ഹൃദയതാളമായ്: ഭാഗം 199

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

 കാറിൽ കയറിയത് മുതൽ എന്തോ ആലോചനയോടെ വഴിയോര കാഴ്ചകളിൽ മിഴികൾ നട്ട് ഇരിക്കുന്ന എമിയെ ഡ്രൈവിങ്ങിനിടയിലും അച്ചു ശ്രദ്ധിച്ചിരുന്നു. സാധാരണ ഇതുപോലുള്ള സമയങ്ങളിൽ നിർത്താതെ വായിട്ടലക്കുന്നവളാണ് ഇപ്പൊ മിണ്ടാട്ടമില്ലാതെ ഇരിക്കുന്നത്. അച്ചു തല ചരിച്ച് എമിയെ ഒന്നു നോക്കി. ഇടയ്ക്ക് നഖം കടിച്ചു തുപ്പി ചുണ്ട് കൂർപ്പിച്ചു വെച്ച് കാര്യമായി എന്തോ ചിന്തിച്ച് ഇരിപ്പാണ് അവൾ. നീ എന്നാത്തിനാ ഇത്ര കാര്യമായി തലയിട്ട് പുകയ്ക്കുന്നത്????? അച്ചുവിന്റെ ചോദ്യം കേട്ട മാത്രയിൽ അവളൊന്ന് ഞെട്ടി. ഏഹ്???? ഞാനോ????? പിന്നെ ഞാനാണോ ഇത്ര നേരം നഖവും തിന്ന് തല പുകച്ചത്????? അത് ഞാൻ പുറത്തെ കാഴ്ചകൾ ആസ്വദിച്ച് അങ്ങനെ ഇരുന്നതല്ലേ???? എത്ര നാളായി ഇതുപോലെ പുറംലോകം ഒക്കെ ഒന്നു കണ്ടിട്ട്. ഒന്നു പതറിയെങ്കിലും എമി വളരെ ഡ്രാമാറ്റിക്ക് ആയി പറഞ്ഞൊപ്പിച്ചു.

പറച്ചിൽ കേട്ടാൽ തോന്നും നീ മാസങ്ങളോളം ഹോസ്പിറ്റലിൽ കഴിയുവായിരുന്നെന്ന്. രണ്ടു മൂന്നു ദിവസം ഹോസ്പിറ്റൽ ബെഡിൽ കിടന്നതിനാണ് ഇമ്മാതിരി പ്രഹസനം. അച്ചു അവളെ പുച്ഛിച്ചു. ഓഹ്!!!! ഇച്ചായന് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. മനസ്സിലാവണമെങ്കിൽ കുറച്ച് ദിവസം നിങ്ങളെ ആരെങ്കിലും ഒരു മുറിയിൽ അടച്ചിട്ട് നോക്കണം. ഇത്രേം ദിവസം ആ ബെഡിൽ എങ്ങനെ കിടന്നെന്ന് എനിക്ക് പോലും അറിയില്ല. അതിനെല്ലാം പുറമെ അനങ്ങരുത് തിരിയരുത് മിണ്ടരുത് ബെഡിൽ നിന്ന് ഇറങ്ങരുത് എന്നൊക്കെ കുറേ ഓർഡറും... ആ കാര്യത്തിൽ അമ്മായിയമ്മയും മരുമകനും എല്ലാം കണക്കാ... മുഖം വീർപ്പിച്ചു വെച്ചവൾ അച്ചുവിന് നേർക്ക് നോക്കി. വയ്യെങ്കിൽ എവിടെയെങ്കിലും അടങ്ങി ഇരിക്കുന്ന ഒരുത്തി ആണെങ്കിൽ ഇത് പറയേണ്ട കാര്യം ഞങ്ങൾക്ക് ഉണ്ടാവില്ലായിരുന്നു.

