ഹൃദയതാളമായ്: ഭാഗം 191

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഐസിയു വാതിൽ തുറന്ന് അകത്തേക്ക് കയറവെ ഒരുനിമിഷം അച്ചു വാതിൽക്കൽ തന്നെ തറഞ്ഞ് നിന്നുപോയി. ബെഡിൽ തലയിൽ ചുറ്റിക്കെട്ടുമായി വാടി കൊഴിഞ്ഞു കിടക്കുന്ന എമി... പ്രതീക്ഷിച്ചതാണ് ഇങ്ങനെ ഒരു കാഴ്ച പക്ഷെ നെഞ്ചിൽ ഒരു നീറ്റൽ... ഡോർ തുറന്ന ശബ്ദം കേട്ടിട്ട് ആവണം ഒന്നു ആയാസപ്പെട്ട് അവൾ തലയുയർത്തി നോക്കി. മുന്നിൽ അച്ചുവിനെ കണ്ടതും അവളുടെ ചുണ്ടുകൾ വിതുമ്പി കണ്ണുകൾ കലങ്ങി. പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ അവനിൽ നിന്ന് മുഖം തിരിച്ചു. അവളുടെ പ്രവർത്തി അവനിൽ നേർത്തൊരു പുഞ്ചിരി തെളിയിച്ചു. അവൻ പതിയെ ബെഡിന് അരികിലേക്ക് ചുവട് വെച്ചു. തന്നെ കാണണം എന്ന് വാശി പിടിച്ചവളാണ് ഇപ്പൊ മുഖം തിരിച്ചു കിടക്കുന്നത്. ദേഷ്യപ്പെട്ടതിലുള്ള പരിഭവമാണ് ഈ കാണിക്കുന്നത്.

പഴയ കുറുമ്പും ദേഷ്യവും വാശിയും എല്ലാമുള്ള തന്റെ എമി തന്നെയാണ് അവൾ ഇപ്പോഴും എന്ന് മനസ്സിലാക്കാൻ അവളുടെ ആ പ്രവർത്തി തന്നെ അവന് ധാരാളമായിരുന്നു. നീണ്ട നേരത്തെ ആധിയും ഭയവും എല്ലാം വിട്ടൊഴിഞ്ഞിരിക്കുന്നു... ഉള്ളിൽ ആളി കത്തിയ അഗ്നി കെട്ടടങ്ങിയിരിക്കുന്നു. ആശ്വാസത്തോടെ അവനൊന്ന് നിശ്വസിച്ചു. മെല്ലെ എമിക്ക് അരികിലേക്ക് നിന്നവൻ അവൾക്ക് നേരെ തല കുനിച്ചു. മുഖത്തേക്ക് നോക്കാതെ വാശിയോടെ മിഴികൾ ഉറപ്പിച്ച് കിടക്കുകയാണവൾ. നെറ്റിയിലെ ചുറ്റിക്കെട്ടിന് ഒരു വശത്തായി അവൻ ചുണ്ടുകൾ അമർത്തി. ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വിതുമ്പൽ അടക്കി അവൾ മിഴികൾ പൂട്ടി. എമീ........ നെറ്റിയിൽ നിന്ന് ചുണ്ടുകൾ പിൻവലിച്ച നേർത്ത സ്വരത്തിൽ അവളുടെ മുഖത്തേക്ക് നോക്കി അവൻ വിളിച്ചു. അവൾ കണ്ണുകൾ തുറന്നില്ല. അവന്റെ ചുണ്ടിൻ കോണിൽ ഒരു കുഞ്ഞു പുഞ്ചിരി മൊട്ടിട്ടു. പൊടിക്കുപ്പീ.........

