ഹൃദയതാളമായ്: ഭാഗം 201

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

The number you're calling is not responding at this moment, pls call after sometime. ഛേ........ കാതിൽ വെച്ചിരുന്ന ഫോൺ എടുത്തു മാറ്റി എമി നിരാശയോടെ സോഫയിലേക്ക് ഇരുന്നു. കുറെ നേരം ആയല്ലോ ആ ഫോണും കുത്തിക്കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട്. മരുന്ന് എടുത്ത് കഴിക്കാൻ പറഞ്ഞിട്ട് നീ അത് കേട്ടോ???? സ്റ്റെല്ല ശകാരവുമായി എത്തി. ഇച്ചായനെ വിളിച്ചിട്ട് എടുക്കുന്നില്ല.... എന്റെ പൊന്നു എമീ ആ ചെക്കന് ജോലി തിരക്ക് ആയിരിക്കും. നീ ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് വിളിച്ച് അവനെ ശല്യം ചെയ്യാതെ. എന്നാലും ഇന്ന് വരുമെന്ന് വാക്ക് പറഞ്ഞതല്ലേ????? എമിയുടെ മുഖം പരിഭവത്താൽ വീർത്തു. കുഞ്ഞു പിള്ളേരെ പോലെ ഇരുന്ന് വാശി കാണിക്കാതെ പെണ്ണേ... കല്യാണം കഴിഞ്ഞിട്ടും കുഞ്ഞു കളി കളിച്ച് നടക്കുവാ. ആ ഫോൺ മാറ്റി വെച്ചിട്ട് ദേ ഈ മരുന്ന് കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്. സ്റ്റെല്ല ടാബ്ലറ്റ് എടുത്ത് അവളുടെ കയ്യിൽ കൊടുത്ത് അവൾക്ക് നേരെ വെള്ളം നീട്ടി. ഇത് ഇതുവരെ കഴിഞ്ഞില്ലേ???? എമി അവരെ നെറ്റി ചുളിച്ചു നോക്കി. ഇന്നത്തോടെ കഴിഞ്ഞു. ഇത് കഴിക്കാൻ നോക്ക്. ഞാൻ പിന്നെ കഴിച്ചോളാം അമ്മാ... എന്നിട്ട് ഞാൻ മാറുന്ന തക്കം നോക്കി ഇത് കൊണ്ടുപോയി കളയാനല്ലേ???? മര്യാദക്ക് മരുന്ന് കഴിക്കെടീ... സ്റ്റെല്ല കണ്ണുരുട്ടിയതും മുഖം വീർപ്പിച്ചുകൊണ്ട് അവൾ ടാബ്ലറ്റ് വായിലേക്ക് ഇട്ട് വെള്ളം കുടിച്ചു വിഴുങ്ങി. ഇനി പോയി കിടന്നുറങ്ങാൻ നോക്ക്...

സമയം കുറെയായി. ഇനിയും ഇരുന്നാൽ നാളെ രാവിലെ എഴുന്നേൽക്കാൻ വൈകും. നാളെ പുലർച്ചെ ഇവിടുന്ന് പുറപ്പെടേണ്ടതാണ് എന്ന് ഓർമ്മയുണ്ടല്ലോ????? സ്റ്റെല്ല അവൾ വെള്ളം കുടിച്ച ഗ്ലാസ്സ് തിരികെ വാങ്ങിക്കൊണ്ട് പറഞ്ഞു. അതൊക്കെ ഓർമ്മയുണ്ട്. ഞാൻ നേരത്തെ എഴുന്നേറ്റോളാം. എഴുന്നേറ്റില്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് നീ വാങ്ങിക്കും. ഒരു താക്കീത് പോലെ സ്റ്റെല്ല പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി. ചുണ്ട് കൂർപ്പിച്ച് എമി അവർ പോയ വഴിയേ ഒന്നു നോക്കി മുഖം തിരിച്ചു. വീണ്ടും ഫോൺ എടുത്ത് അച്ചുവിന്റെ നമ്പറിൽ ഒരു തവണ കൂടി ട്രൈ ചെയ്തു. നിരാശ തന്നെ ആയിരുന്നു ഫലം. ഒന്നു കാൾ അറ്റൻഡ് ചെയ്താൽ എന്താ???? പരിഭവത്താൽ അവളുടെ മുഖം ചുവന്നു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി നേരെ കുരിശിങ്കലേക്ക് ആണ് പോയതെങ്കിലും വീട്ടിൽ ഒന്നു വന്നു നിൽക്കണം എന്ന് അവൾ ഒത്തിരി ആഗ്രഹിച്ചിരുന്നു. എങ്കിലും അച്ചു കൂടെ ഉണ്ടാവില്ലല്ലോ എന്ന് ഓർക്കുമ്പോൾ പിന്നിലേക്ക് വലിഞ്ഞു. അത് മനസ്സിലാക്കി അച്ചു തന്നെ ആയിരുന്നു അവളെ നിർബന്ധിച്ച് വീട്ടിൽ കൊണ്ടാക്കിയത്. ആദ്യമൊക്കെ സ്വന്തം വീട്ടിൽ എത്തിയ സന്തോഷം ആയിരുന്നെങ്കിലും അച്ചു ഇല്ലാതെ അവൾക്ക് വീർപ്പുമുട്ടി തുടങ്ങി. ജോലി തിരക്ക് കാരണം എമിക്ക് അവനെ കാണാൻ പോലും കിട്ടാതെ ആയി.

