ഹൃദയതാളമായ്: ഭാഗം 189

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

മുന്നിൽ കണ്ട കാഴ്ചയിൽ തളർന്ന് പോയ കാലുകൾ സമചിത്തത വീണ്ടെടുത്ത് വലിച്ചു വെച്ച് അകത്തേക്ക് പാഞ്ഞു. ചിതറി കിടക്കുന്ന ഫോട്ടോസിന് നടുവിൽ ബോധമറ്റ് കിടക്കുന്നവളെ കാൺകെ നെഞ്ച് തകർന്ന് പോയി. അകത്തേക്കുള്ള പാച്ചിലിനിടയിൽ കാലടി അറിയാതെ ഒന്നു ഇടറിയതും എമിക്ക് മുന്നിൽ അവൻ മുട്ടുകുത്തി വീണുപോയി. കണ്ണുകൾ നിറഞ്ഞതും മിഴികൾ ഇറുകെ അടച്ച് തുറന്നവൻ അവളെ കയ്യിൽ താങ്ങി എടുത്തു. തളർന്ന ശരീരത്തിന്റെ ഭാരം മുഴുവൻ അവന്റെ കയ്യിൽ വന്നടിഞ്ഞു. വാടി കുഴഞ്ഞ ചെമ്പില തണ്ട് പോലെ അവളുടെ കൈ ഊർന്ന് നിലത്തേക്ക് വീണതും കൈപ്പിടിയിൽ ഇരുന്ന ജെറിയുടെ ഫോട്ടോ തെറിച്ചു പോയി. വീണതിന്റെ ആഘാതത്തിൽ നെറ്റി പൊട്ടി രക്തം ഒലിക്കുന്നുണ്ട്. ചലനമില്ലാതെ മിഴികൾ കൂമ്പിയടഞ്ഞ് കിടക്കുന്നവളെ കണ്ട് സമനില തെറ്റുന്നത് പോലെ തോന്നി അവന്. ഉള്ളിൽ നിന്നൊരു നിലവിളി വന്ന് അമർന്നു പോയി. എമീ..........

ഹൃദയം പൊട്ടുന്ന വേദനയിൽ അവൻ വിളിച്ചു. എമീ.... കണ്ണ് തുറക്കെടീ..... ഇടറിയ സ്വരത്തിൽ എമിയുടെ കവിളിൽ തട്ടി വിളിച്ചു. അപ്പോഴേക്കും അച്ചുവിന്റെ ബഹളം കേട്ട് എല്ലാവരും അവിടെ എത്തിയിരിക്കുന്നു. അച്ചുവിന്റെ കയ്യിൽ വാടി തളർന്ന് കിടക്കുന്നവളെ കണ്ടതും ആൽവിച്ചൻ വാതിൽപ്പടിയിൽ ചലനം നഷ്ടമായത് പോലെ നിന്നുപോയി. റൂമിൽ അവിടവിടെയായി കിടക്കുന്ന ഫോട്ടോസ് കണ്ടതും അവൻ തലയ്ക്ക് കൈകൊടുത്തുപോയി. എന്ത് നടക്കരുതെന്ന് കരുതിയോ അത് സംഭവിച്ചിരിക്കുന്നു.... അവന്റെ നെഞ്ചിലൂടെ ഒരാളൽ കടന്നുപോയി. അയ്യോ.... മോളെ.... അച്ചൂ എന്താടാ എന്താ എന്റെ മോൾക്ക് പറ്റിയത്????? സാറാ നെഞ്ചിൽ കൈ അമർത്തി കരഞ്ഞുകൊണ്ട് നിലത്ത് ഇരുന്നുപോയി. എമീ...... റിയയും കരഞ്ഞു പോയി. അവർക്ക് പിന്നാലെ ഓടി എത്തിയ പോളിന്റെ നോട്ടം നിലത്ത് ചിതറി കിടന്ന ഫോട്ടോസിൽ ചെന്നെത്തി.

