ഹൃദയതാളമായ്: ഭാഗം 176

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഡാൻസും ബഹളവും എല്ലാം കഴിഞ്ഞതും ഒരുമിച്ചിരുന്ന് ഫുഡ് കഴിച്ച് പപ്പയേയും അമ്മയെയും അവർക്കായ് ഒരുക്കിയ മുറിയിൽ ആക്കി വന്ന ബന്ധുക്കളെ എല്ലാം നോക്കി ഇളിച്ച് അവരുടെ ചോദ്യത്തിൽ നിന്ന് ഒരുവിധം തടിയൂരി മുറിയിലേക്ക് നടക്കുകയായിരുന്നു എമി. അവൾക്ക് എങ്ങനെയെങ്കിലും സാരിയിൽ നിന്ന് ഒന്നു പുറത്ത് കടന്നാൽ മതി. ധൃതിയിൽ മുറിയിലേക്ക് പായാൻ നിൽക്കുമ്പോഴാണ് അനുവിന്റെ പിൻവിളി. എമീ......... വിളികേട്ട് തിരിഞ്ഞു നോക്കിയതും അവളുടെ മുറിയുടെ വാതിൽക്കൽ തന്നെ പ്രതീക്ഷിച്ചെന്ന പോലെ നിൽക്കുന്ന അനുവിനെ കണ്ട് അവൾ നടത്തം നിർത്തി അവളുടെ അരികിലേക്ക് ചെന്നു. എന്താടീ????? എന്തെങ്കിലും വേണോ???? എമി അവളുടെ നിൽപ്പ് കണ്ട് ചോദിച്ചു. നീ ഇന്ന് എന്റെ കൂടെ കിടക്കുവോ????? എമിയുടെ കയ്യിൽ പിടിച്ച് കൊഞ്ചി അവൾ ചോദിച്ചതും എമി ചിരിച്ചു പോയി. അതിനിപ്പൊ എന്താ എന്റെ നാത്തൂൻ ആദ്യായിട്ട് വിളിക്കുന്നതല്ലേ ഞാൻ കിടക്കാം, ആദ്യം ഈ ഉടുത്തിരിക്കുന്നത് ഒന്നു വലിച്ചു പറിച്ച് കളഞ്ഞിട്ട് എനിക്ക് പറ്റിയത് വല്ലതും എടുത്ത് ഇടട്ടെ... പിന്നെ ഇച്ചായനോടും പറഞ്ഞിട്ട് വരാം അല്ലെങ്കിൽ ആളെന്നെ തപ്പി ഇറങ്ങും. എമി പുഞ്ചിരിയോടെ അവളെ നോക്കി. അത് വേണ്ട മുറിയിലേക്ക് പോയാൽ പിന്നെ നീ ഇങ്ങോട്ട് വരവ് ഉണ്ടാവില്ല അതുകൊണ്ട് നീ പോവണ്ട. അനു അവളെ തടഞ്ഞു നിർത്തി. എടീ ഞാൻ പിന്നെ സാരിയിൽ കിടക്കണോ????? ഇന്നൊരു ദിവസത്തേക്ക് അല്ലെ. പ്ലീസ് പ്ലീസ് പ്ലീസ്......

അനുവിന്റെ കെഞ്ചൽ കണ്ടപ്പൊ അവൾക്ക് സമ്മതിക്കാതിരിക്കാൻ ആയില്ല. അയ്യോ മതി മതി പിച്ചക്കാരെ പോലെ ഇരന്നത് വാ കിടക്കാം. എമി ചിരിയടക്കി പറഞ്ഞു. പോടീ കളിയാക്കാതെ...... അനു അവളെ കെറുവിച്ച് ഒന്നു നോക്കി പിന്നെ അവളുടെ തോളിലൂടെ കയ്യിട്ട് അകത്തേക്ക് കയറി. ഡോർ അടയ്ക്കാതെ ചാരി ഇട്ടു. എമി മിന്ന് ഒഴികെ കാതിലും കയ്യിലുമായി ഇട്ടിരുന്നവ എല്ലാം അഴിച്ച് അനുവിന്റെ ഡ്രോയറിലേക്ക് വെച്ച് മുടി അഴിച്ചിട്ട് ഒന്നു കോതി ഉച്ചിയിൽ കെട്ടിവെച്ചു. വാഷ്റൂമിൽ കയറി മുഖം കഴുകി തുടച്ച് പുറത്തേക്ക് ഇറങ്ങിയതും അനു കിടക്കാൻ ബെഡിൽ എല്ലാം സെറ്റ് ചെയ്തിരുന്നു. വാ കിടക്കാം... ബെഡിലേക്ക് വീണുകൊണ്ട് അനു പറഞ്ഞതും എമി ചിരിയോടെ അവൾക്ക് അരികിൽ കിടന്നു. അങ്ങനെ സിംഗിൾ പസംഗ പാടി നടന്ന നിന്റെയും കല്യാണമായി. എമി അനുവിന് നേർക്ക് തിരിഞ്ഞ് തലയിൽ കൈ താങ്ങി കിടന്ന് എമി പറഞ്ഞു. അനുവിന്റെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി തെളിഞ്ഞു. എന്റെ ഈശോയേ... എങ്ങനെ നടന്ന പെണ്ണാ, കാണുമ്പോൾ കാണുമ്പോൾ പുച്ഛിക്കുന്നു, കണ്ണുരുട്ടുന്നു കൊല്ലും തിന്നും മൂക്കിൽ വലിച്ചു കേറ്റും എന്ന് ഭീഷണി മുഴക്കുന്നു. ഭദ്രകാളിയും കള്ളിയങ്കാട്ട് നീലിയും ചേർന്ന ഫ്യൂഷൻ നടത്തി കൊണ്ടിരുന്ന ആളാ ഇപ്പൊ നാണം കൊണ്ട് പൂത്തുലഞ്ഞു കിടക്കുന്നത്. പോടീ അതൊക്കെ പഴയ കാര്യങ്ങളല്ലേ???? ഇപ്പൊ അതൊന്നും ഓർക്കാൻ കൂടി ഞാൻ ആഗ്രഹിക്കുന്നില്ല....

