ഹൃദയതാളമായ്: ഭാഗം 164

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചു കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ പകച്ച് ഇരുന്നുപോയി. പപ്പാ...... അവിശ്വസനീയതയോടെ അച്ചു അയാളെ നോക്കി. സത്യമാണ് അച്ചൂ... അവൾ കണ്ടിരുന്നു ആ കൊലയാളിയെ. കൗൺസിലിംഗിന് ഇടയിൽ ഡോക്ടറോട് അവൾ പറഞ്ഞതാ.... പക്ഷെ അന്ന് രാത്രി തന്നെ എന്റെ കുഞ്ഞിനെ........ പൂർത്തിയാക്കാൻ ആവാതെ അയാൾ വിതുമ്പി പോയി. എന്തുപറയണം എന്ന് അവനും അറിയില്ലായിരുന്നു. എല്ലാം കേൾക്കവെ മനസ്സിലേക്ക് ഇരച്ച് എത്തിയത് അന്ന് ജെറിയുടെ ഫോട്ടോ കണ്ട ആഘാതത്തിൽ ഹോസ്പിറ്റൽ ബെഡിൽ ആയ എമിയുടെ രൂപം ആയിരുന്നു. അസ്വസ്ഥതയോടെ അവൻ കണ്ണുകൾ ഇറുകെ അടച്ച് ജോണിന്റെ ചുമലിൽ കരം അമർത്തി. ഐസിയുവിൽ ബോധമില്ലാതെ മരണത്തെ മുഖാമുഖം കണ്ടു ഭീകരാവസ്‌ഥയിൽ കിടന്നിരുന്ന തന്റെ മകളുടെ ചിത്രം ഒരിക്കൽ കൂടി മനസ്സിൽ തെളിയവെ ഹൃദയം പൊട്ടിപിളരുന്നത് പോലെ അയാൾക്ക് തോന്നിപ്പോയി. ഒരാശ്രയം എന്നോണം തോളിൽ അമർന്ന അച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചയാൾ മനസ്സിന്റെ വിങ്ങൽ അടക്കി. അൽപ്പം ആശ്വാസം തോന്നിയതും കണ്ണുകൾ തുടച്ച് അയാൾ അച്ചുവിന് നേർക്ക് തിരിഞ്ഞു. തിരികെ അവളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ എല്ലാം ഒത്തിരി കഷ്ടപ്പെട്ടു. മറന്നതൊന്നും അവളെ വീണ്ടും ഓർമ്മപ്പെടുത്തരുത് എന്ന് ഡോക്ടറുടെ നിർദേശം ആയിരുന്നു,

കാരണം ഇനി ഒരിക്കൽ കൂടി പഴയതൊക്കെ അവളിലേക്ക് തിരികെ വന്നാൽ എമിക്ക് അതൊരു ഷോക്ക് ആയി മാറാം... പെട്ടെന്ന് ഒരു ദിവസം പഴയ ഓർമ്മകൾ അവളിലേക്ക് തിരികെ എത്തിയാൽ മനസ്സ് ചിലപ്പൊ കൈപ്പിടിയിൽ ഒതുങ്ങിയില്ലെന്ന് വരാം. അത് ഒന്നുകൊണ്ട് മാത്രമാണ് അവളിൽ നിന്ന് ഞങ്ങൾ ഇന്നും എല്ലാം മറച്ചു പിടിക്കുന്നത്. ഒറ്റ ശ്വാസത്തിൽ അയാൾ അതെല്ലാം പറഞ്ഞു നിർത്തവെ ഉള്ളിലെ സംഘർഷങ്ങളാൽ വേദനകളാൽ വല്ലാതെ കിതച്ചു പോയിരുന്നു. ഒന്നും പറയാൻ ഇല്ലാതെ.... വാക്കുകൾ കിട്ടാതെ പലവിധ ചിന്തകളിൽ ഉഴറി അവർ ഇരുന്നു. നീണ്ട നേരത്തെ മൗനം അരോചകമായി തോന്നി തുടങ്ങിയതും ഒന്നും പറയാതെ അച്ചു എഴുന്നേറ്റു. തലയ്ക്ക് കൈകൊടുത്ത് ഇരിക്കുന്ന ജോണിനെ ഒന്നു നോക്കി യാത്ര പോലും പറയാൻ നിൽക്കാതെ അവൻ ഇറങ്ങാൻ തുനിഞ്ഞു. അച്ചൂ......... വാതിൽപ്പടി കടക്കുന്നതിന് മുന്നേ പിൻവിളി അവനെ തേടി എത്തി. നീ ഇന്നിവിടെ എത്താൻ കാരണം ജെറി ആണെന്ന് നീ പറയാതെ തന്നെ എനിക്കറിയാം. ഒന്നേ എനിക്ക് പറയാനുള്ളൂ പഴയതൊക്കെ ചിക്കി ചികഞ്ഞു പോവരുത്.... ഒരു തവണ എന്റെ കുഞ്ഞിന്റെ കിടപ്പ് കണ്ട് ചത്തു ജീവിച്ചവരാണ് ഞങ്ങൾ. വീണ്ടും അങ്ങനെ ഒരു അവസ്ഥ വരാൻ ഞാൻ അനുവദിക്കില്ല. അതുകൊണ്ട് മാത്രമാണ് കേസിന് പുറകെ പോവാതെ പിറന്ന നാടിനെയും ബന്ധുക്കളെയും എല്ലാം ഉപേക്ഷിച്ച് ഇങ്ങോട്ട് പോന്നത്. ഒരു വശത്ത് മകന്റെ വിയോഗം മറുവശത്ത് ജീവന് വേണ്ടി മല്ലിടുന്ന മകൾ...