അയാളുടെ കണ്ണുകളിൽ അവിശ്വസനീയത തെളിഞ്ഞു. ബോധമില്ലാതെ കിടക്കുന്ന എമിയേയും ആ ചിത്രങ്ങളെയും പകപ്പോടെ അയാൾ നോക്കി നിന്നുപോയി. എങ്ങനെയോ സമനില വീണ്ടെടുത്ത അച്ചു പെട്ടെന്ന് തന്നെ അവളെ കയ്യിൽ കോരിയെടുത്ത് എഴുന്നേറ്റു. ആൽവിച്ചാ വണ്ടിയെടുക്ക്......... അതൊരു അലർച്ച ആയിരുന്നു. ആൽവിച്ചൻ നിന്നിടത്ത് ഒന്നു ഞെട്ടി. ആഞ്ഞൊരു ശ്വാസമെടുത്ത് അനിയന്ത്രിതമായി ഉയരുന്ന ഹൃദയമിടിപ്പിനെ വക വെക്കാതെ പിന്തിരിഞ്ഞ് താഴേക്ക് ഓടി. എമിയെ നെഞ്ചിലേക്ക് അടക്കിപിടിച്ച് അച്ചു വേഗത്തിൽ കാലുകൾ ചലിപ്പിച്ചു. എമിയുടെ മുഖം വാടി കുഴഞ്ഞ് അവന്റെ നെഞ്ചിൽ പോയി അമർന്നു പോയി. താളം പിഴച്ച ഹൃദയതുടിപ്പോടെ അവളെ എടുത്തുകൊണ്ട് അച്ചു പടികൾ ഓരോന്നും ഓടി ഇറങ്ങുകയായിരുന്നു.

അവന് പിന്നാലെ എങ്ങനെയൊക്കെയോ സാറായും റിയയും വേഗത്തിൽ ഇറങ്ങി. ഹാളിൽ ഇരുന്ന് കളിച്ചുകൊണ്ടിരുന്ന ജോക്കുട്ടൻ എമിയെ എടുത്ത് ഓടി വരുന്ന അച്ചുവിനെ കണ്ട് കാര്യം അറിയാതെ ഇരുന്നിടത്ത് എഴുന്നേറ്റു. എല്ലാവരുടെയും മുഖത്തെ പരിഭ്രമം കണ്ട് അവന്റെ കുഞ്ഞു മനസ്സിലും പേടി ഉയർന്നു. കയ്യിലിരുന്ന കളിപ്പാട്ടം വലിച്ചറിഞ്ഞ് അവൻ അവർക്ക് പിന്നാലെ പുറത്തേക്ക് ഓടി. എന്നാൽ അപ്പോഴേക്കും അച്ചുവും ആൽവിച്ചനും ചേർന്ന് എമിയുമായി കാറിൽ കയറിയിരുന്നു. അവർക്കൊപ്പം എങ്ങനെയൊക്കെയോ സാറാ കൂടി കയറി പറ്റിയതും കാറ്റിന്റെ വേഗത്തിൽ കാർ അവിടുന്ന് പുറത്തേക്ക് കുതിച്ചു പാഞ്ഞു കഴിഞ്ഞു. അതുകൂടി ആയതോടെ പരിഭ്രാന്തിയോടെ ജോക്കുട്ടൻ കരഞ്ഞു തുടങ്ങിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കാർ ഒരു ഇരമ്പലോടെ ഹോസ്പിറ്റലിൽ എത്തിയതും ആരെയും വക വെക്കാതെ അച്ചു എങ്ങനെയൊക്കെയോ ഡോർ തുറന്ന് എമിയെ എടുത്ത് ഹോസ്പിറ്റൽ വരാന്തയിലൂടെ അകത്തേക്ക് പാഞ്ഞു.

