ഹൃദയതാളമായ്: ഭാഗം 174

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കാത്തിരുന്ന അനുവിന്റെ കല്യാണം തൊട്ടടുത്ത് എത്തി. നാളെയാണ് കല്യാണം. മുധുരം വെക്കൽ ചടങ്ങും മറ്റും ഇന്ന് വൈകിട്ട് നടക്കും. മധുരം വെപ്പ് ആഘോഷം ആക്കാനാണ് എല്ലാവരുടെയും തീരുമാനം. ഡാൻസും എല്ലാം സെറ്റ് ചെയ്ത് തയ്യാറായി നിൽപ്പാണ് എമിയും അച്ചുവും എല്ലാം. അപ്പുവും നിവിയും റോണിയും മറിയാമ്മയും എല്ലാം നേരത്തെ ഹാജർ വെച്ചിട്ടുണ്ട്. അച്ചു എമി, അപ്പു നിവി, റോണി മറിയാമ്മ, ആൽവിച്ചൻ റിയ. അങ്ങനെ നാല് കപ്പിൾസ് ആയാണ് ഡാൻസ് സെറ്റ് ചെയ്തത്. എല്ലാവരും സ്റ്റെപ്പ് ഒക്കെ പഠിച്ചു വെച്ച് പ്രാക്ടീസ് എല്ലാം കഴിഞ്ഞതാണ് പക്ഷെ ആൽവിച്ചനും റിയയും മാത്രം റെഡിയായിട്ടില്ല. കാരണം ജിച്ചൂട്ടൻ തന്നെ, ചെക്കൻ ഒന്നു ഉറങ്ങിയിട്ട് വേണ്ടേ അവർക്ക് പ്രാക്ടീസ് ചെയ്യാൻ. ഒടുവിൽ എങ്ങനെയൊക്കെയോ കൊച്ചിനെ ഉറക്കി കിടത്തി അവർ മാത്രമായി ഒരു റിഹേഴ്സൽ എടുക്കാൻ തയ്യാറെടുക്കുകയാണ് ഇരുവരും. കാഴ്ചക്കാരായി മറ്റ് ജോടികളും. സ്റ്റെപ്പ് എല്ലാം ക്ലിയർ ആണല്ലോ അല്ലെ????? പിന്നേ... എല്ലാം സെറ്റ്. എമിയുടെ ചോദ്യത്തിന് ഫുൾ കോൺഫിഡൻസിൽ ആൽവിച്ചൻ തമ്പ്സ്അപ്പ് കാണിച്ചു. സ്റ്റെപ്പ് എല്ലാം ഓർമ്മയുണ്ടല്ലോ???? തെറ്റിക്കില്ലല്ലോ????? എമി ഉറപ്പ് വരാതെ വീണ്ടും ചോദിച്ചു. അല്ലു അർജുനെ വരെ വെല്ലുന്ന ഡാൻസ് കളിക്കുന്ന എനിക്കാണോ നിന്റെ ഈ ഊള സ്റ്റെപ്പ് ഓർത്തെടുത്ത് കളിക്കാൻ കഴിയാത്തത്????? ആൽവിച്ചൻ എമിയെ നോക്കി പരിഹസിച്ചു. അല്ലു അർജുൻ കേൾക്കണ്ട....

