ഹൃദയതാളമായ്: ഭാഗം 190

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഐസിയു ബെഡിൽ കിടക്കുമ്പോൾ എമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഉള്ളിൽ അത്രയും ചിരിയോടെ തന്നെ അണച്ചു പിടിച്ച് വാത്സല്യത്തോടെ നെറുകിൽ മുത്തുന്ന ജെറിയുടെ മുഖമായിരുന്നു. ഇത്തിരി പോന്ന ദിനങ്ങൾ കൊണ്ട് ഒരായുഷ്കാലം മുഴുവൻ അനുഭവിക്കാനുള്ള സ്നേഹം നൽകി പോയി മറഞ്ഞ അവളുടെ ജെറിച്ചന്റെ മുഖം. എമിയുടെ ഓർമ്മയിൽ കുറച്ചു മുന്നേ കഴിഞ്ഞു പോയ നിമിഷങ്ങൾ തെളിഞ്ഞു. അച്ചു ദേഷ്യപ്പെട്ട് ഇറങ്ങി പോയതിന്റെ സങ്കടത്തിൽ ബെഡിൽ കിടന്ന് കണ്ണീർ ഒഴുക്കുമ്പോഴാണ് ടേബിളിൽ ഇരുന്ന ഫോൺ റിങ് ചെയ്യുന്നത്. എഴുന്നേറ്റു ചെന്ന് എടുത്തു നോക്കാനുള്ള മനസ്സൊന്നും അപ്പോഴുണ്ടായിരുന്നില്ല. ഹൃദയം മുഴുവൻ വേദന പടരുകയായിരുന്നു. റിങ് ചെയ്യുന്ന ഫോൺ കോളിനെ വക വെക്കാതെ പില്ലോയിൽ മുഖം അമർത്തി അവൾ ഏങ്ങലടിച്ച് കരഞ്ഞു കൊണ്ടിരുന്നു.

ആദ്യത്തെ തവണ റിങ് ചെയ്തു നിലച്ചിട്ടും നിമിഷങ്ങൾക്കകം ഫോൺ വീണ്ടും വീണ്ടും നിർത്താതെ റിങ് ചെയ്തതും ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷത്തോടെ കരഞ്ഞു കലങ്ങി വീണ്ടും നിറഞ്ഞൊഴുകാൻ വെമ്പുന്ന മിഴികളെ വാശിയോടെ തുടച്ചു നീക്കിയവൾ ബെഡിൽ നിന്ന് എഴുന്നേറ്റ് ടേബിളിന് അരികിലേക്ക് നടന്നു. വിളിക്കുന്നത് ആരാണെന്ന് കൂടി നോക്കാതെ ഫോണെടുത്ത് കോൾ അറ്റൻഡ് ചെയ്യാൻ ആഞ്ഞതും റിങ് നിലച്ചിരുന്നു. ഒരേസമയം ദേഷ്യവും സങ്കടവും എല്ലാം അവളിൽ നിറഞ്ഞു. അമർഷത്തോടെ അവൾ ടേബിളിലേക്ക് ഫോൺ എറിയുന്നത് പോലെ വെച്ചു. എന്നാൽ അതിനിടയിൽ കൈ തട്ടി ടേബിളിൽ ഇരുന്ന ബുക്ക്സും ഫയലും എല്ലാം നിലത്തേക്ക് വീണു പോയി. വല്ലാത്ത അരിശം തോന്നി അവൾക്ക്. നിലത്ത് മുട്ടുകുത്തി ഇരുന്നവൾ നിലത്ത് ചിതറി കിടന്നിരുന്നവയെല്ലാം പെറുക്കി എടുത്തു. അതിനിടയിൽ നിറഞ്ഞൊഴുകി കൊണ്ടിരുന്ന മിഴികളെ പുറം കയ്യാൽ തുടച്ചു നീക്കി കൊണ്ടിരുന്നു.

