ഹൃദയതാളമായ്: ഭാഗം 185

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അനിരുദ്ധന്റെ കണ്ണുകൾ തനിക്ക് മുന്നിൽ ഇരിക്കുന്ന അച്ചുവിൽ തന്നെ ആയിരുന്നു. അവൻ വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന് മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നു. അവന്റെ കണ്ണുകളിൽ തന്നെ നോക്കി ടേബിളിൽ വെറുതെ വിരലുകളാൽ താളം പിടിച്ചു. അച്ചുവിന്റെ മനസ്സ് പലവിധ ചിന്തകളാൽ അസ്വസ്ഥമായിരുന്നു. എമിയെ കുറിച്ച് ഓർക്കവെ വല്ലാത്തൊരു ടെൻഷൻ ഉള്ളിൽ ഉയർന്നു. യഥാർത്ഥ പ്രതിയിലേക്ക് എത്താൻ തനിക്ക് ഇനി അധിക ദൂരമില്ല. എമിയെ ബാധിക്കാത്ത വിധത്തിൽ തന്നെ തനിക്ക് അതിന് കഴിയും. എന്നാൽ അനിരുദ്ധൻ.... എല്ലാം അന്വേഷിച്ച് അറിഞ്ഞിട്ട് തന്നെ ആയിരിക്കും ഈ വരവ്. സത്യങ്ങൾ അറിയാവുന്ന ഒരേ ഒരാൾ എമി മാത്രം. പക്ഷെ എമിയിലേക്ക് ചോദ്യങ്ങൾ നീളാൻ പാടില്ല... അങ്ങനെ സംഭവിച്ചാൽ പിന്നെ എമിയുടെ അവസ്ഥ... ബാക്കി ചിന്തിക്കാൻ അവന് ആവുമായിരുന്നില്ല. ഇല്ല.... ഒരിക്കലും അന്വേഷണം എമിയിലേക്ക് നീളാൻ അനുവദിച്ചു കൂടാ... അതിന് മുന്നേ എന്തെങ്കിലും ചെയ്തേ മതിയാവൂ.... അച്ചു കൈകൾ ഒന്നു കൂട്ടി ഉരുമി കണ്ണുകൾ അടച്ച് ഒരു ദീർഘനിശ്വാസമെടുത്തു. പലതും തീരുമാനിച്ച് ഉറപ്പിച്ച് അനിരുദ്ധന് നേരെ നോക്കി. അനിരുദ്ധന് എന്താണ് അറിയാനുള്ളത്???? ടേബിളിൽ കൈമുട്ടുകൾ ഊന്നിയവൻ ചോദിച്ചു.

എനിക്ക് അറിയേണ്ടത് എന്താണെന്ന് അഗസ്റ്റിക്ക് പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ????? I want to know about Jerry. ചെയറിലേക്ക് ചാരി ഇരുന്നുകൊണ്ട് അനിരുദ്ധൻ അവനെ നോക്കി. അച്ചു അത് കേട്ടതും അവനെ ഒന്നു നോക്കി. പിന്നെ ടേബിൾ ഡ്രോയറിൽ തുറന്ന് അതിൽ നിന്നൊരു ഫയൽ എടുത്തു. അത് ടേബിളിന് മുകളിലേക്ക് വെച്ച് അനിരുദ്ധന് നേരെ നീക്കി വെച്ചു. Here's it, You may get everything about Jerry from this file. അച്ചു അനിരുദ്ധനെ നോക്കി പറഞ്ഞു. ഏയ്‌... എനിക്ക് ഇതിന്റെ ആവശ്യം ഒന്നുമില്ല. ജെറിയെ പറ്റി എല്ലാം തന്നെ ഞാൻ അന്വേഷിച്ച് അറിഞ്ഞിരുന്നു. എന്നിട്ടും ഈ ചോദ്യവുമായി അഗസ്റ്റിക്ക് മുന്നിൽ വന്നത് എന്തിനാണെന്നോ???? തന്റെ വീട്ടിലുള്ള ഒരാളിൽ നിന്ന് തന്നെ എനിക്ക് അത് അറിയേണ്ടതുണ്ട്. I need to know it from your wife. അനിരുദ്ധൻ അച്ചുവിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു നിർത്തി. No!!! it's not possible. ദൃഢമായി അച്ചു പറഞ്ഞു നിർത്തി. Why???? She's the only witness in this case. അപ്പോൾ പിന്നെ എനിക്ക് എമിയെ ചോദ്യം ചെയ്തല്ലേ കഴിയൂ.... അനിരുദ്ധന്റെ വാക്കുകൾ കേട്ട് അച്ചുവിൽ ഞെട്ടൽ ഒന്നും തന്നെ തോന്നിയില്ല. എല്ലാം അവൻ അന്വേഷിച്ച് അറിഞ്ഞിറിഞ്ഞു കാണും എന്നവന് ഉറപ്പായിരുന്നു. ഇത്രയും അന്വേഷിച്ച് അറിഞ്ഞ സ്ഥിതിക്ക് ഞാൻ എമിയെ ചോദ്യം ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞതിന്റെ കാരണവും അനിരുദ്ധന് അറിയിരിക്കണമല്ലോ????? അച്ചു ഗൗരവത്തിൽ അവന് നേരെ നോക്കി. Yeah i know it.

