ഹൃദയതാളമായ്: ഭാഗം 188

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അകത്തേക്ക് കയറാൻ ആവാതെ ഒരു നിമിഷം എമി സ്റ്റക്കായി നിന്നുപോയി. സംശയത്താൽ നെറ്റി ചുളിഞ്ഞു. എന്താടോ അവിടെ തന്നെ നിന്ന് കളഞ്ഞത് ഇത് തന്റെ വീട് തന്നെയാ മാറി പോയിട്ടൊന്നുമില്ല. അനിരുദ്ധൻ എന്തോ വലിയ തമാശ പോലെ പറഞ്ഞ് സ്വയം ചിരിച്ചു. എമിക്ക് അത് കണ്ടപ്പോൾ അമർ അക്ബർ അന്തോണിയിലെ എന്ത് ചീഞ്ഞ കോമഡിയാടാ എന്ന ജയസൂര്യയുടെ ഡയലോഗാണ് ഓർമ്മ വന്നത്. അത് ഓർക്കെ പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ച് അവൾ അകത്തേക്ക് കയറി. അനിരുദ്ധന് എതിർ വശത്തായി ആൽവിച്ചൻ ഇരിപ്പുണ്ട്. അനിരുദ്ധനെ കണ്ട പകപ്പിൽ പെട്ടെന്ന് അവനെ ശ്രദ്ധിച്ചിരുന്നില്ല. എമിയെ കണ്ടതും അവന്റെ മുഖത്ത് ഉത്ഖണ്ഡ നിറഞ്ഞു. വല്ലാത്തൊരു ഭയം അവന്റെ മുഖത്ത് നിഴലിച്ചു. സാധാരണ വീട്ടിൽ ആരെങ്കിലും വരുമ്പോൾ ഓരോന്ന് പറഞ്ഞ് വെറുപ്പിക്കുന്ന ആൾ സൈലന്റ് ആയി അതും ടെൻഷൻ അടിച്ച് ഇരിക്കുന്നത് കണ്ട് എമി അരുതാത്തത് എന്തോ കണ്ടത് പോലെ അവനെ നോക്കി. വീട്ടിൽ ആരെങ്കിലും വന്നാൽ അവർക്ക് ചെവിതല കൊടുക്കാത്ത നീയെന്താടാ ഇങ്ങനെ ഇരിക്കുന്നത്????? എമിയുടെ മനസ്സിലെ സംശയം ശരിവെക്കും പോലെ സാറായുടെ ചോദ്യം ഉയർന്നു. അതൊന്നുമില്ല... എനിക്ക് എന്തോ ഒരു തലവേദന പോലെ. അമ്മച്ചി ഒരു കട്ടൻ ഇട്ടു തന്നാൽ ഉപകാരമായിരുന്നു. നെറ്റിയിൽ തടവി ആൽവിച്ചൻ അവരെ നോക്കി. തല വേദനയോ????? നല്ല വേദന ഉണ്ടോ????

ഏട്ടത്തിയെ കൊണ്ട് ഒന്നു നോക്കിക്കാൻ വയ്യായിരുന്നോ????? എമി അവന് അരികിൽ വന്നിരുന്ന് അവന്റെ നെറ്റിയിൽ തൊട്ടു നോക്കി ചോദിച്ചു. ഒരു നിമിഷം ആൽവിച്ചൻ അലിവോടെ അവളെ നോക്കി. ഒന്നൂല്ലെടീ... ഇന്ന് കുറെയേറെ നേരം വർക്ക്‌ ചെയ്തതിന്റെ ഒരു സ്‌ട്രെയിനാണ്. ഒരു ചായ കുടിക്കുമ്പോൾ അതൊക്കെ മാറിക്കോളും. ആൽവിച്ചൻ അവളുടെ കൈ പിടിച്ചു താഴ്ത്തി പറഞ്ഞ് അവൾക്ക് നേരെ കണ്ണ് ചിമ്മി. എങ്കിലും അവൻ പറഞ്ഞത് വിശ്വാസം വരാതെ എമി അവനെ തന്നെ നോക്കി. തനിക്ക് മുഖം തരാതെ ഇരിക്കുന്നവനെ കാൺകെ ഉള്ളിൽ എന്തെല്ലാമോ അസ്വസ്ഥതകൾ നിറഞ്ഞു. എമിക്ക് ആൽവിയെ ഭയങ്കര കാര്യമാണല്ലേ?????? അവരുടെ സംഭാഷണവും പ്രവർത്തികളും എല്ലാം നോക്കി ഇരിക്കെ അനിരുദ്ധൻ ചോദിച്ചു. കൊള്ളാം... രണ്ടും തമ്മിൽ ഏത് നേരവും തല്ല് കൂടലാണ്. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കലും പാര വെപ്പും. ഇതൊക്കെ ആയാലും രണ്ടിൽ ഒരാളുടെ മുഖം വാടിയാൽ മറ്റേയാൾക്ക് സഹിക്കില്ല. സാറാ ചിരിയോടെ അവരെ ഇരുവരെയും നോക്കി പറഞ്ഞുകൊണ്ട് എഴുന്നേറ്റു. ആഹാ... അത് കൊള്ളാല്ലോ... ചിരിയോടെ അനിരുദ്ധൻ അവരെ നോക്കിയതും ഒരു കൃത്രിമ ചിരി മുഖത്ത് അണിയാൻ ശ്രമിച്ചു. ആൽവിയുടെയും എമിയുടെയും മനസ്സ് അശാന്തമായിരുന്നു.