എല്ലാം ഒരുവിധം എടുത്ത് വെച്ച് കരഞ്ഞു വീർത്ത മുഖം കഴുകാൻ വാഷ്റൂമിലേക്ക് പോവാൻ തുനിയുമ്പോഴാണ് കാലിനടിയിൽ എന്തോ തടയുന്നത്. സംശയത്തോടെ നിലത്തേക്ക് നോട്ടം പായിച്ചതും താൻ ചവിട്ടിയിരിക്കുന്ന എൻവലപ്പ് കണ്ടതും അവൾ അതിൽ നിന്ന് കാല് പിൻവലിച്ചു. അനിരുദ്ധൻ ഏൽപ്പിച്ചിട്ട് പോയ എൻവലപ്പ്. വളരെ പ്രാധാന്യം അർഹിക്കുന്ന എന്തോ ഒന്നാണ് അതെന്ന ചിന്ത മനസ്സിൽ ഉയർന്നതും എമി കുനിഞ്ഞ് അത് എടുത്തതും എൻവലപ്പിനുള്ളിൽ നിന്ന് ഫോട്ടോസ് പുറത്തേക്ക് ഉതിർന്നു വീണു. അവ ഫ്ലോറിൽ പലയിടത്തായി ചിതറി വീണു. അബദ്ധം പിണഞ്ഞത് പോലെ അവൾ നെറ്റിയിൽ കൈ അടിച്ച് അവ ഓരോന്നായി പെറുക്കി എടുക്കാൻ ആഞ്ഞതും അതിൽ തന്റെ മുഖം കണ്ടവൾ ഞെട്ടിത്തരിച്ചു പോയി. അതിനൊപ്പം അവൾക്കൊപ്പം നിൽക്കുന്ന ചെറുപ്പക്കാരന്റെ മുഖം. തലയ്ക്ക് അടി ഏറ്റത് പോലെ നിന്നുപോയി. വിറയ്ക്കുന്ന കൈകളാൽ അവയിൽ നിന്ന് ഒരു ചിത്രം കയ്യിൽ എടുത്തു. ഹൃദയം നിലച്ചത് പോലെ... തോണ്ട വറ്റി വരണ്ടു...

അവ്യക്തമായ ഏതൊക്കെയോ രൂപങ്ങൾ... ആരുടെയോ സ്വരം... ചിരി... ഉച്ചത്തിലുള്ള നിലവിളി... രക്തത്തിൽ കുതിർന്ന് ജീവന് വേണ്ടി പിടയ്ക്കുന്ന ഒരു രൂപം... ഷോക്ക് ഏറ്റത് പോലെ തല മരവിച്ചു. ചെവിക്കുള്ളിൽ വണ്ട് മൂളുന്നത് പോലെ ശബ്ദം... അതിന്റെ തീവ്രതയേറും തോറും കൈകാലുകൾക്ക് ബലം നഷ്ടപ്പെട്ടു... നാവ് തളർന്നു. കണ്ണുകളിൽ കാഴ്ച മങ്ങി വേളയിൽ എവിടെയോ തല ശക്തമായി ഇടിക്കുന്നതും നോവ് പടരുന്നതും അറിഞ്ഞു. നനുത്ത ഏതോ ദ്രാവകം നെറ്റിയിൽ നിന്ന് ഒലിച്ച് ഇറങ്ങിയതും ബോധം പൂർണ്ണമായി മറഞ്ഞിരുന്നു. പിന്നീട് കണ്ണുകൾ തുറക്കുമ്പോൾ ഒരു പറ്റം ഡോക്ടെഴ്സിന് നടുവിലായിരുന്നു. എമിയുടെ കൺകോണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി. മറവിയുടെ മൂടുപടത്താൽ മറയ്ക്കപ്പെട്ട ഓർമ്മകൾ അണപ്പൊട്ടി ഒഴുകിയ മഴവെള്ളപാച്ചിൽ പോലെ മനസ്സിലേക്ക് ഇരച്ചു കയറി.

ഓർമ്മയുടെ ഓരോ പൊട്ടുകളും ചാട്ടവാറടി കണക്ക് ഹൃദയത്തിൽ ആഞ്ഞു പതിച്ച് മുറിവേൽപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ജെറിയുടെ ഓർമ്മകൾ അവളിൽ നീറ്റൽ പടർത്തി. ഒരിക്കൽ അകറ്റി നിർത്തിയിട്ട് പിന്നെ എന്തിനായിരുന്നു തിരികെ വന്നത്???? സ്നേഹിച്ചത്????? കുന്നോളം ഓർമ്മകൾ ഏകിയത്????? ആ സ്നേഹം അനുഭവിച്ച് കൊതി തീരുന്നതിന് മുന്നേ പോയില്ലേ????? എന്തിനായിരുന്നു ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം????? ഒരേ രക്തമായിട്ടും കുഞ്ഞുനാൾ മുതൽ എന്തിന് ഞങ്ങളെ പിരിച്ചു????? ഒടുവിൽ എല്ലാ തെറ്റിദ്ധാരണകളും മാറി തിരികെ കിട്ടിയപ്പോൾ വീണ്ടും മരണത്തിന്റെ രൂപത്തിൽ എന്തിന് വീണ്ടും അകറ്റി???? അതിന് മാത്രം എന്ത് പാപം ഞങ്ങൾ ചെയ്തു????? നിശബ്ദമായി തേങ്ങിയവൾ മനസ്സിൽ അലറികൂവി. കുഞ്ഞാ......

