച് അവൾ ഒളികണ്ണിട്ട് അച്ചുവിനെ പാളി നോക്കി. യാതൊരു ഭാവഭേദവും ഇല്ലാതെ നിൽക്കുകയാണവൻ. പാറ പോലെ നിൽക്കാതെ വന്നെന്നെ ഒന്നു താങ്ങ് മനുഷ്യാ... ഇനി വിശ്വാസം വരാത്തത് കൊണ്ടെങ്ങാനും ആണോ???? ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി വീഴുന്നതായി കാണിച്ചാലോ????? എന്നിട്ട് വേണം വല്ലായിടത്തും തലയടിച്ച് ഉള്ള കിളി മുഴുവൻ പോയി ശരിക്കും ബോധമില്ലാതെ ആവാൻ.... ഒരു കാര്യം ചെയ്യാം എവിടെയെങ്കിലും ചാരി നിൽക്കാം..... മനസ്സിൽ ഗുണിച്ചും ഹരിച്ചും നോക്കിക്കൊണ്ട് അവൾ തളർച്ച അഭിനയിച്ച് തൂണിലേക്ക് ചാരി നിന്ന് മുഖത്ത് മ്യാരക എക്സ്പ്രഷൻ വാരി വിതറി.

അഭിനയത്തിൽ ആൽവിച്ചന് ഒത്തൊരു എതിരാളി ആവാൻ എല്ലാ വിധ സാധ്യതയുമുണ്ട്. അച്ചു അരികിലേക്കായ് വരുന്നതായി തോന്നിയതും എമി കുറച്ചു കൂടി ക്ഷീണം അഭിനയിച്ചു. അവളെ ഒന്നു നോക്കി അച്ചു അവൾക്ക് അരികിലേക്ക് ചേർന്ന് നിന്ന് ഒരു കൈ ഉയർത്തി തൂണിൽ ഉറപ്പിച്ചു. ഒരു ഓസ്കാർ എടുക്കട്ടെ?????? അച്ചുവിന്റെ ചോദ്യം കേട്ടതും ഒരു നിമിഷം അവൾ ഒന്നു പതറി. കണ്ണും മിഴിച്ച് അവൾ അച്ചുവിനെ നോക്കിയതും ചുണ്ട് കടിച്ചു പിടിച്ച് നിൽക്കുന്നവനെ കണ്ടതും അവളൊന്ന് ഇളിച്ചു. ഈൗ..... മനസ്സിലായില്ലേ?????? നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ????? അടിമുടി അവളെ ഒന്നു നോക്കി അച്ചു പറഞ്ഞതും അവൾ വെറുതെ ഒന്നു ഇളിച്ചു കാട്ടി. പതിനെട്ടാമത്തെ അടവ് പൊട്ടി പാളീസായ സ്ഥിതിക്ക് ഇനി പത്തൊമ്പത് എടുക്കാം.

കർത്താവും പുണ്യാളനും പണി തന്നു ഇപ്പ്രാവശ്യം നീയെങ്കിലും എന്റെ കൂടെ നിന്നേക്കണേ എന്റെ മാതാവേ..... ഒരു പ്രാർത്ഥനയോടെ അവൾ അച്ചുവിനെ നോക്കി. ദേ അമ്മച്ചി...... അവൾ പിന്നിലേക്ക് വിരൽ ചൂണ്ടിയതും അച്ചു ഒന്നു തിരിഞ്ഞു നോക്കി. ആ തക്കം നോക്കി എമി അവന്റെ കൈക്ക് ഇടയിലൂടെ നൂണ്ട് അകത്തേക്ക് ഓടാൻ തുനിഞ്ഞു. എന്നാൽ കാര്യം മനസ്സിലായ അച്ചു അടുത്ത നിമിഷം തന്നെ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് നെഞ്ചിലേക്ക് ഇട്ടിരുന്നു. ആദ്യമൊന്ന് പകച്ചെങ്കിലും അവന്റെ നെഞ്ചിൽ കൈ വെച്ച് തള്ളി മാറ്റാൻ അവളൊരു പാഴ്ശ്രമം നടത്തി. എന്നാൽ അതിനെ പാടെ തച്ചുടച്ചു കൊണ്ട് അച്ചു അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി ചുവരിലേക്ക് ചേർത്ത് നിർത്തി. എന്റെ കയ്യിൽ നിന്ന് വഴുതി എങ്ങോട്ടാടീ നീ ഈ ഓടുന്നത് ഹേ?????? ചോദ്യത്തിനൊപ്പം അച്ചു അവളിലേക്ക് ഒന്നുകൂടി ചേർന്ന് നിന്നു. ആഹ്!!!!! ഇച്ചായാ എന്റെ കൈ നോവുന്നു......