അതുകൊണ്ട് തന്നെ വൈകിട്ട് വിളിക്കുമ്പോൾ ഒരു നൂറ് പരാതികൾ അവൾക്ക് എണ്ണി നിരത്താൻ ഉണ്ടാവും. അച്ചു ചിരിയോടെ അതെല്ലാം കേട്ടിരിക്കും. രണ്ടുപേർക്കും പരസ്പരം അകന്ന് ഇരിക്കുന്നത് ഇഷ്ടമല്ലെങ്കിൽ തന്നെയും എമി വന്നതിന് ശേഷമുള്ള ജോണിന്റെയും സ്റ്റെല്ലയുടെയും സന്തോഷം ഓർത്ത് പിരിഞ്ഞിരിക്കുന്ന വിഷമം അച്ചു മറച്ചു പിടിച്ച് മനഃപൂർവം അവളെ വട്ടാക്കും. പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ടതും അക്ഷമയോടെ ഫോണിൽ നോട്ടം ഉറപ്പിച്ച് ഇരുന്ന എമി പെട്ടെന്ന് സോഫയിൽ നിന്ന് ചാടി എഴുന്നേറ്റു. മനസ്സും കാലടികളും ഒരേപോലെ മുന്നോട്ട് ചലിച്ചു. ഓടി ചെന്ന് അവൾ ഫ്രണ്ട് ഡോർ തുറന്ന് വരാന്തയിലേക്ക് ഇറങ്ങി. പ്രതീക്ഷയോടെ പോർച്ചിലേക്ക് മിഴികൾ പായിക്കവെ കാറ് പാർക്ക്‌ ചെയ്ത് ഇറങ്ങുന്ന ജോണിനെ കണ്ടതും അവളുടെ മുഖം വാടി. കണ്ണിലെ പ്രതീക്ഷ അറ്റ് വിഷാദം തെളിഞ്ഞു. അപ്പോഴേക്കും സ്റ്റെല്ലയും ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി വന്നിരുന്നു. ഇതെന്തുപറ്റി കുഞ്ഞാ ഇതുവരെ ഉറങ്ങിയില്ലേ?????? കാലിലെ ഷൂസ് അഴിച്ചിട്ട് വരാന്തയിലേക്ക് കയറവെ അയാൾ അത്ഭുതത്തോടെ എമിയെ നോക്കി. ഉറക്കം വന്നില്ല പപ്പാ... നേർത്തൊരു ചിരിയോടെ പറഞ്ഞവൾ അയാളെ നോക്കി. മാര്യേജ് ഫങ്ക്ഷൻ എങ്ങനെ ഉണ്ടായിരുന്നു ഇച്ചായാ???? സ്റ്റെല്ല ഉത്സാഹത്തോടെ തിരക്കി.

