ഹൃദയതാളമായ്: ഭാഗം 2

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചു എത്തി............ സന്തോഷത്തോടെ വിളിച്ചു കൂവിക്കൊണ്ട് റിയ വേഗത്തിൽ പുറത്തേക്ക് നടന്നു. ഇതിപ്പോ ഞാനാണോ അവനാണോ ഇവളുടെ കെട്ട്യോൻ ???? ഞാൻ ഇത്രയും നേരം അടുക്കളയിൽ കിടന്ന് കഷ്ടപെട്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കാത്തവളാ അവൻ വന്നപ്പോൾ ചാടി തുള്ളി പുറത്തേക്കോടിയത്. വിടില്ല ഞാൻ............... അവൻ റിയക്ക് പിന്നാലെ വെച്ച് പിടിച്ചു. ഇതേസമയം ഒരു റോയൽ ബ്ലൂ ബനിയനും ബ്ലാക്ക് ജീൻസും ഇട്ട് ട്രാവൽ ബാഗ്പാക്കും തൂക്കി ഒരു ചെറുപ്പക്കാരൻ ബുള്ളറ്റിൽ നിന്നിറങ്ങി. തലയിലെ ഹെൽമെറ്റ്‌ ഊരി ഇടതു കയ്യാൽ നെറ്റിയിലേക്ക് വീണ് കിടന്ന മുടിയിഴകൾ പുറകിലേക്കൊതുക്കി. അലസമായി വളർന്ന കട്ടതാടിയിൽ ഒന്ന് തഴുകി ചുമലിൽ കിടന്ന ബാഗിന്റെ ഒരു സ്ട്രാപ്പ് ഊരി അവൻ കൈകൾ മുകളിലേക്കുയർത്തി ഒന്ന് മൂരി നിവർന്നു. ചുറ്റിനും ഒന്ന് നോക്കി അവൻ ശുദ്ധ വായു ശ്വസിച്ചു. വർഷങ്ങൾക്ക് ശേഷം തന്റെ വീട്ട് മുറ്റത്ത് കാല് കുത്തവെ അവന്റെ ഉള്ളിൽ ആനന്ദം നിറഞ്ഞു. അവന്റെ കണ്ണുകൾ വരാന്തയിൽ നിൽക്കുന്നവരിൽ എത്തിയപ്പോൾ വിടർന്നു. ഒരു ചിരിയോടെ അവൻ അങ്ങോട്ട്‌ നടന്നു. ഡാഡി.......

പോളിനെ വിളിച്ചു കൊണ്ടവൻ അയാളെ കെട്ടിപിടിച്ചു. അയാളും സന്തോഷത്തോടെ അവനെ തിരികെ പുണർന്നു. വയസ്സായ എന്നെയിങ്ങനെ ഞെക്കി കൊല്ലാതെടാ ഊര് തെണ്ടി. അയാൾ പറയുന്നത് കേട്ടവൻ ഒരു ചിരിയോടെ അയാളിൽ നിന്ന് അടർന്നു മാറി. അയാൾ വാത്സല്യത്തോടെ അവന്റെ തലയിൽ തഴുകി. അവന്റെ കണ്ണുകൾ അയാളുടെ അരികിൽ നിന്ന റിയയിൽ പതിച്ചു. ആഹാ എന്റെ ഏട്ടത്തി ഒന്നൂടെ സുന്ദരി ആയല്ലോ???? റിയയുടെ തോളിലൂടെ കയ്യിട്ടവൻ ചിരിയോടെ ചോദിച്ചു. എന്തായാലും എന്റെ ഭാര്യയല്ലേ????? അസ്ഥാനത്ത് കയറി ആൽവിയുടെ ഡയലോഗ്. ആ ഒരു കുറവേ റിയ മോൾക്കുള്ളൂ. ഇത്തവണ പോളിന്റെ വകയായിരുന്നു ട്രോൾ. ഡാഡി യു റ്റൂ......... ഇന്നാ എന്റെ ചേട്ടച്ചാരെ.......... അത്രയും പറഞ്ഞു അച്ചു അവന്റെ തോളിലെ ബാഗെടുത്ത് അവന്റെ നേരെ എറിഞ്ഞു. എന്നാ മുടിഞ്ഞ കനമാടാ........