അണച്ചു കൊണ്ട് ഡോക്ടറുടെ റൂമിലേക്ക് ഇടിച്ചു കയറുമ്പോൾ പകപ്പോടെ തന്നെ നോക്കുന്ന ഡോക്ടറോട് കാരണം പറയാൻ പോലും അവന്റെ നാവ് ഉയർന്നില്ല. എങ്ങനെയോ അങ്ങോട്ട് ഓടിയെത്തിയ ആൾവിച്ചനാണ് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തത്. ബെഡിലേക്ക് കിടത്താൻ ആവശ്യപ്പെട്ടതും അച്ചു യാന്ത്രികമായി അവളെ കിടത്തി. ഡോക്ടർ അവളെ പരിശോധിക്കുന്നതും ധൃതിയിൽ പുറത്തേക്ക് പോവുന്നതും എന്തൊക്കെയോ പറയുമെന്നതും ഒക്കെ അവ്യക്തമായി അവൻ അറിഞ്ഞു. പക്ഷെ ഒന്നും അവന്റെ തലയിൽ കയറുന്നുണ്ടായിരുന്നില്ല... അവന്റെ കണ്ണും മനസ്സും എല്ലാം എമിയിൽ തന്നെ കുരുങ്ങി കിടക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് എമിയെ ഐസിയുവിലേക്ക് മാറ്റി. തനിക്ക് മുന്നിൽ ഐസിയുവിന്റെ വാതിൽ അടയ്ക്കപ്പെടുന്നത് മങ്ങിയ കാഴ്ചയാൽ അവൻ കണ്ടു. ഐസിയുവിന് പുറത്തെ ചെയറിൽ എല്ലാം നഷ്ടമായവനെ പോലെ തകർന്ന് അച്ചു ഇരുന്നുപോയി.

ഹൃദയത്തിൽ നിന്നൊരു ഏങ്ങൽ തികട്ടി വരുന്നു... ഉള്ളം കത്തി അമരുന്നത് പോലെ നോവുന്നു. കണ്ണുകൾ അനുവാദമില്ലാതെ പെയ്തു. കാൽമുട്ടിന്മേൽ കൈമുട്ടുകൾ കുത്തി അമർത്തി തലയ്ക്ക് കൈകൊടുത്തവൻ ഇരുന്നുപോയി. നിറഞ്ഞൊഴുകാൻ മത്സരിക്കുന്ന കണ്ണുകളോട് അവന് ദേഷ്യം തോന്നി. മിഴികൾ മുറുകെ അടച്ചവൻ ഇരുന്നു. ഹൃദയം മുറിഞ്ഞ് രക്തം കിനിയുന്നു... ഇല്ലാ.... വേദന സഹിക്കാൻ കഴിയുന്നില്ല.... എമി....... വേദനയോടെ അവൻ പുലമ്പി കൊണ്ടിരുന്നു. ഉള്ളിൽ തെളിയുന്നത് അത്രയും പ്രാണന്റെ ചിരിയാണ്... കാതിൽ കൊഞ്ചലോടെ വിളിക്കുന്ന അവളുടെ സ്വരം.... ചിണുങ്ങൽ... നിസ്സാര കാര്യത്തിന് പരിഭവം നടിച്ച് മാറി മുഖം വീർപ്പിച്ചു നിൽക്കുന്നവൾ... കാരണം കണ്ടെത്തി തന്നോട് വഴക്ക് കൂടാൻ വരുന്നവൾ... പിണങ്ങിയാലും രാത്രി തന്റെ നെഞ്ചിലെ ചൂടിലേക്ക് പറ്റിച്ചേരാൻ വരുന്നവൾ...

