ഹൃദയതാളമായ്: ഭാഗം 179

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

തിടുക്കത്തിൽ എല്ലാവരും പുറത്തേക്കിറങ്ങിയതും കാണുന്നത് പോളിനെ ചുറ്റിപ്പിടിച്ച് നിൽക്കുന്ന അനുവിനെയാണ്. അയാളും ഇരു കയ്യാൽ മകളെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്. രണ്ടുപേരുടെയും ചുണ്ടിൽ ഒരു ചിരിയുണ്ട്. പുഞ്ചിരിയോടെ അവരാ കാഴ്ച നോക്കി നിന്നു. കാറിൽ നിന്നിറങ്ങിയ എഡ്ഢിയുടെ ചുണ്ടിലും ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. പപ്പയുടെയും മോളുടെയും സന്തോഷ പ്രകടനം നോക്കി കാറിൽ നിന്ന് എന്തൊക്കെയോ കവറുകൾ കയ്യിൽ എടുത്ത് ഡോർ അടച്ചു. ആൽവിച്ചനും അച്ചുവും എഡ്ഢിയെ കണ്ടതും അവനെ സ്വീകരിക്കാൻ ഇറങ്ങി. പോളിൽ നിന്ന് അകന്നതും അനുവിന്റെ കണ്ണുകൾ സാറായിൽ എത്തി. അമ്മച്ചീ.......... ആഹ്ലാദത്തോടെ തെല്ലോന്ന് ഇടറിയ സ്വരത്തിൽ വിളിച്ചവൾ അവരിലേക്ക് അടുത്തു. മുറുകെ അവരെ പുണർന്നാണ് അവൾ സന്തോഷവും ഒരു ദിവസം പിരിഞ്ഞിരുന്ന ദുഃഖവും അറിയിച്ചത്. സാറാ അവളെ ചേർത്ത് പിടിച്ച് മുടിയിൽ തഴുകി. ചുണ്ടിലെ പുഞ്ചിരിക്കൊപ്പം ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. എത്ര ചേർത്ത് നിർത്തിയിട്ടും മതിയാവാത്തത് പോലെ സാറായുടെ കൈകൾ അവളെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു. ഒരു നിമിഷം ആ കാഴ്ച നോക്കി നിന്ന എമിയുടെ മനസ്സിൽ ആദ്യമായി വീട്ടിലേക്ക് വിരുന്തു പോയ ദിനം തെളിഞ്ഞു. ചേർത്ത് പിടിക്കേണ്ടിടത്ത് സ്റ്റെല്ലയിൽ നിന്ന് നേരിടേണ്ടി വന്ന വഴക്കും ശാസനയും ഓർമ്മയിൽ എത്തിയതും എന്തിനോ വേണ്ടി അവളുടെ കണ്ണുകളിൽ ഒരിറ്റ് നീർതുള്ളി പൊടിഞ്ഞു.

അതെപ്പോഴും അങ്ങനെയാണ് അവഗണിക്കപ്പെടുന്ന നോവ് ഒരിക്കലും മനസ്സിൽ നിന്ന് ഒരുനാളും മാഞ്ഞു പോവുകയില്ല. ഇടയ്ക്കിടെ കുത്തി നോവിക്കുന്ന ഒരു മുറിവായി ഹൃദയത്തിൽ അങ്ങനെ ഉണങ്ങാതെ മായാതെ കിടക്കും. ഓർമ്മയിൽ അങ്ങനെ മുഴുകി നിൽക്കവെ പെട്ടെന്നായിരുന്നു അനു അവളെ ഇറുകെ പുണർന്നത്. ഒന്നു ഞെട്ടി മുഖം തിരിച്ചു നോക്കിയതും അനു അവളെയും റിയയെയും ഒരുപോലെ ചുറ്റിപ്പിടിച്ചിരുന്നു. Missed you both badly..... അവളുടെ വാക്കുകൾ കേട്ടതും എമിയും റിയയും ഒരുപോലെ പുഞ്ചിരിച്ചു. Missed you too. തിരികെ അവളെ ചേർത്ത് പിടിച്ച് അവർ ഒരുമിച്ച് പറഞ്ഞു. ഉവ്വ.... ഞാൻ പോയത് സമാധാനം എന്ന് കരുതിയിട്ടുണ്ടാവും രണ്ടും. അനു അവരിൽ നിന്ന് വിട്ടുമാറി നിന്ന് കപട ഗൗരവത്തിൽ അവരെ രണ്ടിനെയും മാറി മാറി നോക്കി. അല്ലെങ്കിലും ചില കാര്യങ്ങൾ ഇവൾ വാസ്തവമേ പറയൂ. ഇന്നലെ കൂടി ഇവളുമാർ ശല്യം ഒഴിഞ്ഞു പോയല്ലോ എന്ന് പറഞ്ഞ് ആശ്വസിച്ചതാ അത് ആരും പറയാതെ തന്നെ മനസ്സിലാക്കി കളഞ്ഞല്ലോ???? നിനക്ക് ഇനി വല്ല ജ്ഞാനദൃഷ്ടിയും ഉണ്ടോടീ????? എഡ്ഢിയുടെ തോളിലൂടെ കയ്യിട്ട് അങ്ങോട്ട്‌ എത്തിയ ആൽവിച്ചന്റെ ചോദ്യം കേട്ടതും അനുവിന്റെ കണ്ണുകൾ കൂർത്തു. അയ്യടാ.... ഇവിടെ വേറെയാര് ഇങ്ങനെ പറഞ്ഞെന്ന് ആൽവിച്ചൻ പറഞ്ഞാലും ചിലപ്പൊ ഞാൻ വിശ്വസിച്ചേനെ.