എന്നുകരുതി ചോദിക്കാതിരുന്നിട്ട് കാര്യമില്ലല്ലോ???? ജെറിയുടെ കൊലപാതകികളെ പുറത്ത് കൊണ്ടുവരണമെങ്കിൽ എമിക്ക് കഴിഞ്ഞതെല്ലാം തന്നെ ഓർമ്മ വന്നേ തീരൂ. ഒന്നു ഓർത്തു നോക്ക് എത്രകാലം നിങ്ങൾക്ക് അവളിൽ നിന്ന് ഇതെല്ലാം മറച്ചു വെക്കാനാവും???? അവൾക്കെല്ലാം ഓർമ്മ വരുന്ന ദിവസം ചിലപ്പോൾ യഥാർത്ഥ കുറ്റവാളികൾ രക്ഷപെട്ടു പോയെങ്കിലോ???? നിങ്ങളെ ഓരോരുത്തരെയും അവൾ വെറുക്കാം... അനിരുദ്ധൻ പറഞ്ഞു നിർത്തിയതും അച്ചുവിന്റെ കണ്ണുകളിൽ അവിശ്വസനീയത നിറഞ്ഞു. കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ അവൻ അനിരുദ്ധനെ നോക്കി. ഞാൻ വെറുതെ പറഞ്ഞതല്ല. സ്വന്തം സഹോദരന്റെ കൊലപാതകികൾ രക്ഷപെട്ടു പോയി എന്നറിഞ്ഞാൽ അവൾക്ക് അത് സഹിക്കാൻ കഴിയും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ???? അവൾ സ്വയം വെറുക്കാൻ തുടങ്ങും... അതിനൊപ്പം നിങ്ങളെ ഓരോരുത്തരെയും അവൾ വെറുക്കും. അച്ചുവിന്റെ കണ്ണുകളിലേക്ക് നോക്കി കൗശലത്തോടെ അവനൊന്ന് പറഞ്ഞു നിർത്തി. ചുണ്ടിൽ ഒളിപ്പിച്ചു വെച്ച പുഞ്ചിരിയോടെ അവൻ അച്ചുവിന്റെ മാറി വരുന്ന ഭാവങ്ങൾ വീക്ഷിച്ചു. അച്ചുവിന്റെ ഒരു നിമിഷത്തെ മാറിയ ചിന്ത തന്റെ വിജയം ആണെന്ന് അവൻ ഉറപ്പിച്ചു. പലരും എഴുതി തള്ളിയ കേസ്... അതും തെളിവുകൾ ഒന്നു പോലും അവശേഷിക്കാത്ത ഒരു കേസ്.

കുറഞ്ഞ സമയം കൊണ്ട് തനിക്ക് അത് തെളിയിക്കാൻ കഴിഞ്ഞാൽ തന്റെ കരിയറിലെ തന്നെ വലിയൊരു നേട്ടമായി മാറാം. ഈ അന്വേഷണം കൊണ്ട് തനിക്ക് വരാനിരിക്കുന്ന സ്ഥാനകയറ്റത്തെ പറ്റി ആയിരുന്നു അവന്റെ ചിന്തകൾ. അതിലേക്കുള്ള വഴിയോ എമിയും. അവന്റെ ചിന്തകൾ അത്രയും സ്വന്തം നേട്ടങ്ങളെ പറ്റി ആയിരുന്നു. അതിനിടയിൽ കുരുങ്ങി കിടക്കുന്ന മനുഷ്യ ജീവിതങ്ങൾക്ക് നേരെ മനഃപൂർവം അവൻ കണ്ണുകൾ അടച്ചു. നല്ലവണ്ണം ആലോചിച്ചു നോക്ക് അഗസ്റ്റി എല്ലാവരുടെയും നല്ലതിന് വേണ്ടിയാ ഞാൻ ഈ പറയുന്നത്. അനിരുദ്ധൻ പറഞ്ഞു. അച്ചു ഒന്നു കണ്ണുകൾ ഉയർത്തി അവനെ നോക്കി. ആലോചിക്കാൻ ഒന്നുമില്ല അനിരുദ്ധ്, എമിയെ ചോദ്യം ചെയ്യാൻ പറ്റില്ല. അച്ചുവിന്റെ ആ ഒരു ഉത്തരം കൊണ്ട് തന്നെ അനിരുദ്ധന്റെ മുഖം ഇരുണ്ടു. അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അനിരുദ്ധൻ ഇപ്പൊ നിസ്സാരമായി പറഞ്ഞില്ലേ എന്നായാലും അവൾ അറിയേണ്ടത് തന്നെ അല്ലേന്ന്????? തനിക്ക് പ്രിയപ്പെട്ടവർ ആരെങ്കിലും ആണെങ്കിൽ ഇത്ര കൂളായി താനിത് പറയുമായിരുന്നോ????? അച്ചു അവന് നേരെ ചോദ്യമുയർത്തി. എന്തു പറയണം എന്നറിയാതെ അനിരുദ്ധൻ ഒരു നിമിഷം മൗനമായി. ഉത്തരമില്ല അല്ലെ????? അതങ്ങനെയാടോ സ്വന്തം പ്രിയപ്പെട്ടവരെ പറ്റി ഒരു തീരുമാനം എടുക്കുമ്പോൾ ഒന്നല്ല ഒരായിരം വട്ടം നമ്മൾ ചിന്തിക്കും. ആ കാര്യത്തിൽ എല്ലാവരും സെൽഫിഷ് ആവും. I'm also selfish.....