പുളഞ്ഞു കൊണ്ടവൾ പറഞ്ഞു. അടവ് ഇറക്കുന്നോടീ.... നിനക്ക് ഒട്ടും നോവുന്നില്ല എന്നെനിക്കറിയാം... പറയുന്നതിനൊപ്പം അച്ചു അവളുടെ ഇടുപ്പിൽ മെല്ലെ വേദനിക്കാത്ത വിധം ഒന്നു നുള്ളി. അതോടെ തന്റെ അവസാനത്തെ ശ്രമവും അതിദാരുണമായി പരാജയപ്പെട്ടു എന്ന തുണിയുടുക്കാത്ത സത്യം എമി മനസ്സിലാക്കി. ഒരാളുടെ മനസമാധാനം എങ്ങനെ നശിപ്പിക്കണം എന്ന് ആലോചിച്ച് ഇറങ്ങിയേക്കുവാ അല്ലേ???? അച്ചുവിന്റെ ചോദ്യത്തിന് മുപ്പത്തിരണ്ട് പല്ലും കാട്ടി അവൾ വെളുക്കെ ഇളിച്ചു കാട്ടി. അപ്പു നിന്നോട് എന്ത് തെറ്റാടീ ചെയ്തത്???? എന്റെ അറിവിൽ നിന്റെ വെളിവില്ലാത്ത കൂട്ടുകാരിയെ സ്വയമേ എടുത്തു തലയിൽ വെച്ചു എന്നൊരു ഒറ്റ കുറ്റമേ അവൻ ചെയ്തിട്ടുള്ളൂ... ആ തെറ്റിനുള്ള ശിക്ഷ അവന് ഡെയിലി നിവിയുടെ വക കിട്ടുന്നുണ്ട് അത് പോരാഞ്ഞിട്ട് ആണോ നീ കൂടി ഇമ്മാതിരി കുനഷ്ട് ഒപ്പിച്ച് അവന് പണി വാങ്ങി കൊടുക്കുന്നത്?????

രാവിലെ വന്നു പുഷപ്പ് എടുക്കുന്ന കാര്യം പറഞ്ഞപ്പോഴേ ഞാൻ എന്തോ പണി മണുത്തതാ അത് കൃത്യം നീ അപ്പുവിന്റെ നെഞ്ചത്ത് തന്നെ കൊണ്ടു വെച്ചല്ലോ??? ഇതൊക്കെ ഒരു രസല്ലേ എന്റെ ഡ്രാക്കൂ????? പറയുന്നതിനൊപ്പം അവന്റെ മീശ തുമ്പിൽ അവൾ പതിയെ ഒന്നു വലിച്ചു. മറുപടിയായി അച്ചു അവളെ നോക്കി പേടിപ്പിച്ചതും പെണ്ണ് നിഷ്കു മട്ടിൽ നിന്നു. പല തരം പണികൊടുക്കൽ കണ്ടിട്ടുണ്ട് പക്ഷെ കേരളത്തിൽ ഇരുന്ന് ബാംഗ്ലൂർ നിൽക്കുന്ന ആൾക്ക് ഫോണിലൂടെ പണി കൊടുക്കുന്നത് ഇത് ആദ്യമായിട്ട് കാണുവാ.... അച്ചു അവളിലെ പിടി മുറുക്കുന്നതിനൊപ്പം പറഞ്ഞു. കാലം മാറി ടെക്നോളജിയും വളർന്നു. പാലമരത്തിൽ റസ്റ്റ്‌ എടുത്തിരുന്ന യക്ഷികൾ വരെ ഇപ്പൊ ഫ്രിഡ്ജിലും ഫോണിലും കയറി ഇരുന്ന് മനുഷ്യർക്ക് പണി കൊടുത്തു കൊണ്ട് ഇരിക്കുവാ, അപ്പൊ ഇതൊക്കെ വെറും നിസ്സാരം. പ്രേതങ്ങൾ പോലും അപ്ഡേറ്റഡ് ആയി കൊണ്ടിരിക്കുമ്പൊ അതിന് അനുസരിച്ച് നമ്മളും മാറേണ്ടേ?????

