ഹൃദയതാളമായ്: ഭാഗം 197

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അൽപ്പനേരം കൂടി അവർക്കൊപ്പം ചിലവഴിച്ച് അപ്പുവും നിവിയും പോവാനായി ഇറങ്ങി. അപ്പു പോവാൻ എഴുന്നേറ്റിട്ടും പെണ്ണുങ്ങളുടെ സംസാരം കഴിഞ്ഞിട്ടില്ലായിരുന്നു. സ്റ്റെല്ലയുടെ വക നിവിക്ക് ഗർഭകാലത്തെ കുറിച്ച് ഒരു ക്ലാസ്സ്‌ തന്നെ അരങ്ങേറി എങ്കിൽ എമിയുടെ വക ഗംഭീര പ്ലാനിങ് ആയിരുന്നു. ബേബി ഷവർ മുതൽ കുഞ്ഞിന് ഇടേണ്ട പേര് തുടങ്ങി അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ ആവുമ്പോൾ ആ പേര് അവർക്ക് ചേരുന്നുണ്ടോ എന്ന് വരെ ചർച്ച ചെയ്യുന്നുണ്ട്. രണ്ടിന്റെയും സംസാരം ഇപ്പോഴൊന്നും കഴിയില്ല എന്ന് കണ്ടതും എല്ലാം പറഞ്ഞു തീരുമ്പോൾ പുറത്തേക്ക് വന്നേക്ക് എന്ന് പറഞ്ഞ് അപ്പു പുറത്തേക്ക് ഇറങ്ങി. പിന്നാലെ അച്ചുവും അല്ലെങ്കിൽ അകത്ത് ഇരുന്ന് രണ്ടിന്റെയും സംസാരം കേട്ട് തലയ്ക്ക് ഉള്ള വെളിവ് കൂടി ഇല്ലാതാവും. പെണ്ണ് കിട്ടുവോ എന്ന് പേടിച്ചിരുന്ന നിന്റെ കല്യാണവും കഴിഞ്ഞു ഇപ്പൊ ദേ അച്ഛനും ആവാൻ പോവുന്നു.

ഉത്തരവാദിത്തം കൂടുകയാണല്ലോ മോനേ... പുറത്ത് ഇറങ്ങിയതും അപ്പുവിന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞുകൊണ്ട് അച്ചു മാറി നിന്നു. ശരിക്കും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിപ്പോയി. ഇപ്പോഴും അതിന്റെ excitement മാറിയിട്ടില്ല. ഞാൻ ഒരു അച്ഛൻ.... എന്താ പറയേണ്ടത് എന്നറിയില്ല. ലോകം വെട്ടിപ്പിടിച്ചത് പോലെ ഒരു ഫീൽ. സ്വന്തം സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയാതെ അപ്പു അവനെ നോക്കി. അച്ചു അവനൊപ്പം പുഞ്ചിരിച്ചു. അവന്റെ സന്തോഷത്തിന്റെ ആഴം അച്ചുവിന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ഞാനൊരു കാര്യം ചോദിക്കട്ടെ അച്ചൂ??? മ്മ്മ്....... നീ അകത്ത് പറഞ്ഞത് സീരിയസ് ആയിട്ടാണോ???? എന്ത്????? ദേ അച്ചൂ... ചുമ്മാ ഉരുണ്ട് കളിക്കല്ലേ...