എന്റെ ചിന്തകൾ ജെറിയെ പറ്റി അല്ല, it's all about Emy. ജെറിയെ പറ്റി ഞാൻ നടത്തിയ അന്വേഷണങ്ങളിൽ ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നത് ഒരിക്കലും അത് എമിയിലേക്ക് എത്തരുത് എന്ന വാശിയോടെ തന്നെ ആയിരുന്നു. Coz I don't want to disturb her. അച്ചു ഒന്നു നിർത്തി. താൻ പറഞ്ഞില്ലേ ഒരിക്കൽ അവൾ എല്ലാം തിരിച്ചറിയുമെന്ന്... അപ്പോഴുണ്ടാവുന്ന റിയാക്ഷൻ തനിക്ക് ഊഹിക്കാൻ കഴിയോ????? പക്ഷെ എനിക്കറിയാം. ജെറിയുടെ ഒരു ഫോട്ടോ കണ്ടപ്പോൾ അവൾ എത്രമാത്രം ഡിസ്റ്റർബ്ഡായി എന്ന് നേരിട്ട് കണ്ടറിഞ്ഞവനാ ഞാൻ. ആ ഞാൻ തന്നെ അവളിലേക്ക് ഓർമ്മകൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കും എന്ന് അനിരുദ്ധന് കരുതുന്നുണ്ടോ???? ഒരിക്കലുമില്ല... എമിക്ക് ദോഷം വരുന്ന ഒന്നും ഞാൻ ചെയ്യില്ല. അങ്ങനെ ചെയ്യാൻ ആരെയും അനുവദിക്കുകയുമില്ല. അനിരുദ്ധനിൽ മിഴികൾ ഊന്നി അവൻ പറഞ്ഞു. പിന്നെ... എമി ഇതെല്ലാം തിരിച്ചറിയുമ്പോഴുള്ള റിയാക്ഷൻ. അതിനെ ഞാൻ ഒത്തിരി ഭയക്കുന്നുണ്ട്, പക്ഷെ അതൊരിക്കലും എന്നെ വെറുക്കും എന്ന് കരുതിയിട്ടല്ല അവൾ ആ നിമിഷത്തെ എങ്ങനെ അതിജീവിക്കും എന്നുള്ള ഭയമാണ്. അല്ലാതെ എന്റെ എമിക്ക് ഇതെല്ലാം മറച്ചു വെച്ച എന്നെയോ അവളുടെ പ്രിയപ്പെട്ടവരെയോ വെറുക്കാൻ ഒരിക്കലും സാധിക്കില്ല. അവൾക്ക് മനസ്സിലാവും ഞങ്ങളെ...

ഞങ്ങൾ അങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള സാഹചര്യവും മാനസികാവസ്ഥയുമെല്ലാം. അതുകൊണ്ട് വെറുതെ ഓരോന്ന് പറഞ്ഞ് എന്റെ തീരുമാനം മാറ്റാം എന്ന് എന്തെങ്കിലും ഒരു ചിന്ത ഉണ്ടെങ്കിൽ അതങ്ങ് മാറ്റി വെച്ചേര്. പിന്നെ ഒഫീഷ്യലായി നീങ്ങിയാൽ പോലും എമിയെ ചോദ്യം ചെയ്യാനുള്ള അനുവാദം ലഭിക്കില്ല എന്ന് തനിക്ക് തന്നെ അറിയാല്ലോ????? എമിയുടെ മെഡിക്കൽ കണ്ടിഷൻസ് വെച്ച് ഒരു ഡോക്ടറുടെ നിർദേശമില്ലാതെ അനിരുദ്ധന് അവളെ ചോദ്യം ചെയ്യാൻ കഴിയില്ല. എമി എന്ന എളുപ്പവഴി നോക്കാതെ താൻ കണ്ണുകൾ അടക്കുന്ന ഒരുപാട് തെളിവുകൾ ഈ കേസിൽ ഉണ്ട്. പക്ഷെ അതിലല്ലോ തനിക്ക് താത്പര്യം. എത്രയും പെട്ടെന്ന് ഈ കേസ് കണ്ടുപിടിച്ച് പ്രൊമോഷൻ സ്വപ്നം കണ്ട് നടക്കുന്ന തനിക്ക് അതൊക്കെ അന്വേഷിക്കാനും കണ്ടെത്താനും എല്ലാം എവിടെയാ നേരം അല്ലെ????? തെല്ലൊരു പരിഹാസത്തോടെ അച്ചു പറഞ്ഞ് റെവോൾവിങ് ചെയറിലേക്ക് ചാരി ഇരുന്ന് അനിരുദ്ധനെ നോക്കി. ഒരു നിമിഷം അവൻ വിളറി പോയി. അടികിട്ടിയത് പോലെ അവൻ എഴുന്നേറ്റു. താൻ വന്ന ഉദ്ദേശം സാധിക്കാൻ കഴിയാത്തതിന്റെ നിരാശയാലും ദേഷ്യത്താലും അച്ചുവിനെ ഒന്നു നോക്കി പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു. ഒരു മിനിറ്റ് ഒന്നു നിന്നേ......

ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങാൻ ആയവെ അച്ചുവിന്റെ പിൻവിളി കേട്ടവൻ ഡോറിൽ പിടിച്ച് നിന്ന് അച്ചുവിന് നേരെ തിരിഞ്ഞു നോക്കി. ഇനിയും ഇങ്ങനെ ഒരു ആവശ്യവുമായി അനിരുദ്ധൻ എനിക്ക് മുന്നിൽ വരാൻ പാടില്ല. വന്നാൽ ഇത്രയും നേരം സംസാരിച്ച പോലെ ഒന്നുമായിരിക്കില്ല എന്റെ പ്രതികരണം. പിന്നെ... എമിയെ കാണാനോ ജെറിയെ കുറിച്ച് എന്തെങ്കിലും അവളോട് സംസാരിക്കാനോ ശ്രമിക്കരുത്. ശ്രമിച്ചാൽ........ പൂർത്തിയാക്കാതെ ഭീഷണി സ്വരത്തിൽ പറഞ്ഞ് അച്ചു രൂക്ഷമായി അവനെ നോക്കി. അച്ചുവിന്റെ വാക്കുകളിൽ ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷം ഉള്ളിൽ അടക്കി വാതിൽ തുറന്ന് വലിച്ച് അടച്ച് അനിരുദ്ധൻ അവിടെ നിന്ന് പോയി. അവൻ പോയ വഴിയേ നോക്കി പലതും മനസ്സിൽ ഉറപ്പിച്ച് വലിഞ്ഞു മുറുകിയ മുഖത്തോടെ അച്ചു ടേബിളിൽ ഇരുന്ന പേപ്പർ വെയിറ്റ് കൈക്കുള്ളിൽ അമർത്തി പിടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റോണിയും എമിയും നിവിയും കോൺഫ്രൻസ് കോളിലാണ്. വിഷയം റോണിയുടെ വൈറൽ ഡാൻസും. എന്നാലും ഇവന്റെ ഒരു യോഗമേ... പത്ത് പൈസ ചിലവില്ലാതെ വൈറൽ ആയില്ലേ. നമുക്കൊന്നും ഈ ഭാഗ്യം കിട്ടിയില്ലല്ലോ????? നിവി സ്വന്തം ദുഃഖം വെളിപ്പെടുത്തി. നീ അപ്പുവേട്ടനെ എടുത്തിട്ട് അലക്കുന്ന ഒരു വീഡിയോ എടുത്ത് ഇൻസ്റ്റയിൽ അങ്ങോട്ട് പോസ്റ്റ്‌ ചെയ്യ്. ഇതിനേക്കാൾ നന്നായി നിനക്കും അപ്പോൾ വൈറൽ ആവാം.

