ഹൃദയതാളമായ്: ഭാഗം 177

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

രണ്ട് മൂന്നു ദിവസത്തെ വിശ്രമം ഇല്ലാത്ത അലച്ചിലിന്റെ ക്ഷീണം ചൂട് വെള്ളത്തിൽ കുളിച്ച് തീർത്ത് തല തുവർത്തി പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ അതാ ആവി പറക്കുന്ന ചായയുമായി എമി. ആദ്യമൊന്ന് പകച്ചെങ്കിലും അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ചുണ്ട് കൂട്ടിപ്പിടിച്ച് അവളിൽ നിന്ന് ചിരിയെ മറച്ചുപിടിച്ചു. ഇതെന്താ?????? കണ്ടാൽ അറിഞ്ഞൂടെ ചായ.... അത് മനസ്സിലായി ഇതെന്താ നിന്റെ കയ്യിലെന്നാ ചോദിച്ചത്????? ടവൽ ഹാങ്ങറിൽ വിരിച്ചിട്ട് അവളെ ഒന്നു നോക്കി. സാധാരണ ചായ എന്തിനാണോ ഉപയോഗിക്കുന്നത് അതിന് തന്നെ. ഗൗരവം ഒട്ടും കുറയ്ക്കാതെ അവളും പറഞ്ഞു. എങ്കിലേ ഞാൻ ചായ കുടിച്ചിട്ടാ വന്നത്. അച്ചുവിന്റെ മറുപടിയിൽ അവളുടെ മുഖം കറുത്തു. ചുണ്ടുകൾ കൂർത്തു. അവളുടെ ഭാവങ്ങൾ എല്ലാം ഇടംകണ്ണാലെ വീക്ഷിച്ച് അവൻ അവളെ മറികടന്ന് മിററിന് മുന്നിൽ ചെന്നു നിന്നു. ഉള്ളിൽ ഉണർന്ന നീരസത്തോടെ എമി അവന്റെ പ്രവർത്തികൾ നോക്കി നിൽപ്പുണ്ടായിരുന്നു. ഹാ.... എന്തായാലും നീ കൊണ്ടുവന്നതല്ലേ അവിടെ വെച്ചേക്ക് ഞാൻ കുറച്ച് കഴിയുമ്പൊ എടുത്ത് കുടിച്ചോളാം. മുടിയൊതുക്കുന്നതായി ഭാവിച്ച് അവൻ അലസമായി ടേബിളിൽ ചൂണ്ടി അവനൊന്ന് പറഞ്ഞു. അങ്ങനെ ഇപ്പൊ അത്ര ബുദ്ധിമുട്ടി ആരും ചായ കുടിക്കണമെന്നില്ല...

അവൾ ദേഷ്യത്തിൽ പറഞ്ഞവൾ അവനെയൊന്ന് നോക്കി. അവിടെ അപ്പോഴും മുടി ഒതുക്കി കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും ഇതൊക്കെ എന്റെ തെറ്റാ... പാവമല്ലേ ക്ഷീണം കാണും എന്നൊക്കെ കരുതി സ്വന്തം കൈകൊണ്ട് ചായ ഉണ്ടാക്കി കൊണ്ടുവന്ന് ഇങ്ങേർക്ക് കൊടുക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ?????? അരിശത്തോടെ പിറുപിറുത്തുകൊണ്ട് എമി ചായയുമായി അവനെ മറികടന്ന് പുറത്തേക്ക് പോവാൻ ആഞ്ഞു. പെട്ടെന്നായിരുന്നു അച്ചു അവളെ കൈമുട്ടിൽ പിടിച്ച് വലിച്ച് തന്നിലേക്ക് അടുപ്പിച്ചത്. പെട്ടെന്നായതിനാൽ അവൾ ഒരു ഞെട്ടലോടെ ചായ കപ്പിൽ പിടിമുറുക്കി. അപ്പോഴേക്കും അച്ചു അവളെ ഇരുചുമലിലുമായി പിടിച്ച് അവന് അഭിമുഖമായി നിർത്തിയിരുന്നു. തുളുമ്പി പോവാൻ ആഞ്ഞ ചായ ഒന്നു നോക്കി എമി അവനെ കൂർപ്പിച്ചു നോക്കി. അച്ചു ഒരു ചിരിയോടെ തന്നെ അവളെ നോക്കി നിൽപ്പുണ്ട്. ബോധമുണ്ടോ മനുഷ്യാ നിങ്ങൾക്ക്???? കയ്യിൽ ചായ ഇരിക്കുമ്പോഴാണോ പിടിച്ച് ഇതുപോലെ വലിക്കുന്നത്????? കൂർത്ത നോട്ടം അവന്റെ നേർക്ക് തൊടുത്ത് വിട്ടവൾ ചോദിച്ചു. അവൻ അപ്പോഴും ചിരിയോടെ അവളെ ഉറ്റുനോക്കി നിൽക്കുകയാണ്. ചിരിക്കുന്നോ????? ദേഷ്യത്താലേ അവൾ ഉണ്ടകണ്ണുകൾ ഒന്നുകൂടി ഉരുട്ടിയതും അച്ചു അവളുടെ കയ്യിൽ ഇരുന്ന ചായ വാങ്ങി ടേബിളിൽ വെച്ചു. ഈ ചായ ആര് ഉണ്ടാക്കിയതാന്നാ പറഞ്ഞത്?????? അവളെ ചുറ്റിപ്പിടിച്ച് അവൻ ചോദിച്ചതും അവളുടെ കവിളുകൾ വീർത്തു.