ആൽവിച്ചന്റെ ചിന്തകൾ അനിരുദ്ധന്റെ വരവും അതിന് പിന്നിലെ ഉദ്ദേശവും അറിയാതെ ഉഴറുമ്പോൾ അവന്റെ മുഖത്തെ പതിവില്ലാത്ത പതർച്ചയും ടെൻഷനും കണ്ടായിരുന്നു എമിയുടെ ആകുലത. ഇച്ചായൻ ഇതുവരെ എത്തിയില്ലേ അമ്മച്ചീ????? എന്തോ ഓർത്തെന്നത് പോലെ എമി വർധിച്ച ഹൃദയമിടിപ്പോടെ സാറായെ നോക്കി. ഞാനും അഗസ്റ്റിയെ വെയിറ്റ് ചെയ്ത് ഇരിക്കുവാ. ഉച്ചക്ക് വന്ന് യൂണിഫോം ഒക്കെ മാറി പുറത്ത് എങ്ങോട്ടോ പോയി എന്ന് ആന്റി പറഞ്ഞു. ഇതുവരെ ഇങ്ങോട്ട് എത്തിയില്ല. അനിരുദ്ധൻ ആയിരുന്നു അവൾക്ക് ഉത്തരം കൊടുത്തത്. അത് കേട്ടതും എമിക്ക് എന്തോ ഒരു പരിഭ്രമം തോന്നി. കൈവിരലുകൾ പരസ്പരം ഞെരിച്ചവൾ ഉള്ളിലെ ഭയം പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചു. അവൻ ഒരു അത്യാവശ്യത്തിന് പോയതാടീ ഇപ്പൊ എത്തും അവിടുന്ന് പുറപ്പെടാൻ നേരത്ത് എന്നെ വിളിച്ചു പറഞ്ഞിരുന്നു. എമിയുടെ മുഖത്തെ ടെൻഷൻ അറിഞ്ഞത് പോലെ ആൽവിച്ചൻ അവളുടെ തോളിൽ തട്ടി അവളെ സമാധാനിപ്പിച്ചു. നീ ചെന്ന് ഫ്രഷായി ഈ ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് വാ, ചെല്ല്.... ആൽവിച്ചൻ പറഞ്ഞതും മനസ്സില്ലാ മനസ്സോടെ അവൾ എഴുന്നേറ്റു. മനസ്സിൽ എന്തൊക്കെയോ വേണ്ടാത്ത ചിന്തകൾ. ഇതുവരെ ഒരു പ്രശ്നവുമില്ലായിരുന്നു എന്നാൽ ഈ നിമിഷം മുതൽ എന്തൊക്കെയോ അസ്വസ്ഥതകൾ വന്നു മൂടുന്നു. ഉള്ളം കാരണമില്ലാതെ വേദനിക്കുന്നു. വേഗത്തിൽ ഉയരുന്ന ഹൃദയമിടിപ്പോടെ എമി മുറിയിലേക്ക് പോവാൻ തുനിഞ്ഞു. ആഹ് എമീ....

ഇത് അഗസ്റ്റി ആവശ്യപ്പെട്ടിട്ട് ഞാൻ കൊണ്ടുവന്നതാണ്. ഇത് കൂടി കൊണ്ടുപൊക്കോ അഗസ്റ്റി വരുമ്പോൾ താൻ തന്നെ ഏൽപ്പിച്ചാൽ മതി. അനിരുദ്ധൻ തന്റെ കയ്യിലിരുന്ന എൻവലപ്പ് എമിക്ക് നേരെ നീട്ടി. അവനെ നോക്കി ഒന്നു തലയാട്ടി എമി അത് വാങ്ങി. ആൽവിച്ചനിൽ ഒരു ഞെട്ടൽ ഉടലെടുത്തു. തനിക്ക് വേണമെങ്കിൽ തുറന്നു നോക്കിക്കോ.... എമിയെ നോക്കി ഒരു ചിരിയോടെ അവൻ പറഞ്ഞു. ഏയ്‌... അതിന്റെ ആവശ്യമില്ല... ഇച്ചായൻ ആവശ്യപ്പെട്ടിട്ട് കൊണ്ടുവന്നതല്ലേ അത് ഞാൻ എന്തിനാ നോക്കുന്നത്????? അതെന്താടോ ഇത് പൊട്ടിച്ചു നോക്കിയെന്ന് കരുതി അഗസ്റ്റി വഴക്ക് പറയുമെന്ന് പേടിയുണ്ടോ????? അവൾക്ക് നോക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞില്ലേ പിന്നെന്തിനാ അനിരുദ്ധൻ അവളെ നിർബന്ധിക്കുന്നത്????? ആൽവിച്ചന്റെ സ്വരം കടുത്തു. എമി ഒരുതരം പകപ്പോടെ ആൾവിച്ചന്റെ മുഖത്തേക്ക് നോക്കി. ഞാൻ ആ ഒരർത്ഥത്തിൽ പറഞ്ഞതല്ല. ഞാൻ ഉൾപ്പടെ പല ഓഫീസേഴ്സിനും ഞങ്ങളുടെ ജോലിയിൽ ആരും തലയിടുന്നത് ഇഷ്ടമല്ല. അഗസ്റ്റിയും അങ്ങനെ ആണോ എന്ന ഒരു സംശയത്തിൽ ചോദിച്ചതാ. അനിരുദ്ധൻ ഒരു പുഞ്ചിരി മുഖത്ത് അണിഞ്ഞു പറഞ്ഞു. അങ്ങനെ ഒന്നുമില്ല. ഞാൻ ഇത് നോക്കിയെന്ന് കരുതി ഇച്ചായൻ എന്നെ ഒന്നും പറയാൻ പോവുന്നില്ല...

