ഹൃദയതാളമായ്: ഭാഗം 171

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

തന്നിലേക്ക് പറ്റിച്ചേർന്ന് കിടന്ന് കഴുത്തിലെ സ്വർണ്ണചെയിനിൽ വിരൽ ചുറ്റി കളിക്കുന്ന എമിയെ നോക്കി അച്ചു തലയ്ക്ക് കൈ താങ്ങി കിടന്നു. ഡീ......... മ്മ്മ്......... ചെയിനിൽ നിന്ന് പിടി വിടാതെ നോട്ടം മാറ്റാതെ തന്നെ അവളൊന്ന് മൂളി. എഴുന്നേൽക്കാൻ ഉദ്ദേശം ഒന്നുമില്ലേ????? അവളുടെ നെറ്റിയിൽ വീണു കിടന്നിരുന്ന മുടിയൊന്ന് ഒതുക്കി വെച്ചവൻ ചോദിച്ചു. മ്മ്ച്ചും....... ഇല്ലെന്നർത്ഥത്തിൽ ചുമൽ കൂച്ചി അവൾ അവനെ ചുറ്റിപ്പിടിച്ച് കണ്ണുകൾ അടച്ചു. അവളുടെ ആ പ്രവർത്തിയിൽ ഒരു ചിരിയോടെ അവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു. പിണക്കം മാറിയോ?????? അവളെ ഒന്നു ചേർത്ത് കിടത്തി അവൻ ചോദിച്ചു. മ്മ്ഹ്ഹ്....... നിഷേധാർത്ഥത്തിൽ മൂളി അവൾ അവന്റെ നെഞ്ചിൽ മുഖം ഉരസി.

അവളുടെ പ്രവർത്തിയിൽ അവനൊരു കള്ളചിരിയോടെ തല കുടഞ്ഞു. എന്നിട്ടാണോടീ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്നത്????? ചിരിയോടെ അവനൊന്ന് ചോദിച്ചതും മറുപടി പറയാനായി എമി അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവനെ കൂർപ്പിച്ചു നോക്കി. അതിൽ പ്രത്യേകിച്ച് ഏമാന് നഷ്ടം ഒന്നും ഇല്ലല്ലോ????? അവളൊന്ന് ചുണ്ട് കോട്ടി. നഷ്ടം ഇല്ലെന്ന് ആര് പറഞ്ഞു???? ദേ ഈ ഇട്ടിരിക്കുന്ന ബനിയനേ എന്റെയാ... അവളുടെ ദേഹത്ത് കിടന്ന ബനിയനിൽ പിടിച്ച് അവനൊരു കള്ളചിരി ചിരിച്ചു. കണ്ണുകൾ ഉയർത്തി അവനെയൊന്ന് നോക്കി അവന്റെ നെഞ്ചിൽ ഒന്നു കുത്തി അവൾ തിരിഞ്ഞു കിടന്നു. അവളുടെ പ്രവർത്തിയിൽ നെഞ്ച് ഒന്നു തടവി അവൻ ചിരിയോടെ അവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു. പൊടിക്കുപ്പീ...........

അവളുടെ മുഖത്തേക്ക് മുഖം ചേർത്ത് വെച്ചവൻ വിളിച്ചു. മ്മ്മ്.......... നിർബന്ധിച്ച് പഠിക്കാൻ ചേർത്തതിനാണോ നീ ഇങ്ങനെ പിണങ്ങി നടക്കുന്നത്?????? അവന്റെ ചോദ്യത്തിന് അവളുടെ ഭാഗത്ത്‌ നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല. അത് കണ്ടവൻ അവളെ തനിക്ക് നേരെ തിരിച്ച് കിടത്തി. നീ എന്തിനാ ഇപ്പൊ പഠിക്കാൻ മടി കാണിക്കുന്നത്?????? ഭയങ്കര പാടാ ഇച്ചായാ ഈ കെമിസ്ട്രി പഠിക്കാൻ. ഞാൻ ഒത്തിരി തവണ അമ്മയോട് പറഞ്ഞതാ എനിക്ക് താത്പര്യമില്ലെന്ന് എന്നിട്ടും നിർബന്ധിച്ച് എന്നെ ചേർത്തതാ..... ചുണ്ട് പിളർത്തി സങ്കടത്തോടെ പറഞ്ഞവൾ അവനെ നോക്കി. ഒരു നിമിഷം അവന് അവളുടെ മുഖ ഭാവങ്ങൾ കണ്ട് വല്ലാത്തൊരു വാത്സല്യം തോന്നിപ്പോയി. എമീ........ പതിഞ്ഞ സ്വരത്തിൽ അവനൊന്ന് വിളിച്ചു.

