ഹൃദയതാളമായ്: ഭാഗം 168

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചു ഇവിടെ ഇല്ലേ സാറാമ്മേ അവനെ കണ്ടില്ലല്ലോ?????? കയ്യിലിരുന്ന പത്രം മടക്കി വെക്കവെ ചുവരിലെ ക്ലോക്കിലേക്ക് നോക്കി പോൾ ചായയുമായി വന്ന സാറായെ നോക്കി. അതാ ഞാനും ആലോചിക്കുന്നത്. സാധാരണ ഈ നേരത്ത് താഴേക്ക് വരുന്നവനാണ്. ചിലപ്പൊ രാവിലെ എങ്ങാനും വല്ല അത്യാവശ്യവും വന്നിട്ട് പോയിട്ടുണ്ടാവും. സാറായുടെ കയ്യിൽ നിന്ന് ചായ കയ്യിലേക്ക് വാങ്ങി അയാൾ പറഞ്ഞു. ഏയ്‌... അങ്ങനെ ആവാൻ വഴിയില്ല അവന്റെ വണ്ടി പോർച്ചിൽ തന്നെ ഇരുപ്പുണ്ട്. എങ്കിൽ പിന്നെ അവൻ എഴുന്നേറ്റു കാണില്ല. ചായ കുടിച്ചുകൊണ്ട് അയാൾ പറഞ്ഞു. ഈ ചെക്കനിത്... അച്ചൂ... ഡാ അച്ചൂ.... സാറാ അവിടെ നിന്ന് തന്നെ വിളിച്ചു കൂവി. അവൻ ക്ഷീണം കൊണ്ട് കിടന്നതായിരിക്കുമെടോ താൻ ശല്യം ചെയ്യാതെ. പോൾ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു. അങ്ങനെ പറഞ്ഞാൽ എങ്ങനാ... ഇന്നവന് സ്റ്റേഷനിൽ പോവണ്ടേ????

അച്ചൂ.... ഡാ അച്ചൂ....... ചോദ്യത്തിന് ഒപ്പം തന്നെ അവർ വീണ്ടും ശബ്ദമുയർത്തി വിളിച്ചു. അയ്യോ.... മനുഷ്യന്റെ കർണ്ണസ്വൈര്യം കളയാനായിട്ട് ഇങ്ങനെ കിടന്ന് കാറി കൂവാതെ നേരെ അങ്ങോട്ട് ചെന്ന് വിളിക്ക് എന്റെ അമ്മച്ചീ... ചെവിയും പൊത്തിപ്പിടിച്ച് ആൽവിച്ചൻ അങ്ങോട്ട് എത്തി പറഞ്ഞതും സാറാ വിളിക്കുന്നത് നിർത്തി അവനെ നോക്കി. മനസമാധാനമായിട്ട് ഒരാളെ പോലും കിടത്തി ഉറക്കരുത്.... ആ ചെക്കൻ സ്വസ്ഥമായിട്ട് കിടന്ന് ഉറങ്ങുവായിരിക്കും അതിനെ ഒച്ചയിട്ട് ശല്യം ചെയ്യണോ????? അത് തന്നെയാ ഞാനും ചോദിച്ചത്. നമ്മുടെയോ ഉറക്കം പോയി എങ്കിൽ അവനെങ്കിലും കിടന്ന് ഉറങ്ങട്ടെ എന്നു കരുതി. എവിടെ ഇവൾ അതിനും സമ്മതിക്കില്ല.... ആൽവിച്ചന്റെ വാക്കുകളെ അനുകൂലിച്ച് പോൾ പറഞ്ഞു.