പക്ഷെ എനിക്ക് താത്പര്യമില്ല അത്ര തന്നെ. ഇതുവരെ ഇച്ചായന്റെ പ്രൊഫഷണൽ കാര്യങ്ങളിൽ ഞാൻ എത്തി നോക്കിയിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല ഒത്തിരി ടെൻഷൻ ഒന്നും താങ്ങാൻ എന്നെക്കൊണ്ട് പറ്റത്തില്ല. അതുകൊണ്ട് ഇതും എനിക്ക് കാണണമെന്നോ നോക്കണമെന്നോ ഇല്ല. എമി അവനെ നോക്കി പറഞ്ഞു. അല്ല ഞാൻ പറഞ്ഞന്നേ ഉള്ളൂ... തനിക്ക് വേണ്ടെങ്കിൽ നോക്കണ്ട... അനിരുദ്ധൻ നേർത്തൊരു നിരാശയിൽ പറഞ്ഞു. എങ്കിൽ ശരി നിങ്ങൾ സംസാരിച്ച് ഇരിക്ക്. എൻവലപ്പ് സുരക്ഷിതമായി കയ്യിൽ പിടിച്ച് അവൾ അവനെ നോക്കി ചെറുതായ് ഒന്നു പുഞ്ചിരിച്ച് സ്റ്റെയറിന് അരികിലേക്ക് പോയി. എമി പടികൾ ചവിട്ടി മുകളിലേക്ക് പോയതും ആൽവിച്ചൻ കത്തുന്ന കണ്ണുകളോടെ അനിരുദ്ധനെ നോക്കി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുറിയിൽ ചെന്നതും കയ്യിലുള്ള എൻവലപ്പ് ടേബിളിലേക്ക് വെച്ച് ബാഗ് ഊരി ചെയറിലേക്ക് ഇട്ടു. ധൃതിയിൽ ബാഗ് തുറന്ന് ഫോൺ കയ്യിലെടുത്തു. ഒരുതരം വെപ്രാളത്തോടെ അച്ചുവിന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി. ഓരോ റിങ്ങിലും അവളുടെ ഹൃദയമിടിപ്പ് ഏറി കൊണ്ടിരുന്നു. പലതവണ റിങ് ചെയ്തു നിൽക്കുന്നതല്ലാതെ അവൻ കോൾ അറ്റൻഡ് ചെയ്തില്ല. എന്തോ ഒരു ഭയം ഉള്ളിൽ ഉറഞ്ഞു കൂടി.

ആൽവിച്ചന്റെ മുഖത്തെ പതിവില്ലാത്ത ടെൻഷനും ഗൗരവവും എല്ലാം അവളെ അത്രയേറെ ഭയപ്പെടുത്തിയിരുന്നു. കണ്ണുകൾ നിറഞ്ഞു. വിറയ്ക്കുന്ന കൈകളോടെ കഴുത്തിലെ മിന്നിൽ മുറുകെ പിടിച്ചു. അരുതാത്ത ചിന്തകൾ ഹൃദയത്തെ കീറി മുറിക്കാൻ പാകത്തിന് ഉള്ളിൽ ഉയർന്നതും കണ്ണുകൾ ഇറുകെ അടച്ച് ഉള്ളം കയ്യാലെ മുഖം പൊത്തി. മുഖം ഒന്നു അമർത്തി തുടച്ച് ചിന്തകൾക്ക് കൂച്ചുവിലങ്ങിട്ട് അവൾ ഇട്ട് മാറാനുള്ള ഡ്രസ്സ്‌ എടുത്ത് വാഷ്റൂമിലേക്ക് കയറി. ഷവറിന് അടിയിലെ തണുത്ത വെള്ളത്തിന് കീഴിൽ നിൽക്കുമ്പോൾ മനസ്സ് അശാന്തമായിരുന്നു. ഒരുവിധം കുളിച്ച് തീർത്ത് അലസമായി മുടിയിലെ വെള്ളം തുടച്ച് റൂമിലേക്ക് ഇറങ്ങി. ബെഡിൽ കിടന്ന ഫോൺ എടുത്ത് നോക്കി. ഇല്ല.... അച്ചു തിരികെ വിളിച്ചിട്ടില്ല. ഉള്ളിൽ നിന്നൊരു തേങ്ങൽ തികട്ടി വന്നു. കരഞ്ഞു പോവും എന്ന് തോന്നിയ നിമിഷം തന്നെ അച്ചുവിന്റെ ബുള്ളറ്റിന്റെ ഇരമ്പൽ കാതിൽ എത്തി.പ്രാണൻ തിരിച്ചു കിട്ടിയത് പോലെ അവൾ ആഞ്ഞ് ശ്വാസമെടുത്തു. കണ്ണുകൾ എന്തിനോ നിറഞ്ഞൊഴുകി. കാലുകൾക്ക് വേഗതയേറി റൂമിന്റെ വാതിലിൽ തുറന്നവൾ പുറത്തേക്ക് ഓടുകയായിരുന്നു. വേഗത്തിൽ ഓടി സ്റ്റെയറിൽ എത്തിയതും വാതിൽപ്പടി കടന്ന് അകത്തേക്ക് കയറുന്ന അച്ചുവിനെ കാണുമ്പോഴാണ് അവളുടെ ശ്വാസം നേരെ വീഴുന്നത്.

