ഹൃദയതാളമായ്: ഭാഗം 166

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വാഷ്റൂമിൽ നിന്ന് ഇറങ്ങുമ്പോഴാണ് അച്ചു ബെഡിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഇരിക്കുന്ന എമിയെ കാണുന്നത്. അവളുടെ ഇരുപ്പും ഭാവങ്ങളും എല്ലാം അവനിൽ ചിരി ഉണർത്തിയിരുന്നു. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി കടിച്ചു പിടിച്ച് അവൻ കയ്യിലിരുന്ന ടവൽ കഴുത്തിലൂടെ ഇട്ട് എമിയെ ശ്രദ്ധിക്കാതെ മിററിന് മുന്നിൽ ചെന്നു നിന്നു. തന്റെ നേർക്ക് ഒന്നു നോക്കുക പോലും ചെയ്യാത്ത അച്ചുവിന്റെ പ്രവർത്തി അവളെ വല്ലാതെ ചൊടിപ്പിച്ചു. ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷത്താൽ അവൾ കൈവിരലുകൾ ബെഡിൽ അമർത്തി പിടിച്ച് അവനെ നോക്കി. അച്ചു ആകട്ടെ മിററിൽ നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കുന്ന തിരക്കിലാണ്. അത് കൂടി ആയതോടെ എമി ഇപ്പൊ പൊട്ടും എന്ന കണക്കായി. അടുത്ത നിമിഷം തന്നെ ദേഷ്യത്തോടെ പല്ല് ഞെരിച്ച് അവൾ എഴുന്നേറ്റ് ചെന്ന് അച്ചുവിന് മുന്നിൽ കയറി നിന്നു.

കുറേ ആയല്ലോ കണ്ണാടിയിൽ നോക്കി ബോഡിഷോ കാണിക്കുന്നു..... ഞാൻ ഇവിടെ ഇരിക്കുന്നത് നിങ്ങൾ കണ്ടില്ലേടോ ഉമ്മച്ചാ?????? അവൻ കഴുത്തിൽ ഇട്ടിരുന്ന ടവലിൽ കുത്തി പിടിച്ചവൾ അവനെ നോക്കി കണ്ണുരുട്ടി. അച്ചു മറുപടി ഒന്നും പറയാതെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ഒരു ചിരിയോടെ നിന്നതേ ഉള്ളൂ. അത് കൂടി ആയപ്പോൾ എമിക്ക് പിന്നെ ദേഷ്യം നിയന്ത്രിക്കാനായില്ല. വാശിയോടെ അവന്റെ കഴുത്തിൽ കിടന്ന ടവലിൽ പിടിച്ചു വലിച്ച് തന്റെ നേർക്ക് അവന്റെ മുഖം താഴ്ത്തി അവന്റെ കവിളിൽ പല്ലുകൾ ആഴ്ത്തി അവൾ പക വീട്ടി. കവിളിൽ അനുഭവപ്പെട്ട നേർത്തൊരു നോവിനാൽ എരിവ് വലിച്ചു കൊണ്ട് അച്ചു കണ്ണുകൾ അടച്ച് എമിയെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് അവനിലേക്ക് അടുപ്പിച്ചു നിർത്തി. അച്ചൂ.............

വാതിൽക്കൽ നിന്ന് ഒരു കുഞ്ഞു ശബ്ദം ഉയർന്നതും എമി അച്ചുവിൽ നിന്ന് അടർന്നു മാറി മുന്നോട്ട് നോക്കി. വാതിൽ കടന്ന് അകത്തേക്ക് വന്ന ജോക്കുട്ടനെ കണ്ടതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു പക്ഷെ അതൊരു ഇളി ആയിട്ടാണ് മാറിയത് എന്നുമാത്രം. ജോക്കുട്ടൻ ആകട്ടെ മുഖം കൂർപ്പിച്ച് കുഞ്ഞു കണ്ണ് സംശയത്തോടെ ചുരുക്കി രണ്ടുപേരെയും മാറി മാറി നോക്കുന്ന തിരക്കിലാണ്. അവന്റെ നോട്ടം കണ്ടതും അച്ചുവിന്റെ ചുണ്ടിൻ കോണിൽ ഒരു കള്ളചിരി തത്തി. അച്ചു പതിയെ പിറകിൽ കയ്യും കെട്ടി നെറ്റിച്ചുളിച്ച് നിൽക്കുന്ന ജോക്കുട്ടന് അരികിലേക്ക് ചെന്ന് അവനെ പൊക്കിയെടുത്തു. ജോക്കുട്ടാ ഇത്‌ കണ്ടോ ഈ എമി എന്റെ കവിളിൽ കടിച്ചു. അവനെ നോക്കി കവിൾ കാട്ടി അച്ചു പറഞ്ഞതും എമി വായും തുറന്ന് നിന്നുപോയി. ജോക്കുട്ടൻ ആണെങ്കിൽ അത് കേൾക്കേണ്ട താമസം എമിക്ക് നേരെ തിരിഞ്ഞു. ആനോ എമീ????