പക്ഷെ എന്റെ നാത്തൂന്മാർ പറഞ്ഞെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. അനു ആൽവിച്ചനെ നോക്കി പുച്ഛിച്ച് റിയയുടെയും എമിയുടെയും കഴുത്തിലൂടെ ഒരേപോലെ ചുറ്റിപ്പിടിച്ച് അനു പറഞ്ഞു. അത് കേട്ടതും അവർ രണ്ടുപേരും ആൽവിച്ചനെ നോക്കി ഇപ്പൊ എങ്ങനുണ്ട് എന്ന ഭാവത്തിൽ ഒരേപോലെ പിരികം ഉയർത്തി കാണിച്ചു. വോ... ഒരു നാത്തൂന്മാർ വന്നിരിക്കുന്നു. പണ്ട് പാണ്ടിദുരയും കറുപ്പയ്യ സാമിയുമായി നടന്നതുങ്ങളാ ഇപ്പൊ തോളിൽ കയ്യിട്ട് നിൽക്കുന്നത്. ഓന്ത് നിറം മാറുമോ ഇതുപോലെ????? ആൽവിച്ചൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. താൻ ചെറുപ്പത്തിലേ മണ്ണ് വാരി തിന്നെന്ന് കരുതി ഇപ്പോഴും മണ്ണ് വാരി തിന്നുന്നുണ്ടോ???? ഇല്ലല്ലോ????? തെറ്റ്‌ പറ്റാത്തവരായി ആരുമില്ല. അത് മനസ്സിലാക്കി തിരുത്തുന്നവരാണ് യഥാർത്ഥ മനുഷ്യർ. അനുവിന് തെറ്റ്‌ പറ്റിയിട്ടുണ്ട് അതവൾ അംഗീകരിക്കുകയും തിരുത്തുകയും ചെയ്തു കഴിഞ്ഞു ഇനി അത് വീണ്ടും വീണ്ടും പറഞ്ഞിട്ട് കാര്യമില്ല. Past is past so just leave it all. എമി ഗൗരവത്തോടെ പറഞ്ഞു നിർത്തി. നിന്റെ ഭാര്യ ഇപ്പൊ തത്വജ്ഞാനവും വിളമ്പാൻ തുടങ്ങിയോ????? ആൽവിച്ചൻ എമിയെ അടിമുടി നോക്കി അടുത്ത് നിന്ന അച്ചുവിനോടായി ചോദിച്ചു. അവൾ കാര്യമല്ലേ പറഞ്ഞത്????? അതുങ്ങൾ ഇങ്ങോട്ട് വന്നു കയറിയതേ ഉള്ളൂ ഉടനെ യുദ്ധത്തിന് നിൽക്കുവാ. സാറാ ആൽവിച്ചനെ കൂർപ്പിച്ച് നോക്കി. ശ്ശെടാ... ഇതിപ്പൊ നിങ്ങൾ എല്ലാം ഒറ്റക്കെട്ട് ഞാൻ പുറംപോക്കും അല്ലെ???

ആൽവി എല്ലാവരെയും നോക്കി മുഖം വീർപ്പിച്ചു. അല്ലെങ്കിലും ചില സമയത്ത് ഇങ്ങേര് സത്യമേ പറയൂ. അച്ചു കിട്ടിയ അവസരം പാഴാക്കിയില്ല. തിരിച്ച് അടിക്കുവാണല്ലേടാ????? അച്ചുവിനെ ചോദ്യ ഭാവത്തിൽ അവനൊന്ന് നോക്കി. അച്ചു വെളുക്കെ ഇളിച്ചു കാണിച്ചു. നീ പോടാ... ഞാനാ ഈ വീട്ടിലെ മൂത്ത പുത്രൻ. നിന്നെക്കൊക്കെ മുന്നേ അമ്മച്ചിയുടെ ഗർഭപാത്രത്തിൽ കിടന്ന എക്സ്പീരിയൻസ് എനിക്കാടാ ഉള്ളത്. അങ്ങോട്ട്‌ പറഞ്ഞു കൊടുക്ക് അമ്മച്ചീ അതെല്ലാം. ആൽവിച്ചൻ തോൽവി സമ്മതിക്കാൻ ഒരുക്കമല്ലാതെ പറഞ്ഞുകൊണ്ട് സാറായെ പിന്നിലൂടെ ചുറ്റിപ്പിടിച്ചു. അവന്റെ പറച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു പോയി. എഡ്ഢി ആണെങ്കിൽ ഇതൊക്കെ കണ്ട് കിളിപോയത് കണക്ക് നിൽപ്പാണ്. എന്താണ് അളിയാ ഇങ്ങനെ അന്തംവിട്ട് നിൽക്കുന്നത്????? അച്ചുവിന്റെ ചോദ്യം കേട്ടതും എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി. അല്ല അമ്മമാർ ഒക്കെ ഗർഭപാത്രത്തിൽ പത്തു മാസം ചുമന്ന കണക്ക് പറഞ്ഞ് കേട്ടിട്ടുണ്ട് പക്ഷെ അവിടെ കിടന്ന കണക്കും എക്സ്പീരിയൻസും ഒരാൾ പറയുന്നത് ഇതാദ്യമായിട്ട് കേൾക്കുവാ. എഡ്ഢി പറഞ്ഞതും അവരെല്ലാം ചിരിച്ചു. ഇത്രയല്ലേ ഉള്ളൂ... കഴിഞ്ഞ ദിവസം ബാത്റൂമിൽ പോവുന്നതിന് മുന്നേ വാട്സാപ്പ് എടുത്ത് അതിൽ കൂട്ടിനാരും വരാൻ ഒരുക്കമല്ലാത്ത ഇടത്തേക്കുള്ള യാത്രയാണ് ഏറ്റവും സുഖകരം എന്ന് പറഞ്ഞ് സ്റ്റാറ്റസ് ഇട്ട മൊതലാ ഈ നിൽക്കുന്നത്.

എമി എഡ്ഢിയോടായി പറഞ്ഞു നിർത്തിയതും അവൻ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന കണക്ക് ആൽവിച്ചനെ ഒരു നോട്ടം. എന്ത് ചെയ്യാനാ ഞാൻ ഭയങ്കര ക്രീയേറ്റീവ് ആയിപ്പോയി. ആൽവിച്ചൻ സാറായുടെ സാരി തുമ്പിൽ പിടിച്ച് പറഞ്ഞു. ഇത്രയ്ക്ക് ദാരിദ്ര്യം പിടിച്ച ഒരെണ്ണത്തിനെ തന്നെ അളിയനായി കിട്ടിയല്ലോ എന്ന ചിന്തയിലാണ് എഡ്ഢി. വന്ന കാലിൽ തന്നെ നിൽക്കാതെ അകത്തേക്ക് കയറ് മക്കളെ... പോൾ പറയുമ്പോഴാണ് ഇപ്പോഴും വരാന്തയിൽ തന്നെയാണ് നിൽക്കുന്നത് എന്ന കാര്യം ഓർക്കുന്നത് തന്നെ. ഇവരെ കണ്ട സന്തോഷത്തിൽ ഞാനത് അങ്ങ് മറന്നു. വാ പിള്ളേരെ അകത്തോട്ട്. സാറാ തിടുക്കത്തിൽ അവരെ അകത്തേക്ക് ക്ഷണിച്ചു. എഡ്ഢി ഒരു പുഞ്ചിരിയോടെ അച്ചുവിനൊപ്പം അകത്തേക്ക് കയറി. ഹാളിലെ സോഫയിലായി എല്ലാവരും ചേർന്ന് ഇരുന്നു. ഇത് കുറച്ച് സ്വീറ്റ്സും ജോക്കുട്ടനും വാവയ്ക്കുമുള്ള ഒന്നു രണ്ട് ഡ്രസ്സുകളുമാണ്. എഡ്ഢി ഇരിക്കുന്നതിന് മുന്നേ കയ്യിലിരുന്ന കവറുകൾ സാറായുടെ കയ്യിലേക്ക് ഏൽപ്പിച്ചു. ഇതിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല മോനെ. സാറാ സ്നേഹപൂർവ്വം പറഞ്ഞു. എന്റെ ഒരു സന്തോഷത്തിന് വാങ്ങിയതാ. പിന്നെ നമ്മളൊക്കെ ഇപ്പൊ ഒരു ഫാമിലി അല്ലെ അപ്പൊ പിന്നെ ഫോർമാലിറ്റീസിന്റെ ആവശ്യമൊന്നുമില്ലല്ലോ??? എഡ്ഢി അവരെ നോക്കി കണ്ണ് ചിമ്മി പറഞ്ഞതും എല്ലാവരുടെയും മനസ്സ് നിറഞ്ഞിരുന്നു. തന്നെ നോക്കിയിരിക്കുന്ന എല്ലാവരെയും നോക്കി ചെറുങ്ങനെ ഒന്നു മന്ദഹസിച്ച് അനുവിന് അരികിലായി ഇരുന്നു. മമ്മീ.........