മര്യാദക്ക് തന്നപ്പോൾ വല്യ ജാഡ അല്ലായിരുന്നോ??? ഇനി അറിയണ്ട.... അവൾ ചുണ്ട് ഒരു വശത്തേക്ക് കോട്ടി. അപ്പൊ നീ പറയില്ലേ?????? അച്ചുവിന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. ഇല്ല പറയില്ല.... പരിഭവത്തോടെ അവൾ മുഖം ഒന്നു വെട്ടിച്ചു. അച്ചു അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ച് കഴുത്തിടുക്കിൽ ചുണ്ട് അമർത്തി മീശ കൊണ്ട് ഉരസി. അവന്റെ പ്രവർത്തിയിൽ ഇക്കിളി ഏറ്റവൾ ഒന്നു പുളഞ്ഞു. ഇച്ചായാ........ മുഖം വെട്ടിച്ചവൾ ഒന്നു കുതറാൻ ആഞ്ഞതും അച്ചു അവളെ അടക്കി പിടിച്ച് കഴുത്തിൽ വീണ്ടും ചുണ്ടുകൾ ചേർത്തു. ഇച്ചായാ... മതി... എനിക്ക് ഇക്കിളി ആവുന്നു.... കഴുത്തിൽ നിന്നവന്റെ മുഖം മാറ്റാൻ ശ്രമിച്ചവൾ പിടഞ്ഞു. അയ്യോ ഒന്നു നിർത്ത്.... ചായ ഞാനാ ഉണ്ടാക്കിയത്...... അവനെ നെഞ്ചിൽ തള്ളി മാറ്റാൻ കഴിയാതെ ആയതും അവളൊന്ന് ഉച്ചത്തിൽ പറഞ്ഞു. ഇതങ്ങോട്ട് നേരത്തെ പറഞ്ഞാൽ പോരായിരുന്നോടീ പൊടിക്കുപ്പീ???? കഴുത്തിൽ നിന്ന് മുഖം എടുത്ത് എമിയുടെ കവിളിൽ ഒന്നു കടിച്ചവൻ അവളെ നോക്കി. കവിൾ ഒന്ന് അമർത്തി തടവിക്കൊണ്ട് അവൾ അവന്റെ കൈ തട്ടി മാറ്റി അവനിൽ നിന്ന് തിരിഞ്ഞ് കൈകെട്ടി നിന്നു. അവളുടെ നിൽപ്പും മുഖഭാവങ്ങളും എല്ലാം കണ്ടവൻ അവളുടെ പിന്നിലായി നിന്ന് കഴുത്തിലൂടെ കൈകൊണ്ട് ചുറ്റി പിടിച്ചു. വെറുതെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ ഓരോന്ന് പറയുന്നതല്ലേടീ???? അവളുടെ കവിളിൽ ഒന്നു ചുണ്ട് അമർത്തി അച്ചു പറഞ്ഞു.

എമി മുഖം ചരിച്ച് കണ്ണുകൾ ഉയർത്തി അവനെ ഒന്നു നോക്കി. കണ്ണുകളിൽ കുസൃതിയും ചുണ്ടിൽ പുഞ്ചിരിയുമായി നിൽക്കുന്നവനെ കണ്ട് അവളുടെ മുഖം കൂർത്തു. കപടദേഷ്യം മുഖത്ത് അണിഞ്ഞവൾ നിന്നു. തുടരെ തുടരെ കവിളിൽ പതിയുന്ന ചുംബനങ്ങളിൽ മുഖത്തെ കള്ളദേഷ്യം അലിഞ്ഞ് ഇല്ലാതായി. പതിയെ അവനിലെ പുഞ്ചിരി അവളുടെ ചുണ്ടിലേക്കും വ്യാപിച്ചു. അവളിലെ പുഞ്ചിരി അറിഞ്ഞതും ഒരു കയ്യാൽ എമിയെ ചുറ്റിപൊക്കി എടുത്ത് മറുകയ്യിൽ ടേബിളിൽ ഇരുന്ന ചായ എടുത്ത് അവൻ ബെഡിലേക്ക് ഇരുന്നു. ഇന്ന് എന്താണ് പതിവില്ലാത്ത ശീലങ്ങൾ ഒക്കെ????? ചായ ഒന്നു സിപ് ചെയ്തുകൊണ്ട് അച്ചു അവളെ ഒന്നു നോക്കി. ഈ ചായ ഉണ്ടാക്കിയതാണോ????? അതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യങ്ങളല്ലേ????? നിസാരമായി അവൾ പറഞ്ഞു. എല്ലാവരും ചെയ്യുന്ന കാര്യമൊക്കെ തന്നെ സമ്മതിച്ചു. പക്ഷെ നീ അങ്ങനെ എല്ലാവരെയും പോലെ അല്ലല്ലോ????? അവളുടെ മൂക്കിൻതുമ്പിൽ ഒന്നു വലിച്ച് അവൻ ചിരിച്ചു. അവളും ആ മറുപടിയിൽ അറിയാതെ ചിരിച്ചു പോയി. കിടന്നിട്ട് ഉറക്കം വന്നില്ല ഇച്ചായാ... അതുമല്ല ഇന്നത്തെ എല്ലാവരുടെയും അവസ്ഥ, അതൊക്കെ ആലോചിച്ചപ്പോൾ മുറിയിൽ തന്നെ ഇരിക്കാൻ തോന്നിയില്ല. അമ്മച്ചിയെ കാണാൻ മുറിയിലേക്ക് പോയതാ അവിടെ ചെല്ലുമ്പോഴുണ്ട് അമ്മച്ചി ഡാഡിയുടെ മടിയിൽ തല വെച്ച് കിടന്ന് നല്ല ഉറക്കം. പിന്നെ ശല്യം ചെയ്യാൻ തോന്നിയില്ല. താഴെ എത്തിയപ്പോൾ ഏട്ടത്തിയും ജിച്ചൂട്ടനും ആൽവിച്ചനും ഒക്കെ ഉറക്കം തന്നെയാണ്.

