ഹൃദയതാളമായ്: ഭാഗം 163

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഫോണിലൂടെ മുഴങ്ങി കേൾക്കുന്ന ചിരി അവളിൽ വല്ലാത്തൊരു ചമ്മൽ ഉടലെടുത്തു. സ്വയം നാക്ക് കടിച്ചവൾ കണ്ണുകൾ ഇറുകെ അടച്ചു. അപ്പൊ തനിക്ക് നാക്ക് ഒക്കെ ഉണ്ടല്ലേടോ???? ഞാൻ കരുതി ആരോടും മിണ്ടാത്ത ഒരു പൂച്ചകുട്ടി ആയിരിക്കുമെന്ന്.... ചിരി അമർത്തി എഡ്ഢി പറഞ്ഞതും തിരികെ എന്ത് പറയണം എന്നറിയാത്ത വിധം ചടപ്പ് അവളെ മൂടിയിരുന്നു. അത്.... അത് പിന്നെ... ഞാൻ.... പെട്ടെന്ന്..... പറഞ്ഞു പൂർത്തിയാക്കാൻ ആവാതെ അവൾ വിക്കി. മ്മ്മ്..... എനിക്ക് മനസ്സിലായി. എന്നാലും ആരെങ്കിലും ഫോൺ വിളിച്ചാൽ കുറച്ചു കൂടി മയത്തിൽ ഒക്കെ സംസാരിക്കണം ഇങ്ങനെ ഒക്കെ ചൂടായാൽ ഫോൺ വിളിക്കുന്നയാൾ അറ്റാക്ക് വന്ന് കാഞ്ഞു പോവും. കുസൃതി ചിരിയോടെ അവൻ പറഞ്ഞു നിർത്തവെ ചമ്മിയ ഒരു ചിരി അവളിലും തെളിഞ്ഞിരുന്നു. എന്റെ നമ്പർ എങ്ങനെ കിട്ടി?????? ആദ്യത്തെ ചളിപ്പ് മാറിയതും അവളൊന്ന് ചോദിച്ചു. അതൊക്കെ ഒപ്പിച്ചു. അല്ല എന്നെ ആരോ ഒരാൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്നറിഞ്ഞല്ലോ????? കുറുമ്പോടെ അവനൊന്ന് നിർത്തി.

അത് കേൾക്കെ എന്തിനെന്നില്ലാതെ അവളുടെ നെഞ്ചിടിപ്പ് ഏറി. മറുപടി പറയാൻ ആവാത്ത വിധം നാണം അവളെ മൂടി. എന്താടോ ഒന്നും മിണ്ടാത്തത്?????? അവളിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ അവൻ ചോദിച്ചു. അത്... ഞാൻ... എനിക്ക്....... മറുപടി പറയാനാവാതെ അവൾ ഉഴറി. ഏയ്‌.... ഏയ്‌.... റിലാക്സ്.... ഞാൻ ചുമ്മാ പറഞ്ഞതാടോ അതിന് താൻ ഇങ്ങനെ നെർവസ് ആവുന്നത് എന്തിനാടോ?????? ശാന്തമായി അവൻ പറഞ്ഞു. എല്ലാവരോടും താൻ വളരെ കൂളായി ആണ് സംസാരിക്കുന്നത് എന്നറിഞ്ഞു പക്ഷെ എന്റെ മുന്നിൽ മാത്രം എന്താ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്????? ഒട്ടൊരു മൗനത്തിന് ശേഷം അവൻ ചോദിച്ചു. എന്നെ പേടിയാണോ????? അവളിലെ മൗനം അറിഞ്ഞവൻ വീണ്ടും ചോദിച്ചു. മ്മ്മ്ഹഹ്........ ഇല്ല എന്നർത്ഥത്തിൽ ഒരു മൂളൽ അവളിൽ നിന്ന് ഉയർന്നു. പിന്നെന്താ????? നാണമാണോ??????