അങ്കിൾ പറഞ്ഞ കാര്യത്തെ കുറിച്ച് തന്നെയാ ഞാൻ ചോദിച്ചത്. എടാ അത്.... നിർത്ത്... അവൾ കുഞ്ഞാണ് എന്ന നിന്റെ സ്ഥിരം ഡയലോഗ് എന്നോട് പറയാൻ നിൽക്കണ്ട. അവളുടെ അതേ പ്രായം തന്നെയാണ് നിവിയും അതുകൊണ്ട് അതിവിടെ വില പോവില്ല. അച്ചു പറയാൻ വന്നതിനെ കയ്യുയർത്തി തടഞ്ഞുകൊണ്ട് അപ്പു അവനെ നോക്കി. എടാ... ഞാൻ പറഞ്ഞില്ലേ. അവളുടെ പഠിപ്പൊക്കെ കഴിയട്ടെ എന്നിട്ടാവാം കുട്ടികൾ ഒക്കെ. അങ്ങനെ അവൾ പറഞ്ഞോ????? അച്ചുവിന് മുന്നിൽ കൈകെട്ടി നിന്നുകൊണ്ട് അപ്പു അവനെ തന്നെ നോക്കി. ഇല്ല..... നിനക്ക് ആഗ്രഹമില്ലേ ഒരു കുഞ്ഞു വേണം എന്നൊക്കെ????? അതൊക്കെ എല്ലാവർക്കും കാണില്ലേ??? അപ്പുവിൽ നിന്ന് നോട്ടം മാറ്റി അവൻ പുറത്തേക്ക് നോക്കി നിന്നു. പിന്നെന്താ പ്രശ്നം????

ഞാൻ മനസ്സിലാക്കിയിടത്തോളം എമിക്ക് ഒരു കുഞ്ഞിനെ വേണം എന്നൊക്കെ ആഗ്രഹമുണ്ട്. അത് ഇന്ന് അവളുടെ മുഖത്ത് നിന്ന് ഞാൻ വായിച്ച് അറിഞ്ഞതാണ്. നിനക്കും ആ ആഗ്രഹം ഉണ്ട്. പിന്നെന്തിന് ഇപ്പൊ വേണ്ടാന്ന് നീ പറയുന്നു????? അപ്പുവിന്റെ ചോദ്യത്തിന് അച്ചു ഒരു നിമിഷം മൂകമായി. എടാ, ഞാനും ഒരു മനുഷ്യനാണ്. എനിക്കുമുണ്ട് ആഗ്രഹങ്ങൾ... ഞാനും എമിയും ഞങ്ങൾക്ക് ഒരു കുഞ്ഞും അതൊക്കെ ഞാനും ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. അവൾക്കും അങ്ങനെ തന്നെ ആണെന്ന് എനിക്കറിയാം. പക്ഷെ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം അവളെ ഓർത്ത് തന്നെയാണ്. എന്റെ ഭാര്യ എന്നതിലുപരി അവൾക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി വേണം. ഇപ്പൊ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും അവൾക്ക് എന്നെ ആശ്രയിക്കേണ്ടി വരുന്നു. സ്വന്തമായി ഒരു financial stability അത് ഏതൊരു പെണ്ണിനും ആവശ്യമാണ്.

അതിന് അവൾക്ക് ആദ്യം ഒരു ജോലി വേണം. ഭർത്താവും വീടും കുഞ്ഞും ഒക്കെയാണ് തന്റെ ലോകം എന്നവൾക്ക് ഇപ്പൊ തോന്നിയേക്കാം പക്ഷെ നാളെ, നാളെ അങ്ങനെ ആയിരിക്കണം എന്നില്ലല്ലോ. എന്റെ ഭാര്യ എന്ന ലേബൽ ഇല്ലാതെ ജീവിതത്തിൽ ഒന്നുമല്ല എന്ന് അവൾക്ക് തോന്നാതിരിക്കാനാണ് ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തത്. ലൈഫ് ഇവിടം കൊണ്ട് തീരുന്നത് അല്ലല്ലോടാ, നാളെ ഒരിക്കൽ ഒന്നും ഓർത്ത് ഒരു നഷ്ടബോധം അവൾക്ക് തോന്നരുത്. അത് മാത്രമല്ല നാളെ എനിക്ക് വല്ലതും സംഭവിച്ചാലും ആരെയും ആശ്രയിക്കാതെ ജീവിക്കാൻ അവൾക്ക് ഒരു ജോലി അത്യാവശ്യമാണ്. അച്ചു ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി അപ്പുവിന് നേർക്ക് തിരിഞ്ഞു. ഇതെല്ലാം കേട്ട് ഇതിപ്പൊ താൻ പറഞ്ഞതാണോ അച്ചു പറഞ്ഞതാണോ ശരി എന്നറിയാതെ അപ്പു നിന്നുപോയി. നിന്നോട് തർക്കിച്ച് ജയിക്കാൻ ഞാനില്ല.