റോണി കളിയാക്കി ചിരിയോടെ പറഞ്ഞു. നിനക്കെന്താടാ ഒരു പുച്ഛം????? കോളേജിൽ എന്നെ പിള്ളേര് വിളിച്ചിരുന്നത് ജൂനിയർ മൈക്കിൾ ജാക്ക്സൺ എന്നായിരുന്നു അറിയോ?????? മൈക്കിൾ ജാക്ക്സൺ എന്നായിരിക്കില്ല സൈക്കിൾ ജാക്ക്സൺ എന്നായിരിക്കും. എമി ചുണ്ട് കോട്ടി പറഞ്ഞു. എടാ അച്ചൂ ദേ പുന്നാര കെട്ട്യോളെ നീ നിലക്ക് നിർത്തിക്കോ അല്ലെങ്കിൽ ഞാൻ എടുത്ത് കിണറ്റിലിടും. സായ് പല്ലവി ആണെന്നാ അവളുടെ വിചാരം. ആൽവിച്ചൻ പടവാൾ എടുത്ത് പൊരിന് പെരുമ്പഴ മുഴക്കി. ഞാൻ പറഞ്ഞോടോ തന്നോട് ഞാൻ വലിയ ഡാൻസർ ആണ് ആനയാണ് ചേനയാണ് എന്നൊക്കെ???? നിന്ന് ബഡായി അടിച്ചിട്ട് എന്നെ പറഞ്ഞാലുണ്ടല്ലോ തന്റെ നത്ത് കണ്ണ് ഞാൻ കുത്തി പൊട്ടിക്കും. എമി കലിപ്പിലായി. ഓഹ്!!!! രണ്ടും ഒന്നു നിർത്തുന്നുണ്ടോ???? അച്ചു ഒച്ചയിട്ടതും രണ്ടു പേരും സൈലന്റ് ആയി. തിരക്കെല്ലാം ഒരുവിധം ഒതുക്കി ജിച്ചൂട്ടനെയും ഉറക്കി കെടുത്തി ഇവിടെ എല്ലാവരും കൂടിയത് വൈകിട്ടത്തെ ഡാൻസിന് ഇവരുടെ ഭാഗം കൂടി ക്ലിയർ ആക്കാനാണ്. അതിന്റെ ഇടയിൽ തല്ല് കൂടാൻ നിന്നാൽ പിന്നെ ഒറ്റയെണ്ണം ഇന്ന് വൈകിട്ട് തുള്ളില്ല. അച്ചു അന്ത്യശാസനവ് പുറപ്പെടുവിച്ചതും എമിയും ആൽവിയും പരസ്പരം നോക്കി മുഖം തിരിച്ചു. ചുമ്മാ ഇരിക്ക് അപ്പുവേട്ടാ...... ചിണുങ്ങി കൊണ്ടുള്ള നിവിയുടെ സ്വരം കേട്ടതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട്‌ പാഞ്ഞു. നിവിയുടെ കയ്യിൽ പിടിച്ചു വെച്ച് ഓരോ കുസൃതികൾ കാണിക്കുന്ന അപ്പുവിനെ കണ്ടതും എല്ലാവരും നിന്ന് പല്ല് കടിച്ചു.

പുര കത്തുമ്പോഴാ അവന്റെ ഒരു ശൃംഘാരം... അച്ചു കൈചുരുട്ടി. പക്ഷെ ഇതൊന്നും അറിയാതെ രണ്ടും മറ്റേതോ ലോകത്താണ്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ????? എമി ഓടിച്ചെന്ന് രണ്ടിന്റെയും ഇടയിൽ കയറി ഇരുന്നു. അതേ ഇവിടെ നടക്കുന്നത് വൈകുന്നേരത്തെ ഫങ്ക്ഷനുള്ള ഡാൻസ് പ്രാക്ടീസ് ആണ് അല്ലാതെ നിങ്ങളുടെ ഹണിമൂൺ അല്ല. എമി രണ്ടിനെയും നോക്കി കണ്ണുരുട്ടി. ഹണിമൂണിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്. എല്ലാം കൊണ്ടുപോയി കലക്കിയിട്ട് ഞങ്ങൾ ഒന്നു റൊമാൻസിക്കുമ്പോൾ കട്ടുറുമ്പ് ആവാൻ വന്നിരിക്കുന്നു. അപ്പു അവളെയും കലിപ്പിച്ച് നോക്കി. എങ്കിലേ കണക്കായിപ്പോയി. ഞാനൊരു ദിവസം എന്റെ മറിയാമ്മയുമായി സൊള്ളാൻ കഷ്ടപ്പെട്ട് ഒപ്പിച്ച അവസരം നിഷ്കരുണം ചവിട്ടി തെറിപ്പിച്ച് ഒരു ഡെയറിന്റെ പേരിൽ എന്നെയും ഇവളെയും തമ്മിൽ തല്ലിച്ച തനിക്ക് ഇതല്ല ഇതിനപ്പുറം വരണം. ഈ കാര്യത്തിൽ ഞാൻ ഇവളുടെ കൂടെയാ.... റോണിയും കൂടി എമിയുടെ പക്ഷത്ത് എത്തിയപ്പോൾ അപ്പു വാ അടച്ചു. അല്ലെങ്കിൽ രണ്ടും കൂടി അവന്റെ പുറം പള്ളിപ്പുറം ആക്കും എന്നറിയാം. ഇനി ആരും വഴക്ക് കൂടരുത് ഞാൻ ദേ പാട്ട് വെക്കാൻ പോകുവാ. റിയേച്ചീ ആൽവിച്ചായാ രണ്ടുപേരും റെഡിയല്ലേ????? മറിയാമ്മ അവരെ രണ്ടിനെയും നോക്കി. ഞങ്ങൾ എപ്പോഴേ റെഡി നീ പാട്ടിട് മോളെ.... ആൽവിച്ചന്റെ മറുപടി എത്തിയതും മറിയാമ്മ തിരിഞ്ഞ് ബ്ലൂടൂത് സ്പീക്കറിൽ പാട്ട് ഇട്ടു. അച്ചുവും റോണിയും അപ്പുവിന് അരികിൽ പോയിരുന്നു.

പപ്പയുടെയും മമ്മിയുടെയും ഡാൻസ് കാണാൻ ഓടി എത്തിയ ജോക്കുട്ടൻ അച്ചുവിന്റെ മടിയിൽ കയറി ഇരുന്നു. പാട്ട് തുടങ്ങിയതും റിയയും ആൽവിയും പാട്ടിന് ഒത്ത് ചുവട് വെക്കാൻ തുടങ്ങി. എന്നാൽ പകുതി എത്തിയപ്പോഴേക്കും ആൽവിച്ചൻ സ്റ്റെപ്പ് തെറ്റിച്ചു. നിർത്ത് നിർത്ത് നിർത്ത്....... എമി കയ്യുയർത്തി തടഞ്ഞതും മറിയാമ്മ പാട്ട് നിർത്തി. എന്റെ ആൽവിച്ചായാ അങ്ങനെ അല്ലെടോ... ആദ്യം വലത്തോട്ട് പിന്നെയാണ് ഇടത്തോട്ട്. എമി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു. അതെന്താ ആദ്യം ഇടത്തോട്ട് ആയാൽ????? ആൽവിച്ചൻ ലൈക്ക് നാഗവല്ലൻ. മുന്നേയുള്ള സ്റ്റെപ്പ് ഇടത്തോട്ട് അല്ലായിരുന്നോ അപ്പൊ അടുത്ത സ്റ്റെപ്പ് വലത്തോട്ട് വേണം എടുക്കാൻ. റോണി രംഗത്ത് എത്തി. എനിക്കെല്ലാം ഇടത്തോട്ട് എടുക്കാനാ ഇഷ്ടം. അത് ഞങ്ങൾക്ക് അറിയാം എല്ലാം തനിക്ക് തലതിരിവ് ആണെന്ന്. അച്ചു അവനെ നോക്കി പുച്ഛിച്ചു. നീ പോടാ ഞാൻ കറക്റ്റ് ആയിട്ടാ കളിച്ചത് ഇവളാ തെറ്റിച്ചത്.... ആൽവി റിയയെ ചൂണ്ടി. ദേ ഇച്ചായാ സ്റ്റെപ്പ് തെറ്റിച്ചിട്ട് ബാക്കിയുള്ളവന്റെ തലയിൽ വെച്ചാലുണ്ടല്ലോ????? റിയ കലിപ്പിലായി. പപ്പയാ ചെപ്പ് തെറ്റിച്ചത്.... എല്ലാം കണ്ടിരുന്ന ജോക്കുട്ടൻ ചുണ്ട് കൂർപ്പിച്ച് വിളിച്ചു പറഞ്ഞു. കേട്ടല്ലോ????? ദേ സ്വന്തം കൊച്ച് വരെ പറഞ്ഞു. ഇപ്പൊ എങ്ങനുണ്ട്?????