കുസൃതി നിറഞ്ഞ സ്വരം വീണ്ടും അവളെ തേടിയെത്തി. മറുപടി പറയാൻ കഴിയാത്ത വിധം അവൾ പതറിപോയി. ആണോടോ????? മ്മ്മ്????? ആ വാക്കുകൾ അവളിൽ നാണത്തിന്റെ അലയൊലികൾ ഉണർത്തി. എനിക്ക് അറിയില്ല....... പതിഞ്ഞ സ്വരത്തിൽ അവൾ പറയവെ മറുവശത്ത് ചിരി അമർത്താൻ അവൻ ബുദ്ധിമുട്ടുന്നത് അവൾക്ക് വ്യക്തമായിരുന്നു. നാണം ഒക്കെ പതിയെ നമുക്ക് മാറ്റിയെടുക്കാം. തെല്ലൊരു കുസൃതിയോടെ അവൻ പറയവെ അവളുടെ മുഖം ചുവന്നു പോയി. വീണ്ടും അവൻ എന്തോ പറയാൻ തുനിഞ്ഞതും ആരോ അവന്റെ പേര് വിളിക്കുന്നത് അവൾ കേട്ടു. എടോ.... ഒരു സീരിയസ് കേസ് വന്നിട്ടുണ്ട് ഞാൻ തിരക്ക് ഒഴിയുമ്പൊ അങ്ങോട്ട്‌ വിളിക്കാമേ... Take care.... അത്രയും പറഞ്ഞവൻ അവളുടെ മറുപടിക്ക് കാക്കാതെ ധൃതിയിൽ കോൾ കട്ട്‌ ചെയ്തു. അവന്റെ തിരക്കും ടെൻഷനും ആ പ്രവർത്തിയിൽ നിന്ന് തന്നെ അവൾക്ക് വ്യക്തമായിരുന്നു.

അതുകൊണ്ട് തന്നെ യാതൊരു പരിഭവവും ഇല്ലാതെ അവൾ കാതിൽ നിന്ന് ഫോൺ മാറ്റി. സ്‌ക്രീനിൽ തെളിഞ്ഞിരുന്ന നമ്പറിൽ വെറുതെ അവളൊന്ന് നോക്കി. പിന്നെ ഒരു പുഞ്ചിരിയോടെ അവൾ ആ നമ്പർ സേവ് ചെയ്യാൻ ഒരുങ്ങി. Eddi, ചുണ്ടിൽ ഊറിയ പുഞ്ചിരിയോടെ അവൾ ടൈപ്പ് ചെയ്തു. സേവ് ചെയ്യാൻ ആഞ്ഞതും എന്തോ ഓർത്തെന്നത് പോലെ അവൾ വീണ്ടും ആ പേരിലേക്ക് നോക്കി. ഉള്ളിൽ ഉണർന്ന കുറുമ്പോടെ അവൾ ആ പേര് ഒന്നു തിരുത്തി. Eddichan മനസ്സിൽ ഉരുവിട്ടു കൊണ്ടവൾ ആ നമ്പർ സേവ് ചെയ്തു. ഹൃദയം എന്തിനെന്നില്ലാതെ തുടി കൊട്ടുന്നത് അവൾ അറിഞ്ഞു. എഡ്ഢിച്ഛൻ..... ഇടതടവില്ലാതെ അവളാ നാമം ഉച്ചരിച്ചു കൊണ്ടിരുന്നു. ഏറെ നാണത്തോടെ........ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ശ്ശെ..... ഈ ഇച്ചായൻ എവിടെ പോയി കിടക്കുവാ സമയം ഒത്തിരി ആയല്ലോ??? നഖം കടിച്ചു കൊണ്ട് എമി പുറത്തേക്ക് നോക്കി നിന്നു. ആഹ്.... ഇവിടെ വന്നു നിൽക്കുവായിരുന്നോ????

കഴിക്കാൻ വരുന്നില്ലേ കൊച്ചേ????? സാറാ അവളുടെ കയ്യിൽ ഒന്നു തട്ടി. അമ്മച്ചീ ഇച്ചായൻ....... അവളൊന്ന് നിർത്തി. അവൻ ഏതോ കേസ് എന്നും പറഞ്ഞ് വെപ്രാളത്തിൽ പോയതല്ലേ ഇങ്ങോട്ട് തന്നെ വന്നോളും നീ വന്നു കഴിക്കാൻ നോക്കിയേ.... സാറാ പറഞ്ഞിട്ടും അവൾ പോവാൻ മടിച്ചു നിന്നു. ദേ.... അവന് ആഹാരം കഴിക്കാതെ ഇരിക്കുന്ന അത്രയും ദേഷ്യം മറ്റൊന്നുമില്ല. വന്നിട്ട് നീയൊന്നും കഴിച്ചില്ല എന്നെങ്ങാനും അറിഞ്ഞാൽ പിന്നെ ഇവിടെ എല്ലാവർക്കും ചീത്ത കേൾക്കാനേ നേരം കാണൂ... അതുകൊണ്ട് പൊന്നുമോൾ വന്ന് കഴിച്ചേ.... സാറായുടെ നിർബന്ധവും വിശപ്പിന്റെ വിളി കൂടി ആയതോടെ മനസ്സില്ലാ മനസ്സോടെ അവൾ ഡൈനിങ് ഏരിയയിലേക്ക് നീങ്ങി. പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാവുന്നു ഭാര്യ...🎶 എമി വന്നിരുന്നതും ആൽവിച്ചൻ ഒരു ഈണത്തിൽ പാടി. പാട്ട് കേട്ടതും എല്ലാവരും കൂടി അവനെ നോക്കി.