ഇതിന് നടുവിൽ ഉരുകി ഉരുകി തീർന്ന ഒരുപാട് ജന്മങ്ങൾ ഉണ്ട്. ഇന്നും എമി എന്ന ബിന്ദുവിന് ചുറ്റുമാണ് ഞങ്ങൾ ഓരോരുത്തരുടെയും സന്തോഷവും സ്വപ്നങ്ങളും എന്തിനേറെ ഈ ജീവിതം പോലും. അവളുടെ കണ്ണോന്ന് നനഞ്ഞാൽ സ്വരമൊന്ന് ഇടറിയാൽ നോവുന്നത് എന്റെ നെഞ്ചാണ്. പതർച്ചയോടെ അയാൾ പറഞ്ഞു നിർത്തവെ ഒരു അച്ഛന്റെ വേദന അത്രയും ആ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു. ജെറിയുടെ മരണത്തിന് പിന്നിലെ രഹസ്യങ്ങൾ തേടി പോവുമ്പൊ എന്റെ മകളുടെ ജീവനും ജീവിതവുമാണ് അപകടത്തിൽ ആവുന്നത്. അതൊരിക്കലും ഞാൻ സമ്മതിച്ചു തരും എന്ന് കരുതരുത്.... അവളെക്കാൾ വലുതല്ല എനിക്ക് ഈ ഭൂമിയിൽ ഒന്നും... അവൾക്ക് ഒന്നു നോവുന്നത് പോലും നിന്നെക്കൊണ്ട് സഹിക്കാൻ കഴിയില്ല എന്നെനിക്കറിയാം... പഴയതൊന്നും അവളെ ഓർമ്മപ്പെടുത്താനുള്ള സാഹചര്യം നീയായിട്ട് ഒരുക്കില്ല എന്നും അറിയാം. എങ്കിലും പറയുകയാണ് കഴിഞ്ഞു പോയതെല്ലാം കഴിഞ്ഞു ഇനി അതിനെപ്പറ്റി ഒരു അന്വേഷണം വേണ്ട.... പഴയതെല്ലാം ആവർത്തിക്കപ്പെട്ടാൽ ഇനിയും പിടിച്ചു നിൽക്കാനുള്ള കരുത്ത് എനിക്ക് ഉണ്ടായെന്ന് വരില്ല... അത്രമാത്രം പറഞ്ഞയാൾ പിന്തിരിഞ്ഞ് അകത്തേക്ക് പോയി. ഒരു നിമിഷം അശാന്തമായ മനസ്സോടെ അച്ചു അയാൾ പോയ വഴിയേ നോക്കി നിന്നുപോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഡോറിൽ ആരോ തട്ടുന്ന ശബ്ദം കാതിൽ പതിക്കവെ പലവിധ ചിന്തകളിൽ മുഴുകി ഇരുന്നവൻ ഒരു സ്വപ്നത്തിൽ നിന്നെന്നത് പോലെ ഞെട്ടി ഉണർന്നു.