എമി ആൽവിച്ചനെയും ജോക്കുട്ടനെയും മാറി മാറി നോക്കി പറഞ്ഞു. അതവന് തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാ. നീ ആദ്യം തൊട്ട് പാട്ട് ഇടെടീ കൊച്ചേ ഇപ്പ്രാവശ്യം എല്ലാം കറക്റ്റ് ആയിരിക്കും. ആൽവിച്ചൻ വീണ്ടും മറിയാമ്മയെ നോക്കി. ഇനി തെറ്റിച്ചാൽ കാണാം..... എമിയും പറഞ്ഞ് തിരികെ ഇരുന്നു. വീണ്ടും പാട്ട് പ്ലേ ചെയ്തതും വീണ്ടും അവർ ഡാൻസ് തുടങ്ങി. പക്ഷെ ഇത്തവണ സ്റ്റെപ്പ് തെറ്റിച്ചതും പോരാതെ ആൽവിച്ചൻ റിയയുടെ കാലിൽ കൂടി ചവിട്ടി. അമ്മേ എന്റെ കാല്........ റിയ കാലിൽ കൈവെച്ച് നിലത്ത് ഇരുന്നുപോയി. എല്ലാവരും ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് റിയക്ക് ചുറ്റിനും ഓടിക്കൂടി. നീ എന്തിനാടീ കാല് ഞാൻ സ്റ്റെപ്പ് വെക്കുന്നിടത്ത് കൊണ്ടുവന്ന് വെച്ചത്???? ആൽവിച്ചന്റെ ചോദ്യം കേട്ടതും സകലരും അവനെ തറപ്പിച്ച് ഒന്നു നോക്കി. എങ്കിൽ പിന്നെ കാല് ഞാൻ നിങ്ങളുടെ നെഞ്ചത്ത് കൊണ്ടു വെക്കാം. എന്റെ കാല് ചവിട്ടി ഓടിച്ചത് പോരാഞ്ഞിട്ട് പറയുന്നത് കേട്ടില്ലേ???? അമ്മാ എന്റെ കാലേ....... റിയ നിലവിളിച്ചു കൊണ്ട് കാലിൽ പിടിച്ചു. മമ്മീ കയ്യല്ലേ...... ജോക്കുട്ടൻ റിയയെ നോക്കി പറയുമ്പോൾ അവൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. അതിന് എന്റെ കുഞ്ഞ് എന്നാത്തിനാ വിഷമിക്കുന്നത്???? മമ്മിയുടെ കാല് വേദന ദേ ഇപ്പൊ മാറ്റി തരാം. അച്ചു ജോക്കുട്ടന്റെ കവിളിൽ ഒന്നു തലോടി പറഞ്ഞു കൊണ്ട് റിയയുടെ കാൽപാദം കയ്യിൽ എടുത്തു. പതിയെ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് ഒന്നു ഇടത്തോട്ട് വെട്ടിച്ചു. അമ്മേ..........