അച്ചൂനെ കച്ചോ???? കണ്ണുകൾ കൂർപ്പിച്ച് അവൻ എമിയെ നോക്കി. ആണ് ജോക്കുട്ടാ... ദേ പാട് കണ്ടോ..... കവിളിൽ തൊട്ട് അച്ചു പറഞ്ഞതും ചെക്കന്റെ നോട്ടം അവന്റെ കവിളിൽ എത്തി. ചുണ്ട് പിളർത്തി സങ്കടത്തോടെ അവൻ ആ കവിളിൽ തഴുകി. നൊന്തോ അച്ചൂ??????? കുഞ്ഞു കൈകൊണ്ട് കവിളിൽ തലോടി അവൻ ചോദിച്ചതും അച്ചു മുഖത്ത് സങ്കടം അണിഞ്ഞ് അവനെ നോക്കി തലയാട്ടി. അച്ചുവിന്റെ ഓസ്കാർ ലെവൽ ആക്ടിങ് കണ്ട് എമിയുടെ കണ്ണ് ഇപ്പൊ പുറത്ത് ചാടും എന്ന രീതിയിൽ ആയി. ഇങ്ങേര് എന്നേക്കാൾ തറയായിരുന്നോ മാതാവേ??????? മനസ്സിൽ ഓർത്തുകൊണ്ട് അവൾ അച്ചുവിനെ നോക്കിയതും ജോക്കുട്ടൻ അവന്റെ കവിളിൽ ഉമ്മ കൊടുക്കുന്നതാണ് കണ്ടത്. അത് കണ്ടതും എമിക്ക് അപകടം മണുത്തു. ഇതുപോലെ പണ്ടൊരിക്കൽ അച്ചു കടിച്ചെന്നും പറഞ്ഞ് ജോക്കുട്ടനോട് പരാതി പറഞ്ഞ് അവസാനം അച്ചുവിന്റെ കയ്യിൽ നിന്ന് തന്നെ ഉമ്മ വാങ്ങേണ്ടി വന്ന രംഗം മനസ്സിൽ ഓടി എത്തിയതും അച്ചുവിന്റെ ആക്ടിങ്ങിന് പിന്നിലെ ചേതോവികാരം എമിക്ക് ബോധ്യമായി.

ഇനി നിന്നാൽ പണി വാങ്ങേണ്ടി വരും എന്ന് മനസ്സിലാക്കിയ എമി പതിയെ വലിയാൻ നോക്കിയതും ജോക്കുട്ടന്റെ ശബ്ദം ഉയർന്നിരുന്നു. എമീ.... അച്ചൂന് ഉമ്മ കൊത്തേ..... ചുണ്ട് കൂർപ്പിച്ചു വെച്ച് ചെക്കൻ ആഞ്ജാപിച്ചു. അവന്റെ ഭാവവും കുഞ്ഞു മുഖത്തെ ഗൗരവവും എല്ലാം കണ്ട് എമി അച്ചുവിനെ ഒന്നു ദയനീയമായി നോക്കി. അപ്പൊ ദേ കവിളും നീട്ടി ഉമ്മ വാങ്ങാൻ നിൽക്കുവാണ് അച്ചു. കള്ള ഡ്രാക്കുള........ പല്ല് കടിച്ച് പറഞ്ഞുകൊണ്ട് എമി അവനെ തറപ്പിച്ചു നോക്കി. ജോക്കുട്ടാ അത്........ ഒന്നും പയ്യണ്ട.... മയ്യാക്ക് അച്ചൂന് ഉമ്മ കൊത്തോ.... എമിയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ ഇടയിൽ കയറിയതും പെണ്ണ് നിഷ്കു മട്ടിലായി. അച്ചുവിനെ ഒന്നു കൂർപ്പിച്ചു നോക്കി എമി അവന് അരികിലേക്ക് നിന്നു. അവൾക്ക് നേരെ മുഖവും താഴ്ത്തി നിൽക്കുന്ന അച്ചുവിന്റെ കവിളിൽ അവൾ ചുണ്ട് ചേർത്ത് മാറി. നല്ലോനം കൊക്ക് എമീ... എന്നാലേ വേന മായൂ അല്ലെ അച്ചൂ???? പെട്ടെന്ന് മാറിയ എമിയുടെ പ്രവർത്തി ഇഷ്ടമാവാത്തത് പോലെ ചെക്കൻ പറഞ്ഞതും അച്ചു അതേയെന്ന അർത്ഥത്തിൽ തലയാട്ടി.