അവളുടെ വിളികൾക്ക് പോലും പ്രത്യേക ഭാവങ്ങൾ ആയിരുന്നു. കുറുമ്പോടെ... ഇടയ്ക്ക് ദേഷ്യത്തോടെ... ചിണുങ്ങലോടെ... പ്രണയത്തോടെ... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്ര ഭാവങ്ങൾ. എന്തെങ്കിലും കാര്യത്തിന് ദേഷ്യപ്പെട്ടാൽ ഉണ്ടകണ്ണ് നിറച്ച് തന്നെ നോക്കി നിൽക്കുന്നവൾ.... അത് ഓർക്കെ അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. അവന്റെ ഉള്ളിൽ കുറച്ചു നിമിഷം മുന്നേ താൻ ദേഷ്യപ്പെട്ടപ്പോൾ വിങ്ങിപ്പൊട്ടി കണ്ണ് നിറച്ചു നിന്ന എമിയുടെ മുഖം തെളിഞ്ഞതും അവനിലെ വേദന ഇരട്ടിച്ചു. എന്തിനായിരുന്നു അവളോട് ദേഷ്യപ്പെട്ടത്????? ആരോടോ ഉള്ള ദേഷ്യവും വിഷമവും എല്ലാം അവളോട്‌ തീർക്കുകയായിരുന്നില്ലേ????? പാടില്ലായിരുന്നു... വാക്കുകൾ കൊണ്ട് അവളെ വേദനിപ്പിക്കാൻ പാടില്ലായിരുന്നു. ഒത്തിരി വിഷമിച്ചിട്ടുണ്ടാവില്ലേ അവൾ???? കണ്ണീരോഴുക്കി കാണില്ലേ???? എല്ലാം എന്റെ തെറ്റാ... ഒരു ഭ്രാന്തനെ പോലെ അവൻ തലമുടിയിൽ കൊരുത്തു വലിച്ചു. പറ്റുന്നില്ലെടീ... നീയെയില്ലാതെ ഞാൻ... എനിക്ക്... കഴിയുന്നില്ലെടീ...

നിന്നെ ഞാൻ ഇന്ന് ഒത്തിരി നോവിച്ചല്ലേ... അറിയാതെ പറ്റിപ്പോയതാടീ എന്നോട്... എന്നോട് ക്ഷമിക്കെടീ.... നിറഞ്ഞു തൂവിയ മിഴികളോടെ അവൻ അടഞ്ഞു കിടന്ന ഐസിയു വാതിലിലേക്ക് നോക്കി അവൻ പുലമ്പി തീർത്തു. ആൽവിച്ചനും സാറായും അവന്റെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി. സർവ്വം തകർന്നത് പോലെ മാനസികനില തെറ്റിയവരെ പോലെ ഇരുന്ന് പിറുപിറുക്കുന്നവനെ കണ്ടവരിൽ ദുഃഖഭാരമേറി. ആൽവിച്ചൻ അവന് അരികിൽ വന്നിരുന്നു. അച്ചൂ...... അവനെ ചേർത്ത് പിടിച്ച് ആൽവി വിളിച്ചു. എമി... എന്റെ എമി... അവൾക്ക് നോവുന്നുണ്ടാവില്ലേ???? ചെറിയൊരു മുറിവ് പറ്റിയാൽ കണ്ണ് നിറക്കുന്നവളാ.... നെറ്റി പൊട്ടി ഒത്തിരി ബ്ലഡ്‌ പോയി... ദേ ഇത് കണ്ടോ അവൾ ഒഴുക്കിയ ചോരയാ.... അച്ചു ഷർട്ടിൽ പുരണ്ട രക്തക്കറ ചൂണ്ടി പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അത് കാണാൻ കെൽപ്പില്ലാത്തത് പോലെ സാറാ സാരി തുമ്പാലെ മുഖം പൊത്തി കരഞ്ഞു. ആൽവിക്ക് നെഞ്ച് തകരുന്നത് പോലെ തോന്നി.