കൊഞ്ചിക്കൊണ്ടുള്ള വിളിക്കൊപ്പം ജോക്കുട്ടൻ റിയക്ക് അരികിലേക്ക് ഓടി എത്തി. മമ്മീ... വാവ എന്നേറ്റു. അതീവ ഗൗരവത്തോടെ അവൻ പറഞ്ഞു. ആണോടാ വാവ എഴുന്നേറ്റോ???? മമ്മി ചെന്ന് നോക്കട്ടെ... ജോക്കുട്ടന്റെ മുടിയിൽ തഴുകി നെറ്റിയിൽ ഒന്നു ചുംബിച്ച് ധൃതിയിൽ എഴുന്നേറ്റ് മുറിയിലേക്ക് പോയി. ജിച്ചൂട്ടൻ ഉറങ്ങാൻ നേരം ജോക്കുട്ടനാണ് അവന് കൂട്ടിരിക്കാറ്. എന്തോ വലിയ കാര്യം ചെയ്യുന്ന ഭവത്തിലാണ് അവൻ അത് ചെയ്യുന്നത്. അത് മാത്രമല്ല കുഞ്ഞൊന്ന് ഉറക്കത്തിനിടയിൽ ഞരങ്ങിയാൽ അവന്റെ തുടയിൽ മെല്ലെ തട്ടി ഉറക്കാൻ വരെ ചെക്കന് അറിയാം. ജിച്ചൂട്ടനെ നോക്കുന്ന കാര്യത്തിൽ അത്യാവശ്യം മരുങ്ങുണ്ട് അവന് അതുകൊണ്ട് തന്നെ ധൈര്യമായി റിയക്ക് കുഞ്ഞിനെ അവന്റെ അരികിൽ ഇരുത്തിയിട്ട് എങ്ങോട്ട് വേണമെങ്കിലും പോവാം. ജോക്കുട്ടാ........ റിയ പോയതും അനു വാത്സല്യത്തോടെ അവനെ വിളിച്ചു. ആ വിളി കേൾക്കുമ്പോൾ മാത്രമാണ് അവൻ അവളെ കാണുന്നത്. അനുവിനെ കണ്ട മാത്രയിൽ അവന്റെ കുഞ്ഞി കണ്ണുകൾ ഒന്നു വിടർന്നു. അനൂ......... സ്നേഹത്തിൽ വിളിച്ചവൻ അവൾക്ക് അരികിലേക്ക് ഓടി ചെന്ന് അവളുടെ മടിയിൽ കയറി ഇരുന്നു. അനു എപ്പ വന്നു???? ദേ... ഇപ്പൊ വന്നതേ ഉള്ളെടാ... അവന്റെ കവിളിൽ മുത്തി അവൾ പറഞ്ഞു. അനു ഇനി പോവോ????? ചുണ്ട് പിളർത്തി അവനൊന്ന് ചോദിച്ചു. അനു ഇന്നിവിടെ നിന്നിട്ട് നാളെ പോവും. അവളുടെ മറുപടിയിൽ അവന്റെ മുഖം ചെറുതായ് ഒന്നു വാടി.

അപ്പോഴേക്കും സങ്കടം വന്നോ???? എന്റെ ജോക്കുട്ടൻ ഒന്നു വിളിച്ചാൽ അപ്പൊ തന്നെ അനു ഓടി എത്തില്ലേ??? അനു അവന്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു പറഞ്ഞു. ആനോ?????? അവന്റെ കുഞ്ഞി കണ്ണുകൾ പ്രതീക്ഷയാൽ ഒന്നു തിളങ്ങി. ആഹ്... സത്യം. കണ്ണുകൾ ചിമ്മി അടച്ചവൾ പറഞ്ഞതും അവനൊന്ന് ഏന്തി അവളുടെ കവിളിൽ മുത്തി. അനുവിന്റെയും ജോക്കുട്ടന്റെയും കളികൾ നോക്കി ഒരു പുഞ്ചിരിയോടെ ഇരിക്കുകയാണ് എഡ്ഢി. ജോക്കുട്ടന്റെ സംസാരവും ഭാവങ്ങളും എല്ലാം അവനിൽ വാത്സല്യം നിറച്ചു. അവൻ പതിയെ കൈനീട്ടി ജോക്കുട്ടന്റെ കവിളിൽ ഒന്നു തൊട്ടു. ഹേയ്.... എന്നെ അറിയോടോ????? ചിരിയോടെ അവൻ തന്നെ നോക്കിയ ജോക്കുട്ടനോടായി ചോദിച്ചു. മറുപടിയായി അവൻ ചെറുതായ് ഒന്നു തലയാട്ടി. എങ്കിൽ പറഞ്ഞേ ആരാ ഞാൻ????? എദ്ദി അങ്കിൾ.... ചെറുതായി ചിരിച്ച് അവൻ പറഞ്ഞതും എഡ്ഢി അവന്റെ നെറുകിൽ ചുണ്ട് ചേർത്തു. പോക്കറ്റിൽ നിന്ന് ഒരു ഡയറി മിൽക്ക് പാക്ക് എടുത്ത് അവന്റെ കയ്യിൽ വെച്ച് കൊടുത്തു. ചോക്ലേറ്റ് കണ്ടതും ചെക്കന്റെ മുഖം ഒന്നു വിടർന്നു. അനുവിന്റെ മടിയിൽ നിന്ന് ഒന്നു ആഞ്ഞവൻ എഡ്ഢിയുടെ കവിളിൽ ഒന്നു മുത്തി. പിന്നെ അനുവിന്റെ മടിയിൽ നിന്ന് ഊർന്നിറങ്ങി ഓടി പോയി അച്ചുവിന്റെ മടിയിലേക്ക് കയറി ഇരുന്നു. പൊത്തിച്ചു താ അച്ചൂ...... അച്ചുവിന്റെ കയ്യിലേക്ക് ഡയറി മിൽക്ക് കൊടുത്തവൻ തിടുക്കം കൂട്ടി. അവന്റെ ധൃതി കണ്ടതും അച്ചു അതിന്റെ റാപ്പ് അഴിച്ച് അവന്റെ കയ്യിലേക്ക് കൊടുത്തു.