Why should ghosts have all the fun???? കൈ മലർത്തി എമി ചോദിക്കുന്നത് കണ്ട് അച്ചുവിന് ചിരി വന്നുപോയി. എങ്ങനെ ചിരി വരാതിരിക്കും ഇമ്മാതിരി നെടുനീളൻ ഡയലോഗും അതിന്റെ കൂടെ പലവിധത്തിലുള്ള നിഷ്കു എക്സ്പ്രഷൻസും ഇതൊക്കെ കണ്ടാൽ ഏത് പോലീസുകാരനും ചിരി വന്നുപോകും. നിന്നെ ഞാൻ എന്താടീ പൊടിക്കുപ്പീ ചെയ്യേണ്ടത്?????? അത് ചോദിക്കവെ ചിരി അടക്കി വെക്കാൻ അവന് കഴിഞ്ഞിരുന്നില്ല. എന്നെ ഇച്ചായൻ തത്കാലം ഒന്നും ചെയ്യേണ്ട... അപ്പുവേട്ടൻ ഇപ്പോഴും ജീവനോടെ ഉണ്ടോന്ന് ഒന്നു വിളിച്ചു ചോദിച്ചാൽ മതി. കണ്ണിറുക്കി കുറുമ്പോടെ ചിരിച്ചവൾ അവനെ നോക്കി. പാവം അവന്റെ ഹണിമൂൺ നശിപ്പിച്ചിട്ട് നിന്ന് ചിരിക്കുന്നോടീ????? പറയുന്നതിനൊപ്പം തന്നെ അച്ചു മൃദുവായി അവളുടെ കവിളിൽ ഒന്നു കടിച്ചു. സ്സ്...... കവിളിൽ അറിഞ്ഞ നേർത്തൊരു നോവിൽ എരിവ് വലിച്ചവൾ ഒന്നു പിടഞ്ഞു.

അടുത്ത നിമിഷം തന്നെ അച്ചു അവിടെ ചുംബിച്ച് ചുണ്ടുകളാൽ അവിടെ ഉരസി. അവന്റെ മീശയും അധരങ്ങളും ഏറ്റവൾ ഇക്കിളിയോടെ ഒന്നു ചിരിച്ച് മുഖം വെട്ടിച്ചതും വാതിൽക്കൽ വായും തുറന്ന് നിൽക്കുന്ന സാറായെ കണ്ടതും അവളുടെ കണ്ണ് തള്ളി താഴെ വീഴും എന്ന പരുവത്തിൽ എത്തി. ഒരുതരം പരിഭ്രമത്തോടെ ഉമിനീര് ഇറക്കി അവൾ അച്ചുവിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു. അവനെ തള്ളി മാറ്റാൻ പോയിട്ട് അനങ്ങാൻ പോലും അവളെക്കൊണ്ട് ആയില്ല. ഇച്ചായാ.... അമ്മച്ചി..... വിറച്ചുകൊണ്ടവൾ പറഞ്ഞു. അങ്ങനെ ഇപ്പൊ എന്നെ പറ്റിക്കാന്ന് വിചാരിക്കണ്ടെടീ... പറയുന്നതിനൊപ്പം തന്നെ അച്ചു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. അവളൊന്ന് ഏങ്ങി പോയി. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ സ്വബോധം വീണ്ടെടുത്തവൾ സർവ്വശക്തിയും എടുത്ത് അച്ചുവിനെ തള്ളി മാറ്റി. പുറകോട്ട് ഒന്നു ആഞ്ഞു പോയെങ്കിലും പെട്ടെന്ന് ബാലൻസ് ചെയ്തു നിന്നവൻ അവളെ നോക്കിയതും വാതിൽക്കലേക്ക് നോക്കി വെപ്രാളത്തോടെ മുഖം താഴ്ത്തി നിൽക്കുന്നവളെ കണ്ടതും അച്ചുവിന്റെ നെറ്റി ചുളിഞ്ഞു.