അച്ചൂ... ഡാ... അവൾക്ക് ഒന്നും വരില്ലെടാ. നമ്മുടെ എമിയല്ലേ അവൾ??? അവൾ പഴയത് പോലെ കുറുമ്പ് കാണിച്ച് തിരികെ വരുമെടാ.... തികട്ടി കരച്ചിൽ അടക്കാൻ ശ്രമിച്ചുകൊണ്ടവൻ അച്ചുവിനെ ആശ്വസിപ്പിച്ചു. ഇല്ല.... അവൾക്കൊന്നും വരില്ല... ഇപ്പൊ തന്നെ ഞാൻ വഴക്ക് പറഞ്ഞതിന് എന്നെ വട്ടാക്കാൻ ചെയ്തു വെക്കുന്നതാ ഇതെല്ലാം... അവൾ വരും... വരാതിരിക്കാൻ അവൾക്ക് പറ്റില്ല... വരും..... ഒരുതരം വാശിയോടെ അവൻ പറഞ്ഞുകൊണ്ടിരുന്നു. അച്ചുവിന്റെ സ്ഥിതി കണ്ട് ആൽവി കണ്ണ് നിറച്ചു. എമി പഴയത് പോലെ തിരികെ വന്നില്ലെങ്കിൽ തകർന്ന് അടിഞ്ഞു പോവുന്നത് അച്ചു ആയിരിക്കും. അവന്റെ കണ്ണുകൾ വേദനയോടെ ഐസിയു വാതിൽക്കലേക്ക് നീണ്ടു. അതിന് അകത്ത് കിടക്കുന്നവൾ തനിക്കേറെ പ്രിയപ്പെട്ടവളാണ്. കുറുമ്പ് കാണിച്ച് തല്ല് കൂടുന്ന കൂട്ടുകാരിയെ പോലെ ചില നേരം കുസൃതി കാണിച്ച് ഓടി മറയുന്ന മകളെ പോലെ എല്ലാമായിരുന്നു അവൾ.

തന്റെ മുഖമൊന്ന് വാടിയാൽ ഓരോന്ന് കാണിച്ച് ചിരിപ്പിക്കാൻ അവൾ ഓടി എത്തുമായിരുന്നു. കുറച്ചു മണിക്കൂർ മുന്നേ വരെ തലവേദന എന്ന് പറഞ്ഞപ്പോൾ ആധിയോടെ അടുത്ത് വന്നിരുന്ന് നെറ്റിയിൽ തൊട്ടു നോക്കിയിരുന്നു അവൾ. കണ്ണും മനസ്സും ഒരേപോലെ വിങ്ങി. അച്ചുവിനെ എന്ത് ചൊല്ലി സമാധാനിപ്പിക്കണമെന്നോ സ്വയം എങ്ങനെ ആശ്വസിക്കണമെന്നോ അറിയാതെ അവൻ ഉഴറി. ഐസിയു വാതിൽ തുറന്ന് നേഴ്സ് പുറത്തേക്ക് വന്നു. അച്ചു അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ആൽവിച്ചൻ വേഗം തന്നെ എഴുന്നേറ്റു അവർക്ക് അരികിലേക്ക് ചെന്നു. സിസ്റ്റർ എമി????? അങ്കലാപ്പോടെ അവൻ ചോദിച്ചു. ഇപ്പൊ ഒന്നും പറയാറായിട്ടില്ല. ഇത് പേഷ്യന്റിന്റെ ഓർണമെന്റസ് ആണ്. എന്തെങ്കിലും മിസ്സിംഗ്‌ ഉണ്ടെങ്കിൽ അറിയിക്കണം. അത്രമാത്രം പറഞ്ഞ് എമി ധരിച്ചിരുന്ന ആഭരണങ്ങൾ എല്ലാം അവന്റെ കയ്യിലേക്ക് ഏൽപ്പിച്ചു.