കാതിലേക്ക് ചുണ്ടുകൾ അടുപ്പിച്ച് അവൻ വിളിച്ചു. ഇത്തവണ അവൾക്ക് കണ്ണുകൾ തുറക്കാതിരിക്കാൻ ആയില്ല. മിഴിയിണകൾ അകത്തി മാറ്റി പരിഭവത്തോടെ അവൾ അച്ചുവിനെ നോക്കി. ഉള്ളിലെ നോവിനാൽ അവളുടെ കണ്ണുകളിൽ കണ്ണുനീർ തളംകെട്ടി കിടന്നിരുന്നു. സോറി......... നിറഞ്ഞൊഴുകാൻ തയ്യാറെടുത്ത് നിൽക്കുന്ന അവളുടെ ഇരുമിഴികളിലെയും നീർതുള്ളികൾ അധരങ്ങളാൽ ഒപ്പിയെടുത്തവൻ പറഞ്ഞു. നിന്നെ വേദനിപ്പിക്കണം എന്ന് കരുതി ദേഷ്യപ്പെട്ടതല്ല... അപ്പോഴത്തെ അവസ്ഥയിൽ അറിയാതെ അങ്ങനെ സംഭവിച്ചു പോയതാ... ഇങ്ങനെ ഒരു അവസ്ഥയിൽ നിന്നെ കാണാതിരിക്കാൻ വേണ്ടി അപ്പോൾ അതല്ലാതെ മറ്റൊന്നും മുന്നിൽ കണ്ടില്ല. എന്നോട് ക്ഷമിക്കെടീ..... അവളുടെ കവിളിൽ കൈ അമർത്തിയവൻ നെറ്റിയിൽ നെറ്റി ചേർത്ത് വെച്ച് പറഞ്ഞു.

അത് മാത്രം മതിയായിരുന്നു അവളിലെ അത്ര നേരത്തെ പരിഭവങ്ങൾ അലിയിച്ചു കളയാൻ. കവിളിൽ ചേർത്ത് വെച്ച അവന്റെ കയ്യിൽ വിരലുകൾ അമർത്തിയവൾ കണ്ണുനീരിനെ സ്വതന്ത്രമാക്കി വിട്ടു. മതി കരഞ്ഞത്.... നിന്റെ ശരീരം ഇപ്പൊ തന്നെ ഒരുപാട് വീക്കാണ് വീണ്ടും കരഞ്ഞാൽ അത് ആരോഗ്യത്തെ തന്നെ ആയിരിക്കും ബാധിക്കാൻ പോവുന്നത്. നിന്നെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്നവർ ഒത്തിരിയുണ്ട്. നിന്നെ ഇവിടെ കൊണ്ടുവന്നത് തുടങ്ങി ഓരോ നിമിഷവും ഉരുകുകയായിരുന്നു ഞങ്ങൾ ഓരോരുത്തരും. അവർക്ക് വേണ്ടിയെങ്കിലും ഇവിടെ നിന്ന് ഒന്നു എഴുന്നേൽക്കുന്നത് വരെ നീ കരയാതെ പിടിച്ചു നിൽക്കണം. അതൊരിക്കലും എളുപ്പമല്ല എന്നെനിക്കറിയാം... നീ എത്രത്തോളം ഉള്ളിൽ വേദനിക്കുന്നുണ്ടെന്നും എനിക്കറിയാം. പക്ഷെ തിരികെ വീട്ടിലേക്ക് പോവാൻ നിനക്ക് ആരോഗ്യം വീണ്ടെടുത്തേ തീരൂ. അതുവരെ എങ്കിലും സ്വന്തം വിഷമങ്ങൾ ഉള്ളിൽ തന്നെ ഒതുക്കണം.

വെറുതെ ഓരോന്ന് ആലോചിച്ച് കരഞ്ഞാൽ വീണ്ടും തലവേദന വരും. അങ്ങനെ വന്നാൽ നാളെ റൂമിലേക്ക് മാറ്റാൻ കഴിയില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. അതുകൊണ്ട് തത്കാലത്തേക്ക് സങ്കടം ഒക്കെ അങ്ങോട്ട് മാറ്റി വെക്ക്. അച്ചു അവളുടെ കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊടുത്ത് പറഞ്ഞു. ഇനി കരയുവോ?????? അച്ചുവിന്റെ ചോദ്യത്തിന് കരച്ചിലിനെ പിടിച്ചു നിർത്തി അവൾ ഇല്ല എന്നർത്ഥത്തിൽ ഇരുവശത്തേക്കും തല ചലിപ്പിച്ചു. ഇനി കരഞ്ഞെന്ന് അറിഞ്ഞാൽ ഹോസ്പിറ്റൽ ആണെന്നൊന്നും ഞാൻ നോക്കില്ല തൂക്കിയെടുത്ത് വല്ല കിണറ്റിലും കൊണ്ടിടും കേട്ടോടീ പൊടിക്കുപ്പീ..... സ്വരത്തിൽ നേർത്തൊരു കുറുമ്പ് നിറച്ചവൻ പറയവെ അവളുടെ വരണ്ട ചുണ്ടിലേക്ക് ഒരു പുഞ്ചിരി പടർന്നിരുന്നു. സർ...... പിന്നിൽ നിന്ന് നേഴ്സിന്റെ സ്വരം ഉയർന്നതും അച്ചു തല ചരിച്ച് ഒന്നു നോക്കി. ഒത്തിരി നേരം ഇതിനുള്ളിൽ ഇങ്ങനെ നിൽക്കാൻ പാടില്ല...

