ഹൃദയതാളമായ്: ഭാഗം 187

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കയ്യിൽ തടഞ്ഞ മൂന്നു ബുക്ക്‌ എടുത്ത് ബാഗിൽ വെച്ച് പൂട്ടി എമി മിററിന് മുന്നിൽ ചെന്ന് നിന്ന് മുടി ഒതുക്കി കെട്ടാൻ തുടങ്ങി. ഇന്നാണ് ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം. രാവിലെ തന്നെ കോളേജിൽ പോവുന്നതിന്റെ ഒരുക്കത്തിലാണവൾ. ഇരുവശത്ത് നിന്നും കുറച്ച് മുടിയെടുത്ത് ക്രാബ് ഇട്ട് ബാക്കി അഴിച്ചിട്ട് മുഖം ടിഷ്യൂ കൊണ്ട് ഒപ്പി നെറ്റിയിൽ ഒരു പൊട്ട് തൊട്ടു. കണ്ണാടിയിൽ മൊത്തത്തിൽ ഒന്നു നോക്കി. മ്മ്മ്... കൊള്ളാം... സ്വയമേ പറഞ്ഞുകൊണ്ട് തിരിഞ്ഞതും ഡ്രസ്സിങ് റൂമിന്റെ വാതിൽപ്പടിയിൽ മാറിൽ കൈ പിണച്ച് ചാരി നിൽക്കുന്ന അച്ചുവിനെ കണ്ടതും അവൾ പിരികം ഉയർത്തി. ഇന്ന് എന്നതാ പതിവില്ലാത്ത ഒരു ഒരുക്കം????? അവളെ മൊത്തത്തിൽ ഒന്നു നോക്കികൊണ്ട് അച്ചു ചോദിച്ചു. അതോ???? ഇന്ന് ഫസ്റ്റ് ഡേ അല്ലെ അപ്പൊ ഒന്നു ഒരുങ്ങി കളയാന്ന് കരുതി. പിന്നെ അത് മാത്രമല്ല... പിജിയിൽ നല്ല കിടിലൻ ചേട്ടന്മാർ ഉണ്ട്. ഞങ്ങൾ പഠിച്ചോണ്ടിരുന്നപ്പോൾ പിജി ബ്ലോക്കിലേക്ക് വിടില്ലായിരുന്നു അതുകൊണ്ട് അവരെ ഒന്നും നേരാവണ്ണം കാണാൻ പോലും പറ്റിയിട്ടില്ല ഇനിയിപ്പൊ ആ വിഷയം ഇല്ലല്ലോ?????

ഞങ്ങളുടെ സീനിയേഴ്സ് അല്ലെ അവർ. അപ്പൊ നല്ല അന്തസായി നോക്കാം. അവരുടെ ഒക്കെ മുന്നിൽ പോയി നിൽക്കുമ്പോൾ ഞാനും അത്യാവശ്യം സുന്ദരി ആവണ്ടേ???? അച്ചുവിനെ നോക്കി കുറുമ്പോടെ പറഞ്ഞവൾ പിന്നിലേക്ക് ഒന്നു വളഞ്ഞ് ടേബിളിൽ കൈകുത്തി നിന്നു. ഓഹ്..... അങ്ങനെയാണോ????? അച്ചു അവളുടെ അരികിലേക്ക് നടന്നുകൊണ്ട് ചോദിച്ചു. ആഹ്... അങ്ങനെയാണ്..... അത് കേട്ടതും അച്ചു എമിക്ക് മുന്നിൽ വന്നു നിന്ന് അവൾക്ക് ഇരുവശത്തായി ടേബിളിൽ കൈകുത്തി നിന്നു. നോക്കുന്നത് ഒക്കെ കൊള്ളാം അവരുടെ മുന്നിൽ ചെന്ന് ഈ തിരുവാ തുറന്നേക്കരുത്. തുറന്നാൽ പിന്നെ ഇപ്പൊ ഈ ഒരുങ്ങികെട്ടി പോവുന്നത് ഒക്കെ വേസ്റ്റ് ആവും. എമിയെ നോക്കി കളിയാക്കി ചിരിച്ചവൻ അവളെ ഇടുപ്പിലൂടെ ചുറ്റിയെടുത്ത് മിററിന് മുന്നിൽ നിന്ന് മാറ്റി നിർത്തി അവൻ കണ്ണാടിയിൽ നോക്കി മുടി ഒതുക്കാൻ തുടങ്ങി. എമി ആകെ പ്ലിങ്ങി പോയി. വെറുതെ അവനെയൊന്ന് ചൊറിയണം എന്നാണ് കരുതിയത് പക്ഷെ അച്ചു കയറി സ്കോർ ചെയ്യും എന്ന് കരുതിയില്ല. അടുത്ത നിമിഷം തന്നെ അവളുടെ മുഖം വീർത്തു. അവൾ ദേഷ്യത്തിൽ കൈനീട്ടി അവന്റെ കൈതണ്ടയിൽ അവളുടെ കൂർത്ത നഖം കൊണ്ട് വരഞ്ഞു. ആഹ്... ഡീ.....

അച്ചു വേദന എടുത്ത് കൈ കുടഞ്ഞുകൊണ്ട് അവൾക്ക് നേരെ ചീറി. എന്നെ കളിയാക്കിയാൽ ഇങ്ങനെ ഇരിക്കും. ചുണ്ട് ഒരു വശത്തേക്ക് കോട്ടി അവൾ അച്ചുവിനെ നോക്കി. നിന്നെ ഇന്ന്..... പല്ല് കടിച്ചവൻ എമിക്ക് നേരെ തിരിഞ്ഞതും അവൾ തിരിഞ്ഞോടാൻ തുനിഞ്ഞു. എന്നാൽ അതിന് മുന്നേ അച്ചു അവളെ കൈയ്യിൽ ഒതുക്കി പിടിച്ചിരുന്നു. മാന്തുവോടീ???? ഇനിയും നീ മാന്തുവോ????? കുതറി മാറാൻ നോക്കുന്നവളുടെ ഇടുപ്പിൽ മെല്ലെ നുള്ളിയവൻ ചോദിച്ചു. ഇല്ല.... ഇല്ല... ഇനി ഞാൻ മാന്തില്ല..... ഒന്നു പിടഞ്ഞു കൊണ്ടവൾ അവനെ നോക്കി. മാന്തി എന്റെ പുറം മുഴുവൻ പൊളിച്ചപ്പോഴേ നിന്നോട് ഇതെല്ലാം വെട്ടി കളയണം എന്ന് ഞാൻ പറഞ്ഞതല്ലേടീ കുട്ടി പിശാശ്ശെ????? അച്ചു കലിപ്പിച്ച് അവളെ നോക്കി. ഇത്ര കഷ്ടപ്പെട്ട് വളർത്തിയിട്ട് എങ്ങനാ ഇച്ചായാ വെട്ടി കളയുന്നത്???? എമി നിഷ്കു മോഡ് ഓണാക്കി. വേണ്ട... നിനക്കല്ലേ വെട്ടാൻ മനസ്സ് വരാത്തത് ഞാൻ വെട്ടി തരാം... പറയുന്നതിനൊപ്പം അച്ചു അവളെ ചുറ്റിപ്പിടിച്ച കൈ അയച്ചു. ആ നേരം നോക്കി എമി ഓടാൻ ശ്രമിച്ചതും അച്ചു അവളുടെ കയ്യിൽ പിടിച്ചു നിർത്തി. എങ്ങോട്ടാടീ ഈ ഓടുന്നത്???? ഇച്ചായാ വേണ്ടിച്ചയാ..... നടപ്പില്ല കൊച്ചേ... യക്ഷിയെ പോലെ വളർത്തികൊണ്ട് നടക്കുവാ. അവളുടെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കികൊണ്ട് അച്ചു ടേബിളിൽ പരതി. നെയിൽ കട്ടർ കണ്ണിൽ തടഞ്ഞതും അതെടുത്ത് എമിയുടെ വിരലിൽ പിടിച്ചു. ഇച്ചായാ... ഡോണ്ടു ഡോണ്ടു....

ഞാൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആറ്റുനോറ്റ് വളർത്തിക്കൊണ്ട് വന്ന നഖമാ... എന്നെ ഇതേപടി കൊണ്ടുപോയി ബാൽക്കണിയിൽ നിന്ന് താഴോട്ട് എറിഞ്ഞാലും സാരമില്ല എന്റെ നഖം മാത്രം വെട്ടരുത്... കാല് പിടിക്കാം. എമി അച്ചുവിനോട്‌ കേണ് അപേക്ഷിച്ചു. നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല. നിന്റെ ഈ നഖം കാരണം ഏറ്റവും കൂടുതൽ പണി കിട്ടുന്നത് എനിക്കാ ഇത് ഞാൻ വെട്ടിയിരിക്കും. അച്ചു നിർദാക്ഷിണ്യം അവളുടെ അപേക്ഷയെ തള്ളി ബലമായി വിരൽ പിടിച്ചു വെച്ച് വെട്ടാൻ തുടങ്ങി. നീട്ടി വളർത്തി ഷേപ്പ് ചെയ്ത് ഭംഗിയായി നെയിൽ പോളിഷ് ചെയ്ത നഖങ്ങൾ ഓരോന്നായി പൊഴിഞ്ഞു വീഴുന്നത് കണ്ട് എമിയുടെ ഹൃദയം പിടഞ്ഞു. അവസാനം ചെറുവിരലിലെ നഖം കൂടി വെട്ടി അച്ചു അവളിലെ പിടി അയച്ചു. യുദ്ധകളത്തിൽ മരിച്ചു വീണ യോദ്ധാക്കളെ പോലെ നിലത്ത് അരിഞ്ഞു വീണ നഖങ്ങളെ നോക്കി എമിയുടെ ഉള്ളം തേങ്ങി. അവൾ ചുണ്ട് പിളർത്തി അച്ചുവിനെ നോക്കി. ഇനി നീ മാന്തുന്നത് എനിക്കൊന്ന് കാണണം. അവളെ നോക്കി പറഞ്ഞവൻ ടേബിളിലേക്ക് നെയിൽ കട്ടർ വെച്ചു. എമി പ്രതികാര ദഹിയായ കള്ളിയങ്കാട്ടു നീലിയെ പോലെ അച്ചുവിനെ നോക്കി ദഹിപ്പിച്ചു. ദേഷ്യം കൊണ്ട് മൂക്കും മുഖവും ഒക്കെ ചുവന്നു കയറി.

