ഹൃദയതാളമായ്: ഭാഗം 17

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എന്താണ് മിസ്റ്റർ ഡ്രാക്കു അസമയത്ത് ഒരു ഫോൺ വിളി മ്മ്മ്?????? കുറുമ്പൊടെ അവൾ ചോദിച്ചു. നിന്നെ വിളിക്കാൻ ഞാൻ സമയവും കാലവും ഒക്കെ നോക്കണോ????? ഒരു പ്രത്യേക താളത്തിൽ അവൻ ചോദിച്ചു. ആഹാ ആശാൻ നല്ല റൊമാന്റിക് മൂഡിൽ ആണല്ലോ സത്യം പറ ഡ്രാക്കൂ ഏത് ബ്രാൻഡാ അടിച്ചത്?????? പ്രണയത്തേക്കാൾ കിക്ക് തരുന്ന ലഹരിയൊന്നും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല മോളെ........... അത് കേൾക്കവേ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അല്ല എന്റെ നമ്പർ എവിടുന്നാ കിട്ടിയത്????? സ്വന്തം മകളുടെ വെള്ളമടി കഥകൾ വരെ വിളമ്പി തരുന്ന ഒരു അമ്മായിയപ്പനുള്ളപ്പോൾ നിന്റെ നമ്പർ കിട്ടാനാണോ പാട്???? വെറുതെ ഒന്നെറിഞ്ഞ് നോക്കിയതാ നിന്റെ ആധാർ കാർഡ് നമ്പർ വരെ പപ്പ എനിക്ക് ചോർത്തി തന്നു. വന്നു വന്ന് ഈ പപ്പ റോണിയേക്കാൾ പാരയാണല്ലോ മാതാവേ....... അവൾ സ്വയം തലക്കടിച്ചു. എന്നാടി ഇരുന്നു പിറുപിറുക്കുന്നത്???? ഒന്നുല്ലേ......... അല്ല എന്തിനാ ഇപ്പൊ വിളിച്ചത്??????

ചുമ്മാ നിന്നോട് മിണ്ടാൻ. എന്നാലേ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് ഞാൻ പോയി ഉറങ്ങട്ടെ ഗുഡ് നൈറ്റ്. അതും പറഞ്ഞവൾ കട്ട്‌ ചെയ്ത് ചിരിയോടെ കിടന്നു. നക്ഷത്രങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന ഇരുണ്ട ആകാശത്തേക്ക് അവൾ കണ്ണുകൾ നട്ടു. പ്രണയം വല്ലാത്തൊരു അത്ഭുതമാണെന്ന് അവൾക്ക് തോന്നിപ്പോയി. ചിലപ്പോഴൊക്കെ അവന്റെ ആ നെഞ്ചോട് ചേർന്ന് നിൽക്കാൻ തോന്നും എന്നാൽ ചിലപ്പോൾ ഇതുപോലെ ഒഴിഞ്ഞു മാറി അവനെ വട്ടാക്കാൻ തോന്നും. എന്നാൽ മറ്റ് ചിലപ്പോൾ അവനെ ദേഷ്യം പിടിപ്പിച്ച് വഴക്ക് കൂടാൻ തോന്നും. ഓരോരോ വട്ടുകൾ..... അവൾ ഒരു ചിരിയോടെ തലയിൽ കൊട്ടി. ചിന്തകളിലും കാണുന്ന കനവുകളിലും പ്രണയം മാത്രം. എന്തൊക്കെയോ ആലോചനകളിൽ മുഴുകി അങ്ങനെ കിടന്നു. കണ്ണുകളിൽ മയക്കം വന്ന് മൂടുമ്പോഴാണ് കഴുത്തിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയത്. ഭയത്തോടെ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് ഒച്ചവെക്കാൻ പോവുന്നതിന് മുന്നേ ആരോ വാ പൊത്തിയിരുന്നു. ഒച്ച വെച്ച് ആളെ കൂട്ടാതെടി പിശാശ്ശെ ഇത് ഞാനാ..........

