ഹൃദയതാളമായ്: ഭാഗം 192

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

തലയ്ക്ക് കൈകൊടുത്ത് പുറത്തെ ബെഞ്ചിൽ ഇരിക്കുമ്പോൾ ചുറ്റിനും നടക്കുന്നതൊന്നും അയാൾ അറിഞ്ഞിരുന്നില്ല. കണ്ട കാഴ്ചയുടെ ഞെട്ടലിൽ നിന്ന് മനസ്സ് വിമുക്തമായിരുന്നില്ല. കണ്ടതൊന്നും സത്യമായിരിക്കല്ലേ എന്ന് ഹൃദയം അലറി കരഞ്ഞു. വിശ്വസിച്ചതാണ് മറ്റാരേക്കാൾ ബഹുമാനവും സ്നേഹവും നൽകിയതാണ് എന്നിട്ടും...... അയാളുടെ കണ്ണുകൾ നിറഞ്ഞു. ചുമലിൽ ഒരു കരസ്പർശം ഏറ്റതും അയാൾ കണ്ണുകൾ ഉയർത്തി നോക്കി. മുന്നിൽ അച്ചുവിനെ കണ്ടതും അയാളുടെ മുഖത്ത് ദയനീയത നിറഞ്ഞു. അത് കണ്ടിട്ട് എന്നോണം അച്ചു അയാൾക്ക് അരികിലായി ഇരുന്നു. ആദ്യം ഇരുവരും ഒന്നും പരസ്പരം മിണ്ടിയില്ല. ജോണിന്റെ മാനസികാവസ്ഥ അറിഞ്ഞെന്നോണം അച്ചു അയാളുടെ ചുമലിൽ കൈ അമർത്തി വെച്ചു ഒരു ആശ്വാസം എന്ന പോൽ. പപ്പാ........ ഏറെ നേരത്തെ നിശബ്ദതയ്ക്ക് ഭംഗം വരുത്താൻ എന്ന പോലെ അച്ചു വിളിച്ചു. എന്തിനായിരുന്നു അയാൾ ഇങ്ങനെ ഒരു ക്രൂരത ഞങ്ങളോട് കാണിച്ചത്???? അതിന് മാത്രം എന്ത് തെറ്റാണ് ഞങ്ങൾ അയാളോട് ചെയ്തത്????? എന്റെ... എന്റെ മകൻ.... ആർക്കും അറിയില്ല എന്റെ ജെറിയെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്. ഞാൻ ആദ്യമായി കയ്യിൽ ഏറ്റ് വാങ്ങിയ എന്റെ മകനാണ് അവൻ...

ആദ്യം എന്നെ പപ്പ എന്ന് വിളിച്ചത് അവനായിരുന്നു. സ്റ്റെല്ലയോട് ആയിരുന്നു കൂടുതൽ സ്നേഹം എങ്കിലും അവൻ എന്റെ നെഞ്ചിൽ കിടന്നേ ഉറങ്ങാറുള്ളൂ... എന്റെ കയ്യിൽ പിടിച്ചാ അവൻ പിച്ച വെച്ച് നടന്നത്... ഒടുവിൽ ഞങ്ങളിൽ നിന്ന് അകന്ന് പോയപ്പോഴും കാണാൻ തോന്നുമ്പോഴെല്ലാം ഞാൻ ഓടി ചെല്ലുമായിരുന്നു. അവൻ പഠിച്ചിരുന്ന സ്കൂളിലും എല്ലായിടത്തും ഞാൻ പോയിട്ടുണ്ട് ഒരു നോക്ക് അവനെ ഒന്നു കാണാൻ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ട് വീർപ്പുമുട്ടിക്കാൻ...... അയാളുടെ ശബ്ദം പതറി പോയി. അച്ചുവിന് അയാളിലെ വേദന തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. കേവലം പാഴ് വാക്കുകളാൽ ആശ്വസിപ്പിച്ചാൽ മായുന്ന മുറിവല്ല ആ ഹൃദയത്തിലുള്ളത് എന്നവന് അറിയാമായിരുന്നു. ആയുഷ്കാലം അത്രയും നെഞ്ചിൽ ഒരു നെരിപ്പോടായ് കെടാതെ എരിയുന്ന നോവാണ്. അതുകൊണ്ട് തന്നെ ഒന്നും സംസാരിക്കാതെ അയാളെ കേട്ടിരുന്നു. എല്ലാം മനസ്സിലാക്കി അവൻ തിരികെ വന്നപ്പോൾ ഒരുപാട് സന്തോഷിച്ചു ഞാൻ. ജെറിയുടെയും എന്റെ കുഞ്ഞന്റെയും സ്നേഹം കണ്ട് ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യവാൻ ഞാനാണ് എന്ന് അഹങ്കരിച്ചു. അതിന്റെ ശിക്ഷ ആയിരിക്കും മരണത്തിന്റെ രൂപത്തിൽ വന്ന് എന്റെ മകനെ........... പൂർത്തിയാക്കാൻ ആവാതെ അയാൾ വിങ്ങി പൊട്ടി. അച്ചു അയാളെ ചേർത്ത് പിടിച്ച് ചുമലിൽ തട്ടി കൊണ്ടിരുന്നു. അറിഞ്ഞുകൊണ്ട് ഒരാളെയും ഈ ജീവിതത്തിനിടയിൽ ഞാൻ ദ്രോഹിച്ചിട്ടില്ല... എന്നിട്ടും.....