അച്ചു അത് കണ്ടതും അവളെ ചുറ്റിപ്പിടിച്ച് കവിളിൽ ചെറുതായി കടിച്ചു. അടുത്ത വഴക്കിനും അത് കോംപ്രമൈസ് ആക്കാനും ഒന്നുമുള്ള ടൈം തത്കാലം എനിക്കില്ല അതുകൊണ്ട് എന്റെ കൊച്ച് ഇപ്പൊ പിണക്കം ഒക്കെ അങ്ങോട്ട്‌ മാറ്റി വെച്ചിട്ട് ബാഗും എടുത്ത് താഴോട്ട് പോര്. ചുണ്ടിൽ ഒളിപ്പിച്ചു വെച്ച ചിരിയോടെ പറഞ്ഞവൻ അവളുടെ ചുണ്ടിൽ ഒന്നു മുത്തി. പിന്നെ അവളെ കൈകൾക്കുള്ളിൽ നിന്ന് മോചിപ്പിച്ച് ടേബിളിൽ ഇരുന്ന ഫയലും കീയും തൊപ്പിയും എല്ലാം എടുത്ത് മുറി വിട്ട് ഇറങ്ങി. എമിയുടെ മുഖം കാറ്റ് അഴിച്ചുവിട്ട ബലൂൺ പോലെയായി. ഇനി കുന്തം പോലെ നിന്നിട്ട് വേറെ കാര്യമില്ലാത്തതിനാൽ അവൾ ബാഗും എടുത്ത് താഴെക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 താഴെ ചെല്ലുമ്പോൾ റോണി ഡൈനിങ് ടേബിളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫുൾ കോൺസെൻട്രേഷൻ ഫുഡിലാണ്. ആൽവിച്ചനും അതുപോലെ തന്നെ പക്ഷെ അതിനൊപ്പം റോണി ഫുഡ് മുഴുവൻ കാലിയാക്കുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കുന്നുണ്ട്. അവർ രണ്ടുപേരെയും ഒന്നു നോക്കി എമി കൈ കഴുകി കഴിക്കാൻ ഇരുന്നു. സാറാ ജോക്കുട്ടനെ യൂണിഫോം ഇടുവിച്ച് ഒരുക്കുന്ന തിരക്കിലാണ്. ആളിപ്പൊ LKGയിലാണ്. യൂണിഫോമും ഇട്ട് ബാഗൊക്കെ തൂക്കി വലിയ ഗമയിലാണ് പോക്കും വരവും എല്ലാം. ജോക്കുട്ടനെ ഷൂസ് ഇടുവിക്കുന്ന സാറായെ ഒന്നു നോക്കി എമി പ്ലേറ്റ് എടുത്ത് കഴിക്കാനുള്ളത് വിളമ്പി.

അപ്പോഴേക്കും അടുക്കളയിൽ നിന്ന് ജോക്കുട്ടനും എമിക്കുമുള്ള ടിഫിൻ പാക്ക് ചെയ്തെടുത്ത് റിയ അങ്ങോട്ട് എത്തിയിരുന്നു. എമീ... ദാ നിനക്ക് ഉച്ചത്തേക്കുള്ള ഫുഡ് എടുത്ത് വെച്ചിട്ടുണ്ട്. കൊണ്ടുപോവാൻ മറക്കരുത്. റിയ അവളെ ഓർമ്മപ്പെടുത്തി. നീയിത് ആരോടാ ഈ പറയുന്നത്???? ബാഗ് മറന്നാലും ഇവൾ ഫുഡ് മറക്കില്ല. ആൽവിച്ചൻ കിട്ടിയ ഗ്യാപ്പിൽ ഒരു ഗോൾ അടിച്ചു. ആൽവിച്ചായാ..... എമി പല്ല് കടിച്ച് അവനെ നോക്കിയതും ഇളിച്ചു കാണിച്ച് അവൻ വീണ്ടും പ്ലേറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. റിയ അവരുടെ രണ്ടിന്റെയും തല്ല് പിടുത്തം നോക്കി ചിരിച്ച് ജോക്കുട്ടന്റെ ടിഫിൻ എടുത്ത് അവന്റെ ബാഗിൽ വെച്ചു. പിന്നെ കുഞ്ഞിനുള്ള ബ്രേക്ക്‌ഫാസ്റ്റ് പ്ലേറ്റിൽ വിളമ്പി അവനെ കഴിപ്പിക്കാനായി പോയി. ഡാഡി ഇന്ന് നേരത്തെ പോയൊ???? കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ എഴുന്നേൽക്കവെ അച്ചു ചോദിച്ചു. ആടാ... ഇന്നൊരു മീറ്റിംഗ് ഉണ്ട്. അതുകൊണ്ട് കാലത്ത് തന്നെ പോയി. ആൽവിച്ചൻ കഴിക്കുന്നതിനിടയിൽ മറുപടി കൊടുത്തു. മീറ്റിംഗ് ആയിട്ടാണോ താൻ ഇവിടെ ഇരുന്ന് വെട്ടി വിഴുങ്ങുന്നത്????? അത്രനേരം ഫുഡിൽ മുഴുകി ഇരുന്ന റോണി തലയുയർത്തി ആൽവിച്ചനെ നോക്കി ചോദിച്ചു. ഇയാൾ പോയിട്ട് വേണം ആ മീറ്റിംഗ് കുളമാകാൻ. എമി ആൽവിച്ചൻ അടിച്ച ഗോൾ തിരികെ കൊടുത്തു. നീ പോടീ...