ആദ്യം കണ്ണുകൾ ചെന്നെത്തിയത് ഉറങ്ങി കിടക്കുന്ന എമിയിൽ ആയിരുന്നു. അവളെ ഒന്നു നോക്കി പുതപ്പിച്ച് കൊടുത്ത് ബെഡിൽ നിന്ന് എഴുന്നേറ്റു. ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പ്രതീക്ഷിച്ചെന്നത് പോലെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. എമി ഉറങ്ങിയോടാ?????? ആൽവിച്ചന്റെ ചോദ്യത്തിന് അച്ചു ഒന്നു തലയാട്ടി കൊണ്ട് അവന് അകത്തേക്ക് കയറാൻ പാകത്തിന് വാതിൽക്കൽ നിന്ന് മാറി കൊടുത്തു. ആൽവിച്ചൻ അകത്തേക്ക് കയറി ബെഡിൽ കിടക്കുന്ന എമിയെ ഒന്നു നോക്കി ബാൽക്കണിയിലേക്ക് നടന്നു. ഡോർ തുറന്ന് ബാൽക്കണിയിലേക്ക് ഇറങ്ങുന്നവനെ ഒന്നു നോക്കി അച്ചു ഡോർ ചാരി ആൽവിച്ചന് അരികിലേക്ക് നീങ്ങി. തനിക്ക് ചാരെ അച്ചുവിന്റെ സാമിപ്യം അറിഞ്ഞതും ആൽവി അവനെ തല ചരിച്ച് ഒന്നു നോക്കി. ഇനി പറ എന്താ നിന്റെ ടെൻഷൻ????? വന്നു കയറിയത് മുതൽ നിന്റെ മുഖം ഞാൻ ശ്രദ്ധിക്കുന്നതാ ഒത്തിരി വിഷമിപ്പിക്കുന്ന എന്തോ ഒന്ന് നിന്റെ മനസ്സിനെ അലട്ടുന്നുണ്ട് എന്നെനിക്ക് മനസ്സിലായി. ഷെയർ ചെയ്യാവുന്ന എന്താണെങ്കിലും നിനക്ക് എന്നോട് പറയാം. ആൽവിച്ചൻ ഒന്നു നിർത്തിയതും നേർത്തൊരു മന്ദഹാസം അവന്റെ ചുണ്ടിൽ മിന്നി മറഞ്ഞു. തന്റെ മുഖം ഒന്നു മാറിയാൽ മറ്റാരേക്കാൾ...

എന്തിന് അധികം അമ്മച്ചിയേക്കാൾ മുന്നേ മനസ്സിലാക്കുന്ന വ്യക്തി... പുറമെ നിന്ന് മറ്റാർക്കും തിരിച്ചറിയാൻ കഴിയാത്തൊരു ബോണ്ട്‌ തങ്ങൾ ഇടയിൽ ഉണ്ട്, പുറമെ കളിയാക്കി ചിരിച്ചു കളിച്ചു തല്ല് കൂടി നടന്നാലും ഇടയ്ക്ക് ഒന്നു കാലിടറി പോയാലും പരസ്പരം താങ്ങായി മാറാറുണ്ട്. തമ്മിൽ ഇന്നേവരെ ഒന്നും മറച്ചു വെച്ചിട്ടില്ല... എമിയെ ആദ്യമായ് കണ്ടത് മുതൽ പപ്പയിൽ നിന്ന് അവളുടെ ലൈഫിൽ സംഭവിച്ചത് എല്ലാം അറിഞ്ഞത് തുടങ്ങി ജെറിയുടെ കേസിന് പിന്നാലെ പോയത് വരെ അങ്ങനെ എല്ലാം തന്നെ ഓടി വന്നു ആൽവിച്ചനോട് ആയിരുന്നു പങ്കുവെച്ചിരുന്നത്. തന്റെ ലൈഫിൽ ചേട്ടനോട്‌ മറച്ചു വെച്ചതായ് ഒന്നും തന്നെ ഇല്ല എന്നു വേണമെങ്കിൽ പറയാം അതുപോലെ തന്നെയാണ് തിരിച്ചും. ആരുടെയെങ്കിലും ഒരാളുടെ മുഖം ഒന്നു വാടിയാൽ അന്ന് രാത്രി ഉറങ്ങുന്നതിന് മുന്നേ ആ കാര്യം അറിയാൻ മറ്റേയാൾ എത്തിയിരിക്കും. ഇത്തവണയും ആ പതിവ് തെറ്റിയില്ല. മനസ്സിൽ ഓർത്തു കൊണ്ട് അച്ചു ആൽവിച്ചനെ ഒന്നു നോക്കി. തന്നിൽ തന്നെ മിഴികൾ ഉറപ്പിച്ച് നിൽക്കുന്നവനെ കണ്ട് ഒന്നു നിശ്വസിച്ചു. ജെറിയുടെ കേസ് ആണോ നിന്നെ ഇത്രയും അസ്വസ്ഥനാക്കുന്നത്????? അച്ചുവിന്റെ തോളിൽ കൈ ഉറപ്പിച്ച് അവൻ ചോദിച്ചു. മ്മ്മ്മ്........ ഗൗരവത്തോടെ ഒന്നു മൂളി അച്ചു ഇരുട്ടിലേക്ക് നോക്കി നിന്നു. മൂകമായി ഒരു നിമിഷം കടന്നുപോയി. ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ എമിയുടെ പാസ്റ്റ് അതിൽ എവിടെ ഒക്കെയോ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്?????