നീയും അവളും കൂടി എന്താന്ന് വെച്ചാൽ ആയിക്കൊ. നമ്മളില്ലേ..... അപ്പു കയ്യടിച്ച് തൊഴുത് പറഞ്ഞതും അച്ചു ചിരിച്ചു പോയി. ഇതെന്താ ഇവിടെ????? രണ്ടുപേരുടെയും നിൽപ്പും മട്ടും എല്ലാം കണ്ട് അങ്ങോട്ട്‌ എത്തിയ നിവി ചോദിച്ചു. എന്റെ പോന്നോ ഒന്നൂല്ല... ഇനി ഇവിടെ നിന്നാലെ ശരിയാവില്ല. നീ വന്നേ നമുക്ക് പോവാം. നിവിയെ ചുമലിലൂടെ ചേർത്ത് പിടിച്ച് അപ്പു അവിടുന്ന് മുന്നോട്ട് നടന്നു. നിവി ആണെങ്കിൽ അപ്പുവിന്റെ പ്രകടനം കണ്ട് അച്ഛനാവാൻ പോവുന്നത് അറിഞ്ഞ് ഇങ്ങേർക്ക് ഭ്രാന്തായോ എന്ന അവസ്ഥയിൽ അവനെ നോക്കി. രണ്ടിന്റെയും പോക്ക് കണ്ട് ചിരിയോടെ അച്ചു പിന്തിരിഞ്ഞ് റൂമിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നിവിയുടെ വിശേഷ വിവരം അറിഞ്ഞ് സാറായുടെ വക എമിക്കും അച്ചുവിനും വിളി വന്നു. എമിയുടെ പഠിപ്പ് കഴിയുന്നത് വരെ നോ നീക്കുപോക്ക് എന്നറിഞ്ഞതും അത് നിന്നു. പിന്നാലെ അനുവിന്റെ വിളി എത്തി.

അവിടെയും സെയിം ആവശ്യവുമായി വിളി എത്തി എന്നാണ് കരക്കമ്പി. എമിയുടെയും അനുവിന്റെയും അവസ്ഥ ഒന്നായതിനാൽ നാത്തൂന്മാർ പരസ്പരം ആശ്വസിപ്പിച്ചു. ഇതൊന്നും സ്വന്തം അമ്മായിയമ്മ അറിയല്ലേ എന്നാണ് അനുവിന്റെ പ്രാർത്ഥന. എങ്ങാനും അറിഞ്ഞാൽ അഴിച്ചു വെച്ച പഴയ വേഷം വീണ്ടും എടുത്ത് അണിയേണ്ടി വരുമോ എന്നാണ് ഇപ്പൊ സംശയം. എല്ലാം വിധി എന്നുകരുതി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ സമാധാനിപ്പിച്ച് കോൾ അവസാനിപ്പിച്ചു. അല്ലെങ്കിലും നാട്ടിൽ ആർക്കെങ്കിലും ഗർഭം ഉണ്ടായാൽ പിന്നെ കല്യാണം കഴിഞ്ഞ് കുട്ടികൾ ആകാത്തവർക്ക് ഒന്നും കിടക്കപ്പൊറുതി ഉണ്ടാവില്ലല്ലോ. വിസിറ്റേഴ്സ് ടൈം കഴിഞ്ഞതും ആൽവിച്ചനും റോണിയും ജോണും സ്റ്റെല്ലയും എല്ലാം പോയി. അച്ചു അവർക്കൊപ്പം പുറത്തേക്ക് ഇറങ്ങിയതും എമി ബെഡിലേക്ക് ചാരി ഇരുന്ന് വിരസതയോടെ ജനാലയ്ക്ക് പുറത്തേക്ക് നോക്കി.