കണ്ണുകൾ ഉയർത്തി അവൾ അവന്റെ മുഖത്തേക്ക് ഒന്നു നോക്കി. നീ ഈ പുറം കാല് കൊണ്ട് തട്ടിത്തെറിപ്പിക്കാൻ പോവുന്ന ഭാഗ്യം കിട്ടാതെ പോവുന്ന എത്രപേര് ഉണ്ടെന്ന് നിനക്കറിയോ?????? പഠിക്കാൻ ആഗ്രഹിച്ച് മോഹിച്ച് അവസാനം അതിന് കഴിയാതെ അടുക്കളയിലും കിടപ്പറയിലും മാത്രം ഒതുങ്ങി കഴിയേണ്ടി വരുന്ന എത്രയെത്ര പെൺകുട്ടികളുണ്ടെന്ന് നിനക്കറിയോ???? ഭർത്താവിന്റെയും അവരുടെ വീട്ടുകാരുടെയും നിരന്തര പീഡനം സഹിക്കാൻ കഴിയാതെ പരാതിയുമായി മുന്നിലെത്തിയ എത്രയോ പെൺകുട്ടികളുടെ കണ്ണുനീർ ഞാൻ കണ്ടിരിക്കുന്നു. അതിൽ പലർക്കും നിന്റെ പ്രായം കൂടിയില്ല. വീട്ടുകാർ ഒരു കടമ തീർക്കുന്നത് പോലെ, ഭാരം ഇറക്കി വെക്കുന്നത് പോലെ ഒരു വിലയിട്ട് നാലാൾ കാൺകെ അവർ തന്നെ കണ്ടുപിടിച്ച ഒരുത്തന്റെ കൂടെ കെട്ടിച്ചു വിടും. പിന്നെ തിരക്കില്ല അന്വേഷിക്കില്ല.

അവൾക്ക് അവളുടെ ജീവിതം. അവൾ എല്ലാം സഹിച്ചും പൊറുതും വേദനകൾ കടിച്ചമർത്തിയും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം. പലപ്പോഴും ഒന്നു പ്രതികരിക്കാനോ കരയാനോ പോലും അവരെക്കൊണ്ട് കഴിയാറില്ല. പ്രിയപ്പെട്ടവരുടെ കൂടെ അടിച്ചു പൊളിച്ച് നടക്കേണ്ട പ്രായത്തിൽ ഒരു കുഞ്ഞിനേയും പ്രസവിച്ച് ഭർത്താവിന്റെയും അവന്റെ വീട്ടുകാരുടെയും ആട്ടും തുപ്പും സഹിച്ച് കൂട്ടിൽ അടയ്ക്കപ്പെട്ട കിളിയെ പോലെ നാല് ചുവരുകൾക്കുള്ളിൽ നരകിച്ച് ജീവിച്ചു തീരും. അച്ചു ഒന്നു നിർത്തി എമിയെ നോക്കി. അവൻ പറയുന്ന ഓരോ വാക്കുകളും വളരെ ശ്രദ്ധാപൂർവ്വം കേൾക്കുകയാണവൾ. എല്ലാവരും അങ്ങനെ ആണെന്നല്ല ഞാൻ പറഞ്ഞത്... പക്ഷെ ഇതുപോലെ ഉള്ളവരും നമ്മുടെ സമൂഹത്തിലുണ്ട്. അവരൊക്കെ എന്റെ മുന്നിൽ വന്നു നിന്ന് പറഞ്ഞത് എന്താന്നറിയോ????