എന്നാത്തിനാ നിങ്ങൾ എന്നെ നോക്കുന്നത് സിറ്റുവേഷൻ അനുസരിച്ച് ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടതല്ലേ ഞാൻ?????? തന്റെ പ്രാണപ്രിയനെയും കാത്ത് പൂമുഖപടിക്കൽ കാത്ത് നിൽക്കുന്ന ഉത്തമായ ഭാര്യ... കണ്ടുപഠിക്കെടീ നീയൊക്കെ..... ആൽവിച്ചൻ തനിക്ക് അപ്പുറവും ഇപ്പുറവും ഇരിക്കുന്ന റിയയെയും അനുവിനെയും നോക്കി. ഓഹ്!!!!! കണ്ണിൽ വിളക്കെണ്ണയും ഒഴിച്ച് കാത്തിരിക്കാൻ പറ്റിയ ഒരു മൊതല്... അനു ചുണ്ട് കോട്ടി അവനെ പുച്ഛിച്ചു. എന്നതാടീ എനിക്കൊരു കുറവ്?????? ആൽവിച്ചൻ അവൾക്ക് നേരെ തിരിഞ്ഞു. കുറവല്ല... തൊലിക്കട്ടി, കോഴിത്തരം, വിവരമില്ലായ്‌മ എല്ലാം കുറച്ചു കൂടുതലാ.... അനു വീണ്ടും പരിഹാസത്തോടെ പറഞ്ഞു. വിവരമില്ലാത്തത് നിന്റെ ഭാവി കെട്ട്യോന്... നീ അഹങ്കാരത്തിന് കയ്യും കാലും വെച്ച് അല്ലായിരുന്നോടീ ഇത്രയും നാൾ നടന്നത്????? എന്നിട്ടവൾ വലിയ പുണ്യാളത്തി ചമയുന്നു.... ആൽവിച്ചനും വിട്ടു കൊടുക്കാൻ ഭാവമില്ല.

താൻ പോടോ കാട്ടുകോഴീ... മരംകൊത്തിമോറാ...അടുക്കളനിരങ്ങീ... അനു പോരിന് ഇറങ്ങി. നീ പോടീ.... ഇനാംപേച്ചീ.... തവളകണ്ണീ... ചപ്രതലച്ചീ...... ഓഹ്..... ഒന്നു നിർത്തുന്നുണ്ടോ????? കാള പോലെ വളർന്നല്ലോ എന്നിട്ടും തല്ല് കൂടാൻ നിൽക്കുവാ കച്ചറകൾ..... ഇനി ഇവിടെ രണ്ടിന്റെയും ഒച്ച പൊങ്ങിയാൽ ചട്ടുകത്തിന് തല്ലും ഞാൻ...... സാറാ കലിപ്പ് ആയതും അംഗഭംഗങ്ങൾ ഭയന്ന് രണ്ടും വായ്ക്ക് സിബ്ബിട്ട് പരസ്പരം നോക്കി പുച്ഛിച്ച് മുഖം വെട്ടിച്ചു. എമി വിശപ്പ് അടക്കാൻ എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി. എഴുന്നേറ്റു പോയി. അവൾ സൈലന്റ് ആയത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. അച്ചു വരാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കി അവർ എല്ലാം ഒരു ചിരിയോടെ കഴിക്കാൻ ആരംഭിച്ചു. അടുക്കളയിൽ എത്തി കഴിച്ച പ്ലേറ്റ് കഴുകി വെക്കുമ്പോഴാണ് പുറത്ത് അച്ചുവിന്റെ ബുള്ളറ്റ് വന്നു നിൽക്കുന്ന ശബ്ദം കേൾക്കുന്നത്. അവൾ വേഗം തന്നെ പ്ലേറ്റ് കഴുകി വെച്ച് പുറത്തേക്ക് ഓടി.