എന്തോ ഓർമ്മയിൽ വാടിയ മുഖത്തോടെ അവൾ പറഞ്ഞു നിർത്തി. അത് വിട്... നിന്റെ എഡ്ഢിച്ചൻ എങ്ങനാ റൊമാന്റിക് ആണോ????? അനുവിന്റെ മൂഡ് മാറ്റാനായി കുസൃതിയോടെ എമി ചോദിച്ചു. എന്തായാലും അഗസ്റ്റിച്ചന്റെ അത്രയും വരില്ല. അനു ഒരു കള്ളചിരിയോടെ കണ്ണിറുക്കി. ഓഹ്... അതിന്റെ ഇടയ്ക്ക് കൂടി നീ താങ്ങി അല്ലെ?????? എമിയുടെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. ചിരി ഒരുവിധം അടക്കിയതും അവൾ മുഖം വീർപ്പിച്ച് കിടക്കുന്ന എമിയെ നോക്കി. അവൾ പിണങ്ങി എന്ന് കണ്ടതും അനു അവൾക്ക് അരികിലേക്ക് ചേർന്ന് കിടന്ന് അവളെ കെട്ടിപ്പിടിച്ചു. റൊമാന്റിക് ആണൊന്നൊക്കെ ചോദിച്ചാൽ.... എനിക്കറിഞ്ഞൂടാ. ഞങ്ങൾ അങ്ങനെ ഒന്നും ഇതുവരെ സംസാരിച്ചിട്ടില്ല. ആൾ ഒത്തിരി പാവമാണ്. ഒരിക്കൽ പോലും എന്നോട് സ്വരം കടുപ്പിച്ച് ഒരു വാക്ക് പറഞ്ഞിട്ടില്ല. എത്ര തിരക്കിനിടയിൽ ആണെങ്കിൽ പോലും എല്ലാവരോടും ശാന്തമായേ സംസാരിക്കൂ. അതാണ് ആളുടെ വലിയൊരു പ്ലസ് പോയിന്റ് ആയിട്ട് എനിക്ക് തോന്നിയത്. അനുവിന്റെ വാക്കുകളിൽ അവനോടുള്ള മതിപ്പ് പ്രകടമായിരുന്നു. അപ്പൊ ഡോക്ടർ ആള് പൊളിയാണല്ലോ????? എമി ചിരിയോടെ ചോദിച്ചതും അവളും ചിരിച്ചു. ആഹ്.... ഇവൾ ഇവിടെ ഉണ്ടായിരുന്നോ?????

