ഹൃദയതാളമായ്: ഭാഗം 172

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കിട്ടിയോ??????? സ്കൂട്ടിയിൽ ഇരുന്ന് റിയയുടെ ചോദ്യത്തിന് കയ്യിലിരുന്ന കവർ എമി പൊക്കി കാണിച്ചു. കിട്ടി ഏട്ടത്തീ... അമ്മച്ചീടെ ബ്ലൗസ് ഒന്നുകൂടി alter ചെയ്യാനുണ്ടായിരുന്നു അതാ ലേറ്റ് ആയത്. എങ്കിൽ വേഗം കയറ് കൊച്ചേ... അമ്മച്ചിയും അനുവും കൂടി ഇപ്പൊ രണ്ടെണ്ണത്തിനെയും മേയ്ക്കാൻ കിടന്ന് പെടാപ്പാട് പെടുവായിരിക്കും. റിയ ധൃതി കൂട്ടിയതും എമി വേഗം തന്നെ അവൾക്ക് പിന്നിൽ കയറി ഇരുന്നു. എമി ഇരുന്നെന്ന് ഉറപ്പായതും റിയ വണ്ടി മുന്നോട്ട് എടുത്തു. കല്യാണത്തിന്റെ ഡ്രസ്സുകളും മറ്റും സ്റ്റിച്ച് ചെയ്യാൻ കൊടുത്തത് ഷോപ്പിൽ നിന്ന് വാങ്ങാൻ ഇടങ്ങിയതാണ് രണ്ടുപേരും കൂടി. കല്യാണം അടുത്തത് കൊണ്ട് ആൽവിച്ചനും അച്ചുവിനും പോളിനും എല്ലാം നിന്നു തിരിയാനുള്ള സമയമില്ല ഓടെടാ ഓട്ടമാണ്.

അതുകൊണ്ടാണ് അവരെ ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ പോളിന്റെ സ്കൂട്ടിയും എടുത്ത് രണ്ടുപേരും കൂടി പോന്നത്. നിനക്ക് സ്കൂട്ടി പഠിച്ചൂടെ കൊച്ചേ അതാവുമ്പൊ നിന്റെ ചെറിയ ചെറിയ ആവശ്യങ്ങൾക്കൊക്കെ ആരെയും കാത്ത് നിൽക്കാതെ പോവാല്ലോ????? റിയ സ്കൂട്ടി ഓടിക്കുന്നതിനിടയിൽ തന്നെ അവളോടായ് ചോദിച്ചു. വീഴുമെന്ന് പേടിച്ച് സൈക്കിൾ പോലും ചവിട്ടാൻ പഠിക്കാത്ത എന്നോടോ ഏട്ടത്തീ?????? എമിയുടെ മറുപടിയിൽ റിയക്ക് ചിരി വന്നു പോയി. നീ ഇങ്ങനെ ഒരു പേടിതോണ്ടി ആയിപ്പോയല്ലോടീ?????? ചിരി അടക്കാനാവാതെ റിയ പറഞ്ഞു. ഏട്ടത്തീ....... ചിണുങ്ങി കൊണ്ടവൾ മുഖം വീർപ്പിച്ചു. അയ്യോ ഞാനൊന്നും പറഞ്ഞിട്ടില്ലേ.... ഒരു പിണക്കത്തിനുള്ള തയ്യാറെടുപ്പിലാണ് എമി എന്ന് കണ്ടതും റിയ അടിയറവ് വെച്ചു.