സംശയത്തോടെ കണ്ണ് കുറുക്കി അവൻ അവളുടെ നോട്ടം പോയ വഴിയേ നോക്കിയതും കിളി പോയത് പോലെ വാതിൽപടിയിൽ ചാരി നിൽക്കുന്ന സാറായെ കണ്ടതും അവൻ ചൂളി പോയി. ഇതേ സമയം എമി എന്തുചെയ്യണം എന്നറിയാതെ നിലത്തേക്ക് നോക്കി നിൽപ്പാണ്. തലയുയർത്തി സാറായെ നോക്കാൻ കഴിയാത്ത വിധം ജാള്യത അവളെ മൂടി. എന്തു ചെയ്യണം എന്നറിയാതെ അവൾ നിന്നടത്ത് താളം ചവിട്ടി. ഇനിയും നിന്നാൽ ശരിയാവില്ല എന്ന് തോന്നിയതും മറുത്തൊന്നും ചിന്തിക്കാതെ അവൾ കണ്ണുകൾ ഇറുകെ അടച്ച് തുറന്ന് അകത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. അവളുടെ ഓട്ടം കണ്ടതും അച്ചുവും സാറായും ഒരു നിമിഷം അവൾ ഓടിയ വഴിയേ ഒന്നു നോക്കി. എമിയിൽ നിന്ന് സാറാ നോട്ടം മാറ്റിയതും അത് അച്ചുവിൽ വന്നു നിന്നു. അവരുടെ നോട്ടം കണ്ടതും അച്ചു വേണയോ വേണ്ടയോ എന്ന രീതിയിൽ ഒന്നു ഇളിച്ചു കാണിച്ചു. ഒന്നാന്തരം ഒരു ബെഡ്റൂം ഉണ്ടല്ലോ എന്നിട്ടവൻ വാതിൽക്കൽ വന്നു നിന്ന് കിന്നരിക്കുന്നു.

മേലിൽ ഇങ്ങനെ വരാന്തയിൽ വന്നു നിന്ന് നാട്ടുകാരെ ഓരോന്ന് കാണിക്കാൻ നിൽക്കരുത് കേട്ടല്ലോ???? അവർ പറഞ്ഞു നിർത്തിയതും ചമ്മിയ ഒരു ചിരി ചിരിച്ച് അച്ചുവും അവരെ കടന്ന് അകത്തേക്ക് കയറി. ആൽവിയെ കൊണ്ട് അടുക്കളയിൽ കിടന്ന് കറങ്ങുന്ന ഒരു ശല്യമേ ഉണ്ടായിരുന്നുള്ളൂ... ഇവൻ ഒരുത്തനെ കൊണ്ട് ഇനി നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുമല്ലോ എന്റെ മാതാവേ..... ആരുടെന്നില്ലാതെ പറഞ്ഞവർ നെറ്റിയിൽ കൈവെച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഓടികിതച്ച് മുന്നിൽ വന്നു നിന്ന് അണയ്ക്കുന്ന എമിയെ കണ്ടതും റിയയും അനുവും ഒരു നിമിഷം പകച്ചുപോയി. എന്നതാടീ എന്നാത്തിനാ നീ ഈ ഓടിയത്????? അനു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവളെ നോക്കി ചോദിച്ചു. ഏയ്‌.... ഞാൻ... ഞാൻ ചുമ്മാ... ഇതുവഴി വെറുതെ ഒന്നു ഓടി നോക്കിയതാ..... എമി പതർച്ച മറച്ചുവെച്ച് അവരെ നോക്കി ചിരിച്ചു.