ഉച്ചത്തിൽ കരഞ്ഞുകൊണ്ട് റിയ കണ്ണടച്ച് എമിയുടെ കയ്യിൽ പിടി മുറുക്കി. എടാ കാലാ... നീ അവളുടെ കാല് ഒടിച്ചോടാ?????? ആൽവിച്ചൻ അച്ചുവിന് നേരെ ചീറിയതും അവനെ നോക്കി ഒന്നു പുച്ഛിച്ച് അച്ചു റിയയുടെ കാൽ പാദം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് കാണിച്ചു. ഇല്ല.... വേദന ഒട്ടും ഇല്ല..... കണ്ണ് തുറന്ന് റിയ അതിശയത്തോടെ പറഞ്ഞതും അച്ചു അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് ഇന്ന് ഡാൻസ് കളിക്കാതെ ഇരിക്കുന്നതാണ് റിയേച്ചിയുടെ ആരോഗ്യത്തിന് നല്ലത്. ഇപ്പൊ കാലിനേ ചവിട്ട് കിട്ടിയുട്ടുള്ളൂ അടുത്തത് സൈക്കിൾ ജാക്സന്റെ വക നടുവിന് ആയിരിക്കും. റിയയെ എഴുന്നേൽപ്പിച്ച് നിർത്തുന്നതിനിടയിൽ നിവി പറഞ്ഞതും ആൽവിച്ചൻ മുഖം വീർപ്പിച്ചു. അങ്ങനെ ഇപ്പൊ ഞങ്ങളെ ഔട്ട്‌ ആക്കി നീയൊക്കെ ഷൈൻ ചെയ്യാൻ നോക്കണ്ട. നോക്കിക്കോ ഞങ്ങളും ഇന്ന് ഡാൻസ് കളിച്ചിരിക്കും. നീ വാടി റിയേ ഇവിടെ നിന്നാൽ ശരിയാവില്ല നമുക്ക് അപ്പുറത്ത് പോയി പ്രാക്ടീസ് ചെയ്യാം. അതും പറഞ്ഞ് റിയക്ക് പ്രതികരിക്കാൻ പോലും സമയം കൊടുക്കാതെ ആൽവിച്ചൻ റിയയെയും വലിച്ച് അവിടുന്ന് പോയി. ഈശ്വരാ ആ പോയ രണ്ടിനെയും യാതൊരു കേട്പാടും ഇല്ലാതെ തിരികെ കണ്ടാൽ മതിയായിരുന്നു. അപ്പു അവരുടെ പോക്ക് കണ്ട് താടിക്ക് കയ്യും കൊടുത്ത് പറഞ്ഞു. എനിക്കതല്ല, ഇങ്ങേരുടെ ഡാൻസ് കണ്ട് ഏത് പൊട്ടനാണ് ജൂനിയർ മൈക്കിൾ ജാക്ക്സൺ എന്ന് വിളിച്ചത് എന്നാണ് മനസ്സിലാവാത്തത്. മറിയാമ്മ തന്റെ സംശയം വെളിപ്പെടുത്തി. അത് മനസ്സിലായില്ലേ. മുഴുവൻ തള്ളിയതാ. കോളേജിൽ അങ്ങേരുടെ യഥാർത്ഥ വട്ടപ്പേര് സുലൈമാൻ എന്നായിരുന്നു. അച്ചു ചിരി അടക്കി പറഞ്ഞു. സുലൈമാൻ??????

റോണി അവനെ നോക്കി നെറ്റിച്ചുളിച്ചു. മ്മ്മ്....വെള്ളാനകളുടെ നാടേ. അത് കേട്ടതും എമിക്ക് കാര്യം മനസ്സിലായി. ഓഹ്!!!! ഇപ്പൊ പിടികിട്ടി, നമ്മുടെ താമരശ്ശേരി ചുരം..... എമി ചിരി അടക്കാനാവാതെ പറഞ്ഞു. പടച്ചോനെ ഇങ്ങള് കാത്തോളീ...... റോണിയുടെ ആ ഡയലോഗ് കൂടി ആയതോടെ അവിടെ ഒരു പൊട്ടിച്ചിരി ഉയർന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാത്രി മധുരം വെപ്പ് ചടങ്ങിനായി അനുവിനെ ഒരുക്കി ഇറക്കി. വിളക് കൊടുത്ത് അനുവിനെ സ്റ്റേജിൽ കയറ്റി. ഓഫ്‌ വൈറ്റിൽ ഗോൾഡൻ കസവോട് കൂടിയ ഒരു ചട്ടയും മുണ്ടും ആയിരുന്നു അവളുടെ വേഷം. മിതമായ ആഭരങ്ങളിലും മേക്കപ്പിലും അവൾ തിളങ്ങി നിന്നു. മറ്റുള്ളവരും ഒട്ടും പുറകിൽ അല്ല. റിയയും എമിയും നിവിയും മറിയാമ്മയും