മനുഷ്യൻ ഇവിടെ സ്വസ്ഥതയില്ലാതെ ഇരിക്കുമ്പോഴാണ് അവളുടെ കോപ്പിലെ ഡയലോഗ്. റോണി പല്ല് കടിച്ചു. അത് ഇവൻ ആ പറഞ്ഞത് നല്ലൊരു ഐഡിയാണ്. നിനക്ക് വൈറൽ ആവാൻ അത്ര ആഗ്രഹം ഉണ്ടെങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. എമി അവളെ കളിയാക്കി. എന്നിട്ട് വേണം ഞാൻ എയറിൽ കയറാൻ. ഞാൻ ഇങ്ങനെ ഒക്കെ അങ്ങോട്ട്‌ ജീവിച്ചു പൊക്കോളാമേ.... നിവി അടിയറവ് വെച്ചു. നിനക്കൊക്കെ തമാശ... ഞാനിവിടെ തീയിൽ ചവിട്ടിയാ നിൽക്കുന്നത്. രാവിലെ തുടങ്ങി എന്റെ ഫോണിൽ വരുന്ന കോളുകൾക്ക് എണ്ണമില്ല. ഫാമിലി ഗ്രൂപ്പിൽ ഇപ്പൊ എന്റെ ഡാൻസാണ് ചർച്ചാ വിഷയം. ഇതൊന്നും പോരാഞ്ഞിട്ട് ആ മറിയാമ്മ രാവിലെ തുടങ്ങി വിളിക്കുന്നതാ ഞാൻ എടുത്തില്ല. മിക്കവാറും ബ്രേക്ക്‌അപ്പ്‌ പറയാൻ ആയിരിക്കും. ഒരു സർപ്രൈസ് ഗിഫ്റ്റ് കാരണം എന്റെ ജീവിതം ഇപ്പൊ കയ്യാല പുറത്ത് വെച്ച തേങ്ങാ പോലെയായി. റോണി വിലപിച്ചു. ഇത്രയൊക്കെ സംഭവങ്ങൾ ഉണ്ടായോ???? എമി അതിശയിച്ചു. പിന്നല്ലാതെ. നീയെന്താ കരുതിയത്. ഇപ്പൊ ഇവന്റെ ഡാൻസ് ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. റീൽസോളികൾ ഇവന്റെ ഡാൻസ് അങ്ങോട്ട്‌ ഏറ്റെടുത്തു. കണ്ടന്റ് കിട്ടാത്ത ട്രോളന്മാർക്ക് ഇപ്പോൾ ചാകരയാണ്.

കേരളത്തിൽ ഇപ്പൊ ഒരുവിധപ്പെട്ട എല്ലാവരുടെയും വാട്സാപ്പ് സ്റ്റാറ്റസ് ഭരിക്കുന്നത് ഇപ്പൊ ഇവനാണ്. അതുമല്ലാതെ ഇവന്റെ പേരിൽ ഫ്ലെക്സ് മുതൽ ഇനാഗുറേഷൻ ഫങ്ക്ഷൻ വരെ അറേഞ്ച് ചെയ്തവർ ഉണ്ടത്രേ. നിവി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. എന്ന സൊൽറീങ്ക?????? എമി ലൈക്ക് കണ്ണ് തള്ളിയ അവസ്ഥ. ഉൺമൈ സൊൽറീങ്ക..... നിവി അവളുടെ വിഷമത്തിന് ഒപ്പം പങ്കുചേർന്നു. അപ്പൊ ഒരു വീഡിയോ മതി അല്ലെ ജീവിതം മാറി മറയാൻ????? പിന്നേ... എന്റെ ജീവിതം ഇപ്പൊ മാറിയില്ലേ????? റോണി അതീവ ദുഃഖിതനായി. ദേടാ... മറിയാമ്മ വിളിക്കുന്നു അവളെ കൂടി ആഡ് ചെയ്യട്ടെ?????? എമി ചോദിച്ചു. ഏയ്‌... വേണ്ട വേണ്ട.... പറഞ്ഞു തീരും മുന്നേ നിവി അവളെ ആഡ് ചെയ്തു കഴിഞ്ഞിരുന്നു. തെണ്ടി....... റോണി നിവിയേയും അവളുടെ നാല് തലമുറയേയും മനസ്സാൽ സ്മരിച്ചു. റോണിച്ചൻ ഇവിടെ ഉണ്ടായിരുന്നോ???? എന്നിട്ടാണോ എന്റെ കോൾ എടുക്കാഞ്ഞത്???? ഞാൻ എത്ര തവണ വിളിച്ചു????? മറിയാമ്മ പരിഭവത്തോടെ പറഞ്ഞു. എടുത്തിട്ട് ബ്രേക്ക്‌അപ്പ്‌ സോങ് പാടാനല്ലേ???? റോണി സ്വരം താഴ്ത്തി പറഞ്ഞു. പോ അവിടുന്ന്.... ഈ റോണിച്ചന്റെ ഒരു തമാശ.... മറിയാമ്മ ഒന്നു ചിരിച്ചു. പക്ഷെ റോണിക്ക് അതൊരു കൊലചിരി ആയിട്ടാണ് തോന്നിയത്. റോണിച്ചാ........❤️