ബാഗ് ബാലൻസ് ചെയ്തു കൊണ്ടവൻ ചോദിച്ചു. ഓഹ് പിന്നേ നല്ല സ്റ്റാമിനയുള്ള ആളല്ലേ ചേട്ടനിതൊക്കെ നിസ്സാരമല്ലേ????? കള്ളചിരിയോടെ അവൻ പറഞ്ഞു നിർത്തി. കൊച്ചു ഗള്ളൻ രണ്ടാമത്തെ ഗോളടിച്ചല്ലേ???? അവന്റെ വയറ്റിൽ ഇടിച്ചു കൊണ്ട് അച്ചു ചോദിച്ചു. രാവിലെ മുതൽ പണിയെടുത്തു നിക്കുവാടാ കാലാ എന്നെ ഇടിച്ചു കൊല്ലാതെടാ പട്ടി. അവൻ ചിരിച്ചു കൊണ്ട് നോക്കിയപ്പോൾ കാണുന്നത് മുഖം വീർപ്പിച്ചു നിൽക്കുന്ന സാറായെയാണ്. എന്റെ സാറാ കൊച്ചിന്റെ മുഖത്തിനെന്നതാ ഒരു വാട്ടം??? അവരുടെ കവിളിൽ പിച്ചികൊണ്ടവൻ ചോദിച്ചു. പോടാ നീയെന്നോട് മിണ്ടണ്ട. എന്തൊക്കെ കുഴപ്പങ്ങളാ നീയൊരുത്തൻ ഒപ്പിച്ചു കൂട്ടുന്നത്??? നിന്റെ കാര്യം ഓർത്ത് തീ തിന്നാ ഞാനിവിടെ കഴിയുന്നത്. നിനക്കിത് വല്ലതുമറിയണോ?????? ഹാ എന്റെ അമ്മച്ചീ ഇതൊക്കെ എന്റെ പ്രൊഫഷനിൽ പറഞ്ഞിട്ടുള്ളതല്ലേ??? ഓഹ് പിന്നേ മിനിസ്റ്ററുടെ മകനെ ലോക്കപ്പിലിട്ട് ഇഞ്ച ചതയ്ക്കുന്നത് പോലെ ഇട്ട് അലക്കുന്നതല്ലേ നിന്റെ പ്രൊഫഷനിൽ പറഞ്ഞിട്ടുള്ളത്. ആൽവിയുടെ ചോദ്യം കേട്ടവൻ ഒന്ന് തറപ്പിച്ച് നോക്കി.

അത് പിന്നെ അവൻ പാവം പിടിച്ച ഒരു പെങ്കൊച്ചിനോട് തോന്ന്യാസം കാട്ടിയിട്ടല്ലേ??? പിന്നെ തെറ്റ് കണ്ടാൽ പ്രതികരിക്കണം എന്നല്ലേ ഡാഡിയും അമ്മച്ചിയും ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് അതേ ഞാനും ചെയ്തിട്ടുള്ളൂ. അച്ചു തന്റെ ഭാഗം ന്യായീകരിച്ചു എന്നിട്ടും സാറാക്ക് നോ കുലുക്കം. ദേ അമ്മച്ചിക്കീ ഭാവം ചേരില്ല കെട്ടോ എയർ വിടമ്മാ............ എന്നിട്ടും അവർ അയയുന്നില്ല എന്ന് കണ്ടതും അവൻ അവസാന അടവ് പുറത്തെടുത്തു. അമ്മച്ചി എനിക്ക് നല്ലോണം വിശക്കുന്നുണ്ട് കെട്ടോ അമ്മച്ചീടെ സ്പെഷ്യൽ ബീഫ് ഫ്രൈ കഴിക്കാനാ അവന്മാർ വന്ന വഴി ഹോട്ടലിൽ കയറി കഴിക്കാം എന്ന് പറഞ്ഞിട്ട് അതിന് നിൽക്കാതെ ഞാനിവിടെ വന്നത്. വിശന്നിട്ട് കണ്ണ് കാണുന്നില്ല വല്ലതും തായെന്റെ സാറാ കൊച്ചേ..... ചിണുങ്ങി കൊണ്ടവൻ പറഞ്ഞു നിർത്തവെ അവരിൽ ഒരു പുഞ്ചിരി വിടർന്നു. നീ വരുന്നത് അറിഞ്ഞ് നിനക്കിഷ്ടമുള്ളതെല്ലാം ഞാനുണ്ടാക്കി വെച്ചിട്ടുണ്ട് അകത്തേക്ക് വാ അമ്മച്ചി വിളമ്പി തരാം. അതാണെന്റെ സാറാകൊച്ച്. കുറുമ്പൊടെ അവരുടെ കവിളിൽ പിച്ചി അവരുടെ തോളിലൂടെ കയ്യിട്ടവൻ അകത്തേക്ക് കയറി. ഉണ്ണിയേട്ടൻ ഫസ്റ്റ്........