മര്യാദക്ക് വേലക്ക് പോലും പോവാത്ത ഡാഡിക്കും മോനും അങ്ങനെ പലതും ഇരുന്ന് പറയാം അതുപോലെ അല്ല ആ ചെക്കൻ. ഞാൻ ചെന്ന് നോക്കട്ടെ.... രണ്ടിനെയും ഒന്നു ഇരുത്തി നോക്കി സാറാ സ്റ്റെയർ കയറി പോയി. നമുക്കിത് എന്തിന്റെ കേടായിരുന്നു അല്ലെ ഡാഡീ?????? ആൽവിച്ചന്റെ ചോദ്യത്തിന് അയാൾ ഒന്നു നിശ്വസിച്ചു. അല്ലങ്കിലും വരാനുള്ളത് ഒന്നും അങ്ങനെ വഴിയിൽ തങ്ങത്തില്ലെടാ.... ഒരു നെടുവീർപ്പോടെ പറഞ്ഞയാൾ ചായ കുടിക്കാൻ തുടങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചൂ..... എമീ...... വാതിൽ തുറന്നേ.... സാറാ അവരുടെ മുറിയുടെ വാതിലിൽ തട്ടലോട് തട്ടൽ. ഇതൊക്കെ ആരറിയാൻ???? പാതിരാക്ക് എങ്ങാണ്ട് വന്നുകിടന്ന് ഉറങ്ങുന്നതുങ്ങൾ ഇത്‌ വല്ലതും അറിയുമോ?????? അച്ചൂ..... ഡാ..... കതക് തുറക്കെടാ.... സാറാ വീണ്ടും ഡോറിൽ തട്ടി. രണ്ടിനും നോ കുലുക്കം. ഇതുങ്ങൾ ഇതിനകത്ത് ഇത്‌ എന്നാ എടുക്കുവാണെന്റെ മാതാവേ?????

പ്രതികരണം ഒന്നും കാണാതെ ആയതും കൈമലർത്തി നിന്ന് ആരോടെന്നില്ലാതെ അവർ ചോദിച്ചു. പിന്നെ അവസാനശ്രമം എന്നോണം ഡോറിന്റെ ഹാൻഡിൽ പിടിച്ച് ഒന്നു തിരിച്ചതും അവർക്ക് മുന്നിൽ ഡോർ തുറന്നു കഴിഞ്ഞിരുന്നു. അത് ശരി... അപ്പൊ വാതിൽ പോലും അടക്കാതെയാണ് രണ്ടും കിടന്നത്. സ്വയം പറഞ്ഞവർ വാതിൽ തുറന്ന് അകത്തേക്ക് കയറി. ബെഡിലേക്ക് നോക്കുമ്പോൾ അതാ രണ്ടെണ്ണം ഭൂമി കുലുങ്ങിയാലും അറിയില്ല എന്ന കണക്ക് സുഖനിദ്രയിലാണ്. എമിയെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചാണ് അച്ചുവിന്റെ കിടപ്പ്. എമി ആകട്ടെ അവന്റെ ദേഹത്തേക്ക് കയ്യും കാലും ഒക്കെയിട്ട് അവനിലേക്ക് പതുങ്ങി കൂടി നല്ല ഉറക്കത്തിലാണ്. ഞാനിവിടെ കിടന്ന് തോണ്ട പൊട്ടുന്ന കണക്ക് വിളിച്ച് കൂവിയിട്ടും അതൊന്നും അറിയാതെയുള്ള രണ്ടിന്റെയും കിടപ്പ് കണ്ടില്ലേ????? അമർഷത്തോടെയാണ് പറഞ്ഞതെങ്കിലും രണ്ടിന്റെയും കിടപ്പ് കണ്ട് അവരുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.