ഇന്ന് അതിന്റെ സത്യാവസ്ഥ അറിയാൻ ഞാൻ പപ്പയെ കാണാൻ പോയിരുന്നു. അവനൊന്ന് നിർത്തി. എന്നിട്ട്??????? ആൽവിച്ചൻ നിറഞ്ഞ ആശങ്കയോടെ അവനെ നോക്കി. അവിടെ നടന്നതെല്ലാം ആൽവിച്ചന് മുന്നിൽ തുറന്ന് പറഞ്ഞു. ഓരോന്നും പറയവെ അവന്റെ വാക്കുകളിൽ പല പല ഭാവങ്ങൾ നിറഞ്ഞിരുന്നു ഒടുവിൽ എല്ലാം പറഞ്ഞു നിർത്തവെ എമിയുടെ അവസ്ഥയ്ക്ക് കാരണക്കാർ ആര് തന്നെ ആയാലും അവരെയെല്ലാം കൊല്ലാനുള്ള ദേഷ്യം അവനിൽ നിറഞ്ഞിരുന്നു. വലിഞ്ഞു മുറുകിയ അവന്റെ മുഖം കണ്ട് ആൽവി അവന്റെ കയ്യിൽ അമർത്തി പിടിച്ചു. ഇപ്പോഴുള്ള അച്ചുവിന്റെ മാനസികാവസ്ഥ മറ്റാരേക്കാൾ നന്നായി അവന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ആ സ്പർശം അറിഞ്ഞത് പോലെ റൈലിംഗിൽ മുറുകെ പിടിച്ച് ഉള്ളിൽ തിളച്ചു പൊന്തുന്ന കോപത്തെ അടക്കാൻ അച്ചു ശ്രമിച്ചു കൊണ്ടിരുന്നു. കുറച്ചേറെ നേരം വേണ്ടിവന്നു ഉള്ളൊന്ന് ശാന്തമാവാൻ. ഒരു ദീർഘനിശ്വാസം എടുത്തവൻ ആൽവിയെ നോക്കി. കുറച്ച് നിമിഷത്തേക്ക് ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല. കൗൺസിലിംഗ് കഴിഞ്ഞ് കൊലപാതകിയെ എമി തിരിച്ചറിഞ്ഞിരുന്നു എന്ന് മനസ്സിലാക്കിയ അന്ന് തന്നെ എമിക്ക് നേരെ അപായശ്രമം, അതിനർത്ഥം ആ ഹോസ്പിറ്റലിൽ തന്നെ ഉള്ള ആരോ ഒരാൾ എന്നല്ലേ????? ഏറെ ആലോചനയോടെ ആൽവിച്ചൻ ചോദിച്ചു. Exactly.... പപ്പ എല്ലാം പറഞ്ഞപ്പോഴേ എന്റെ മനസ്സിൽ ഉടലെടുത്ത സംശയം അതായിരുന്നു.

പക്ഷെ കൂടുതൽ ഒന്നും ചോദിച്ച് ആ സമയത്ത് പപ്പയെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്നെനിക്ക് തോന്നിയതിനാൽ ഞാൻ അവിടെ നിന്ന് ഇറങ്ങി. നേരെ ചെന്നത് എമിയെ ട്രീറ്റ്‌ ചെയ്ത ഡോക്ടർക്ക് മുന്നിൽ ആയിരുന്നു, ഞാൻ എല്ലാം അറിഞ്ഞു എന്ന് മനസ്സിലായതും അങ്ങോട്ട് ചോദിക്കുന്നതിന് മുന്നേ അയാൾ എനിക്കുള്ള സംശയങ്ങൾക്ക് ഉത്തരം നൽകിയിരുന്നു. അന്ന് ആ ഹോസ്പിറ്റലിൽ ഉള്ള ആരോ ഒരാൾ കൊലപാതകിയെ സഹായിച്ചിരുന്നു. അത്രയും സെക്യൂരിറ്റി ഉള്ള ഒരു ഹോസ്പിറ്റലിൽ പുറത്ത് നിന്നൊരാൾ കടന്നു വന്ന് അവിടുത്തെ രോഗിയെ കൊല്ലാൻ ശ്രമിച്ച് ഡോക്ടറെയും ആക്രമിച്ച് രക്ഷപെടുക എന്നു പറഞ്ഞാൽ അതൊരു ചില്ലറ കാര്യം അല്ലല്ലോ??????? എമിയെ ആ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത് പിറ്റേ ദിവസം അവിടെ പുതുതായി ഒരു മെയിൽ നേഴ്സ് ചാർജ് എടുത്തിരുന്നു, ഒരു അർജുൻ രാഘവ് സംശയങ്ങളുടെ മുന നീളുന്നത് അവനിലേക്കാണ്... കൃത്യം എമിയെ അവിടെ അഡ്മിറ്റ്‌ ആക്കിയ പിറ്റേന്ന് ജോലിയിൽ പ്രവേശിക്കുക എമിക്ക് നേരെ കൊലപാതകശ്രമം നടന്ന അന്ന് തന്നെ അവനെ കാണാതാവുക, എന്തിനേറെ ജോയിൻ ചെയ്യാൻ നേരം അവൻ അവിടെ സമർപ്പിച്ച രേഖകൾ പോലും ഒറിജിനൽ അല്ല. അച്ചു പറഞ്ഞു നിർത്തിയതും ആൽവിച്ചൻ പകപ്പോടെ അവനെ നോക്കി.