എന്തിനായിരുന്നു അയാൾ എന്റെ ജെറിയോട് ഇങ്ങനെ ചെയ്തത്?????? അതിന് മാത്രം എന്ത് തെറ്റാ എന്റെ മകൻ ചെയ്തത്????? കണ്ണുനീർ ഇറ്റിയ കണ്ണുകളോടെ അയാൾ അച്ചുവിനെ നോക്കി. തെറ്റ്‌ ചെയ്തത് ജെറിയല്ല അകത്ത് ഇരിക്കുന്നവനാണ്.... എല്ലാവരും ദൈവത്തെ പോലെ കാണുന്ന ഭൂമിയിലെ ദൈവമായ ഒരു ഡോക്ടർ തന്നെ കാലന്റെ വേഷം അണിഞ്ഞു. അതിന് എതിരെ പ്രതികരിക്കാൻ ശ്രമിച്ചതിനാണ് ജെറിയെ അയാൾ... അച്ചു ഒന്നു നിർത്തി. ജോൺ അവൻ പറഞ്ഞത് മനസ്സിലാവാതെ അവനെ മുഖമുയർത്തി നോക്കി. എല്ലാവർക്കും സുപരിചിതമായ ദി വെൽ നോൺ സൈക്കാട്രിസ്റ്റ് മഹാദേവന് മറ്റാരും അറിയാത്ത ഒരു മുഖം കൂടിയുണ്ട്. ഹോസ്പിറ്റലിന് മറവിൽ illegal activities നടത്തുന്ന ഒരു ബ്ലഡി ക്രിമിനലിന്റെ മുഖം. വൻകിട നിരോധിത ഡ്രഗ് സപ്ലൈ തുടങ്ങി അവയവ കടത്ത് വരെ അയാൾ നടത്തുന്ന മാനസികാരോഗ്യ കേന്ദ്രത്തിന് മറവിൽ നടക്കുന്നുണ്ട്. മാനസിക നില തെറ്റിയ ചോദിക്കാനും പറയാനും ആരുമില്ലാത്തവരെയും ഭ്രാന്ത്‌ എന്ന് മുദ്രകുത്തി വീട്ടുകാരും നാട്ടുകാരും എല്ലാം ചേർന്ന് ഉപേക്ഷിച്ചു തള്ളുന്ന രോഗികളെയും ചികിത്സ എന്ന പേരിൽ അവയവങ്ങൾ മുറിച്ചു മാറ്റി വിൽക്കുന്നു. ഒടുവിൽ യാതൊരു സംശയത്തിനും ഇട വരുത്താതെ അവരുടെയെല്ലാം സാധാരണ രീതിയിൽ ഉള്ള മരണം രേഖപ്പെടുത്തുന്നു.