സ്റ്റെയറിന്റെ കൈവരിയിൽ പിടിച്ചവൾ അണച്ചു കൊണ്ട് ശ്വാസമെടുത്തു. ഹാളിലേക്ക് കയറിയതും അച്ചുവിന്റെ കണ്ണുകൾ അനിരുദ്ധനിൽ വീണു. ഉള്ളിൽ അമർഷം നുരഞ്ഞു പൊന്തി. ദേഷ്യത്താൽ അവൻ മുഷ്ടി ചുരുട്ടി പിടിച്ചു. ആഹ്... അച്ചു എത്തിയല്ലോ????? റിയയുടെ ശബ്ദം കേട്ടതും ജോക്കുട്ടനെ കളിപ്പിക്കാൻ ശ്രമിക്കുന്ന അനിരുദ്ധൻ മുഖമുയർത്തി അവനെ നോക്കി. അച്ചുവിനെ നോക്കിയവൻ ഒരു പ്രത്യേക ഭാവത്തിൽ ചിരിച്ചു. മുഷ്ടി ചുരുട്ടി പല്ല് ഞെരിച്ചവൻ അനിരുദ്ധന് നേർക്ക് അടുക്കാൻ പോയതും കാറ്റ് പോലെ എമി പാഞ്ഞു വന്ന് അവന്റെ നെഞ്ചിലേക്ക് വീണവനെ പുണർന്നതും ഒരുമിച്ചായിരുന്നു. അച്ചു ഒരു നിമിഷം പകച്ച് നിന്നുപോയി. ചുരുട്ടി പിടിച്ച കൈ വിരലുകൾ അയഞ്ഞു. അവന്റെ ഉള്ളിൽ അകാരണമായ ഒരു ഭയം ഉയർന്നു. അതിലപ്പുറം അനിരുദ്ധന്റെ മുഖത്തെ വിജയചിരി അച്ചുവിനെ കൂടുതൽ ഭയപ്പെടുത്തി. എമീ.... എന്താടീ എന്തുപറ്റി????? അവളെ അടർത്തി മാറ്റാൻ ശ്രമിച്ചുകൊണ്ട് അച്ചു ആധിയോടെ ചോദിച്ചു. എന്നാൽ എമി അവനെ കൂടുതൽ അള്ളിപ്പിടിച്ച് അവന്റെ നെഞ്ചിൽ മുഖം അമർത്തി അതുവരെ അടക്കി നിർത്തിയ പേടിയും വേദനയും എല്ലാം കണ്ണുനീരിനാൽ ഒഴുക്കി കളയുകയായിരുന്നു. എമീ.... നീ വെറുതെ ആളെ പേടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ?????

അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി അവളുടെ ചുമലിൽ പിടിച്ചുകൊണ്ട് ചോദിച്ചു. ഇച്ചായനെ... വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ... ഞാൻ... ഞാൻ പേടിച്ചു പോയി...... ഏങ്ങലടിക്കിടെ പറഞ്ഞൊപ്പിച്ച് അവൾ അച്ചുവിനെ വീണ്ടും ചുറ്റിപ്പിടിച്ച് തേങ്ങി. അത് കേട്ടതും അച്ചുവിന്റെ നെഞ്ചിൽ അതുവരെ കത്തിയ അഗ്നി അണഞ്ഞത് പോലെ തോന്നി. അവൻ ആശ്വാസത്തോടെ എമിയെ ചേർത്തു പിടിച്ചു. അനിരുദ്ധന്റെ കണ്ണുകളിൽ നിരാശ തെളിഞ്ഞു. താന്റെ ശ്രമം പരാജയപ്പെട്ടിരിക്കുന്നു... അവന് കടുത്ത നിരാശ തോന്നി. ഇതിനാണോ കൊച്ചേ നീ ഇങ്ങനെ കിടന്ന് കരഞ്ഞത്???? നിന്റെ കരച്ചിൽ കണ്ടാൽ തോന്നും ഇവൻ ആദ്യമായിട്ടാണ് വൈകി വരുന്നതെന്ന്. ഇതിലും വൈകി നട്ടപാതിരാക്ക് വരെ ഇവൻ കയറി വന്നപ്പോഴൊന്നും നീ ഇങ്ങനെ കരഞ്ഞിട്ടില്ലല്ലോ????? സാറാ എമിയെ നോക്കി ചോദിച്ചതും അവൾ കരച്ചിൽ നിർത്തി അച്ചുവിന്റെ നെഞ്ചിൽ നിന്ന് മുഖം മാറ്റി അവരെ നോക്കി. അത് ദേ ഈ ഇരിക്കുന്ന മനുഷ്യന്റെ ഇരുപ്പ് കണ്ടായിരിക്കും. വന്നപ്പൊ തൊട്ട് ഇതുവരെ ഇല്ലാത്ത ഗൗരവത്തിൽ ഇരിപ്പല്ലേ പിന്നെങ്ങനെ ഇവൾ പേടിക്കാതിരിക്കും???? ഈ ഞാൻ വരെ ഇതിയാന്റെ ഇരുത്തം കണ്ട് ആധി കയറിപ്പോയി അപ്പൊ പിന്നെ അവളുടെ കാര്യം പറയാനുണ്ടോ????? അത് നേരാ...