എന്നിട്ട് ഇത്രയും തെളിവുകൾ ഉണ്ടായിരുന്നിട്ടും ഇതിനെതിരെ കേസ് കൊടുത്തില്ലേ????? ആ അവസ്ഥയിൽ കംപ്ലയിന്റ് കൊടുക്കാനുള്ള മാനസികാവസ്ഥയിൽ ഒന്നുമായിരുന്നില്ല ആരും. ഡോക്ടർ ആണെങ്കിൽ തലയ്ക്ക് അടിയേറ്റ് ഹോസ്പിറ്റൽ ബെഡിലും. എമി റിക്കവർ ആയതും ഡോക്ടർ തന്റെ സംശയങ്ങൾ എല്ലാം പപ്പയ്ക്ക് മുന്നിൽ നിരത്തിയിരുന്നു. പക്ഷെ ഇനിയും കേസിന് പുറകെ പോയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ അതിലപ്പുറം എമി എല്ലാം മറന്നു പോയൊരു അവസ്ഥയിൽ ആയിരുന്നു എന്തെങ്കിലും ഒരു തെളിവ് ലഭിക്കണമെങ്കിൽ എമി ഓർമ്മ വീണ്ടെടുക്കണം പക്ഷെ അത് റിസ്ക് ആണ്. ഒരു ഡിപ്രഷൻ സ്റ്റേജിൽ നിന്ന് നേരെ മെമ്മറി ലോസിലേക്ക് ആണ് പോയത് തിരികെ വീണ്ടും ഓർമ്മയിലേക്ക് എത്തുമ്പോൾ നമ്മൾ ചിന്തിക്കുന്നിടത്ത് എമിയുടെ മനസ്സും ശരീരവും നിന്നു എന്ന് വരില്ല. ഇതെല്ലാം അറിയാവുന്നതിനാൽ കേസിന് പുറകെ പോവാൻ പപ്പ മുതിർന്നില്ല. കൂടുതലായി ഫോഴ്സ് ചെയ്യാൻ ഡോക്ടറും ശ്രമിച്ചില്ല കാരണം അയാളുടെ ഹോസ്പിറ്റലിൽ വെച്ച് ആണല്ലോ ഇങ്ങനെ ഒരു സംഭവം നടന്നത് അത് ഹോസ്പിറ്റലിന്റെ പ്രതിഛായയെ തന്നെ മാറ്റി മറിക്കും. നന്നായി പോവുന്ന ഒരു well-known ഹോസ്പിറ്റലിന് ഈ ഒരു ഇഷ്യൂ ഉണ്ടാക്കി കൊടുക്കുന്ന negative impact എത്ര ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. So he just been silent. അച്ചു പറഞ്ഞ് ആൽവിച്ചനെ നോക്കി. അതിന് ശേഷം എന്തുകൊണ്ട് എമിക്ക് നേരെ ആക്രമണം എന്തുകൊണ്ട് ഉണ്ടായില്ല????