അച്ചു കൈകഴുകാൻ പോയ തക്കം നോക്കി ആൽവി ഡൈനിങ്ങ് ടേബിളിൽ സ്ഥാനമുറപ്പിച്ചു. അച്ചു വന്നില്ലേ ഇനി എനിക്ക് വിളമ്പി താ. പ്ലേറ്റ് സാറാക്ക് നേരെ നീട്ടി കൊണ്ടവൻ പറഞ്ഞു. പോയി കൈ കഴുകിയിട്ട് വാടാ. ഓഹ് പിന്നേ 24 മണിക്കൂറും അടുക്കളയിൽ നിന്ന ഞാൻ കൈകഴുകാൻ ഒന്ന് വിളമ്പ്‌ അമ്മച്ചീ വിശന്നിട്ടെന്റെ കുടല് കരിയുന്നു. ദയനീയമായി അവൻ പറയുന്നത് കേട്ട് പാവം തോന്നി സാറാ അവന് ചോറ് വിളമ്പി. അവൻ ആർത്തിയോടെ കഴിക്കുന്നത് കണ്ട് റിയയും സാറായും ചിരിച്ചു പോയി. അമ്മച്ചീ ഇത്തിരി വെള്ളം എടുത്ത് മൂത്ത സന്തതിയുടെ വായിൽ കമത്ത് അല്ലെങ്കിൽ നാളെ പത്രത്തിൽ ഇവൻ ചിരിച്ചോണ്ടിരിക്കും. അച്ചു ചിരിയോടെ പറഞ്ഞ് ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. ഇവനെന്നോ ചേട്ടാന്ന് വിളിക്കെടാ...... സാറാ അവന്റെ ചെവിയിൽ കിഴുക്കി. ആവൂ അമ്മച്ചീ വേദനിക്കുന്നു പിടി വിട്... അവന്റെ ചിണുങ്ങൽ കേട്ടവർ ചിരിയോടെ പിടി വിട്ടു. നിന്നെക്കാൾ 4 ക്രിസ്മസ് കൂടുതൽ കണ്ട എന്നെ ബഹുമാനിക്കാൻ പഠിക്കെടാ. ആൽവി കോഴിക്കാല് കടിച്ചു പറിച്ചു കൊണ്ട് അവനെ നോക്കി.

കണക്ക് പറയാനാണെങ്കിൽ 5 പൈസേടെ വിവരമില്ലാത്ത തന്നെ ഞാൻ മരക്കഴുതേ എന്നാ വിളിക്കേണ്ടത്. അച്ചു തിരികെ പുച്ഛിച്ചു. മതി നിർത്തിക്കേ വന്ന് കയറിയില്ല രണ്ടുകൂടി യുദ്ധത്തിന് നിൽക്കണ്ട. അച്ചൂ ദേ നീ ചോറ് കഴിച്ചേ. സാറാ അവന് മുന്നിൽ ആഹാരം വിളമ്പി വെച്ചു. മ്മ്ഹ്ഹ്...... അവൻ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി അവർക്ക് മുന്നിൽ വാ തുറന്നു. കൊച്ചുകുട്ടികളെ പോലെ തന്റെ മുന്നിൽ വാ തുറന്നിരിക്കുന്ന മകനെ കാൺകെ അവരിൽ വാത്സല്യം നിറഞ്ഞു. നിറചിരിയോടെ അവന് നേരെ ആദ്യപിടി ചോറ് നീട്ടുമ്പോൾ എന്തിനോ വേണ്ടി അവരുടെ കണ്ണുകൾ നിറഞ്ഞു. ഏറെ നാളുകൾക്ക് ശേഷം സ്വന്തം അമ്മയുടെ കയ്യിൽ നിന്ന് ആഹാരം കഴിക്കുമ്പോൾ അവന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞിരുന്നു. അവൻ കൈനീട്ടി സാറായുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കി അവരെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു.