അച്ചുവിനെ ഒന്നു നോക്കി അവൻ കുഞ്ഞി പല്ല് കൊണ്ട് ചോക്ലേറ്റ് കടിച്ച് നുണഞ്ഞു. ഇടയ്ക്ക് അതിൽ നിന്ന് കുഞ്ഞു പീസ് ഒടിച്ച് അച്ചുവിനും എമിക്കും വായിൽ വെച്ച് കൊടുക്കാനും അവൻ മറന്നില്ല. മുഖത്ത് മുഴുവൻ ചോക്ലേറ്റ് പടർത്തി കഴിക്കുന്ന അവന്റെ പ്രവർത്തി നോക്കി എല്ലാവരും ചിരിച്ചു. ജോക്കുട്ടന് ഇവരോട് ആണല്ലേ കാര്യം???? എഡ്ഢി അച്ചുവിനെയും എമിയേയും നോക്കി ആൽവിച്ചനോട് ചോദിച്ചു. ആണോന്നോ???? അവന് അവര് രണ്ടുപേരും കഴിഞ്ഞേ ഉള്ളൂ മറ്റാരും. സത്യത്തിൽ ഇവൻ ജനിക്കുന്ന സമയത്തൊന്നും അച്ചു ഈ വീട്ടിൽ ഇല്ലായിരുന്നു. വല്ലപ്പോഴും വീഡിയോ കോളിൽ ഒക്കെയാ അവനെ കാണാറ്. പിന്നെ ഏതെങ്കിലും വിശേഷ ദിവസങ്ങൾ എത്തണം. അച്ചു വരുന്ന ദിവസം പിന്നെ അവന് ഞങ്ങളെ ആരെയും വേണ്ട. അട്ട പിടിച്ച കണക്ക് അവന്റെ കഴുത്തിൽ തൂങ്ങിക്കോളും. പിന്നെ അവൻ തിരികെ പോവാൻ നേരത്ത് ഒരു ബഹളം ആയിരിക്കും. മിക്കവാറും അച്ചു ഇവൻ ഉറങ്ങി കിടക്കുന്ന നേരത്തായിരിക്കും ഇവിടുന്ന് പോവുന്നത്. ഞങ്ങൾക്കൊക്കെ ഭയങ്കര അതിശയമായിരുന്നു വല്ലപ്പോഴും വന്നു പോവുന്ന ഇവനോട് എങ്ങനെ കൊച്ചിന് ഇത്ര അടുപ്പം വന്നെന്ന്. ആൽവിച്ചൻ പറഞ്ഞു നിർത്തിയതും അച്ചു ഒരു ചിരിയോടെ ജോക്കുട്ടന്റെ കവിളിൽ മുത്തി. പിന്നെ ഇവൾ. പെണ്ണുകാണലിന് ചെന്ന അന്ന് തന്നെ എന്റെ കൊച്ചിനെ മിട്ടായി കൊടുത്ത് വളച്ചെടുത്തവളാണ് ഈ ഇരിക്കുന്നത്. അതുകഴിഞ്ഞ് ഇവിടെ വന്നു കയറിയപ്പൊ റിയക്ക് വയറ്റിലുണ്ട്.

പിന്നെ ഇവന്റെ കാര്യം ഒരുവിധം നോക്കിയത് മുഴുവൻ ഇവൾ ആയിരുന്നു. അതും പോരാഞ്ഞിട്ട് ഈ പീക്കിരിയുടെ കൂടെ കളിക്കാനും പിന്നെ സകല കുരുത്തക്കേടിനും ഇവൾ ഒപ്പം നിൽക്കും. അങ്ങനെ ഈ കുരുത്തംകെട്ടവൾ എന്റെ കൊച്ചിനെ ചക്കിലാക്കി വെച്ചിരിക്കുവാ. ആൽവിച്ചൻ എമിയെ ചൂണ്ടി പറഞ്ഞു നിർത്തിയതും അവളുടെ മുഖം കൂർത്തു. ദേ വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ???? ഞാൻ ഈ പിഞ്ചു കുഞ്ഞിനെ ഒന്നു സ്നേഹിക്കുന്നതിനാണോടോ താൻ ഈ അപവാദം പറഞ്ഞു പരത്തുന്നത്????? ഇത് കണ്ടോ ജോക്കുട്ടാ നിന്റെ പപ്പ എന്നെ പറയുന്നത്?????? എമി സങ്കടഭാവത്തിൽ ജോക്കുട്ടനെ നോക്കിയതും അത്രയും നേരം ചോക്ലേറ്റ് തിന്നുന്നതിൽ ശ്രദ്ധ ചെലുത്തി ഇരുന്ന ജോക്കുട്ടൻ തലയുയർത്തി ഒന്നു നോക്കി. എമിയുടെ മുഖത്തെ സങ്കടം