രണ്ടിന്റെയും ചുണ്ടിൽ ഒരു കുസൃതി ചിരി ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടതും എമി അവർക്ക് നേരെ ഒരു കൂർത്ത നോട്ടം എറിഞ്ഞു. അവളുടെ നോട്ടം അറിഞ്ഞതും അച്ചു ഒരു കയ്യാൽ അവളെ വലിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി. കൊച്ച് പറഞ്ഞത് കേട്ടില്ലേടീ ദേ ഇവിടെ നല്ല ഒന്നാന്തരം ഒരു കിസ്സ് ഇങ്ങോട്ട് തന്നേ.... കവിൾ കാട്ടി അവൻ പറഞ്ഞതും ഒരു കുഞ്ഞു പുഞ്ചിരി അവളുടെ ചുണ്ടിൻ കോണിൽ മൊട്ടിട്ടു. എന്നാൽ അത് സമർത്ഥമായി മറച്ചു കൊണ്ട് അവൾ അവന്റെ കവിളിൽ ആഴത്തിൽ ചുംബിച്ചു. അൽപ്പനേരം കഴിഞ്ഞ് അവ പിൻവലിച്ചതും മറു കവിൾ കൂടി അവൻ അവൾക്ക് നേരെ തിരിച്ചിരുന്നു. കുറുമ്പ് നിറഞ്ഞ അവന്റെ പ്രവർത്തി കാൺകെ മറച്ചു വെച്ച പുഞ്ചിരി അവളിലേക്ക് പടർന്നിരുന്നു. അതേ പുഞ്ചിരിയോടെ അവന്റെ മറുകവിളിലും അവൾ ചുണ്ടുകൾ പതിപ്പിച്ചു. ഇനി എനിച്ച് താ...... കവിൾ വീർപ്പിച്ചു വെച്ച് അവൻ പറയുന്നത് കണ്ട് എമി ചിരിച്ചു പോയി. എടാ കുശുമ്പാ........

അവന്റെ വയറിൽ ഇക്കിളി ആക്കി അച്ചു പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു. അടുത്ത നിമിഷം അച്ചുവും എമിയും ഒരുപോലെ അവന്റെ ഇരുകവിളിലായി ചുംബിച്ചു. അതോടെ അവൻ ഹാപ്പി. തിരികെ അവരുടെ രണ്ടുപേരുടെയും കവിളിൽ മുത്തി അവൻ ചിരിച്ചു. അയ്യോ.... നാൻ മന്നുപോയി, അച്ചൂനെ അപ്പാപ്പൻ വിലിച്ചോന്ത്‌ ചെല്ലാൻ പഞ്ഞു. എന്തോ ഓർത്തെന്നത് പോലെ തലയിൽ കൈ അടിച്ച് അവൻ പറഞ്ഞു. അതെന്തിനാ??????? അച്ചു ഒരു ചിരിയോടെ അവനോട് ചോദിച്ചു. അടേ... അനൂന്തെ കല്ലാനം നത്താനാ.... എന്തോ വലിയ കാര്യം പോലെ അവൻ പറഞ്ഞതും അവർ ചിരിച്ചുപോയി. ആയോടും പയ്യല്ലേ... നാൻ ഒച്ചു നിന്ന് കേത്തതാ...... രഹസ്യം പോലെ അവൻ സ്വരം താഴ്ത്തി പറഞ്ഞതും എമി മൂക്കത്ത് വിരൽ വെച്ചുപോയി. എടാ കള്ളാ.... നീയപ്പൊ എല്ലാം ഒളിച്ചു നിന്ന് കേൾക്കുവാണല്ലേ?????