സ്വന്തമായി ഒരു ജോലി കൈവശം ഉണ്ടായിരുന്നെങ്കിൽ ഇത്രയും ക്രൂരതകൾ സഹിച്ച് അവരൊന്നും കടിച്ചു തൂങ്ങി കിടക്കില്ലായിരുന്നെന്ന്. തന്റെ ആവശ്യങ്ങൾക്കായ് മറ്റൊരാളുടെ മുന്നിൽ, അത് നമ്മുടെ അപ്പനായാലും അമ്മയായാലും സഹോദരനാണെങ്കിലും ഭർത്താവ് ആണെങ്കിൽ പോലും കൈനീട്ടേണ്ടി വരുന്നത് ഒരുതരം അടിമത്തം തന്നെയാണ്. നീ എന്റെ മുന്നിൽ ഒരു ആവശ്യത്തിന് കൈനീട്ടുന്നത് എനിക്കിഷ്ടമല്ലെടീ... അതുകൊണ്ടാണ് നീ ആവശ്യപ്പെടാതെ തന്നെ ഇവിടെ പൈസ വെച്ചിട്ട് പോവുന്നത്. നിന്റെ കുഞ്ഞു കുഞ്ഞ് ആവശ്യങ്ങൾക്ക് പോലും ആരെങ്കിലും ആശ്രയിക്കേണ്ട ഒരു സ്ഥിതിയാണ് ഇപ്പൊ. നിനക്ക് വേണ്ടി പൈസ ചിലവാക്കുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല,

പക്ഷെ നീ എന്നോട് പൈസ ചോദിക്കാനും എന്റെ പൈസ എടുക്കാനും മടിച്ചു നിന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലേ????? എനിക്ക് ആദ്യമായി ഒരു ഷർട്ട് വാങ്ങിയപ്പോഴും റോണിക്ക് ബർത്ത്ഡേ ഗിഫ്റ്റ് വാങ്ങിയപ്പോഴും അത് എന്റെ കയ്യിലെ കാശ് കൊണ്ടാവരുത് എന്ന് നിനക്ക് വാശി ഉണ്ടായിരുന്നു ശരിയല്ലേ?????? അവന്റെ ചോദ്യത്തിന് അവൾ അതേയെന്നർത്തത്തിൽ തലയാട്ടി. അതുപോലെയുള്ള അവസ്ഥകൾ ഇനിയും ജീവിതത്തിൽ ഉണ്ടാവും. അന്ന് സ്വന്തമായി ഒരു വരുമാനം ഇല്ലാത്തതിൽ നിനക്ക് സ്വയം ദേഷ്യവും നിരാശയും എല്ലാം തോന്നും. ഭാവിയിൽ അങ്ങനെ ഒരു സ്ഥിതി ഉണ്ടാവാതിരിക്കാനാണ് ഞാൻ നിർബന്ധപൂർവ്വം നിന്നെ കൊണ്ടുപോയി അടുത്ത കോഴ്സിന് ചേർത്തത്.

വലിയ റാങ്കോ സ്കോറോ ഒന്നും വാങ്ങണം എന്ന് പറയുന്നില്ല പക്ഷെ ഒരു ജോലി അത് സമ്പാദിക്കേണ്ട ആവശ്യമുണ്ട്. നിനക്ക് സ്വന്തമായി ഒരു ജോലി വേണം എമീ... നിനക്ക് മാത്രമല്ല എല്ലാ പെൺകുട്ടികൾക്കും പറയാൻ ചെറുതെങ്കിൽ ചെറുത് ഒരു ജോലി അനിവാര്യമാണ്. അവളുടെ കവിളിൽ ഒന്നു തലോടി അച്ചു പറഞ്ഞു നിർത്തവെ എമി അൽപ്പനേരം ആലോചനകളിൽ മുഴുകി. അച്ചു പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയായാണ് എന്നവൾക്ക് തോന്നി. പല പെൺകുട്ടികൾക്കും കിട്ടാതെ പോവുന്ന ഒരു മഹാഭാഗ്യമാണ് കൈവെള്ളയിൽ ഇരിക്കുന്നത്. കല്യാണം കഴിഞ്ഞിട്ടും പഠിക്കാൻ വിടുന്ന, തന്നെ മറ്റാരേക്കാൾ... ഒരുപക്ഷെ ജന്മം നൽകിയ അമ്മയേക്കാൾ ഉപരി മനസ്സിലാക്കുന്ന ഒരു പാർട്ണർ. എന്തിനും കൂടെ നിൽക്കുന്ന മനസ്സറിഞ്ഞ് സ്നേഹിക്കുന്ന തെറ്റ്‌ കണ്ടാൽ ശാസിച്ച് നേർവഴിക്ക് നയിക്കുന്ന ഒരു ഫാമിലി.