തിരക്കാനും അന്വേഷിക്കാനും ആരുമില്ലാത്തതിനാൽ പുറം ലോകം അറിയാത്ത ക്രൂരതകളാണ് ആ ഹോസ്പിറ്റലിന്റെ നാല് ചുവരുകൾക്കുള്ളിൽ നടന്നിരുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ മഹാദേവൻ എന്ന വിശാല ഹൃദയനായ ഡോക്ടർ സ്വന്തം ചിലവിൽ മാസികനില തെറ്റിയ അനാഥരായ രോഗികളെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന കേന്ദ്രം. അകത്ത് നടക്കുന്നത് മനുഷ്യ മനസാക്ഷിയെ നടക്കുന്ന ക്രൂരതകളും. അച്ചു പകയോടെ പറഞ്ഞു നിർത്തിയതും ഞെട്ടി തരിച്ച് ഇരുന്ന് പോയി അയാൾ. ഒരു ഡോക്യൂമെന്ററിയുടെ ഭാഗമായി മഹാദേവനെ ഇന്റർവ്യൂ ചെയ്യാൻ ഒരിക്കൽ ഹോസ്പിറ്റലിൽ എത്തിയതായിരുന്നു ജെറി. അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. യാതൊരു സംശയങ്ങൾക്കും ഇട വരുത്താതെ അത്രനാളും മഹാദേവൻ മൂടി വെച്ചിരുന്ന രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നത് അന്നാണ്. അവിചാരിതമായി ഹോസ്പിറ്റൽ കോമ്പൗണ്ടിലെ വേസ്റ്റ് ബിന്നിൽ നിന്ന് ജെറിക്ക് കിട്ടിയ ഒന്നു രണ്ട് മെഡിസിൻസിന്റെ സ്ട്രിപ്പ്സ്. സംശയം തോന്നിയ ജെറി അന്ന് തന്നെ അവയെല്ലാം ശേഖരിച്ച് കൊണ്ടുപോന്നു. ഹോസ്പിറ്റലിൽ നിന്ന് മടങ്ങി എത്തിയ ജെറി ആ മെഡിസിൻസിനെ പറ്റി ചെറിയൊരു അന്വേഷണം നടത്തി.

സർജറി കഴിഞ്ഞ മെയിൻലി ഓർഗൻ ട്രാൻസ്‌പ്ലാന്റേഷനും മറ്റും കഴിഞ്ഞ രോഗികൾക്ക് നൽകാറുള്ള മെഡിസിൻസ് ആയിരുന്നു അവയെല്ലാം. അതോടെ ജെറിയിൽ സംശയങ്ങൾ മുള പൊട്ടി. ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ഇത്തരം മെഡിസിൻസിന്റെ ആവശ്യമെന്താണ്???? ആ ഒരു ചോദ്യമാണ് ജെറിയെ പല അന്വേഷണങ്ങളിലേക്കും വഴി തെളിച്ചത്. വളരെ രഹസ്യമായി ജെറി നടത്തിയ അന്വേഷണത്തിലാണ് സത്യങ്ങൾ എല്ലാം പുറത്ത് അറിയുന്നത്. നന്മയുടെ മുഖമൂടി ധരിച്ച് സമൂഹത്തിൽ നടക്കുന്ന ഇത്ര ഭീകരം ആയൊരു അനീതി ആരുമാരും ഇതുവരെ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. തുടർന്നുള്ള അന്വേഷണത്തിൽ നിന്ന് അന്ന് ഭരിച്ചിരുന്ന ഒരു മന്ത്രി അടക്കം പോലീസ് സേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വരെ ഈ ക്രൂരതയ്ക്ക് പിന്നിൽ ഉണ്ട് എന്ന് അറിഞ്ഞു. അതുകൊണ്ട് ആയിരിക്കാം ജെറി തന്റെ കണ്ടെത്തലുകൾ എല്ലാം തെളിവ് സാഹിതം താൻ വർക്ക്‌ ചെയ്തിരുന്ന ചാനലിലെ CEOയെ ബന്ധപ്പെടാൻ പ്രേരിപ്പിച്ചത്. എന്നാൽ അതിൽ പതിയിരുന്ന അപകടം അന്ന് ജെറി തിരിച്ചറിഞ്ഞിരുന്നില്ല. ജെറി നിരത്തിയ തെളിവുകളുമായി CEO മഹാദേവനെയും കൂട്ടരെയും സമീപിച്ചു. നഷ്ടത്തിൽ പോയി കൊണ്ടിരുന്ന ചാനലിനെ ലാഭത്തിൽ ആക്കാൻ കോടികൾ അവർ ഓഫർ ചെയ്തതും അയാളും അവർക്കൊപ്പം ചേർന്നു. പക്ഷെ ജെറിയെ വെറുതെ വിടുന്നത് അപകടം ആണെന്ന് മനസ്സിലാക്കിയ അവർ പണം കൊടുത്ത് അവനെ വരുതിയിൽ വരുത്താൻ ശ്രമം നടത്തി.