എങ്കിലും അത് മറച്ചു പിടിച്ച് അവർ ബെഡിന് അരികിൽ ചെന്ന് നിന്നു. ഡാ അച്ചൂ... ഇങ്ങോട്ട് എഴുന്നേൽക്കെടാ...... ഉച്ചത്തിൽ അവനെ വിളിക്കുന്നതിനൊപ്പം കയ്യിൽ ഒരു തല്ല് വെച്ചു കൊടുത്തു. കയ്യിൽ ഏറ്റ തല്ലിന്റെ ശക്തിയിൽ അച്ചു മുഖം ചുളിച്ച് കണ്ണുകൾ വലിച്ചു തുറന്നു. എന്നാൽ ഉറക്കക്ഷീണം കാരണം അവൻ അടികൊണ്ട ഭാഗത്ത്‌ ഒന്നു തടവി എമിയെ ഒന്നുകൂടി ചുറ്റിപ്പിടിച്ച് കണ്ണുകൾ അടച്ചു. വീണ്ടും ഉറങ്ങാൻ നോക്കുന്നോ????ഇങ്ങോട്ട് എഴുന്നേൽക്കെടാ..... ഇത്തവണ അച്ചുവിനെ പിടിച്ച് കുലുക്കി കൊണ്ടാണ് അവർ വിളിച്ചത്. എന്തോന്നാ അമ്മച്ചീ ഇത്‌???? മനുഷ്യനെ ഒന്നു ഉറങ്ങാനും സമ്മതിക്കത്തില്ലേ???? അസ്വസ്ഥതയോടെ കണ്ണുകൾ തുറന്ന് അവർക്ക് നേരെ മുഖം തിരിച്ച് ഈർഷ്യയോടെ അവൻ ചോദിച്ചു. കൊള്ളാം ഇപ്പൊ ഞാൻ വിളിച്ചതായോ കുറ്റം നിനക്ക് ഇന്ന് ജോലിക്ക് പോവണ്ടേടാ ചെക്കാ????? ഇടുപ്പിൽ കൈകുത്തി നിന്നവർ ഗൗരവത്തിൽ അവനെ നോക്കി. എനിക്കിന്ന് എങ്ങും പോവണ്ട.

അമ്മച്ചി ഇപ്പൊ പൊക്കേ ഞങ്ങളൊന്ന് ഉറങ്ങട്ടെ. പറയുന്നതിനൊപ്പം തന്നെ അവൻ എമിയെ കെട്ടിപ്പിടിച്ചു കിടന്ന് കണ്ണുകൾ അടച്ചു. അങ്ങനെ ഇപ്പൊ ഉറങ്ങണ്ട... സമയം എത്രയായി എന്നാ വിചാരം???? ഇങ്ങോട്ട് എഴുന്നേൽക്കെടാ..... അച്ചുവിനെ ഉറങ്ങാൻ സമ്മതിക്കാതെ അവർ വീണ്ടും അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ഇന്നൊരു ദിവസത്തേക്ക് അല്ലെ???? ഒന്നു ഉറങ്ങിക്കോട്ടെ അമ്മച്ചീ.... ചിണുങ്ങി കൊണ്ട് അച്ചു അവരോടായി പറഞ്ഞു. അവന്റെ ഭാവവും പിള്ളേരെ കൂട്ടുള്ള പറച്ചിലും എല്ലാം കാൺകെ അവർക്ക് ചിരി വരുന്നുണ്ടായിരുന്നു. എങ്കിലും അത് പുറമെ കാണിക്കാതെ അവർ മുഖത്ത് ഗൗരവം അണിഞ്ഞു. കിടന്ന് കൊഞ്ചാതെ ഇങ്ങോട്ട് എഴുന്നേൽക്ക് ചെറുക്കാ... അല്ലെങ്കിൽ ഞാൻ തല വഴി വെള്ളം കമത്തും പറഞ്ഞില്ലെന്ന് വേണ്ട....