കണ്ടതും ചെക്കന് വിഷമമായി. എന്തെ എമിയെ പഞ്ഞാലൊന്തല്ലോ????? ആൽവിച്ചനെ നോക്കി കണ്ണുരുട്ടി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവൻ എമിയുടെ കവിളിൽ തലോടി ആശ്വസിപ്പിച്ചു. എമി ജോക്കുട്ടനെ എടുത്ത് മടിയിൽ വെച്ച് ആൽവിച്ചനെ നോക്കി പുച്ഛിച്ചു വിട്ടു. സ്വന്തം തന്തയ്ക്ക് പുല്ല് വില അല്ലേടാ നീ തരുന്നത്????? ആൽവിച്ചൻ താടിക്ക് കയ്യും കൊടുത്ത് ജോക്കുട്ടനെ നോക്കി. കൊടുത്താൽ കൊല്ലത്ത് നിന്ന് മാത്രമല്ല ഇതുപോലെ പിള്ളേരുടെ കയ്യിൽ നിന്നും കിട്ടും. പോളും പരിഹാസത്തോടെ പറഞ്ഞു. യൂ റ്റൂ ഡാഡിപ്പടി...... ആൽവിച്ചൻ പല്ല് ഞെരിച്ച് അയാളെ നോക്കി. ബാക്കിയെല്ലാവരും അവരെ രണ്ടുപേരെയും നോക്കി ചിരി കടിച്ചു പിടിച്ച് ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കുറച്ചു കൂടി കഴിക്ക് എഡ്ഢി.... സാറാ മരുമകനെ ഊട്ടുന്ന തിരക്കിലാണ്. ഊണിന് ടേബിളിൽ നിരത്തിയ വിഭവങ്ങൾ കണ്ടപ്പോൾ തന്നെ എഡ്ഢി ബോധം പോവും എന്ന അവസ്ഥയിൽ എത്തിയിരുന്നു അതിന്റെ കൂടെ സാറായുടെ നിർബന്ധം കൂടി ആയതും ആൾ വലഞ്ഞു എന്ന് പറഞ്ഞാൽ മതി. മതി അമ്മച്ചീ എന്റെ വയറ് നിറഞ്ഞു. വീണ്ടും ചോറ് വിളമ്പാൻ ആഞ്ഞ സാറായെ തടഞ്ഞുകൊണ്ട് എഡ്ഢി പറഞ്ഞു. ആകെ ഇത്തിരി അല്ലെ കഴിച്ചുള്ളൂ. കുറച്ചു കൂടി കഴിക്ക് മോനെ.... സാറാ അവനെ നിർബന്ധിച്ചു. അയ്യോ വേണ്ട അമ്മച്ചീ. ദേ ഇപ്പൊ തന്നെ വയറ് പൊട്ടുന്ന പരുവത്തിൽ എത്തി. സാധാരണ ഞാൻ ഇത്രയൊന്നും കഴിക്കാറില്ല പിന്നെ അമ്മച്ചിയുടെ കൈപ്പുണ്യത്തിന് മുന്നിൽ പതിവിലും ഏറെ ഞാൻ കഴിച്ചു. ഇനി മതി. സ്നേഹപൂർവ്വം സാറായുടെ നിർബന്ധത്തെ നിരസിച്ചവൻ പറഞ്ഞു. എങ്കിൽ ശരി. മോൻ ചെന്ന് കൈ കഴുകിക്കോളൂ. ഒരൽപ്പം നിരാശയോടെ പിൻവാങ്ങി അവർ പറഞ്ഞതും അവർക്ക് നേരെ ഒന്നു പുഞ്ചിരിച്ച് എഡ്ഢി എഴുന്നേറ്റു പോയി. ഉള്ള വയറും കൊണ്ട് അവൻ എഴുന്നേറ്റു പോയത് നന്നായി അല്ലെങ്കിൽ നാളത്തെ പത്രത്തിൽ അമ്മായിയമ്മ മരുമകനെ സൽക്കരിച്ച് തീറ്റിച്ചു കൊന്നു എന്ന് ഒരു ന്യൂസ്‌ വന്നേനെ. ആൽവിച്ചൻ അടുത്തിരുന്ന അച്ചുവിന്റെ കാതിൽ കുശുകുശുത്തു. അച്ചുവിന് അത് കേട്ട് ചിരി വന്നെങ്കിലും എഡ്ഢി പോയ വഴിയേ വിഷമിച്ച് നോക്കി നിൽക്കുന്ന സാറായെ കണ്ട് അവന്റെ ചിരി മാഞ്ഞു. ഒരു മനുഷ്യന് കഴിക്കുന്നതിന് ഒരു പരിധി ഒക്കെയുണ്ട് അമ്മച്ചീ...