ആൽവിച്ചന്റെ ശബ്ദം കേട്ടതും സംസാരിച്ചു കിടന്ന അവർ ഇരുവരുടെയും നോട്ടം വാതിൽക്കലേക്ക് നീണ്ടു. ഡോർ തുറന്ന് അവരെ നോക്കി നിൽക്കുന്ന ആൽവിയെ കണ്ടതും അവർ എഴുന്നേറ്റ് ഇരുന്നു. എടാ അച്ചൂ നീ അന്വേഷിച്ചു നടന്ന നിന്റെ പ്രോപ്പർട്ടിയെ കണ്ടുകിട്ടി... ആൽവിച്ചൻ വിളിച്ചു കൂവിയതും അച്ചു അങ്ങോട്ട്‌ എത്തി. എമിയെ കണ്ടതും അവൻ ആശ്വാസത്തോടെ ഒന്നു നിശ്വസിച്ചു. ഇവിടെ വന്ന് അടയിരിക്കും മുന്നേ നിനക്ക് ആരോടെങ്കിലും പറയാൻ മേലായിരുന്നോ???? ഞങ്ങൾ നിന്നെ കാണാതെ എവിടെയെല്ലാം തിരഞ്ഞു??? ആൽവിച്ചൻ മുറിയിലേക്ക് കയറി പറഞ്ഞു. അതിന് ഇവളൊന്ന് വിട്ടിട്ട് വേണ്ടേ ആൽവിച്ചായാ???? ഇച്ചായനോട് പറഞ്ഞിട്ട് വരാന്ന് ഞാൻ പറഞ്ഞതാ ഈ പെണ്ണൊന്ന് കേൾക്കണ്ടേ???? ദേ ഈ സാരി പോലും മാറാൻ വിട്ടില്ല. എമി തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി. റൂമിലേക്ക് പോയാൽ പിന്നെ ഇവളെ കിട്ടില്ല എന്നെനിക്കറിയാം അതുകൊണ്ടാ വിടാഞ്ഞത്. ഇവൾ ഇന്ന് എന്റെ കൂടെയാ അഗസ്റ്റിച്ചൻ പൊക്കോ. എമിയെ ചുറ്റിപ്പിടിച്ച് അനു അച്ചുവിനെ നോക്കി പറഞ്ഞു. നേരിൽ കണ്ടാൽ കീരിയും പാമ്പും പോലെ തല്ല് കൂടാൻ നിന്നതുങ്ങളാ ഇപ്പൊ കെട്ടിപിടിച്ച് ഇരിക്കുന്നത്. കലികാലം അല്ലാതെന്ത്?????? ആൽവിച്ചൻ കൈമലർത്തി പറഞ്ഞതും എമിയും അനുവും അവനെ നോക്കി പുച്ഛത്തോടെ ചുണ്ട് കോട്ടി. അതേ രണ്ടുപേരും ഇവിടുന്ന് പോയാട്ടെ ഞങ്ങൾക്ക് ഒന്നു ഉറങ്ങണം. അനു ഗൗരവത്തിൽ അവരെ നോക്കി. ഇവന്റെ ഉറക്കം കെടുത്തിയിട്ട് വേണോ മോളേ നിനക്ക് ഉറങ്ങാൻ????? അച്ചുവിനെയും എമിയേയും ആക്കിയ മട്ടിൽ നോക്കി ആൽവിച്ചൻ പറഞ്ഞതും അച്ചു അവനെ കൂർപ്പിച്ച് ഒന്നു നോക്കി.

എന്നെ നോക്കി കോക്കിരി കാണിച്ചിട്ട് ഒരു കാര്യവുമില്ല അവൾ വിളഞ്ഞ വിത്താ അതല്ലേ എമിയെ അവൾ കൃത്യമായിട്ട് പിടിച്ച് ഇവിടെ കിടത്തിയത്???? ഇന്നത്തെ പ്രശ്നത്തിൽ എന്റെ ഉറക്കം ഗോവിന്ദയായി എന്നുകരുതി വിഷമിച്ച് ഇരിക്കുവായിരുന്നു നിന്റെ ഉറക്കം കൂടി പോയെന്ന് അറിഞ്ഞപ്പോൾ ഒരു മനഃസുഖം. ആൽവിച്ചൻ ലോട്ടറി അടിച്ച കണക്ക് സന്തോഷത്തിൽ പറഞ്ഞു. അത് കണ്ടതും അച്ചു അവനെ നോക്കി പുച്ഛിച്ച് അവരുടെ ബെഡിന് അരികിലേക്ക് നടന്നു. അങ്ങനെ ഇപ്പൊ നീയൊക്കെ രണ്ടും കൂടി ഇവിടെ സുഖിച്ചു കിടക്കണ്ട, ഞാനും ഉണ്ട് ഇവിടെ. പറയുന്നതിനൊപ്പം തന്നെ അച്ചു എമിയുടെ അരികിൽ കിടന്നു കഴിഞ്ഞിരുന്നു. അവന്റെ പ്രവർത്തി കണ്ട് അനുവും ആൽവിച്ചനും കിളി പാറിയത് കണക്ക് നിന്നു. എമിക്ക് ആകട്ടെ ചിരിയാണ് വന്നത്. എങ്കിൽ പിന്നെ ഞാനും ഉണ്ട്.... ആൽവിച്ചനും വിട്ടുകൊടുത്തില്ല ഓടിച്ചെന്ന് അനുവിന്റെ അരികിൽ സ്ഥാനം പിടിച്ചു. നിങ്ങളുടെ ഭാര്യ മുറിയിൽ ഇല്ലേ മനുഷ്യാ പിന്നെന്തിനാ ഇവിടെ വന്നു കിടക്കുന്നത്????? എമി അവനെ നോക്കി പിരികം ഉയർത്തി.