ഓടി പാഞ്ഞവൾ വാതിൽക്കൽ എത്തിയതും അച്ചു ബുള്ളറ്റ് പാർക്ക്‌ ചെയ്ത് വരാന്തയിലേക്ക് കയറിയിരുന്നു. ഉള്ളിൽ ഉണർന്ന ദേഷ്യത്താലും പരിഭവത്താലും അവനോട് എന്തോ പറയാൻ തുനിയവെ അവന്റെ മുഖ ഭാവങ്ങൾ കണ്ട് അവളുടെ നെറ്റി ചുളിഞ്ഞു. വല്ലാത്തൊരു അസ്വസ്ഥത ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു. ഒരു നിമിഷം അവൾ തറഞ്ഞു നിന്നുപോയി. ആദ്യത്തെ ആ പകപ്പ് വിട്ടുമാറിയതും അവൾ അച്ചുവിന് അരികിലേക്ക് നടന്നു. എന്നാപറ്റി ഇച്ചായാ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു?????? വെപ്രാളത്തോടെ മുന്നിൽ വന്നു നിൽക്കുന്നവളെ കണ്ടതും എന്തൊക്കെയോ ആലോചനകളിൽ ഉഴറിയ മനസ്സിനെ അവൻ അവളിലേക്ക് തിരിച്ചു. ഒരു തലവേദന..... അവളെ ഒന്നു നോക്കി അവൻ പറഞ്ഞതും എമി അവനിലേക്ക് ചേർന്ന് നിന്ന് ആകുലതയോടെ നെറ്റിയിലും കഴുത്തിലും എല്ലാം കൈതലം വെച്ചു നോക്കി. പനിയൊന്നുമില്ലല്ലോ പിന്നെന്താ?????

സ്വയമേ പറയുന്നവളെ ഒരു നിമിഷം അവൻ നോക്കി നിന്നു. അവളുടെ കണ്ണുകളിൽ തെളിയുന്ന ആശങ്ക കണ്ടവൻ വെറുതെ ഒന്നു പുഞ്ചിരിച്ചു. ഒന്നൂല്ലെടീ..... വർക്ക്‌ സ്‌ട്രെസ്സ് അതിന്റെയാ ഈ തലവേദന ഒന്നിറങ്ങി എഴുന്നേൽക്കുമ്പൊ ഇതൊക്കെ മാറിക്കോളും. അതോർത്ത് നീ വെറുതെ ആധി കയറണ്ട.... അവളുടെ കൈ പിടിച്ചു മാറ്റിയവൻ അവളെ നോക്കി ഒന്നു കണ്ണ് ചിമ്മി അകത്തേക്ക് കയറി. അവന്റെ പ്രവർത്തികൾ നോക്കി അവൾ ഒരു നിമിഷം അങ്ങനെ നിന്നുപോയി. എന്തൊക്കെയോ അവൻ മറക്കാൻ ശ്രമിക്കുന്നത് പോലെ അവൾക്ക് തോന്നി. നെറ്റി ചുളിച്ച് അവൾ അവന് പുറകെ അകത്തേക്ക് കയറി. ഉള്ളിൽ ഉയർന്ന സംശയങ്ങളുമായി ഹാളിലേക്ക് കയറിയതും സാറായോട് തലവേദന ആണെന്നൊക്കെ പറഞ്ഞവൻ മുകളിലേക്ക് പോവുന്നതാണ് അവൾ കണ്ടത്. എന്തൊക്കെയോ വീർപ്പുമുട്ടലുകൾ അവൾക്ക് തോന്നിയെങ്കിലും അത് പുറമെ കാട്ടാതെ അവൾ സാറായെ നോക്കി ഒന്നു പുഞ്ചിരിച്ചു. അവന് തലവേദന ആണ് പോലും. അതെങ്ങനെയാ ഊണും ഉറക്കവും ഇല്ലാതെ അല്ലെ ഓരോന്നിനും പുറകെ ഓടുന്നത്????

സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കില്ല... ഇപ്പൊ തന്നെ ഒന്നും കഴിക്കാതെ ആണ് പോയിരിക്കുന്നത് ചോദിച്ചപ്പൊ പുറത്ത് നിന്ന് കഴിച്ചെന്ന്. കണ്ടിട്ട് അവന് തീരെ വയ്യെന്ന് തോന്നുന്നു. നീയൊന്ന് അങ്ങോട്ട്‌ ചെല്ല് മോളേ... ഒട്ടും പറ്റിയില്ലെങ്കിൽ മുറിയിൽ ടാബ്ലറ്റ് കാണും അതെടുത്ത് കൊടുത്തേക്കണം. സാറാ ഒറ്റ ശ്വാസത്തിൽ അവളോടായ് പറഞ്ഞു നിർത്തി. അതൊക്കെ ഞാൻ നോക്കിക്കോളാം... അമ്മച്ചി സമാധാനമായിട്ട് പോയി കിടക്കാൻ നോക്ക്.... ഉള്ളിലെ സംഘർഷങ്ങൾ പുറമെ കാണിക്കാതെ അവൾ സാറായെ മുറിയിലേക്ക് പറഞ്ഞു വിട്ട് സ്റ്റെയർ കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുറിയിൽ ചെന്ന് കയറിയതേ കാണുന്നത് വന്ന വേഷം പോലും മാറാതെ ബെഡിൽ കമിഴ്ന്നു കിടക്കുന്ന അച്ചുവിനെയാണ്. അവൻ ഉറങ്ങിയിട്ടില്ല എന്നാ കിടപ്പിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി. ഒന്നു നെടുവീർപ്പിട്ട് അവൾ മുറിയിലേക്ക് കയറി ഡോർ കുറ്റിയിട്ടു.

തിരിഞ്ഞ് അവനെ ഒന്നു നോക്കി പതിയെ നടന്നവൾ അച്ചുവിന് അരികിൽ പോയിരുന്നു. ഇച്ചായാ....... അവന്റെ മുടിയിഴകളിലൂടെ ഒന്നു വിരലുകൾ ഓടിച്ചവൾ അവനെ വിളിച്ചു. മ്മ്മ്........ നേർത്തൊരു മൂളൽ അവനിൽ നിന്ന് ഉയർന്നു. ടാബ്ലറ്റ് എടുക്കട്ടെ അത് കഴിച്ചാൽ ഒരു ആശ്വാസം കിട്ടും. സ്വരം താഴ്ത്തി അവളൊന്ന് ചോദിച്ചു. വേണ്ട........ ഒറ്റ വാക്കിൽ തന്നെ മറുപടി എത്തി. പിന്നൊന്നും ചോദിക്കാൻ അവൾ മുതിർന്നില്ല. കാല് രണ്ടും ബെഡിലേക്ക് കയറ്റി വെച്ച് ഇരുന്നവൾ പില്ലോയിൽ പാതി മുഖം അമർത്തി കിടക്കുന്ന അച്ചുവിന്റെ നെറ്റിയിൽ പതിയെ വിരലുകളാൽ മസ്സാജ് ചെയ്തു. തണുത്ത അവളുടെ വിരലുകളുടെ സ്പർശം അറിഞ്ഞതും അവനൊന്ന് കണ്ണ് തുറന്നു. മുഖം ചരിച്ച് അവളെ ഒന്നു നോക്കി ഒന്നും മിണ്ടാതെ അവളുടെ മടിയിലേക്ക് തല വെച്ച് കണ്ണുകൾ അടച്ചു. പതിവില്ലാത്ത അവന്റെ മുഖത്തെ അസ്വസ്ഥഭാവങ്ങളിൽ നിന്ന് തന്നെ എന്തെല്ലാമോ അവനെ വല്ലാതെ അലട്ടുന്നുണ്ട് എന്നവന് മനസ്സിലായി. പക്ഷെ അത് ചോദിച്ച് അവനെ ശല്യം ചെയ്യാൻ അവൾക്ക് മനസ്സ് വന്നില്ല.

കണ്ണുകൾ അടച്ച് കിടക്കുന്നവന്റെ നെറ്റിയുടെ ഇരുവശങ്ങളിലും അമർത്തി തടവി കൊണ്ടിരുന്നു. ഉറങ്ങാതെ കിടക്കുന്ന അച്ചു അതെല്ലാം അറിയുന്നുണ്ടായിരുന്നു. എങ്കിലും അവൻ കണ്ണുകൾ തുറന്ന് നോക്കിയില്ല. പതിയെ പതിയെ അവളുടെ വിരലുകളുടെ വേഗത കുറഞ്ഞു വരുന്നതും അധികം വൈകാതെ അവ നിശ്ചലമാവുന്നതും അവൻ അറിഞ്ഞു. മെല്ലെ കണ്ണുകൾ തുറന്നു നോക്കിയതും ഹെഡ്റസ്റ്റിൽ തല ചേർത്തു വെച്ച് മയങ്ങുന്ന എമിയെയാണ് അവൻ കാണുന്നത്. നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ കണ്ടതും അച്ചു അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റിരുന്നു. മുഖത്തെ മറച്ചു വീണു കിടന്ന അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചവൻ അവളെ ബെഡിലേക്ക് ചായ്ച് കിടത്തി അവൾക്കൊപ്പം കിടന്നു. ഉറക്കം ഇടയ്ക്ക് ഒന്നു മുറിഞ്ഞതിന്റെ അസ്വസ്ഥതയിൽ ഒന്നു ചിണുങ്ങി കൊണ്ട് തന്നിലേക്ക് ചേർന്ന് കിടന്നവളെ അവനൊന്ന് നോക്കി. മനസ്സ് വല്ലാതെ കലുഷിതമായിരുന്നു. അവന്റെ മനസ്സിൽ ആ ദിവസം നടന്നതൊക്കെ തെളിഞ്ഞു.