എഡ്ഢിക്ക് വയറ് നിറഞ്ഞു അതുകൊണ്ടാണ് അവൻ നിർത്തിയത് അത് ആലോചിച്ച് ഇങ്ങനെ സങ്കടപെട്ടു നിൽക്കേണ്ട കാര്യമുണ്ടോ????? സാറായ്ക്ക് കേൾക്കാൻ പാകത്തിന് അച്ചു പറഞ്ഞതും അവർ അവനെ ഒന്നു നോക്കി. അത് തന്നെ... ഇനി അമ്മച്ചിക്ക് അത്ര വിഷമം ആണെങ്കിൽ അമ്മച്ചി ദേ ഇങ്ങോട്ട് വിളമ്പ് ആ പ്രശ്നം അങ്ങോട്ട്‌ സോൾവ് ആവട്ടെ. ആൽവിച്ചൻ സ്വന്തം പ്ലേറ്റ് കാണിച്ച് പറഞ്ഞു. ഇതൊക്കെ എങ്ങോട്ട് പോവുന്നെന്റെ ആൽവിച്ചായാ???? ഈ കഴിക്കുന്നതൊന്നും ദേഹത്ത് കാണുന്നില്ലല്ലോ????? അനു കഴിച്ച് എഴുന്നേൽക്കവെ പറഞ്ഞു. ഞാൻ സൈസ് സീറോ ആടീ സൈസ് സീറോ..... ആൽവിച്ചൻ അവളോടായി പറഞ്ഞു കൊണ്ട് പ്ലേറ്റിൽ ഇരുന്ന ചിക്കന്റെ ലീഗ് പീസ് കടിച്ചു പറിച്ചു. ഉണ്ടാക്കിയ ഭക്ഷണം ഒന്നും വേസ്റ്റ് ആവില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു സാറാ അന്നേരം. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഊട്ടലും വിശേഷം പങ്കുവെക്കലും എല്ലാമായി വിരുന്ന് വന്ന ദിവസം തന്നെ എഡ്ഢിയും അനുവും എൻജോയ് ചെയ്തു. എഡ്ഢിക്ക് അവരിൽ ഒരാളായി മാറാൻ ചുരുങ്ങിയ നേരമേ വേണ്ടി വന്നുള്ളൂ. സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്ത എഡ്ഢി അവർക്കിടയിലെ പിണക്കങ്ങളും ഇണക്കങ്ങളും കളിയാക്കലുകളും എല്ലാം തന്നെ പുതിയ അനുഭവങ്ങൾ ആയിരുന്നു. അവനതെല്ലാം ഒത്തിരി ആസ്വദിക്കുകയും ചെയ്തു. അച്ചുവും ആൽവിച്ചനും അവന് മുഷിച്ചിൽ തോന്നാത്ത വിധത്തിൽ അവന് കമ്പനി കൊടുത്തു. രാത്രി അത്താഴം കഴിഞ്ഞതും അനുവും എഡ്ഢിയും അച്ചുവും എമിയും ആൽവിച്ചനും എല്ലാവരും ചേർന്ന് ടെറസ്സിൽ ഒത്തുകൂടി.

കുഞ്ഞുങ്ങൾ ഉറക്കം പിടിക്കുന്ന നേരം ആയതിനാൽ റിയക്ക് അവരുടെ കൂടെ കൂടാൻ പറ്റിയില്ല. അതിനിടയിൽ അപ്പുവും നിവിയും റോണിയും മറിയാമ്മയും എല്ലാം കോൺഫ്രൻസ് കോളിൽ എത്തി. എഡ്ഢിക്ക് അനു വഴി അവരെയെല്ലാം പരിചയമുണ്ടെന്നാലും വിശദമായി ഒന്നു പരിചയപ്പെടാൻ ഇപ്പോഴാണ് കഴിയുന്നത്. ഒത്തിരി നേരം സംസാരം അവസാനിക്കുമ്പോൾ ഒരുമാതിരി എല്ലാത്തിന്റെയും സ്വഭാവം എഡ്ഢിക്ക് പരിചിതമായി തീർന്നിരുന്നു. അനുവിന്റെയും അച്ചുവിന്റെയും ആൽവിച്ചന്റെയുമെല്ലാം കുട്ടിക്കാല ഓർമ്മകൾ അയവിറക്കി അങ്ങനെ ഇരിക്കുമ്പോഴാണ് ആൽവിച്ചനുള്ള വിളി താഴെ നിന്ന് എത്തുന്നത്. അതോടെ ആൽവിച്ചൻ മൂട്ടിലെ പൊടിയും തട്ടി എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞ് എഴുന്നേറ്റു പോയി. പിന്നെ അവർ നാലുപേരും മാത്രം അവിടെ ശേഷിച്ചു. എഡ്ഢി പണ്ട് പള്ളി കൊയറിൽ ഒക്കെ ഉണ്ടായിരുന്നില്ലേ???? എന്തോ ഓർത്തെന്നത് പോലെ അച്ചു അവനെ നോക്കി ചോദിച്ചു. മ്മ്മ്മ്... മെഡിസിന് പഠിക്കാൻ പോവുന്നതിന് മുന്നേ വരെ. ഏഹ്!!!!!! അപ്പൊ ഡോക്ടർ പാടുവോ???? എമിയുടെ മുഖത്ത് അവിശ്വസനീയത നിറഞ്ഞു. ചെറുതായിട്ട്..... അവനൊരു പുഞ്ചിരിയോടെ പറഞ്ഞു. എങ്കിൽ ഇപ്പൊ ഒരു പാട്ട് പാടുവോ?????? എമി ചോദിച്ചു. പാടണോ?????? എഡ്ഢി എമിയെ നോക്കി കുറുമ്പോടെ നെറ്റി ചുളിച്ചു. പാടെടോ........ ഒരു ചിരിയോടെ അച്ചു അതിനുള്ള മറുപടി കൊടുത്തു. അതിനൊപ്പം തന്നെ തനിക്ക് മുന്നിലായി ഇരിക്കുന്ന എമിയെ ഒരു കൈ കൊണ്ട് വയറിലൂടെയും മറു കയ്യാൽ കഴുത്തിലൂടെയും ചുറ്റിപ്പിടിച്ച് അവനിലേക്ക് ചേർത്ത് ഇരുത്തി. എമി അവന്റെ നെഞ്ചിലേക്ക് തല ചായച്ച് വെച്ച് പാട്ട് കേൾക്കാനായി ഇരുന്നു.