ചെന്നിട്ട് വേണം അവൾ എന്റെ വായിൽ പഴംതുണി തിരുകി ചുറ്റികയ്ക്ക് അടിക്കാൻ. കുറച്ചു കൂടി കാലം ഈ ഭൂമിയിൽ ജീവിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ വിചാരം ഉണ്ടായിട്ടാണോ താൻ ഏട്ടത്തിയുടെ മുന്നിൽ വെച്ച് കോഴിപ്പണിക്ക് പോയത്????? അച്ചു തല ഒന്നു പൊക്കി ആൽവിയെ നോക്കി. അത് പിന്നെ... തെറ്റ്‌ ചെയ്യാത്തവരായി ആരുണ്ട് മോനൂ. ആൽവിച്ചൻ വിത്ത് വളിച്ച ഇളി. ഇങ്ങനെയുമുണ്ടോ മനുഷ്യർ എന്ന കണക്ക് മൂന്നുപേരും അവനെ ഒരു നോട്ടം. നിങ്ങൾ ഇങ്ങനെ നോക്കാതെ എനിക്ക് നാണം ആവുന്നു... നഖം കടിച്ച് ആൽവിച്ചൻ നാണം അഭിനയിച്ചു. എന്ത് ചീഞ്ഞ എക്സ്പ്രഷൻ ആടോ???? അതെന്താ എന്നെപോലെ സിമ്പിൾ എക്സ്പ്രഷൻ ഇടുന്ന ആണുങ്ങളെ പെൺകുട്ടികൾക്ക് ഇഷ്ടമായില്ലേ don't they like???? എമിയെ നോക്കി അവൻ രണ്ട് പിരികവും പൊക്കി കാണിച്ചു. മതി മതി... ഇന്നത്തെ കോട്ട കഴിഞ്ഞു ഇനി നാളെ. അച്ചു പറഞ്ഞു. മതിയെങ്കിൽ മതി.... ആൽവിച്ചൻ തത്കാലത്തേക്ക് ചുണ്ടിന് സിബ്ബിട്ടു. ഇതെന്താ ഇവിടെ???? ശബ്ദം കേട്ട് നോക്കിയതും ഡോറും തുറന്ന് അന്തംവിട്ടു നിൽക്കുന്ന റിയ. ഞങ്ങൾ എല്ലാവരും ഇന്നിവിടെ കിടക്കണം എന്ന് അനുവിന് ഒരേ നിർബന്ധം. കല്യാണപ്പെണ്ണല്ലേ ആ ആഗ്രഹം അങ്ങ് സാധിച്ചു കൊടുക്കാം എന്ന് ഞങ്ങളും കരുതി.

നീ പോയി പിള്ളേരെ നോക്കിക്കോ ഞാനിന്ന് ഇവിടെയാ.... ആൽവിച്ചൻ ചാടി കയറി പറഞ്ഞ് റിയയെ പറഞ്ഞു വിടാൻ ഭാവിച്ചു. അയ്യടാ... അങ്ങനെ ഇപ്പൊ നിങ്ങൾ മാത്രമായിട്ട് കിടക്കണ്ട ഞാനും ഉണ്ട് ഇന്നിവിടെ. മുറിയിലേക്ക് കയറി ഡോർ ചാരി പറഞ്ഞുകൊണ്ട് റിയ ബെഡിലേക്ക് നടന്ന് ആൽവിച്ചനെ തട്ടി മാറ്റി അനുവിനും ആൽവിച്ചനും നടുവിലേക്ക് നൂണ്ടു കയറി കിടന്നു. എടീ നീയിവിടെ കിടന്നാൽ എങ്ങനെ ശരിയാവും പോയി പിള്ളേരെ നോക്കെടീ.... ആൽവിച്ചൻ എഴുന്നേറ്റിയിരുന്ന് പറഞ്ഞു. പിള്ളേരെ ഇന്നത്തേക്ക് അമ്മച്ചി നോക്കിക്കോളും. ഞാൻ എന്നതായാലും ഇവിടെയാ നിങ്ങൾക്ക് പറ്റിയില്ലെങ്കിൽ നിങ്ങൾ എഴുന്നേറ്റു പൊക്കോ. റിയ അവനെ നോക്കി പുച്ഛിച്ച് അനുവിനെ ചുറ്റിപ്പിടിച്ചു. രണ്ട് പിള്ളേരുടെ അമ്മയാ കൊച്ചുങ്ങളെ ഇട്ടിട്ട് ഇവിടെ വന്നു കിടക്കുന്നത് പോയി പിള്ളേരെ നോക്ക് തള്ളേ.... എമി കുസൃതിയോടെ പറഞ്ഞു. അങ്ങനെ ഇപ്പൊ ഞാനില്ലാതെ നിങ്ങൾ അടിച്ചു പൊളിക്കണ്ട.... റിയ കുറുമ്പോടെ പറഞ്ഞ് അവർക്ക് അരികിലേക്ക് ചേർന്ന് കിടന്നു. ഇനിയിപ്പൊ എഴുന്നേറ്റ് പോയിട്ട് കാര്യമില്ല എന്നറിയാവുന്നതിനാൽ ആൽവിച്ചനും ബെഡിലേക്ക് തന്നെ കിടന്നു. കിങ് സൈസ് ബെഡ് ആയത് കൊണ്ട് കൊള്ളാം അല്ലെങ്കിൽ ഇപ്പൊ എല്ലാം കൂടി തറയിൽ കിടന്നേനെ.

