ഹൃദയതാളമായ്: ഭാഗം 181

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

പുലർച്ചെ എപ്പോഴോ മിഴികൾ തുറക്കവെ തിരികെ മുറിയിലാണ് ഉള്ളത് എന്ന് എമിക്ക് മനസ്സിലായി. അതല്ലെങ്കിലും അങ്ങനെ ആണല്ലോ???? ബോധമില്ലാതെ എവിടെയെങ്കിലും കിടന്നുറങ്ങിയാൽ പിന്നെ തിരികെ തന്നെ മുറിയിൽ എത്തിക്കുന്നത് ഇപ്പൊ ഇച്ചായന് ഒരു ശീലമായി മാറിയിരിക്കുന്നു. ഒരു പുഞ്ചിരിയോടെ അവൾ മനസ്സിൽ ഓർത്തു. മുഖം ചരിച്ച് ഒന്നു നോക്കിയതും അവളെ ചേർത്ത് പിടിച്ച് സുഖമായി ഉറങ്ങുകയാണ് അച്ചു. മെല്ലെ അവന്റെ കൈക്കുള്ളിൽ കിടന്ന് തന്നെ അവൾ അവന് നേരെ തിരിഞ്ഞു. അവന്റെ നെഞ്ചിലേക്ക് കൂടുതൽ പതുങ്ങി ചേർന്നവൾ അവന്റെ മുഖത്തേക്ക് നോക്കി. ഒന്നും അറിയാതെ നല്ല ഉറക്കത്തിലാണവൻ. കിടന്നിട്ട് ഉറക്കം വരുന്നില്ല... വെറുതെ അവന്റെ കഴുത്തിലെ ചെയിനിലും കുരിശിലും എല്ലാം വലിച്ച് അങ്ങനെ കിടന്നു. കയ്യെത്തിച്ച് ഫോൺ എടുത്ത് നോക്കി. 5 മണി കഴിഞ്ഞിരിക്കുന്നു. സാധാരണ ഈ സമയത്ത് സുഖമായി കിടന്നുറങ്ങുന്ന താനാണ് ഇപ്പൊ ഉറക്കമില്ലാതെ കിടക്കുന്നത്. വല്ലാത്ത ദേഷ്യവും നിരാശ തോന്നി അവൾക്ക്. സുഖമായി ഉറങ്ങുന്ന അച്ചുവിൽ നോട്ടം വീണ്ടും എത്തിയതും അവൾക്ക് വല്ലാത്ത കുശുമ്പ് തോന്നി. ഇച്ചായാ.... ഇച്ചായാ....... എഴുന്നേറ്റിരുന്നവൾ അവനെ കുലുക്കി വിളിക്കാൻ തുടങ്ങി.

അച്ചു മുഷിച്ചിലോടെ എഴുന്നേൽക്കാൻ മടിച്ച് തിരിഞ്ഞു കിടന്നു. ആഹാ... തിരിഞ്ഞു കിടക്കുന്നോ???? അങ്ങനെ ഇപ്പൊ ഉറങ്ങുന്നത് എനിക്കൊന്ന് കാണണം. വാശിയോടെ സ്വയം പറഞ്ഞവൾ തിരിഞ്ഞു കിടക്കുന്ന അവന്റെ ദേഹത്ത് കൂടി ചാടി കടന്ന് മറുഭാഗത്ത് എത്തി. ഇച്ചായാ....... മുട്ടിൽ ഇരുന്നുകൊണ്ട് അവന്റെ ബനിയനിൽ പിടിച്ചവൾ കുലുക്കി വിളിച്ചു. മ്മ്മ്മ്....... ഉറക്കത്തിനിടയിൽ അലസമായി അവനൊന്ന് മൂളി. എഴുന്നേൽക്ക് ഇച്ചായാ........ വീണ്ടും വീണ്ടും അവൾ അവനെ അവനെ വിളിച്ചു. ആന കുത്തിയാലും എഴുന്നേൽക്കില്ല എന്ന കണക്ക് അവൻ നല്ല ഉറക്കം. അയ്യോ!!!!!!! എനിക്ക് വയറ് വേദനിക്കുന്നേ ഞാനിപ്പൊ ചത്തു പോവുമേ....... ആരെങ്കിലും എന്നെയൊന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോണേ...... ഉച്ചത്തിൽ വയറിൽ കൈ അമർത്തിയവൾ കരയാൻ തുടങ്ങി. അവളുടെ കരച്ചിലിന്റെ ശബ്ദം കൂടിയതും അച്ചു ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. എന്താടീ????? എന്തുപറ്റി??????? വയറിൽ കൈ വെച്ച് കുനിഞ്ഞിരിക്കുന്ന അവളെ വെപ്രാളത്തോടെ പിടിച്ച് നേരെ ഇരുത്തി അവൻ ചോദിച്ചു. ആധിയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കിയതും കാണുന്നത് ഇളിച്ചുകൊണ്ട് അവനെ നോക്കി ഇരിക്കുന്ന എമിയെയാണ്. അത് കണ്ടതും അവന്റെ നെറ്റി കൂർത്തു. എനിക്ക് വയറ് വേദന ഒന്നുമില്ല.

ഇച്ചായനെ എഴുന്നേൽപ്പിക്കാൻ ഞാൻ ചുമ്മാ പറഞ്ഞതാ....... മുപ്പത്തിരണ്ട് ഇളിച്ചു കാട്ടി അവൾ പറഞ്ഞതും അച്ചുവിന്റെ മുഖം മാറി. കർത്താവെ... കുഴപ്പായോ?????? നഖം കടിച്ചു കൊണ്ട് അവൾ അച്ചുവിനെ നോക്കി. ഇപ്പൊ തല്ലി കൊല്ലും എന്ന ഭാവത്തിൽ ഇരിക്കുകയാണ് അവൻ. എടീ.......... ആ ഒരൊറ്റ അലർച്ചയിൽ എമി ബെഡിൽ നിന്ന് ചാടിയിറങ്ങി ഓടി. ഉറങ്ങി കിടന്ന എന്നെ വിളിച്ച് ആധി കയറ്റിയിട്ട് ഓടുന്നോടീ????? നിക്കെടീ അവിടെ.... അച്ചു അവൾക്ക് പിന്നാലെ ഓടി. ഇച്ചായൻ വിളിച്ചിട്ട് എഴുന്നേൽക്കാത്തത് കൊണ്ട് ചെയ്തു പോയതാ..... ബെഡിന്റെ മറുഭാഗത്ത് സേഫ് സോൺ ഉറപ്പിച്ച് അച്ചുവിനോടായി അവൾ പറഞ്ഞു. ഇങ്ങനെ ആണോടീ മനുഷ്യനെ വിളിച്ചുണർത്തുന്നത്??? ഇങ്ങോട്ട് വാടീ... കയ്യെത്തിച്ച് അവളെ പിടിക്കാൻ നോക്കി അച്ചു പല്ല് ഞെരിച്ചു. മ്മ്ഹ്ഹ്... ഞാൻ വരൂല. അവനിൽ നിന്ന് ഒഴിഞ്ഞു മാറി എമി ദശമൂലം ദാമുവിന്റെ എക്സ്പ്രഷൻ ഇട്ടു. അച്ചു അവളെ പിടിക്കാനായി വീണ്ടും ശ്രമിച്ചതും ഡോറിൽ സാറായുടെ കൊട്ടും ഒച്ചയും കേട്ട് എമിയെ നോക്കി പേടിപ്പിച്ച് അവൻ വാതിലിന് അരികിലേക്ക് നടന്നു. എന്താ കാര്യം എന്നറിയാൻ എമി ചെവി വട്ടം പിടിച്ചു. അനുവിനും എഡ്ഢിക്കും ഒപ്പം രണ്ടുപേരും പള്ളിയിൽ പോവണം എന്ന് പറയുന്നത് കേട്ടതും അവൾ മെല്ലെ കബോർഡിൽ നിന്ന് ഇട്ടു മാറാൻ വേണ്ട ഡ്രസ്സ്‌ എടുത്ത് കയ്യിൽ പിടിച്ചു.