ആരെങ്കിലും അറിഞ്ഞാൽ മാനം പോവുന്ന കേസാണേ.... അതെന്നാ നീ വല്ല ഓട്ട മത്സരത്തിനും പോവുന്നുണ്ടോ????? അനു ഇടുപ്പിൽ കൈകുത്തി നിന്ന് അവളെ നോക്കി പിരികം ഉയർത്തി. അതെന്താ ഓട്ട മത്സരത്തിന് മാത്രേ ഓടാൻ പാടുള്ളൂ എന്ന് നിയമം വല്ലതമുണ്ടോ?????? മുഖത്ത് ഇല്ലാത്ത ഗൗരവം അണിഞ്ഞവൾ അനുവിനെ നോക്കി. അല്ല നീ ഓടി പാഞ്ഞു വന്നത് കണ്ടവൾ ചോദിച്ചു പോയതാണ്. റിയ എമിക്ക് നേരെ തിരിഞ്ഞു പറഞ്ഞു. അതെന്താ ഓടിയാൽ????? എമി നാഗവല്ലി സെക്കന്റ്‌ പാർട്ട്‌ കളിക്കുവാണ്. അല്ല... സാധാരണ മനുഷ്യർ ആരും വീടിനകത്ത് ഓടാറില്ലല്ലോ????? ശെടാ.... എനിക്ക് ഈ വീട്ടിൽ ഒന്നു ഓടാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ????? എന്റെ പൊന്നോ... നീ ഓടുവോ ചാടുവോ തല കുത്തി മറിയുവോ എന്താന്ന് വെച്ചാൽ ചെയ്തോ ഞങ്ങൾക്കൊന്നുമില്ല എന്റെ കൊച്ചേ.... റിയ കയ്യടിച്ച് തൊഴുതുകൊണ്ട് പറഞ്ഞതും എമി ചുണ്ട് കോട്ടി ബെഡിൽ ചെന്നിരുന്നു.

അനു നെറ്റി ചുളിച്ച് അവളെ അടിമുടി ഒന്നു നോക്കി. എന്തോ എവിടെയോ ഒരു തകരാർ പോലെ... Something fishy..... അനുവിന്റെ ഉള്ളിലെ ഡിക്ടറ്റീവ് ഉണർന്നു. അല്ല.... പെണ്ണുകാണൽ കഴിഞ്ഞിട്ട് എന്തായി???? ചെക്കനെ ബോധിച്ചോ???? എമി ബുദ്ധിപൂർവ്വം വിഷയം മാറ്റി. അത് കേൾക്കേണ്ട താമസം അനുവിന്റെ സംശയങ്ങൾ ഒക്കെ എവിടെയോ പോയി മറഞ്ഞു. പകരം മുഖത്ത് നാണം നിറഞ്ഞു. അതിപ്പൊ പ്രത്യേകം ചോദിക്കേണ്ട ആവശ്യമുണ്ടോ എന്റെ എമീ... അടിമുടി പൂത്തുലഞ്ഞു നിൽക്കുന്ന നമ്മുടെ നാത്തൂന്റെ മുഖം കണ്ടാൽ അറിഞ്ഞൂടെ ചെക്കനെ അവൾക്ക് അങ്ങ് പിടിച്ചെന്ന്. റിയ കുസൃതിയോടെ അനുവിനെ നോക്കി പറഞ്ഞു. ഒന്നു പോ ഏട്ടത്തീ.... നാണം കലർന്നൊരു ചിരിയോടെ പറഞ്ഞവൾ ചുവന്നു പോയ മുഖം അവരിൽ നിന്ന് ഒളിപ്പിക്കാൻ ശ്രമിച്ചു. അയ്യടാ..... പെണ്ണിന്റെ നാണം ഒന്നു നോക്കിയേ.... ആളെ പറ്റി പറഞ്ഞപ്പൊ തന്നെ ആ മുഖം അങ്ങ് ചുവന്നു തുടുത്തു പോയി.

എമി പറയുന്നതിനൊപ്പം അനുവിന്റെ തോളിൽ മെല്ലെ തോൾ കൊണ്ട് തട്ടി. ഒറ്റ കാഴ്ചയിൽ തന്നെ ഇവൾ വീണു പോയതിൽ കുറ്റം പറയാൻ പറ്റില്ല. ചെക്കൻ പൊളിയല്ലേ?????? റിയ ചിരിയോടെ പറഞ്ഞു. മ്മ്മ്.... ചെക്കൻ പൊളിയാണ് പക്ഷെ ചെക്കന്റെ അമ്മ ഒരു പുരാവസ്തുവാണ്. എമി പറയുന്നത് കേട്ടതും റിയ ചുണ്ട് കൂട്ടിപിടിച്ച് ചിരിച്ചു. അനു ഒന്നും മനസ്സിലാവാതെ അവരെ രണ്ടിനെയും നോക്കി. പറയുന്നത് കൊണ്ടൊന്നും തോന്നരുത് മോളേ നാത്തൂനേ... നിന്റെ ഭാവി അമ്മായിയമ്മ എൺപതുകളിലെ ഒരു വസന്തമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാതെ പോയ ഒരു പ്യാവം അമ്മച്ചി. ഉപദേശമാണ് ആളുടെ മെയിൻ. ലക്ഷണം കണ്ടിട്ട് കല്യാണം കഴിഞ്ഞ് നിനക്ക് പെറാനേ നേരം കാണൂ. എമി പറഞ്ഞു നിർത്തിയതും അനു വായും തുറന്ന് നിന്നുപോയി. നീയിത് എന്നതൊക്കെയാ ഈ പറയുന്നത്?????? നിനക്ക് അതൊന്നും മനസ്സിലാവില്ല...