അനുവിന്റെ വാക്കുകൾ കേട്ടവർ ചിരിച്ചു. അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടിയും കുഞ്ഞുനാളിലെ കുസൃതികൾ പറഞ്ഞും കളിയാക്കിയും ഒത്തിരി നേരം അവർ ഉറങ്ങാതെ അങ്ങനെ കിടന്നു. ഒടുവിൽ എപ്പോഴോ കണ്ണുകളെ നിദ്ര വന്ന് മൂടിയതും പതിയെ ഓരോരുത്തരായി മയക്കത്തിലേക്ക് വഴുതി വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാവിലെ കല്യാണപെണ്ണിനെ വിളിച്ചുണർത്താൻ എത്തിയ സാറാ അവിടുത്തെ കാഴ്ച കണ്ട് ഞെട്ടി. ബെഡിൽ മീൻ ഉണക്കാൻ ഇട്ടിരിക്കുന്നത് പോലെ അടുങ്ങി കിടക്കുന്ന മക്കളും മരുമക്കളും. അച്ചു,എമി,അനു,റിയ,ആൽവിച്ചൻ അങ്ങനെയാണ് കിടപ്പ്. അച്ചു എമിയെ ചുറ്റിപ്പിടിക്കുന്നതിനൊപ്പം അനുവിനെയും ചേർത്ത് പിടിച്ചിട്ടുണ്ട്. എമി ആകട്ടെ അച്ചുവിനെ കെട്ടിപിടിച്ചു കിടക്കുമ്പോഴും അവളുടെ ഒരു കാല് അനുവിന്റെ ദേഹത്താണ്. അനു എമിയേയും റിയയെയും ഒരുപോലെ കെട്ടിപ്പിടിച്ചിട്ടുണ്ട്. ആൽവിച്ചന്റെ കിടപ്പാണ് കൂട്ടത്തിൽ കോമഡി റിയയേയും അനുവിനെയും കെട്ടിപ്പിടിച്ചിട്ടുണ്ട് അതിനൊപ്പം അവരുടെ മേൽ കാലും എടുത്ത് വെച്ചിട്ടുണ്ട് അത് എമിയേയും കടന്ന് അച്ചുവിന്റെ ദേഹത്ത് നീണ്ട് കിടപ്പുണ്ട്. എല്ലാത്തിന്റെയും കിടപ്പ് കണ്ട് സാറാ തലയ്ക്ക് കൈകൊടുത്തു പോയി. ഇതുങ്ങളെ ഇതെങ്ങനെ എഴുന്നേൽപ്പിച്ച് വിടും എന്റെ മാതാവേ!!!!!!!

മുകളിലേക്ക് കൈ മലർത്തി പറഞ്ഞവർ അറ്റത്ത് കിടക്കുന്ന ആൽവിച്ചന്റെ അടുത്ത് ചെന്ന് നിന്നു. എടാ ആൽവീ... ഡാ എഴുന്നേൽക്കെടാ... വിളിക്കൊപ്പം അവന്റെ പുറത്ത് വലിച്ച് ഒരു അടിയും. അടിയുടെ ഞെട്ടലിൽ ചാടി എഴുന്നേറ്റ ആൽവിച്ചൻ ദാ കിടന്നു മൂടും അടിച്ച് താഴെ. എന്റമ്മോ റിയ എന്റെ നടു ചവിട്ടി ഒടിച്ചേ..... വലിയ വായിൽ കാറിക്കൊണ്ട് ആൽവിച്ചൻ എഴുന്നേറ്റ് കുത്തിയിരുന്നു. ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ... വല്ല പെൺപിള്ളേരേം സ്വപ്നം കണ്ട് കിടന്ന് അലച്ചു കെട്ടി താഴെ വീണതും പോരാഞ്ഞിട്ട് എന്റെ പേര് പറഞ്ഞാൽ കാല് മടക്കി തൊഴിക്കും ഞാൻ..... ആൽവിച്ചന്റെ കാറലിൽ ഞെട്ടി ഉണർന്ന റിയ അവന്റെ കാറൽ കേട്ട് അവന് നേരെ ചീറി. രണ്ടുപേരും പരസ്പരം പോര് കോഴികളെ പോലെ നോക്കി മുഖം വെട്ടിച്ചതും മുന്നിൽ അതാ ഇടുപ്പിൽ കൈകുത്തി നിന്ന് അവരെ ദഹിപ്പിച്ച് നോക്കുന്ന സാറാ. അതോടെ ഏറെക്കുറെ എന്താണ് നടന്നത് എന്ന് ഇരുവർക്കും കത്തി. സാറായെ നോക്കി വളിച്ച ഇളിയോടെ ഒരാൾ ബെഡിൽ നിന്നും മറ്റൊരാൾ നിലത്ത് നിന്നും എഴുന്നേറ്റു. പിന്നെ മുറിക്ക് പുറത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. രണ്ട് പിള്ളേരുടെ തന്തയും തള്ളയുമാണ്.... ഇനി ആ പിള്ളേര് എങ്ങനെ ആവുമോ എന്തോ????? ആരോടെന്നില്ലാതെ പറഞ്ഞവർ അടുത്ത ആളെ വിളിച്ചുണർത്താൻ തിരിഞ്ഞു. ഡീ അനൂ....... എഴുന്നേൽക്കെടീ ഇന്ന് നിന്റെ കല്യാണമല്ലേ?????? സാറാ അവളെ കുലുക്കി വിളിച്ചു. അയ്യോ എന്റെ കല്യാണം.....