അവർ നൽകുന്ന ഓരോ ഉരുളയും അവന് അമൃതിന് തുല്യമായിരുന്നു. അതെല്ലാം കണ്ട് നിന്ന എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. എന്റെ കുഞ്ഞ് ഒരുപാട് ക്ഷീണിച്ചു പോയി. അവന്റെ കവിളിൽ തഴുകി അവർ വിഷമത്തോടെ പറഞ്ഞു. ആര് ഉള്ളകണ്ട മസ്സിൽ ഉരുട്ടി കേറ്റി വെച്ചിരിക്കുന്ന ഇവനോ?????? തീപ്പെട്ടി കൊള്ളി പോലെ ഞാനിങ്ങനെ ഉണങ്ങി നിൽക്കുന്നത് അമ്മച്ചി കാണുന്നില്ലേ???? ആൽവി ചുണ്ട് ചുളുക്കി അവരെ നോക്കി. നീ തിന്ന് കൂട്ടുന്നതൊന്നും ശരീരത്ത് കാണാത്തത് എന്റെ കുഴപ്പം കൊണ്ടാണോ????? ഇവിടുത്തെ അരി മുഴുവൻ തിന്ന് തീർക്കുന്നത് ഇവനൊറ്റൊരുത്തനാ എന്നിട്ട് പറയണത് കേട്ടില്ലേ.... അമ്മച്ചീ.......... മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് ഏറ്റ് പോടെ. സാറാ അവനെ നോക്കി മുഖം കോട്ടി അച്ചുവിന് വാരികൊടുക്കാൻ തുടങ്ങി. അച്ചു അവനെ നോക്കി കളിയാക്കി ചിരിച്ചു. ആൽവി അതിന്റെ വിഷമത്തിന് അടുത്ത ചിക്കൻ കാല് കൂടി എടുത്ത് കടിച്ചു പറിച്ചു. കളിയും ചിരിയുമായി അവർ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അനു സ്റ്റെയർ ഇറങ്ങി വരുന്നത്. അവൾ വരുന്നത് കണ്ടതും അച്ചു ഒന്ന് നോക്കി.

എന്നാൽ അവൾ ആരെയും ശ്രദ്ധിക്കാതെ ഒരു ചെയർ വലിച്ചിട്ട് ആൽവിക്കരികിൽ ഇരുന്നു. ഒന്നും മിണ്ടാതെ ഒരു പ്ലേറ്റ് എടുത്ത് വെച്ച് ചോറ് വിളമ്പാൻ തുടങ്ങി. അനൂ............ സാറായുടെ ദേഷ്യം കലർന്ന വിളി കേട്ടവൾ തലയുയർത്തി നോക്കി. അച്ചു വന്നത് നീ കണ്ടില്ലേ അനു???? അതിന് ഞാനെന്ത് വേണം വന്നത് അമേരിക്കൻ പ്രസിഡന്റ്‌ ഒന്നുമല്ലല്ലോ. പുച്ഛത്തോടെ അവൾ മുഖം കോട്ടി. അനൂ.......... സാറാ ശബ്ദമുയർത്തി. എന്തിനാ അലറുന്നത്????? ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്????? അമ്മച്ചീടെ പൊന്നോമന പുത്രൻ വന്നെന്ന് കരുതി ഞാൻ ഇയാളെ പൂവിട്ട് പൂജിക്കണോ?????? ദേഷ്യത്തിൽ അവൾ പറയുന്നത് കേട്ട് അച്ചു മൗനം പാലിച്ചു. ഇയാളെന്നോ????? വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം ഈ ഇരിക്കുന്നത് നിന്റെ കൂടപ്പിറപ്പാ നിന്റെ ചേട്ടൻ. ആര് പറഞ്ഞു????? എനിക്ക് ഒരേയൊരു ചേട്ടനെ ഉള്ളൂ ഈയിരിക്കുന്ന ആൽവിച്ചായൻ അല്ലാതെ മറ്റാരെയും ഞാൻ എന്റെ ചേട്ടനായി കണ്ടിട്ടില്ല. വർഷങ്ങൾക്ക് മുന്നേ ഞാൻ അറുത്ത് മുറിച്ചു കളഞ്ഞ ബന്ധമാ അത്. എന്റെ മനസ്സിൽ അഗസ്റ്റി പോൾ കുരിശിങ്കൽ എന്നേ മരിച്ചു കഴിഞ്ഞു. അനൂ.............