എല്ലാം സോഫ്റ്റ്‌ ടിഷ്യൂ സിൽക്ക് കേരള സാരി ആയിരുന്നു വേഷം. എമി റോയൽ ബ്ലൂവും റിയ പിസ്ത ഗ്രീനും നിവി പിങ്കും മറിയാമ്മ കോഫീ ബ്രൗൺ കളർ ബ്ലൗസും ആയിരുന്നു ധരിച്ചത്. അവർക്ക് മാച്ചിംഗ് ആയി ആൺപടയും. കൂളിംഗ് ഗ്ലാസ്സും വെച്ച് ഇടതു കയ്യിൽ അത്യാവശ്യം വീതി ഏറിയ ഒരു ഗോൾഡൻ ഹാൻഡ് ചെയിനും ധരിച്ച് റിയക്ക് മാച്ചിംഗ് ആയ പിസ്ത ഗ്രീൻ കുർത്തയും ഗോൾഡൻ കസവ്‌ മുണ്ടും ഒക്കെയായി ചെത്തി ആൽവിച്ചന്റെ വരവ് കണ്ട് പെൺപടകൾ കണ്ണും തള്ളി നിന്നുപോയി. അവന്റെ ഇടതും വലതുമായി അപ്പുവും റോണിയും നിന്നു. അപ്പു പിങ്കും റോണി കോഫീ ബ്രൗൺ കുർത്തയും ആയിരുന്നു ധരിച്ചിരുന്നത്. നിന്റെ ഒക്കെ നിൽപ്പ് കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന് എന്നാലും ചോദിക്കുവാ എപ്പടി ഇറുക്ക് കണ്ണേ??????

കൂളിംഗ് ഗ്ലാസ്സ് എടുത്ത് വെച്ച് ആൽവിച്ചൻ റിയയെ ഒന്നു നോക്കി. ഉഫ് പൊളി........ കണ്ണും തള്ളി നിന്ന് മറിയാമ്മ പറഞ്ഞതും ആൽവിച്ചൻ അങ്ങ് പൊങ്ങി. അല്ലെങ്കിലും പണ്ടേ ഞാൻ ഭയങ്കര ഗ്ലാമർ ആണ്. സ്വയം കോളർ പൊക്കി അവൻ പറഞ്ഞു. അത് തീരുമാനിക്കും മുന്നേ അവൾ ആരെ നോക്കിയാ പറഞ്ഞത് എന്നൊന്ന് ആ പൊട്ട കണ്ണാടി മാറ്റി നോക്കിയേ. അപ്പുവിന്റെ മറുപടി കേട്ടതും ഗ്ലാസ്സ് മുഖത്ത് നിന്ന് പൊക്കി വെച്ച് മറിയാമ്മയെ നോക്കി. അവളുടെ നോട്ടം തങ്ങളുടെ സൈഡിലൂടെ പുറകിൽ ആണെന്ന് കണ്ടതും അങ്ങോട്ട്‌ കണ്ണുകൾ പായിച്ചു. മുണ്ടിന്റെ തുമ്പ് കയ്യിൽ എടുത്ത് പിടിച്ച് കാതിൽ ഫോണും വെച്ച് ആരോടോ സംസാരിച്ച് അലസമായി അങ്ങോട്ട്‌ നടന്നു വരുന്ന അച്ചുവിനെ കണ്ട് ആൽവിച്ചന്റെ മുഖം ഫ്യൂസ് അടിച്ച ബൾബ് പോലെയായി. പിരിച്ചു വെച്ച മീശയും കുർത്തയുടെ ആദ്യ ബട്ടൺ തുറന്ന് കിടന്നിരുന്നതിനാൽ നെഞ്ചിൽ തെളിഞ്ഞു കാണുന്ന പൊൻ കുരിശും എല്ലാം കണ്ട് ആൽവിച്ചൻ പല്ല് കടിച്ചു. കള്ള പന്നി........... ആൽവിച്ചൻ മനസ്സിൽ വിളിച്ചു പറഞ്ഞു. എമിയും ഒരുനിമിഷം അവനെ തന്നെ നോക്കി നിന്നുപോയി. ഫോണിൽ സംസാരിക്കുമ്പോൾ അവന്റെ മുഖത്ത് നിറയുന്ന ഗൗരവം അവനിൽ വല്ലാത്തൊരു ഭംഗി നിറയ്ക്കുന്നത് പോലെ. നോക്കിയേ സകല പെണ്ണുങ്ങളും അച്ചുവേട്ടനെ തന്നെ വായും പൊളിച്ച് നോക്കി നിൽക്കുവാ.... നിവിയുടെ ആ വാക്കുകൾ കേട്ടതും എമി ഞെട്ടിക്കൊണ്ട് ചുറ്റിനും കണ്ണുകൾ പായിച്ചു. അവിടെ കൂടി നിൽക്കുന്നതുങ്ങൾ മുഴുവൻ അവന്റെ ചോര ഊറ്റി കുടിക്കുന്ന തിരക്കിലാണ്. അത് കണ്ടതും പെരുവിരലിൽ നിന്ന് അങ്ങോട്ട്‌ തരിച്ച് കയറി. ദേഷ്യത്താൽ അവൾ കൈവിരലുകൾ ചുരുട്ടി.