അനു അലച്ചു കൂവികൊണ്ട് ചാടി എഴുന്നേറ്റ് ബെഡിൽ ചമ്രം പടിഞ്ഞിരുന്നു. അല്ലാത്തപ്പൊ മൂട്ടിൽ വെയിൽ അടിച്ചാലും എഴുന്നേൽക്കാത്തവളാ കല്യാണം എന്ന് പറഞ്ഞതും ചാടി എഴുന്നേറ്റിരിക്കുന്നു. സാറായുടെ കളിയാക്കലിൽ ചമ്മി അവളൊന്ന് ചിരിച്ചു. ഇരുന്ന് ഇളിക്കാതെ എഴുന്നേറ്റു പോയി കുളിയെടീ.... ആ അലർച്ചയോടെ ബെഡിൽ നിന്ന് ചാടി ഇറങ്ങി അനു വാഷ്റൂമിലേക്ക് ഒരു പാച്ചിൽ ആയിരുന്നു. അങ്ങനെ വന്ന കാര്യം പാതി സാധിച്ചു. ഇനി ഈ രണ്ടെണ്ണത്തിനെ ഞാൻ എന്ത് കാണിച്ച് ഉണർത്തും എന്റെ അന്തോണീസ് പുണ്യാളാ!!!!!!!! ബെഡിൽ കിടന്ന് സുഖമായി ഉറങ്ങുന്ന എമിയേയും അച്ചുവിനെയും നോക്കി അവർ നെടുവീർപ്പിട്ടു. ഇത്രയും ബഹളങ്ങൾ അരങ്ങേറിയിട്ടും കൂടെ കിടന്നതുങ്ങൾ എല്ലാം എഴുന്നേറ്റ് ഓടിയിട്ടും രണ്ടെണ്ണവും ഒന്നും അറിഞ്ഞിട്ടേയില്ല. ഉറക്കത്തിന്റെ കാര്യത്തിൽ ഇത്രയും ഒത്തൊരുമയുള്ള ഒരു ഭാര്യയും ഭർത്താവും ഭൂമി മലയാളത്തിൽ വേറെ കാണില്ല. സാറാ വിളിച്ചുണർത്താൻ ആഞ്ഞു. കഴിഞ്ഞ തവണ പൊരിച്ചമീൻ അടിച്ചു മാറ്റിയ കഥ പറഞ്ഞവളാ അടുത്തത് ഇനി എന്താണോ എന്തോ????? അച്ചൂ... എമീ... എഴുന്നേറ്റേ..... സാറാ രണ്ടിനെയും വിളിയോട് വിളി. ആര് എഴുന്നേൽക്കാൻ???? വേറെ വഴിയൊന്നും ഇല്ലെന്ന് കണ്ടതും ടേബിളിൽ ഇരുന്ന ജഗിലെ വെള്ളം എടുത്ത് രണ്ടിന്റെയും തല വഴി കമത്തി.

അയ്യോ മഴ!!!!!!!! ഒരേസ്വരത്തിൽ അലറി കൊണ്ടവർ എഴുന്നേറ്റു. എന്താ ചേർച്ച..... മഴയല്ല പുഴ.... എന്റെ കൈക്ക് പണി ഉണ്ടാകാതെ രണ്ടും എഴുന്നേറ്റ് പോവുന്നുണ്ടോ????? സാറാ ശബ്ദം ഉയർത്തിയതും മുഖം തുടച്ച് രണ്ടുപേരും ബെഡിൽ നിന്നിറങ്ങി സാറായുടെ കവിളിൽ ഒന്നു മുത്തി പുറത്തേക്ക് ഓടി. ഇങ്ങനെ രണ്ട് തല്ല് കൊള്ളികൾ..... ചിരിയോടെ അവർ പോയ വഴിയേ നോക്കി പറഞ്ഞ് സാറാ മുറിവിട്ട് ഇറങ്ങി പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 Cloud white നിറത്തിലുള്ള എ ലൈൻ സ്ലീവ്ലെസ്സ് ഗൗൺ ആയിരുന്നു അനുവിന്റെ വേഷം. മുടി മെസ്സി ബൻ ചെയ്ത് വെയിൽ സെറ്റ് ചെയ്തു. സിമ്പിൾ ആൻഡ് ഇലഗെന്റ് ആയി മേക്കപ്പ് ചെയ്ത് അവളെ കൂടുതൽ സുന്ദരിയാക്കി. ബോക്കെ പിടിച്ച് ഇറങ്ങി വരുന്നവളെ ഒരുനിമിഷം എല്ലാവരും നോക്കി നിന്നുപോയി. പോളും അച്ചുവും ആൽവിയും എല്ലാം നിറഞ്ഞ ചിരിയോടെയാണ് ആ കാഴ്ച കണ്ടത്. പ്രാർത്ഥന ചൊല്ലി അനുഗ്രഹം വാങ്ങി അവർ എല്ലാം പള്ളിയിലേക്ക് തിരിച്ചു. പള്ളിയിൽ എത്തിയതും അനുവിനെ കാറിൽ നിന്ന് ഇറക്കിയത് എഡ്ഢി ആയിരുന്നു. ഇരുവരും കൈകോർത്തു പിടിച്ച് പള്ളിക്ക് അകത്തേക്ക് കയറി. ഇരുവരുടെയും മുഖത്ത് തിളക്കമാർന്ന ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു. കുർബാന തുടങ്ങിയതും അനുവും എഡ്ഢിയും അൾത്താരയ്ക്ക് അഭിമുഖമായി നിന്നു.