വെറുതെ എന്റെ കൊച്ചിനെ പേടിപ്പിക്കാനായിട്ട്.... സാറാ അവന്റെ കയ്യിൽ പതിയെ അടിച്ചു. അച്ചു ആൽവിച്ചനെ ഒന്നു നോക്കി. അവന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു. അവന്റെ കൈകൾ എമിയിൽ മുറുകി. മുഖം ചരിച്ച് അവളെ നോക്കവെ വിതുമ്പൽ അടക്കി പിടിച്ചു നിൽക്കുന്നവളെ കണ്ട് അവന് വല്ലാത്ത വേദന തോന്നി. ഒലിച്ചിറങ്ങിയ അവളുടെ കണ്ണുനീർ തുടച്ച് കൊടുത്തവൻ അനിരുദ്ധന് നേർക്ക് നോക്കി. അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. അനിരുദ്ധൻ എന്താ ഇവിടെ?????? കടുപ്പത്തിൽ അച്ചു ഒന്നു ചോദിച്ചു. ഞാൻ അഗസ്റ്റിയെ ഒന്നു കാണാൻ ഇറങ്ങിയതാ... അനിരുദ്ധൻ പറഞ്ഞുകൊണ്ട് എമിയെ നോക്കി. ഇയാൾ ഇങ്ങനെ പേടിച്ചാലോ?????? ഒരു പോലീസുകാരന്റെ ഭാര്യക്ക് ഇത്തിരി ധൈര്യം ഒക്കെ വേണ്ടേ???? അനിരുദ്ധൻ കളിയായി ചോദിച്ചതും എമി അച്ചുവിൽ നിന്ന് വിട്ടുമാറി. അത് ഞാൻ പെട്ടെന്ന് പേടിച്ചു പോയി... കണ്ണുകൾ തുടക്കവെ അവൾ പറഞ്ഞു. എമിക്ക് ബ്രദർ ഉണ്ടോ????? എമിയിൽ നോട്ടം ഉറപ്പിച്ച് അവൻ ആദ്യ ചോദ്യം തൊടുത്തു വിട്ടു. ആഹ്... കസിൻ ബ്രദർ ഉണ്ട്. ഞാൻ അതല്ല സ്വന്തം ബ്രദർ തനിക്ക് മൂത്തതോ ഇളയതോ ആയി തന്റെ അമ്മായുടെ വയറ്റിൽ പിറന്ന ആരെങ്കിലും. കുടിലതയോടെ അവൻ എമിയെ നോക്കി. ഏയ്‌...

ഇല്ല. ഞാൻ എന്റെ പപ്പയ്ക്കും അമ്മയ്ക്കും ഒറ്റ മോളാണ്. എമി അവനെ നോക്കി പറഞ്ഞു. താൻ ഫയൽ വാങ്ങാൻ വന്നതല്ലേ???? എമീ മുറിയിൽ എന്റെ ടേബിളിൽ ഒരു ബ്ലൂ ഫയൽ ഇരിപ്പുണ്ട് ഒന്നു എടുത്തിട്ട് വാ..... അനിരുദ്ധൻ എന്തോ അവളോട് ചോദിക്കാൻ വന്നതും ദേഷ്യത്തിൽ അവനെ നോക്കി അച്ചു എമിയോട് പറഞ്ഞു. അവൾ അച്ചുവിനെ ഒന്നു നോക്കി. അവന്റെ മുഖത്തെ ഗൗരവം കണ്ടതും ഒന്നു തലയാട്ടി സ്റ്റെയറിന് അരികിലേക്ക് നീങ്ങി. എമീ... ഒരു മിനിറ്റ്.... അനിരുദ്ധൻ പിന്നിൽ നിന്ന് വിളിച്ചതും അവൾ നടത്തം നിർത്തി അവനെ തിരിഞ്ഞു നോക്കി. എമി കുറച്ചു കാലം ചെന്നൈയിൽ ഉണ്ടായിരുന്നോ????? അനിരുദ്ധൻ ചോദിച്ചു നിർത്തിയതും അച്ചുവിന്റെ സ്വരം ഉയർന്നു. Stop it!!!!!!!! അതൊരു അലർച്ച ആയിരുന്നു. എമി അടക്കം സാറായും റിയയും എന്തിനേറെ ജോക്കുട്ടൻ പോലും നടുങ്ങി പോയി. കേസിന്റെ കാര്യം സംസാരിക്കാനാണ് വന്നതെങ്കിൽ അത് മാത്രം നോക്കുക. Don't try to interfere in our personal things. രോഷത്തോടെ അച്ചു പറഞ്ഞ് കലിയോടെ അവനെ നോക്കി. അച്ചൂ..... വീട്ടിൽ വരുന്നയാളോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത്??? സാറാ സ്വരമുയർത്തി. അമ്മച്ചി ഇതിൽ ഇടപെടണ്ട.... ആൽവിച്ചൻ ആയിരുന്നു അതിന് മറുപടി കൊടുത്തത്. അവന്റെ സംസാരത്തിലെ ഗൗരവം കേട്ടതും അവർ കാര്യം അറിയാതെ പകച്ച് നിന്നുപോയി. ഇച്ചായാ എന്താ ഇത്????? എമി അവനെയും അനിരുദ്ധനെയും മാറി മാറി നോക്കി. നിന്നോട് ഞാൻ എന്താടീ പറഞ്ഞത്????