കല്യാണത്തിന്റെ ക്ഷീണം കാണുമല്ലോ???? പിന്നെ അല്ലറ ചില്ലറ റിലേറ്റീവ്സ് എല്ലാം താഴെ ഉണ്ടായിരുന്നു. അവരൊക്കെ നമ്മൾ ക്ഷണിച്ചിട്ട് വനവരല്ലേ അപ്പൊ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടത് നമ്മളല്ലേ????? അമ്മച്ചി ഈയൊരു അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ ചെയ്തു കൊടുക്കുന്ന ഒരു കാര്യം ഞാൻ ചെയ്തു അത്രേ ഉള്ളൂ. അച്ചുവിനെ നോക്കി ഒന്നു കണ്ണ് ചിമ്മി അവൾ പറഞ്ഞു. അല്ലെങ്കിലും ആവശ്യ സമയത്ത് അവൾക്ക് വല്ലാത്തൊരു പക്വതയാണ്. എമിയെ നോക്കയിരിക്കെ മനസ്സിൽ ചിന്തിച്ചവൻ ചായ ഊതി ഊതി കുടിച്ചു. ചായ കുടിച്ചു കഴിഞ്ഞതും കപ്പ് അവൻ എമിയുടെ കയ്യിലേക്ക് കൊടുത്തു. ചായ കുടിച്ചിട്ടാണ് വന്നത് എന്ന് പറഞ്ഞിട്ട്????? കാലി കപ്പിൽ നോക്കി അവളൊന്ന് നെറ്റി ചുളിച്ചു. അത് ചുമ്മാ നിന്നെ ഒന്നു എരി കേറ്റാൻ പറഞ്ഞതല്ലേ????? കണ്ണിറുക്കി ചിരിച്ചവൻ പറഞ്ഞതും അവളുടെ മുഖം ചുവന്നു. അടുത്ത നിമിഷം തന്നെ കൈ ഉയർത്തി അവന്റെ മീശതുമ്പിൽ പിടിച്ച് ഒരു വലി ആയിരുന്നു. ഡീീീ........... വേദനയാൽ അച്ചു ഉച്ചത്തിൽ അലറിയതും എമി ചാടി എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് ഓടി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒരു ചിരിയോടെ അച്ചുവിൽ നിന്ന് ഓടി താഴേക്ക് ഇറങ്ങാൻ സ്റ്റെയറിന് അരികിൽ എത്തിയതും മുന്നിൽ നിന്ന ആളെ കണ്ടതും എമി ഓട്ടം നിർത്തി നേരെ നിന്നു. പോളിന്റെ വകയിലെ ഒരു ആന്റിയാണ്. അത്യാവശ്യം നല്ല പ്രായമുണ്ട് എങ്കിലും പയറ് പോലെയാണ് ഓടി നടക്കുന്നത്.

ആൾ ഒരു ജാതി സ്വഭാവം ആണ്. ചിട്ടയും വട്ടവും ഒക്കെയായി ജീവിക്കുന്നവർ പരിഷ്കാരം തീരെ ഇഷ്ടമല്ല. പോരാത്തതിന് എമിയെ കണ്ണിന് പിടിക്കില്ല. അവളെ കണ്ടതും അവരുടെ നെറ്റി അനിഷ്ടത്തോടെ ചുളിഞ്ഞു. എമി അവരെ നോക്കി വേണയോ വേണ്ടയോ എന്ന രീതിയിൽ ഒന്നു ഇളിച്ചു കാണിച്ചു. പെൺകുട്ടികളായാൽ അൽപ്പം ഒതുങ്ങി നടക്കണം അല്ലാതെ ഇങ്ങനെ ഒരു നിയന്ത്രണവുമില്ലാതെ ഓടി നടക്കുകയല്ല വേണ്ടത്. മുഖത്ത് അൽപ്പം പരിഹാസത്തോടെ അവർ എമിയെ നോക്കി. ഇതിന് ഷാളൊന്നും ഇല്ലേടീ പെങ്കൊച്ചേ???? എമി ഇട്ടിരുന്ന ടോപ്പും ലെഗ്ഗിങ്ങും നോക്കി അവർ കണ്ണ് കൂർപ്പിച്ചു. വീട്ടിൽ അല്ലെ അതാ ഇടാതിരുന്നത്. മനസ്സിൽ പ്രാകിക്കൊണ്ട് അവൾ വിനയം നടിച്ച് പറഞ്ഞു. വീട്ടിൽ ആണെന്ന് കരുതി ഇടരുത് എന്നാണോ???? നോക്ക് ഇവിടെ എത്ര ആണുങ്ങൾ ഉണ്ട് അവർക്കൊക്കെ മുന്നിൽ പോയി ഇങ്ങനെയാണോ നിൽക്കുന്നത്????? പെൺകുട്ടികൾ ആയാൽ മാറ് മറച്ച് വേണം വസ്ത്രം ധരിക്കാൻ അത് വീട്ടിൽ ആയാലും പുറത്തായാലും.... പോ ചെന്ന്... ഷാൾ എടുത്ത് ദേഹത്ത് ഇടാൻ നോക്ക്. ഗൗരവത്തിൽ അവർ പറഞ്ഞു. തിരികെ രണ്ട് പറയാൻ നാവ് തരിച്ചെങ്കിലും വെറുതെ പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല എന്നറിയാവുന്നതിനാൽ പല്ല് കടിച്ച് അവൾ തിരിഞ്ഞ് മുറിയിലേക്ക് നടന്നു. പോയ സ്പീഡിൽ തന്നെ അവൾ തിരികെ വരുന്നത് കണ്ട് അച്ചു നെറ്റി ചുളിച്ചു. എമി അവനെ ഒന്നു നോക്കി ദേഷ്യത്തിൽ എന്തൊക്കെയോ പതം പറഞ്ഞുകൊണ്ട് കയ്യിലുരുന്ന ചായ കപ്പ് ടേബിളിൽ വെച്ച് കബോർഡ് തുറന്ന് തിരയാൻ തുടങ്ങി. എത്ര തപ്പിയിട്ടും സാധനം കിട്ടിയില്ല.