പുറത്ത് ആകെ ചെറിയ രീതിയിൽ ഇരുട്ട് പരന്നിട്ടുണ്ട്. അതിന് അനുസരിച്ച് ഇരുട്ടിനെ അകറ്റാൻ വഴി അവിടവിടെയായി ലൈറ്റുകൾ തെളിയിച്ചിട്ടുണ്ട്. അകലെ റോഡിൽ ചീറി പാഞ്ഞു പോവുന്ന വാഹനങ്ങളിൽ മിഴികൾ നട്ട് അവൾ ഇരുന്നു. ഡോർ അടയുന്ന ശബ്ദം കേട്ട് കാഴ്ചകളിൽ നിന്ന് മിഴികൾ പിൻവലിച്ച് നോക്കവെ അച്ചുവിനെ കണ്ട് അവൾ നേരെ ഇരുന്നു. അവരെല്ലാം പോയോ?????? മ്മ്മ്.... പോയി. എമിയുടെ ചോദ്യത്തിന് മറുപടി കൊടുത്തവൻ അവൾക്കരികിലായി ഇരുന്നു. ഇവിടെ ഈ മുറിയിൽ തന്നെ അടച്ച് ഇരുന്നിട്ട് ഭയങ്കര അസ്വസ്ഥത പോലെ... അച്ചുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് തോളിലേക്ക് തല ചേർത്ത് വെച്ച് അവൾ പറഞ്ഞു. നാളെ തന്നെ ഡിസ്ചാർജ് ചെയ്യുമായിരിക്കും അപ്പൊ വീട്ടിലേക്ക് പോവാല്ലോ?????

ഏത് വീട്ടിലേക്ക്????? മുഖം ചരിച്ച് അച്ചുവിന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു. എങ്ങോട്ട് പോവണം????? എമി നോക്കിയ അതേ രീതിയിൽ അച്ചു തിരികെ പിരികം ഉയർത്തി. മ്മ്മ്.... പപ്പയുടെയും അമ്മയുടെയും കൂടെ പോവണം എന്നൊക്കെ ഉണ്ട്... പക്ഷെ അത് ഇച്ചായന് പണി ആവും. എനിക്ക് പണിയോ????? മ്മ്മ്.... ഞാൻ എന്റെ വീട്ടിലേക്ക് പോയാൽ പിന്നെ ഒന്നെങ്കിൽ ഇച്ചായൻ വൈകിട്ട് അങ്ങോട്ട്‌ വരേണ്ടി വരും അല്ലെങ്കിൽ രാത്രി മതിൽ ചാടേണ്ടി വരും. ഇതിൽ ഏതായാലും ഇച്ചായന് പണി തന്നെ അല്ലെ????? പല്ലിളിച്ചു കാണിച്ച് അവൾ പറഞ്ഞു നിർത്തിയതും അച്ചു ചിരിച്ചു. അല്ല... അപ്പൊ നാളെ പപ്പ ചോദിക്കുമ്പോൾ എന്തു പറയും???? കൂടെ വരുന്നില്ലെന്നോ???? ഇല്ല..... പിന്നെ????? അച്ചു സംശയ രൂപേണ എമിയെ നോക്കി നെറ്റിച്ചുളിച്ചു. പപ്പ എന്നെ കൊണ്ടുപോയിട്ട് വേണ്ടേ ഞാൻ പോവാൻ. കൊണ്ടുപോവാതെ പിന്നെ??????