ആൽവിച്ചൻ തന്റെ കയ്യിൽ ഇരിക്കുന്നവ പൊതിഞ്ഞു പിടിച്ചു. അവൾ എപ്പോഴും അണിയാറുള്ള ഒരു ജോഡി കുഞ്ഞു സ്റ്റഡ്ഡും ഹാൻഡ് ചെയിനും എൻഗേജ്മെന്റ് റിങ്ങും മിന്നുമാലയും. അതെല്ലാമാണ് അവ. നിരാശയോടെ അതിൽപ്പരം നെഞ്ചിടിപ്പോടെ അവൻ അച്ചുവിന് അരികിൽ ചെന്നിരുന്നു. അവൻ എന്തെല്ലാമോ ചിന്തകളിലാണ്... ആൽവി മെല്ലെ അവന്റെ തോളിൽ ഒന്നു തട്ടി. എമിയുടെ ഓർണമെന്റസാണ്..... അച്ചുവിന് നേരെ കയ്യിലിരിക്കുന്നവയെല്ലാം കാണിച്ചവൻ പറഞ്ഞു. അച്ചുവിന്റെ കണ്ണുകൾ ചെന്നെത്തിയത് താൻ ചാർത്തി കൊടുത്ത മിന്നിൽ ആയിരുന്നു. അവൻ കൈനീട്ടി അത് മാത്രം ആൽവിയിൽ നിന്ന് വാങ്ങി. അത് നെഞ്ചോട് അമർത്തി പിടിച്ച് അവൻ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഡോക്ടർ വിളിച്ചിട്ട് എമിയുടെ ആക്‌സിഡന്റും അതിന് ശേഷം സംഭവിച്ച മെമ്മറി ലോസും എല്ലാത്തിനെയും പറ്റി വിശദമായി സംസാരിക്കാൻ പോയതാണ് ആൽവിച്ചൻ. എല്ലാം ആരേക്കാൾ നന്നായി അറിയുന്ന അച്ചു ഒന്നിനും ആവാതെ തകർന്ന മനസ്സോടെ എമിയുടെ ഓർമ്മകളിൽ മുഴുകി ഇരിക്കുകയാണ്. പെട്ടെന്നാണ് പോളിനൊപ്പം അങ്ങോട്ട് ജോണും റോണിയും എത്തിയത്. ഇരുവരുടെയും പേടിയും ദുഃഖവും മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നു. അച്ചൂ.... എന്താ???? എന്താ എന്റെ കുഞ്ഞിന് പറ്റിയത് പറ.... എവിടെ എവിടെ എന്റെ മോള്?????? വന്നപാടെ തലയ്ക്ക് കൈകൊടുത്ത് ഇരിക്കുന്ന അച്ചുവിന്റെ കോളറിന് കുത്തിപ്പിടിച്ച് ഉലച്ചു കൊണ്ട് അയാൾ അലറി. ഒന്നും പറയാനാവാതെ നിറഞ്ഞ കണ്ണുകളോടെ അച്ചു ഐസിയു വാതിലിന് നേർക്ക് വിരൽ ചൂണ്ടി. അരുതാത്തത് എന്തോ കേട്ടത് പോലെ അയാൾ നടുങ്ങി.

അച്ചുവിന്റെ കോളറിൽ മുറുകിയ അയാളുടെ കൈകൾ ബലമില്ലാതെ അയഞ്ഞു. തളർച്ചയോടെ അയാൾ അവനിൽ നിന്ന് മാറി. നെഞ്ചിൽ കത്തി കുത്തിയിറക്കുന്നത് പോലെ വേദന... അയാൾ വിറയ്ക്കുന്ന കൈകളോടെ നെഞ്ചിൽ പൊത്തി പിടിച്ചു. അയ്യോ.... അങ്കിൾ.... ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് റോണി അയാളെ താങ്ങി പിടിച്ചു. റോണിയുടെ കരച്ചിലാണ് അച്ചുവിനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് അവൻ ഞെട്ടലോടെ കണ്ണുകൾ ഉയർത്തി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. പപ്പാ......... വേദനയോടെ വിളിച്ചവൻ അവളെ പിടിച്ചു. റോണിയും അച്ചുവും ചേർന്ന് അയാളെ ചെയറിലേക്ക് ഇരുത്തി. അപ്പോഴേക്കും പോൾ എവിടുന്നോ ഒരു ബോട്ടിൽ വെള്ളം വാങ്ങി വന്നു. കുപ്പി തുറന്ന് അവർ അയാളെ വെള്ളം കുടിപ്പിച്ചു. അച്ചു വെപ്രാളത്തോടെ അയാളുടെ നെഞ്ചിൽ ഉഴിഞ്ഞു കൊടുത്തു കൊണ്ടിരുന്നു. വെള്ളം മുഴുവൻ കുടിച്ചു തീർത്തയാൾ ആഞ്ഞു ശ്വാസമെടുത്തു. അങ്കിൾ നമുക്ക് ഡോക്ടറെ കാണാം.... റോണി നിറ കണ്ണുകളോടെ പറഞ്ഞു. വേണ്ട....

എന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാതെ ഞാൻ എങ്ങോട്ടുമില്ല..... തലവെട്ടിച്ചു കൊണ്ടയാൾ എല്ലാവരെയും തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു. കണ്ണിൽ വെച്ചിരുന്ന സ്പെക്സ് ഊരി കയ്യിൽ പിടിച്ച് നിറഞ്ഞു വന്ന കണ്ണുകൾ അടച്ചു കൊണ്ട് അയാൾ നെഞ്ചിൽ തടവി ചെയറിലേക്ക് ചാഞ്ഞ് ഇരുന്നു. ഏവരുടെയും കണ്ണുകൾ നനഞ്ഞ നിമിഷം. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മണിക്കൂറുകൾ കടന്നുപോയി... ഭയത്തോടെ... ഹൃദയമിടിപ്പോടെ... വേദനയോടെ... പ്രാർത്ഥനയോടെ ഓരോരുത്തരും ഇരുന്നു. സാറാ കയ്യിലെ കൊന്തയിൽ പിടിമുറുക്കി ഇരുന്നു. ചുണ്ടുകൾ പ്രാർത്ഥന ഉരുവിട്ടു കൊണ്ടിരുന്നു. ഉള്ളം വേദനിക്കുന്നുണ്ടായിരുന്നു. അവരുടെ മനസ്സിൽ അപ്പോൾ ഓരോ കുരുത്തക്കേട് ഒപ്പിച്ചു വെച്ച് വഴക്ക് പറയുമ്പോൾ കുറുമ്പോടെ ചിരിച്ച് കെട്ടിപ്പിടിച്ച് കവിളിൽ മുത്തുന്ന എമിയുടെ മുഖമായിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. റോണിയും എല്ലാം കൊണ്ടും തകർന്ന മട്ടായിരുന്നു. കൂടപ്പിറപ്പ്, ആത്മ സുഹൃത്ത്, വഴികാട്ടി,

അങ്ങനെ തന്റെ എല്ലാമെല്ലാമായവളാണ് അകത്ത് ആരും ആഗ്രഹിക്കാത്ത ഒരു അവസ്ഥയിൽ. തന്റെ ജീവന്റെ ഒരു ഭാഗം തന്നെയാണ് അവൾ. ആരോടും മിണ്ടാതെ മുറിയിൽ ഒറ്റയ്ക്ക് അടച്ച് ഇരുന്ന അവളുടെ അവസ്ഥയിൽ ഏറ്റവും കൂടുതൽ വേദനിച്ചത് തനിക്കായിരുന്നു. അവളുടെ ചിരിയും സംസാരവും ഒന്നുമില്ലെങ്കിൽ തന്റെ ഒരു ദിവസം തന്നെ അപൂർണ്ണമാണ്. അവന്റെ കണ്ണുകൾ അച്ചുവിലേക്ക് നീണ്ടു. എമിയുടെ അവസ്ഥയിൽ ഹൃദയം നൊന്ത് തളർന്ന് പോയ അവന്റെ രൂപം... അവന്റെ മിഴികൾ ഈറനണിഞ്ഞു. പഴയത് പോലെ തിരികെ വാടീ... നീയില്ലാതെ നിന്റെ കളിയും ചിരിയും ഇല്ലാതെ ഞങ്ങൾക്കൊന്നും കഴിയില്ലെടീ... ഞാനും നിന്റെ ഇച്ചായനും എല്ലാം ഇല്ലാണ്ടായി പോവും... തിരിച്ചു വാടീ...... തേങ്ങലോടെ അവൻ ഉള്ളിൽ അലറി കൂവി. വിവരമറിഞ്ഞ് നിവിയും അപ്പുവും എത്തിയിരുന്നു. എമിയുടെ കാര്യമറിഞ്ഞ് നിവി കണ്ണുനീരോടെ അപ്പുവിന്റെ തോളിൽ ചാഞ്ഞ് നിന്ന് തേങ്ങി. വേദനയോടെ എല്ലാത്തിനും മൂകസാക്ഷികളായി അവർ നിന്നു.