അച്ചുവിന്റെ സ്വരം കേട്ടതും അവളുടെ കിളി പോയി. ഇനി ഒച്ചയെടുക്കില്ല എന്നുറപ്പായതും അവൻ കയ്യെടുത്ത് മാറ്റി. അവൾ കണ്ണ് മിഴിച്ചു കൊണ്ട് അവനെ നോക്കി. സൺഷേഡിൽ കയറി രണ്ട് കയ്യും ജനാലയിലൂടെ അകത്തേക്കിട്ടാണ് നിൽപ്പ്. ഡീ...... കാറ്റുപോയോ?????? അവൻ കണ്ണും മിഴിച്ച് ശില പോലെ ഇരിക്കുന്ന അവളുടെ കവിളിൽ തട്ടി. അവൾ കണ്ണ് തിരുമി അവനെ ഒന്നുകൂടി നോക്കി. സ്വപ്നം അല്ലെടി പൊട്ടിക്കാളി...... അവൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു. അയ്യോ ഇപ്പൊ എന്നാത്തിനാ ഇങ്ങോട്ട് വന്നത്????? ആരെങ്കിലും കണ്ടാലോ???? ആരും കാണില്ല നീ ടെറസിലേക്ക് വാ എനിക്ക് സംസാരിക്കണം. ഞാനെങ്ങും വരില്ല ആരേലും കാണുന്നതിന് മുന്നേ പോയേ.... മര്യാദക്ക് വന്നോ അല്ലെങ്കിൽ കാളിങ് ബെല്ലടിച്ച് ഞാനെല്ലാവരെയും ഉണർത്തും അത് വേണോ?????? വേണ്ട വേണ്ട ഞാൻ.... ഞാൻ വരാം. ആഹ് ഗുഡ് ഗേൾ വേഗം വാ ഇച്ചായൻ അവിടെ വെയിറ്റ് ചെയ്യാം. അത്രയും പറഞ്ഞവളുടെ കവിളിലൊന്ന് തട്ടി അവൻ പോയി. അച്ചു പോയതും അവൾ പതിയെ എഴുന്നേറ്റ് ഡോർ തുറന്ന് ആമ തോടിൽ നിന്ന് പുറത്തേക്ക് തലയിടുന്നത് പോലെ വെളിയിലേക്ക് തലയിട്ട് നോക്കി. ആരുമില്ല എന്ന് കണ്ടതും മെല്ലെ പുറത്തേക്കിറങ്ങി ഒച്ച കേൾപ്പിക്കാതെ സാവധാനം വാതിൽ പൂട്ടി.

തൊട്ടടുത്ത മുറിയിലായി കിടക്കുന്ന ജോണും സ്റ്റെല്ലയും ഉറക്കമാണെന്ന് ഉറപ്പിച്ച് പൂച്ചയെ പോലെ പതുങ്ങി പതുങ്ങി ടെറസ്സിലേക്കുള്ള വാതിലിനരികിൽ എത്തി. ശബ്ദമുണ്ടാക്കാതെ പതിയെ വാതിൽ തുറന്ന് ടെറസിലേക്കിറങ്ങി വാതിൽ അടച്ചു. വാതിൽ അടച്ചു കഴിഞ്ഞവൾ തിരിഞ്ഞു നോക്കി. ടെറസിന്റെ അരമതിലിൽ ചാരി മാറിന് കുറുകെ കൈകൾ പിണച്ചു നിൽക്കുന്ന അവനെ കണ്ടതും അവൾ കൂർപ്പിച്ചു. എന്താടി നോക്കി പേടിപ്പിക്കുന്നത്????? പിന്നെ പാതിരാത്രി ഇവിടെ വന്ന നിങ്ങളെ ഞാൻ കെട്ടിപ്പിടിച്ചുമ്മ വെക്കണോ?????? നീ വേണേൽ തന്നോടി ഇച്ചായൻ സ്വീകരിച്ചോളാം. അവൻ കണ്ണിറുക്കി കുസൃതിയോടെ അവളെ നോക്കി. അയ്യടാ തെക്കോട്ടു നൊക്കിയിരുന്നോ ഇപ്പൊ കിട്ടും. പോലീസേമാന്റെ പൂതി നോക്കണേ?????? അത് കേട്ടതും അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു. എന്റെ പൂതിയൊക്കെ അവിടെ നിക്കട്ടെ പൊന്നുമോൾ എന്തുദ്ദേശത്തിലാ ഈ ജനലും മലക്കെ തുറന്നിട്ടിട്ട് പോത്ത് പോലെ കിടന്നുറങ്ങുന്നത്????? ഈൗ...........