അതൊക്കെ ഗ്രാൻഡ് ആയിരുന്നു. പഴയ ഗ്യാങ്ങിലെ എല്ലാവരും ഉണ്ടായിരുന്നു. ഓരോന്ന് പറഞ്ഞ് നിന്ന് സമയം പോയത് അറിഞ്ഞില്ല. ഒരുവിധത്തിലാ അവിടുന്ന് ഊരി പോന്നത് തന്നെ. ഇവൾ മടി പറഞ്ഞത് കൊണ്ടാ അല്ലെങ്കിൽ ഞാനും കൂടി വരുമായിരുന്നു. സ്റ്റെല്ലയുടെ സ്വരത്തിൽ നിരാശ തെളിഞ്ഞു. അമ്മയ്ക്ക് പോകാമായിരുന്നില്ലേ???? ഞാൻ ഇവിടെ തനിച്ച് അല്ലല്ലോ റോണിയും ഇല്ലേ???? എന്നിട്ട് ഇപ്പൊ എന്നെ പഴി ചാരുന്നോ???? എമി മുഖം കൂർപ്പിച്ച് അവരെ നോക്കി. ഞാൻ നിന്നെ പഴി ചാരിയത് ഒന്നുമല്ല. ഇനി അതും പറഞ്ഞ് അമ്മയും മകളും തമ്മിൽ വഴക്ക് കൂടണ്ട. വന്നേ... ജോൺ എമിയേയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറി. പിന്നാലെ വാതിൽ അടച്ച് കുറ്റിയിട്ട് സ്റ്റെല്ലയും. ഞാൻ കരുതി നിങ്ങൾ എല്ലാം ഉറങ്ങി കാണുമെന്ന്. ഹാളിലേക്ക് പ്രവേശിക്കവെ അയാൾ പറഞ്ഞു. ഇച്ചായൻ വരാതെ ഞാൻ എങ്ങനാ കിടക്കുന്നത്????? സ്റ്റെല്ല പറഞ്ഞതും ജോൺ അവർക്ക് നേരെ ചിരിച്ചു. ദേ... പോവാൻ നേരം ചോദിച്ച സാധനം ഇന്നാ. പോക്കറ്റിൽ നിന്ന് എടുത്ത കിറ്റ്കാറ്റ് അയാൾ എമിയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. താങ്ക്യൂ പപ്പാ....

നേർത്തൊരു ചിരി മുഖത്ത് അണിഞ്ഞ് അവൾ അയാളുടെ കവിളിൽ മുത്തി. മുഖത്തെ ചിരിക്ക് വോൾട്ടേജ് പോരല്ലോ???? എമിയെ ഒന്നു സൂക്ഷിച്ചു നോക്കി അയാൾ നെറ്റി ചുളിച്ചു. അത് അച്ചു വരാത്തതിന്റെയാ... സ്റ്റെല്ല അത് പറഞ്ഞ് ചിരിച്ചതും അയാൾ അവളുടെ മുഖത്തേക്ക് നോക്കി. ആണോ കുഞ്ഞാ????? പിരികം ഉയർത്തി അയാൾ ചോദിച്ചതും അവൾ സങ്കടത്തോടെ തലയാട്ടി. കുറേ നേരമായി ഇച്ചായാ ഇത് തുടങ്ങിയിട്ട്. ഇത്രേം നേരം ഇവിടെ ഇരുന്ന് അച്ചുവിന്റെ ഫോണിലേക്ക് മാറി മാറി വിളി ആയിരുന്നു. പുറത്ത് കാർ വന്ന സൗണ്ട് കേട്ട് അച്ചു ആണെന്ന് കരുതിയാ ഓടിപ്പാഞ്ഞു എത്തിയത്. സ്റ്റെല്ല കൂട്ടിച്ചേർത്തു. ആഹ്... വെറുതെ അല്ല എന്നെ കണ്ട് മുഖം വാടിയത് അല്ലെ????? ചിരിയോടെയുള്ള അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ എമി നിന്നു. തിരക്ക് ആയിപ്പോയത് കൊണ്ടായിരിക്കും മോളെ വരാഞ്ഞത്. എന്ത് തിരക്ക് ആയാലും ഇന്ന് ഇങ്ങോട്ട് വരുമെന്ന് എനിക്ക് വാക്ക് തന്നതാ.... പരിഭവത്താൽ അവളുടെ ചുണ്ട് പുറത്തേക്ക് ഉന്തി. അങ്ങനെ എല്ലാം തിരക്കും ഇട്ടെറിഞ്ഞിട്ട് വരാൻ കഴിയുന്ന ഒരു പ്രൊഫഷൻ അല്ലല്ലോ അച്ചുവിന്റേത്... എന്റെ കുഞ്ഞൻ വെറുതെ അതോർത്ത് സങ്കടപ്പെടാതെ പോയി ഉറങ്ങാൻ നോക്ക്, നാളെ നമുക്ക് പള്ളിയിൽ പോവേണ്ടതല്ലേ??????