നിങ്ങൾ സംസാരിക്കാൻ ഇറങ്ങിയ നേരം ജെസ്സി ആന്റി ഇവളെയും അച്ചുവിനെയും ഒന്നു ഉപദേശിച്ചു അതാണ് കാര്യം. റിയ പന്തം കണ്ട പെരുച്ചാഴി കണക്കുള്ള അവളുടെ നിൽപ്പ് കണ്ട് പറഞ്ഞു. ഉപദേശമോ????? അനു സംശയത്തോടെ ചോദിച്ചു. ആഹ്.... ഉപദേശം. ചിരിയോടെ റിയ എമിയെ നോക്കി നടന്നതെല്ലാം അനുവിനോട് പറഞ്ഞു. ഇതിനിടയിൽ അങ്ങനെയും ഉണ്ടായോ????? പിന്നല്ലാതെ...... നീ വിഷമിക്കാതെ നാത്തൂനേ... ഞാനല്ലേ അങ്ങോട്ട് കയറി ചെല്ലാൻ പോവുന്നത് ഇതിനെല്ലാം ഈ ഞാൻ ഒരു തീരുമാനം ഉണ്ടാക്കിയിരിക്കും. ജന്മത്ത് ഒരിക്കലും വിശേഷം എന്നൊരു വാക്ക് ഉപയോഗിക്കാത്ത വിധം അവരെ നമുക്ക് ശരിയാക്കി കളയാം. അനു പറഞ്ഞു നിർത്തിയതും എമി ചിരിച്ചു. യാഹ് മോളേ... നീ ആണെടീ യഥാർത്ഥ നാത്തൂൻ. നിന്നിലാണ് എന്റെ എല്ലാ പ്രതീക്ഷയും. നാട്ടിൽ കല്യാണം കഴിഞ്ഞവരെയും എക്സാം കഴിഞ്ഞവരെയും എല്ലാം മാനസികമായി പീഡിപ്പിക്കുന്ന ഇത്തരം അമ്മച്ചിമാരെ എല്ലാം ബാൻ ചെയ്യേണ്ടി ഇരിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

അതിലേക്ക് ഒരു ചെറിയ സംഭാവന നമ്മുടെ വക കൊടുക്കാം... നിന്റെ അമ്മായിയമ്മ ആയത് കൊണ്ട് നമുക്ക് ബാൻ ചെയ്യണ്ട. തൊലി ഉരിച്ച് ആ ചൊറിയൻ സ്വഭാവം നമുക്ക് അങ്ങോട്ട് മാറ്റി എടുക്കാം. പിന്നല്ലാതെ.... അവിടെ ചെന്നൊന്ന് കയറിയിട്ട് വേണം ഓരോന്നായി നേരെയാക്കി കൊണ്ടുവരാൻ. അനു കണക്കുകൂട്ടലുകളോടെ പറഞ്ഞതും റിയ നെഞ്ചിൽ കൈവെച്ചു. നന്നാക്കാൻ പറഞ്ഞാൽ സ്പാനറും കയ്യിൽ എടുത്ത് ഇപ്പൊ ശരിയാക്കി തരാം എന്ന് പറയുന്ന ആളാണ്, കൂട്ടിന് എമിയും. രണ്ടും കൂടി ജെസ്സി ആന്റിയെ കൊല്ലാതെ വിട്ടാൽ ഭാഗ്യം. ഇനി എന്തൊക്കെ സംഭവിക്കും എന്ന കാര്യത്തിൽ ഒരു പിടിയുമില്ല. മാതാവേ... ജെസ്സി ആന്റിയുടെ ആത്മാവിന് നിത്യശാന്തി നൽകേണമേ... റിയ അറിയാതെ പോലും മനസ്സിൽ പ്രാർത്ഥിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അനുവിന് ചെക്കനെ ഇഷ്ടപ്പെട്ട വിവരം എമിയും റിയയും എല്ലാവരെയും അറിയിച്ചു.