വെളുക്കെ ഇളിച്ചോണ്ട് മുന്നിൽ നിൽക്കുന്ന അവളെ കണ്ടതും അവന് ചിരി വന്നു എങ്കിലും അത് പുറമെ കാണിക്കാതെ അവനവളുടെ ചെവിയിൽ പിടുത്തമിട്ടു. ഇളിക്കുന്നോ????? വല്ല ഇഴജന്തുവും കയറിയാൽ എന്ത് ചെയ്യും ഹേ??????? ഇനി ഇതാവർത്തിക്കോ???? പറ???? ആഹ്...... ഇല്ല... ഇല്ല ഇനി ആവർത്തിക്കില്ല..... പിടി വിട് പിടി വിട്.... എനിക്ക് വേദനിക്കുന്നു. അവൾ നിന്നിടത്ത് നിന്ന് തുള്ളാൻ തുടങ്ങി. അവനൊന്ന് ഇരുത്തി നോക്കിയിട്ട് പിടി വിട്ടു. ഔ എന്റമ്മേ.... ഇയാൾടെ കയ്യെന്താ ഉരുക്കാണോ എന്റെ ചെവി പറിഞ്ഞു പോന്നില്ല എന്നേ ഉള്ളൂ...... അവൾ ചെവിയിൽ കൈവെച്ച് നിന്ന് പിറുപിറുത്തു. അത് കേട്ട് ഒരു ചിരിയോടെ അവൻ വീണ്ടും അവളെ തന്നിലേക്കടുപ്പിച്ചു. വേദനിച്ചോ????? ഇല്ല ചെവിയിൽ പിടിച്ചു തിരിച്ചാൽ പിന്നെ നല്ല സുഖല്ലേ???? ആണോ????? അവൻ കുറുമ്പൊടെ അവളിലേക്ക് മുഖം അടുപ്പിച്ചു. മാറങ്ങോട്ട്..... ചെവിയിൽ പിടിച്ച് പറിച്ചിട്ട് ഇപ്പൊ വന്ന് കിന്നരിക്കുന്നോ?????? അവളവനെ തള്ളി മാറ്റാൻ നോക്കി. എവിടെ പാറക്കല്ല് പോലെ ഉറച്ചു നിൽക്കുന്നതല്ലാതെ ഒരടി പോലും അനങ്ങുന്നില്ല. എത്ര ഉന്തിയിട്ടും അവന്റെ നിന്നിടത്ത് നിന്ന് അനങ്ങുന്നില്ല എന്ന് കണ്ടതും അവൾ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി. അവന്റെ മുഖത്തെ കളിയാക്കി ചിരി കണ്ടതും അവൾ മുഖം വെട്ടിച്ചു നിന്നു.

അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് അവന് ഒരേസമയം ചിരിയും അവളോട് വാത്സല്യവും തോന്നി. അവനൊന്ന് അവളിലേക്ക് ചേർന്ന് നിന്നു. എനിക്ക് നിന്നിൽ ഏറ്റവും ഇഷ്ടം എന്താണെന്നറിയോ?????? അവൻ പതിഞ്ഞ ശബ്ദത്തിൽ അവളോടായി ചോദിച്ചു. അത് കേട്ടവൾ മുഖം തിരിച്ച് അവനെയൊന്ന് നോക്കി. ദേ ഈ കുറുമ്പ് നിറഞ്ഞ ഈ കുഞ്ഞു മുഖവും....... അവൻ തന്റെ വിരലുകളാൽ അവളുടെ മുഖത്ത് തഴുകി. പിന്നെ കുസൃതി ഒളിപ്പിച്ച ഈ ഉണ്ട കണ്ണുകളും........ അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. എനിക്കായ് മാത്രം ഒളിപ്പിച്ചു വെച്ച മേൽചുണ്ടിലെ ഈ മറുകും...... അവൻ പെരുവിരലിനാൽ ആ മറുകിലൊന്ന് തഴുകി. അവന്റെ വിരലിലെ ചൂടിൽ ഒന്ന് പൊള്ളിപ്പിടഞ്ഞു കൊണ്ടവൾ അവനെയൊന്ന് നോക്കി. പിടയ്ക്കുന്ന അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടവൻ വിരലുകൾ അവളുടെ മുഖത്ത് നിന്ന് താഴേക്ക് ചലിപ്പിച്ചു. ഞാൻ അരികിൽ വരുമ്പോൾ മാത്രം പിടയ്ക്കുന്ന കഴുത്തിലെ നീല ഞരമ്പും... പറയുന്നതിനൊപ്പം അവന്റെ വിരലുകൾ കഴുത്തിലെ ഞരമ്പിൽ അനുസരണയില്ലാതെ അലഞ്ഞു കൊണ്ടിരുന്നു. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ നോട്ടം താങ്ങാനാവാതെ അവൾ കണ്ണുകൾ അടച്ചു.