അല്ല അങ്ങനെ ഒന്നു ഉണ്ടായാൽ അല്ലെ കിട്ടുന്നത്. ആകെ പാടെ പറയാൻ പേരിന് ഒരു ചുരിദാറോ മറ്റോ ഉണ്ട് അതല്ലാതെ ഉള്ളത് എല്ലാം ടോപ്പുകളും ജീൻസും ഷർട്ടും ബനിയനും ഒക്കെയാണ്. എമിക്ക് ആകെ ദേഷ്യം വന്നു തുടങ്ങിയിരുന്നു. നീയെന്നതാ ഈ തിരയുന്നത്????? കുറെ നേരമായുള്ള അവളുടെ തിരച്ചിൽ കണ്ടവൻ ചോദിച്ചു. ഷാൾ..... തിരച്ചിലിനിടയിൽ തന്നെ അവൾ മറുപടി കൊടുത്തു. ഷാളോ??? അതിപ്പൊ എന്തൊന്നിനാ???? അച്ചു കാര്യം മനസ്സിലാവാതെ ചോദിച്ചു. പെൺകുട്ടികൾ ഷാൾ ഇടാതെ നടക്കരുത് എന്ന് ഓർഡർ ഇട്ടു. സുപ്രീംകോടതി ഉത്തരവല്ലേ അനുസരിക്കാതിരിക്കാൻ പറ്റുവോ???? കൈയിൽ കിട്ടിയൊരു ഷാൾ എടുത്ത് രണ്ട് തോളിലേക്കുമായി ഇട്ട് അവൾ കബോർഡ് അടച്ച് തിരിഞ്ഞ് അവനെ നോക്കി. ആരുടെ മുന്നിലാ ചെന്ന് ചാടി കൊടുത്തത്????? അവളുടെ നിൽപ്പ് കണ്ട് ചിരി അടക്കിയവൻ ചോദിച്ചു. എക്സ്പൈറി ഡേറ്റ് കഴിഞ്ഞ ഒരു അമ്മച്ചിയില്ലേ ഡാഡിയുടെ മൂത്ത ആന്റി. ആളുടെ പ്രത്യേക ഓർഡർ ആണിത്. മുഖം ഇഷ്ടക്കേടോടെ ഒന്നു ചുളിച്ച് അവൾ പറഞ്ഞതും അച്ചു ചിരിച്ചു. ഏലിയാമ്മച്ചി ആണോ????? എലിയോ പല്ലിയോ ആരായാലും അവരെ എനിക്ക് അങ്ങ് പിടിച്ചില്ല. വന്ന അന്ന് തൊട്ട് എന്നെ ഓരോന്ന് പറഞ്ഞ് ചൊറിയുന്നതാ. ആദ്യം ഗർഭം ആയിരുന്നു ഇപ്പൊ ദേ അടക്കവും ഒതുക്കവുമായി.