അച്ചുവും വിട്ടുകൊടുത്തില്ല. സംഭവം ശരിയായത് കൊണ്ടു മാത്രം മറുത്ത് ഒന്നും പറയാൻ എമി മുതിർന്നില്ല. പറഞ്ഞിട്ടും കാര്യമില്ല അച്ചുവിന്റെ വാദങ്ങൾക്ക് മുന്നിൽ തന്റെ വാക്കുകൾ ഒന്നും വില പോകില്ല. അതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത് എന്ന് മനസ്സിലാക്കി അവൾ മുഖം വെട്ടിച്ച് ഇരുന്നു. എന്നാലും നിന്നെ ഡിസ്ചാർജ് ചെയ്യാൻ നേരം വരാമെന്ന് പറഞ്ഞ ആൽവിച്ചായൻ ഇതെങ്ങോട്ട് മുങ്ങിയെന്നാ എനിക്ക് മനസ്സിലാവാത്തത്... ആൽവിച്ചായന് വല്ല തിരക്കിലും ആയിരിക്കും അതാവും വരാത്തത്. എമി വിത്തിൻ സെക്കന്റ് ന്യായീകരണം നിരത്തി. പിന്നേ... അങ്ങേർക്കല്ലേ തിരക്ക്... ഇത് എന്തോ ഉടായിപ്പാണ്. അച്ചു ആലോചനയോടെ നെറ്റി ചുളിച്ചു. എന്ത് ഉടായിപ്പ്???? ഇച്ചായൻ പോലീസ് ബുദ്ധി വെച്ച് ചിന്തിക്കുന്നതിന്റെ കുഴപ്പമാ ഇതെല്ലാം. അപ്പൊ എന്തോ കാര്യമായി അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന് സാരം.

അല്ലാതെ ഇത്ര കാര്യമായി നീ ആൽവിച്ചനെ സപ്പോർട്ട് ചെയ്യില്ലല്ലോ??? ഹാ... ഇനി എന്റെ മെക്കിട്ട് കേറിക്കോ... ശ്ശെടാ...ഇക്കാലത്ത് ഒരാളെ സപ്പോർട്ട് ചെയ്ത് സംസാരിക്കാനും കഴിയില്ല എന്ന് വെച്ചാൽ. എമി സീരിയൽ നായികമാരെ കവച്ചു വെക്കുന്ന തരത്തിലുള്ള പെർഫോമൻസ് കാഴ്ച വെക്കുകയാണ്. മ്മ്മ്.... എല്ലാം ഞാൻ കണ്ടുപിടിച്ചോളാം. എമിയെ ചുഴിഞ്ഞോന്ന് നോക്കി അവൻ ഡ്രൈവിങ്ങിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. അച്ചു കൂടുതൽ ഒന്നും കുത്തി ചോദിക്കാതെ ഇരുന്നതിന്റെ ആശ്വാസത്തിൽ എമി നെടുവീർപ്പിട്ട് പുറത്തേക്ക് തന്നെ നോക്കി ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കാർ കുരിശിങ്കൽ ഗേറ്റ് കടന്നതും നീണ്ട പ്രവാസം അവസാനിപ്പിച്ച് വീട്ടിൽ തിരിച്ച് എത്തിയ പ്രതീതിയിൽ ആയിരുന്നു

എമിയുടെ മനസ്സ്. അച്ചു കാർ നിർത്തിയതും എമി ഉത്സാഹത്തോടെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം ആയിരുന്നു അവളിൽ. ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അപ്പോഴേക്കും കാറിന്റെ ശബ്ദം കേട്ട് സാറായും റിയയും ജോക്കുട്ടനും ഓടി വരാന്തയിലേക്ക് എത്തിയിരുന്നു. എമീ....... അവളെ കണ്ടതും സന്തോഷത്തോടെ വിളിച്ചു കൂവി ജോക്കുട്ടൻ അവൾക്ക് നേരെ ഓടി അടുത്തു. ജോക്കുട്ടാ.... എമി സ്നേഹത്തോടെ വിളിച്ച് അവനെ പൊക്കിയെടുത്തു. എമിയെ കണ്ട സന്തോഷം മുഴുവൻ അവളുടെ ഇരു കവിളിലും മുത്തിയാണ് അവൻ പ്രകടിപ്പിച്ചത്. അവന്റെ പ്രവർത്തികൾ ഒരു ചിരിയോടെ ആസ്വദിച്ച് എമി അവനെ ചേർത്ത് പിടിച്ചു. അവരെ രണ്ടുപേരെയും നോക്കി അച്ചു ഒരു ചിരിയോടെ കാർ പാർക്ക്‌ ചെയ്ത് ഇറങ്ങി.