നിമിഷങ്ങൾ വീണ്ടും കടന്നുപോയി. ഐസിയു വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്കിറങ്ങി. ചത്ത മനസ്സോടെ ഇരുന്നവർ എല്ലാം പ്രതീക്ഷയോടെ എഴുന്നേറ്റു. അച്ചുവും ജോണും ഒരേപോലെ ഡോക്ടർക്ക് നേരെ പാഞ്ഞു. ഡോക്ടർ എമി?????? എന്റെ മകൾ?????? ഇരുവരും ഒരേ നിമിഷം ചോദിച്ചു നിർത്തി. പേടിക്കേണ്ട ആവശ്യമില്ല. She is alright now. നിങ്ങളൊക്കെ ഭയന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ല. She is perfectly normal. പിന്നെ എടുത്തു പറയേണ്ടത് എന്തെന്നാൽ കഴിഞ്ഞു പോയ സംഭവങ്ങളെ കുറിച്ച് എമി conscious ആണ്. ജെറി, അവനെ സംബന്ധിച്ച എല്ലാം അവൾക്ക് ഇപ്പൊ ഓർമ്മയുണ്ട്. പക്ഷെ അത് അവളുടെ മെന്റൽ ഹെൽത്തിനെ ബാധിച്ചിട്ടില്ല. പഴയ എമി തന്നെയാണ് അവൾ ഇപ്പോഴും. പിന്നെ ജെറിയുടെ ഓർമ്മകൾ ഏൽപ്പിച്ച ദുഃഖം അവളിൽ ഇപ്പോഴുണ്ട്. നിങ്ങളുടെ എല്ലാം സ്നേഹത്തിൽ അലിഞ്ഞു തീരുന്നതേ ഉള്ളൂ.

Anyway ആൾക്ക് ബോധം തെളിഞ്ഞിട്ടുണ്ട് ആർക്കെങ്കിലും ഒരാൾക്ക് മാത്രം കയറി കാണാം. പിന്നെ കാണുന്നവർ കൂടുതൽ സ്‌ട്രെയിൻ ചെയ്യിക്കരുത് ആളുടെ ബോഡി വീക്കാണ്. ഡോക്ടർ പറഞ്ഞു നിർത്തിയതും അച്ചുവും ജോണും ഒരേപോലെ അകത്തേക്ക് കയറാൻ മുന്നോട്ട് കുതിച്ചു. പിന്നെ എന്തോ ഓർത്തെന്നത് പോലെ പരസ്പരം നോക്കി. ജോൺ ദയനീയമായി അച്ചുവിനെ നോക്കി. അയാളുടെ നോട്ടത്തിന് മുന്നിൽ അവന്റെ കാലുകൾ നിലച്ചു. അകത്ത് കയറി എമിയെ ഒരു നോക്ക് കാണണം എന്നുണ്ട് പക്ഷെ ദയനീയമായ ഒരു അപ്പന്റെ നോട്ടത്തിന് മുന്നിൽ കണ്ണടയ്ക്കാൻ സാധിക്കുന്നില്ല. ഹൃദയം നീറുന്ന വേദനയോടെ അവൻ പിന്നിലേക്ക് മാറി നിന്നു. ആശ്വാസത്തോടെ ജീവൻ കിട്ടിയ പ്രതീതിയിൽ അയാൾ ഐസിയു ഡോർ തുറന്ന് അകത്തേക്ക് പോവുന്നത് നോക്കി പിടയ്ക്കുന്ന നെഞ്ചകത്തോടെ അച്ചു നിന്നു..... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story