ഒരു പണിയുമില്ലാതെ പരദൂഷണത്തിന് ഇറങ്ങിയേക്കുവാ. എമി പല്ല് ഞെരിച്ച് ദേഷ്യം തീർത്തു. എന്തായാലും ഇനി കുറച്ച് നേരം കൂടി സഹിച്ചാൽ മതിയല്ലോ അപ്പോഴേക്കും പെട്ടിയും കിടക്കയും എടുത്ത് പൊക്കോളും. അവൾ ആശ്വാസത്തോടെ പറഞ്ഞ് ചായക്കപ്പ് കയ്യിൽ എടുത്തവൾ പോവാൻ ആഞ്ഞതും അച്ചു അവളുടെ ഷാൾ വലിച്ചെടുത്ത് ബെഡിലേക്ക് എറിഞ്ഞു. നീ ഇങ്ങനെ പോയാൽ മതി. ഷാൾ ഇടാത്തതിന് ആരാ ഇപ്പൊ മൂക്കിൽ വലിച്ച് കയറ്റാൻ പോവുന്നത് എന്നറിയണമല്ലോ???? അച്ചു ഗൗരവത്തിൽ പറഞ്ഞു. എന്നിട്ട് വേണം ഇനി അതിന്റെ പേരിൽ ഇവിടെ അടുത്ത പ്രശ്നം ഉണ്ടാവാൻ. ഇവരോട് ഒന്നും നമ്മൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇച്ചായാ. എല്ലാം പൊട്ടകിണറ്റിൽ കിടക്കുന്ന തവളകളെ പോലെയാണ് അവരായിട്ട് കരയ്ക്ക് കയറാൻ നോക്കുകയുമില്ല മറ്റുള്ളവരെ ഒട്ടു രക്ഷപ്പെടാൻ സമ്മതിക്കുകയുമില്ല. എതിർക്കാൻ ചെന്നാൽ അഹങ്കാരം തന്നിഷ്ടം മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ല സംസ്കാരമില്ല അങ്ങനെ അങ്ങനെ കേൾക്കാൻ പഴി ഒന്നും ബാക്കി കാണില്ല. എമി പറഞ്ഞുകൊണ്ട് ഷാൾ എടുത്ത് വീണ്ടും ദേഹത്ത് ഇട്ടു. എന്നു പറഞ്ഞ് ഇതൊക്കെ കണ്ട് മിണ്ടാതെ നിൽക്കണോ???? അച്ചുവിന് ദേഷ്യം വന്നു. ഇന്നൊരു ദിവസത്തേക്ക് അല്ലെ???? നല്ലൊരു ദിവസമായിട്ട് വെറുതെ ഒരു പ്രശ്നത്തിന് പോവണ്ട.

ഒന്നുമില്ലെങ്കിലും അവരൊക്കെ നമ്മുടെ ഗസ്റ്റ് ആണ്. വിളിച്ചു വരുത്തി അപമാനിച്ച് പറഞ്ഞയച്ചു എന്ന് പറയാൻ പാടില്ല. അവർ ജനിച്ചതും ശീലിച്ചതും എല്ലാം അങ്ങനെയാണ് അത് മറ്റുള്ളവരിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. തിരുത്താൻ ശ്രമിച്ചിട്ട് വലിയ പ്രയോജനം ഒന്നും ഉണ്ടാവാൻ പോവുന്നില്ല. *ചുട്ടയിലെ ശീലം ചുടല വരെ എന്ന് കേട്ടിട്ടില്ലേ????* പിന്നെ ആ പ്രായത്തെ എങ്കിലും നമ്മൾ ബഹുമാനിക്കണ്ടേ???? സന്തോഷത്തോടെ അവരെ ഇവിടുന്ന് പറഞ്ഞയക്കേണ്ട ബാധ്യത നമുക്ക് ഉണ്ട് അതിനിടയിൽ ഈ ഷാൾ പ്രശ്നം ഒരു ബ്ലാക്ക് മാർക്ക്‌ ആവണ്ട. അവർ പോവുന്നത് വരെ ഞാൻ ഷാൾ ഇടുന്നു. പിന്നെ അവർക്ക് അവരുടെ വഴി നമുക്ക് നമ്മുടെ വഴി അത്രേ ഉള്ളൂ. അച്ചുവിനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞവൾ ഷാൾ നേരെ ഇട്ട് മുറിവിട്ട് ഇറങ്ങി. അടുക്കളയിൽ ചെന്നവൾ ചായ കപ്പും അവിടെയുള്ള പാത്രങ്ങളും എല്ലാം കഴുകി വെച്ചു. അപ്പോഴേക്കും ഒരുവിധം ബന്ധുക്കൾ എല്ലാവരും പോവാൻ ഒരുങ്ങിയിരുന്നു. യാത്ര അയക്കാനായി കുരിശിങ്കൽ ഉള്ളവർ എല്ലാം പുറത്തേക്കിറങ്ങി. അവർക്കൊപ്പം പോവാൻ ഇറങ്ങിയ റോണി എമിയെ കണ്ടതും അവൾക്കരികിൽ എത്തി തോളിൽ കയ്യിട്ടു. ഇതെന്നതാടി ഇതുവരെ ഇല്ലാത്ത ഒരു പുതിയ ശീലം????? ഷാൾ പുതച്ച് നിൽക്കുന്ന അവൾക്ക് കേൾക്കാൻ പാകത്തിന് ചോദിച്ചു. അതൊക്കെ ഒരു കഥയാണ് മോനെ സൗകര്യപൂർവ്വം ഞാൻ പിന്നെ പറഞ്ഞു തരാം.