എന്നാൽ പോർച്ചിൽ കിടക്കുന്ന അപ്പുവിന്റെ കാർ കണ്ടതും അവന്റെ നെറ്റി സംശയത്താൽ ഒന്നു ചുളിഞ്ഞു. ജോക്കുട്ടന്റെ ഉമ്മ കൊടുക്കലും കെട്ടിപിടിത്തവും എല്ലാം കഴിഞ്ഞതും ചെക്കന്റെ നോട്ടം എമിയുടെ നെറ്റിയിലെ ചുറ്റിക്കെട്ടിൽ ചെന്നെത്തി. അതോടെ മുഖത്തെ ചിരി എല്ലാം മാഞ്ഞു. എമീതെ ഉവ്വാവു മാറീല്ലേ????? ചുണ്ട് പുറത്തേക്ക് ഉന്തി അവൻ എമിയുടെ കവിളിൽ കൈചേർത്ത് വെച്ച് ആരാഞ്ഞു. ഉവ്വാവു എല്ലാം മാറിയല്ലോ. ഇത് എമി ക്ലാസ്സിൽ പോവാതിരിക്കാൻ ഒപ്പിച്ച ഒരു അടവല്ലേ???? ആരോടും പറയല്ലേ... രഹസ്യം പറയുന്നത് പോലെ അടക്കി പിടിച്ച് അവൾ കണ്ണിറുക്കി പറഞ്ഞതും ജോക്കുട്ടന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി തെളിഞ്ഞു. ഇല്ല.... നാൻ ആരോടും പയ്യൂല.... എമിയോടായി പറഞ്ഞ് ചെക്കൻ വാ പൊത്തി പിടിച്ച് ചിരിച്ചു.

ആഹ്... ആരും ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല. കളിയാക്കി ചിരിച്ചുകൊണ്ട് അച്ചു അവരുടെ അടുത്തേക്ക് നടന്ന് എത്തവെ പറഞ്ഞു. അച്ചൂ....... അച്ചുവിനെ കണ്ട ഉടനെ ജോക്കുട്ടൻ അവന്റെ കയ്യിലേക്ക് ചാടി കയറി. ഹാപ്പി ബെത്തേ അച്ചൂ...... കഴുത്തിലൂടെ കൈച്ചുറ്റി പറഞ്ഞുകൊണ്ട് ജോക്കുട്ടൻ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു. അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി. ഇതാര് പറഞ്ഞു അച്ചൂന്റെ ബർത്ത്ഡേ ആണെന്ന്????? പപ്പ പഞ്ഞല്ലോ... അച്ചു വന്നിത്ത് കേക്ക് മുച്ചുവെന്ന്. വലിയ കാര്യത്തിൽ ചെക്കൻ അച്ചുവിനോട് പറയുന്നത് കേട്ട് എമി നെറ്റിയിൽ കൈവെച്ചു. നശിപ്പിച്ച്...... ഇതേ സമയം അച്ചുവിന്റെ നോട്ടം എമിയിൽ എത്തി. അവന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും എമി ഇളിച്ചു കാണിച്ചു. ഇനി ആ വെയിലത്ത് നിന്ന് അടുത്ത അസുഖം വരുത്തിക്കോളണം. ഇങ്ങോട്ട് കേറി വാടി പെങ്കൊച്ചേ....

സാറായുടെ സ്വരം ഉയർന്നതും എമി അച്ചുവിൽ നിന്ന് നോട്ടം തിരിച്ചു. വരാന്തയിൽ മുഖം വീർപ്പിച്ചു വെച്ച് നിൽക്കുന്ന സാറായെ കണ്ടതും അവൾ ചിരിയോടെ അങ്ങോട്ട്‌ നടന്നു. എമീ.... അവൾ വരാന്തയിലേക്ക് കയറിയതും റിയ അവളെ കെട്ടിപ്പിടിച്ചു. നിനക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ???? ഇടയ്ക്കുള്ള തലവേദന ഒക്കെ മാറിയില്ലേ???? എമിയിൽ നിന്ന് അകന്ന് മാറി റിയ ചോദിച്ചു. എനിക്ക് ഒരു കുഴപ്പവുമില്ല എന്റെ ഏട്ടത്തി. I'm completely fine... ഇനി ഈ തലയിലെ കെട്ട് കൂടി ഒന്നു അഴിച്ചാൽ മതി. എമി പുഞ്ചിരിയോടെ മറുപടി കൊടുത്തു. ഹോസ്പിറ്റലിൽ ഒത്തിരി പേരെ അനുവദിക്കാഞ്ഞത് കൊണ്ടാ അല്ലെങ്കിൽ ഞാനും ഇന്നലെ ആൽവിച്ചായന് ഒപ്പം വരുമായിരുന്നു. ഈ രണ്ട് മൂന്നു ദിവസം കൊണ്ടു തന്നെ നീ ആകെ കോലംകെട്ടുപോയി. എമിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളെ മുഴുവനായി നോക്കി റിയ വിഷമത്തോടെ പറഞ്ഞു.