ആർക്കും വലിയ അതിശയം ഒന്നും തോന്നിയില്ല കാരണം ആദ്യമായി അനുവിന്റെ മുഖത്ത് നാണം എന്നൊരു വികാരം കണ്ടത് എഡ്ഢിയെ കാണുമ്പോഴാണ് അതുകൊണ്ട് അവർക്ക് എല്ലാവരും പ്രതീക്ഷിച്ചിരുന്ന മറുപടി ആയിരുന്നു അത്. പോൾ അപ്പോൾ തന്നെ അത് കുര്യനെ വിളിച്ചു അറിയിച്ചു. അനുവിനും എഡ്ഢിക്കും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് ഒത്തിരി നീട്ടി കൊണ്ട് പോവാതെ നല്ലൊരു ഡേറ്റ് നോക്കി മനസമ്മതം നടത്തണം എന്നാണ് രണ്ട് അപ്പന്മാരുടെയും ആഗ്രഹം. സാവധാനം എല്ലാവരും കൂടി ചേർന്ന് ഒരു ദിവസം തീരുമാനിക്കാം എന്ന് വാക്കാൽ ഉറപ്പിച്ചു. അനു എല്ലാം കേട്ടെങ്കിലും മറുത്തൊന്നും പറഞ്ഞില്ല. ഇന്നലെ വരെ ഇപ്പൊ കല്യാണം വേണ്ട എനിക്ക് ആരെയും വിട്ടു പോവണ്ട എന്നൊക്കെ പറഞ്ഞ് മോങ്ങിയ പെണ്ണാണ് ചെക്കനെ കണ്ടപ്പൊ അവൾക്ക് എത്രയും പെട്ടെന്ന് കെട്ടിയാൽ മതിയെന്നായി. ആൽവിച്ചൻ അവളെ കളിയാക്കി. ഇനി കെട്ടിക്കാൻ എങ്ങാനും താമസിച്ചിരുന്നെങ്കിൽ ഇവൾ ആ ചെക്കനെയും കൊണ്ട് ഒളിച്ചോടിയേനെ.

അച്ചു കൂടി ഏറ്റ് പിടിച്ചതോടെ അനു മുഖവും വീർപ്പിച്ച് നിന്നു. അവളുടെ മുഖഭാവം കണ്ട് എല്ലാവർക്കും ചിരി വരുന്നുണ്ടായിരുന്നു. എല്ലാവരും അമർത്തി ചിരിക്കുന്നത് കണ്ട് അവൾ ചുണ്ട് കൂർപ്പിച്ച് ചാടി തുള്ളി മുറിയിലേക്ക് പോയി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവൾ മുറിയിൽ എത്തിയതും ടേബിളിൽ നിർത്താതെ റിങ് ചെയ്യുന്ന മൊബൈൽ കണ്ടതും അവൾ ചെന്ന് ഫോൺ കയ്യിൽ എടുത്തു. പരിചയമില്ലാത്ത നമ്പർ കണ്ടോന്ന് മുഖം ചുളിഞ്ഞെങ്കിലും അവൾ കോൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു. ഹലോ........... ഹലോ............ മറുവശത്ത് ഒരു പുരുഷ ശബ്ദം ഉയർന്നു. ഹലോ.... ഇതാരാ?????? ഞാനാ..... ഞാനെന്ന് പറഞ്ഞാൽ????? അനു നെറ്റി ചുളിച്ചു. ഞാനെന്ന് പറഞ്ഞാൽ ഞാൻ... മറുപടിയിൽ കുസൃതി നിറഞ്ഞിരുന്നു. പെണ്ണുങ്ങളുടെ ഫോണിൽ വിളിച്ച് ഞാൻ നീ എന്നൊക്കെ പറയാതെ പേര് പറയെടോ...... അവൾ ചൂടായി. ഇത് ഞാനാടോ എഡ്ഢി...... ചിരിയുടെ അകമ്പടിയോടെ അവൻ പറഞ്ഞതും ഒരു നിമിഷം അവൾ പകപ്പോടെ നിന്നുപോയി. അപ്പോഴും മറുപ്പുറത്ത് ചിരി നിലച്ചിരുന്നില്ല.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story