അതും നമ്മൾ ചിന്തിക്കേണ്ടത് ആണല്ലോ????? ആൽവിച്ചൻ തന്റെ സംശയം മറച്ചു വെച്ചില്ല. അവർക്ക് ഇനി അതിന്റെ ആവശ്യമില്ല, കാരണം എമിക്ക് നടന്നത് ഒന്നും തന്നെ ഓർമ്മയില്ല. എമി ആ കൊലപാതകിയെ കണ്ടെന്ന് വ്യക്തമായതിനാൽ ആണല്ലോ അവർ അവളെ കൊല്ലാൻ ശ്രമിച്ചത് അവൾക്ക് ഒന്നും ഓർമ്മയില്ലാത്ത സ്ഥിതിക്ക് പിന്നെയും അവർ എന്തിന് അവളെ കൊല്ലാൻ ശ്രമിക്കണം????? ഇനി വീണ്ടും ഒരു ശ്രമം കൂടി നടത്തിയാൽ പിടിക്കപ്പെടും എന്നവർക്ക് ബോധമുണ്ട് ഇതെല്ലാം കൊണ്ടാണ് അവരതിന് മുതിരാതെ ഇരുന്നത്. അച്ചു പറഞ്ഞതും ആൽവിച്ചനും അത് തന്നെയാണ് ശരി എന്ന് തോന്നി. ഇനിയെന്ത് ചെയ്യും????? ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ആകെയുള്ള ഒരു വഴി എമിക്ക് ഓർമ്മ തിരികെ കിട്ടണം എന്നതാണ്, പക്ഷെ അതൊരിക്കലും ഇവിടെ പോസ്സിബിൾ അല്ല. ഇതിവിടെ വെച്ച് ഉപേക്ഷിക്കുന്നത് ആയിരിക്കും അച്ചൂ നല്ലത്. എന്തൊക്കെയോ ആലോചിച്ച് എന്നത് പോലെ ആൽവിച്ചൻ പറഞ്ഞു. അപ്പൊ യഥാർത്ഥ പ്രതികൾ രക്ഷപെട്ടോട്ടെ എന്നാണോ പറഞ്ഞു വരുന്നത്?????? എടാ അങ്ങനെ അല്ല... ഇതിപ്പൊ എമിയെ കൂടി ബാധിക്കുന്ന കാര്യമാണ്. നല്ലവണ്ണം ആലോചിക്കാതെ എടുത്തു ചാടിയാൽ അതിന്റെ പരിണിതഫലങ്ങൾ ചിലപ്പൊ താങ്ങാനായെന്ന് വരില്ല. ആൽവിച്ചൻ ഓർമ്മപ്പെടുത്തി. നല്ലവണ്ണം ആലോചിച്ചിട്ട് തന്നെയാണ് ഞാൻ ഇതിന് ഇറങ്ങി പുറപ്പെട്ടത്. മുന്നോട്ട് വെച്ച കാല് പിന്നോട്ട് എടുക്കുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ലെന്ന് ചേട്ടന് അറിയാവുന്നതല്ലേ????

ഇതിന് പിന്നിൽ കളിച്ചവൻ ഏത് കൊമ്പത്തെ ആയാലും ഞാൻ കണ്ടുപിടിച്ചിരിക്കും. അതുപോലെ എമിക്ക് ഒന്നും സംഭവിക്കാനും പോവുന്നില്ല.... അത്രമേൽ ഉറച്ചതായിരുന്നു അച്ചുവിന്റെ വാക്കുകൾ. ആത്മവിശ്വാസത്തോടെയുള്ള അവന്റെ വാക്കുകൾ കേൾക്കെ അവൻ പലതും മനസ്സിൽ ഉറപ്പിച്ചാണ് ഇറങ്ങിയത് എന്ന് ആൽവിച്ചന് തോന്നി. ഒരു ചിരി അവന്റെ ചുണ്ടിൽ മിന്നി. ഇനിയെന്താ പ്ലാൻ????? അർജുൻ എന്ന കള്ളപേരിൽ ഹോസ്പിറ്റലിൽ കയറി പറ്റിയവന്റെ യഥാർത്ഥ പേരും നാളും ഒക്കെ ഒന്നറിഞ്ഞ് അവനെ പൊക്കണം. അവനിലൂടെ ഇതിന് പിന്നിൽ കളിച്ചവർ. അച്ചു പകയോടെ പറഞ്ഞു നിർത്തി. അപ്പൊ നീ അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടെന്ന് പറഞ്ഞവന്മാരെ വിട്ടോ???? എന്തോ ഓർത്തെന്നത് പോലെ ആൽവിച്ചൻ അവനെ നോക്കി. അവന്മാരെ അങ്ങനെ അങ്ങ് വെറുതെ വിടാൻ പറ്റില്ലല്ലോ????? ഞാൻ പറഞ്ഞതല്ലേ എമിയെ കണ്ടപ്പോഴുള്ള അതിൽ ഒരുവന്റെ പതർച്ചയെ പറ്റി. പിന്തിരിഞ്ഞ് നോക്കി വെപ്രാളത്തോടെയുള്ള അവന്റെ പോക്കും അവനെ എവിടെയോ കണ്ടിട്ടുണ്ട് എന്നുള്ള എമിയുടെ തോന്നലും എല്ലാം സംശയങ്ങളുടെ മൂർച്ച കൂട്ടുന്നു. എമിയെ കണ്ട് പേടിക്കാൻ മാത്രം ഒരു കാരണം ഉണ്ടെങ്കിൽ അതുറപ്പായും ജെറിയുമായി കണക്ട് ചെയ്യുന്ന എന്തോ ഒന്നാണ് അതുകൊണ്ട് ആയിരിക്കണം എമിക്ക് മുന്നേ എവിടെയോ കണ്ടത് പോലെ തോന്നാനുള്ള കാരണവും.