ഹേ... കണ്ടവന്റെ വാക്ക് കേട്ട് ഇവിടെ നിൽക്കാനാണോ പറഞ്ഞത്????? മുറിയിൽ ചെന്ന് ഫയൽ എടുത്തോണ്ട് വരാനല്ലേ പറഞ്ഞത്????? അല്ലേന്ന്????? എമിക്ക് നേരെ അച്ചു ദേഷ്യത്തിൽ പൊട്ടിത്തെറിച്ചു. എമി വിറച്ചുപോയി.... അവന്റെ ഭാവം ൾ കണ്ട് പേടിയും സങ്കടവും കരച്ചിലും ഒക്കെ അവൾക്ക് വന്നു. അവൾ നിറഞ്ഞ കണ്ണുകളോടെ അവന്റെ ചോദ്യത്തിന് മുന്നിൽ തലയാട്ടി. പിന്നെന്ത് കാണാൻ നിൽക്കുവാ നീയിവിടെ???? കയറി പോടീ അകത്ത്.... അലറി കൊണ്ട് അച്ചു പറഞ്ഞതും പൊട്ടിവന്ന കരച്ചിൽ വാ പൊത്തി അമർത്തികൊണ്ട് അവൾ മുകളിലേക്ക് ഓടി. സാറാ ഇതെല്ലാം കണ്ട് വിശ്വസിക്കാനാവാതെ അച്ചുവിനെ നോക്കി. ഇതുവരെ അച്ചുവിന്റെ ഭാഗത്ത്‌ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായിട്ടില്ല. അതും അവനെ ഇത്ര ദേഷ്യത്തിൽ കാണുന്നത് തന്നെ ഇതാദ്യമായാണ്. അച്ചൂ.......... അവർ അവനെ ദേഷ്യത്തിൽ വിളിച്ചു. അമ്മച്ചീ വേണ്ട... കൈ ഉയർത്തി അവരെ തടഞ്ഞു കൊണ്ട് അവൻ അനിരുദ്ധന് നേരെ തിരിഞ്ഞു. Get lost you bloody........... അമർഷത്തോടെ അച്ചു പുറത്തേക്ക് ചൂണ്ടി പാതി വഴിയിൽ തന്റെ വാചകം നിർത്തി. അനിരുദ്ധൻ അച്ചുവിന് നേരെ പരിഹാസ ചിരി തൊടുത്തു വിട്ട് പുറത്തേക്ക് ഇറങ്ങി. അത് കൂടി ആയതോടെ അവനിൽ ദേഷ്യം ആളി കത്തി.

ആൽവിച്ചനെ നോക്കി കണ്ണുകൾ കാണിച്ച് ദേഷ്യത്തിൽ അവൻ അനിരുദ്ധന് നേരെ പാഞ്ഞു. ഷൂ ധരിച്ച് പോവാൻ തയ്യാറെടുക്കുന്ന അവന്റെ നേർക്ക് പാഞ്ഞു ചെന്ന് കോളറിൽ കുത്തിപിടിച്ച് തൂണിലേക്ക് ചേർത്തു. പറഞ്ഞതല്ലേ???? മേലിൽ എമിയുടെ പരിസരത്ത് പോലും വരരുതെന്ന് ഒരുതവണ ഞാൻ വാണിംഗ് തന്നതല്ലേ?????? ഇത്രയും നാളും മര്യാദയുടെ ഭാഷ ഉപയോഗിച്ചത് നീ എന്നെപ്പോലെ ഒരു പോലീസ് ഓഫീസർ ആയത് കൊണ്ടാണ്. പക്ഷെ എന്റെ ജീവിതത്തിൽ കയറി കളിച്ചാൽ അതും എന്റെ ജീവനെ തൊട്ട് കളിക്കാൻ ശ്രമിച്ചാൽ കയ്യും കെട്ടി അഗസ്റ്റി നോക്കി ഇരിക്കും എന്ന് കരുതരുത്. വേണ്ടി വന്നാൽ പച്ചക്ക് കത്തിക്കാനും മടിക്കില്ല....... രോഷത്തോടെ അതിലപ്പുറം കലിയോടെ ഭീഷണി സ്വരത്തിൽ പറഞ്ഞ് അച്ചു അവനെ പുറത്തേക്ക് പിടിച്ചു തള്ളി. നിലതെറ്റി അവൻ മുറ്റത്തേക്ക് ചെന്ന് വീണു. അമർഷത്തോടെ അവൻ കണ്ണുകൾ ഉയർത്തി നോക്കവെ കൊല്ലാൻ പാകത്തിന് ദേഷ്യത്തിൽ മുന്നിൽ നിൽക്കുന്ന അച്ചുവിനെ കണ്ടവൻ ചെറുതായ് ഒന്നു പതറി. നിലത്ത് നിന്ന് എഴുന്നേറ്റ് അവൻ അച്ചുവിനെ നോക്കി. കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല അഗസ്റ്റീ സത്യം ഒരുനാൾ പുറത്ത് വന്നിരിക്കും... അതവൾ അറിയുകയും ചെയ്യും. പരിഹാസത്തോടെ അവന് നേരെ പറഞ്ഞ് അനിരുദ്ധൻ തന്റെ കാറിൽ കയറി അവിടെ നിന്ന് നീങ്ങി. ഉള്ളിലെ കോപവും അമർഷവും വേദനയും ഒന്നും അടക്കാൻ ആവാതെ കൈചുരുട്ടി അച്ചു ഭിത്തിയിൽ ഇടിച്ചു.