കള്ളദേഷ്യത്തിൽ അവർ പറഞ്ഞതും മുഖം വീർപ്പിച്ച് ദേഹത്ത് ചുറ്റിയ എമിയുടെ കയ്യും കാലും എല്ലാം എടുത്തു മാറ്റി അരിശത്തോടെ അവൻ എഴുന്നേറ്റ് ചവിട്ടി തുള്ളി വാഷ്റൂമിലേക്ക് പോയി. അവന്റെ പോക്ക് നോക്കി ചിരിയോടെ അവർ തിരിഞ്ഞതും ഉറങ്ങി കിടക്കുന്ന എമിയിൽ അവരുടെ നോട്ടം ചെന്നെത്തി. ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും അതൊന്നും അറിയാതെ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന രീതിയിൽ ഉറങ്ങുകയാണ് അവൾ. ഉറക്കത്തിന് ഒരു കോമ്പറ്റീഷൻ ഉണ്ടെങ്കിൽ യാതൊരു സംശയവും കൂടാതെ ഫസ്റ്റ് പ്രൈസ് അവൾക്ക് കൊടുക്കാം. ഇവളെ ഞാനിന്ന്...... ഡീ..... ദേഷ്യത്തിൽ പിറുപിറുത്തുകൊണ്ട് അവർ എമിയുടെ കാലിൽ ഒരൊറ്റ അടി. അയ്യോ അമ്മേ തല്ലല്ലേ മീൻവറുത്തത് ഞാനല്ല മിക്കുവാ കട്ട് തിന്നത്...... കണ്ണ് തുറക്കാതെ തന്നെ ചാടി എഴുന്നേറ്റ് ബെഡിൽ ചമ്രം പടിഞ്ഞ് ഇരുന്നവൾ വിളിച്ചു കൂവുന്നത് കേട്ടതും സാറായുടെ കിളികൾ കൂടും കുടുക്കയും എടുത്ത് അതാ മുഖവും കഴുകി വാഷ്റൂമിൽ നിന്നിറങ്ങി വന്ന അച്ചുവിന്റെ കാൽ കീഴിൽ വന്ന് തലതല്ലി ചാവുന്നു.

വായും തുറന്ന് നിൽക്കുന്ന സാറായെ കണ്ട് അച്ചുവിന് ചിരി പൊട്ടിപ്പോയി. എങ്കിലും അത് കടിച്ചു പിടിച്ചവൻ ബെഡിന് അരികിലേക്ക് പോയി എമിയെ നോക്കി. കാറ് ബഹളവും എല്ലാം കഴിഞ്ഞ് പെണ്ണ് ഇരുന്ന് ഉറങ്ങുവാണ്. ഡീ..... എഴുന്നേൽക്കെടീ... എമിയുടെ ഇരുചുമലിലുമായി പിടിച്ച് കുലുക്കി അവൻ വിളിച്ചതും ഏതോ സ്വപ്നത്തിൽ എന്നത് പോലെ അവൾ കണ്ണ് തുറന്നു. ആദ്യം ഒന്നും മനസ്സിലാവാതെ കണ്ണ് മിഴിച്ച് അവൾ അച്ചുവിനെയും സാറായെയും ഒന്നു നോക്കി. എവിടെ????? മിക്കു എവിടെ??????? വെളിവും ബോധവും ഇല്ലാത്തത് പോലെ അവൾ ചോദിക്കുന്നത് കേട്ട് അച്ചു ചിരിച്ചു പോയി. നിന്റെ ഏത് പിരിയാ ഇളകിയത്???? അവളുടെ തലയിൽ ഒന്നു തട്ടി അവൻ ചിരിച്ചതും കൈ ഉയർത്തി തല ഒന്നു ഉഴിഞ്ഞ് അവൾ ചുറ്റിനും കണ്ണുകൾ ഓടിച്ചു. ഒരു നിമിഷം വേണ്ടിവന്നു സ്വബോധത്തിലേക്ക് എത്താൻ. അവളുടെ ഇരുപ്പും ഭാവവും എല്ലാം കണ്ട് അച്ചുവും എന്തിനേറെ അത്രയും നേരം ബ്ലിംഗസ്യാ എന്ന കണക്ക് നിന്ന സാറാ വരെ പൊട്ടിചിരിച്ചു പോയി.