നെറുകിൽ പരിചിതമായ വിരലുകളുടെ ചൂടിനൊപ്പം വേദന കലർന്ന സ്വരം.... നിറഞ്ഞ കണ്ണുകൾ തുറന്നവൾ നോക്കി. പപ്പാ....... ഏങ്ങലോടെ അവൾ വിളിച്ചു. ജെറിച്ചൻ........ അവളുടെ ചുണ്ടുകൾ വിതുമ്പി പോയി. അത് കേൾക്കെ അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി. നെഞ്ച് വിങ്ങി. ഞാൻ... ഞാൻ ഒന്നും ഓർക്കാതെ ഇത്രയും കാലം... പൂർത്തിയാക്കാൻ ആവാതെ അവൾ വിങ്ങി കരഞ്ഞു. വിധി നമ്മുടെ ഒന്നും കയ്യിൽ അല്ലല്ലോ മോളെ... എല്ലാം ദൈവത്തിന്റെ തീരുമാനങ്ങളാണ്. കഴിഞ്ഞത് കഴിഞ്ഞു, ഇനി അതിനെ പറ്റി ഓർത്ത് വിഷമിച്ച് ഇരുന്നിട്ട് കാര്യമില്ല കുഞ്ഞാ... നിന്റെ ഈ അവസ്ഥയിൽ വിഷമിക്കുന്ന ഒത്തിരി പേരുണ്ട്. ഇനിയും നീ ഞങ്ങളെ ഒന്നും വേദനിപ്പിക്കരുത്... ഒത്തിരി സ്‌ട്രെയിൻ ചെയ്യരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് എന്റെ മോൾ കരഞ്ഞ് വേറെ അസുഖം ഒന്നും വരുത്തി വെക്കാതെ...

കൈനീട്ടി കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊടുത്ത് എമിയുടെ നെറുകിൽ അയാൾ മുത്തി. കണ്ണുകൾ അടച്ച് അവളാ ചുംബനം ഏറ്റു വാങ്ങി. വിങ്ങി പൊട്ടുന്ന നെഞ്ചിനെ അവൾ ശാന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഹൃദയം മുറിഞ്ഞ് നീറുന്നുണ്ട്... ആരുടെയെങ്കിലും നെഞ്ചിൽ അത് കണ്ണീരായി ഒഴുക്കി തീർക്കണം എന്നുണ്ട്. എന്നാൽ മുന്നിൽ നിൽക്കുന്ന പപ്പയെ ഇനിയും തന്റെ കണ്ണുനീരിനാൽ വേദനിപ്പിക്കാൻ. മകന്റെ വിയോഗത്തിനൊപ്പം തന്റെ അവസ്ഥ കണ്ട് ഹൃദയം തകർന്ന ഒരു മനുഷ്യനാണ് മുന്നിൽ നിൽക്കുന്നത്. അറിഞ്ഞുകൊണ്ട് ഇനിയും വേദനിപ്പിക്കാൻ പാടില്ല.... തന്റെ ദുഃഖത്തിൽ വീണ്ടും തളർന്ന് പോവും ആ പാവം. അവളുടെ മിഴികൾ പ്രതീക്ഷയോടെ ആർത്തിയോടെ ചുറ്റിനും പരതി. ഇല്ല.... കാണാൻ ആഗ്രഹിച്ച വ്യക്തി അവിടെയെങ്ങും ഇല്ല. ഹൃദയത്തിൽ വീണ്ടും നോവ് പടർന്നു. എന്തേ തന്നെ കാണാൻ വരാത്തത്???? വഴക്ക് പറഞ്ഞിട്ട് പോയതല്ലേ???? തന്നെ ഒന്നു കാണണം എന്നുകൂടി ഇല്ലേ?????

ഉള്ളം തേങ്ങി. പറ്റുന്നില്ല... ആ മുഖമൊന്ന് കണ്ടില്ലെങ്കിൽ ആ നെഞ്ചിൽ വീണ് കരഞ്ഞില്ലെങ്കിൽ തനിക്ക് നേരെ ദേഷ്യപ്പെട്ടതിന്റെ പരിഭവം പറഞ്ഞില്ലെങ്കിൽ താൻ ഇല്ലാതായി പോവും.... നിശബ്ദമായി അവൾ കരഞ്ഞു. തല വല്ലാതെ വേദനിക്കുന്നു... മുറിവ് പറ്റിയിടം നീറി. കൈ ഉയർത്തി മുറിവിനെ മൂടിയ ചുറ്റിക്കെട്ടിൽ വിരൽ അമർത്തി. മോളെ... എന്തുപറ്റി?????? വേവലാതിയോടെ ജോൺ അവളെ നോക്കി. ആഹ്... തല വേദനിക്കുന്നു പപ്പാ... ഒരു കയ്യാൽ നെറ്റിയിൽ അമർത്തി ഡ്രിപ്പുമായി ബന്ധിപ്പിച്ച മറുകൈ കിടക്കവിരിയിൽ അമർത്തി അവൾ കണ്ണുകൾ ഇറുകെ അടച്ചു. സിസ്റ്റർ.... സിസ്റ്റർ..... വെപ്രാളത്തോടെ അയാൾ ഉച്ചത്തിൽ വിളിച്ചതും അകത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു നേഴ്സ് ഓടി എത്തി. എന്താ??????? മോൾക്ക് തലവേദനിക്കുന്നു..... പരിഭ്രമത്തോടെ പറഞ്ഞ് നിറകണ്ണുകളോടെ അവരെ നോക്കി. നേഴ്സിന്റെ നോട്ടം എമിയിൽ ചെന്നെത്തി.