അച്ചുവിന്റെ ചോദ്യത്തിന് കണ്ണുകൾ ഇറുകെ അടച്ചവൻ കുണുങ്ങി ചിരിച്ചു. അവന്റെ കുറുമമ്പോടെയുള്ള പ്രവർത്തി അവരിൽ ചിരി വിരിയിച്ചിരുന്നു. അച്ചു ഉപ്പിത്ത് വേം വാ.... പറയുന്നതിന് ഒപ്പം അവൻ അച്ചുവിന്റെ കയ്യിൽ നിന്ന് നിലത്തേക്ക് ഊർന്നിറങ്ങി പുറത്തേക്ക് ഓടിയിരുന്നു. ജോക്കുട്ടൻ ഓടിയ പുറകെ പായാൻ നിന്ന എമിയെ അച്ചു പിന്നിലൂടെ ചുറ്റിപ്പിടിച്ച് നിർത്തി. എങ്ങോട്ടാടീ ഈ ഓടുന്നത്?????? കാതിൽ ഒന്നു ഊതികൊണ്ട് അവൻ ചോദിച്ചതും അവളൊന്ന് പിടഞ്ഞു. എങ്കിലും തോറ്റു കൊടുക്കാൻ അവൾക്ക് മനസ്സ് വന്നില്ല. ഇത്രയും നേരം എന്നെ കണ്ണിന് പിടിക്കുന്നില്ലായിരുന്നല്ലോ എന്നിട്ട് എന്റെ ഉമ്മ മേടിക്കാൻ കൊച്ചിന് മുന്നിൽ അടവ് ഇറക്കിയിരിക്കുന്നു. നീരസത്തോടെ പറയുന്നതിനൊപ്പം എമി വയറിലൂടെ ചുറ്റിപ്പിടിച്ച അവന്റെ കയ്യിൽ നുള്ളി. ആഹ്... ഡീ..... വേദന എടുത്തെങ്കിലും കൈ പിൻവലിക്കാതെ തന്നെ അവൻ ചീറിയതും എമി തല ചരിച്ച് അവനെ ഒന്നു നോക്കി ചുണ്ട് കോട്ടി. എന്നെ പുച്ഛിക്കുന്നോ???????

ആ ചോദ്യത്തിനൊപ്പം തന്നെ അച്ചു അവളുടെ ഇടുപ്പിൽ ചെറുതായി ഒന്നു കിള്ളി. സ്സ്......... ഒന്നു പിടച്ചു കൊണ്ടവൾ നിന്നിടത്ത് തുള്ളി പോയി. ഇപ്പൊ ഈക്വൽ ഈക്വൽ. തന്നെ കൂർപ്പിച്ചു നോക്കുന്ന എമിയെ നോക്കി ചിരിയോടെ പറഞ്ഞവൻ അവളുടെ കവിളിൽ മെല്ലെ കടിച്ചു. ഇച്ചായാ......... ദേഷ്യം നിറഞ്ഞ സ്വരത്തിൽ വിളിച്ചവൾ അവന്റെ കൈപ്പിടിയിൽ നിന്ന് തന്നെ അവന് അഭിമുഖമായി തിരിഞ്ഞു. തന്നെ നോക്കി മീശപിരിച്ച് സൈറ്റ് അടിക്കുന്നവനെ കണ്ട് ഒന്നു പതറിയെങ്കിലും വീര്യം ഒട്ടും ചോരാതെ തന്നെ അവനെ രോഷത്തോടെ നോക്കി. ഇങ്ങനെ നോക്കി കൊല്ലാതെടീ...... കുസൃതി ചിരിയോടെ മൂക്കിൻ തുമ്പിൽ ഒന്നു കടിച്ചവൻ പറഞ്ഞതും എമി അവനെ തള്ളി മാറ്റി. ദേ.... ഇച്ചായാ, വന്നുവന്ന് നിങ്ങൾക്ക് തീരെ പരിസരബോധമില്ലാതെ ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം അമ്മച്ചിയുടെ മുന്നിൽ നാണംകെട്ടു എന്നിട്ടും ഇന്ന് മുറ്റത്ത് വെച്ച് നിങ്ങൾ എന്താ കാണിച്ചത്??????