ദേഷ്യത്താൽ ആൽവിയുടെ ശബ്ദം ഉയരവേ അടുത്ത് നിന്നിരുന്ന റിയ പോലും ഞെട്ടിപ്പോയി. ആൽവിന്റെ ശബ്ദം ഉയർന്നതും അവൾ കലിയോടെ അച്ചുവിനെ നോക്കി കഴിക്കാതെ എഴുന്നേറ്റു പോയി. ഒന്നും പറയാനാവാതെ എല്ലാവരും മൂകമായി ഇരുന്നു പോയി. അച്ചൂ......... സാറാ അവന്റെ ചുമലിൽ കൈവെച്ചു. വേരിന് വളം വെക്കാതെ കതിരിന് വെച്ചിട്ട് എന്ത് കാര്യം?????? പരിഹാസവും വേദനയും കലർന്ന സ്വരത്തിൽ അവൻ പറഞ്ഞിട്ട് അവിടെ നിന്ന് എഴുന്നേറ്റു പോയി. അവരെല്ലാം മറുപടി പറയാനാവാതെ ഇരുന്നു പോയി. അച്ചു നേരെ അവന്റെ മുറിയിലേക്കായിരുന്നു പോയത്. താൻ പോയതിന് ശേഷം ആരും ആ മുറി ഉപയോഗിച്ചിട്ടില്ല എന്നവന് മനസ്സിലായി. എങ്കിലും എല്ലാം സാറാ വൃത്തിയാക്കി ഇട്ടിരുന്നു. അവൻ ബാഗ് ടേബിളിലേക്ക് വെച്ച് ബെഡിലേക്ക് വീണു. അനുവിന്റെ കണ്ണുകളിലെ വെറുപ്പ് അവന്റെ ഹൃദയത്തെ നോവിച്ചു. തന്റെ വിരലിൽ തൂങ്ങി നടന്ന കുഞ്ഞുപെങ്ങളുടെ മുഖം അവന്റെ മനസ്സിൽ മികവോടെ തെളിഞ്ഞു. അഗസ്റ്റിച്ചായാ.......... കുറുമ്പൊടെയുള്ള അവളുടെ വിളി കർണ്ണപടത്തിൽ തുളച്ചു കയറുന്നത് പോലെ.

അവൻ കണ്ണുകൾ ഇറുകെ അടച്ച് തലയണയിലേക്ക് മുഖം പൂഴ്ത്തി. തലയിൽ ആരോ തഴുകുന്നത് പോലെ തോന്നിയതും അവന്റെ ചുണ്ടിൽ ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിടർന്നു. കണ്ണ് തുറക്കാതെ തന്നെ അവനാ കൈയുടെ ഉടമയെ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരിയോടെ അവൻ തിരിഞ്ഞ് സാറായുടെ മടിയിൽ തല വെച്ചു. അവളെങ്ങനെ പറഞ്ഞപ്പൊ നിനക്ക് വിഷമായോ അച്ചൂ?????? അവന്റെ മുടിയിഴകിളിലൂടെ വിരലോടിച്ചു കൊണ്ടവർ ചോദിച്ചു. ഏയ്‌ ഇതൊക്കെ ഞാൻ കേട്ട് പഴകിയ കാര്യങ്ങളല്ലേ എന്റെ സാറാ കൊച്ചേ..... കുസൃതിചിരിയോടെ അവനവരുടെ താടിയിൽ പിടിച്ചു കൊഞ്ചിക്കുമ്പോഴും അവന്റെ ഉള്ളിലെ നീറ്റൽ ആ അമ്മ മനം തിരിച്ചറിയുന്നുണ്ടായിരുന്നു. എത്ര കാലായി ഇങ്ങനെ അമ്മച്ചീടെ മടിയിൽ ഒന്ന് കിടന്നിട്ട്. കൊതിയോടെ അവൻ പറയവെ അവരുടെ മനസ്സിൽ നോവ് പടർന്നു. കണ്ണിലെ നനവ് അവൻ കാണാതെ തുടച്ചു നീക്കി അവർ വാത്സല്യത്തോടെ അവന്റെ തലയിൽ തഴുകി. എന്റെ അച്ചൂ നിനക്കീ മുടിയും താടിയും ഒക്കെ ഒന്ന് വെട്ടി ഒതുക്കിക്കൂടെ പ്രാന്തന്മാരെ പോലെ താടിയും മുടിയും വളർത്തി നടക്കുവാ.