വേദന സഹിക്കാനാവാതെ കണ്ണുകൾ ഇറുകെ അടച്ചു പിടിച്ച് കിടക്കുന്നവളെ കണ്ടതും അവർ ടേബിളിൽ ഇരുന്ന ഇൻജെക്ഷൻ ട്രേയിൽ നിന്ന് സിറിഞ്ചും ഒരു ബോട്ടിൽ മരുന്നും എടുത്തു. ബോട്ടിലിൽ നിന്ന് മരുന്ന് സിറിഞ്ചിലേക്ക് നിറച്ച് കോട്ടൺ എടുത്ത് എമിക്ക് അരികിൽ എത്തി. കിടക്കയിൽ മുറുകെ പിടിച്ചിരുന്ന അവളുടെ കൈ പിടിച്ച് അയച്ച് മരുന്ന് ഇൻജെക്റ്റ് ചെയ്തു. മരുന്ന് ശരീരത്തിലേക്ക് കയറിയത് വേദനയ്ക്ക് ഇടയിലും എമി അറിഞ്ഞിരുന്നു. തല സ്‌ട്രെയൻ ചെയ്തതിന്റെ പെയിനാണ് ഒന്നു മയങ്ങി കഴിയുമ്പോൾ ശരിയായിക്കോളും. ഇൻജെക്റ്റ് ചെയ്തിടത്ത് കോട്ടൺ അമർത്തുന്നതിനിടയിൽ ഭയന്ന് നിൽക്കുന്ന ജോണിനോട് നേഴ്സ് പറഞ്ഞു. ഒന്നു പുറത്തേക്ക് ഇറങ്ങണം. നേഴ്സ് ആവശ്യപ്പെട്ടതും എമിയെ വേദനയോടെ നോക്കി അയാൾ പോവാൻ തിരിഞ്ഞു. പെട്ടെന്ന് തന്നെ എമി അയാളുടെ കയ്യിൽ പിടിച്ചു തടഞ്ഞു നിർത്തി. ഇച്ചായൻ.........

തളർന്ന സ്വരത്തിൽ അവൾ അയാളെ നോക്കി ചോദിച്ചു. പുറത്തുണ്ട്... ഒരാളെ മാത്രേ അകത്തേക്ക് കടത്തി വിടൂ എന്ന് ഡോക്ടർ പറഞ്ഞു. കയ്യിൽ പിടിച്ച അവളുടെ കൈ വിരലുകളെ പൊതിഞ്ഞു പിടിച്ചയാൾ അവൾക്കുള്ള മറുപടി നൽകി. എ..നിക്ക്... കാണണം..... അടയാൻ മത്സരിക്കുന്ന മിഴികളെ വാശിയോടെ തുറന്നവൾ കുഴഞ്ഞ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു. ഇപ്പൊ ആരെയും കാണാൻ അനുവദിക്കില്ല. ബോഡി ഇപ്പോൾ തന്നെ വളരെ വീക്കാണ്... ഒന്നു പുറത്തേക്ക് ഇറങ്ങ്.... നേഴ്സിന്റെ ശാസന എത്തി. പപ്പ പുറത്ത് കാണും..... എമിയുടെ വിരലുകളെ കയ്യിൽ നിന്ന് അടർത്തി മാറ്റി അയാൾ ബെഡിലേക്ക് വെച്ച് പിന്തിരിഞ്ഞു പുറത്തേക്ക് നീങ്ങി. പ...പ്പാ..... പണിപ്പെട്ട് വാക്കുകൾ കൂട്ടിപെറുക്കി അവൾ വിളിക്കാൻ ശ്രമിച്ചു. എന്നാൽ പരാജയം ആയിരുന്നു ഫലം. അപ്പോഴേക്കും മിഴികളിൽ മയക്കം വന്നു മൂടി. ഇമകൾ ചേർന്ന് അടഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഐസിയു വാതിൽക്കൽ ചുവരിൽ ചാരി തലകുനിച്ചു നിൽക്കുന്ന അച്ചുവിൽ ആയിരുന്നു എല്ലാവരുടെയും കണ്ണുകൾ. കുറച്ച് മണിക്കൂറുകൾ കൊണ്ട് മനുഷ്യൻ ഇങ്ങനെയും മാറി പോവുമോ???? കണ്ണുകൾ ചുവന്ന് കൺപോളകൾക്ക് ചുറ്റും കറുപ്പ് നിറം വ്യാപിച്ചിരിക്കുന്നു. ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട ഒരുവനെ പോലെ ക്ഷീണിച്ചു പോയിരുന്നു അവന്റെ രൂപം. ഇത്രയും നേരം തകർന്ന് നിന്നവനിൽ അൽപ്പമെങ്കിലും ജീവൻ വെച്ചത് ഇപ്പോഴാണ്. എങ്കിലും എമിയെ ഒരു നോക്ക് കാണാൻ കഴിയാത്തതിന്റെ പ്രയാസം അത്രയും അവന്റെ മുഖത്തുണ്ട്. ജോണിന് വേണ്ടി മനഃപൂർവം അവൻ മാറി കൊടുത്തതാണ്. അവൻ ചെയ്തത് തന്നെയാണ് ശരി. മകളുടെ അവസ്ഥയിൽ നെഞ്ച് തകർന്നിരുന്നയാളെ എങ്ങനെയാണ് കണ്ടില്ല എന്ന് നടിക്കുന്നത്???? പക്ഷെ അച്ചുവിന്റെ നിസ്സഹായവസ്ഥ എല്ലാവരിലും ഒരേപോലെ നോവുണർത്തി.