ഇച്ചായൻ നോക്കിക്കോ നാളെ എന്നതായാലും പപ്പ എന്നെ കൊണ്ടുപോവാൻ പോവുന്നില്ല. അതെന്താ ഇത്ര ഉറപ്പ്????? അതങ്ങനെയാ... ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവളൊന്ന് കണ്ണിറുക്കി. അത് കണ്ടതും അച്ചുവിന്റെ കണ്ണുകൾ ചുരുങ്ങി. എന്താടി ഒരു കള്ള ലക്ഷണം????? എമിയെ സംശയത്തോടെ പിരികം ചുളിച്ച് അവൻ നോക്കി. കള്ള ലക്ഷണമോ???? എനിക്കൊ???? ഏയ്.... ഇച്ചായൻ പോലീസ് ബുദ്ധിയിലൂടെ നോക്കുന്നത് കൊണ്ട് തോന്നുന്നതാ. എമി അൽ നിഷ്കു ഭാവത്തിൽ പറഞ്ഞു. മ്മ്മ്.... ഞാൻ കണ്ടുപിടിച്ചോളാം... അത് വിട്... ഇന്ന് വേറൊരു സംഭവം ഉണ്ടായി. എമി തന്ത്രപരമായി വിഷയം മാറ്റി. എന്ത് സംഭവം????? ആ അനിരുദ്ധൻ ഇല്ലേ???? അങ്ങേര് ഇവിടെ വന്നിരുന്നു. എമി പറഞ്ഞു നിർത്തിയതും അച്ചുവിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു. അവനോ????? അവൻ എന്തിനാ ഇവിടെ വന്നത്?????

അച്ചു കലിയോടെ പല്ല് ഇറുമി. സോറി പറയാൻ. ഇവിടെ വന്ന് ചെയ്തു പോയതൊക്കെ തെറ്റായിരുന്നു എന്ന് പറഞ്ഞ് ഒരു നീണ്ട കുമ്പസാരം നടത്തി മാപ്പും പറഞ്ഞ് ആൾ മടങ്ങി പോയി. അവന്റെ ഒരു സോറി... അവൻ എന്ത് ധൈര്യം ഉണ്ടായിട്ടാ വീണ്ടും നിന്നെ കാണാൻ വന്നത്????? തരവഴിത്തരം മുഴുവൻ ചെയ്തു വെച്ചിട്ട് അവന്റെ ഒരു സോറി... എത്ര ശ്രമിച്ചിട്ടും അച്ചുവിന് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതിന് കൊടുക്കാനുള്ളത് എല്ലാം ഇച്ചായൻ കണക്കിന് കൊടുത്തില്ലേ???? പിന്നെന്താ???? ഇനിയൊരിക്കൽ കൂടി തമ്മിൽ കാണാത്ത ഒരാളോട് ഇനിയും എന്നാത്തിനാ വൈരാഗ്യം മനസ്സിൽ വെക്കുന്നത്???? എങ്കിൽ പിന്നെ ഞാൻ അവനെ ഒരു രൂപക്കൂട് പണിത് അതിൽ വെക്കാം. എത്ര നിസ്സാരമായിട്ടാ നീ ഇതൊക്കെ പറയുന്നത്????? നിനക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ??? ഹേ... അതിന് എനിക്കൊന്നും പറ്റിയില്ലല്ലോ????