പുരോഹിതൻ ആശിർവദിച്ച് നൽകിയ മിന്ന് എഡ്ഢി അനുവിനെ ചാർത്തി. മന്ത്രകോടി കൈമാറി ക്രൂശിത രൂപത്തിന് മുന്നിൽ കല്യാണ ഉടമ്പടി ഏറ്റു ചൊല്ലി. അങ്ങനെ അനു എഡ്ഢിയുടെ പാതിയായി തീർന്നു. കുർബാന കഴിഞ്ഞതും ഒന്നു രണ്ട് ഫോട്ടോസ് എടുത്ത് അനുവിനെ മന്ത്രകോടി ഉടുപ്പിക്കാൻ കൊണ്ടുപോയി. മന്ത്രകോടി ഉടുത്ത് വന്നതും പിന്നെ കേക്ക് കട്ടിങ്ങും ഫോട്ടോഷൂട്ടും. ക്യാമറമാന്മാർ പറയുന്നതിന് അനുസരിച്ചായി പിന്നീടുള്ള കാര്യങ്ങൾ. രണ്ടുപേരുടെയും പെടാപ്പാട് കണ്ട് ബാക്കിയുള്ള ജോടികൾ നിന്നു. പെണ്ണുങ്ങൾക്ക് എല്ലാം സാരി ആയിരുന്നു വേഷം. സാരി ഉടുത്ത് കുഞ്ഞിനെയും പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞ് റിയ ജിച്ചൂട്ടനെ ആൽവിച്ചനെ ഏൽപ്പിച്ചു. ആൽവിച്ചന്റെ വായിനോട്ടത്തിന് കൊടുത്ത മറുപണി ആണെന്നത് ഉടുതുണി ഇല്ലാത്ത ഒരു പച്ചയായ സത്യം. ജോക്കുട്ടൻ എമിയുടെയും അച്ചുവിന്റെയും അടുത്തായി മാറി മാറി നിന്നു. റോണിയും അപ്പുവും വായിനോക്കാൻ നിന്നില്ല. തലേന്നത്തെ കോഴിത്തരത്തിന് നിവിയുടെയും മറിയാമ്മയുടെയും വക നല്ലത് കിട്ടിയിട്ടുണ്ടേ. ഒടുവിൽ ഫുഡ് കഴിക്കാനുള്ള നേരം എത്തിയതും ഫസ്റ്റ് പന്തിയിൽ തന്നെ എല്ലാം കൂടി ഇടിച്ചു കയറി. ഫ്രൈഡ് റൈസ് ആൻഡ് ചില്ലി ചിക്കൻ ആയിരുന്നു ഫുഡ്.

രാവിലെ എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് ബ്രേക്ക്ഫാസ്റ്റ് ഒക്കെ കണക്കായിരുന്നു അതുകൊണ്ട് ആരും തന്നെ പരസ്പരം കളിയാക്കലിന് നിൽക്കാതെ ഫുഡിങ്ങിൽ ശ്രദ്ധ ചെലുത്തി. ഫുഡ് കഴിഞ്ഞതും ഐസ്ക്രീം ഡെസേർട്ട് ഒരുക്കിയിരുന്നു. അതും കഴിച്ച് ഓരോരുത്തരായി പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അനുവിനെ എഡ്ഢിയുടെ വീട്ടിൽ ആക്കാൻ എല്ലാവരും ചേർന്ന് ഇറങ്ങി. അത്രനേരം നിലനിന്ന സന്തോഷത്തിന് ചെറിയൊരു മങ്ങൽ ഏറ്റിരുന്നു. എഡ്ഢിയുടെ വീട്ടിൽ എത്തിയതും ജെസ്സി അനുവിന് മെഴുകുതിരി കൊടുത്ത് കുരിശ് വരച്ച് അകത്തേക്ക് കയറ്റി പിന്നീടുള്ള ചടങ്ങുകളിലേക്ക് കടന്നു. ചടങ്ങുകൾ കഴിഞ്ഞ് കുറച്ച് നേരം അവിടെ ചിലവഴിച്ച് കുരിശിങ്കൽ ഉള്ളവർ എല്ലാം പോരാനിറങ്ങി. അതോടെ അനു കരച്ചിലിന്റെ വക്കിൽ എത്തി. എമിയും റിയയും എല്ലാം അവളുടെ നിൽപ്പ് കണ്ട് വേദന തോന്നി. നിറഞ്ഞ കണ്ണുകൾ പുറമെ കാണിക്കാതെ അവർ മുഖം തിരിച്ചു. കുറച്ചു നാളുകൾ കൊണ്ട് അനു അവരിൽ ഒരാൾ ആയിരുന്നു ഒരു കൂടപ്പിറപ്പിനെ പോലെ. അവളെ പിരിയുന്നത് അവർക്ക് ആലോചിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. സാറാ ആയിരുന്നു ആദ്യം കരച്ചിലിന് തുടക്കം കുറിച്ചത്. അത് അനു ഏറ്റെടുത്തു അമ്മയും മകളും കെട്ടിപ്പിടിച്ച് കരഞ്ഞു. പോൾ അവരെ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവർ ഇരുവരും പോളിന്റെ നെഞ്ചിൽ ചാരി നിന്ന് കണ്ണുനീർ പൊഴിച്ചു.