ആദ്യം ഒന്നു ചമ്മിയെങ്കിലും എമി രണ്ടുപേരെയും നോക്കി ഇളിച്ചു കാണിച്ചു. വൻ കോമഡി ആണല്ലോ കൊച്ചേ നിന്റെ കാര്യം????? ചിരി നിർത്തി മൂക്കത്ത് വിരൽ വെച്ച് അവർ പറഞ്ഞതും അതേ ഇളിയോടെ തന്നെ അവൾ ഇരുന്നു. ഇനി ഇരുന്നാൽ രണ്ടുപേരും കൂടി കളിയാക്കി കൊല്ലും എന്ന് മനസ്സിലായതും എമി ബെഡിൽ നിന്ന് എഴുന്നേറ്റ് വാഷ്റൂമിലേക്ക് ഓടിയിരുന്നു. അവളുടെ പരക്കം പാച്ചിൽ കണ്ട് സാറാ ചിരിയോടെ അച്ചുവിന് നേർക്ക് തിരിഞ്ഞു. ഞാൻ ചായ എടുത്തു വെക്കാം രണ്ടും വേഗം താഴേക്ക് പോര്. മറുപടിയായി അവനൊന്ന് തലയാട്ടിയതും സാറാ അച്ചുവിനെ ഒന്നുകൂടി നോക്കി മുറിവിട്ട് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റോണിക്ക് അരികിലേക്ക് പോവാൻ കുളിച്ച് ഉരുങ്ങി എമി വേഗത്തിൽ താഴേക്ക് ഇറങ്ങി. സ്റ്റെയർ ഇറങ്ങവെ സോഫയിൽ ഇരിക്കുന്ന ആൽവിച്ചനെ കണ്ട് അവൾ വേഗത്തിൽ അങ്ങോട്ട്‌ നടന്നു.

ആൽവിച്ചായാ ഞാൻ പറഞ്ഞ സാധനം കിട്ടിയില്ലേ?????? എമി വെപ്രാളത്തോടെ ചോദിച്ചു. ഞാനൊരു കാര്യം ഏറ്റാൽ അത് നടത്തിയിരിക്കും എന്ന് നിനക്ക് അറിഞ്ഞൂടെ മോളെ????? നീ ഇവിടെ നിൽക്ക് ഞാൻ എടുത്തിട്ട് വരാം. എമിയോടായി പറഞ്ഞവൻ സോഫയിൽ നിന്ന് എഴുന്നേറ്റു. എന്ത് സാധനാ മോളെ????? പോൾ സംശയത്തോടെ എമിയേയും ആൽവിച്ചനെയും മാറി മാറി നോക്കി ചോദിച്ചു. അത് വേറൊന്നുമല്ല ഡാഡി റോണിയുടെ ബർത്ത്ഡേയ്ക്ക് കൊടുക്കാൻ അവന്റെ ഒരു ഫോട്ടോ വരച്ച് ഫ്രെയിം ചെയ്യാൻ ആൽവിച്ചനോട്‌ പറഞ്ഞിരുന്നു. അങ്ങോട്ട് എത്തിയ അച്ചു ആയിരുന്നു ആ മറുപടി കൊടുത്തത്. ഏഹ്!!!!! അതിന് അവന് ഒരു വര പോലും നേരാവണ്ണം ഇടാൻ അറിഞ്ഞു കൂടല്ലോ?????? അതിന് ആൽവിച്ചായൻ അല്ല വരയ്ക്കുന്നത്. ആൽവിച്ചായന്റെ ഫ്രണ്ട് ഫോട്ടോസ് വരച്ച് കൊടുക്കും എന്നറിഞ്ഞു അതുകൊണ്ട് ആൽവിച്ചനെ അത് പറഞ്ഞ് ഏൽപ്പിച്ചതാ. എമി വ്യക്തമാക്കി. അങ്ങനെ പറ...