എമിയുടെ പപ്പയിൽ നിന്ന് ജെറിയെ പറ്റി അറിഞ്ഞത് തുടങ്ങി അതിനെ പറ്റിയുള്ള ചെറിയൊരു അന്വേഷണത്തിൽ ആയിരുന്നു. പക്ഷെ പരിമിതികൾ ഏറെ ആയിരുന്നു. ആക്‌സിഡന്റ് ചെന്നൈയിൽ വെച്ച് ആയിരുന്നതിനാൽ നേരിട്ടുള്ള ഇൻവോൾവ്മെന്റ് ഒന്നും തന്നെ നടക്കില്ല. പോലീസ് അതൊരു നോർമൽ ആക്‌സിഡന്റ് എന്ന് എഴുതി കേസ് അവസാനിച്ചു. റീഓപ്പൺ ചെയ്യാൻ ശ്രമങ്ങൾ നടത്തിയതാണ് പക്ഷെ അതിന് പപ്പ തന്നെ മുന്നിട്ട് ഇറങ്ങണം. എല്ലാം അവസാനിപ്പിച്ച് നാട് തന്നെ ഉപേക്ഷിച്ചു പോന്ന ആൾ വീണ്ടും കേസ് കുത്തി പൊക്കാൻ മുതിരില്ല എന്നറിയാവുന്നതിനാൽ ആ വഴിയും അടഞ്ഞിരുന്നു. അടുപ്പമുള്ള മേലുദ്യോഗസ്ഥ എല്ലാം ഇതേ ആവശ്യത്തിന് വേണ്ടി സമീപിച്ചെങ്കിലും ഒരു പുരോഗമനവും ഉണ്ടായില്ല. അതിനിടയിൽ പല തവണ പല രീതിയിൽ കേസ് തന്റെതായി അന്വേഷക്കാൻ ശ്രമങ്ങൾ നടത്തി. ജെറിയെ വളർത്തിയവരെ വരെ സംശയത്തിന്റെ നിഴലിൽ നിർത്തി പല തവണ അന്വേഷണങ്ങൾ നടത്തി. ഒരു ഫലവും കണ്ടില്ല. ജേർണയലിസ്റ്റ് ആയി വർക്ക്‌ ചെയ്തു കൊണ്ടിരുന്ന സമയത്ത് ജെറിക്ക് നിരന്തരമായി വന്നിരുന്ന ഭീഷണികൾ മുൻനിർത്തി വീണ്ടും ഒരു അന്വേഷണം. ഹൈദരാബാദിലേക്ക് പോയത് പോലും അതിന് വേണ്ടി ആയിരുന്നു.