അതൊക്കെ ഏട്ടത്തിക്ക് വെറുതെ തോന്നുന്നതാ... എനിക്ക് ഒരു ക്ഷീണവുമില്ല. എന്റെ തോന്നൽ ഒന്നുമല്ല. നോക്കിയേ അമ്മച്ചി ഇവൾ ക്ഷീണിച്ചു പോയില്ലേ???? എമിയുടെ കവിളിൽ ഒന്നു തലോടി സാറായെ നോക്കി റിയ ചോദിച്ചു. ഹോസ്പിറ്റലിൽ അല്ലെ ഇവൾ നേരാവണ്ണം ഒന്നും കഴിച്ചിട്ടുണ്ടാവില്ല... ഇപ്പൊ കണ്ടാൽ ലാബിലെ ചില്ലുകൂട്ടിൽ ഇരിക്കുന്ന അസ്ഥികൂടത്തിന്റെ അവസ്ഥ ആയിട്ടുണ്ട്. സാറാ പറഞ്ഞു നിർത്തിയതും റിയയും ജോക്കുട്ടനെയും കൊണ്ട് അങ്ങോട്ട്‌ കയറിയ അച്ചുവും ഒരേപോലെ ചിരിച്ചുപോയി. ഇതെല്ലാം കേട്ട് തന്റെ കോലം അത്രയ്ക്ക് പരിതാപകരമാണോ എന്ന സംശയത്തിൽ എമി സ്വയം ഒന്നു നോക്കി. അതെന്താ എന്നെപോലെ സീറോ സൈസ് ആയ പെൺകുട്ടികളെ അമ്മച്ചിക്ക് ഇഷ്മല്ലേ???? Don't you like???? ഇടുപ്പിൽ കൈകുത്തി പോസ് ചെയ്തുകൊണ്ട് എമി പിരികം ഉയർത്തി. ഒരൊറ്റ അടി വെച്ച് തന്നാലുണ്ടല്ലോ...

ഒന്നും കഴിക്കാതെ ഈ പരുവത്തിൽ ആയതും പോരാഞ്ഞിട്ട് അവളുടെ ഒരു ഡയലോഗ്. സാറാ അവൾക്ക് നേരെ തല്ലുന്നത് പോലെ കയ്യൊങ്ങി പറഞ്ഞതും എമി ഒരടി പിന്നോട്ട് മാറി. ഞാൻ പാവല്ലേ അമ്മച്ചീ... ഹോസ്പിറ്റലിൽ കിടക്കുന്ന എനിക്ക് ഊള കഞ്ഞി അല്ലെ കഴിക്കാൻ തരൂ. അതാ ഞാൻ ഇങ്ങനെ ക്ഷീണിച്ചു പോയത്. ഇനിയിപ്പൊ അമ്മച്ചി ഉണ്ടാക്കുന്ന നല്ല ഫുഡൊക്കെ കഴിക്കുമ്പോൾ ഞാൻ പഴയത് പോലെ ആയിക്കോളും അല്ലെ ഏട്ടത്തി???? എമി നിഷ്കു ഭാവത്തിൽ പറഞ്ഞു നിർത്തി. അങ്ങനെ ആയാൽ നിനക്ക് കൊള്ളാം. സാറാ അവളെ ഒന്നു കടുപ്പിച്ച് നോക്കികൊണ്ട് പറഞ്ഞു. അയ്യോ... ഇപ്പൊ അമ്മച്ചിയുടെ മുഖത്ത് എന്തൊരു തെളിച്ചമാണെന്ന് നോക്ക്. കുറച്ചു മുന്നേ വരെ ഫ്യൂസ് അടിച്ചുപോയ ബൾബ് പോലെ ആയിരുന്നു. ഇടയ്ക്ക് പറയും നീ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചു വെച്ചിട്ട് സോപ്പിടാൻ വരുമായിരുന്നു എന്നൊക്കെ...