ഞാൻ വിചാരിച്ചു അവനെ വരയ്ക്കാൻ ഏൽപ്പിക്കാൻ മാത്രം ബുദ്ധി നിനക്ക് ഇല്ലാതെ പോയൊന്ന്. പോൾ അത് പറയുന്നത് കേട്ടാണ് ആൽവി അങ്ങോട്ട്‌ എത്തുന്നത്. ദേ ദേ... ഡാഡി കൂടുതൽ പുച്ഛിക്കുകയൊന്നും വേണ്ട... ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ ഡ്രോയിങ്‌ കോമ്പറ്റിഷന് ഫസ്റ്റ് മേടിച്ചവനാ ഈ ഞാൻ. ആൽവിച്ചൻ വലിയ ഭാവത്തിൽ പറഞ്ഞു. അതിന്റെ ഗുണം ഒന്നും നീ എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ... മോളെ ഇവൻ മുയലിനെ വരച്ചിട്ട് അത് കണ്ട് അവർ തവള ആണെന്ന് കരുതി പ്രൈസ് കൊടുത്തതാ. പോൾ പറഞ്ഞതും എമി വാ പൊത്തി ചിരിച്ചു. എന്തായാൽ എന്താ എനിക്ക് പ്രൈസ് കിട്ടിയില്ലേ????? ആൽവിച്ചൻ വിട്ടുകൊടുത്തില്ല. ഉവ്വാ.... ആടിനെ വരച്ചാൽ പട്ടി ആവും പൂച്ചയെ വരച്ചാൽ എലി ആവും എന്നിട്ട് രാജാരവി വർമ്മ ആണെന്നാ വിചാരം. പോൾ അവന്റെ നേർക്ക് ചുണ്ട് കോട്ടി. ഞാൻ അതെങ്കിലും വരച്ചില്ലേ ഡാഡിക്ക് എന്ത് തേങ്ങ അറിയാം?????? ആൽവിയും അയാളെ തിരികെ പുച്ഛിച്ചു. മതി...

രണ്ടും കൂടി തല്ല് കൂടിയത്. ആ ഫോട്ടോ ഇങ്ങോട്ട് തന്നേ ഞാനൊന്ന് നോക്കട്ടെ.... പറയുന്നതിനൊപ്പം എമി അവന്റെ നേർക്ക് കൈനീട്ടി. പോളിനെ ഒന്നു ഇരുത്തി നോക്കി ആൽവിച്ചൻ കയ്യിലിരുന്ന കവർ അവൻ എമിയുടെ കയ്യിലേക്ക് കൊടുത്തു. ആവേശത്തോടെ എമി അത് വാങ്ങി കവറിൽ ഇരുന്ന ഫോട്ടോ ഫ്രെയിം എടുത്തു നോക്കി. റോണിയുടെ മുഖം ഭംഗിയായി വരച്ചു ചേർത്ത സ്റ്റെൻസിൽ ആർട്ട്‌ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. യാതൊരു വ്യത്യാസവുമില്ലാതെ റോണിയുടെ അതേ രൂപം തന്നെ ആയിരുന്നു അതിൽ വരച്ചു ചേർത്തിരുന്നത്. ആൽവിച്ചായാ.... താങ്ക്യൂ താങ്ക്യൂ താങ്ക്യൂ സോ മച്ച്..... ആ ഫ്രണ്ടിന് എന്റെ വക ഒരു ഷേക്ക്‌ഹാൻഡ് കൊടുത്തേക്കണേ. സന്തോഷത്തോടെ ആ ഫ്രെയിമിൽ നോക്കി എമി പറഞ്ഞതും അവനൊന്ന് ചിരിച്ചു. അതൊക്കെ ഞാൻ കൊടുത്തോളാം, നീ ഇതിന്റെ കമ്മീഷൻ എപ്പൊ തരും????? ആൽവിച്ചന്റെ ചോദ്യം കേട്ടതും എമി അവനെ കണ്ണ് മിഴിച്ച് നോക്കി.