അറ്റ്ലാസ്റ്റ് എനിക്കായ് മാത്രം ഈണത്തിൽ തുടിക്കുന്ന ഈ ഹൃദയവും. ചൂണ്ട് വിരലിനാൽ അവളുടെ ഇടനെഞ്ചിൽ കുത്തി നിർത്തി അവൻ പറഞ്ഞു നിർത്തിയതും അവൾ ഉയർന്ന നിശ്വാസത്തോടെ അവനിൽ നിന്ന് തിരിഞ്ഞു നിന്നു. അവനൊരു ചിരിയോടെ അവളെ പുറകിൽ നിന്ന് ചുറ്റിപ്പിടിച്ചു. ഒരുപാട് ഇഷ്ടാടി എനിക്ക് നിന്നെ. ഓരോ നിമിഷവും എന്നിൽ ആളിപ്പടരുന്ന ഒരുതരം ഭ്രാന്താണ് നീയെനിക്ക്. അതെങ്ങനെ പറയണം പ്രകടിപ്പിക്കണം എന്നൊന്നും എനിക്കറിയില്ല. എന്റെ ഉള്ളിലെ അടങ്ങാത്ത പ്രണയമാണ് ഇടയ്ക്കിടെ ചുംബനങ്ങളായും പല്ലുകൾ കൊണ്ടുള്ള ചെറു നോവായും നിന്നിലേക്ക് ഞാൻ പകർന്നു നൽകുന്നത്. ഇതൊക്കെയാണ് എന്റെ പ്രണയം. അതിങ്ങനെ ഒക്കെ പ്രകടിപ്പിക്കാനാണ് എനിക്കിഷ്ടം. ഒന്നും മിണ്ടാതെ അവളവന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ട് നിന്നു. എന്നോടെന്തെങ്കിലും പറയെടി നിന്റെ കുറുമ്പൊടെയുള്ള ചിലക്കല് കേൾക്കാനാ ഞാൻ വന്നത്. അവളുടെ കവിളിലേക്ക് മുഖം ചേർത്തു കൊണ്ടവൻ പറഞ്ഞു. ഇങ്ങനെ വേണ്ട..... എനിക്ക്.... എനിക്കെന്തോ പോലെയൊക്കെ തോന്നുവാ......

നമുക്കാ പഴയ പൊടിക്കുപ്പിയും ഡ്രാക്കുളയും ആയാ മതി. അവൾ പറയുന്നത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. കണ്ണുകളിൽ കുസൃതി നിറച്ചവൻ അവളെ നോക്കി ചിരിയോടെ അവളുടെ കഴുത്തിൽ പതിയെ കടിച്ചു. സ്സ്........... അവൾ നിന്നിടത്ത് നിന്ന് ഉയർന്നു പൊങ്ങി. ഇങ്ങനെ മതിയോ?????? കുറുമ്പൊടെ അവൻ അവളുടെ ചെവിയിൽ ചുണ്ട് ചേർത്തു. മ്മ്ഹ്ഹ്....... അവൾ അല്ലായെന്ന അർത്ഥത്തിൽ ഇരുവശത്തേക്കും തല ചലിപ്പിച്ച് അവന് നേരെ തിരിഞ്ഞു. ദേ ഇങ്ങനെ മതി........ അതും പറഞ്ഞവൾ പെരുവിരലിൽ ഉയർന്നു അവന്റെ കവിളിൽ കടിച്ചു. ഡീ ഡീ നിന്റെ ഈ കടി ഇന്നത്തോടെ നിർത്തിക്കോണം ഇതിപ്പൊ താടിയുള്ളത് കൊണ്ടാ കവിളിലെ പാടാരും അറിയാത്തത് നാളെ ജോയിൻ ചെയ്യാൻ നേരം എനിക്കീ താടി വടിക്കേണ്ടതാ. അവന്റെ പറച്ചിൽ കേട്ടവൾ കുസൃതി ചിരി ചിരിച്ചു. അവളെയൊന്ന് നോക്കി കവിളിൽ തടവിക്കൊണ്ടവൻ അരമതിലിൽ ചാരി നിലത്തേക്കിരുന്നു. അല്ല ഇതെന്താ ഇവിടെ ഇരിക്കണത്???? വീട്ടിൽ പോവാൻ നോക്ക് ആരെങ്കിലും അറിയുന്നതിന് മുന്നേ പോവാൻ നോക്ക്.