മറിയാമ്മ പ്രണയത്തോടെ വിളിച്ചു. എടീ അങ്ങനെ അല്ലെടീ. എന്നുടൻ നടന്ത എൻ നിഴലാ തനിയാ നടക്ക വിട്ടാ.... 🎶 നിവി പാടി നിർത്തി. അത് കേട്ടതും ഇവളിത് എന്ത് തേങ്ങയാ ഈ ടെല്ലുന്നത് എന്നർത്ഥത്തിൽ ബാക്കി മൂന്നെണ്ണവും വായും തുറന്ന് ഇരുന്നു. നിവിയേച്ചീ... രാവിലെ തന്നെ ഏത് ബ്രാൻഡ് ആണ് അടിച്ചത്?????? ബോധം വീണ്ടെടുത്ത് മറിയാമ്മ ചോദിച്ചു. ഞാൻ ഒരു ബ്രാൻഡും അടിച്ചിട്ടില്ല. ഇപ്പോഴത്തെ സിറ്റുവേഷൻ അനുസരിച്ച് റോണിക്ക് പറ്റിയൊരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടതല്ലേ????? ഇതാണോടീ സിറ്റുവേഷന് ചേർന്ന പാട്ട്????? എമി ഫോണിലൂടെ തല്ലാൻ വഴിയില്ലല്ലോ എന്ന അമർഷത്തിലാണ്. പിന്നല്ലാതെ. ഇപ്പൊ ഇവൾ ഇവനെ തേച്ച് ഒട്ടിച്ചിട്ട് പോയില്ലേ???? അപ്പൊ ഇവനെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും സ്റ്റാറ്റസ് ഇടാൻ പറ്റിയ വകയെങ്കിലും നമ്മൾ ഒപ്പിച്ചു കൊടുക്കണ്ടേ???? അല്ലാതെ വെറുതെ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞ് നടന്നിട്ട് എന്ത് കാര്യം????? താൻ ഏതോ മഹത്തായ കാര്യം നടത്തിയത് പോലെ നിവി പറഞ്ഞു നിർത്തി. റോണി ആണെങ്കിൽ ഇപ്പൊ അവളെ കയ്യിൽ കിട്ടിയാൽ അരച്ച് കലക്കി ഒറ്റയടിക്ക് കുടിക്കും എന്ന രീതിയിലാണ്. പറ... മറിയാമ്മേ. Let us breakup എന്ന് അവനോട് തുറന്നു പറ.... എന്നിട്ട് വേണം ഞങ്ങൾക്ക് അവന്റെ ദുഃഖത്തിൽ പങ്ക് ചേരാൻ.

അവനെ ആശ്വസിപ്പിക്കാൻ. ഇനിയും മറച്ചു വെക്കാതെ ഉള്ളിലുള്ളത് എല്ലാം തുറന്നടിക്ക് മറിയാമ്മേ തുറന്നടിക്ക്...... നിവി ഓസ്കാർ ലെവലിൽ ഡയലോഗ് അടിക്കുകയാണ്. ഇനി ഒരക്ഷരം മിണ്ടിയാൽ നിന്നെ ഞാൻ അവിടെ വന്ന് അടിക്കും. കുറെ നേരമായി സഹിക്കുന്നു നിന്റെ കോപ്പിലെ ഡയലോഗ്... വായടക്കെടീ പുല്ലേ... എമി കലിപ്പിലായി. അതോടെ നിവി വായ പൂട്ടി. നിങ്ങൾ ഇത് എന്നതൊക്കെയാ ഈ ആലോചിച്ചു വെച്ചിരിക്കുന്നത്???? ഒരു പ്രശ്നം വരുമ്പോൾ റോണിച്ചനെ ഞാൻ ഇട്ടിട്ട് പോവും എന്നാണോ നിങ്ങൾ ഒക്കെ കരുതിയിരിക്കുന്നത്????? മറിയാമ്മ വിഷമത്തോടെ ചോദിച്ചു. ഒന്നുമില്ലെങ്കിലും എന്റെ പപ്പയ്ക്ക് വേണ്ടിയല്ലേ റോണിച്ചൻ ഇതെല്ലാം ചെയ്തത്???? പക്ഷെ അവസാനം അതിങ്ങനെ ഒക്കെ ആയിതീരും എന്നൊന്നും അറിഞ്ഞില്ലല്ലോ. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇതൊക്കെ ഒരു തമാശയായി അങ്ങോട്ട് വിട്ടേക്ക്. ജീവിതത്തിൽ നാളെ ഓർത്ത് ചിരിക്കാൻ എന്തെങ്കിലും ഒക്കെ വേണ്ടേ????? അത് മാത്രമല്ല ഈയൊരു വീഡിയോ കൊണ്ട് മാത്രം റോണിച്ചൻ ഒരു മിനി സെലിബ്രിറ്റി ആയില്ലേ???? നിസ്സാര കാര്യമാണോ????? മറിയാമ്മ ഒരു ചിരിയോടെ പറഞ്ഞു. ഇതെല്ലാം കേട്ട് കേട്ട് റോണിക്ക് സമാധാനമായി. മറിയാമ്മയുടെ റിയാക്ഷൻ ഓർത്ത് ഭയന്ന് ഇരിക്കുകയായിരുന്നു അവൻ.