ഏട്ടത്തീ... നിർത്തിയെ നിർത്തിയേ...... എമി റിയയുടെ ചുമലിൽ കുലുക്കി പറഞ്ഞു. റിയ വേഗം റോഡിന് ഓരം ചേർത്ത് ബ്രേക്ക്‌ ചെയ്ത് നിർത്തി. ഇങ്ങനെ ആണോടീ നിർത്താൻ പറയുന്നത്????? ഞാൻ വേഗം ബ്രേക്ക്‌ ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പൊ റോഡീന്ന് നമ്മളെ പെറുക്കി എടുക്കേണ്ടി വന്നേനെ. റിയ അവൾക്ക് നേരെ മുഖം ചരിച്ച് കണ്ണുരുട്ടി. ചോറി ഏട്ടത്തീ..... അവളൊന്ന് ഇളിച്ചു. മ്മ്മ്... പോട്ടെ, ഇപ്പൊ എന്തിനാ ഇവിടെ നിർത്താൻ പറഞ്ഞേ????? ചോക്ലേറ്റ് വാങ്ങാൻ. ജോക്കുട്ടന് വാങ്ങി കൊടുക്കാന്ന് വാക്ക് പറഞ്ഞിട്ടാ ഇറങ്ങിയത് തിരിച്ചു ചെല്ലുമ്പൊ കൊണ്ടു ചെന്നില്ലെങ്കിൽ ചെക്കൻ ബഹളം വെക്കും. പറയുന്നതിനൊപ്പം എമി ഇറങ്ങി അവർക്ക് എതിർ വശത്തുള്ള ബേക്കറിയിലേക്ക് ചൂണ്ടി കാണിച്ചു. നീയും അച്ചുവും കൂടിയാ കൊച്ചിനെ ചീത്തയാക്കുന്നത്. റിയ പറഞ്ഞതും എമി കണ്ണിറുക്കി ചിരിച്ചു.

കൂടുതൽ നിഷ്കു ചമയണ്ട സൂക്ഷിച്ചു പോയി വാങ്ങിയിട്ട് വാ..... റിയ ഗൗരവത്തോടെ പറഞ്ഞതും അവളുടെ കവിളിൽ ഒന്നു നുള്ളി വലിച്ച് എമി അധികം തിരക്കില്ലാത്ത റോഡ് മുറിച്ചു കടന്ന് മറുവശത്ത് എത്തി. വേഗത്തിൽ ബേക്കറിയിലേക്ക് കയറി ജോക്കുട്ടൻ പറഞ്ഞു വിട്ട ചോക്ലേറ്റും മറ്റും വാങ്ങി ക്യാഷ് പേ ചെയ്ത് അവൾ പുറത്തേക്കിറങ്ങി. ബാലൻസ് പൈസ ബാഗിലേക്ക് ഭദ്രമായി വെച്ചവൾ മുന്നോട്ട് നോക്കിയതും റിയ വാച്ചിൽ കൈവെച്ച് വേഗം വരാൻ കാണിച്ചു. മറുപടി പോൽ തലയാട്ടി അവൾ വളരെ ശ്രദ്ധയോടെ റോഡിലേക്ക് ഇറങ്ങിയതും ചീറി പാഞ്ഞൊരു ബ്ലാക്ക് പജേറോ അവൾക്ക് നേരെ പാഞ്ഞു വന്നതും ഒരുമിച്ചായിരുന്നു. ഒരുനിമിഷം അവൾ എന്തു ചെയ്യണം എന്നറിയാതെ പകച്ച് തറഞ്ഞ് നിന്നുപോയി. എമീ................ ഭയത്തോടെ...ആധിയോടെ... വേദനയോടെ റിയ അലറി. കാതിൽ വന്നു പതിച്ച അലർച്ചയിൽ ശ്വാസം വിലങ്ങിയത് പോലെ തോന്നി അവൾക്ക്.

മരണം തൊട്ടു മുന്നിൽ... ഭയത്താൽ നെഞ്ചിടിപ്പ് നിലച്ചു പോയി. കണ്മുന്നിൽ പ്രിയപ്പെട്ടവരുടെ രൂപങ്ങൾ ഒന്നൊന്നായി തെളിഞ്ഞതും അവൾ കണ്ണുകൾ മുറുകെ അടച്ചു. തൊട്ടടുത്ത നിമിഷം ആരുടെയോ കരങ്ങൾ അവളെ ഇരമ്പി വന്ന വാഹനത്തിന് മുന്നിൽ നിന്ന് വലിച്ചു മാറ്റി. ശക്തമായി അവൾ ഒരു വശത്തേക്ക് ചരിഞ്ഞു പോയി. ബാലൻസ് കിട്ടാതെ അവളും വലിച്ചു മാറ്റിയ ആ വ്യക്തിയും റോഡിന് സൈഡിലേക്ക് വീണുപോയി. റിയ വണ്ടിയിൽ നിന്നിറങ്ങി എമിക്ക് അരികിലേക്ക് ഓടി അടുത്തു. റോഡിലും കടകളിലുമായി നിന്നവർ എല്ലാം ഓടി കൂടി. റിയ ഓടി എമിക്ക് അരികിലേക്ക് ഇരുന്നു. മോളേ എമീ..... വിളിക്കുന്നതിനൊപ്പം റിയ അവളെ എഴുന്നേൽപ്പിച്ച് ഇരുത്തി. ഭയവും ആധിയും ഇരുവരെയും വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നു. ഞെട്ടി പിടഞ്ഞുകൊണ്ട് എമി റിയയെ മുറുകെ കെട്ടിപ്പിടിച്ചു.