എന്ത് കാണിക്കാൻ ഞാൻ പേരക്ക കടിച്ച് എടുത്തതല്ലേ?????? കള്ളചിരിയോടെ അവൻ എമിയെ നോക്കി. എനിക്ക് ദേഷ്യം വരുന്നുണ്ടേ.... ആരെങ്കിലും കണ്ടാൽ എന്താ വിചാരിക്കുന്നത്???? ഒരു ബോധവും ഇല്ലാത്തൊരു മനുഷ്യൻ...... ചുണ്ട് കൂർപ്പിച്ച് പറയുന്നതിനൊപ്പം എമി അവന്റെ നെഞ്ചിൽ മെല്ലെ കൈചുരുട്ടി ഇടിച്ചു. നീ പേരക്ക കടിച്ച് എന്നെ കൊതിപ്പിച്ചിട്ടല്ലേ????? കീഴ്ചുണ്ട് കടിച്ചു പിടിച്ച് അച്ചു പറഞ്ഞതും ഇനി നിൽക്കുന്നത് അത്ര പന്തിയല്ല എന്ന് എമിക്ക് മനസ്സിലായി. പെട്ടെന്ന് തന്നെ കൈ ഉയർത്തി അവന്റെ മീശയിൽ പിടിച്ചവൾ ഒന്നു വലിച്ചു. ആാാഹ്........ പെട്ടെന്നുള്ള ആക്രമണത്തിൽ അവൻ എമിയിൽ നിന്ന് പിടി വിട്ടുപോയി. ഡീ......... മീശ തടവി അവൻ അലറിയതും എമി മുറിവിട്ട് ഇറങ്ങി ഓടിയിരുന്നു. അച്ചു അവൾ പോയ വഴിയേ ഒന്നു നോക്കി എന്തോ ഓർമ്മയിൽ മീശ തടവി ചിരിച്ചു. പിന്നെ തിരിഞ്ഞ് കബോർഡിൽ നിന്നൊരു ബനിയൻ എടുത്തിട്ട് കൈകൊണ്ട് തന്നെ മുടി ഒതുക്കി പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

സ്റ്റെയർ ഇറങ്ങി വരുന്ന അച്ചുവിനെ കണ്ടതും അനുവിന് അരികിൽ നിന്ന് എമി ഒന്നു ഇടംകണ്ണിട്ട് നോക്കി. അവളുടെ നോട്ടം കണ്ടതും അച്ചു ഒന്നു തറപ്പിച്ചു നോക്കി. അത് കാണേണ്ട താമസം എമി നോട്ടം സീലിങ്ങിലേക്ക് മാറ്റി. നീയെന്താടാ ഇത്ര താമസിച്ചത്????? അച്ചുവിനെ കണ്ട ഉടൻ പോൾ ചോദിച്ചു. ഒരു കോൾ വന്നു ഡാഡി അതാ.... അത്രയും പറഞ്ഞ് അച്ചു ആൽവിച്ചന് ഒപ്പം സെറ്റിയിലേക്ക് ഇരുന്നു. അച്ചുവിനെ കണ്ടതും അത്രയും നേരം ആൽവിച്ചന്റെ മടിയിൽ ഇരുന്ന ജോക്കുട്ടൻ അവന്റെ മടിയിലേക്ക് ചാടി കയറി ഇരുന്നു. അവന്റെ പ്രവർത്തിയിൽ ഒന്നു ചിരിച്ച് അച്ചു അവനെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഇരുന്നു. ആഹ്.... ഞങ്ങൾ നിന്നെ വെയിറ്റ് ചെയ്ത് ഇരുന്നത് എഡ്ഢിയുമായി സംസാരിച്ചിട്ട് എന്തായി എന്നറിയാനാ. പോൾ ചോദിച്ചതും അവനൊന്ന് അനുവിനെ നോക്കി. എഡ്ഢി ഡൽഹിയിലേക്ക് റിസർച്ചിന് വേണ്ടി പോവാൻ ഒരുങ്ങുകയാണ്.