പപ്പയും അമ്മയും കണ്ടാൽ നാണക്കേടാ. അവൾ ഇടുപ്പിൽ കൈകുത്തി അവനെ നോക്കി. എന്ത് നാണക്കേട് അവരും ഈ പ്രായം കഴിഞ്ഞു വന്നതല്ലേ അതുകൊണ്ട്.... അതുകൊണ്ട്?????? അതുകൊണ്ട് കുന്തം.......... നോക്കിനിക്കാതെ ഇങ്ങോട്ട് വാടി കുട്ടി പിശാശ്ശെ......... അവനവളുടെ കയ്യിൽ പിടിച്ചു വലിച്ചു. കറക്റ്റായി അവൾ ചെന്നവന്റെ മടിയിലേക്ക് വീണു. തന്റെ മടിയിൽ ഇരിക്കുന്ന അവളെ അവൻ കഴുത്തിലൂടെ ചുറ്റി തന്നിലേക്ക് ചേർത്തു. ഇച്ചായാ........ എന്നാടി?????? പ്ലീസ് പോവാൻ നോക്ക് എനിക്ക് പേടിയാ........ മിണ്ടാതെ ഇരിയെടി ആരും ഒന്നും അറിയില്ല. അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ടവൻ പറഞ്ഞു. അയ്യടാ അങ്ങോട്ട് മാറ്. ഇതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി. അവൾ ചുമൽ വെട്ടിച്ച് അവനെ കൂർപ്പിച്ചു നോക്കി. ഏതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതിയെന്ന്?????? അവൻ കുറുമ്പോടെ അവളുടെ കാതിലേക്ക് ഊതി. ഇച്ചായാ........ അവളൊന്ന് ചിണുങ്ങി. അത് കണ്ട് അവന് ചിരി വന്നു. എന്ത് ക്യൂട്ടാടീ നീ???? ചില സമയം ഇങ്ങനെ പിടിച്ച് ഉമ്മ വെക്കാൻ തോന്നും. പറയുന്നതിനൊപ്പം അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു. പക്ഷെ ചില സമയത്തുണ്ടല്ലോ നിന്റെ കയ്യിലിരിപ്പ് കാണുമ്പൊ എടുത്തോണ്ട് പോയി കിണറ്റിലിടാൻ തോന്നും.