അവളുടെ അനിയന്ത്രിതമായ ഹൃദയമിടിപ്പിൽ നിന്ന് തന്നെ അവൾ എത്രമാത്രം ഭയന്നുപോയിരുന്നു എന്ന് റിയക്ക് മനസ്സിലായിരുന്നു. എമിയിൽ നിന്ന് ഒരു ഏങ്ങൽ ഉയർന്നു. അവളെ മാറിലേക്ക് പൊതിഞ്ഞു പിടിച്ച് റിയ അവളുടെ മുടിയിൽ തഴുകി. എമിക്കൊപ്പം അവളുടെ കണ്ണുകളും നിറഞ്ഞ് ഒഴുകിയിരുന്നു. ഏയ്‌.... തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ???? ആരുടെയോ ശബ്ദം കേട്ടതും എമി കരച്ചിലിനെ നിയന്ത്രിച്ചു കൊണ്ട് റിയയുടെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി നോക്കി. ആകുലതയോടെ തന്നെ നോക്കി നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടതും അവൾ ഏങ്ങലടി നിർത്തി. അയാളുടെ ഷർട്ടിൽ പറ്റിപിടിച്ച പൊടിയും കറയുമെല്ലാം കണ്ടതും അയാളാണ് തന്നെ രക്ഷിച്ചത് എന്നവൾക്ക് ബോധ്യമായി. പേടിക്കാതെടോ... തനിക്ക് ഒന്നും പറ്റിയിട്ടില്ല... അയാൾ കൈനീട്ടി അവളുടെ കവിളിൽ ഒന്നു തട്ടി പുഞ്ചിരിച്ചു.

അവൾ വിതുമ്പുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ച് നന്ദിയോടെ അയാളെ നോക്കി. ഒത്തിരി നന്ദിയുണ്ട്... നിങ്ങളില്ലായിരുന്നെങ്കിൽ ഇന്ന് ഇവൾ.... ബാക്കി പറയാനാവാതെ റിയ അവളെ കൂടുതൽ അടക്കിപ്പിടിച്ചു. നന്ദിയൊന്നും വേണ്ടടോ ഇതൊക്കെ ആരായാലും ചെയ്യുന്ന കാര്യങ്ങളല്ലേ???? അയാൾ റിയയെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഇങ്ങനെ ഇരിക്കാതെ നിങ്ങൾ എഴുന്നേൽക്ക്.... കൂട്ടം കൂടി നിന്നവരിൽ ആരോ പറഞ്ഞതും റിയ എമിയെ ഒന്നു നോക്കി പതിയെ എഴുന്നേറ്റു നിന്നു. എന്നാൽ എമി അപ്പോഴും അനക്കമില്ലാതെ ഇരിക്കുകയാണ്. അത്രത്തോളം അവൾ ഭയന്ന് പോയിരുന്നു. അവളുടെ ഇരുപ്പ് കണ്ട് റിയ അവളെ എഴുന്നേൽപ്പിക്കാൻ തുനിഞ്ഞതും എമിക്ക് നേരെ ഒരു കൈ നീണ്ടിരുന്നു. ഒന്നു ഞെട്ടികൊണ്ട് എമി തലയുയർത്തി നോക്കിയതും ഒരു നേർത്ത പുഞ്ചിരിയോടെ കൈനീട്ടി നിൽക്കുകയാണ് തന്നെ രക്ഷിച്ച വ്യക്തി.

അവൾ എന്തുചെയ്യണം എന്നുപോലും വ്യക്തതയില്ലാതെ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി. ഇങ്ങനെ ഇരിക്കാതെ എഴുന്നേൽക്കെടോ..... ശാന്തമായി അവൻ പറഞ്ഞതും എമി യന്ത്രികമായി വിറയ്ക്കുന്ന കൈകൾ അവൻ നീട്ടിയ കയ്യിലേക്ക് ചേർത്ത് വെച്ചു. അവൻ പതിയെ അവളെ എഴുന്നേൽപ്പിച്ചു നിർത്തി. റിയ അവൾക്ക് അരികിലേക്ക് ചേർന്നു നിന്ന് അവളെ ചേർത്ത് പിടിച്ചതും എമി വിറച്ചുകൊണ്ട് അവളുടെ തോളിലേക്ക് തല ചായ്ച്ചു നിന്നു. ചുറ്റിനും കൂടി നിന്നവർ എല്ലാം വണ്ടിക്കാരനെ കുറ്റപ്പെടുത്തുന്ന തിരക്കിലായിരുന്നു. റിയ എന്തൊക്കെയോ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ നോക്കി. പക്ഷെ എമി അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അൽപ്പനേരം മുന്നേ നടന്ന സംഭവങ്ങളുടെ ഞെട്ടലിൽ നിന്നവൾ മുക്തയായിരുന്നില്ല.

അവളുടെ നിൽപ്പും ഭീതി നിറഞ്ഞ മുഖവും എല്ലാം ഒന്നു നോക്കി അയാൾ തിരിഞ്ഞ് വീഴ്ചയിൽ അവളുടെ കയ്യിൽ നിന്ന് വീണുപോയ കവർ പൊടിതട്ടി എടുത്തവൻ റിയയെ ഏൽപ്പിച്ചു. അപ്പോഴും അവന്റെ കണ്ണുകൾ റിയയുടെ തോളിൽ മുഖം അമർത്തി നിൽക്കുന്ന എമിയിൽ തന്നെ ആയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റോഡ് സൈഡിൽ കൂട്ടം കൂടി നിൽക്കുന്ന ആളുകളെ കണ്ട് ഒരു സംശയത്തോടെ അച്ചു ബുള്ളറ്റ് സ്ലോ ചെയ്തു നിർത്തി. ആളുകൾ കൂട്ടം ചേർന്ന് നിൽക്കാൻ മാത്രം എന്താണ് കാര്യം എന്നറിയാൻ അവൻ ബുള്ളറ്റ് സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി. എന്താ ഇവിടെ????? ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിയവൻ ഒന്നു ചോദിച്ചു. അവനെ കണ്ടതും അവിടെ നിന്നിരുന്ന പലരുടെയും മുഖത്ത് ബഹുമാനം നിറഞ്ഞു.

അച്ചുവിന്റെ ശബ്ദം കേട്ടതും റിയയും അവളുടെ തോളിൽ തല ചേർത്ത് നിന്നിരുന്ന എമിയും ഒരേപോലെ തലയുയർത്തി നോക്കി. അച്ചുവിന്റെ നോട്ടം അപ്പോഴേക്കും ആളുകൾക്ക് ഒത്ത നടുവിൽ നിന്ന റിയയിലും എമിയിലും എത്തി. ചുവന്നു കലങ്ങിയ കണ്ണുകളോടെ റിയയെ ചുറ്റിപ്പിടിച്ച് നിൽക്കുന്ന എമിയെ കണ്ടതും അവന്റെ മുഖത്ത് ഞെട്ടലും അവിശ്വസനീയതയും നിറഞ്ഞു. എമീ....... ആധിയോടെ വിളിച്ചവൻ അവർക്ക് അരികിൽ എത്തിയതും എമി ഒരു തേങ്ങലോടെ അവനെ മുറുകെ പുണർന്ന് നെഞ്ചിലേക്ക് ചേർന്നിരുന്നു. അതുവരെ അടക്കി വെച്ച കണ്ണുനീർ അണപ്പൊട്ടി പുറത്തേക്ക് ഒഴുകി അവന്റെ നെഞ്ചിനെ നനച്ചിറങ്ങി. എന്താടീ????? എന്തുപറ്റി?????? വ്യസനത്തോടെ അച്ചു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് ചോദിച്ചെങ്കിലും അവളിൽ നിന്ന് കരച്ചിൽ അല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ഏട്ടത്തീ എന്താ പറ്റിയത്?????