പേഷ്യന്റ് ബഹളം വെച്ചത് കൊണ്ട് മാത്രമാണ് ഇപ്പൊ കാണാൻ അനുവദിച്ചത് തന്നെ. സോ പ്ലീസ്..... അത്രയും പറഞ്ഞ് നേഴ്സ് അച്ചുവിനെ ഒന്നു നോക്കി. അത് കേട്ടതും അച്ചു എമിയെ ഒന്നു നോക്കി. അവൾ ഒരു കയ്യാൽ അച്ചുവിന്റെ ഷർട്ടിന്റെ കോളറിൽ അമർത്തി പിടിച്ചു. പോവണ്ട....... മുഖം ഇരുവശത്തേക്കും ചലിപ്പിച്ച് ദയനീയമായി അവൾ അച്ചുവിന്റെ മുഖത്തേക്ക് നോക്കി. ഈ പറഞ്ഞത് നീയും കേട്ടതല്ലേ ഇവിടെ ഇങ്ങനെ ഒത്തിരി നേരം ഒന്നും നിൽക്കാൻ കഴിയില്ല. ഞാൻ പുറത്ത് തന്നെ ഉണ്ടാവും. എമിയുടെ കൈ കോളറിൽ നിന്ന് വിടുവിച്ച് അച്ചു അവളുടെ കവിളിൽ ഒന്നു തട്ടി. എമി പെട്ടെന്ന് തന്നെ അവന്റെ കയ്യിൽ പിടിച്ചു. ഇച്ചായാ... ജെറിച്ചനെ കൊന്നത് അയാളാ... എന്നെ... എന്നെയും കൊല്ലാൻ നോക്കി... അയാൾ... എമി പറഞ്ഞു പൂർത്തിയാക്കും മുന്നേ അച്ചു ചൂണ്ട് വിരൽ അവളുടെ ചുണ്ടിന് കുറുകെ വെച്ച് അവളുടെ വാക്കുകളെ തടഞ്ഞു കഴിഞ്ഞിരുന്നു.

എമി പകപ്പോടെ അവനെ ഒന്നു നോക്കി. എനിക്കെല്ലാം അറിയാം. എമിയുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞതും ഞെട്ടലോടെ അവൾ കണ്ണുകൾ മിഴിച്ച് അവനെ നോക്കി. ഇച്ചായാ......... അവിശ്വസനീയതയോടെ അവൾ വിളിച്ചു. നിന്റെ ജെറിച്ചനെ കൊലപ്പെടുത്തിയവർ ഇപ്പൊ പോലീസ് കസ്റ്റഡിയിലാണ്. അവർ ചെയ്തു കൂട്ടിയതിനെല്ലാം ചേർത്ത് തക്കതായ ശിക്ഷ അവർക്ക് കിട്ടിയിരിക്കും. നിന്നെ ഒരു തരത്തിലും ബാധിക്കാതെ പ്രതികളെ കണ്ടെത്തണം എന്നത് എന്റെ നിർബന്ധമായിരുന്നു. അത് പ്രാവർത്തികമായതുമാണ്. പക്ഷെ അനിരുദ്ധൻ ഇടയിൽ കയറിയപ്പോഴാണ് എനിക്ക് പിഴച്ചു പോയത്. അച്ചു നിരാശയോടെ പറഞ്ഞു നിർത്തി. അറിയാതെ പോയിരുന്നെങ്കിൽ ഈ ജന്മത്തിൽ ഏറ്റവും വലിയ ഭാഗ്യദോഷി ഞാൻ ആയി പോവുമായിരുന്നില്ലേ ഇച്ചായാ?????