. നിനക്കൊക്കെ എന്റെ കഴിവിൽ അസൂയയാണ്. ഹും.... അവരെ രണ്ടിനെയും നോക്കി ആൽവിച്ചൻ പുച്ഛിച്ചു. അതിന് മാത്രം എന്ത് കഴിവ് എന്നർത്ഥത്തിൽ അവർ രണ്ടുപേരും അവനെ നോക്കി തിരികെ പുച്ഛം വാരി വിതറി അവർ രണ്ടുപേരും കഴിച്ച് എഴുന്നേറ്റു. കൈ കഴുകി വന്ന് റിയ എടുത്തു വെച്ച ടിഫിൻ എടുത്ത് ബാഗിൽ വെച്ച് എമി ജോക്കുട്ടന് ഉമ്മ കൊടുത്ത് ഇറങ്ങാൻ തുനിയുമ്പോഴാണ് ജിച്ചൂട്ടന്റെ കരച്ചിൽ കേൾക്കുന്നത്. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ അടുത്ത് ആരെയെങ്കിലും കണ്ടില്ലെങ്കിൽ ചെക്കന് ഈ കരച്ചിൽ പതിവാണ്. കുഞ്ഞിന്റെ കരച്ചിൽ കേട്ടതും ജോക്കുട്ടന് കഴിപ്പിച്ചു കഴിഞ്ഞ് അടുക്കളയിലേക്ക് പാത്രം വെക്കാൻ തിരിഞ്ഞ റിയക്ക് വെപ്രാളമായി. പെട്ടെന്ന് എന്തുചെയ്യണം എന്നറിയാതെ നിന്ന റിയയെ കണ്ട് എമി ബാഗ് ഊരി സോഫയിലേക്ക് ഇട്ടു. ഏട്ടത്തി വെപ്രാളപ്പെടാതെ കുഞ്ഞിനെ ഞാൻ ചെന്ന് എടുത്തോണ്ട് വരാം. എമി അവളോടായി പറഞ്ഞ് കണ്ണ് ചിമ്മി കാണിച്ച് കുഞ്ഞിനെ എടുക്കാൻ പോയി. റിയ അത് കണ്ട് ആശ്വാസത്തോടെ പാത്രം ഡൈനിങ് ടേബിളിൽ വെച്ച് കൈ കഴുകാൻ തിരിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പുറത്തേക്ക് ഇറങ്ങിയ അച്ചു റോണിയെ പിടിച്ച് അവന്റെ ബൈക്കിന് അരികിലേക്ക് മാറി നിന്നു.