എമിയെ പൊതിഞ്ഞു പിടിച്ചവൻ റിയയെ നോക്കി. അത് അച്ചൂ... റോഡ് ക്രോസ്സ് ചെയ്യാൻ നേരത്ത് എമിയെ ഒരു വണ്ടി ഇടിക്കാൻ പോയി. തല നാരിഴയ്ക്കാ രക്ഷപെട്ടത് അതിന്റെ ഷോക്കാണ്. റിയ പറഞ്ഞു നിർത്തിയതും അച്ചു ഒരു നിമിഷം നടുങ്ങി പോയി. അവന്റെ കൈകൾ എമിയെ കൂടുതൽ ശക്തിയിൽ വരിഞ്ഞു മുറുക്കി. ആ വണ്ടിക്കാരന്റെ ഭാഗത്താണ് സാറേ തെറ്റ്‌. ഈ കുട്ടി ശ്രദ്ധിച്ചു തന്നെയാണ് റോഡ് കടക്കാൻ നോക്കിയത്. പക്ഷെ ആ വണ്ടിക്കാരൻ മനഃപൂർവം ഇടിപ്പിക്കാൻ വന്നത് പോലെയാ തോന്നിയത്. കൃത്യ സമയത്ത് ദേ ആ ചെറുപ്പക്കാരൻ വലിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ ഈ കൊച്ചിനെ വണ്ടി ഇടിച്ചു തെറിപ്പിച്ചേനെ. ആൾ കൂട്ടത്തിൽ നിന്ന് ആരോ ഒരാൾ പറഞ്ഞതും നെഞ്ചിൽ ചേർന്ന് നിന്നു തേങ്ങുന്ന എമിയുടെ പുറത്ത് തട്ടി അവൻ അയാൾ ചൂണ്ടി കാണിച്ച എമിയെ രക്ഷപ്പെടുത്തിയ വ്യക്തിയെ ഒന്നു നോക്കി.

ഒരു നേർത്ത പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടതും അച്ചുവിൽ ഒരു ഞെട്ടൽ ഉടലെടുത്തു. പക്ഷെ പെട്ടെന്ന് തന്നെ അവൻ അത് മാറ്റി എമിക്ക് നേരെ നോക്കി. നിർത്താതെ ഇടിക്കുന്ന അവളുടെ നെഞ്ചിടിപ്പും ഉയരുന്ന ഏങ്ങലുകളിലും നിന്ന് തന്നെ അവൾ എത്രത്തോളം ഭയന്നു പോയിരുന്നു എന്നവന് വ്യക്തമായിരുന്നു. അവളിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന കരച്ചിൽ ചീളുകൾ അവന്റെ ഹൃദയഭാരം കൂട്ടി. ഒന്നൂല്ലെടീ..... ഞാനില്ലേ കൂടെ???? പേടിക്കാതെ..... എമിയുടെ മുടിയിഴകളിലൂടെ ഒന്നു തഴുകിയവൻ അവളെ സമാധാനിപ്പിക്കാൻ നോക്കി. ഉയരുന്ന ഏങ്ങലുകളാൽ അവൾക്ക് നേരാവണ്ണം ശ്വാസമെടുക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അത്രയേറെ ഭയം അവളെ കീഴ്പ്പെടുത്തിയിരുന്നു.