വിതുമ്പുന്ന ചുണ്ടുകൾ കടിച്ചു പിടിച്ച് അവൾ നനഞ്ഞ മിഴികളോടെ അവനെ നോക്കി. ഇപ്പൊ എന്റെ കൊച്ച് അതൊന്നും ആലോചിക്കണ്ട... കണ്ണടച്ച് കിടന്ന് ഉറങ്ങിക്കോ. ഈ വാതിലിന് അപ്പുറം ഞാനുണ്ട്. പതിയെ എമിയോടായ് പറഞ്ഞവൻ അവളുടെ നെറുകിൽ അമർത്തി ചുംബിച്ചു. വിട്ടുപോവാൻ മടിക്കുന്ന ഹൃദയത്തെ അടക്കി നിർത്തി പിന്തിരിഞ്ഞ് പുറത്തേക്ക് നടക്കുമ്പോൾ അത്രനേരം ഉരുകിയിരുന്ന നെഞ്ച് ശാന്തമായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ റോണിയും ആൽവിച്ചനും അവനെ ആധിയോടെ നോക്കി. നേർത്തൊരു പുഞ്ചിരിയോടെ അവൻ അവർക്ക് നേരെ കണ്ണ് ചിമ്മി കാണിച്ചതും അവരുടെ മിഴികളിലും ആശ്വാസം തെളിഞ്ഞു. അവർ ഇരുവർക്കും നടുവിൽ ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് അച്ചു ഇരുന്നു. മിനിറ്റുകൾ ഇഴഞ്ഞു നീങ്ങുന്നത് അറിഞ്ഞ് ഉറക്കമില്ലാതെ ആ രാത്രി അവൻ അങ്ങനെ ഇരുന്നു.

രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് ഓടി എത്തിയ ജോൺ ഐസിയു വരാന്തയിലെ കാഴ്ച കണ്ട് ഒന്നു നിന്നു. വെയ്റ്റിംഗ് ചെയറിൽ ചാരി ഇരുന്ന് മയങ്ങുന്ന അച്ചുവും അവന്റെ തോളിലേക്ക് തല ചേർത്ത് വെച്ച് ഇരുന്ന് ഉറങ്ങുന്ന ആൽവിച്ചനും. റോണി ആകട്ടെ അച്ചുവിന്റെ മടിയിലേക്ക് തല വെച്ച് കിടന്ന് നല്ല ഉറക്കമാണ്. അയാൾ മെല്ലെ അച്ചുവിന് അരികിലേക്ക് നിന്നു. അച്ചൂ........ അവന്റെ തോളിൽ ഒന്നു തട്ടി അയാൾ വിളിച്ചതും അച്ചു ഞെട്ടി കണ്ണുകൾ തുറന്നു. മുന്നിൽ നിൽക്കുന്ന ജോണിനെ കണ്ടതും അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ആഞ്ഞു. എന്നാൽ എന്തോ ഓർത്തെന്നത് പോലെ നോട്ടം ആൽവിയിലേക്കും റോണിയിലേക്കും നീണ്ടതും അവൻ അനങ്ങാതെ ഇരുന്നു. നേരം വെളുത്തല്ലേ????? ഇടയ്ക്ക് ഒന്നു അറിയാതെ മയങ്ങി പോയി