ഇന്നലെ അല്ലെ മനുഷ്യാ ഞാൻ നിങ്ങൾക്ക് എല്ലാത്തിനും ചേർത്ത് 2000 രൂപ തന്നത്????? ആ രണ്ടായിരത്തിന് ഉള്ളതാ ഈ കയ്യിൽ ഇരിക്കുന്നത്. അവനെക്കൊണ്ട് ഇത് വരപ്പിച്ച് അത് വാങ്ങി പോയി ഫ്രെയിം ചെയ്തോണ്ട് വന്ന എനിക്ക് പൈസയില്ലേ????? ആൽവി കൈമലർത്തി ചോദിച്ചു. കൊള്ളാടോ... ഒരു ഹെൽപ് ചോദിച്ച എന്നോട് തന്നെ താൻ കമ്മീഷൻ വാങ്ങണം. ബന്ധം വേറെ കമ്മീഷൻ വേറെ. എന്റെ തന്ത ഈ ഇരിക്കുന്ന ഡാഡിയോട് പോലും ഞാൻ കമ്മീഷൻ ചോദിക്കും. അതുകൊണ്ട് മോൾ ഒരു 500 rupees ഇങ്ങോട്ട് എടുക്ക്... കൈനീട്ടി ആൽവിച്ചൻ ചോദിച്ചതും എമി ചുണ്ട് കൂർപ്പിച്ചു. ഇപ്പൊ എന്റെ കയ്യിൽ പൈസയൊന്നുമില്ല. ഞാൻ പിന്നെ തരാം. ഒരു പോലീസുകാരന്റെ ഭാര്യ ആയിട്ടാണോ നീ ഈ ദാരിദ്ര്യം പറയുന്നത്????? കഷ്ടം തന്നെ!!!! എടാ അച്ചൂ ഭാര്യയെ കൊണ്ട് ഇരപ്പിക്കാതെ ഒരു അഞ്ഞൂറ് ഇങ്ങോട്ട് എടുത്തേ.

ആൽവി അച്ചുവിനെ നോക്കിയതും ആൽവിച്ചനെ ഒന്നു കലിപ്പിച്ച് നോക്കി പോക്കറ്റിൽ നിന്ന് വാലറ്റ് എടുത്ത് അതിൽ നിന്ന് പൈസ എടുത്ത് ആൽവിച്ചന്റെ കയ്യിൽ കൊടുത്തു. കൊണ്ടുപോയി പുഴുങ്ങി തിന്നെടോ തന്റെ കമ്മീഷൻ.... പല്ല് കടിച്ച് പറയുന്നതിനൊപ്പം ആൽവിച്ചനെ അടിമുടി ഒന്നു നോക്കി പുറത്തേക്ക് പോയി. പുറകെ എമിയും. ഡിക്കിയിൽ മുളച്ച ആലിന്റെ തടി കൊണ്ട് കട്ടിൽ പണിയുന്ന ഒരുത്തനെ ആദ്യായിട്ട് കാണുവാ.... പോൾ ആൽവിയെ അടിമുടി ഒന്നുനോക്കി. വിത്ത് ഗുണം പത്ത് ഗുണം..... എല്ലാം കണ്ടും കേട്ടും അങ്ങോട്ട്‌ എത്തിയ സാറാ അപ്പനെയും മകനെയും നോക്കി പരിഹാസത്തോടെ പറഞ്ഞതും ഇതിപ്പൊ എവിടുന്ന് പൊട്ടിവീണു എന്ന കണക്ക് പോൾ അവരെ നോക്കി. പൈസക്ക് ഒക്കെ ഇപ്പൊ ഭയങ്കര ടൈറ്റ് ആണെന്നേ..... വളിച്ച ഒരു ഇളിയോടെ ആൽവിച്ചൻ പറഞ്ഞുകൊണ്ട് അവിടുന്ന് വലിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എമിയും അച്ചുവും റോണിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും അപ്പുവും നിവിയും നേരത്തെ തന്നെ അവിടെ ഹാജർ വെച്ചിട്ടുണ്ട്. ഹണിമൂൺ ഒക്കെ കഴിഞ്ഞ് രണ്ടും ഇന്നലെയാണ് എത്തിയത്. അപ്പുവിനെ കണ്ടതും അച്ചു പിടിച്ചു നിർത്തി അംഗഭംഗം ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തി. പെണ്ണുങ്ങൾ എന്തൊക്കെയോ അപ്പുറത്ത് മാറി നിന്ന് കുശുകുശുക്കുന്നത് കണ്ടതും അപ്പു ഓടി ചെന്ന് നിവിയെ പിടിച്ചു മാറ്റി നിർത്തി. ഇനിയൊരു പണി താങ്ങാനുള്ള കരുത്ത് അവിടെ ഇല്ലേ... മറിയാമ്മയ്ക്ക് വീട്ടിൽ നിന്ന് ചാടാൻ പറ്റിയില്ല ഏതോ റിലേറ്റിവിന്റെ കല്യാണം ഉണ്ട് മുങ്ങാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടന്നില്ല അതുകൊണ്ട് ആളില്ല. എമി പിന്നെ പപ്പയും അമ്മയും ഉളളത് കൊണ്ട് അവരുടെ ഇടയിലാണ്. കുറച്ച് കഴിഞ്ഞതും ഒരിക്കൽ കൂടി കേക്ക് മുറിക്കൽ നടത്തി. എല്ലാവരും ഗിഫ്റ്റ് ഒക്കെ കൈമാറി. അച്ചു ഒരു വാച്ചും അപ്പുവിന്റെയും നിവിയുടെയും വക ഒരു ഹെഡ്ഫോണും ആയിരുന്നു ഗിഫ്റ്റ്. ഇനി നിന്റെ ഗിഫ്റ്റ് താ.....