മൂന്നു വർഷത്തേക്ക് നീണ്ട് നിൽക്കുന്ന റിസർച്ച് ആണ്, ഏകദേശം ഒരു നാല് മാസത്തിന് അപ്പുറം ആയിരിക്കും പോവുന്നത്. ഇവളെ കൂടി കൊണ്ടുപോവാനാണ് അവൻ പ്രൊപോസലുമായി ഇങ്ങോട്ട് വന്നത്. അവിടെ തന്നെയുള്ള ഒരു കോളേജിൽ ഇവൾക്ക് അഡ്മിഷൻ എടുക്കണം എന്നൊക്കെ എഡ്ഢി പ്ലാൻ ചെയ്തു വെച്ചിരുന്നു. അന്ന് തിരക്കിനിടയിൽ പറയാൻ വിട്ടു പോയതാണ്. പറഞ്ഞു കെട്ടിടത്തോളം ജെസ്സി ആന്റിക്കും അതിൽ എതിരാഭിപ്രായം ഒന്നും തന്നെയില്ല എന്നാണ് അറിഞ്ഞത്. മകന്റെ റിസർച്ച് വർക്കിന് ഇടയിൽ കുഞ്ഞ് കൊച്ച് എന്നൊന്നും അവർ പറയാനും പോവുന്നില്ല. ഇനി എല്ലാം നമ്മളുടെ തീരുമാനത്തിന് വിട്ട് തന്നിരിക്കുകയാണ്. അച്ചു പറഞ്ഞു നിർത്തി അവരെയെല്ലാം നോക്കി. ഇതൊരു നല്ല തീരുമാനം ആണെന്ന് തോന്നുന്നു അല്ലെ സാറാമ്മേ????? എല്ലാം കേട്ട ശേഷം പോൾ ഭാര്യയെ ഒന്നു നോക്കി. നല്ലത് ഒക്കെ തന്നെയാ, പക്ഷെ....

. അവരൊന്ന് നിർത്തി. എന്താടോ ഒരു പക്ഷെ?????? അനു നമ്മളെ ഒക്കെ വിട്ട് ഡൽഹിയിലേക്ക് പോവുക എന്ന് പറഞ്ഞാൽ.... പറഞ്ഞു പൂർത്തിയാക്കാതെ അവർ വിഷമത്തോടെ അവർ അനുവിനെ നോക്കി. അത് കേൾക്കെ അവളുടെ കണ്ണിലും ദുഃഖം നിറഞ്ഞു. അയ്യേ.... ഇതാണോ ഇത്ര വലിയ കാര്യം.... എടോ അതൊക്കെ നമ്മുടെ മോളുടെ കൂടി നല്ലതിന് വേണ്ടിയല്ലേ????? ഇതുപോലെ ഒരു ജീവിതം ഇനി നമ്മുടെ മോൾക്ക് കിട്ടാനുണ്ടോ????? പിള്ളേരും പരസ്പരം ഇഷ്ടപ്പെട്ടത് അല്ലേടോ???? പിന്നെ ഇന്നത്തെ കാലത്ത് ഡൽഹി ഒക്കെ ഒരു ദൂരമാണോ????? നമുക്ക് ഒന്നു കാണാൻ ആഗ്രഹിച്ചാൽ ഒരു വീഡിയോ കോളിന് അപ്പുറം അവളില്ലെ???? അതുമല്ലെങ്കിൽ ഒരു ഫ്ലൈറ്റ് പിടിച്ച് നേരെ അങ്ങോട്ട്‌ ചെല്ലാവുന്നതേ ഉള്ളൂ.... പിന്നെ നമ്മുടെ മോൾക്കും ഇതൊരു നല്ല അവസരമാണ് പുതിയ ദേശം, പുതിയ ഭാഷ,പുതിയ ചുറ്റുപാടുകൾ, പുതിയ കാഴ്ചകൾ, സൗഹൃദങ്ങൾ, ജീവിതാനുഭവങ്ങൾ ഇതൊക്കെ അവൾക്ക് ലഭിക്കാൻ കൂടി വഴി ഒരുക്കുകയല്ലേ???????