. മുഖം അമർത്തി തുടച്ച് അവൻ പറഞ്ഞതും അയാൾ നേർമ്മയിൽ ഒന്നു മന്ദഹസിച്ചു. ജോൺ ഒരുനിമിഷം അച്ചുവിനെ തന്നെ നോക്കി. മുഖം കണ്ടാൽ തന്നെ അറിയാം രാത്രി അവൻ മര്യാദക്ക് ഒന്നു ഉറങ്ങിയിട്ടില്ലെന്ന്. അവനോട് വല്ലാത്തൊരു അലിവ് അയാൾക്ക് തോന്നി. അപ്പോഴേക്കും അച്ചു ആൽവിച്ചനെയും റോണിയെയും തട്ടി വിളിച്ച് എഴുന്നേൽപ്പിച്ചു. ഇരുവരും ഉറക്കച്ചടവോടെ എഴുന്നേറ്റ് ഇരുന്നു. ഞാൻ പോയി മുഖം കഴുകി എല്ലാവർക്കും ചായ വാങ്ങിയിട്ട് വരാം. ആൽവിച്ചൻ അതും പറഞ്ഞ് ഒന്നു മൂരി നിവർന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. എങ്കിൽ ഞാനും വരുന്നുണ്ട്. നടു നിവർത്തി കൊണ്ട് റോണിയും അവനൊപ്പം എഴുന്നേറ്റു. കുറെയേറെ നേരം ഒരേ ഇരുപ്പ് ആയതിനാൽ അവർ മൂന്നുപേർക്കും ശരീരത്തിന് വല്ലാത്ത അസ്വസ്ഥതകൾ തോന്നിയിരുന്നു. അവർ പോയതും ഐസിയുവിന് അരികിൽ പോയി അകത്തേക്ക് ഒന്നു നോക്കി ജോൺ അച്ചുവിന് അരികിൽ വന്നിരുന്നു. ഡോക്ടർ മുറിയിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞിരുന്നോ???? അച്ചുവിന് നേരെ ഒന്നു നോക്കി അയാൾ ചോദിച്ചു. ഇല്ല....

രാവിലെ വന്ന് ഹെൽത്ത്‌ കണ്ടിഷൻസ് ഒക്കെ നോക്കിയിട്ടേ ഷിഫ്റ്റ്‌ ചെയ്യുന്ന കാര്യം തീരുമാനിക്കൂ എന്നാ പറഞ്ഞത്. ജോണിനുള്ള മറുപടി കൊടുക്കുന്നതിന് ഒപ്പം അച്ചു എഴുന്നേറ്റ് നിന്ന് ഷോൾഡർ ഒന്നു അനക്കി. ഇരുവർക്കും ഇടയിൽ മൗനം തളം കെട്ടി. അമ്മ????????? ചോദ്യ ഭാവത്തിൽ അവൻ അയാളെ നോക്കി. അറിയിച്ചിട്ടില്ല... ഇപ്പൊ എല്ലാം അറിഞ്ഞാൽ ഇവിടെ വന്ന് കരച്ചിൽ തന്നെ ആയിരിക്കും. എമിയെ മുറിയിലേക്ക് മാറ്റിയിട്ട് സ്റ്റെല്ലയെ കൂട്ടി വരാം എന്നാണ് ചിന്തിക്കുന്നത്. ഇപ്പൊ തന്നെ മോളെ വിളിച്ചിട്ട് ഫോൺ ഓഫാണ് നിന്നെ വിളിച്ചിട്ട് എടുക്കുന്നില്ല എന്നൊക്കെ പറഞ്ഞ് ടെൻഷൻ അടിച്ച് ഇരിപ്പായിരുന്നു. വായിൽ വന്ന കള്ളം പറഞ്ഞ് ഒരുവിധം അവളെ ആശ്വസിപ്പിച്ച് ഇരുത്തിയിട്ടാ ഞാൻ ഇങ്ങോട്ട് ഇറങ്ങിയത് തന്നെ. അയാളൊന്ന് നെടുവീർപ്പിട്ടു. ആ നേരം റോണിയും ആൽവിച്ചനും ചായ വാങ്ങി വന്നിരുന്നു.