എഡ്ഢിയുടെ കണ്ണുകൾ അനുവിനെ തേടി പോയി. മിഴികൾ വിടർത്തി തന്റെ പാട്ടിനായി കാത്തിരിക്കുന്നവളെ കണ്ട് അവന്റെ ചൊടിയിൽ ഒരു ചെറു പുഞ്ചിരി തെളിഞ്ഞു. അതേ പുഞ്ചിരിയോടെ ടെറസ്സിന്റെ അരമതലിലേക്ക് ചാരി ഇരുന്നവൻ പാടാൻ ആരംഭിച്ചു. ഈ കാറ്റ് വന്നു കാതില്‍ പറഞ്ഞു നീ എന്നുമെന്നും എന്‍റെതു മാത്രം ഉരുകുമെന്‍ വിശ്വാസമായി ഉയിരിനെ പുല്‍കീടുമോ എന്‍ മൗനങ്ങള്‍ തേടും സംഗീതമേ...🎶 എഡ്ഢി പാടി തുടങ്ങിയ തന്റെ പ്രിയ ഗാനം കേട്ട് അനുവിന്റെ മുഖവും മിഴികളും ഒരുപോലെ വിടർന്നു. അവൾ പാട്ടിൽ മതിമറന്ന് എഡ്ഢിയെ നോക്കി. അവന്റെ കണ്ണുകൾ അവളിൽ തന്നെ ആണെന്ന് കണ്ടതും അവളുടെ കവിളുകൾ ചുവന്നു പോയി. എഡ്ഢിയിൽ അതൊരു പുഞ്ചിരി വിരിയിച്ചു. അവളിലെ ഭാവങ്ങൾ ആസ്വദിച്ചവൻ അടുത്ത വരികൾ പാടി തുടങ്ങി. മിഴിവാതില്‍ ചാരും നാണം പതിയെ ഞാന്‍ തഴുകവേ ഇനി നീയുണ്ട് എന്നും കൂടെ നിലവെക്കാന്‍ തിങ്കളേ ഒരു ചെറുനോവും ചിരിയാക്കി എന്‍ പാതി മെയ്യായി ഓരോ രാവും പകലാക്കി നേരിന്‍ മോഹവെയിലായി ഇവനിലായ് ചേരുന്നു

നീ മുറിവേഴാ കൈരേഖ പോല്‍ കണ്‍ചിമ്മാതെ കാക്കാമെന്‍ ഓമലെ ഈ നീലമിഴി അഴങ്ങളില്‍ ഞാന്‍ ഓ വീണലിഞ്ഞു പോകുന്നു താനേ ഉരുകുമെന്‍ വിശ്വാസമായി ഉയിരിനെ പുല്‍കീടുമോ എന്‍ മൗനങ്ങള്‍ തേടും സംഗീതമേ 🎶 കണ്ണുകൾ അടച്ച് എഡ്ഢി പാടി നിർത്തവെ അനു അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു. അന്നേരം ഇരു മനസ്സും ഒരേ ഈണത്തിൽ പരസ്പരം വാരി പുണരുകയായിരുന്നു. അച്ചുവിന്റെ കണ്ണുകൾ എമിയിൽ തന്നെ ആയിരുന്നു. കണ്ണുകൾ അടച്ച് ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരിയുമായി പാട്ട് ആസ്വദിക്കുന്നവളിൽ ആയിരുന്നു അവന്റെ ചിന്തയും മനസ്സും എല്ലാം. പാട്ടിന്റെ ഓരോ വരിയിലും അവൻ കണ്ടത് അവളെ മാത്രമായിരുന്നു. ഹൃദയം പ്രണയത്താൽ നിറഞ്ഞു തുളുമ്പി. അവളിൽ അവന്റെ കൈകൾക്ക് മുറുക്കമേറി. കണ്ണുകൾ തുറന്നതും എമിയുടെ നോട്ടം ചെന്നെത്തിയത് അച്ചുവിൽ ആയിരുന്നു. ഇരുമിഴികൾ കൊരുത്തു. ഏതോ മായികലോകത്ത് എന്നോണം അവ പരസ്പരം കെട്ടുപിണഞ്ഞു കിടന്നു...... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story