ജെറി അടുക്കാതെ വന്നതും തന്ത്രപരമായി ഒരു കൊലപാതകം പ്ലാൻ ചെയ്യുകയായിരുന്നു. അതിനായി മിഥുൻ ശ്രീധരൻ എന്നൊരു ചെറുപ്പക്കാരനെ അവർ വിലയ്ക്ക് എടുത്തു. ആകെയുള്ള ഹൃദ്രോഗി ആയ പെങ്ങളുടെ ജീവനും ഭാവിയും സുരക്ഷിതമാക്കി കൊടുക്കാം എന്ന അവരുടെ വാഗ്ദാനത്തിൽ മിഥുൻ ആ കർമ്മം ഏറ്റെടുക്കുന്നു. അകത്ത് അയാളുടെ കൂടെ കണ്ടില്ലേ അവനാണ് മിഥുൻ. അവനെ ഉപയോഗിച്ചാണ് അവർ ജെറിയെ കൊലപ്പെടുത്തിയത്. അച്ചു ഒന്നു നിർത്തി. പക്ഷെ അന്ന് മിഥുന് പറ്റിയൊരു അബദ്ധം... ജെറിയുടെ മരണം ഉറപ്പ് വരുത്താനായി ഇടിച്ചിട്ട് അൽപ്പദൂരം പോയ അവൻ ലോറി റിവേഴ്സ് എടുത്ത് വണ്ടിയിൽ നിന്ന് തല വെളിയിലേക്ക് ഇട്ട് നോക്കിയതും എമി അവന്റെ മുഖം കണ്ടു. അതായിരുന്നു അവരുടെ ആദ്യ പിഴവ്. അതറിഞ്ഞതും അവർക്കെല്ലാം ഭയം തോന്നി. പക്ഷെ ജെറിയുടെ മരണശേഷം എമി ഡിപ്രഷനിലേക്ക് പോയത് അവർക്ക് അനുഗ്രഹമായി. എമി പഴയത് പോലെ ആവുന്നതിന് മുന്നേ കൊല്ലാൻ ആയിരുന്നു അവർ അടുത്തതായി പ്ലാൻ ചെയ്തത്. ഉർവശി ശാപം ഉപകാരം എന്നത് പോലെ എമിയുടെ ചികിത്സയ്ക്കായി അവളെ മഹാദേവന് മുന്നിൽ തന്നെ കിട്ടുന്നു. കാര്യങ്ങൾ അവർക്ക് കൂടുതൽ എളുപ്പമായി. ഹോസ്പിറ്റലിൽ വെച്ച് അന്ന് രാത്രി എമിയുടെ കഴുത്തിൽ കുരുക്കിട്ട് കൊല്ലാൻ ശ്രമിച്ചത് മറ്റാരും അല്ല മഹാദേവൻ തന്നെ ആയിരുന്നു.

ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ എമി അവിടെ ഇരുന്ന സർജിക്കൽ ട്രേ എടുത്ത് അയാളെ അടിച്ചത് കൊണ്ടാണ് അന്ന് അയാളുടെ തലയ്ക്ക് മുറിവേറ്റത്. അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ എമി സ്റ്റെയറിന് മുകളിൽ നിന്ന് കാല് വഴുതി താഴെ വീണു. അച്ചു മുഷ്ടി ചുരുട്ടി പിടിച്ചു പറഞ്ഞതും ജോണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇരുവരുടെയും ഉള്ളിൽ ആ സമയം എമിയുടെ മുഖമായിരുന്നു. കുറച്ച് നേരം അച്ചു മൂകമായി. മൈൻഡ് ഒന്നു ശരി ആയതും അവൻ ബാക്കി പറയാൻ തുടർന്നു. ജീവന് വേണ്ടി മല്ലിടിച്ച് എമി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ പലതവണ അവർ എമിയെ അപായപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. പക്ഷെ ദൈവഭാഗ്യം ഒന്നുകൊണ്ട് മാത്രം എമി രക്ഷപെട്ടു. എങ്കിലും ഭാഗ്യം വീണ്ടും അവരെ തുണച്ചു. ബോധം വീണ എമിക്ക് കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓർമ്മ ഇല്ലാതായി. അതോടെ എമിയെ അപകടപെടുത്താനുള്ള ശ്രമം അവർ ഉപേക്ഷിച്ചു. കാരണം ഇനി ഒരു ശ്രമം നടത്തിയാൽ പിടിക്കപ്പെടും എന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലാ കഥകൾ പറഞ്ഞ് എമിക്ക് ഓർമ്മ തിരികെ കിട്ടിയാൽ അവളുടെ ജീവന് ആപത്താണെന്ന് വരുത്തി തീർത്ത് നിങ്ങളെ എല്ലാം ഭയപ്പെടുത്തി. ജെറി എന്ന പേര് പോലും അവളുടെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കി. പിന്നെ ഓർമ്മ തിരികെ കിട്ടിയാൽ എമിക്ക് സംഭവിക്കാൻ ഇടയുള്ള മെന്റൽ പ്രോബ്ലംസ് കൂടി ആയതോടെ എല്ലാം അവർക്ക് അനുകൂലമായി.