റോണിയുടെ കയ്യിൽ ഒന്നു പിടിച്ചവൾ പറഞ്ഞ് മുഖം തിരിച്ചതും രൂക്ഷമായി നോക്കുന്ന ഏലിയമ്മയെ കണ്ടവൾ കാര്യം അറിയാതെ നിന്നു. അപ്പോഴേക്കും അച്ചുവും അങ്ങോട്ട്‌ എത്തിയിരുന്നു. അവനെ കണ്ടതും അവരുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു. ഇറങ്ങുവാണോ????? അവൻ ചോദിച്ചു. അമ്മച്ചി ഇറങ്ങുവാടാ... ഇനി നിനക്ക് ഒരു കുഞ്ഞ് ജനിക്കുമ്പോൾ വരാം. ഹാ... അതൊക്കെ കാണാനുള്ള ഭാഗ്യം ഈ കിളവിക്ക് ഉണ്ടാകുവോ ആവോ????? അവരൊന്ന് നിർത്തി. പിന്നെ ഇപ്പോഴത്തെ പെൺപിള്ളേർക്ക് പ്രസവിക്കാൻ ഭയങ്കര ബുദ്ധിമുട്ട് അല്ലെ സൗന്ദര്യം എങ്ങാനും പോയാലോ????? പുച്ഛത്തോടെ അവർ ഒന്നു എമിയെ പാളി നോക്കി. അത് അവളെ കൊള്ളിച്ച് പറഞ്ഞതാണ് എന്ന് മനസ്സിലായെങ്കിലും എമി മറുതൊന്നും പറയാതെ കൈവിരലുകൾ ചുരുട്ടി ഉള്ളിൽ ദേഷ്യം അടക്കി. അച്ചു അതിന് മറുപടി എന്തോ പറയാൻ ആഞ്ഞതും അവരുടെ അടുത്ത ചോദ്യം ഉയർന്നിരുന്നു. അച്ചൂ ഇതേതാടാ ഈ ചെക്കൻ????? എമിയേയും അവളുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന റോണിയെയും അവജ്ഞയോടെ നോക്കിയവർ ചോദിച്ചു. ഇത് എമിക്ക് ആകെയുള്ള ഒരു കൂടപ്പിറപ്പ് എന്റെ ഒരേയൊരു അളിയൻ റോണി. റോണിയുടെ ചുമലിലൂടെ കയ്യിട്ട് അച്ചു ചിരിയോടെ പറഞ്ഞ് അവരെ രണ്ടുപേരെയും നോക്കി കണ്ണ് ചിമ്മി കാണിച്ചു. അവന്റെ വാക്കുകൾ മാത്രം മതിയായിരുന്നു എമിയുടെയും റോണിയുടെയും മനസ്സ് നിറയ്ക്കാൻ. റോണി അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു.

ആരായാലും ഇങ്ങനെ തോളിൽ കയ്യിട്ടുള്ള നിൽപ്പൊന്നും അത്ര ശരിയല്ല. അതും കല്യാണം കഴിഞ്ഞ ഒരു പെങ്കൊച്ചിന്റെ. അവരുടെ നാവ് വെറുതെ ഇരുന്നില്ല. പെട്ടെന്നുള്ള അവരുടെ സംസാരത്തിൽ അവിടെ നിന്നവർക്ക് എല്ലാം വല്ലായ്മ തോന്നി. എമിക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുപോലെ തോന്നി. ആദ്യമായാണ് ഒരാൾ അവളെയും റോണിയെയും പറ്റി അങ്ങനെ പറയുന്നത്. എന്തോ ഒരു വേദന അവൾക്ക് ഉള്ളിൽ അനുഭവപ്പെട്ടു. കല്യാണം കഴിഞ്ഞെന്ന് കരുതി ഇപ്പൊ എന്താ???? എമി ഇവന്റെ അനിയത്തി അല്ലാതെ ആവുമോ????? പിന്നെ എന്റെ ഭാര്യയുടെ തോളിൽ കയ്യിട്ട് നിന്നത് മറ്റാരുമല്ല അവളുടെ സ്വന്തം ആങ്ങളയാണ് അല്ലാതെ കാമുകനല്ല. ചിരിയോടെയാണ് അച്ചു പറഞ്ഞതെങ്കിലും അവന്റെ വാക്കുകൾക്ക് നല്ല മൂർച്ചയായിരുന്നു. അച്ചുവിന്റെ മറുപടിയിൽ അവരുടെ മുഖഭാവം പെട്ടെന്ന് മാറി. അടി കിട്ടിയത് പോലെ അവർ വിളറി. അമ്മച്ചീ വരുന്നുണ്ടോ ദേ സമയം പോവുന്നു. ഇനിയും നിന്നാൽ തന്റെ അമ്മ പലതും വിളിച്ചു പറയും എന്നറിയാവുന്നതിനാൽ അവരുടെ മകൻ ധൃതി കൂട്ടി. എങ്കിൽ പിന്നെ ഞാൻ ഇറങ്ങുവാ. എല്ലാവരോടുമായി പറഞ്ഞവർ ചുക്കി ചുളിഞ്ഞ കൈകളാൽ ആൽവിയുടെയും അച്ചുവിന്റെയും കവിളിൽ തലോടി. റിയയുടെ തോളിൽ കിടന്ന ജിച്ചൂട്ടന്റെ കവിളിൽ ഒന്നു മുത്തി. ജോക്കുട്ടന്റെ നെറ്റിയിൽ ചുംബിച്ച് റിയയെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആ നോട്ടം എമിയിലേക്ക് എത്തിയതും അവരുടെ മുഖം കറുത്തു.