റിയ സാറായെ നോക്കി എമിയോടും അച്ചുവിനോടും പറഞ്ഞു. അത് കേട്ടതും എമിയുടെ മുഖം തെളിഞ്ഞു. ഏഹ്???? ശരിയാണോ അമ്മച്ചീ???? ഞാൻ ഈ കേട്ടത് സത്യാ????? കുറുമ്പോടെ സാറായെ ചുറ്റിപ്പിടിച്ച് എമി ചോദിച്ചു. ആഹ് ടീ... ഇന്നലേം കൂടി അമ്മച്ചി പറഞ്ഞതേ ഉള്ളൂ നീ ഇവിടെ ഇല്ലാത്തത് കൊണ്ട് തലയ്ക്ക് നല്ല സ്വസ്ഥതയുണ്ടെന്ന്. കൃത്യ സമയത്ത് എവിടുന്നോ പൊട്ടി വീണത് പോലെ ആൽവിച്ചൻ രംഗ പ്രവേശം നടത്തി. അതിന് തന്നെ ഇപ്പൊ ആരാ ഇങ്ങോട്ട് ക്ഷണിച്ചത്???? എമി സാറായിൽ നിന്ന് വിട്ടുമാറി അവനെ നോക്കി പല്ല് ഞെരിച്ചു. കൊള്ളാമെടീ... കൊള്ളാം... നീ തന്നെ ഇത് പറയണം. നിനക്കും ഇവനും വേണ്ടി ഇന്നലെ മുതൽ കിടന്ന് ഓടുന്ന എന്നോട് നീ ഇത് തന്നെ പറയണം. ആൽവിച്ചൻ സെഡായി. ഇതെല്ലാം കേട്ട് എല്ലാം കയ്യീന്ന് പോയി എന്ന അവസ്ഥയിൽ എമി തലയ്ക്ക് കൈ കൊടുത്തു. ആദ്യം മകൻ ആയിരുന്നു.

ഇപ്പൊ അപ്പൻ രണ്ടും കൂടി തന്റെ പ്ലാനിങ് എല്ലാം ചളമാക്കി കയ്യിൽ തരും എന്ന് അവൾക്ക് ഉറപ്പായി. എന്നാൽ ആൽവിച്ചന്റെ ആ ഡയലോഗോടെ അണിയറയിൽ കാര്യമായി തന്നെ എന്തോ ഒരുങ്ങുന്നു എന്ന് അച്ചുവിന് ഉറപ്പായി. എടാ നീ കൂടുതൽ നിന്ന് വാചകം അടിക്കാതെ ആ കാറിൽ നിന്ന് ആ ബാഗ് ഇങ്ങോട്ട് എടുത്തോണ്ട് വന്നേ... ഇനിയും മിണ്ടാതെ നിന്നാൽ എല്ലാം പൊളിയും എന്ന് മനസ്സിലാക്കിയ സാറാ ഇടപ്പെട്ടു. ഓഹ്... ഉത്തരവ്... ആൽവിച്ചൻ അനുസരണയോടെ അച്ചുവിനെ കടന്ന് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു. എമി അച്ചു കാണാതെ ആൽവിച്ചനെ നോക്കി കണ്ണും കയ്യും ഒക്കെ എടുത്ത് എന്തായി എന്ന് തിരക്കി. ആൽവിച്ചൻ എല്ലാം ഓക്കേ എന്നർത്ഥത്തിൽ തമ്പ്സ് അപ്പ്‌ ചെയ്തു കാണിച്ചതും എമി സമാധാനത്തോടെ ചിരിച്ചു. പെട്ടെന്ന് അച്ചുവിന്റെ നോട്ടം അവളിൽ എത്തിയതും എമി ഒന്നുമേ അറിയാത്ത മട്ടിൽ നിന്നു.

ഇങ്ങനെ ഇവിടെ തന്നെ നിൽക്കാനാണോ ഭാവം???? എടാ ഇവളെയും വിളിച്ച് അകത്തോട്ട് കയറാൻ നോക്ക്... സാറാ എമിയെ തന്നെ നെറ്റി ചുളിച്ച് നോക്കി നിൽക്കുന്ന അച്ചുവിനോടായി പറഞ്ഞു. അത് കേട്ടതും അച്ചു സാറായ്ക്ക് നേരെ തിരിഞ്ഞു. അമ്മച്ചി എന്നതേലും മറന്നായിരുന്നോ????? പിരികം ഉയർത്തി അവർക്ക് അരികിലേക്ക് നിന്നുകൊണ്ട് അച്ചു ചോദിച്ചു. അവന്റെ ചോദ്യവും നിൽപ്പും കണ്ടതേ അവരുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു. തോട്ടി പോലെ ഇങ്ങനെ നിൽക്കാതെ ഇങ്ങോട്ട് തല താഴ്ത്തെടാ തല്ലുകൊള്ളീ.... കണ്ണ് കൂർപ്പിച്ച് നിന്ന് അവർ പറഞ്ഞതും അച്ചു ചിരിയോടെ അവർക്ക് നേരെ മുഖം കുനിച്ചു. സാറാ വാത്സല്യത്തോടെ അച്ചുവിന്റെ കവിളിൽ കൈചേർത്ത് പിടിച്ച് അവന്റെ നെറ്റിയിൽ ചുംബിച്ചു. അച്ചു നിറഞ്ഞ മനസ്സോടെ കണ്ണുകൾ അടച്ച് അത് സ്വീകരിച്ചു. എന്നും പിറന്നാളിന് ഇത് പതിവുള്ളതാണ്. റിയയും എമിയും ചിരിയോടെ അത് കണ്ട് നിന്നു.