എങ്കിലും എമിയെ അവർക്ക് കണ്മുന്നിൽ തന്നെ വേണമായിരുന്നു സ്വന്തം നിലനിൽപ്പിന് വേണ്ടി. അതിനാണ് അയാൾ കേരളത്തിലേക്ക് പോന്നതും എമിയുടെ അവസ്ഥ മുതലെടുത്ത് നിങ്ങളെ കൂടി ഇവിടേക്ക് നിറബന്ധപൂർവ്വം കൂട്ടിയതും. ആർക്കും സംശയം വരുത്താത്ത രീതിയിൽ അവർ ഇതെല്ലാം ചെയ്തു തീർത്തു. ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം അടക്കി പിടിച്ച് അച്ചു പറഞ്ഞു നിർത്തവെ കേട്ട വാർത്തകളുടെ പകപ്പിൽ ആയിരുന്നു ജോൺ. ഇത്രയൊക്കെ തങ്ങൾ അറിയാതെ ജീവിതത്തിൽ അരങ്ങേറിയിരിക്കുന്നു. തല മരവിക്കുന്നത് പോലെ തോന്നിപ്പോയി അയാൾക്ക് ഒന്നു മിണ്ടാൻ പോലും ആവാതെ തളർന്ന് അയാൾ ഇരുന്നു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഉച്ചയോട് കൂടി എമിയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. അതിനോടകം തന്നെ എല്ലാവരും മാധ്യമങ്ങളിലൂടെ ബ്രെക്കിങ് ന്യൂസായി ജെറിയുടെ കൊലപാതകത്തെ പറ്റിയും പ്രതികളെ കുറിച്ചും അറിഞ്ഞിരുന്നു. കേസിൽ ഒന്നാം പ്രതികൾ ആയി മഹാദേവനും ഒപ്പം തമിഴ്നാട് മുൻ മന്ത്രിയും പോലീസ് ഉദ്യോഗസ്ഥനും പിടിയിലായി. രണ്ടാം പ്രതികളായി മിഥുനും ചാനൽ CEOയും. മഹാദേവനെയും മിഥുനെയും തമിഴ്നാട് പോലീസിന് കൈമാറി. മറ്റുള്ള പ്രതികൾ ചെന്നൈയിൽ പോലീസ് കസ്റ്റഡിയിൽ ആയി കഴിഞ്ഞിരുന്നു. സാറായും പോളും അപ്പുവും നിവിയും തുടങ്ങിയവരെല്ലാം തന്നെ കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു. എമിക്ക് ഇങ്ങനെ ഒരു പാസ്റ്റ് ഉള്ളതായി അവർക്ക് അറിയില്ലായിരുന്നു. ആൽവിച്ചൻ ആയിരുന്നു

അവർക്ക് എല്ലാം വിശദമായി പറഞ്ഞു കൊടുത്തത്. അച്ചുവും ആൽവിച്ചനും അതൊന്നും ആരെയും അറിയിച്ചിരുന്നില്ല. എല്ലാം അറിഞ്ഞതും എമിക്ക് ചുറ്റും അവളെ ആശ്വസിപ്പിക്കാൻ കൂടിയവർ ഒത്തിരി ആയിരുന്നു. എല്ലാം അറിഞ്ഞ് സ്റ്റെല്ലയും ഓടിപാഞ്ഞ് എത്തിയതും എല്ലാവരും ചേർന്ന് കണ്ണുനീർ പുഴ ഒഴുക്കുകയായിരുന്നു. കരച്ചിൽ തുടർന്ന് പോയതും എമിയുടെ കണ്ണുകൾ റോണിയിൽ എത്തി നിന്നു. അവളെ തന്നെ നോക്കി തടിച്ചു വീർത്ത കൺപോളകളുമായി നിൽക്കുന്നവനെ കണ്ടതും