ഒന്നുമില്ലേലും നീയൊരു ഐപിഎസുകാരനല്ലേ????? അലസമായി കിടന്നിരുന്ന അവന്റെ മുടി ഒതുക്കി വെച്ചുകൊണ്ടവർ ചോദിച്ചു. തിരിച്ചു സർവീസിൽ കയറുന്നത് വരെയല്ലേ സാറാ കൊച്ചേ ഞാനിങ്ങനെ നടക്കൂ. അതുവരെ ഇതങ്ങനെ ഇരിക്കട്ടെന്നേ. കാടും വളർത്തി നടക്കുവാ തെമ്മാടി. അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ടവർ പറയുന്നത് കേട്ടവൻ പൊട്ടിച്ചിരിച്ചു. അമ്മയുടെ മടിത്തട്ടിലെ ചൂടേറ്റ് ഏറെനേരം അവനങ്ങനെ കിടന്നു. അവരുടെ തലോടലേറ്റ് അവൻ നിദ്രയിലേക്ക് വീണതും അവർ അവന്റെ തല പതിയെ എടുത്ത് തലയണയിലേക്ക് വെച്ച് മൃദുവായി അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് പതിയെ റൂമിന് വെളിയിലേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 Here's to the ones that we got Cheers to the wish you were here, but you're not 'Cause the drinks bring back all the memories Of everything we've been through Toast to the ones here today Toast to the ones that we lost on the way 'Cause the drinks bring back all the memories And the memories bring back, memories bring back you... 🎶

കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോം തിയറ്ററിൽ പാട്ടും വെച്ച് സോഫയിൽ കയറി നിന്ന് തുള്ളുകയാണ് എമി. എമിയുടെ തുള്ളൽ കാരണം സോഫയിൽ കിടന്നുറങ്ങിയ മിക്കു ഭൂകമ്പം ആണെന്ന് കരുതി പേടിച്ച് ചാടി താഴെ ഇറങ്ങി. ബോധം വന്നപ്പോൾ എമിയുടെ തുള്ളിചാട്ടം കണ്ട് ഇതിന് വട്ടായോ എന്നുള്ള രീതിയിൽ വായും തുറന്ന് മിക്കു നിന്നുപോയി. എടി എമീ....... മര്യാദക്ക് ആ കുന്ത്രാണ്ടം ഓഫ്‌ ചെയ്തോ..... എന്നെയങ്ങോട്ടെങ്ങാനും വരുത്തിച്ചാൽ ചൂരലെടുത്ത് വീക്കും ഞാൻ. അടുക്കളയിൽ നിന്ന് സ്റ്റെല്ലയുടെ ഉച്ചത്തിലുള്ള ഭീഷണി കേട്ടതും അവൾ ഹോം തിയറ്റർ ഓഫ്‌ ചെയ്തു. 5മിനിറ്റ് തികച്ച് ഇതൊന്ന് വെക്കാൻ സമ്മതിക്കേല വെറുതെ നോക്കിയിരിക്കാനാണെങ്കിൽ പിന്നെന്നാത്തിനാ ഇതിവിടെ മേടിച്ചു വെച്ചത്?????? അത് നിന്റെ അപ്പനോട് ചെന്ന് ചോദിക്കെടി. അടുക്കളയിൽ നിന്ന് തന്നെ അതിനുള്ള മറുപടിയുമെത്തി. വേണ്ടായിരുന്നു വെറുതെ തന്തക്ക് വിളി കേട്ടു. ദേ നിനക്കും മിക്കൂനുമുള്ള പാല് എടുത്തു വെച്ചിട്ടുണ്ട് നീ കുടിച്ചിട്ട് അവൾക്കും കൂടി എടുത്തു കൊടുക്ക് എന്റെ കൈ ചീത്തയാ.