വേദനയോടെ മകളെയും ഭാര്യയെയും ചേർത്ത് പിടിക്കുമ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു. കരയുന്ന അനുവിനെ ഒന്നു നോക്കി സാറായെ അവളിൽ നിന്ന് പറിച്ചു മാറ്റി അവരെയും ചേർത്തു പിടിച്ച് അയാൾ തിരിഞ്ഞു നോക്കാതെ കാറിലേക്ക് കയറി. കരച്ചിൽ അടക്കാൻ കഴിയാതെ അനു വാ പൊത്തി ശബ്ദമില്ലാതെ തേങ്ങിയതും എമിക്കും റിയയ്ക്കും കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. ഇരുവരും ഒരുമിച്ച് അവളെ പുണരുമ്പോൾ അതുവരെ അടക്കി വെച്ച കണ്ണുനീർ അണപ്പൊട്ടി ഒഴുകി. അനുവിനെ മുറുകെ കെട്ടിപ്പിടിച്ച് അവർ വിങ്ങിപൊട്ടി. ആ കാഴ്ച കണ്ട് അച്ചുവിന്റെയും ആൾവിച്ചന്റെയും കണ്ണുകൾ നനഞ്ഞു. അനിവാര്യമായ ഒരു പറിച്ചു നടലാണ് പക്ഷെ അതിന്റെ നോവ് ഹൃദയത്തെ വരിഞ്ഞു മുറുക്കുകയാണ്. അയ്യേ നാണം ഉണ്ടോടീ ഇങ്ങനെ മൂന്നെണ്ണത്തിനും നിന്ന് മോങ്ങാൻ ദേ ഇങ്ങനെ കരഞ്ഞാൽ മുഖത്ത് വാരി പൊത്തിയ പുട്ടി എല്ലാം ഇളകി പോവും. നിറഞ്ഞ കണ്ണുകൾ തോളുയർത്തി തുടച്ച് മുഖത്തൊരു ചിരി അണിഞ്ഞ് ആൽവിച്ചൻ അവരെ റിയയെ പിടിച്ചു മാറ്റി, അച്ചു എമിയേയും എഡ്ഢി വന്ന് അനുവിനെ ചേർത്ത് പിടിച്ചു. എന്നാൽ അനു എഡ്ഢിയുടെ കൈ തട്ടി മാറ്റി അച്ചുവിന്റെ നെഞ്ചിലേക്ക് വീണു. എനിക്ക്.... എനിക്ക്... നിങ്ങളെ ഒന്നും പിരിയാൻ വയ്യ അഗസ്റ്റിച്ചാ....

എന്നെ... എന്നെയും കൂടി കൊണ്ടുപോ..... ഏങ്ങലടിച്ച് അവൾ പുലമ്പുമ്പോൾ അച്ചുവിന്റെ നെഞ്ചിൽ ചേർന്ന് നിന്നിരുന്ന എമിയുടെ കണ്ണുകളും നിറഞ്ഞൊഴുകി. അവളുടെ കരച്ചിൽ അത്രയും അച്ചുവിന്റെ നെഞ്ചിലാണ് ചെന്ന് വീണത്. കണ്ണുകൾ അവൻ ഇറുകെ അടച്ച് ഉള്ളിലെ സങ്കടം പിടിച്ചു നിർത്തി. അയ്യേ... എന്റെ അനൂട്ടി കരയുന്നോ???? ഇന്നലെ വരെ കല്യാണവും സ്വപ്നം കണ്ട് നടന്ന പെണ്ണാണോ ഇത്‌????? ദേ ഇങ്ങ് നോക്കിയേ.... അച്ചു അവളുടെ മുഖം പിടിച്ചുയർത്തി. ഒരു വിളിക്ക് അപ്പുറം ഞങ്ങൾ ഇല്ലേടീ???? നിനക്ക് എപ്പൊ വരാൻ തോന്നിയാലും വീട്ടിലേക്ക് വരാം അതിൽ ആരും ഒന്നും പറയില്ല. അതുകൊണ്ട് എന്റെ മോൾ കരയാതെ നല്ല കുട്ടിയായി നിന്നേ.... വാശിയോടെ നിറയുന്ന അവളുടെ ഇരുമിഴികളും തുടച്ച് കൊടുത്ത് അച്ചു അവളുടെ നെറുകിൽ ചുണ്ട് ചേർത്തു. അനുവിനെ അടർത്തി മാറ്റി എഡ്ഢിയെ ഒന്നു നോക്കി. അപ്പോഴേക്കും എഡ്ഢി വീണ്ടും അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. പോവാൻ ഇറങ്ങുന്നതിന് മുന്നേ അച്ചുവും ആൽവിയും ഒരേപോലെ എഡ്ഢിയെ ഒന്നു നോക്കി. രണ്ട് പേരുടെയും നോട്ടത്തിന്റെ അർത്ഥം അറിഞ്ഞെന്നോണം അവൻ അനുവിനെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അവർക്ക് നേരെ കണ്ണ് ചിമ്മി കാണിച്ചു. അവരെ ഒരിക്കൽ കൂടി നോക്കി റിയയെയും എമിയേയും ചേർത്ത് പിടിച്ചവർ നോവുന്ന മനസ്സോടെ കാറിന് അരികിലേക്ക് നടന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story