പെട്ടെന്നായിരുന്നു അവന് നേരെ ഒരു ബോട്ടിൽ വെള്ളം നീണ്ടത്. എമിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൻ ആ നീട്ടിയ കൈകൾക്ക് ഉടമയെ ഒന്നു നോക്കി. കണ്ണുകളിൽ നിർവചിക്കാൻ കഴിയാത്ത ഭാവങ്ങൾ നിറഞ്ഞു. പുഞ്ചിരിയോടെ കണ്മുന്നിൽ നിൽക്കുന്നവനെ ഒന്നു നോക്കി കൈനീട്ടി അവനാ വെള്ളം വാങ്ങി. എമീ... മതി കരഞ്ഞത്. ദേ ഇത് കുടിച്ചേ.... അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റിയവൻ അവളുടെ ചുണ്ടിലേക്ക് വെള്ളം മുട്ടിച്ചു കൊടുത്തു. ആർത്തിയോടെ വെപ്രാളത്തോടെ ആ വെള്ളം മുഴുവൻ കുടിച്ചിറക്കുന്നവളെ കണ്ട് അവന് വല്ലാത്ത വേദന തോന്നി. വെള്ളം കുടിച്ചു തീർന്നതും ആഞ്ഞു ശ്വാസം വലിച്ചു വിട്ടവൾ അച്ചുവിന്റെ നെഞ്ചിലേക്ക് തന്നെ ചേർന്ന് നിന്നു. ഒരു കയ്യാൽ അച്ചു അവളെ ചേർത്ത് പിടിച്ച് മറു കയ്യിലെ കാലികുപ്പിയിലേക്കും മുന്നിൽ നിൽക്കുന്ന വ്യക്തിയിലേക്കും അവനൊന്ന് നോക്കി.

അപ്പോഴേക്കും അവൻ അച്ചുവിന്റെ കയ്യിൽ നിന്ന് ആ കുപ്പി വാങ്ങി. അനിരുദ്ധൻ....... അച്ചുവിന് നേരെ കൈ നീട്ടി അയാൾ പുഞ്ചിരിച്ചു. അറിയാം.... ഒരുപാട് നന്ദിയുണ്ട്, എമിയെ വലിയൊരു അപകടത്തിൽ നിന്നാണ് താൻ രക്ഷിച്ചത്. Thank you for saving my life. എമിയെ ഒരു കയ്യാൽ നെഞ്ചിലേക്ക് മുറുകെ ചേർത്ത് പിടിച്ചവൻ അനിരുദ്ധന്റെ കയ്യിലേക്ക് കൈ ചേർത്ത് പിടിച്ചു. താങ്ക്സ് ഒന്നും വേണ്ട മിസ്റ്റർ അഗസ്റ്റി. ഇങ്ങനെ ഒരു സാഹചര്യത്തിൽ എല്ലാവരും ചെയ്യുന്നത് പോലെ ഒരു കാര്യം ഞാനും ചെയ്തു അത്രേ ഉള്ളൂ. മനുഷ്യർ ആവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇതുപോലെ സഹായിച്ചെന്നിരിക്കും അതിലൊന്നും വലിയ കാര്യമൊന്നുമില്ല. പുഞ്ചിരിയോടെ പറഞ്ഞവൻ എമിയെ നോക്കി. അച്ചുവിന്റെ ഷർട്ടിൽ മുറുകെ പിടിച്ച് നിൽക്കുമ്പോഴും അവളുടെ ചുണ്ടുകൾ ചെറുതായ് വിതുമ്പുന്നുണ്ട്. She is really scared.

ആ അപകടത്തിന്റെ ഷോക്ക് ഇതുവരെ വിട്ടുപോയിട്ടില്ല. എമിയെ തന്നെ നോക്കി അവൻ അച്ചുവിനോട് എന്ന പോലെ പറഞ്ഞു. അച്ചുവിന്റെ കണ്ണുകൾ എമിയിലേക്ക് തന്നെ വീണ്ടും എത്തി. അതേ സമയം തന്നെ എമി തലയുയർത്തി അവനെ ഒന്നു നോക്കി. പേടിക്കണ്ട എന്നർത്ഥത്തിൽ അച്ചു അവൾക്ക് നേരെ കണ്ണ് ചിമ്മി കാണിച്ച് ചുമലിലൂടെ കൈ അമർത്തി അവളെ തന്നിലേക്ക് അണച്ചു പിടിച്ചു. മൗനമായ അവന്റെ ആ പ്രവർത്തി അവൾക്ക് വല്ലാത്തൊരു ആശ്വാസമായിരുന്നു. അവന്റെ നെഞ്ചിൽ കവിൾ ചേർത്ത് വെച്ചവൾ അവനോട് ഒട്ടി നിന്നു ആ വണ്ടി????? പെട്ടെന്ന് എന്തോ ഓർത്തെന്നത് പോലെ അച്ചു അനിരുദ്ധനെ നോക്കി ചോദിച്ചു. ഒരു ബ്ലാക്ക് പജേറോ ആയിരുന്നു. നമ്പർ ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല അപ്പോഴേക്കും അവർ കടന്നു കളഞ്ഞിരിന്നു. മറുപടിയായി അച്ചു ഗൗരവത്തിൽ ഒന്നു മൂളി. മനസ്സിൽ പലവിധ ചിന്തകൾ ആയിരുന്നു.