പക്ഷെ അതും വിഫലമായി. പിന്നീട് ആകെ ഉണ്ടായിരുന്ന സംശയങ്ങൾ എമിയുടെ പാസ്റ്റിനെ ചുറ്റിപറ്റി ആയിരുന്നു. എന്നതൊക്കെയോ പൊരുത്തക്കേടുക്കൽ പലപ്പോഴായി അതിൽ തോന്നിയിരുന്നു. എങ്കിലും വിട്ടു കളഞ്ഞത് അതിനെ പറ്റി അന്വേഷിച്ചു പോയാൽ എമിയെ അത് ബാധിക്കുമോ എന്ന് ഭയന്നായിരുന്നു. പക്ഷെ ഇനിയും നോക്കി ഇരുന്നാൽ ജെറിയുടെ മരണത്തിന് പിന്നിലുള്ള കുറ്റവാളികൾ രക്ഷപ്പെടും... ഒരു കുടുംബത്തിന്റെ തന്നെ സന്തോഷവും സമാധാനവും എല്ലാം തട്ടിയെറിഞ്ഞവർ സുഖമായി ജീവിക്കും.... ഇന്നും ജെറിയുടെ ഓർമ്മകളിൽ നീറുന്ന മാതാപിതാക്കളുടെ പ്രാർത്ഥനകൾക്ക് ഫലം കാണില്ല.... അതിലപ്പുറം എമിക്ക് നഷ്ടമായ അവളുടെ രക്തത്തിന് നീതി കിട്ടാതെ പോവും എന്ന് തോന്നിയ നിമിഷം ജോണിനെ കണ്ട് എല്ലാം ചോദിച്ച് അറിയാൻ തന്നെ തീരുമാനിച്ച് ഉറപ്പിച്ച് ഇറങ്ങി. അച്ചുവിന്റെ മനസ്സ് മണിക്കൂറുകൾ മുന്നേ ജോണിൽ നിന്ന് അറിഞ്ഞ സത്യങ്ങളിലേക്ക് ചലിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തനിക്ക് മുന്നിൽ തല കുനിച്ച് ഇരിക്കുന്ന ജോണിൽ അവന്റെ കണ്ണുകൾ ഉറച്ചു നിന്നു. അയാളിൽ അസ്വസ്ഥത തെളിയുന്നത് അവന് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. പക്ഷെ ഇനിയും കയ്യും കെട്ടി നോക്കിയിരിക്കാൻ അവൻ തയ്യാറല്ലായിരുന്നു. പപ്പാ..... ഇനിയും സത്യങ്ങൾ മറച്ചു പിടിക്കാൻ ശ്രമിക്കണ്ട... എത്ര ശ്രമിച്ചാലും അത് ഒരിക്കൽ വെളിച്ചത്ത് തന്നെ എത്തും. എമിയുടെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം അറിയാനുള്ള അവകാശം എനിക്കുണ്ട്. ഇത്രയും നാൾ പപ്പ വിഷമിക്കും എമിയെ നെഗറ്റീവ് ആയി ബാധിക്കും എന്നൊക്കെ തോന്നിയത് കൊണ്ടാണ് ചോദിക്കാതിരുന്നത്. പക്ഷെ ഇനി എനിക്കറിയണം സത്യങ്ങൾ എല്ലാം..... വല്ലാത്തൊരു ഉറപ്പോടെ അവൻ പറഞ്ഞു നിർത്തിയതും ഇനിയും ഒന്നും മറച്ചു വെക്കാൻ കഴിയില്ല എന്നയാൾ മനസ്സിലാക്കി. ഒരു ദീർഘനിശ്വാസം എടുത്ത് അയാൾ അവനെ നോക്കി പറയാൻ ആരംഭിച്ചു. അന്ന് ജെറിയുടെ ആക്‌സിഡന്റ് നേരിൽ കണ്ടതിന്റെ ഷോക്കിൽ ആയിരുന്നു എമി. നാട്ടിലേക്ക് വന്നപ്പോഴും അവളുടെ അവസ്ഥ മാറിയിരുന്നില്ല.

മിണ്ടില്ല ചിരിക്കില്ല മുറിയിൽ തന്നെ ഒതുങ്ങി കൂടി അങ്ങനെ ഇരിക്കും. കുറച്ചു നാൾ കൊണ്ട് ശരിയാവും എന്ന് കരുതി പക്ഷെ അത് ഉണ്ടായില്ല. അവളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ഞങ്ങളെ കൊണ്ടെല്ലാം ആവുന്നത് പോലെ എല്ലാം ശ്രമിച്ചു നോക്കി പക്ഷെ നടന്നില്ല. ബന്ധുക്കൾക്കിടയിൽ തന്നെ എമിയെ പറ്റി ഓരോ മുറുമുറുപ്പുകൾ കേട്ട് തുടങ്ങിയതും ഞങ്ങൾ തിരികെ ചെന്നൈയിലേക്ക് തന്നെ പോയി. അവിടെ എത്തിയിട്ടും എമിയുടെ അവസ്ഥ മാറാതെ തുടർന്നു. അവളുടെ ഇരുപ്പ് കണ്ട് പേടി തോന്നി ഞങ്ങൾ സൈക്കാട്രിസ്റ്റിനെ കാണിച്ചു. ചെന്നൈയിൽ അറിയപ്പെടുന്ന മഹാദേവൻ ഡോക്ടറെ ആയിരുന്നു കൺസൾട്ട് ചെയ്തത്. അവിടെ ചെല്ലുമ്പോഴാണ് എമിക്ക് ആക്‌സിഡന്റ് നേരിൽ കണ്ട ഷോക്കിൽ നിന്ന് ഉണ്ടായ ഡിപ്രഷൻ ആണെന്ന് അറിയുന്നത്. അതിൽ നിന്ന് അവളെ പുറത്ത് കൊണ്ടുവരാൻ ആയിരുന്നു പിന്നീടുള്ള ശ്രമം. അതിന്റെ ഫസ്റ്റ് ട്രീറ്റ്മെന്റിന്റെ ഭാഗമായി എമിയെ അദ്ദേഹത്തിന്റെ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കി. ഹോസ്പിറ്റൽ എന്നൊന്നും പറയാൻ കഴിയില്ല... തികച്ചും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഒരു വീട് പോലെ തന്നെ ആയിരുന്നു അവിടം.