എല്ലാവരിൽ നിന്നും ഗിഫ്റ്റ് വാങ്ങി കഴിഞ്ഞ് അവൻ എമിക്ക് നേരെ തിരിഞ്ഞു. മറുപടിയായി അവളൊന്ന് ചിരിച്ച് ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടി. അടുത്ത നിമിഷം റോണി അവളുടെ കയ്യിൽ ഇരുന്ന കവർ തട്ടി എടുത്തിരുന്നു. എമിയെ നോക്കി കൊഞ്ഞനം കുത്തി അവനത് തുറന്നു നോക്കി. ഫ്രെയിം ചെയ്ത ആ ചിത്രം കണ്ടതും അവന്റെ മുഖം തിളങ്ങി. അവിശ്വസനീയതയോടെ അവൻ എമിയെ നോക്കിയതും അവൾ ചിരിച്ചു. ഞാൻ വരച്ചതല്ല... എനിക്ക് പെൻസിൽ നേരാവണ്ണം പിടിക്കാൻ പോലും അറിയത്തില്ല എന്നറിയാല്ലോ. ഇത്‌ ആൽവിച്ചന്റെ ഫ്രണ്ടിനെ കൊണ്ട് വരപ്പിച്ചതാ. എമി അതേ ചിരിയോടെ പറഞ്ഞതും റോണി അവളെ കെട്ടിപ്പിടിച്ച് കവിളിൽ ഒന്നു മുത്തി. ഗിഫ്റ്റ് ഒക്കെ കൊടുത്ത് കഴിഞ്ഞതും അച്ചു മീറ്റിംഗ് എന്ന് പറഞ്ഞ് പോവാൻ ഇറങ്ങി. എമിയെ വൈകിട്ട് വന്നു കൂട്ടിക്കോളാം എന്ന് പറഞ്ഞതിനാൽ അവൾക്കും സന്തോഷമായി. ഒത്തിരി നാളുകൾക്ക് ശേഷം എല്ലാവർക്കും ഒപ്പം ചിലവഴിക്കാൻ കിട്ടുന്ന അവസരം ആണല്ലോ. അച്ചു ഇറങ്ങിയതും അവൾ പപ്പയുടെ ചെവി തിന്നും കുറുമ്പ് കാട്ടി സ്റ്റെല്ലയെ ദേഷ്യം പിടിപ്പിച്ചും അവരുടെ വയ്യാലെ നടന്നു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story