അമർഷത്തോടെ മുഖം തിരിച്ചവർ മുറ്റത്തേക്കിറങ്ങി കാറിൽ കയറി ഇരുന്നു. അമ്മച്ചി ഒരു പ്രത്യേക സ്വഭാവക്കാരിയാ അതാ അങ്ങനെ ഒക്കെ പറഞ്ഞത്. ഒന്നും വിചാരിക്കല്ലേ മോളെ.... അവർ പോയ പിറകെ എമിയെ ഒന്നു നോക്കി അയാൾ പറഞ്ഞു. ഏയ്‌... അതൊന്നും സാരമില്ല അങ്കിൾ എനിക്ക് മനസ്സിലാവും. എമി അയാളെ നോക്കി പുഞ്ചിരിച്ചു. അയാൾ കൈ ഉയർത്തി അവളുടെ നെറുകിൽ ഒന്നു തലോടി. അപ്പോഴേക്കും കാറിൽ നിന്ന് തന്റെ അമ്മച്ചിയുടെ വിളി അയാളെ തേടി എത്തി. എല്ലാവരെയും ഒന്നു നോക്കി അയാൾ പുഞ്ചിരിയോടെ യാത്ര പറഞ്ഞ് കാറിന് അരികിലേക്ക് പോയി. എന്റെ പോന്നോ... ഒന്നു തോളിൽ കയ്യിട്ട് നിന്നതിനാണോ ഇത്രേം നേരം അവർ ദഹിപ്പിച്ച് നോക്കിയത്???? ഇങ്ങനെയും ഉണ്ടോ മനുഷ്യർ..... അവരുടെ കാർ മുറ്റത്ത് നിന്ന് നീങ്ങിയതും റോണി ചോദിച്ചു. ഇങ്ങനെയുള്ള കുറേ പുരാവസ്തുക്കൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടെടാ... അച്ചു ചിരി അമർത്തി പറഞ്ഞു. ആന്റിന അടിച്ചു പോയിട്ടും വർക്കിങ് ആയ ഒരു സിസിറ്റിവി. അതുവരെ മിണ്ടാതെ നിന്ന ആൽവിച്ചൻ ആയിരുന്നു അത് പറഞ്ഞത്. ആന്റിന അടിച്ചു പോയിട്ടും ഇപ്പോഴും കാര്യശേഷിയോടെ പ്രവർത്തിക്കുന്ന ആ സിസിറ്റിവിയുടെ ആത്മാർത്ഥ നമ്മൾ ആരും കാണാതെ പോവരുത്. അച്ചു കൂട്ടിച്ചേർത്തു. മതി രണ്ടും കൂടി മൂത്തവരെ കളിയാക്കിയത്. സാറാ അവരുടെ രണ്ടിന്റെയും കയ്യിൽ ചെറുതായ് അടിച്ചു കൊണ്ട് പറഞ്ഞു. അച്ചുവും ആൽവിയും കൈ തടവി സാറായെ ഒന്നു നോക്കി മുഖം വെട്ടിച്ചു.

എങ്കിൽ പിന്നെ ഞങ്ങളും അങ്ങോട്ട്‌ ഇറങ്ങുവാ.... ജോൺ വാച്ചിലേക്ക് നോക്കി പോളിനോടായി പറഞ്ഞു. ഹാ... നിൽക്കെടോ എന്താ ഇത്ര ധൃതി അത്താഴം ഒക്കെ കഴിഞ്ഞിട്ട് പോവാം. പോൾ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു. അതേ പപ്പാ... പിന്നെ പോവാം. എമി അയാളുടെ കയ്യിൽ തൂങ്ങി കൊഞ്ചി. ലീവ് എടുത്തത് കാരണം കുറച്ച് ജോലി പെന്റിങ്ങിൽ ഇട്ടിട്ടാ പോന്നത്. ഇന്ന് തന്നെ അത് തീർത്തില്ലെങ്കിൽ നാളെ ബാങ്കിൽ ചെല്ലുമ്പോൾ അതൊരു തലവേദന ആവും. എമിയോടും പോളിനോടുമായി അയാൾ പറഞ്ഞു നിർത്തി. പോൾ പിന്നെ മറുതൊന്നും പറയാൻ ശ്രമിച്ചില്ല. എങ്കിലും എമിയുടെ മുഖം വാടിയിരുന്നു. പിന്നെ ഒരു ദിവസം ഞങ്ങൾ വരാം കുഞ്ഞാ. എമിയെ ചേർത്ത് പിടിച്ച് അയാൾ നെറുകിൽ തലോടി. അല്ലെങ്കിൽ നീ ഞങ്ങളുടെ കൂടെ പോരെടീ..... റോണി പറഞ്ഞതും അവൾ അച്ചുവിനെ ഒന്നു നോക്കി. പിന്നെ റോണിയെ ഒന്നു കൂർപ്പിച്ചു നോക്കി. ഓഹ്... നീയിപ്പൊ പൂമുഖവാതിൽക്കലെ പൂന്തിങ്കൾ ആണല്ലോ???? ഞാനാ കാര്യം മറന്നു പോയി. I am the sorry മോളെ I am the sorry..... റോണി പറഞ്ഞു നിർത്തിയതും എമി അവന്റെ കയ്യിൽ നുള്ളി. ആാാഹ്.... നഖവും നീട്ടി വളർത്തി നടക്കുവാ യക്ഷി..... കൈ ഉഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞതും എമി അവനെ തല്ലാനായി കൈ ഉയർത്തി. അടി മാനത്ത് കണ്ട റോണി മുറ്റത്തേക്ക് ചാടിയിറങ്ങി ഓടി കാറിൽ കയറി ഇരുന്നു. ശരി ഞങ്ങൾ എന്നാൽ ഇറങ്ങുവാ.... പോൾ എല്ലാവരോടുമായി പറഞ്ഞ് എമിയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.