ഇങ്ങനെ നോക്കി വെള്ളമിറക്കാനായിട്ട് ആ നടന്ന് വരുന്നവന്റെ കെട്ട് കഴിഞ്ഞതാണ് എന്നീ മറുതാകളോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്ക്.... ആൽവിച്ചൻ സങ്കടം അടക്കാനാവാതെ പറഞ്ഞു. ഒട്ടും സഹിക്കുന്നില്ലല്ലേ???????? ആക്കിയുള്ള മറിയാമ്മയുടെ ചോദ്യം കേട്ടതും ആൽവിച്ചൻ അവളെ തറപ്പിച്ചു നോക്കി. അതൊന്നും നിനക്കൊക്കെ പറഞ്ഞാൽ മനസ്സിലാവില്ല. റോണി ആയിരുന്നു ആ പറഞ്ഞത്. ഒരർത്ഥത്തിൽ നമ്മൾ മൂന്നുപേരും തുല്യ ദുഃഖിതരാണ് ആൽവിച്ചാ... മല പോലെ നമ്മൾ മൂന്നു ആണുങ്ങൾ നെഞ്ചും വിരിച്ച് ഇവിടെ നിന്നിട്ട് എല്ലാത്തിന്റെയും നോട്ടം പോവുന്നതോ ദോ അങ്ങോട്ട്. അപ്പു തന്റെ സങ്കടം മറച്ചു വെച്ചില്ല. അതല്ലേലും അങ്ങനാടാ ഉവ്വേ... തിരികെ വരിയും കോരിയും സ്നേഹം കൊടുക്കുന്ന നമ്മളെ ഒന്നും ആർക്കും വേണ്ട തിരിച്ച് ഒരു ചിരി പോലും കൊടുക്കാത്ത ലവനെ ഒക്കെ മതി ഈ പെണ്ണുങ്ങൾക്ക്. ആൽവിച്ചൻ നെടുവീർപ്പോടെ പറഞ്ഞു. അല്ലേലും ട്രൂ ലവിനൊന്നും ഇപ്പൊ വിലയില്ലല്ലോ?????? റോണിയും വിലപിച്ചു. അങ്ങനെ ഇപ്പൊ അവൻ അങ്ങ് ഷൈൻ ചെയ്യണ്ട... ഇപ്പൊ ശരിയാക്കി തരാം. ആൾവിച്ചൻ പറയുന്നതിനൊപ്പം എമിയുടെ അരികിലേക്ക് നിന്നു. കണ്ടോടീ കണ്ടോ... നിന്റെ കെട്ട്യോൻ അവിടെ നിന്ന് കാസിനോവ കളിക്കുന്നത് കണ്ടോ????? അവൻ ബട്ടൺസും തുറന്നിട്ട് നെഞ്ചും കാണിച്ച് വന്നു നിൽക്കുന്നു..... അത് കണ്ട് വെള്ളമിറക്കാൻ കുറെ പിടക്കോഴികളും. പ്രതികരിക്ക് എമീ പ്രതികരിക്ക്..... ആൽവിച്ചൻ എരി തീയിൽ പെട്രോളും ഡീസലും കരി ഓയിലും എല്ലാം കോരി ഒഴിക്കുകയാണ്. എമി അതെല്ലാം കേട്ടതും നിന്ന് പുകഞ്ഞു. പിന്നെ മുഖവും വീർപ്പിച്ച് സാരി തുമ്പും ദേഷ്യത്തിൽ കയ്യിൽ വെച്ച് ഞെരിച്ച് ചാടി തുള്ളി അച്ചുവിന്റെ അടുത്തേക്ക് നടന്നു.