അച്ചുവിൽ നിന്ന് അവർ ചുണ്ടുകൾ പിൻവലിച്ചതും അവന്റെ കയ്യിലിരുന്ന ജോക്കുട്ടൻ അവരെ കൂർപ്പിച്ച് ഒന്നു നോക്കി. പിന്നെ അച്ചുവിന്റെ മുഖം നിറയെ കുഞ്ഞു ചുണ്ട് അമർത്തി അവൻ ഗമയോടെ സാറായെ നോക്കി. എല്ലാവർക്കും അവന്റെ പ്രവർത്തി കണ്ട് ചിരിച്ചുപോയി. അതേ ഉമ്മ കൊടുക്കൽ എല്ലാം കഴിഞ്ഞെങ്കിൽ അകത്തേക്ക് കയറാമായിരുന്നു. ബാഗും എടുത്ത് അങ്ങോട്ട് എത്തിയ ആൽവിച്ചൻ പറഞ്ഞതും അച്ചു ജോക്കുട്ടനൊപ്പം എമിയേയും കൂടി ചേർത്ത് പിടിച്ച് വരാന്തയിൽ നിന്ന് അകത്തേക്ക് നടന്നു. അച്ചുവും എമിയും ഡോർ കടന്ന് അകത്തേക്ക് കയറിയതും ഇരുവശങ്ങളിലും നിന്ന് പടക്കം പൊട്ടുന്നത് പോലുള്ള ശബ്ദം കേട്ട് എമിയും ജോക്കുട്ടനും തുള്ളി പോയി. പെട്ടെന്നുള്ള ഞെട്ടലിൽ അവർ ചെവിയിൽ കൈവെച്ച് കണ്ണുകൾ അടച്ചു. Happy birthday Achu......

ഉച്ചത്തിലുള്ള ആരുടെയൊക്കെയോ അലറലും ദേഹത്ത് എന്തൊക്കെയോ വീഴുന്നതും അറിഞ്ഞതും എമി കണ്ണ് തുറന്ന് നോക്കി. മുന്നിൽ ഇളിച്ചുകൊണ്ട് പാർട്ടി പോപ്പറും കയ്യിൽ പിടിച്ച് നിൽക്കുന്ന റോണിയെയും അപ്പുവിനെയും കണ്ടവൾ നെഞ്ചിൽ കൈവെച്ച് നിശ്വസിച്ചു. അച്ചു ഇതെല്ലാം പ്രതീക്ഷിച്ചത് തന്നെ ആയിരുന്നതിനാൽ വലിയ ഞെട്ടൽ ഒന്നും തന്നെ തോന്നിയില്ല. ഹാളിൽ നിവിയും ഗീതമ്മയും മറിയാമ്മയും അടക്കം എല്ലാവരും തന്നെ ഉണ്ടായിരുന്നു. നിവി അടങ്ങി ഒതുങ്ങി സോഫയിൽ ഇരിപ്പാണ്. ഗീതമ്മ വഴക്ക് പറഞ്ഞ് ഇരുത്തിയതാണെന്ന് അവളുടെ ഇരുപ്പിൽ നിന്ന് തന്നെ എമിക്ക് ബോധ്യമായി. മറിയാമ്മ ജിച്ചൂട്ടനെയും എടുത്ത് നിൽപ്പുണ്ട്. എന്താ മോനൂ സർപ്രൈസ് ആയില്ലേ???? ആൽവിച്ചൻ അങ്ങോട്ട് കയറിക്കൊണ്ട് ചോദിച്ചു. പിന്നേ... ഭയങ്കരം തന്നെ. അച്ചു പറഞ്ഞതും ആൽവിച്ചൻ പൊങ്ങി. എമി ആണെങ്കിൽ ഇതെല്ലാം കണ്ട് എന്റെ സർപ്രൈസ് ഇതല്ല എന്റെ സർപ്രൈസ് ഇങ്ങനല്ല എന്ന കണക്ക് നിൽപ്പാണ്.