റോണി അവന്റെ പ്രവർത്തിയിൽ അമ്പരന്ന് അവനെ നോക്കി. ഞാൻ പറയാൻ പോവുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം. അകത്തേക്ക് ഒന്നു പാളി നോക്കി അച്ചു പറയുന്നത് കേട്ടതും റോണിയുടെ നെറ്റി ചുളിഞ്ഞു. എന്താ അളിയാ കാര്യം???? അവന്റെ മുഖത്തെ ഗൗരവം കണ്ട് റോണിക്കും ടെൻഷനായി. എമിയെ നീ ഒന്നു ശ്രദ്ധിക്കണം. അവളെ പരിചയമില്ലാത്ത ആരെങ്കിലും കാണാൻ വരുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്താൽ നീ അത് എന്നെ അറിയിക്കണം. പിന്നെ അവളെ ഒറ്റയ്ക്ക് ആക്കരുത്. ക്ലാസ്സ്‌ കഴിഞ്ഞാൽ അവിടെയും ഇവിടെയും കറങ്ങാൻ നിൽക്കാതെ നേരെ ഇങ്ങോട്ട് പോരണം. അച്ചു പറഞ്ഞു നിർത്തിയതും റോണി കാര്യം മനസ്സിലാവാതെ അവനെ നോക്കി. അളിയൻ ഇപ്പൊ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്???? അതിന് മാത്രം എന്താ പ്രശ്നം????? കാര്യം ഒക്കെ ഞാൻ പിന്നീട് നിനക്ക് പറഞ്ഞു തരാം. ഇപ്പൊ ഞാൻ പറയുന്നത് അങ്ങോട്ട് കേൾക്ക്. അച്ചു അതീവ ഗൗരവത്തോടെ അച്ചു അവനോട് പറഞ്ഞതും സംഭവം സീരിയസ് ആണെന്ന് റോണിക്ക് മനസ്സിലായി. അളിയൻ അവളെ ഓർത്ത് ടെൻഷൻ ആവണ്ട. ഞാൻ നോക്കിക്കോളാം. അച്ചുവിന്റെ തോളിൽ കൈ അമർത്തി റോണി അവനെ നോക്കി. അവന്റെ മുഖത്ത് നേർത്ത ഒരു ആശ്വാസം തെളിയുന്നത് റോണി കണ്ടു. കൂടുതൽ എന്തെങ്കിലും പറയുമെന്നതിന് മുന്നേ എമി അങ്ങോട്ട്‌ എത്തിയിരുന്നു. പോവാം????? ബാഗ് നേരെയിട്ടുകൊണ്ട് അവൾ റോണിയെ നോക്കി. ആഹ്...

ഞാൻ വണ്ടി എടുക്കട്ടെ. മുഖത്തെ പരിഭ്രമം പുറത്ത് കാണിക്കാതെ അവൻ ബൈക്കിൽ കയറി ഇരുന്ന് സ്റ്റാർട്ട്‌ ചെയ്തു. തന്നെ നോക്കി നിൽക്കുന്ന അച്ചുവിനെ ഒന്നു കൂർപ്പിച്ചു നോക്കി എമി അവനൊപ്പം ബൈക്കിലേക്ക് കയറി. അവർ പോവുന്നത് നോക്കി അച്ചു ഒന്നു നെടുവീർപ്പിട്ടു. പെട്ടെന്ന് പോക്കറ്റിൽ ഇരുന്ന ഫോൺ റിങ് ചെയ്തതും അവൻ ഫോൺ കയ്യിലെടുത്ത് നോക്കി. സ്‌ക്രീനിൽ തെളിഞ്ഞ നമ്പർ കണ്ടതും അവന്റെ മുഖം ഗൗരവത്തിലായി. കോൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു. മറുപുറത്ത് നിന്നുള്ള സംഭാഷണം കേട്ടതും അവന്റെ കണ്ണുകളിൽ വിവേചിച്ച് അറിയാൻ കഴിയാത്ത ഭാവങ്ങൾ നിറഞ്ഞു. മറുപടിയായി കനത്തിൽ ഒന്നു മൂളി കോൾ കട്ട്‌ ചെയ്തവൻ ബുള്ളറ്റിന് അരികിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഉച്ച വരെ ക്ലാസ്സ്‌ കാണൂ എന്നുപറഞ്ഞ് വന്നിട്ട് ഇതിപ്പൊ ഒരുമാതിരി കോപ്പിലെ പരിപാടി ആയിപ്പോയി. വൈകിട്ട് വരെ ക്ലാസ്സും പോരാഞ്ഞിട്ട് വന്ന അന്ന് തന്നെ ഒടുക്കത്തെ ഉപദേശവും ഇതിലും ഭേദം ആ പുട്ടി ഭൂതത്തിന്റെ ക്ലാസ്സ്‌ ആയിരുന്നു അതായിരുന്നെങ്കിൽ ഉറങ്ങുകയെങ്കിലും ചെയ്‌യായിരുന്നു. എമി തന്റെ ദുഃഖം പറഞ്ഞു. അത് തന്നെ... ഇന്നത്തെ ക്ലാസ്സ്‌ എന്റെ പോന്നോ.. ഓർക്കുമ്പോൾ തന്നെ തല പെരുക്കുന്നു. നിവി തല കുടഞ്ഞു. സംഭവം വേറൊന്നുമല്ല ഫസ്റ്റ് ഡേ ആയതിനാൽ.