ഡാ.... നീ കേട്ടല്ലോ അല്ലെ?????? ഇവനായിരുന്നെടീ നിന്റെ കാര്യത്തിൽ സംശയം. എങ്ങാനും നീ ഇട്ടിട്ട് പോവുമോന്ന് പേടിയായിരുന്നു. എമി റോണിയോടും മറിയാമ്മയോടുമായി പറഞ്ഞു നിർത്തി. അങ്ങനെ ഉപേക്ഷിച്ചു പോവുന്നവളാണോ റോണിച്ചാ ഞാൻ??? ഉള്ളിലുള്ള ഇഷ്ടം തുറന്ന് പറഞ്ഞത് ജീവിതകാലം മുഴുവൻ നിങ്ങളുടെ കൈ പിടിച്ച് കൂടെ കൂടനാ അല്ലാതെ ഏതെങ്കിലും സാഹചര്യത്തിൽ പാതി വഴിയിൽ വിട്ടു പോവാനല്ല. മറിയാമ്മ ഉറച്ച സ്വരത്തിൽ പറഞ്ഞു നിർത്തി. ഒരു നിമിഷം ഞാൻ ഭയന്ന് പോയെടീ... ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല. നിന്നെ ഞാൻ ഒരിക്കലും അവിശ്വസിക്കില്ല. റോണി ക്ഷമാപണം പോലെ അവളോടായി പറഞ്ഞു. ദേ... ഇത്രേ ഉള്ളൂ കാര്യം. ഇതിനാണ് ഇവൻ ഇത്രയും നേരം ടെൻഷൻ അടിച്ചു കൂട്ടിയത്. നീയൊരു കാര്യം മനസ്സിലാക്കണം റോണി, എല്ലാ പെണ്ണുങ്ങളും കാമുകന് ഒരു മോശം അവസ്ഥ വരുമ്പോൾ ഉപേക്ഷിച്ചു സ്വന്തം കാര്യം തേടി പോവുന്നവരല്ല. ഇതുപോലെ എന്തിനും കൂടെ നിൽക്കുന്ന പെൺകുട്ടികൾ ഒരുപാട് ഉണ്ട്. ചതിക്കുന്നവരും വഞ്ചിച്ചു കടന്ന് കളയുന്നവരും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇടയിൽ ഒത്തിരി പേരുണ്ട്. അല്ലാതെ ഈ തേപ്പ് പെണ്ണുങ്ങൾ മാത്രമല്ല ചെയ്യുന്നത്. നല്ല അസ്സലായി തേക്കാനും വാർക്കാനും ഒക്കെ അറിയാവുന്ന ആൺപിള്ളേരുമുണ്ട്. പക്ഷെ പെൺകുട്ടികൾക്ക് മാത്രം തേപ്പുകാരി എന്ന പേര് വീഴുന്നു. കാരണം എന്താന്ന് അറിയോ???? വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞാൽ കാറി കൂവി കരഞ്ഞ് കൂട്ടകാരോട് പറഞ്ഞ് കള്ള് കുടിച്ചു നടക്കാനും എല്ലാവരോടും അവനെന്നെ തേച്ചു എന്ന് വിളിച്ചു പറഞ്ഞ് നടക്കാനും ഞങ്ങൾ പെൺപിള്ളേർക്ക് കഴിയില്ല.

അവർ ഉള്ള് പൊട്ടി ആരും അറിയാതെ കരഞ്ഞു തീർക്കും. അങ്ങനെ ആരോരും അറിയാതെ പോവുന്ന ഒട്ടേറെ തേപ്പ് കഥകൾ ഉണ്ട്. ആദ്യം മാറ്റേണ്ടത് നിന്റെ കാഴ്ചപ്പാട് ആണ്. ഏത് സാഹചര്യത്തിലും ഒപ്പം നിൽക്കാൻ നിനക്ക് ഇപ്പൊ ഒരു പെണ്ണുണ്ട്. അതുകൊണ്ട് നീ അവളിൽ വിശ്വസിക്കണം. അതുപോലെ അവൾക്ക് നിന്നിലുള്ള വിശ്വാസം അത് നഷ്ടപ്പെടുത്താതെ നോക്കണം. എമി ഗൗരവത്തിൽ പറഞ്ഞു നിർത്തി. അത് പൊളിച്ചു മോളേ.... നീ കലക്കി. ഇവനൊക്കെ ഒരു വിചാരമുണ്ട് പെണ്ണെന്നാൽ വിശ്വസിക്കാൻ കൊള്ളില്ലെന്ന്. ഒന്തിനേക്കാൾ നിറം മാറാൻ കഴിവുള്ളതും പാമ്പിനെക്കാൾ വിഷമുള്ളതുമായ ജന്തുക്കൾ ഇവന്മാരുടെ ഇടയിൽ തന്നെ ഉണ്ട്. എന്നിട്ടും പെണ്ണിന് പഴി. നിവി പുച്ഛത്തോടെ നിർത്തി. ആഹ്..... മതി മതി. നമുക്ക് ആ ടോപ്പിക്ക് അങ്ങോട്ട്‌ വിടാം. എമി ഇടപെട്ട് വിഷയം മാറ്റി. അല്ല മറിയാമ്മേ ഇവന്റെ ഈ വീഡിയോ നിന്റെ പപ്പ കണ്ടോ???? നിവി ചോദിച്ചു. കണ്ടോന്നോ????? എന്നെ ഈ വീഡിയോ ആദ്യം കാണിച്ചു തന്നത് പപ്പ അല്ല???? എന്നിട്ട് പപ്പ എന്ത് പറഞ്ഞു???? റോണി ടെൻഷനോടെ ചോദിച്ചു. ഏയ്‌... പപ്പ അതൊന്നും കാര്യം ആക്കിയിട്ടില്ല. ഇതൊക്കെ ആ ഒരു സ്പിരിറ്റിൽ എടുക്കുന്ന ആളാ. അതുകൊണ്ട് വേറെ പ്രശ്നം ഒന്നുമില്ല. റോണിച്ചനെ പരിചയപ്പെടാൻ കഴിയാത്തതിന്റെ നിരാശയാണ് ഇപ്പൊ പപ്പയ്ക്ക്. സൺ‌ഡേ റോണിച്ചനെ ഇങ്ങോട്ട് ക്ഷണിക്കാൻ എന്നെ പറഞ്ഞ് ഏൽപ്പിച്ചിരിക്കുവാ. ആഹാ....