ആൽവി അവനെ അലിവോടെ നോക്കി. ആദ്യമായാണ് അച്ചുവിനെ ഇത്രത്തോളം തകർന്ന അവസ്ഥയിൽ കാണുന്നത്. അവൻ പതിയെ അച്ചുവിന് അരികിലേക്ക് നിന്നു. അച്ചൂ........ തോളിൽ കൈ അമർത്തി വിളിച്ചതും അവൻ തലയുയർത്തി ആൽവിയെ ഒന്നു നോക്കി. അടുത്ത നിമിഷം തന്നെ ആൽവിയെ മുറുകെ പുണർന്ന് അവന്റെ തോളിൽ മുഖം അമർത്തി. ആൽവി ഇരുകയ്യാൽ അവനെ പൊതിഞ്ഞു ചേർത്തു. കണ്ണുനീർ തുള്ളികൾ അവന്റെ ചുമലിനെ നനച്ചിറങ്ങി. ഞാൻ പറഞ്ഞില്ലേടാ അവളെ നമുക്ക് പഴയത് പോലെ തിരികെ കിട്ടുമെന്ന്.... നീ ഇങ്ങനെ വിഷമിക്കാതെ... ആൽവി അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്യുന്ന ശബ്ദം കാതിൽ പതിച്ചതും അച്ചു അവനിൽ നിന്ന് അടർന്ന് മാറി. നനഞ്ഞ കണ്ണുകൾ ഷോൾഡർ പൊക്കി തുടച്ച് പോക്കറ്റിൽ ഇരുന്ന ഫോൺ എടുത്ത് ആൽവിച്ചന്റെ നേർക്ക് ഒന്നു നോക്കി.

അവന്റെ നോട്ടത്തിന്റെ അർത്ഥം അറിഞ്ഞത് പോലെ തലയാട്ടി ഇരുവരും അവിടെ നിന്ന് മാറി പുറത്തെ വരാന്തയിലെ ഒഴിഞ്ഞ കോണിലേക്ക് നിന്നു. മറുപുറത്ത് നിന്ന് പറയുന്നതിനെല്ലാം അച്ചു ഗൗരവത്തോടെ മറുപടി കൊടുത്തു കൊണ്ടിരുന്നു. ദേഷ്യത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അൽപ്പം മാറി പിന്തിരിഞ്ഞു നിന്ന് അച്ചു ഫോണിലൂടെ പറയുന്ന കാര്യങ്ങൾ കേട്ട് പകപ്പോടെ നിൽക്കുമ്പോഴാണ് ആൽവിച്ചന്റെ ചുമലിൽ ആരോ കൈ അമർത്തുന്നത്. ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കവെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി. അനിരുദ്ധൻ....... പല്ലുകൾ ഞെരിച്ചു കൊണ്ടവൻ വിളിച്ചു. എമിക്ക് ഇപ്പൊ??????? പ്രതീക്ഷയോടെ അവൻ ചോദിച്ചതും ആൽവി കലിയോടെ മുഷ്ടി ചുരുട്ടി. അവളെ ഈ അവസ്ഥയിൽ ആക്കിയത് പോരാതെ സുഖവിവരം അന്വേഷിക്കാൻ വന്നിരിക്കുന്നു........