അവന്റെ കണ്ണുകൾ ചുറ്റിനും ഒന്നു പാഞ്ഞു. ബേക്കറിക്ക് മുന്നിൽ സ്ഥാപിച്ച സിസിറ്റിവിയിൽ അവന്റെ കണ്ണുകൾ ഉടക്കി. പലതും തീരുമാനിച്ച് ഉറപ്പിച്ചവൻ ഒന്നു നിശ്വസിച്ചു. കണ്ണുകൾ ഒന്നു മാറ്റിയതും എമിയിൽ തന്നെ നോട്ടം ഉറപ്പിച്ച് നിൽക്കുന്ന അനിരുദ്ധനെ കണ്ട് അവന്റെ മുഖം ചുളിഞ്ഞു. എമിക്ക് മേലുള്ള അവന്റെ നോട്ടം അച്ചുവിനെ വല്ലാതെ അലോസരപ്പെടുത്തി. അനിരുദ്ധൻ പോവുകയല്ലേ????? കനത്തിൽ അച്ചു ചോദിച്ചു. ഹാ... പോവാ. See you later. അച്ചുവിനോട് ഒരു പുഞ്ചിരിയോടെ പറഞ്ഞവൻ എമിയെ ഒരിക്കൽ കൂടി നോക്കി പാർക്ക്‌ ചെയ്തിരുന്ന അവന്റെ കാറിന് അരികിലേക്ക് നടന്നു. അനിരുദ്ധൻ കാർ എടുത്ത് പോവുന്നത് നോക്കി അവൻ അൽപ്പനേരം നിന്നു. നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ?????? റിയയുടെ ആ ചോദ്യമാണ് അവന്റെ ശ്രദ്ധ തിരിച്ചത്. മ്മ്മ്.... ചെറിയൊരു പരിചയമുണ്ട്.

എന്തോ ഓർമ്മയിൽ എന്നവണ്ണം അവൻ പറഞ്ഞു. ഏട്ടത്തി സ്കൂട്ടി എടുത്ത് പൊക്കോ. ഇവൾ എന്റെ കൂടെ വന്നോളും. എമിയെ നോക്കി അച്ചു പറഞ്ഞതും റിയയും അവളെ ഒന്നുനോക്കി. പാവം ശരിക്കും പേടിച്ചിട്ടുണ്ട്. കണ്ട് നിന്ന ഞാൻ പോലും വിറച്ചുപോയി അപ്പൊ പിന്നെ ഇവളുടെ കാര്യം പറയാനുണ്ടോ????? എമിയുടെ കവിളിൽ ഒന്നു തഴുകി റിയ പറഞ്ഞതും എമി അവളെയൊന്ന് നോക്കി. തന്റെ കൈക്കുള്ളിൽ നിന്ന് അപ്പോഴും ചെറുതായ് വിറ കൊള്ളുന്ന അവളുടെ കുഞ്ഞു ശരീരത്തിൽ നിന്ന് തന്നെ അവൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾ അവന് ഊഹിക്കാനായിരുന്നു. അടർത്തി മാറ്റാൻ ആവാത്ത വിധം അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടിരുന്നു. റിയ അപ്പോഴേക്കും അച്ചുവിനെ ഒന്നു നോക്കി റോഡ് ക്രോസ്സ് ചെയ്ത് സ്കൂട്ടിക്ക് അരികിലേക്ക് പോയി. റിയ പോയ വഴിയേ ഒന്നു നോക്കി അച്ചു എമിക്ക് നേരെ തിരിഞ്ഞു.