അത് കേട്ടവൾ അവനെ നോക്കി ചുണ്ട് കോട്ടി. അല്ല ഇതെങ്ങനാ ഇവിടെ എത്തിയത്??? അവളുടെ ചോദ്യം കേട്ടതും അവനൊന്ന് പുഞ്ചിരിച്ചു. നിന്റപ്പനെ നേരത്തെ പരിചയപ്പെട്ടത് കൊണ്ട് വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ലായിരുന്നു. പിന്നെ നിന്റെ മുറി എവിടെയാണെന്ന് നിന്റെ പപ്പ എനിക്ക് നേരത്തെ പറഞ്ഞു തന്നിരുന്നു. ആ ഒരൂഹം വെച്ചാ നിന്റെ റൂമിന്റെ അടുത്തുള്ള മതിലിൽ ബുള്ളറ്റ് ചാരിവെച്ച് മതിലിൽ കയറി. മതിലിൽ നിന്ന് നേരെ സൺഷേടിന്റെ കൈവരിയിൽ തൂങ്ങി മുകളിൽ കയറി. വന്ന് നിന്നത് നേരെ നിന്റെ ജനലിന്റെ മുന്നിലും. അവിടുന്ന് കുറച്ചു മുന്നോട്ട് പോയി നോക്കിയപ്പോൾ ടെറസിൽ കയറാൻ പറ്റുമെന്ന് മനസ്സിലായി അതാ ജനലിലൂടെ കയ്യിട്ട് നിന്നെ ഉണർത്തിയത്. അവൻ പറഞ്ഞു നിർത്തിയതും അവളവനെ ഒന്ന് സൂക്ഷിച്ചു നോക്കി. മ്മ്മ്മ്........ അവൻ പിരികം വളച്ച് അവളെ നോക്കി. അല്ല നിങ്ങൾ പൊലീസാവാനാണോ കള്ളനാവനാണോ ട്രെയിനിങ്ങിന് പോയത്?????? അല്ല ഈ മതിൽ ചാട്ടം കണ്ട് ചോദിച്ചു പോയതാണേ....... അവളൊരു ആക്കിചിരിയോടെ പറഞ്ഞു. പണ്ട് കക്കാൻ പോവലായിരുന്നോ പണി എന്നല്ലേ നീ ഈ വളഞ്ഞ വഴിയിൽ ചോദിച്ചതിന്റെ അർത്ഥം?????? എക്സാക്റ്റ്ലി...... അപ്പൊ ഞാൻ വിചാരിച്ചത് പോലെയല്ല ഡ്രാക്കുളക്ക് ബുദ്ധിയൊക്കെയുണ്ട്.

അവൾ കളിയാക്കി ചിരിയോടെ അവനെ നോക്കി വാ പൊത്തി. ഏതായാലും നീയെന്നെ കള്ളനാക്കി സ്ഥിതിക്ക് ഇവിടെ നിന്ന് എന്തെങ്കിലും അടിച്ചോണ്ട് പോയില്ലെങ്കിൽ എനിക്ക് നാണക്കേടല്ലേ????? അവൻ പറയുന്നത് കേട്ടതും അവൾ ചിരി നിർത്തി അവനെ നോക്കി. അവന്റെ മുഖത്ത് വല്ലാത്തൊരു ചിരി വിടർന്നു. മാതാവേ എന്തോ പണി മണക്കുന്നുണ്ടല്ലോ???????? അവൾ ആലോചിച്ച് തീരും മുന്നേ അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കഴുത്തിൽ കിടന്നിരുന്ന ബട്ടർഫ്‌ളൈ ഡയമണ്ട് പെൻഡന്റ് അവൾക്ക് വേദനിക്കാത്ത തരത്തിൽ കടിച്ചു പൊട്ടിച്ചെടുത്തു. അവളൊരു പിടച്ചിലോടെ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു. പൊട്ടിയ അവളുടെ മാലയും കടിച്ചു പിടിച്ചവൻ അവളുടെ കഴുത്തിൽ നിന്ന് മുഖമുയർത്തി അവളെ നോക്കി വിജയ ചിരി ചിരിച്ചു. നാളെ ആരെങ്കിലും മാല എവിടെ പോയി എന്ന് ചോദിച്ചാൽ കള്ളൻ അടിച്ചോണ്ട് പോയതാണെന്ന് പറഞ്ഞാൽ മതി. അവളുടെ കാതിലായ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞതും അവളവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവന്റെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു. അവളെ നോക്കി ഒരു കള്ള ചിരിയോടെ അവനെഴുന്നേറ്റ് മാല കയ്യിലിട്ട് കറക്കി. അവളുടെ മുഖം ഇപ്പൊ പൊട്ടും എന്ന രീതിയിൽ ആയിട്ടുണ്ട്. അരഞ്ഞാണം ആയിരുന്നു വേണ്ടത് ഏതായാലും അതില്ലാത്ത സ്ഥിതിക്ക് ഈ മാലകൊണ്ട് നമുക്ക് അഡ്ജസ്റ്റ് ചെയ്യാല്ലേ????? അവനതും പറഞ്ഞ് അവളെ ഇടംകണ്ണിട്ട് നോക്കി.