എമി പറഞ്ഞു തീർന്നതും അച്ചുവിന്റെ വക കലിപ്പിച്ച് ഒരു നോട്ടം കിട്ടിയതും അവൾ വാ പൂട്ടി. ഒരു വിഷയം മാറ്റാൻ എടുത്തിട്ട മറ്റൊരു വിഷയം തന്നെ പണി തന്നതും എമി സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്താൻ തീരുമാനിച്ചു. അല്ല ഇതും പറഞ്ഞ് നമ്മൾ ചുമ്മാ തമ്മിൽ അടിച്ചിട്ട് എന്ത് കാര്യം????? സംഭവിക്കേണ്ടത് എല്ലാം സംഭവിച്ചു. നമുക്ക് ഈ വിഷയം അങ്ങോട്ട്‌ നിർത്താം. ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല ഇച്ചായൻ ഒന്നും കേട്ടിട്ടുമില്ല. എല്ലാം കോംപ്രമൈസ്... അത് പറഞ്ഞിട്ടും അച്ചുവിന്റെ മുഖം തെളിഞ്ഞില്ല. അനുഭവിച്ചു തീർത്ത വേദനയും കടന്നുപോയ സങ്കീർണ്ണമായ നിമിഷങ്ങളും എല്ലാം അത്ര വേഗം മറക്കാൻ കഴിയാവുന്നത് അല്ലല്ലോ. ഇത്രയും പറഞ്ഞിട്ടും ഗൗരവത്തിൽ ഇരിക്കുന്ന അച്ചുവിന്റെ അടുത്തേക്ക് എമി ഒന്നുകൂടി അടുത്തിരുന്നു. ഇച്ചായാ.... ഇച്ചായാ.... അച്ചുവിന്റെ ഷർട്ടിന്റെ സ്ലീവിൽ പിടിച്ചു വലിച്ചവൾ വിളിച്ചു. എന്നാടി??????

ഇങ്ങനെ മസ്സിലും പെരുപ്പിച്ച് ഇരിക്കാതെ എന്റെ ഡ്രാക്കൂ... ചിണുങ്ങി കൊണ്ടവൾ അവന്റെ മീശയിൽ പിടിച്ചു വലിച്ചു. ആാാഹ്!!!!! ഡീ....... ഈൗ.... വേദനിച്ചോ?????? മുപ്പത്തിരണ്ട് പല്ലും വെളിയിൽ കാട്ടി ഇളിച്ചുകൊണ്ട് അവൾ അച്ചുവിനെ നോക്കി. ഇല്ലെടീ നല്ല സുഖം... ആണോ???? എന്നാ ഒന്നുകൂടി വലിച്ചോട്ടെ????? അടങ്ങി കിടക്കരുതെടീ... വയ്യെങ്കിലും ഇതുപോലെ ഓരോന്ന് കാണിച്ചോളണം. മറുപടിയായി ക്ലോസപ്പ് ചിരി അങ്ങ് ചിരിച്ചു. ഇന്നലെ വരെ കണ്ണീരും ഒഴുക്കി സെന്റി അടിച്ച് ഇരുന്നവൾ പഴയ ഫോമിൽ എത്തിയത് കണ്ടവന് ആശ്വാസം തോന്നി. അതിന്റെ പ്രതിഫലനം എന്നോണം നേർത്തൊരു പുഞ്ചിരി അവനിലും തെളിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇത് കൂടി കുടിക്ക് എമീ..... സ്പൂണിൽ കഞ്ഞി കോരി അച്ചു അവൾക്ക് നേരെ നീട്ടി.

എനിക്ക് മതി ഇച്ചായാ. ഈ കഞ്ഞി തന്നെ കുടിച്ച് ഇപ്പൊ എനിക്ക് മടുത്തു. ബ്ലാ... ചുണ്ട് ചുളുക്കി ഇഷ്ടക്കേടോടെ അവൾ മുഖം തിരിച്ചു. മരുന്ന് കഴിക്കാനുള്ളതാടീ... അതൊക്കെ ഞാൻ കഴിച്ചോളാം. ഇത് ഇച്ചായൻ കുടിച്ചോ. എടുത്തോണ്ട് വന്നതിന്റെ മുക്കാലും നീ എന്നെക്കൊണ്ട് തന്നെയാ കുടിപ്പിച്ചത്. അതുകൊണ്ട് കൂടുതൽ അടവ് ഇറക്കാതെ ഇത് അങ്ങോട്ട് കുടിച്ചേ. അച്ചു വീണ്ടും അവളുടെ ചുണ്ടിന് നേരെ അടുപ്പിച്ചു. ഇച്ചായാ....... ചിണുങ്ങാതെ കഴിക്കെടീ.... കുറച്ച് കലിപ്പിൽ പറഞ്ഞ് അവൻ കണ്ണുരുട്ടിയതും മുഖം വീർപ്പിച്ച് താത്പര്യമില്ലാതെ എമി അത് വായിലാക്കി. ഇനി എഴുന്നേറ്റ് പോയി വാ കഴുക്... വോ എനിക്കറിയാം... പുച്ഛത്തോടെ മുഖം വെട്ടിച്ച് പറഞ്ഞുകൊണ്ട് അവൾ ബെഡിൽ നിന്ന് ചാടി ഇറങ്ങി വാഷ്റൂമിലേക്ക് നടന്നു. ചവിട്ടി കുലുക്കി പോവാതെ പതിയെ പോടീ... അച്ചു വിളിച്ചു കൂവിയതും അവൾ നടത്തം പതിയെ ആക്കി.