അച്ചുവിനും ജോണിനും ഓരോ കപ്പ്‌ ചായ വീതം നൽകി അവർക്കൊപ്പം ഇരുന്ന് ചായ കുടിച്ചു. ചായ കുടിക്കുന്നതിന് ഇടയിലാണ് അച്ചുവിന് ഒരു കോൾ വരുന്നത്. പരിചിതമായ നമ്പർ കണ്ടതും അവൻ കോൾ അറ്റൻഡ് ചെയ്ത് മാറി നിന്നു. കോൾ വന്നത് മുതൽ അച്ചുവിന്റെ മുഖത്ത് തെളിഞ്ഞ ഗൗരവവും ദേഷ്യവും എല്ലാം അവർ നോക്കി നിൽക്കുകയായിരുന്നു. ഫോണിൽ സംസാരിച്ചു കഴിഞ്ഞവൻ മൊബൈൽ പോക്കറ്റിലേക്ക് തിരുകി കയ്യിലെ പേപ്പർ കപ്പ്‌ വേസ്റ്റ് ബിന്നിൽ എറിഞ്ഞ് ജോണിന് മുന്നിൽ വന്നു നിന്നു. പപ്പാ എനിക്കൊപ്പം ഒന്നു വരണം. അച്ചു പറഞ്ഞത് കേട്ടയാൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു നിന്നു. വരാനോ എങ്ങോട്ട്????? അയാളുടെ കണ്ണുകളിൽ അങ്കലാപ്പ് തെളിഞ്ഞു. ആവശ്യമുണ്ട് പപ്പ ഇപ്പൊ എന്റെ കൂടെ വന്നേ തീരൂ.... അച്ചു ഗൗരവത്തിൽ അയാളെ നോക്കി. എന്റെ കുഞ്ഞിനെ കാണാതെ ഞാൻ എങ്ങോട്ടും ഇല്ല. അയാൾ ശാഠ്യം പിടിച്ചു.

അപ്പൊ സ്വന്തം മകന്റെ കൊലയാളി ആരാണെന്ന് പപ്പയ്ക്ക് അറിയണ്ടേ????? അച്ചുവിന്റെ ചോദ്യത്തിന് ഞെട്ടലോടെ അയാൾ അവനെ നോക്കി. എന്താ പറഞ്ഞത്?????? കേട്ടത് വിശ്വസിക്കാൻ ആവാതെ അയാൾ അച്ചുവിനെ നോക്കി. സത്യം.... ജെറിയെ കൊലപ്പെടുത്തിയവർ ഇന്നലെ മുതൽ പോലീസ് കസ്റ്റഡിയിൽ ആണ്. ആളെ പപ്പയ്ക്ക് അടുത്ത് അറിയാവുന്നതാണ്. ഒരുവിധത്തിൽ പറഞ്ഞാൽ പപ്പ ഏറ്റവും കൂടുതൽ വിശ്വസിച്ച വ്യക്തി. എമിയെ കൊല്ലാൻ നോക്കിയത് പോലും അയാളാണ്. ഇനി പറ അതാരാണെന്ന് അറിയണോ വേണ്ടയോ????? ജോൺ ഞെട്ടലോടെ അച്ചുവിനെ നോക്കി. റോണിയും എല്ലാം കേട്ട പകപ്പിൽ ആയിരുന്നു. ഞാൻ... ഞാൻ വരാം.... ഇടറിയ സ്വരത്തിൽ പറയവെ അയാളുടെ കണ്ണുകൾ എന്തിനോ കലങ്ങിയിരുന്നു. അച്ചു അയാളുടെ ചുമലിൽ കൈചേർത്ത് പിടിച്ചു. നിങ്ങൾ ഇവിടെ ഉണ്ടാവണം. ഞാനും പപ്പയും പോയിട്ട് വേഗം തന്നെ എത്താം.

അച്ചു ആൽവിച്ചനും റോണിക്കും നേരെ തിരിഞ്ഞു പറഞ്ഞതും അവർ സമ്മതമെന്നോണം തല അനക്കി. അച്ചു ജോണുമായി പുറത്തേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഐജി ഓഫീസിൽ ഇരിക്കുമ്പോൾ അനിരുദ്ധന് താൻ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇതുവരെ സംശയത്തിന്റെ നേർത്തൊരു നിഴൽ പോലും വീഴാത്ത ആൾ അതും തീരെ പ്രതീക്ഷിക്കാത്ത ഒരാൾ പ്രതിയാണെന്ന് അറിയുമ്പോൾ ഉണ്ടാവുന്ന അമ്പരപ്പും പകപ്പും അവനിൽ നിറഞ്ഞിരുന്നു. അവന്റെ കണ്ണുകൾ വീണ്ടും ഒരു മൂലയിൽ തളർന്ന് ഇരിക്കുന്നവരിൽ ചെന്നെത്തി. രണ്ടിനെയും നന്നായി എടുത്തിട്ട് പെരുമാറിയ മട്ടുണ്ട് എന്നാൽ പുറമെ ചതവോ തല്ല് ഏറ്റ പാടോ ഒന്നും തന്നെ ഇല്ല താനും. അതാരാണ് ചെയ്തതെന്ന് മനസ്സിലാക്കാൻ അവന് അധികം ആലോചിക്കേണ്ടി വന്നില്ല. എന്തോ ഓർമ്മയിൽ അവന്റെ വിരലുകൾ ചുണ്ടിൻ കോണിലെ കല്ലിച്ച മുറിപ്പാടിൽ എത്തി നിന്നു. വിരൽ തൊട്ടിടത്ത് നീറ്റലും പുകച്ചിലും അറിഞ്ഞതും എരിവ് വലിച്ചവൻ കൈ പിൻവലിച്ചു. സർ...........