അവൾ മുഖം ചുവപ്പിച്ച് അവനെ നോക്കി കലിപ്പ് ലുക്ക്‌ വിടുവാണ്. അധികം മഞ്ഞ് കൊള്ളാതെ എന്റെ കൊച്ച് പോയി കിടക്കാൻ നോക്ക്. ഞാൻ ഇനീം വരാം........ കള്ള ചിരിയോടെ ഒറ്റ കണ്ണിറുക്കി വീർപ്പിച്ചു വെച്ചിരിക്കുന്ന അവളുടെ കവിളിൽ ഒന്നമർത്തി ചുംബിച്ചു കൊണ്ടവൻ അരമതിലിൽ കയറിയിരുന്ന് സൺഷേഡിലേക്ക് ചാടി വന്ന വഴിയേ തന്നെ മതിൽ ചാടി പോയി. അവൻ പോയതും ചവിട്ടി തുള്ളി അവളും അകത്തേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കോളേജിൽ പോവാനായി കണ്ണാടിക്ക് മുന്നിൽ നിന്നൊരുങ്ങുമ്പോഴാണ് ഒഴിഞ്ഞ കഴുത്ത് അവൾ ശ്രദ്ധിക്കുന്നത്. അത് കാൺകെ തലേന്നത്തെ സംഭവങ്ങൾ മനസ്സിൽ തെളിഞ്ഞു. കള്ള ഡ്രാക്കുള എന്റെ മാലയും അടിച്ചോണ്ടാ പോയത്. കായങ്കുളം കൊച്ചുണ്ണി ആണെന്നാ വിചാരം. ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ ഇന്ന് തന്നെ അങ്ങേരുടെ മതിൽ ചാട്ടത്തിന് ഒരു പരിഹാരം ഉണ്ടാക്കണം അല്ലെങ്കിൽ എന്റെ പലതും അയാൾ അടിച്ചോണ്ട് പോവും. നോ എമി നോ അങ്ങനെ വിട്ടുകൊടുക്കരുത്...... അവൾ മനസ്സിൽ കണക്ക് കൂട്ടിക്കൊണ്ടിരുന്നു. പക്ഷെ ഇപ്പൊ ആരേലും കഴുത്ത് ശ്രദ്ധിച്ചാൽ പണിപാളും. ഞാനിപ്പൊ എന്തോ ചെയ്യും എന്റെ പുണ്യാളാ????? അവൾ നഖം കടിച്ചു കൊണ്ട് ആലോചിക്കാൻ തുടങ്ങി.

അപ്പോഴാണ് ബീച്ചിൽ വെച്ച് കഴുത്തിലെ പാട് ആരും കാണാതിരിക്കാൻ അച്ചു കഴുത്തിനെ മറച്ചു കൊണ്ട് സ്കാർഫ് ഇട്ടു കൊടുത്തത് അവൾ ഓർക്കുന്നത്. അവൾ വേഗം തന്നെ അതേ പോലെ സ്കാർഫ് എടുത്തിട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നോക്കി. പെർഫെക്ട്.... ഇനി ആരും കഴുത്തിൽ മാലയില്ലാത്തത് അറിയില്ല. സ്വയം പറഞ്ഞു കൊണ്ടവൾ നെടുവീർപ്പിട്ടു. എടി എമിയേ...... കൂയ്.......... താഴെ നിന്ന് റോണിയുടെ വിളി വന്നതും അവൾ ബാഗും എടുത്ത് താഴേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അമ്മച്ചീ പൂമുഖത്തേക്ക് ഒരു മിൽക്ക് ടീയേ....... വരാന്തയിൽ വന്നിരുന്ന് പത്രം തുറന്ന് പിടിച്ചുകൊണ്ട് ആൽവി വിളിച്ചു കൂവി. വേണേൽ വന്ന് എടുത്തു കുടിക്കെടാ.... അടുക്കളയിൽ നിന്ന് തന്നെ മറുപടി എത്തി. മിനിറ്റുകൾക്ക് കോടികൾ വില വരുന്ന ഒരു ബിസ്സിനെസ്സ് മാനാണ് ഞാനെന്ന കാര്യം അമ്മച്ചി മറക്കുന്നു. പ്ഫാ....... അടുക്കളയിൽ നിന്ന് നീണ്ട ഒരാട്ട് കേട്ടതും ആൽവിയുടെ കയ്യിലുരുന്ന പത്രം മുകളിലേക്ക് പറന്നു. ഒരു ബിസ്സിനെസ്സ് മാൻ വന്നിരിക്കുന്നു.....9 മണിക്ക് കിടക്കപ്പായേന്ന് എഴുന്നേറ്റു വന്ന നിനക്ക് ഞാനിനി ചായ എടുത്തു അണ്ണാക്കിൽ ഒഴിച്ച് തരാം. നേരാവണ്ണം ഓഫീസിലും പോവില്ല എന്നാ മേലനങ്ങി വല്ല പണിയും ചെയ്യുവോ അതുമില്ല. 24 മണിക്കൂറും കാള കളിച്ചു നടക്കുവാ.