കോളടിച്ചല്ലോ മോനെ????? ഒറ്റ വീഡിയോ കൊണ്ട് നീ സ്റ്റാറുമായി ഫാദർ ഇൻ ലോയുടെ ഗുഡ് ലിസ്റ്റിലും കയറി. നിനക്ക് രാജയോഗം ആണെടാ... നിവി പറഞ്ഞു നിർത്തിയതും അവരെല്ലാം ചിരിച്ചു പോയി. വീണ്ടും ഒത്തിരി നേരം സംസാരിച്ചും പരസ്പരം കളിയാക്കിയും ട്രോളിയും അവർ അങ്ങനെ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു തിരികെ വീട്ടിൽ എത്തിയപ്പോൾ എന്നത്തേക്കാളും നന്നേ വൈകിയിരുന്നു. ബുള്ളറ്റ് പാർക്ക്‌ ചെയ്ത് അച്ചു ഹെൽമെറ്റ്‌ ഊരി വണ്ടിയിൽ നിന്നിറങ്ങി. എല്ലാവരും കിടന്നിരിക്കണം എന്നവൻ ഊഹിച്ചു. തിരക്കിനിടയിൽ എമി വിളിച്ചപ്പോൾ വരാൻ വൈകും തനിക്കായ് കാത്ത് നിൽക്കണ്ട കഴിച്ച് കിടന്നോളാൻ പറഞ്ഞിരുന്നു. പിന്നീട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ആരെല്ലാമോ വിളിച്ചിരുന്നു പക്ഷെ കോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്തായാലും അവളും കിടന്ന് ഉറങ്ങി കാണും. അച്ചു മനസ്സിൽ ചിന്തിച്ചു കൊണ്ട് ഡോർ പതിയെ തുറന്നു. അവൻ എത്താൻ വൈകും എന്ന് പറയുന്ന ദിവസങ്ങളിൽ ഒന്നും സാറാ ഫ്രണ്ട് ഡോർ കുറ്റി ഇടാറില്ല.

വാതിൽ തുറന്ന് അവൻ അകത്ത് കയറിയതും കാണുന്നത് സോഫയിൽ ഇരുന്ന് ദേഷ്യത്തിൽ ടീവിയുടെ ചാനൽ മാറ്റി കളിക്കുന്ന എമിയെയാണ്. അവന്റെ കണ്ണുകളിൽ അതിശയം നിറഞ്ഞു. ഇവൾ ഇതുവരെ ഉറങ്ങിയില്ലേ????? അവിശ്വസനീയതയോടെ ചിന്തിച്ച് അവൻ എമിയെ നോക്കി. അതേ സമയം ഡോർ തുറക്കുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയ എമി കാണുന്നത് വാതിൽക്കൽ തന്നെ തന്നെ അന്തംവിട്ട് നോക്കി നിൽക്കുന്ന അച്ചുവിനെയാണ്. അവനെ കണ്ടതും അവളുടെ മുഖം വീർത്തു. കണ്ണുകളിൽ ദേഷ്യവും പരിഭവവും എല്ലാം ഒറ്റ നിമിഷം കൊണ്ട് മാറി തെളിഞ്ഞു. വാശിയോടെ അവൾ മുഖം വെട്ടിച്ചു. അപ്പോഴാണ് അച്ചുവിന് തനിക്ക് പറ്റിയ അബദ്ധത്തെ പറ്റി ഓർമ്മ വരുന്നത്. ഗീതമ്മയുടെ അടുത്ത് പോവാമെന്ന് വാക്ക് കൊടുത്തിട്ടാണ് പോയത് പക്ഷെ തിരക്കിനിടയിൽ അത് വിട്ട് പോയിരിക്കുന്നു. അച്ചു അമളി പറ്റിയത് പോലെ നെറ്റിയിൽ അടിച്ചു. എമിയെ നോക്കിയതും മുഖം ഒരു കൊട്ടയ്ക്ക് ആക്കി വെച്ചിട്ടുണ്ട്. ഇന്നത്തേക്കുള്ളതായി...... ആരോടെന്നില്ലാതെ പറഞ്ഞവൻ നിശ്വസിച്ചു...... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story