ഇനി അവിടെ നിന്നാൽ ശരിയാവില്ല എന്ന് തോന്നിയ നിമിഷം അച്ചു ബുള്ളറ്റ് എടുത്ത് പുറത്തേക്ക് പാഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കരച്ചിൽ നിയന്ത്രിക്കാനാവാതെ ബെഡിലേക്ക് വീണ് പില്ലോയിൽ മുഖം അമർത്തി എമി പൊട്ടികരഞ്ഞു. ഉള്ളാകെ നീറുന്നത് പോലെ അവൾക്ക് തോന്നി. കണ്ണുകൾ രണ്ടും എരിഞ്ഞ് നിർത്താതെ മിഴിനീർ പെയ്തു കൊണ്ടിരുന്നു. എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും തേങ്ങലുകൾ അടക്കാൻ അവൾക്കായില്ല. അച്ചുവിന്റെ ദേഷ്യപ്പെട്ടത് ആലോചിക്കവെ മിഴിനീർകണങ്ങൾ നിർത്താതെ ഒഴുകി കൊണ്ടിരുന്നു. ഏങ്ങലടിയോടെ അവൾ നിറഞ്ഞൊഴുകാൻ മത്സരിക്കുന്ന കണ്ണുകളെ ഇറുകെ പൂട്ടി പില്ലോയിൽ മുഖം അമർത്തി കിടന്ന് ശബ്ദമില്ലാതെ വിറച്ചു വിറച്ചു തേങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അഗസ്റ്റീ എന്താടോ ഇതൊക്കെ???? തന്റെ അതേ റാങ്കിങ്ങിൽ ഉള്ള ഒരു പോലീസ് ഓഫീസറെ വീട്ടിൽ നിന്ന് ഇറക്കി വിടുക കയ്യേറ്റം ചെയ്യാൻ ശ്രമിക്കുക എന്നൊക്കെ പറഞ്ഞാൽ. തന്നിൽ നിന്ന് ഞാനിതൊന്നും പ്രതീക്ഷിച്ചില്ല. I'm really disappointed. ഐജിയുടെ ശകാരത്തിന് മുന്നിൽ അച്ചു എങ്ങോട്ടോ നോക്കി നിന്നു. അഗസ്റ്റീ ഞാൻ തന്നോടാണ് സംസാരിക്കുന്നത്.... ഞാനാണ് അനിരുദ്ധനെ എന്ത് ആവശ്യത്തിനും തന്നെ ബന്ധപ്പെടാൻ പറഞ്ഞത്. അത് തന്നിലുള്ള എന്റെ വിശ്വാസവും അതുപോലെ തന്റെ ഫാമിലിയിൽ നടന്ന ഒരു ഇൻസിഡന്റ് ആയത് കൊണ്ടുമാണ്. പക്ഷെ തന്റെ പ്രവർത്തി എന്നെ നിരാശപ്പെടുത്തി കളഞ്ഞു.

ഇതുവരെ ഇങ്ങനെ ഒരു പ്രതികരണം തന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല... പക്ഷെ ഇന്ന് താൻ ചെയ്തത് അതിനുള്ള എക്സ്പ്ലനേഷൻ താൻ എനിക്ക് നൽകിയേ പറ്റൂ.... ഐജി കർക്കശമായി പറഞ്ഞു നിർത്തി. സർ... അനിരുദ്ധനെ കുറിച്ച് സർ എന്നോട് സൂചിപ്പിച്ച അന്ന് മുതൽ ഞാൻ സാറിനോട് പറഞ്ഞ ഒരു കാര്യമുണ്ട്. എന്റെ വൈഫിനെ ചോദ്യം ചെയ്യാനോ ഇതിലേക്ക് വലിചിഴക്കാനോ പാടില്ലെന്ന്. അതിനുള്ള കാരണവും ഞാൻ നൽകിയതാണ്. ഒരു സൈക്കോളജിസ്റ്റിന്റെ നിർദേശം ഇല്ലാതെ എമിയെ ചോദ്യം ചെയ്യാനോ ഏതെങ്കിലും തരത്തിൽ പഴയതെല്ലാം ഓർമ്മപ്പെടുത്താനോ കഴിയില്ല എന്ന് സർ അടക്കമുള്ളവർ വ്യക്തമായി മനസ്സിലാക്കിയ കാര്യങ്ങളാണ്. ഇതെല്ലാം അറിഞ്ഞിട്ടും ഞാൻ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു മനസ്സിലാക്കിയിട്ടും എന്റെ വീട്ടിൽ വന്ന് എന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ ശ്രമിച്ച ഈ നിൽക്കുന്ന വ്യക്തയോട് ഞാൻ എന്താണ് പറയേണ്ടത്?????? തനിക്ക് എതിർ വശത്തായി നിൽക്കുന്ന അനിരുദ്ധനെ ചൂണ്ടി അച്ചു ചോദിച്ചു. ഞാൻ ചെയ്ത പ്രവർത്തിയിൽ യാതൊരു കുറ്റമോധവും എനിക്കില്ല. ഏതൊരു മനുഷ്യനും റിയാക്ട് ചെയ്യുന്നത് പോലെയേ ഞാനും പ്രതികരിച്ചിട്ടുള്ളൂ. അതിൽ ഇനി എനിക്ക് എന്ത് ശിക്ഷ നൽകിയാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.