അമർഷത്തോടെ പറഞ്ഞ് ആൽവി അവന് നേരെ കൈ ഉയർത്തിയതും നെഞ്ചിൽ ആരുടെയോ ചവിട്ട് ഏറ്റ് അവൻ നിലത്തേക്ക് വീണ് കഴിഞ്ഞിരുന്നു. മലർന്നടിച്ച് താഴെ വീണവനെ കണ്ട് പകപ്പോടെ ആൽവി തിരിഞ്ഞു നോക്കിയതും കത്തുന്ന കണ്ണുകളോടെ പകയോടെ നിൽക്കുന്ന അച്ചുവിനെ കണ്ടതും അവന്റെ മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരി തെളിഞ്ഞു. മുഖം ചരിച്ച് അവൻ പുച്ഛത്തോടെ അനിരുദ്ധനെ നോക്കി. അനിരുദ്ധൻ നിലത്ത് നിന്ന് എഴുന്നേൽക്കാൻ ആഞ്ഞു. അപ്പോഴേക്കും കാറ്റ് പോലെ അച്ചു പാഞ്ഞു വന്നവനെ കോളറിന് കുത്തി പിടിച്ച് അടുത്തെ തൂണിലേക്ക് ഇടിച്ചു നിർത്തി. പറഞ്ഞതല്ലേ എന്റെ എമിയെ ഇതിലേക്ക് വലിചിഴക്കരുത് എന്ന് ഞാൻ നിന്നോട് പലതവണ പറഞ്ഞതല്ലേ???? ജെറിയുടെ ഫോട്ടോസ് അവളുടെ കയ്യിൽ വന്നതിന് പിന്നിൽ നീയാണ് എന്നെനിക്ക് അറിയാടാ.... ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും നിനക്ക് ഇത് ചെയ്യാൻ എങ്ങനെ ധൈര്യം വന്നു?????

രോഷത്തോടെ അച്ചു അവനെ കുത്തിന് പിടിച്ച് ചോദിച്ചു. ദേഷ്യത്താൽ അവന്റെ കണ്ണുകൾ ചുവന്നു കവിളുകൾ വിറച്ചു. അനിരുദ്ധൻ ബലം പ്രയോഗിച്ച് അച്ചുവിനെ പിന്നിലേക്ക് തള്ളി മാറ്റി. പെട്ടെന്ന് ആയതിനാൽ അവൻ പിന്നിലേക്ക് ഒന്നു ആഞ്ഞു പോയി. എന്നാൽ അടുത്ത നിമിഷം തന്നെ കൈചുരുട്ടി അച്ചു അവന്റെ കവിളിൽ ആഞ്ഞ് ഇടിച്ചു കഴിഞ്ഞു. വേദനയാൽ അനിരുദ്ധൻ ഒരു വശത്തേക്ക് കോടി പോയി. കവിളിൽ കൈ അമർത്തി അവൻ തല ഇരുവശത്തേക്കും കുടഞ്ഞുകൊണ്ട് നിവർന്നു. വായിൽ രക്തചുവ അറിഞ്ഞതും അവൻ ചുണ്ടിൽ കൈ വെച്ചുനോക്കി. ചുണ്ടിന് ഒരു കോണിലായി മുറിഞ്ഞ് രക്തം പൊടിഞ്ഞിരുന്നു. കൈ വിരലുകളാൽ ചുണ്ടിലെ രക്തം തുടച്ചവൻ അച്ചുവിനെ നോക്കി. അച്ചുവിന് കലി അടക്കാൻ ആവുന്നുണ്ടായിരുന്നില്ല.

മുഷ്ടി ചുരുട്ടി അവൻ അനിരുദ്ധന്റെ വയറ്റിൽ ഒന്നു പഞ്ച് ചെയ്തു. വയറിൽ കൈവെച്ചവൻ കൂനി പോയി. ഭ്രാന്ത് വന്നവനെ പോലെ അച്ചു അവനെ ചവിട്ടി താഴെ ഇട്ട് വീണ്ടും തൊഴിക്കാൻ ആഞ്ഞതും ആൽവിച്ചൻ അവനെ പിടിച്ചു മാറ്റി. വിട്..... വിടാൻ......... അച്ചു ശക്തമായി ആൽവിയുടെ പിടിയിൽ നിന്ന് കുതറാൻ ശ്രമിച്ചു. അച്ചൂ വേണ്ടടാ... വിട്ടേക്ക്.... തന്റെ സർവ്വ ബലവും എടുത്ത് അച്ചുവിനെ എങ്ങനെയൊക്കെയോ ആൽവി പിടിച്ചു മാറ്റി. ദേഷ്യം അടക്കാൻ ആവാതെ ചുവരിൽ ആഞ്ഞ് ഇടിച്ച് ആൽവിച്ചനെ തട്ടി മാറ്റി അവൻ ഐസിയു ലക്ഷ്യം വെച്ച് നടന്നു. അച്ചു പോയതും അവൻ തിരിഞ്ഞ് അനിരുദ്ധനെ നോക്കി. അവശതയോടെ തൂണിൽ ചാരി നിലത്ത് ഇരിക്കുന്നവനെ നോക്കി ദേഷ്യം തീരാതെ നിലത്ത് ആഞ്ഞ് ചവിട്ടി അച്ചുവിന് പിന്നാലെ പോയി. അവർ പോയതും അനിരുദ്ധൻ കിതച്ചു കൊണ്ട് തലയുയർത്തി നോക്കി. വയറിലും കവിളിലും നെഞ്ചിലും എല്ലാം അസഹ്യമായ വേദന...