എമിയെ രണ്ടാഴ്ചയോളം അവിടെ നിർത്തേണ്ടത് ആയി വന്നു. രാവിലെ 8മണി മുതൽ 5മണി വരെ ഞങ്ങൾക്ക് എമിയെ കാണാൻ സമയം അനുവദിച്ചിരുന്നു. എമിയുടെ ആരോഗ്യം കണക്കിലെടുത്ത് ട്രീറ്റ്മെന്റ് തുടങ്ങി. ഒരാഴ്ച യാതൊരു കുഴപ്പവും ഇല്ലാതെ കടന്നുപോയി. എന്നാൽ....... അയാളൊന്ന് നിർത്തി. അച്ചു ഏറിയ ഹൃദയമിടിപ്പോടെ അയാളുടെ വാക്കുകൾക്കായി അക്ഷമനായി കാതോർത്തു. ഒരു ദിവസം രാത്രി ഹോസ്പിറ്റലിൽ നിന്ന് ഒരു കോൾ വന്നു. എമിക്ക് ചെറിയൊരു അപകടം അത്ര മാത്രമേ കേട്ടുള്ളൂ... ഓടിപ്പിടഞ്ഞ് അവിടെ ചെല്ലുമ്പോൾ കാണുന്നത് ഐസിയുവിൽ ശ്വാസത്തിന് വേണ്ടി മല്ലിട്ടു കിടക്കുന്ന എന്റെ... എന്റെ കുഞ്ഞിനെയാണ്........ ഇടറിയ സ്വരത്തിൽ അയാൾ പറയവെ കണ്ണുകൾ കലങ്ങി. അച്ചു കേട്ടത് വിശ്വസിക്കാൻ ആവാതെ അവളുടെ കയ്യിൽ അമർത്തി പിടിച്ചു. തികട്ടി വന്ന ഗദ്ഗദം അടക്കി അയാൾ അച്ചുവിനെ നോക്കി. അതൊരു ആക്രമണം ആയിരുന്നു. ഹോസ്പിറ്റലിൽ മതിൽ ചാടി കടന്നു വന്ന് എന്റെ മോളേ..... കഴുത്തിൽ കുരുക്കിട്ട്........

അയാൾക്ക് പറഞ്ഞു പൂർത്തിയാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്ങനെയോ രക്ഷപ്പെട്ടു ഓടിയ അവളുടെ പിന്നാലെ അവരും കൂടി... അവളെ രക്ഷിക്കാൻ ശ്രമിച്ച മഹാദേവൻ ഡോക്ടറെ അടിച്ചു വീഴ്ത്തി. ഹോസ്പിറ്റലിന്റെ നാലാം നിലയിൽ വെച്ചായിരുന്നു ഇതെല്ലാം... ആ മൽപ്പിടുത്തതിന് ഇടയിൽ സ്റ്റെയറിൽ നിന്ന് താഴേക്ക് എന്റെ കുഞ്ഞ് വീണുപോയി..... പറഞ്ഞു നിർത്തവെ അയാൾ കരഞ്ഞു പോയിരുന്നു. ഒത്തിരി നാളത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് എന്റെ മോള് കണ്ണ് തുറക്കുന്നത്. പക്ഷെ അപ്പോഴേക്കും അവൾ പലതും മറന്നു പോയിരുന്നു. ചെന്നൈയിലേക്ക് എത്തിയതിന് ശേഷമുള്ളത് ഒന്നും അവളുടെ ഓർമ്മകളിൽ തന്നെ ഇല്ലായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സംഭവിച്ച ഒരു മെമ്മറി ലോസ്. അയാൾ ഒന്നു നിർത്തി. എമിക്ക് നേരെ ഒരു ആക്രമണം അത് എന്തിനായിരുന്നു?????? ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അച്ചു ചോദിച്ചു. കാരണം ജെറിയുടെ കൊലപാതകിയെ അവൾ കണ്ടിരുന്നു. നിർവികാരതയോടെ അയാൾ പറഞ്ഞു നിർത്തവെ അച്ചു തറഞ്ഞ് ഇരുന്നുപോയി.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story