അതിനപ്പുറം ഇവർക്ക് പരസ്പരം മനസ്സിലാക്കാൻ കിട്ടുന്ന അവസരം കൂടിയല്ലേ ഇത്‌????? നമ്മളും ദേ ഈ നിൽക്കുന്നവന്മാരും ഒക്കെ പ്രേമിച്ചു കെട്ടിയതാ.... പക്ഷെ അനു അങ്ങനെ അല്ല കല്യാണം കഴിഞ്ഞിട്ടാണ് അവർ പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനും ഒക്കെ പോവുന്നത്. ഈ കല്യാണം കഴിഞ്ഞിട്ടുള്ള പ്രേമത്തിന്റെ സുഖമൊന്നും നമുക്ക് അനുഭവിച്ച് അറിയാനുള്ള യോഗം ഉണ്ടായിട്ടില്ല അപ്പൊ പിന്നെ അവളെങ്കിലും അത് നന്നായി അറിയട്ടെന്നെ..... തുടക്കം ഗൗരവത്തിൽ ആയിരുന്നെങ്കിലും ഒടുക്കം തെല്ലൊരു കുസൃതിയോടെ അയാൾ പറഞ്ഞു നിർത്തി അനുവിനെ നോക്കി. നാണത്തോടെ തല താഴ്ത്തി നിൽക്കുന്നവളെ കണ്ട് എല്ലാവർക്കും ചിരി വന്നുപോയി. ആക്കി ചിരിയോടെ അവരെല്ലാം അനുവിനെ നോക്കിയതും ചമ്മലോടെ അവൾ മുറിയിലേക്ക് ഓടി. പിന്നാലെ ഒരു കൂട്ടചിരി ഹാളിൽ മുഴങ്ങിയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മറ്റാർക്കും എതിർപ്പില്ലാത്തതിനാൽ രണ്ട് മാസത്തിനുള്ളിൽ അനുവിന്റെയും എഡ്ഢിയുടെയും മനസമ്മതവും കല്യാണവും നടത്താം എന്ന തീരുമാനത്തിൽ എത്തി. അതിനിടയിൽ തന്നെ എക്സാമിന്റെ റിസൾട്ട്‌ വരുന്നതിനാൽ നല്ല കോളേജ് നോക്കി അഡ്മിഷൻ എടുക്കാനും കഴിയും. അനു എല്ലാത്തിനും മൗനം സമ്മതം എന്ന രീതിയിൽ നിന്നു. അവളുടെ നിൽപ്പ് കണ്ട് എമിയും അച്ചുവും ആൽവിച്ചനും ഒക്കെ ചേർന്ന് കണക്കിന് കളിയാക്കുകയും ചെയ്തു. അവസാനം യുദ്ധം അവസാനിപ്പിക്കാൻ എന്നത്തേയും പോലെ സാറാ എത്തിയതും അത്താഴം കഴിച്ച് എല്ലാവരും മുറിയിലേക്ക് വലിഞ്ഞു. ഫോണിൽ അലറവും വെച്ച് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന എമിയെ കണ്ടാണ് അച്ചു മുറിയിലേക്ക് എത്തുന്നത്. അവളുടെ നടത്തം കണ്ട് അച്ചുവിന്റെ നെറ്റി ചുളിഞ്ഞു. നീ കിടക്കുന്നില്ലേ??????

അച്ചുവിന്റെ ചോദ്യം കേട്ടതും അവൾ നടത്തം നിർത്തി അവനെ നോക്കി. ഇല്ല.... നാളെ റോണിയുടെ ബർത്ത്ഡേ ആണ്. എല്ലാ ബർത്ത്ഡേയ്ക്കും കണ്ണിൽ ഈർക്കിൽ കുത്തിവെച്ച് ഉറങ്ങാതെ ഇരുന്ന് അവനെ ആദ്യം വിഷ് ചെയ്യുന്നത് ഞാനാണ്. ഈ ബർത്ത്ഡേയ്ക്കും അത് മുടക്കാൻ പറ്റില്ല അതുകൊണ്ട് അവനെ വിഷ് ചെയ്തിട്ടേ ഞാൻ കിടക്കൂ...... എമി പറഞ്ഞതും അച്ചു എന്തോ ചിന്തിച്ചു. എല്ലാ തവണയും ഫോണിൽ വിളിച്ച് വിഷ് ചെയ്യുകയല്ലേ ചെയ്തിരുന്നത് ഇത്തവണ സർപ്രൈസ് ആയിട്ട് അവനെ നേരിൽ ചെന്ന് വിഷ് ചെയ്താലോ????? അച്ചു അത് പറഞ്ഞതും എമിയുടെ കണ്ണുകൾ വിടർന്നു. അടിപൊളി ഐഡിയ.... എന്നാൽ നമുക്ക് പോവാം????? എമി ധൃതി കൂട്ടി. പോവാം... ആദ്യം നീ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വാ. എനിക്ക് ചില്ലറ പണിയുണ്ട്. കണ്ണിറുക്കി അവൻ പറഞ്ഞതും മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ മുഖത്ത് തെളിഞ്ഞു. അച്ചുവിന്റെ കവിളിൽ ഒന്നു മുത്തി ഇട്ടു മാറാനുള്ള ഡ്രസ്സും എടുത്തവൾ തുള്ളി ചാടി ഡ്രസ്സിങ് റൂമിലേക്ക് ഓടി.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story