ഹാപ്പി ബർത്ത്ഡേ അളിയാ... അപ്പുവും റോണിയും അച്ചുവിനെ കെട്ടിപ്പിടിച്ച് വിഷ് ചെയ്തു എടാ നീയൊക്കെ കെട്ടിപ്പിടിച്ച് എന്റെ കൊച്ചിനെ ശ്വാസം മുട്ടിക്കാതെ... ഇവരുടെ പ്രകടനങ്ങൾക്ക് ഇടയിൽ പെട്ടുപോയ ജോക്കുട്ടനെ കണ്ട് ആൽവിച്ചൻ അവരെ തട്ടി മാറ്റി. ഹാപ്പി ബർത്ത്ഡേ അനിയാ.... അവരെ മാറ്റിയ തക്കം നോക്കി ആൽവിച്ചൻ അച്ചുവിനെ അങ്ങോട്ട് മുറുകെ കെട്ടിപ്പിടിച്ചു. ആഹ്... ഇപ്പൊ കൊച്ചിന് ഒട്ടും ശ്വാസം മുട്ടത്തേ ഇല്ല. റോണി ആൽവിച്ചനെ നോക്കി പുച്ഛിച്ചു. ഇത് ഞങ്ങൾ ചേട്ടനും അനിയനും തമ്മിലുള്ളതാ നീ അതിൽ ഇടപെടണ്ട. ആൽവിച്ചനും വിട്ടുകൊടുത്തില്ല. ബാക്കിയൊക്കെ പിന്നെ ആവാം ആദ്യം കേക്ക് കട്ട്‌ ചെയ്യാം. അപ്പു ധൃതി കൂട്ടി. ആക്രാന്തം കാട്ടാതെടാ മുറിക്കാം. എന്നാൽ അച്ചു ആ നേരം മറ്റൊരാളെ തിരയുന്ന തിരക്കിൽ ആയിരുന്നു. ഡാഡി എവിടെ????? അച്ചുവിന്റെ നോട്ടം കണ്ടതും എമി സംശയത്തോടെ ചോദിച്ചു.