എമിക്ക് ഉള്ളിൽ ഒരു നീറ്റൽ തോന്നി. അവൾ എല്ലാവരെയും മാറ്റി റോണിക്ക് നേരെ നോക്കി. മുഖം ചലിപ്പിച്ച് അവനെ അരികിലേക്ക് വിളിച്ചതും റോണി ഒറ്റ കുതിപ്പിന് അവൾക്ക് അരികിൽ എത്തി അവളെ മുറുകെ പുണർന്ന് കഴിഞ്ഞിരുന്നു. എമി ഇരുകയ്യാൽ അവനെ തിരികെ പുണർന്നു. പേടിച്ചു പോയെടീ.... നിന്റെ കുറുമ്പും ചിരിയും ഒന്നും ഇല്ലെങ്കിൽ... ഓർക്കാൻ കൂടി വയ്യെടീ....... കൊച്ചു കുട്ടികളെ പോലെ അവളുടെ തോളിൽ മുഖം അമർത്തി അവൻ വിതുമ്പി കരഞ്ഞു. കണ്ട് നിന്നവരുടെ എല്ലാം കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. ഡാ... ഇനി ഇരുന്ന് സെന്റി അടിച്ചാൽ ഞാൻ കൂമ്പിന് ഒരിടി വെച്ച് തരുമേ..... കരച്ചിലിനിടയിലും എമി പറയുന്നത് കേട്ട് അവൻ ചിരിച്ചു പോയി.

നിറഞ്ഞ കണ്ണോടെ അവൻ അവളിൽ നിന്ന് അടർന്ന് മാറി. നീ പോടീ കുരുട്ടേ...... നീ പോടാ കോഴീ...... പരസ്പരം നിറഞ്ഞ കണ്ണുകളോടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ പറയവെ അതുവരെ മൂടികെട്ടി നിന്ന അനന്തരീക്ഷം ശാന്തമാവുകയായിരുന്നു. ഡോ കോഴിച്ചാ... താനും ഇന്ന് മൗനവൃതം ആണോ???? അതോ ഏതെങ്കിലും സീരിയലിൽ അഭിനയിക്കാൻ പോവുന്നുണ്ടോ ഇങ്ങനെ എയർ പിടിച്ചു നിൽക്കാൻ. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൾ ആൽവിയെ നോക്കി ചോദിച്ചതും അവൻ വേദന മറന്ന് ഒന്നു പുഞ്ചിരിച്ചു. എമിയുടെ കവിളിൽ വാത്സല്യത്തോടെ തഴുകി അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് മുടിയിൽ ചുണ്ട് ചേർത്തു. ആ സമയം അവളുടെ ഉള്ളിൽ തെളിഞ്ഞത് ജെറിയുടെ മുഖമായിരുന്നു. നെഞ്ചിൽ ഒരു നീറ്റൽ അറിഞ്ഞതും നിറഞ്ഞ കണ്ണുകൾ ആരും അറിയാതെ അവൾ തുടച്ചു നീക്കി. ഗീതമ്മയും റിയയും നിവിയും അപ്പുവും മറിയാമ്മയും എല്ലാം അവളെ കെട്ടിപിടിച്ച് അതുവരെ അനുഭവിച്ച ആധിയും ഭയവും എല്ലാം ഇറക്കി വെച്ചു. എല്ലാം അറിഞ്ഞ അനുവും എഡ്ഢിയും വീഡിയോ കോളിൽ എത്തി. അനുവിന്റെ വക ഒരു ബക്കറ്റ് കണ്ണുനീർ ഒഴുക്കൽ തന്നെ ഉണ്ടായിരുന്നു. എമിക്ക് കുഴപ്പമില്ല എന്നറിഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയിരുന്നില്ല.