എത്രയോ വാർത്തകളിൽ ഭർത്താവിന്റെയും ഫാമിലിയുടെയും ക്രൂരതകൾക്ക് ബലിയാടാകേണ്ടി വന്ന സ്ത്രീകളുടെ കഥകൾ കണ്ടിരിക്കുന്നു. അതൊക്കെ വെച്ച് നോക്കുമ്പോൾ തനിക്ക് കിട്ടിയതെല്ലാം തന്നെ തന്റെ പുണ്യമാണ്. ഭാഗ്യവതിയാണ് താൻ... മറ്റാരേക്കാൾ ഭാഗ്യവതി. അവൾക്ക് ഒരേ സമയം സന്തോഷവും പഠിക്കാൻ പോവില്ല എന്ന് വാശിപിടിച്ച സ്വന്തം തീരുമാനത്തെ ഓർത്ത് കുറ്റബോധവും തോന്നി. അവൾ സങ്കടത്തോടെ അച്ചുവിന്റെ മുഖത്തേക്ക് നോക്കി. ഇനിയും പഠിക്കാൻ നിനക്ക് താത്പര്യമില്ലെങ്കിൽ ഞാൻ നിന്നെ നിർബന്ധിക്കില്ല. അച്ചു അവളുടെ മുഖഭാവം കണ്ട് അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു. എനിക്ക് പഠിക്കണം..... അവന്റെ കണ്ണുകളിലേക്ക് നോക്കി ഉറപ്പോടെ എമി പറഞ്ഞു. അവളുടെ മറുപടി അവനിൽ ഒരു പുഞ്ചിരി തെളിയിച്ചു. ചുണ്ടിലെ ചിരിയോടെ തന്നെ അവൻ അവളുടെ കവിളിൽ ചുണ്ട് അമർത്തി.

ഇനിയും പിണക്കമാണോ???? അവളുടെ കവിളിൽ മെല്ലെ ഒന്നു കടിച്ച് അവൻ ചോദിച്ചു. മറുപടി പറയാതെ അവനെ ഒരു ചിരിയോടെ അവൾ നോക്കി കിടന്നതേ ഉള്ളൂ. പറയെടീ പൊടിക്കുപ്പീ ഇനിയും പിണക്കമാണോ????? അവളുടെ മറുകവിളിൽ കൂടി ചുണ്ട് ചേർത്തവൻ വീണ്ടും ചോദിച്ചു. ആണെങ്കിൽ?????? കുറുമ്പോടെ അവൾ അവന് നേരെ പിരികം ഉയർത്തി. ആണെങ്കിൽ അത് മാറ്റാനും എനിക്കറിയാം... കള്ളചിരിയോടെ പറയുന്നതിനൊപ്പം അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തവൻ ചുണ്ടുകളാൽ ഉരസി. ഇക്കിളിയാൽ മുഖം വെട്ടിച്ചവൾ ചിരിച്ചു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കല്യാണചർച്ചക്കായ് ഹാളിലെ സോഫയിൽ ഒത്തുകൂടിയതാണ് എല്ലാവരും. വിളിക്കേണ്ടവരുടെ ലിസ്റ്റും കണക്കും എല്ലാം എടുക്കുന്നുണ്ട്. പ്രത്യേകം ക്ഷണിക്കേണ്ടവരുടെ പേരുകൾ വെഡിങ് കാർഡിൽ എഴുതുന്ന തിരക്കിലാണ് എമി. നിലത്ത് ഇരുന്ന് ടീപ്പോയിൽ വെച്ചാണ് എഴുത്ത്. പോൾ ഓരോരുത്തരുടേതായി പേര് പറയും അവൾ എഴുതും. ഇനി ആരാ ഡാഡീ?????? അവസാനമായി എഴുതിയ വെഡിങ് കാർഡ് മാറ്റി വെച്ച് അവൾ പോളിനെ നോക്കി. ഞാനൊന്ന് ആലോചിക്കട്ടെ മോളെ... മറുപടിയായി അവളൊന്ന് തലയാട്ടി. നിന്റെ മുണ്ടുനീര് മാറിയോടീ?????? ആൽവിച്ചന്റെ ചോദ്യം കേട്ടതും എമി മുഖം ചുളിച്ച് അവനെ നോക്കി. മുണ്ടുനീരോ???? അതിന് ഇവൾക്ക് എപ്പോഴാ മുണ്ടുനീര് വന്നത്????? സാറാ സംശയത്തോടെ ചോദിക്കവെ അതേ സംശയമായിരുന്നു എമിയുടെ മുഖത്തും.