അത് കേട്ടതും ഒരു നിമിഷം എല്ലാവരും സൈലന്റ് ആയി. എല്ലാവരുടെയും മൗനം കണ്ടതും എമി ഒന്നും മനസ്സിലാവാതെ അച്ചുവിനെയും മറ്റുള്ളവരെയും നോക്കി. അത് പിന്നെ... ഡാഡി ഓഫീസിൽ പോയി. റിയ പെട്ടെന്ന് കയറി പറഞ്ഞു. ഇന്ന് അർജെന്റ് ആയിട്ട് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതാ ഡാഡി പെട്ടെന്ന് പോയത്. ഇനി വരുമ്പോൾ ലേറ്റ് ആവും അതുകൊണ്ട് കേക്ക് കട്ട്‌ ചെയ്തോളാൻ പറഞ്ഞിട്ടാ പോയത് അല്ലെ അമ്മച്ചി???? ആൽവിച്ചൻ അടുത്ത് നിന്ന സാറായെ നോക്കി. ആഹ്... അതേ അതേ. നീ എന്തായാലും കേക്ക് കട്ട്‌ ചെയ്യ്‌ നല്ലൊരു ദിവസം ആയിട്ട് ഒന്നും താമസിപ്പിക്കണ്ട. സാറാ അച്ചുവിന് നേരെ നോക്കി പറഞ്ഞു. അച്ചുവിനും എമിക്കും എന്തൊക്കെയോ തോന്നി എങ്കിലും അത് പുറമെ പ്രകടിപ്പിച്ചില്ല. നീ വാ നമുക്ക് കേക്ക് മുറിക്കാം. ആൽവിച്ചൻ ജോക്കുട്ടനെ അച്ചുവിന്റെ കയ്യിൽ നിന്ന് വാങ്ങിക്കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും റോണിയും അപ്പുവും ചേർന്ന് ടേബിളിൽ കേക്ക് സെറ്റ് ചെയ്തു. അച്ചു കേക്കിന് അരികിൽ പോയി നിന്നു. അവനൊപ്പം എമിയും മറ്റെല്ലാവരും. റോണി ഫോണും പിടിച്ച് കേക്ക് മുറിക്കുന്നത് എല്ലാം ക്യാമറയിൽ പകർത്താനായി തയ്യാറായി. ചുറ്റിനും ഉയരുന്ന എല്ലാവരുടെയും കയ്യടികൾക്ക് നടുവിൽ അച്ചു കേക്ക് മുറിച്ചു. ആദ്യ പീസ് എമിക്ക് നേരെ നീട്ടിയതും അവൾ അത് വാങ്ങി കഴിക്കുന്നതിന് ഒപ്പം തന്നെ അച്ചുവിന് കൂടി നൽകി. പിന്നെ ജോക്കുട്ടനും സാറായ്ക്കും ആൽവിച്ചനും റിയക്കും ഗീതയ്ക്കും അപ്പുവിനും എല്ലാം നൽകി. ഇതെല്ലാം ആദ്യം കാണുന്നതിന്റെ ആവേശത്തിൽ ജിച്ചൂട്ടന്റെ വക അച്ചുവിന്റെ മുഖത്ത് കേക്ക് ഫേഷ്യൽ ആയിരുന്നു കിട്ടിയത്. അങ്ങനെ കെട്ടിപ്പിടുത്തവും വിഷ് ചെയ്യലും ഗിഫ്റ്റ് കൈ മാറലും ഒക്കെയായി പിന്നെ ആകെക്കൂടെ ബഹളമായി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചുവിന്റെ പിറന്നാൾ പ്രമാണിച്ച് സാറായുടെയും ഗീതയുടെയും വക വിഭവ സമൃദ്ധമായ ഊണ് ഒക്കെ കഴിഞ്ഞ് എല്ലാവരും ഒത്തിരി നേരം അവിടെ ചിലവഴിച്ച് വൈകിട്ട് ആയിരുന്നു മടങ്ങിയത്. എല്ലാവരും പോയതും അൽപ്പ നേരം കിടക്കാൻ എമി മുറിയിലേക്ക് നടന്നു. സംസാരവും ബഹളവും എല്ലാം കാരണം അവൾക്ക് ചെറിയ രീതിയിൽ തലവേദന എടുത്ത് തുടങ്ങിയിരുന്നു. അവൾ മുറിയിലേക്ക് കയറാൻ തുടങ്ങിയതും അകത്ത് നിന്ന് ആൽവിച്ചന്റെയും അച്ചുവിന്റെയും ശബ്ദം കേട്ട് അവൾ വാതിൽക്കൽ തന്നെ നിന്നു. എടാ പോട്ടെടാ... ഡാഡിയുടെ ഈ പിണക്കം ഒക്കെ പെട്ടെന്ന് തന്നെ മാറും. നീ അതോർത്ത് വെറുതെ വിഷമിക്കാതെ... ആൽവിച്ചൻ അച്ചുവിന്റെ ചുമലിൽ തട്ടി പറഞ്ഞു. എന്തോ പറ്റുന്നില്ലെടോ... എല്ലാ പിറന്നാളിനും ആരേക്കാൾ മുന്നേ എന്നെ വിഷ് ചെയ്യുന്ന ആൾ. ഇന്ന് ഒന്നെന്നെ കാണാൻ പോലും കൂട്ടാക്കാതെ പോയത് ഓർത്തിട്ട് എന്തോ നെഞ്ചിൽ ഒരു നീറ്റൽ പോലെ... അച്ചുവിന്റെ സ്വരം ഇടറിയിരുന്നു.

ഇത്രയും വലിയൊരു കാര്യം എല്ലാവരിൽ നിന്നും മറച്ചു വെച്ചില്ലേ???? എമിക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചപ്പോഴല്ലേ എല്ലാവരും എല്ലാം അറിഞ്ഞത്. ഒന്നും ഡാഡിയിൽ നിന്ന് മറച്ച് വെക്കാത്ത ഞാനും നീയും ഇത് മറച്ചു പിടിച്ചു. അതിന്റെ ഒരു പരിഭവമാണ്. ആൽവിച്ചൻ അവനെ ആശ്വസിപ്പിച്ചു. അപ്പൊ അതായിരുന്നു എന്റെ മുന്നിലെ ഏറ്റവും വലിയ ശരി. അന്ന് ഞാൻ എല്ലാം ഡാഡിയോട് പറഞ്ഞിരുന്നെങ്കിൽ ഡാഡി ഈ കല്യാണത്തിന് സമ്മതിക്കുമുയിരുന്നോ????? ആൽവിച്ചന് നേരെ തിരിഞ്ഞു കൊണ്ട് അച്ചു ചോദിച്ചു. എന്നാൽ ആൽവിച്ചന്റെ നോട്ടം മറ്റെങ്ങോട്ടോ ആണെന്ന് കണ്ടതും അച്ചു സംശയത്തോടെ അവന്റെ നോട്ടം പോയിടത്തേക്ക് മിഴികൾ പായിച്ചു. വാതിൽക്കൽ എല്ലാം കേട്ട് നിൽക്കുന്ന എമിയെ കണ്ടതും അച്ചു എന്തുചെയ്യണം എന്നറിയാതെ തറഞ്ഞ് നിന്നുപോയി.... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story