ഒരിക്കൽ തമ്മിൽ കണ്ടാൽ തല്ലും വഴക്കും ആയി നടന്നവർ തന്നെയാണോ ഇതെന്ന് കണ്ട് നിന്നവർക്ക് സംശയം തോന്നിപ്പോയി. ഒടുക്കം എമി ദേഷ്യപ്പെടുമ്പോഴാണ് അനു കരച്ചിലിന് ഫുൾ സ്റ്റോപ്പ്‌ ഇടുന്നത്. ഓരോ കാര്യങ്ങൾ ചോദിച്ച് എമിക്ക് കുഴപ്പമൊന്നുമില്ല എന്ന് പൂർണ്ണബോധ്യം വരുത്തിയതിന് ശേഷം മാത്രമാണ് അവൾ കോൾ കട്ട്‌ ചെയ്യുന്നത്. അനുവിന്റെ കോൾ അവസാനിച്ചതും എമിയുടെ കണ്ണുകൾ തനിക്ക് ചുറ്റിനും നിൽക്കുന്ന പ്രിയപ്പെട്ടവരിൽ ചെന്നെത്തി. വാടി തളർന്ന് ഇരിക്കുന്നവരിൽ എല്ലാം മനസ്സിലെ വേദന മറച്ചുവെച്ച് പുഞ്ചിരി നിറയ്ക്കുമ്പോൾ ഉള്ളിൽ അടക്കിയ കണ്ണുനീർ ഇറക്കി വെക്കാൻ ഒരിടം തേടുകയായിരുന്നു അവൾ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 തന്റെ മടിയിൽ ഇരിക്കുന്ന ജോക്കുട്ടനെ ഇരുകൈകളാൽ മാറിലേക്ക് അണച്ചു പിടിച്ച് ഇരിക്കുകയാണ് എമി. എമിയെ ഹോസ്പിറ്റലിൽ കൊണ്ടുവന്ന സമയം തുടങ്ങി ചെക്കൻ കരച്ചിലും ബഹളവുമായിരുന്നു. എമിയെ ഒന്നു കണ്ടപ്പോഴാണ് അവന് സമാധാനം ആയത്. എങ്കിലും വാടി തളർന്ന അവളുടെ രൂപം കണ്ട് ചെക്കന്റെ മുഖം തെളിഞ്ഞിരുന്നില്ല. കുഞ്ഞി കൈകൾ കൊണ്ട് കവിളിൽ തലോടിയും ഉമ്മ വെച്ചും ഒക്കെയാണ് അവൻ തന്റെ സങ്കടം പ്രകടിപ്പിച്ചത്. ഒരു ചിരിയോടെ എമി അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

ജോക്കുട്ടന്റെ മുടിയിൽ തലോടി ഇരിക്കുമ്പോഴും എമിയുടെ മിഴികൾ വാതിൽക്കലേക്ക് ഇടയ്ക്കിടെ നീണ്ടു കൊണ്ടിരുന്നു. അച്ചുവിന് ഒപ്പം പോയ ജോൺ തിരികെ എത്തിയെങ്കിലും അവൻ വന്നിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയോ തിരക്കുകളിൽ അവൻ പെട്ടുപോയിരുന്നു. അത് അറിഞ്ഞപ്പോൾ ഉള്ളിൽ തോന്നിയ നിരാശയും ദുഃഖവും എല്ലാം മറച്ചു വെച്ച് ഒരു പുഞ്ചിരി ആവരണം ആക്കി അവൾ ഇരുന്നു. സമയം കടന്ന് പോയതും റിയയും ആൽവിച്ചനും പോവാൻ ഒരുങ്ങി. കുട്ടികളെ രണ്ടുപേരെയും കൊണ്ട് ഒത്തിരി നേരം ഹോസ്പിറ്റലിൽ നിൽക്കാൻ സാധിക്കില്ലല്ലോ. എമിക്ക് ഒപ്പം ഒരാൾ അല്ലാതെ മറ്റാരും നിൽക്കാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞതും സ്റ്റെല്ല ഒഴികെ മറ്റെല്ലാവരും പോവാൻ ഇറങ്ങി. എല്ലാവരും ഇറങ്ങി കുറച്ച് നിമിഷം കഴിഞ്ഞതും എമിക്ക് വല്ലാത്തൊരു വിമ്മിഷ്ടം തോന്നി. മുഷിഞ്ഞ വേഷത്തിൽ ഇരിക്കുന്നതിനാൽ ഒന്നു ഫ്രഷ് ആവാൻ അവൾക്ക് തോന്നി. മരുന്ന് നൽകാൻ വന്ന നേഴ്സിനോട് പറഞ്ഞതും ഇളം ചൂട് വെള്ളത്തിൽ തല നനയ്ക്കാതെ ദേഹം കഴുകാൻ നിർദേശം നൽകി. അത് കേട്ടതും വീട്ടിൽ നിന്ന് കൊണ്ടുവന്ന ഡ്രസ്സ്‌ എടുത്ത് റൂമിലെ വാഷ്റൂമിൽ കൊണ്ടുപോയി വെച്ചുകൊടുത്ത് അവൾക്ക് ദേഹം കഴുകാൻ പാകത്തിന് വെള്ളം എടുത്ത് വെച്ച് സ്റ്റെല്ല അവളെ വാഷ്റൂമിൽ കൊണ്ടാക്കി. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി അമ്മ മുറിയിൽ തന്നെ ഉണ്ട്. സ്റ്റെല്ല പറന്നതും മറുപടിയായി തലയാട്ടി അവൾ വാഷ്റൂമിലേക്ക് കയറി. ഇളം ചൂട് വെള്ളം ദേഹത്ത് പതിച്ചതും അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. ഇടയ്ക്ക് ഡ്രിപ്പ് കയറ്റിയ പാടിൽ വെള്ളം തൊട്ടപ്പോൾ നീറുന്നത് അവൾ അറിഞ്ഞു. ഒരുവിധത്തിൽ ശരീരം കഴുകി ഡ്രസ്സ്‌ എടുത്തിട്ട് ഡോർ തുറന്നതും ബെഡിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ അത്ഭുതപ്പെട്ടു പോയി. ഇച്ചായൻ........

അവൾ അതിശയത്തോടെ മൊഴിഞ്ഞു. അപ്പോഴേക്കും ഡോർ തുറയുന്ന ശബ്ദം കേട്ട് അച്ചു അവൾക്ക് നേരെ നോക്കി. അവളെ കണ്ടതും ബെഡിൽ നിന്ന് എഴുന്നേറ്റ് വന്നവൻ അവൾക്ക് അരികിൽ എത്തി. കഴിഞ്ഞോ????? അച്ചുവിന്റെ ചോദ്യത്തിന് അവൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടി. അച്ചു അവളെ ചേർത്ത് നിർത്തി വാഷ്റൂമിന്റെ ഡോർ അടച്ച് അവളെ ബെഡിൽ കൊണ്ടുവന്ന് ഇരുത്തി. അമ്മ എവിടെ?????? മുറിയിൽ ആകമാനം ഒന്നു കണ്ണോടിച്ച് എമി അവനെ നോക്കി. അമ്മയെ ഞാൻ പറഞ്ഞയച്ചു. പറയുന്നതിനൊപ്പം തന്നെ അവളുടെ തോളിൽ കിടന്ന ടവൽ എടുത്ത് കഴുത്തിൽ പറ്റിപ്പിടിച്ചിരുന്ന വെള്ളതുള്ളികൾ ഒപ്പി. അതെന്തിനാ????? അവൾ ചുണ്ടുകൾ കൂർപ്പിച്ചു വെച്ച് അവനെ ഒന്നു നോക്കി. ഇവിടെ നിന്റെ കൂടെ ഞാൻ മതി എന്ന് തോന്നി. അച്ചു അവളെ നോക്കി പറഞ്ഞുകൊണ്ട് ടവൽ അടുത്തെ സ്റ്റാൻഡിൽ വിരിച്ചിട്ടു. അമ്മ ഒറ്റയ്ക്ക് എങ്ങനെ????? അമ്മയെ ഞാൻ ഒറ്റയ്ക്ക് പറഞ്ഞ് അയക്കുവോ???? താഴെ പപ്പ ഉണ്ടായിരുന്നു. നിർബന്ധിച്ച് രണ്ടുപേരെയും പറഞ്ഞ് അയച്ചിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്. അച്ചു പറഞ്ഞു നിർത്തിയതും അവളുടെ മുഖത്ത് ആശ്വാസം തെളിഞ്ഞു. ഇപ്പൊ സമാധാനം ആയോടീ പൊടിക്കുപ്പീ??????? മൂക്കിൻ തുമ്പിൽ തട്ടിയുള്ള അവന്റെ ചോദ്യത്തിന് മറുപടി നൽകാതെ അവൾ അവനെ പുണർന്നു. അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചവൾ ഇരുന്നതും ഇരുകയ്യാലെ അച്ചു അവളെ പൊതിഞ്ഞു പിടിച്ചു.... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story