തിരികെ അയാളുടെ കവിളിൽ ഒന്നു ചുംബിച്ച് സ്റ്റെല്ലയെ കെട്ടിപ്പിടിച്ച് അവരുടെ ഇരുകവിളിലും മുത്തി. ജോണിന്റെ കയ്യിൽ തൂങ്ങി എമിയും പുറത്തേക്ക് ഇറങ്ങി. അച്ചുവും അവർക്ക് പിന്നാലെ ഇറങ്ങി. സ്റ്റെല്ല അച്ചുവിനോട് യാത്ര പറഞ്ഞ് കാറിലേക്ക് കയറി. ഇറങ്ങട്ടെ അച്ചൂ????? ജോൺ അവനെ ഒന്നു നോക്കി. അവൻ തിരികെ തലയാട്ടിയതും അയാൾ കാറിലേക്ക് കയറി. എമി അവരെ ഇരുവരെയും മാറി മാറി ഒന്നു നോക്കി. ഡീ... കുരിപ്പേ റ്റാറ്റാ..... കാറിൽ നിന്ന് വെളിയിലേക്ക് തലയിട്ട് റോണി പറഞ്ഞതും എമിയുടെ ശ്രദ്ധ അങ്ങോട്ടായി. ഇടി വാങ്ങും എന്ന രീതിയിൽ അവന് നേരെ ആക്ഷൻ കാണിച്ചവൾ ചിരിയോടെ അവന് നേരെ കൈ വീശി കാണിച്ചു. കാർ ഗേറ്റ് കടന്ന് പോയതും അച്ചുവിനൊപ്പം അവൾ അകത്തേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ആദ്യം എല്ലാവരും വിഷമിച്ച് ഇരുന്നെങ്കിലും ആൽവിച്ചനും എമിയും അച്ചുവും എല്ലാം ആക്റ്റീവ് ആയതോടെ പതിയെ എല്ലാവരും പഴയ രീതിയിൽ എത്തി. ജോക്കുട്ടന്റെയും ജിച്ചൂട്ടന്റെയും കളി ചിരികൾ കൂടി ആയതോടെ പതിയെ അനു ഇല്ലാത്ത വിടവ് അവർ മറക്കാൻ തയ്യാറെടുത്തു. അതിനിടയിൽ അനു വീഡിയോ കോൾ ചെയ്ത് എല്ലാവരോടും സംസാരിച്ചു. അവളുടെ മുഖത്തെ സന്തോഷം മാത്രം മതിയായിരുന്നു എല്ലാവരുടെയും മനസ്സ് നിറയ്ക്കാൻ. നാളെ തന്നെ അനുവും എഡ്ഢിയും വിരുന്തിന് എത്തും എന്നറിഞ്ഞതിനാൽ പിന്നീട് അതായി ചർച്ചാ വിഷയം. മകൾക്കും മരുമകനും വേണ്ടി ഒരുക്കേണ്ട വിഭവങ്ങളുടെ ലിസ്റ്റ് എടുക്കുന്ന സാറായുടെ ആവേശം കണ്ട് ചിരിയോടെ അവരെല്ലാം ഇരുന്നു. തുടരും...............

കഴിഞ്ഞ തവണ പോസ്റ്റ്‌ ചെയ്ത പാർട്ടിൽ ഒരു ചെറിയ മിസ്റ്റേക്ക് ഉണ്ട്. "ജാത്യാലുള്ളത് തൂത്താൽ പോവൂല" എമി പറഞ്ഞ ഒരു പഴംചൊല്ല് ആണ്. പക്ഷെ അതിന്റെ യഥാർത്ഥ അർത്ഥം താഴ്ന്ന ജാതിയിലുള്ളവരെ കളിയാക്കുന്നതായാണ് എന്ന് ഒരാളുടെ കമന്റ്‌ കാണുമ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. സത്യത്തിൽ പലരും പറഞ്ഞ് കേട്ടാണ് ഈ പഴംചൊല്ല് ഞാൻ അറിയുന്നത്. ജന്മനാ നമ്മൾ ശീലിക്കുന്നവ മാറ്റാരെക്കൊണ്ടും മാറ്റാൻ ആവില്ല എന്ന അർത്ഥത്തിൽ ആണ് അവരൊക്കെ പറഞ്ഞിട്ടുള്ളത് അതുകൊണ്ട് തന്നെ അതിന് ഇങ്ങനെ ഒരു അർത്ഥം ഉള്ളതായി എനിക്കറിയില്ല. ഇപ്പോഴാണ് ഞാൻ അത് അറിയുന്നത്. തെറ്റ്‌ തെറ്റാണ് എന്ന് മനസ്സിലായാൽ തിരുത്തണം എന്നാണല്ലോ അതുകൊണ്ട് തന്നെ വൈകി പോയി എങ്കിലും അറിയാതെ എഴുത്തിൽ ചെയ്തു പോയ തെറ്റ്‌ ഞാൻ ഇവിടെ തിരുത്തുന്നു. തൂലികയ്ക്ക് വായനക്കാരുടെ ചിന്തകളെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഒരിക്കലും തെറ്റായ ഒരു കാര്യം എന്റെ എഴുതിലൂടെ പ്രചരിക്കാൻ പാടില്ല എന്നെനിക്ക് നിർബന്ധമുണ്ട്. എവിടെയെങ്കിലും ഇതിന് മുന്നേ ഞാൻ ആ പ്രയോഗം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനെല്ലാം ഇപ്പൊ ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയതാണ്. പക്ഷെ അതൊരു വലിയ പിഴവ് തന്നെയാണ്. ആരെയെങ്കിലും ആ പരാമർശം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ I'm really sorry for that 🙏 ഈ പാർട്ടിൽ ഞാൻ ആ വാചകം തിരുത്തിയിട്ടുണ്ട് 😊

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story