അച്ചു അയാളോടായി പറഞ്ഞു നിർത്തി അനിരുദ്ധനെ ഒന്നു കലിപ്പിച്ച് നോക്കി പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു. വെളിയിലേക്ക് ഇറങ്ങാൻ ഡോർ പാതി തുറന്നതും എന്തോ ഓർത്തെന്നത് പോലെ അച്ചു തിരിഞ്ഞ് അവരെ ഇരുവരെയും നോക്കി. പ്രൊമോഷനും സ്വപ്നം കണ്ട് ഇറങ്ങിയവരോട് ഇനി ഈ കേസിന്റെ പുറകെ ഓടണ്ട എന്ന് സർ പറഞ്ഞേക്ക്. ഈ കേസ് ഞാൻ തെളിയിക്കും. അടുത്ത 12 മണിക്കൂറിനുള്ളിൽ യഥാർത്ഥ പ്രതികൾ സാറിന്റെ മുന്നിൽ ഉണ്ടാവും. ഗൗരവത്തോടെ അതിലേറെ ഉറപ്പോടെ പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി പോയി. തിരികെ ബുള്ളറ്റിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തതും ഫോൺ റിങ് ചെയ്യുന്നത് കേട്ടവൻ വണ്ടി മുന്നോട്ട് എടുക്കാതെ ഫോൺ എടുത്ത് കാതോട് ചേർത്തു. മറുപുറത്ത് നിന്ന് കേട്ട വാർത്ത അവനിൽ ഒരു ചിരി വിടർത്തി. വിജയ ചിരിയോടെ അവൻ തിരികെ നിർദേശം കൊടുത്ത് കോൾ അവസാനിപ്പിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പോർച്ചിൽ ബുള്ളറ്റ് പാർക്ക്‌ ചെയ്ത് ഒരു വലിയ ഭാരം ഇറക്കി വെച്ച സമാധാനത്തോടെ വണ്ടിയിൽ നിന്ന് ഇറങ്ങി അവൻ വരാന്തയിലേക്ക് കയറി. മനസ്സിൽ മുഴുവൻ എമിയുടെ കണ്ണുനീർ വാർന്ന മുഖം ആയിരുന്നു. ധൃതിയിൽ അവൻ അകത്തേക്ക് കയറിയതും സോഫയിൽ ഇരിക്കുന്ന പോളിനെയും സാറായെയും കണ്ടവൻ ഒന്നു നിന്നു. ഹാ... വന്നല്ലോ സൽപുത്രൻ... ഇനി ആരെ തല്ലാനാടാ വന്നത്???? എന്നെയോ അതോ നീ കെട്ടിക്കൊണ്ട് വന്ന ആ പാവം പെങ്കൊച്ചിനെയോ????

സാറാ ദേഷ്യത്തോടെ അവനെ നോക്കി. എന്താടാ ഇവിടെ നടന്നത്???? ഹേ..... പോൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ശാന്തമായി ചോദിച്ചു. അതൊക്കെ വിശദമായി ഞാൻ പറഞ്ഞു തരാം ഡാഡി. എമി എവിടെ????? നല്ല ചോദ്യം.... അതിന്റെ നേർക്ക് ചാടി കരയിച്ചിട്ട് ഇപ്പൊ ചോദിക്കുന്നത് കേട്ടില്ലേ???? സാറാ വീണ്ടും അമർഷത്തോടെ പറഞ്ഞു. അമ്മച്ചീ.... അവൻ ദയനീയമായി അവരെ വിളിച്ചു. വാശിയോടെ അവർ അവനിൽ നിന്ന് മുഖം തിരിച്ചു. അവൾ മുറിയിലുണ്ട്. ഈ നേരം വരെ ഒരുതുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല ഒരേ കരച്ചിൽ ആയിരുന്നു. റിയ അവനുള്ള മറുപടി കൊടുത്തു. അത് കേട്ടതും അച്ചു വേഗം മുകളിലേക്ക് ഓടി കയറി. ഹൃദയം വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു. ഓടി ചെന്ന് മുറിയുടെ വാതിൽ തുറന്നതും ഒരു നിമിഷം അവന്റെ കാലുകൾ നിശ്ചലമായി. തറയിൽ നിരന്നു കിടക്കുന്ന ജെറിക്കൊപ്പമുള്ള എമിയുടെ ഫോട്ടോസ് കണ്ട് ശ്വാസം എടുക്കാൻ പോലും ആവാതെ തറഞ്ഞ് അവൻ നിന്നുപോയി. പരിഭ്രമത്തോടെ ഭ്രാന്തമായി അവന്റെ മിഴികൾ എമിയെ തേടി. തറയിൽ ബോധം മറഞ്ഞ് കിടക്കുന്നവളെ കണ്ട് ജീവൻ പിടഞ്ഞത് പോലെ അവന് തോന്നി. എമീ................... വീട് നടുങ്ങുമാറ് അച്ചുവിന്റെ അലർച്ച മുഴങ്ങി....... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story