വായും മുഖവും എല്ലാം കഴുകി വന്നതും അച്ചു അവൾക്ക് മരുന്ന് എടുത്ത് കൊടുത്തു. അത് വാങ്ങി കഴിച്ച് മുഖം വീർപ്പിച്ച് ബെഡിലേക്ക് കയറി ഇരുന്നു. കഞ്ഞി നിർബന്ധിച്ചു കുടിപ്പിച്ചതിന്റെ ദേഷ്യം. ഇത് തന്നെ ഈ പരുവം ആണ് അപ്പൊ ഒരു കുഞ്ഞു കൂടി ആയാൽ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് അച്ചുവിന് ഉറപ്പായി. എങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞ് അവളെ ചൂട് പിടിപ്പിക്കാൻ അവന് തോന്നി. ഒരു കുഞ്ഞിനെ പറ്റി പപ്പ ചോദിച്ചപ്പോൾ നീ എന്നതാ ഒന്നും മിണ്ടാതെ ഇരുന്നത്???? പതിയെ ബെഡിൽ എമിക്ക് അരികിൽ ഇരുന്നുകൊണ്ട് അച്ചു ചോദിച്ചു. ഒന്നു ചോദിച്ചതിന്റെ ക്ഷീണം എനിക്ക് ഇതുവരെ മാറിയിട്ടില്ല... വീണ്ടും നിങ്ങളുടെ വക ഒരു ക്ലാസ്സ്‌ കേൾക്കാൻ എനിക്ക് താത്പര്യമില്ല. ഇലയിട്ടിട്ട് ചോറ് വെന്തില്ല എന്ന് പറഞ്ഞ് എഴുന്നേൽപ്പിച്ചു വിടുന്ന പരിപാടിക്ക് ഇനി ഞാനില്ല. അപ്പൊ ഗുഡ് നൈറ്റ്....

അച്ചുവിനെ നോക്കി പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞ് ബെഡിലേക്ക് കിടന്നു. പിണങ്ങി തിരിഞ്ഞുള്ള അവളുടെ കിടപ്പ് നോക്കി ചിരിയോടെ അച്ചു ബെഡിലേക്ക് ചാരി ഇരുന്നു. ഉറക്കത്തിലേക്ക് ആഴ്ന്നു പോയ നിമിഷത്തിൽ എപ്പോഴോ ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നി അച്ചു ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. വെപ്രാളത്തോടെ അടുത്ത് കിടക്കുന്ന എമിയെ നോക്കാൻ ആഞ്ഞതും രണ്ട് കരങ്ങൾ അവനെ ചുറ്റിപ്പിടിച്ചിരുന്നു. Happy birthday ഇച്ചായാ...... കാതോരം അറിഞ്ഞ പതിഞ്ഞ സ്വരത്തിനും നിശ്വാസത്തിനും ഒപ്പം അവളുടെ അധരങ്ങളുടെ തണുപ്പ് കൂടി പടർന്നു കഴിഞ്ഞിരുന്നു.... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story