ഇപ്പൊ നോക്കിക്കോ ഒരു ലൈവ് അടി കാണാം. കൈകൾ തമ്മിൽ കൂട്ടി ഉരസി ആവേശത്തോടെ ആൽവിച്ചൻ പറഞ്ഞതും അപ്പുവും റോണിയും അവനെ അടിമുടി ഒന്നു നോക്കി. കുടുംബംകലക്കി....... അപ്പു പറഞ്ഞതും ആൽവിച്ചൻ നോക്കി പുച്ഛിച്ച് എമിയേയും അച്ചുവിനെയും ഫോക്കസ് ചെയ്തു. ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട്‌ എത്തി. ഫോണിൽ സംസാരിച്ച് മുന്നോട്ട് നടന്ന അച്ചു കാണുന്നത് മുഖവും വീർപ്പിച്ചു കെട്ടി ചവിട്ടി കുലുക്കി വരുന്ന എമിയെയാണ് ഫോൺ കോളിൽ ശ്രദ്ധിച്ചു കൊണ്ട് തന്നെ അവൻ എമിയെ നോക്കി. ദേഷ്യത്തിൽ അവൾ മുന്നിൽ എത്തിയതും അച്ചു കൈനീട്ടി അവളുടെ കൈമുട്ടിൽ പിടിച്ച് ഒന്നു കറക്കി അവന്റെ ഒപ്പം നിർത്തി. ഇപ്പൊ അവൾ വന്ന ദിശയ്ക്ക് എതിരായാണ് നിൽക്കുന്നത്. ഒരുനിമിഷം വേണ്ടി വന്നു അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാൻ. ആ സമയം കൊണ്ട് അച്ചു അവളുടെ കഴുത്തിലൂടെ ചുറ്റി തന്നിലേക്ക് ചേർത്ത് പിടിച്ചിരുന്നു. ഫോണിൽ സംസാരിച്ച് അവളെയും ചേർത്ത് പിടിച്ചവൻ മുന്നോട്ട് നടന്നു. ഛേ...... നശിപ്പിച്ച്.....

ഒരു അടി കാണാൻ കഴിയാത്ത നിരാശയിൽ ആൽവിച്ചൻ ചുവരിൽ അടിച്ചു. അല്ലേലും അവളെ കുത്തിത്തിരിപ്പ് കയറ്റി വിട്ട താനാ മണ്ടൻ.... റോണി നന്നായി അവനെ പുച്ഛിച്ചു വിട്ടു. ഇതേസമയം അത്രയും നേരം ഫുൾ വാൾട്ടിൽ കത്തി നിന്ന പല പിടക്കോഴികളുടെയും മുഖം പവർക്കട്ട് വന്നത് പോലെയായി. എല്ലാത്തിന്റെയും മുഖം കണ്ടതും എമിക്ക് ഇരട്ട പെറ്റ സന്തോഷം. അവൾ എല്ലാവരെയും ഒന്നു കണ്ണോടിച്ചു നോക്കി അച്ചു ചുറ്റിപിടിച്ച കയ്യിൽ പിടിച്ച് മറുകയ്യാൽ കഴുത്തിൽ കിടന്ന മിന്ന് ചൂണ്ടു വിരലിനാൽ ചുഴറ്റി അച്ചുവിനോട് കൂടുതൽ ചേർന്ന് നടന്നു. അതിനിടയിൽ എല്ലാത്തിനെയും നോക്കി ഒന്നു പുച്ഛിക്കാനും അവൾ മറന്നില്ല. ഫോൺ വിളിക്ക് ഇടയിലും അവളുടെ ഭാവങ്ങൾ കണ്ട് തികട്ടി വന്ന ചിരി അടക്കി അച്ചുവും മുന്നോട്ട് നടന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story