അവർ പറയുന്നത് കേട്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവൾ പയ്യെ അടുക്കളയിലേക്ക് ചെന്നു. സ്റ്റെല്ല വൈകുന്നേരത്തേക്കുള്ള ചപ്പാത്തിക്കുള്ള മാവ് കുഴക്കുന്ന തിരക്കിലാണ്. ഓഹ് ഇന്നും ഉണക്ക ചപ്പാത്തി തന്നെ. മനസ്സിൽ പ്രാകി കൊണ്ടവൾ പാൽ വെച്ചിരുന്ന പാത്രം തുറന്നു. രണ്ട് ഗ്ലാസ്‌ പാൽ അതിൽ കണ്ടതും അവൾ കിച്ചൺ റാക്കിൽ നിന്ന് ബൂസ്റ്റിന്റെ ബോട്ടിൽ കയ്യിലെടുത്ത് രണ്ട് സ്പൂൺ ബൂസ്റ്റ്‌ അതിൽ കലക്കി. കലക്കി കഴിഞ്ഞ് ഒരു ഗ്ലാസ്സിലേക്ക് പകർത്തി അവൾ അത് ഒറ്റ വലിക്ക് കുടിച്ചു തീർത്തു. ശേഷം മിക്കുവിനുള്ള പാൽ കൂടി അവളാ ഗ്ലാസ്സിലേക്ക് ഒഴിച്ചു. പിന്നെ ഗ്ലാസ്സും എടുത്തു പുറത്തേക്ക് നടന്നു. മിക്കൂ നിനക്കുള്ള പാൽ.......... ഉച്ചത്തിൽ അവൾ അലച്ചു കൂവിയതും മിക്കു ഓടി അവൾക്ക് പാൽ കൊടുക്കുന്ന പാത്രത്തിനരികിൽ വന്നു നിന്നു. മിക്കുവിനെ ഒന്ന് നോക്കി അവൾ പാത്രത്തിലേക്ക് ഒഴിക്കാൻ പോവുന്നത് പോലെ കാണിച്ചു.

ഇപ്പൊ പാൽ കിട്ടും എന്ന് ആക്രാന്തത്തോടെ നോക്കി നിന്ന മിക്കുവിനെ നോക്കി അവൾ പാൽ ഗ്ലാസ്സ് പിൻവലിച്ചു. അയ്യോ ഞാൻ മറന്നു...... ഇന്ന് മിക്കൂന് വൃതമാ....... അവൾ താടിക്ക് വിരൽ കുത്തി പറഞ്ഞ് പാൽ കുടിച്ച് തീർത്ത് മേൽച്ചുണ്ടിൽ പറ്റിപ്പിടിച്ച പാൽ തുള്ളികൾ നാക്ക് കൊണ്ട് തുടച്ചു. മ്യാവൂ.......... പാല് കിട്ടാത്ത സങ്കടത്തിൽ മിക്കു ദയനീയമായി കരഞ്ഞു. അയ്യോ വാവക്ക് ചങ്കടം വന്നോ????? എന്റെ മീൻവറുത്തത് കട്ട് തിന്നപ്പൊ ഓർക്കണായിരുന്നെടി. പക അത് വീട്ടാനുള്ളതാണ് ബുഹഹഹ... അട്ടഹസിച്ചു കൊണ്ടവൾ മിക്കുവിനെ നോക്കി പുച്ഛിച്ച് അടുക്കളയിലേക്ക് പോയി. ഒഴിഞ്ഞു കിടക്കുന്ന പാത്രത്തിലേക്കും എമി പോയ വഴിലേക്കും നോക്കി മിക്കു സങ്കടപെട്ട് അവിടെ കിടന്നു............ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story