അവൻ നെഞ്ചിൽ തടവി. അവന് വല്ലാത്ത അരിശം തോന്നി. മനസ്സിൽ എന്തോ ഉറപ്പിച്ച് പോക്കറ്റിൽ കിടന്ന ഫോൺ എടുത്ത് അവൻ IG എന്ന് സേവ് ചെയ്തിരുന്ന നമ്പർ ഡയൽ ചെയ്തു കാതോട് ചേർത്തു. സർ......... കോൾ കണക്റ്റ് ആയതും അവൻ വിളിച്ചു. അനിരുദ്ധ്.... തന്നെ ഞാൻ എത്ര നേരമായി ട്രൈ ചെയ്യുന്നു എവിടെ ആയിരുന്നെടോ????? മറുപുറത്ത് നിന്ന് ചോദ്യം ഉയർന്നു. സർ, ഞാൻ..... അതൊക്കെ അവിടെ നിൽക്കട്ടെ എനിക്ക് മറ്റൊരു കാര്യം പറയാനുണ്ട്. ജെറി മർഡർ കേസിലെ പ്രതിയെ കിട്ടി. അനിരുദ്ധനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അയാൾ പറഞ്ഞു. വാട്ട്???????????? ഞെട്ടലോടെ അവന്റെ ശബ്ദം ഉയർന്നു. സത്യാടോ.... അഗസ്റ്റി പറഞ്ഞത് ഓർക്കുന്നില്ലേ 12 മണിക്കൂറിനുള്ളിൽ പ്രതിയെ എന്റെ മുന്നിൽ കൊണ്ടുവന്ന് നിർത്തുമെന്ന്.

അവൻ അങ്ങനെ വെറും വാക്ക് ഒന്നും പറയാറില്ല. താൻ ഇവിടുന്ന് ഇറങ്ങി ഒരു അരമണിക്കൂർ കഴിഞ്ഞതും പ്രതികളെ അവൻ എന്റെ കണ്മുന്നിൽ കൊണ്ടുവന്ന് നിർത്തി. ചെന്നൈയിൽ വെച്ച് ആയിരുന്നല്ലോ കേസ്, കണ്ടെത്തിയത് കേരള പോലീസും അതുകൊണ്ട് തത്കാലം ഒഫീഷ്യലായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അവിടുത്തെ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. തനിക്ക് ഇതിനെ സംബന്ധിച്ച് ഒഫീഷ്യൽ കോൾ വരുമായിരിക്കും. Anyway താൻ ഇങ്ങോട്ട് പോര് കുറേ നാളായില്ലേ താൻ അന്വേഷിക്കുന്നു. അത്രയും പറഞ്ഞ് ഐജി കോൾ കട്ട്‌ ചെയ്തതും തലയ്ക്ക് അടി ഏറ്റത് പോലെ അവൻ ഇരുന്നുപോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു തിരികെ ചെല്ലുന്നേരം ജോൺ ഐസിയു വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു. അയാളെ കണ്ടതും അച്ചു ഓടി അയാൾക്ക് അരികിൽ ചെന്നു. പപ്പാ എമി????? അണച്ചു കൊണ്ട് അവൻ ആധിയോടെ അയാളെ നോക്കി.