കുട്ടിക്കളി മാറട്ടെ എന്നു കരുതിയാ നേരത്തെ പിടിച്ചു കെട്ടിച്ചത്. ഇതിപ്പൊ അവൾ രണ്ടാമത് പെറാൻ പോവുന്നതല്ലാതെ വേറെ പ്രയോജനം ഒന്നും ഉണ്ടായിട്ടില്ല. മണ്ട പോയ തെങ്ങ് പോലെ ഇതൊരെണ്ണം എന്റെ വയറ്റിൽ തന്നെ വന്ന് കുരുത്തല്ലോ എന്റെ കർത്താവേ..... സാറാ പറയുന്നത് കേട്ടതും പോൾ അവനെ നോക്കി കളിയാക്കി ചിരിച്ചു. അതെങ്ങനാ അപ്പന്റെ ഗുണമല്ലേ മക്കളും കാണിക്കൂ. വിത്ത് നന്നായാലേ വിളവ് നന്നാവൂ എന്ന കാർന്നോമ്മാർ പറയുന്നത് വെറുതെയാണോ?????? അത് കേട്ട് ആൽവി ഇപ്പൊ എങ്ങനുണ്ട് എന്നർത്ഥത്തിൽ അയാളെ നോക്കി പുച്ഛം വാരി വിതറി. ദേ രണ്ടെണ്ണത്തിനോടും കൂടി ഞാനൊരു കാര്യം പറയാം ഇന്നെങ്കിലും അപ്പനും മോനും കമ്പനിയിലേക്ക് പോയില്ലെങ്കിൽ ചൂലെടുത്ത് തല്ലും ഞാൻ പറഞ്ഞേക്കാം......... സാറാ വരാന്തയിൽ എത്തി അലറിയതും രണ്ടുപേരും മുണ്ടും പൊക്കി അകത്തേക്ക് ഓടി.

ഇങ്ങനെ കുഴി മടിയന്മാരായ ഒരപ്പനും മകനും......... തലയിൽ കൈകൊടുത്ത് അവർ പറയുന്നത് കേട്ട് റിയ അറിയാതെ ചിരിച്ചു പോയി. സാറായുടെ ഭീഷണിയിൽ ഭയന്ന് അപ്പനും മകനും 10 മിനിറ്റിനുള്ളിൽ ഓഫീസിൽ പോവാൻ റെഡിയായി താഴെ ഡൈനിങ്ങ് ടേബിളിൽ സ്ഥാനമുറപ്പിച്ചു. സാറാമ്മോ.... വേഗം കഴിക്കാൻ കൊണ്ടുവാടി ഞങ്ങൾക്ക് ഓഫീസിൽ പോവാനുള്ളതാ....... അയ്യോ എന്താ ആക്ടിങ്???? പോൾ വിളിച്ചു പറയുന്നത് കേട്ടവൻ ചോദിച്ചു. എന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാതെ പോടാ പോടാ...... ആത്മാർത്ഥതയുടെ നിറകുടമേ നമിച്ചു. അവൻ കയ്യടിച്ചു തൊഴുന്നത് പോലെ കാണിച്ചു. പോളിൽ നിന്ന് നോട്ടം പിൻവലിക്കുമ്പോഴാണ് പോലീസ് യൂണിഫോമിൽ സ്റ്റെയർ ഇറങ്ങി വരുന്ന അച്ചുവിനെ അവൻ കാണുന്നത്. അത് കണ്ടതും അവൻ അറിയാതെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു നിന്നുപോയി....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story