വാതിലിന് അരികിൽ നിന്ന് ഒരു വിളി ഉയർന്നതും അവൻ തലചരിച്ച് നോക്കി. Yes, come in..... ഐജി ഉത്തരം കൊടുത്തതും അച്ചു അകത്തേക്ക് കയറി പിന്നാലെ സങ്കോചത്തോടെ ജോണും. അച്ചുവിനെ കണ്ടതും അനിരുദ്ധന്റെ കണ്ണിൽ നേർത്തൊരു പിടച്ചിൽ വെളിപ്പെട്ടു. ആഹ്.... അഗസ്റ്റി ആയിരുന്നോ????? ഐജി അവന് നേരെ പുഞ്ചിരിച്ചു. അച്ചു ബഹുമാനപൂർവ്വം അയാളെ സല്യൂട്ട് ചെയ്തു. യൂണിഫോമിൽ മതിയെടോ ഈ ഫോർമാലിറ്റീസ് ഒക്കെ... മറുപടിയായി അവനൊന്ന് പുഞ്ചിരിച്ചു. സർ, ഇതാണ് ജെറിയുടെ ഫാദർ. ജോണിനെ അയാൾക്ക് മുന്നിൽ പരിചയപ്പെടുത്തി അവൻ പറഞ്ഞു. Oh!!!! Your father in law. തിരികെ ജോൺ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. പ്രതികളെ കാണാൻ വന്നതായിരിക്കും അല്ലെ????? അയാളുടെ ചോദ്യത്തിന് അച്ചു തലയാട്ടി. ദേ ഇരിക്കുന്നു.....

അവജ്ഞയോടെ മൂലയിലേക്ക് വിരൽ ചൂണ്ടി അയാൾ പറഞ്ഞതും അയാളുടെ കണ്ണുകൾ ഹൃദയമിടിപ്പോടെ അയാൾ ചൂണ്ടിയിടത്തേക്ക് പാഞ്ഞു. തല കുനിച്ച് അവശതയോടെ നിലത്ത് ഇരിക്കുന്ന രണ്ട് രൂപങ്ങൾ കണ്ടതും അയാളുടെ കാലടികൾ അങ്ങോട്ട് ചലിച്ചു. തലകുനിച്ച് ഇരിക്കുന്നവർക്ക് മുന്നിൽ അയാൾ നിന്നു. മുന്നിലെ കാലടികൾ കണ്ടാകണം അവരിവരും തലയുയർത്തി നോക്കി. അതുവരെ കാണാൻ കഴിയാതിരുന്ന മുഖം അയാൾക്ക് മുന്നിൽ വെളിവായി. മുന്നിൽ ഇരിക്കുന്നയാളെ കണ്ടതും അയാൾ ഞെട്ടിത്തരിച്ചു പോയി. ഒരു വിറയലോടെ അയാൾ പിന്നിലേക്ക് വേച്ചുപോയി. അച്ചു പാഞ്ഞു ചെന്ന് അയാളെ വീഴാതെ പിടിച്ചു നിർത്തി. ഒരു പകപ്പോടെ അയാൾ അച്ചുവിനെ നോക്കി. പിന്നെ വിശ്വാസം വരാത്തത് പോലെ മുന്നിലേക്ക് നോക്കി. ഡോക്ടർ മഹാദേവൻ........ അവിശ്വസനീയതയോടെ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു. ... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story