അൺഒഫീഷ്യൽ ആയിട്ടുള്ള അന്വേഷണം ആയത് കൊണ്ട് എനിക്ക് എന്റേതായ ചില പരിമിതികൾ ഉണ്ട്. എങ്കിലും ഉടനെ എല്ലാം കലങ്ങി തെളിയും എന്നൊരു പ്രതീക്ഷ ഇപ്പൊ എനിക്കുണ്ട്. അച്ചു ഒരു നെടുവീർപ്പോടെ നിർത്തി. നിനക്ക് അതിന് കഴിയും എന്നെന്റെ മനസ്സ് പറയുന്നു. എന്തായാലും വെറുതെ ഓരോന്ന് കാട് കയറി ചിന്തിച്ച് ടെൻഷൻ ആവരുത് നിനക്ക് ഒപ്പം എന്തിനും ഞാനുണ്ട്. അവൻ പറഞ്ഞു നിർത്തിയതും അച്ചു അവനെ പുണർന്നിരുന്നു. ഒരു ചിരിയോടെ ഇരുകൈകളാൽ ആൽവി അവനെ ചേർത്ത് പിടിച്ച് ചുമലിൽ തട്ടി. പിന്നെ ഈ പേരിൽ മുഖവും വീർപ്പിച്ച് നടന്ന് എന്റെ കൊച്ചിനെ വിഷമിപ്പിച്ചാൽ ഉണ്ടല്ലോ????? അവനിൽ നിന്ന് അടർന്ന് മാറി പറയുന്നതിനൊപ്പം ആൽവിച്ചൻ കളിയായി അച്ചുവിന്റെ തോളിൽ ഒന്നു ഇടിച്ചതും അറിയാതെ പോലും അവനും ചിരിച്ചു പോയി. പുറമെ കാണിക്കുന്ന കുറുമ്പും വാശിയും ഒക്കെ ഉള്ളൂ അവളൊരു പാവം ആണെടാ.... വന്നു കയറിയപ്പോഴുള്ള നിന്റെ മുഖം കണ്ട് സങ്കടപ്പെട്ട് അവൾ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചതാ. ഓരോന്നിനും പിന്നാലെ പോയി നീ വെറുതെ അതിനെ ആധി കയറ്റരുത്. അത് പറയുമ്പോൾ എമിയോടുള്ള സ്നേഹവും കരുതലും എല്ലാം ആ വാക്കുകളിൽ നിറഞ്ഞിരുന്നു. ഇല്ലെടോ..... ഇന്ന് എല്ലാം കേട്ടപ്പോൾ പെട്ടെന്നുള്ള ടെൻഷനിൽ സംഭവിച്ചു പോയതാ. സാധാരണ താമസിച്ച് എത്തിയാൽ ദേഷ്യപ്പെടുന്നവൾ ഇന്ന് എന്നെക്കണ്ട് ഓടിവന്ന് എന്തുപറ്റി ഇച്ചായാന്നും ചോദിച്ച് പരിഭ്രമിച്ച് നിന്നത് ഞാനും കണ്ടതാ...

തലവേദന ആണെന്ന് പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ല എന്നെനിക്കറിയാം, ഹാ... ഇനി നാളെ ആവട്ടെ എല്ലാം ഞാൻ തന്നെ ശരിയാക്കിക്കോളാം. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അച്ചു പറഞ്ഞതും ആൽവിച്ചൻ ആക്കിയ മട്ടിൽ അവനെ നോക്കി തലയാട്ടി ബാൽക്കണിയിൽ നിന്ന് റൂമിലേക്ക് കയറി. പുറകെ ഒരു പുഞ്ചിരിയോടെ അവനും. ബെഡിൽ ഒന്നും അറിയാതെ കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ കിടന്നുറങ്ങുന്ന എമിയെ ഒന്നു നോക്കി ആൽവി അവൾക്ക് അടുത്ത് ചെന്ന് നിന്നു. ഏറെ വാത്സല്യത്തോടെ അവളുടെ തലയിൽ ഒന്നു തഴുകി അച്ചുവിന് നേരെ തിരിഞ്ഞു. അവന്റെ തോളിൽ ഒന്നു തട്ടി ആൽവിച്ചൻ പുറത്തേക്ക് നടന്നു. മുറിവിട്ട് ഇറങ്ങുന്നവനെ ഒന്നു നോക്കി ഒരു ചിരിയോടെ ഡോർ അടച്ച് അച്ചുവും ബെഡിൽ വന്നിരുന്നു. അവൾക്ക് അഭിമുഖമായി കിടക്കവെ അച്ചുവിന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു. പഴയതൊന്നും നിന്നെ ഓർമ്മിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എമീ... പക്ഷെ നിന്റെ കണ്മുന്നിൽ വെച്ച് നഷ്ടമായി പോയ നിന്റെ ജെറിച്ചന് നീതി ഞാൻ നേടി