എന്റെ പൊടിക്കുപ്പി പേടിച്ചു പോയോ?????? അലിവോടെയുള്ള അച്ചുവിന്റെ ചോദ്യത്തിന് ചുണ്ട് പിളർത്തി അവൾ തലയാട്ടി. അപകടം ഒന്നും പറ്റിയില്ലല്ലോ... ഇനി വെറുതെ അതിനെ പറ്റി ആലോചിച്ച് വിഷമിക്കേണ്ട. എമിയുടെ കവിളിൽ ഒന്നു തഴുകി അവൻ പറഞ്ഞു. വീണപ്പോൾ വല്ലതും പറ്റിയോ????? ആ ചോദ്യത്തിന് അവൾ മറുപടി പറയാൻ ഒരുങ്ങും മുന്നേ തന്നെ അച്ചു അവളുടെ കൈ പിടിച്ച് പരിശോധിക്കാൻ തുടങ്ങിയിരുന്നു. ഇടതു കൈവെള്ള ചെറുതായ് ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. കൈമുട്ടിലും അൽപ്പം തൊലി പോയിട്ടുണ്ട് എന്നതൊഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വീട്ടിൽ ചെന്നിട്ട് മരുന്ന് വെക്കാം. അച്ചുവിന് മറുപടിയായി അവൾ സമ്മതപൂർവ്വം തലയാട്ടി. പിന്നെ അവിടെ നിൽക്കാതെ എമിയേയും കൊണ്ടവൻ ബുള്ളറ്റിന് അരികിലേക്ക് നടന്നു. അവൻ കയറി ഇരുന്ന് സ്റ്റാർട്ട്‌ ആക്കിയ നേരത്ത് എമിയും അവനൊപ്പം കയറി. വയറിലൂടെ അവനെ ചുറ്റിപിടിച്ച് അവന്റെ പുറത്ത് തല ചേർത്തവൾ കിടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വീട്ടിൽ എത്തുമ്പോൾ റിയ പറഞ്ഞ് എല്ലാവരും എല്ലാം അറിഞ്ഞിരുന്നു. എമിയെ നേരിട്ട് കാണുമ്പോഴാണ് അവർക്ക് ആശ്വാസമായത്. എമി കിടക്കണം എന്ന് പറഞ്ഞതിനാൽ അച്ചു അവളെ മുറിയിലേക്ക് കൊണ്ടുപോയി. റൂമിൽ എത്തിയതും അച്ചു അവളെ ബെഡിൽ പിടിച്ചിരുത്തി കയ്യിലെ മുറിവിൽ ശ്രദ്ധാപൂർവ്വം മരുന്ന് പുരട്ടി കൊടുത്ത് അവളെ കിടത്തി. അവളെ കിടത്തി എഴുന്നേറ്റു പോവാൻ ആഞ്ഞതും എമി അവന്റെ ഷർട്ടിൽ അമർത്തി പിടിച്ചു. പോവല്ലേ ഇച്ചായാ..... തളർന്ന സ്വരത്തിൽ അവൾ പറഞ്ഞതും അവൻ അവൾക്കരികിൽ തന്നെ ഇരുന്നു. പോവുന്നില്ല എന്റെ കൊച്ച് ഉറങ്ങിക്കോ... വാത്സല്യത്തോടെ അവളുടെ കവിളിൽ ഒന്നു തഴുകി അവളുടെ പുരികക്കൊടികൾക്കിടയിൽ അവൻ ചുണ്ട് ചേർത്തു. അച്ചുവിന്റെ ഷർട്ടിൽ മുറുകെ പിടിച്ച് അവൾ പതിയെ മയക്കത്തിലേക്ക് വീണു. അവൾ ഉറങ്ങുന്നത് വരെ അവളിൽ കണ്ണുകൾ ഉറപ്പിച്ച് അവനും ഇരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story