അല്ല രണ്ട് ദിവസമായിട്ട് വീർപ്പിച്ചു കെട്ടിയ ബലൂൺ പോലെ ആയിരുന്നല്ലോ ഈ തിരുമോന്ത അതുകൊണ്ട് ചോദിച്ചു പോയതാ... ആൽവിച്ചൻ പറഞ്ഞതും എമി അവനെ ഒന്നു കൂർപ്പിച്ചു നോക്കി. അല്ലെങ്കിലും ഗോളി ഇല്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ ആൽവിച്ചായന് പണ്ടേ നല്ല മിടുക്കാ. അനു കിട്ടിയ അവസരം പാഴാക്കിയില്ല. ഓഹ്!!!! സ്വപ്നജീവി ഇവിടെ ഉണ്ടായിരുന്നോ ഞാൻ കരുതി ഇപ്പോഴും സ്വപ്നത്തിൽ നിന്ന് പോന്നിട്ടില്ലെന്ന്. ആൽവിച്ചൻ തിരികെ അവളെ പരിഹസിച്ചു. വല്ല ആവശ്യോം ഉണ്ടായിരുന്നോ????? റിയ പതിഞ്ഞ ശബ്ദത്തിൽ കൈ മലർത്തി ചോദിച്ചതും അവൾ ഒന്നു ഇളിച്ചു കാണിച്ചു. അയ്യേ... അനു ചമ്മിപോയേ..... ജോക്കുട്ടൻ വാ പൊത്തി കളിയാക്കി പറഞ്ഞതും എല്ലാവരും അവളെ നോക്കി ചിരിച്ചു. ഇങ്ങനെ കളിയാക്കാൻ മാത്രം ഒന്നുമില്ല. ഹും...... ചമ്മൽ മറക്കാനായി പരിഭവത്തോടെ ചുണ്ട് കോട്ടി അവൾ എഴുന്നേറ്റു പോയി.

അവളെ കളിയാക്കി എഴുന്നേൽപ്പിച്ച് വിട്ടപ്പോൾ നിനക്ക് സമാധാനമായല്ലോ???? സാറാ ആൽവിച്ചനെ ഒന്നു ദ്വേഷിച്ചു നോക്കി. അതിന് അവൾ പിണങ്ങി പോയെന്ന് കരുതി ഇരിക്കുവാണോ???? അവൾ ഒരു തക്കം നോക്കി ആ പാവം ചെക്കന്റെ ചെവി തിന്നാൻ പോയതല്ലേ???? ഇപ്പൊ മുറിയിൽ ചെന്നാൽ കാണാം ആ എഡ്ഢിയെ വിളിച്ചു സൊള്ളുന്ന അമ്മച്ചീടെ പുന്നാര മോളെ... കല്യാണം കഴിയുന്നത് വരെ അവന്റെ ചെവിക്ക് ഒന്നും പറ്റല്ലേ എന്നാണ് എന്റെ ഇപ്പോഴത്തെ പ്രാർത്ഥന. ആൽവിച്ചൻ പറഞ്ഞതും അവർക്കെല്ലാം ചിരി വന്നുപോയി. എല്ലാവരും തമ്മിൽ തമ്മിൽ നോക്കി ഒന്നു ചിരിച്ചു. ആഹ്... പിന്നേ ഡാഡി നമ്മൾ ആ വർഗീസ് അങ്കിളിന്റെ പേരെഴുതാൻ വിട്ടുപോയി. ആൽവിച്ചൻ പെട്ടെന്ന് എന്തോ ഓർത്തത് പോലെ പറഞ്ഞു. അത് നേരാണല്ലോ ഞാനത് അങ്ങ് മറന്നേ പോയി. പോൾ നെറ്റിയിൽ കൈവെച്ചു. മോളെ...