സാറായെ പറഞ്ഞു വിട്ട ശേഷം തിരിഞ്ഞ അച്ചു കാണുന്നത് കയ്യിൽ ഡ്രസ്സും പിടിച്ച് നിൽക്കുന്ന എമിയെയാണ്. പള്ളിയിൽ പോവണമല്ലേ???? കണ്ടോ ഞാൻ വിളിച്ച് എഴുന്നേൽപ്പിച്ചത് നന്നായില്ലേ????? ഇളിച്ചു കൊണ്ട് അവൾ ചോദിച്ചതും അച്ചു കലിപ്പിച്ച് അവളെ ഒന്നു നോക്കി. എങ്കിൽ പിന്നെ ഞാൻ പോയി കുളിച്ചിട്ട് വരാം. വെറുതെ എന്തിനാ എക്സ്പ്രഷൻ ഇട്ട് ചാവുന്നത്???? അതും പറഞ്ഞ് നൈസായി എമി വാഷ്റൂമിലേക്ക് ഓടി കയറി. അവൾ പോവുന്നത് നോക്കി ഊരക്ക് കൈ കൊടുത്ത് നിന്ന് അച്ചു നിശ്വസിച്ചു. കുളിച്ചു കഴിഞ്ഞതും എമി പാമ്പ് മാളത്തിൽ നിന്ന് തലയിട്ട് നോക്കുന്നത് പോലെ പുറത്തേക്ക് തലയിട്ട് മുറി ആകമാനം ഒന്നു വീക്ഷിച്ചു. അച്ചു ഇല്ലെന്ന് കണ്ടതും ആശ്വാസത്തോടെ ഇറങ്ങി. മുറിയിലേക്ക് വന്ന് അച്ചുവിനെ തിരഞ്ഞതും ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുന്ന അവനെ കണ്ടവൾ സമയം പാഴാക്കാതെ മിററിന് മുന്നിൽ നിന്ന് മുടി കോതി ഒതുക്കാൻ തുടങ്ങി. ഇപ്പൊ അവന്റെ മുന്നിൽ ചെന്ന് നിന്നാൽ നല്ലത് കിട്ടും എന്ന പേടിയുണ്ട്. സ്വസ്ഥമായി ഉറങ്ങി കിടന്ന മനുഷ്യനെ കൊച്ചു വെളുപ്പാൻ കാലത്ത് ഓരോന്ന് കാണിച്ച് വിളിച്ചുണർത്തിയാൽ ആർക്കായാലും പിന്നെ ദേഷ്യം വരൂലേ അതും ഉറക്കം വീക്ക്‌നെസ്സ് ആയ ഒരാൾ ആവുമ്പോൾ. അവന്റെ മുന്നിൽ പെടുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല എന്ന് മനസ്സിലാക്കി അവൾ വേഗം തന്നെ മുറിവിട്ട് ഇറങ്ങി താഴേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

താഴെ ചെന്ന് സാറായുടെ കൂടെ അടുക്കളയിൽ ഓരോന്ന് ചെയ്ത് അവരുടെ കൂടെ നിന്നു. കുറച്ചു കഴിഞ്ഞതും അച്ചുവും എഡ്ഢിയും അനുവും എല്ലാം താഴെ എത്തി. അങ്ങനെ രണ്ട് ജോടികളും ചേർന്ന് പള്ളിയിലേക്ക് ഇറങ്ങി. നടന്നായിരുന്നു നാലു പേരും പോയത്. ആദ്യം അച്ചുവും എഡ്ഢിയും പിന്നാലെ എമിയും അനുവും. പതിവില്ലാതെ എമിക്ക് നേരെ അച്ചുവിന്റെ മുഖം വീർപ്പിക്കലും കണ്ണുരുട്ടലും കണ്ടതും അനു സംശയത്തോടെ എമിയെ നോക്കി. എടീ......... മ്മ്മ്......... ഇന്നെന്നതാടീ അഗസ്റ്റിച്ചന്റെ മുഖത്ത് ഒരു ഗൗരവം????? അനുവിന്റെ ചോദ്യം കേട്ടതും എമി മുന്നിൽ നടക്കുന്ന അച്ചുവിനെ ഒന്നു നോക്കി. ഒന്നും പറയണ്ടെടീ ഇന്നെനിക്ക് ഒരു അബദ്ധം പറ്റി. എന്ത് അബദ്ധം????? നെറ്റിചുളിച്ച് അനു അവളെ നോക്കിയതും രാവിലെ നടന്ന സംഭവവികാസങ്ങൾ എല്ലാം എമി വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ടതും അനു എമിയെ അടിമുടി ഒന്നു നോക്കി. നിനക്ക് പ്രാന്താണോടീ????? അത് പിന്നെ ഞാൻ ഉറക്കം വരാതെ കിടക്കുമ്പോൾ ഇച്ചായൻ പോത്തു പോലെ കിടന്നുറങ്ങുന്നത് കണ്ടിട്ട് സഹിച്ചില്ലെടീ.... അവൾ നിഷ്കു ഭാവത്തിൽ പറഞ്ഞു. വല്ലാത്ത ജാതി അസുഖം തന്നെ... മറുപടി ഒരു അവിഞ്ഞ ചിരി ആയിരുന്നു. പണ്ടേ അഗസ്റ്റിച്ചന് ഉറക്കത്തിൽ ആരും ശല്യപ്പെടുത്തുന്നത് ഇഷ്ടമല്ല. ആൽവിച്ചായൻ ഈ പേരിൽ കുഞ്ഞിലേ എത്ര തല്ല് കൊണ്ടിട്ടുണ്ട് എന്നറിയോ???? അനു പറയുന്നത് കേട്ട് എമി ഒന്നു ഞെട്ടി. പണി പാളിയോ?????

നഖം കടിച്ച് അവൾ അച്ചുവിനെ ഒന്നു നോക്കി. നീയായിട്ട് വരുത്തി വെച്ചതല്ലേ അനുഭവിച്ചോ.... അത് കേട്ടവൾ അനുവിനെ ദയനീയമായി ഒന്നു നോക്കി. അവൾ ആ നോട്ടം കണ്ടില്ല എന്ന് നടിച്ച് എഡ്ഢിക്ക് അരികിലേക്ക് നടന്നെത്തി. നേരെ ചെന്ന് എഡ്ഢിയെ എന്തോ പറഞ്ഞവൾ വലിച്ചുകൊണ്ടുപോയി. അവർ പോവുന്നത് നോക്കി അച്ചു നടത്തം നിർത്തി. എമി അരികിൽ എത്തുന്നത് വരെ അവൻ അങ്ങനെ നിന്നു. എമി നടന്ന് അവനരികിൽ എത്തിയതും അവളെ നോക്കാതെ അവൻ മുന്നോട്ട് ചുവട് വെച്ചു. എമിയും അവനൊപ്പം മുന്നോട്ട് നടന്നു. നടത്തത്തിനിടയിൽ എമി അവനെ ഒന്നു നോക്കി. മുന്നോട്ട് മാത്രമാണ് അവന്റെ നോട്ടം മുഖത്ത് ഗൗരവവും. അത് കണ്ടതും അവൾ ചുണ്ട് പിളർത്തി. ഇച്ചായാ....... പതിയെ അവളൊന്ന് വിളിച്ചു. നൊ റെസ്പോൺസ്. ഇച്ചായാ......... അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് അവൾ വീണ്ടും വിളിച്ചു. മറുപടി രൂക്ഷമായ ഒരു നോട്ടമായിരുന്നു. സോറി... സോറി... സോറി.... ദയനീയമായി അവൾ മാപ്പ് അപേക്ഷിച്ചു. എന്നിട്ടും അവൻ ഒന്നും മിണ്ടിയില്ല. ചുമ്മാ ഒരു തമാശക്ക് ചെയ്തു പോയതാ. പിണങ്ങല്ലേ ഇച്ചായാ... വീണ്ടും അവനോട് ചേർന്ന് നടന്നവൾ പറഞ്ഞതും അവന്റെ ചുണ്ടിൻ കോണിൽ ഒരു പുഞ്ചിരി തെളിഞ്ഞു എങ്കിലും അത് ഒളിപ്പിച്ചവൻ മസിൽ പിടിച്ചു നിന്നു. ഇനി വേറെ വഴി ഒന്നുമില്ല എന്ന് കണ്ടതും ചുറ്റിനും ഒന്നു നോക്കി അടുത്ത് ആരുമില്ല എന്ന് ഉറപ്പ് വരുത്തി അവന്റെ കവിളിലേക്ക് ഏന്തി ചാടി ഒന്നു മുത്തി. ഇനിയെങ്കിലും ഒന്നു ചിരിക്കെന്റെ ഡ്രാക്കൂ..... അവന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊഞ്ചിയതും അച്ചു അറിയാതെ ചിരിച്ചു പോയി. അതേ ചിരിയോടെ അവളുടെ തലയിൽ ഒന്നു കിഴുക്കി അവളെയും കൊണ്ടവൻ നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കുർബാന കഴിഞ്ഞതും നാലുപേരും തിരികെ പോവാൻ ഇറങ്ങി. പോയത് പോലെ ആയിരുന്നില്ല തിരിച്ചുള്ള വരവ്, അത്യാവശ്യം തിരക്കും ബഹളവും ഉണ്ടായിരുന്നതിനാൽ പതിയെ ആയിരുന്നു നടത്തം. അതിനൊപ്പം പരിചയക്കാരെ കണ്ടതും അവരുടെ ചോദ്യത്തിനെല്ലാം ഉത്തരം കൊടുക്കേണ്ടതായും വന്നു. പുതുമോടി ആയതിനാൽ അനുവും എഡ്ഢിയുമാണ് അവരുടെ ചോദ്യങ്ങൾക്ക് ഏറെയും ഇരയായത്. അവരെ നോക്കി ചിരി കടിച്ചമർത്തി അച്ചുവും എമിയും നടന്നു. ഒടുവിൽ എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ഒരു നേരമായി. അച്ചുവിന് സ്റ്റേഷനിൽ പോവേണ്ടതിനാൽ അവൻ ധൃതിയിൽ ഒരുങ്ങി ഇറങ്ങി. അതിനൊപ്പം എഡ്ഢിയും അനുവും. എഡ്ഢിക്ക് റിസർച്ചിന് പോവേണ്ടതിനാൽ അതിന്റെതായ കുറച്ച് ഫോർമാലിറ്റീസ് തീർക്കാനുണ്ട് അതിനാൽ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് അവരും ഇറങ്ങാൻ തയ്യാറെടുത്തു. എല്ലാവരെയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞ് ജിച്ചൂട്ടനെയും ജോക്കുട്ടനെയും എടുത്ത് കവിളിൽ മുത്തി അനു എഡ്ഢിക്ക് ഒപ്പം പോവാനിറങ്ങി. അവളില്ലായ്‌മ വേദന തന്നെ ആണെങ്കിലും നല്ലൊരു ജീവിതത്തിലേക്കാണ് അവൾ പോവുന്നത് എന്ന സന്തോഷം എല്ലാവരുടെയും മനസ്സിൽ നിറഞ്ഞിരുന്നു. നിറഞ്ഞ ചിരിയോടെ എല്ലാവരും ചേർന്ന് അവരെ യാത്രയാക്കി...... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story