ഉച്ച വരെയേ ക്ലാസ്സ്‌ കാണൂ. എന്നുകരുതി വന്ന മൂന്നെണ്ണത്തിനും എട്ടിന്റെ പണിയാണ് കിട്ടിയത്. വൈകിട്ട് വരെ ക്ലാസ്സും പോരാത്തതിന് വന്നവർ വന്നവർ ഒടുക്കത്തെ ഉപദേശവും ക്ലാസ്സ്‌ എടുക്കലും അതോടെ മൂന്നും പഠിപ്പ് വെറുത്തു പോയി. അല്ല നീയെന്താടാ ഒന്നും മിണ്ടാത്തത് നിനക്ക് ഞങ്ങളെ പോലെ തന്നെ അല്ലായിരുന്നോ????? റോണി സൈലന്റ് ആണെന്ന് കണ്ടതും എമി ചോദിച്ചു. അതൊക്കെ അങ്ങനെ തന്നെ ആയിരുന്നു നിന്റെ ഒക്കെ വെറുപ്പിക്കൽ ഇല്ലാത്തതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ. നീ ഫോറെൻസിക് എടുത്തത് കൊണ്ടല്ലേ അല്ലെങ്കിൽ ഞങ്ങൾ കൂടെ ഉണ്ടാവില്ലേ???? എമി നേർത്തൊരു പരിഭവത്തോടെ പറഞ്ഞു. നിന്റെ കെട്ട്യോൻ പറഞ്ഞിട്ടാ ഞാൻ അത് എടുത്തത്. ഇനി അതിന്റെ പേരിൽ എന്നോട് തട്ടി കയറണ്ട വാ വീട്ടിൽ പോവാം. റോണി തിടുക്കം കൂട്ടി. ഇപ്പോഴെയോ???? എമിയും നിവിയും അമ്പരപ്പോടെ അവനെ നോക്കി. പിന്നല്ലാതെ. എനിക്ക് ഇന്ന് പോയിട്ട് വേറെ കുറച്ച് പരിപാടികൾ ഉണ്ട്. അപ്പൊ ഇന്ന് മറിയാമ്മയെ കാണണ്ടേ???? അവളോട് ഞാൻ വിളിച്ചു പറഞ്ഞിരുന്നു എന്നെ കാത്ത് നിൽക്കണ്ടാന്ന്. നീ വന്നേ എനിക്ക് പോയിട്ട് ധൃതി ഉണ്ട്, ഇവളെ അപ്പുവേട്ടൻ ഇപ്പൊ കൂട്ടാൻ വരും. അത്രയും പറഞ്ഞ് റോണി എമിയേയും വലിച്ച് പാർക്കിങ്ങിലേക്ക് നടന്നു. കാര്യം മനസ്സിലാവാതെ എമിയും നിവിയും പരസ്പരം നോക്കി പോയി. അപ്പോഴേക്കും റോണി ബൈക്ക് എടുത്ത് വന്നിരുന്നു.