അടുത്തത് വർഗീസ് കളത്തിങ്കൽ എന്നെഴുതിക്കോ... പോൾ എമിയെ നോക്കി പറഞ്ഞു. എഴുതാൻ വരട്ടെടീ കൊച്ചേ... ഇവരെ കല്യാണത്തിന് ക്ഷണിക്കാൻ ഇച്ചായനോട് ആരാ പറഞ്ഞത്????? സാറാ എമിയെ തടഞ്ഞുകൊണ്ട് പോളിനെ ഗൗരവപൂർവ്വം നോക്കി. ഇതിലിപ്പൊ എന്താ ഇത്ര പറയാനിരിക്കുന്നത്???? നമ്മളൊക്കെ ക്ലോസ് റിലേറ്റീവ്സ് അല്ലെ?????? അച്ചു അവരെയൊന്നു നോക്കി. ആണല്ലോ???? എന്നിട്ട് അവരെന്താ കാണിച്ചേ???? അവരുടെ ഇളയ മകളുടെ കല്യാണത്തിന് നമ്മളെ വിളിച്ചില്ല. അത് ചിലപ്പൊ വിട്ടുപോയത് ആയിരിക്കും അമ്മച്ചീ. അല്ലാതെ മനഃപൂർവം ആയിരിക്കില്ല. അച്ചു അവരെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു. അങ്ങ് തിരുവനന്തപുരത്ത് കിടക്കുന്നവരെ വരെ വിളിച്ചിട്ട് നമ്മളെ വിളിക്കാൻ വിട്ടുപോയി അല്ലെ????

അങ്ങനെ നമ്മളെ വിളിക്കാത്തവർ അനുവിന്റെ കല്യാണം കൂടണ്ട. ഇവിടുന്ന് ആരും അങ്ങോട്ട്‌ വിളിക്കാനോ സംസാരിക്കാനോ പോവണ്ട. സാറാ തീർപ്പ് കല്പ്പിച്ച് അവിടെ നിന്ന് എഴുന്നേറ്റു പോയി. ഇതെല്ലാം ഒരു റീസണാ?????? ആൽവിച്ചൻ സാറാ പോയ വഴിയേ നോക്കി കൈമലർത്തി. അതാടാ പെണ്ണ്... നമ്മൾ ആരും ചിന്തിക്കാത്ത രീതിയിൽ അവർ ചിന്തിക്കും. നമ്മൾ പോലും മറക്കുന്ന കാര്യങ്ങൾ അവർ ഓർത്ത് വെക്കും. പോൾ ഒന്നു നെടുവീർപ്പിട്ടു. ഈ കാര്യത്തിൽ ഞങ്ങളും അമ്മച്ചിയുടെ കൂടെയാ... നമ്മളെ കല്യാണത്തിന് ക്ഷണിക്കാത്തവരെ നമ്മളും ക്ഷണിക്കേണ്ട കാര്യമില്ല അല്ലെ ഏട്ടത്തീ????? മുഖം വീർപ്പിച്ച് പറഞ്ഞ് എമി റിയയെ നോക്കി. പിന്നല്ലാതെ ഇങ്ങനെ ഒക്കെ കാണിച്ചാൽ ആർക്കായാലും ദേഷ്യം വരില്ലേ????? റിയയും അവളോട് യോജിച്ചു. ഇതെല്ലാം കണ്ടും കേട്ടും ആൽവിച്ചൻ വായും തുറന്ന് ഇരുന്നുപോയി.

അവന്റെ ഇരുപ്പ് കണ്ട് ഇപ്പൊ എങ്ങനുണ്ട് എന്ന ഭാവത്തിൽ പോൾ അവനെ നോക്കി. അവനാണെങ്കിൽ ഇതുങ്ങൾ ഇത്ര ഓർമ്മ ശക്തി കിട്ടാൻ എന്താണ് കഴിക്കുന്നത് എന്ന ചിന്തയിലാണ്. അല്ലെങ്കിലും ഈ വക കാര്യങ്ങൾക്ക് പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഓർമ്മയും ഒത്തൊരുമയും ഒക്കെ ആണല്ലോ????? ആ ചിന്തയിൽ അവനൊന്ന് നിശ്വസിച്ചു. പിന്നെ പതിയെ അവരെല്ലാം കല്യാണത്തിന്റെ മുന്നൊരുക്കങ്ങളിലേക്കുള്ള തിരക്കുകളിലേക്ക് മുഴുകി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story