കൊടുത്തിരിക്കും. മനസ്സിൽ പറഞ്ഞവൻ അവളുടെ നെറുകിൽ ചുണ്ട് അമർത്തി അവളെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു. മിഴികൾ അടച്ച് ഉറങ്ങുന്നവളെ നോക്കി പതിയെ അവനും നിദ്രയിലേക്ക് വഴുതി വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തുറന്ന് കിടന്നിരുന്ന ബാൽക്കണി ഡോറിനിടയിലൂടെ അകത്തേക്ക് പ്രവേശിച്ച സൂര്യ പ്രകാശം മുഖത്തേക്ക് പതിച്ചതും കണ്ണുകൾ അമർത്തി തുടച്ച് എമി ഉറക്കം വിട്ട് എഴുന്നേറ്റു. കൈകൾ രണ്ടും ഉയർത്തി മൂരി നിവർന്ന് അവൾ ബെഡിലേക്ക് എഴുന്നേറ്റിരുന്നതും നോട്ടം ബെഡിലേക്ക് നീണ്ടു. ഒഴിഞ്ഞു കിടക്കുന്ന എതിർവശം കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു. ഒരു സംശയത്തോടെ തല ചരിച്ച് നോക്കവെ ബാൽക്കണിയിൽ വർക്ക്‌ഔട്ട്‌ ചെയ്യുന്ന അച്ചുവിനെ കണ്ട് അവൾ ഒന്നു നിശ്വസിച്ചു. പുതച്ചിരുന്ന പുതപ്പ് മാറ്റി ബെഡിൽ നിന്നവൾ ഇറങ്ങി വാഷ്റൂമിലേക്ക് നടന്നു. ബ്രഷ് ചെയ്ത് മുഖം കഴുകി തിരികെ റൂമിലേക്ക് ഇറങ്ങിയതും വർക്ക്‌ഔട്ട്‌ ഒക്കെ കഴിഞ്ഞ് അച്ചു എത്തിയിരുന്നു. അവളെ കണ്ടതും കഴുത്തിൽ കിടന്ന ടവലിനാൽ മുഖത്തെ വിയർപ്പ് ഒപ്പി അവൻ അവളെ നോക്കി ചിരിച്ചു. തല വേദന മാറിയോ????? അവനെ ഒന്നു നോക്കി എമി ചോദിച്ചു. അതൊക്കെ ഇന്നലത്തെ നിന്റെ മസ്സാജിൽ തന്നെ പമ്പ കടന്നു. പറയുന്നതിനൊപ്പം തന്നെ അച്ചു അവൾക്ക് അരികിലേക്ക് എത്തിയിരുന്നു. പപ്പയും പറയും ഞാൻ മസ്സാജ് ചെയ്തു കൊടുത്താൽ പെട്ടെന്ന് തല വേദന ഒക്കെ പോവുമെന്ന്. എന്തോ വലിയ സംഭവം പോലെ അവൾ പറഞ്ഞതും അവൻ ചിരിച്ചു. ഇന്നലെ എന്നാ പറ്റി ഭയങ്കര മൂഡോഫ് ആയിരുന്നല്ലോ??????

അവനെ ഒന്നു നോക്കി അവൾ ഒറ്റപിരികം ഉയർത്തി. ഒരു കേസിന്റെ പുറകെ കുറച്ചായി അലയുന്നു, അഴിക്കാൻ ശ്രമിക്കും തോറും അത് മുറുകി കൊണ്ടിരിക്കുവാ അതിന്റെ ഒരു സ്‌ട്രെസ്സ്.... എന്തോ ഓർമ്മയിൽ എന്നത് പോലെ പറഞ്ഞവൻ അവളെ നോക്കി. ഒന്നും മനസ്സിലാവാതെ മുഖത്തേക്ക് നോക്കി നിൽക്കുന്നവളെ കണ്ടതും ഒരു നിമിഷം അവനിൽ കുസൃതി നിറഞ്ഞു. നീ പല്ല് തേച്ചായിരുന്നോ????? അവളിലേക്ക് ഒന്നു അടുത്ത് നിന്നവൻ ചോദിച്ചു. എന്ത്??????? നീ ബ്രഷ് ചെയ്തായിരുന്നോന്ന്????? ചോദ്യത്തിനൊപ്പം ഇടുപ്പിലൂടെ കൈച്ചുറ്റി അവളെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി. കണ്ണുകളിൽ കുസൃതി നിറഞ്ഞു. മറുപടിയായി നെറ്റി ചുളിച്ച് അവളൊന്ന് തലയാട്ടി. അടുത്ത നിമിഷം തന്നെ അച്ചു അവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു. പെട്ടെന്നുള്ള പ്രവർത്തിയിൽ അവളുടെ കണ്ണുകൾ മിഴിഞ്ഞു പോയി. വെപ്രാളത്തോടെ എമി അവന്റെ തോളിൽ കൈകൾ അമർത്തി.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story