അവന്റെ തിരക്ക് കൂട്ടൽ കണ്ടതും പിന്നെ എമി കൂടുതൽ ഒന്നും ചോദിക്കാതെ അവനൊപ്പം കയറി. നിവിയെ നോക്കി കൈവീശി. കുരിശിങ്കൽ എത്തിയതും എമിയെ അവൻ ഗേറ്റിനു മുന്നിൽ ഇറക്കി. എമി ഇറങ്ങിയതും അവന്റെ കയ്യിൽ കയറി പിടിച്ചു. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ???? എമിയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ അവനൊന്ന് ഞെട്ടി. എന്ത് പ്രശ്നം????? പെട്ടെന്ന് മുഖം സാധാരണ പോലെ ആക്കി ഒന്നുമേ അറിയാത്ത ഭാവത്തിൽ അവളെ നോക്കി. അത് എനിക്കണോ അറിയാവുന്നത്???? നിന്റെ ടെൻഷനും ധൃതി വെക്കലും ഒക്കെ കാണുമ്പോൾ എന്തോ ഉള്ളത് പോലെ.... എമി അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. ഒന്നു പോയേടീ... പ്രശ്നം അതും ഈ എനിക്ക്.... നിന്റെ പിരി ഏതാണ്ട് ഇളകി കിടക്കുവാ അതുകൊണ്ട് തോന്നുന്നതാ. എനിക്ക് വൈകിട്ട് ഒരു ബർത്ത്ഡേ പാർട്ടി ഉണ്ട് ചെല്ലാൻ വൈകിയാൽ ഫുഡ് കിട്ടില്ല. ഇത് അറിഞ്ഞാൽ ആ മറുത കൃത്യ സമയത്ത് ഒന്നും നമ്മളെ വിടില്ല അതാ അവിടെ വെച്ച് പറയാതെ തിരക്ക് കൂട്ടിയത്. അല്ലാതെ നീ വിചാരിക്കും പോലെ ഒന്നുമല്ല. റോണി പറഞ്ഞു നിർത്തി. മ്മ്മ്...

അങ്ങനെ ആണേൽ നിനക്ക് കൊള്ളാം. എമി അവനെ നോക്കി കനത്തിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞ് അകത്തേക്ക് നടന്നു. അവൾ പോവുന്നത് നോക്കി ആശ്വാസത്തോടെ ഒന്നു നിശ്വസിച്ച് റോണി വണ്ടിയെടുത്ത് അവിടുന്ന് പോയി. ഓരോന്ന് ആലോചിച്ച് അകത്തേക്ക് നടക്കവെ മുറ്റത്ത് കിടക്കുന്ന പരിചയമില്ലാത്ത കാർ കണ്ട് എമിയുടെ നെറ്റി ചുളിഞ്ഞു. ആരാണാവോ വന്നത്????? പുറത്ത് കിടക്കുന്ന ഒരു ജോഡി ജെന്റ്‌സ് ഷൂ കണ്ട് മനസ്സിൽ ചോദിച്ചു കൊണ്ടവൾ ചെരുപ്പ് ഊരിയിട്ട് അകത്തേക്ക് കയറി. വാതിൽപ്പടി കടന്ന് അകത്തേക്ക് കയറവെ ഹാളിലെ സോഫയിൽ ഇരുന്ന് ചായ കുടിക്കുന്ന ആളെ കണ്ട് എമി ഒരു നിമിഷം നിന്നുപോയി. അനിരുദ്ധൻ....... ഒരുതരം സംശയത്തോടെ അവളുടെ ചുണ്ടുകൾ അവന്റെ പേര് ഉരുവിട്ടു. സാറായോട് എന്തോ പറഞ്ഞ് ചിരിയോടെ മുഖം തിരിക്കവെ അനിരുദ്ധന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു. അവന്റെ കണ്ണുകൾ ഒന്നു തിളങ്ങി. ചുണ്ടിൽ ഗൂഢമായ ഒരു ചിരി തെളിഞ്ഞു. അതേ ചിരിയോടെ അവൻ എമിയെ നോക്കി...... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story