ഒരുനിമിഷം അയാൾ അവന്റെ മുഖത്തേക്ക് നോക്കി. ഭയം നിറഞ്ഞ അവന്റെ മുഖത്തും കണ്ണുകളിലേക്കും അയാളുടെ നോട്ടം ചെന്നെത്തി. കൈ ഉയർത്തി അയാൾ അവന്റെ ചുമലിൽ കരം അമർത്തി. ഒന്നൂല്ലെടാ... അവൾ ഇപ്പൊ ഓക്കേ ആണ്. നിന്നെ കാണണം എന്ന് പറഞ്ഞു. നേർത്തൊരു പുഞ്ചിരിയോടെ അയാൾ പറഞ്ഞതും അവന്റെ മുഖത്ത് ആശ്വാസം നിറഞ്ഞു. എനിക്ക്... എനിക്കൊന്ന് അവളെ കാണാൻ കഴിയോ????? അച്ചു പ്രതീക്ഷയോടെ അയാളെ നോക്കി. എന്നെ കണ്ടപ്പോൾ ജെറിയുടെ കാര്യം പറഞ്ഞ് കരഞ്ഞത് കൊണ്ട് പെട്ടെന്ന് അവൾക്ക് തലവേദന വന്നു. ഇപ്പൊ മരുന്നിന്റെ സെഡേഷനിൽ മയക്കത്തിലാണ്. ഇപ്പൊ ആരെയും അകത്ത് കയറ്റില്ല എന്നാണ് പറഞ്ഞത്. അയാൾ പറഞ്ഞു നിർത്തിയതും അവന്റെ കണ്ണുകളിൽ നിരാശ പടർന്നു. അടഞ്ഞ ഐസിയു വാതിലിലേക്ക് അവൻ മിഴികൾ ഊന്നി വേദനയോടെ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എമി മയക്കം വിട്ട് ഉണരാൻ സമയം എടുക്കുന്നതിനാൽ പിറ്റേന്ന് രാവിലെ മാത്രേ ആർക്കെങ്കിലും കയറി കാണാൻ കഴിയൂ എന്ന് ഡോക്ടർ പറഞ്ഞതും അച്ചു പ്രതീക്ഷ നഷ്ടമായത് പോലെ നിന്നു. റൂമിലേക്ക് മാറ്റുന്നതും ഡിസ്ചാർജും എല്ലാം പിറ്റേന്ന് എമിയുടെ കണ്ടീഷൻ നോക്കിയിട്ട് തീരുമാനിക്കാൻ കഴിയൂ. എമിയുടെ കാര്യം ഒന്നും സ്റ്റെല്ലയെ അറിയിച്ചിട്ടില്ല. എല്ലാവരും കൂടി ഹോസ്പിറ്റലിൽ നിൽക്കേണ്ട ആവശ്യമില്ലാത്തതിനാൽ അച്ചു എല്ലാവരെയും നിർബന്ധിച്ചു പറഞ്ഞു വിട്ടു. ജോൺ പോവാൻ കൂട്ടാക്കാതെ നിന്നെങ്കിലും സ്റ്റെല്ല വീട്ടിൽ തനിച്ച് ആയതിനാലും ഇതിനോടകം അയാളെ കാണാതെ ഒത്തിരി തവണ ആധിയോടെ അവർ വിളിച്ചതിനാലും മനസ്സില്ലാ മനസ്സോടെ അയാൾ എല്ലാവർക്കും ഒപ്പം പോവാൻ ഇറങ്ങി. റോണി പോവില്ലാന്ന് ഉറപ്പിച്ച് പറഞ്ഞു. അവനെ നന്നായി അറിയാവുന്നതിനാൽ ആരും അവന്റെ തീരുമാനത്തെ തടയാൻ നിന്നില്ല. ആൽവിച്ചൻ എല്ലാവരെയും കുരിശിങ്കൽ കൊണ്ടാക്കി അച്ചുവിനും റോണിക്കും മാറാനുള്ള ഡ്രസ്സ്‌ എടുത്ത് വന്നു.

അച്ചു ആകെപ്പാടെ ഒരു കോലത്തിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ആൽവി റൂം എടുത്ത് എമിയെ കാണാതെ എങ്ങോട്ടും ഇല്ലെന്ന് വാശി പിടിച്ച് ഇരുന്ന അവനെ നിർബന്ധിച്ച് ഫ്രഷ് ആവാൻ പറഞ്ഞ് അയച്ചു. മനസ്സ് ഐസിയു വരാന്തയിൽ തന്നെ കുരുങ്ങി കിടന്നതിനാൽ ഒരു വിധത്തിൽ എങ്ങനെയൊക്കെയോ അച്ചു കുളിച്ച് തിരികെ എത്തി. റൂം എടുത്തെങ്കിലും ആരുമാരും മുറിയിൽ പോയില്ല. ഐസിയുവിന് മുന്നിലെ ചെയറിൽ തന്നെ ഉറങ്ങാതെ അവർ മൂവരും ഇരുന്നു. സമയം വീണ്ടും കടന്നുപോയി. രാത്രി ഏകദേശം 12 മണിയോട് അടുത്തതും ഐസിയു വാതിൽ തുറന്ന് നേഴ്സ് പുറത്തേക്ക് ഇറങ്ങി. മൂന്നുപേരും ഉയർന്ന ഹൃദയമിടിപ്പോടെ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു. ഇതിൽ ആരാ ഇച്ചായൻ??????? നേഴ്സിന്റെ ചോദ്യം കേട്ടതും അച്ചു വേഗം അവർക്ക് മുന്നിലേക്ക് നിന്നു. ഞാനാ... എന്താ സിസ്റ്റർ?????? സർ ആയിരുന്നോ????? പേഷ്യന്റ് അകത്ത് കാണണം എന്ന് പറഞ്ഞ് ബഹളം വെക്കുന്നുണ്ട്. അതുകൊണ്ട് സാറിന് മാത്രം അകത്തേക്ക് കയറി കാണാം. അവനെ കണ്ടതും അവർ വിനയത്തോടെ പറഞ്ഞു. അത് കേൾക്കണ്ട താമസം അച്ചു ഐസിയു വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറിയിരുന്നു..... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story