സ്നേഹത്തോടെ അവളുടെ നെറുകിൽ തലോടി അയാൾ പറഞ്ഞതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു. പോയി ഉറങ്ങിക്കോ... മരുന്ന് കഴിച്ചതല്ലേ???? ചെല്ല്.... സ്റ്റെല്ല അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി പറഞ്ഞതും എമിയൊന്ന് പുഞ്ചിരിച്ചു. ഗുഡ് നൈറ്റ് പപ്പാ, അമ്മാ... രണ്ടുപേരുടെയും കവിളിൽ ഓരോ ഉമ്മ കൊടുത്ത് അവൾ സ്റ്റെയർ കയറി മുറിയിലേക്ക് നടന്നു. വന്നപ്പോഴുള്ള ആവേശം ഒന്നും പെണ്ണിന് ഇപ്പോഴില്ല... എങ്ങനെയെങ്കിലും അച്ചുവിനെ ഒന്നു കണ്ടാൽ മതിയെന്നാ.. എമി പോയ വഴിയേ കണ്ണുകൾ പായിച്ച് സ്റ്റെല്ല ചിരിയോടെ പറഞ്ഞതും ജോണും അവർക്കൊപ്പം ചിരിച്ചു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുറിയിലേക്ക് പോയി കിടന്നിട്ടും ഉറക്കം വരാതെ അസ്വസ്ഥതയോടെ അവൾ എഴുന്നേറ്റു. പിന്നെ എന്തോ ഓർത്തെന്നത് പോലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി റോണി വരുമ്പോഴൊക്കെ അവൻ കിടക്കാറുള്ള മുറിയിലേക്ക് നടന്നു. റൂമിലെ ലൈറ്റ് അണയാത്തത് കൊണ്ട് അവൻ ഉറങ്ങിയിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി. പതിയെ ചാരി ഇട്ടിരുന്ന ഡോർ തള്ളി തുറന്ന് അവൾ അകത്തേക്ക് കയറവെ അകത്ത് നിന്ന് ഉയരുന്ന കളരാഗം കേട്ട് അവൾ വാതിൽക്കൽ തന്നെ നിന്നുപോയി. എന്റെ എല്ലാമെല്ലാമല്ലേ.... എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ.... നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ... ഞാനല്ലേ... നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക്കല്ലേ... എനിക്കല്ലേ.... 🎶 റോണി ഫോണിലൂടെ ക്യാമുകിക്ക് പ്രണയാതുരനായി പാടി കൊടുക്കുകയാണ്.

പാട്ട് കേട്ടാൽ പെറ്റ തള്ള സഹിക്കില്ല എന്ന് മാത്രം. പാട്ട് പാടുന്നവർക്ക് അറിയില്ലല്ലോ കേൾക്കുന്നവരുടെ ബുദ്ധിമുട്ട്... മറിയാമ്മ എങ്ങനെ സഹിക്കുന്നോ ആവോ?????? എമി സ്വയം ആലോചിച്ചു. എടീ... ഒരുമ്മ താടീ.... ഫോണിലൂടെ റോണി ഇരക്കുകയാണ്. എമിക്ക് ഇത് കേട്ടിട്ട് സഹിക്കുന്നില്ല... സ്വന്തം കെട്ടിയോനെ കാണാൻ പറ്റാത്ത സങ്കടത്തിൽ ഇരിക്കുമ്പോൾ ഇതൊക്കെ കണ്ടാൽ പിന്നെ കണ്ണ് കടിക്കില്ലേ???? പിന്നെ ആവട്ടെ എന്നുപറഞ്ഞ് കുറെയായി പറ്റിക്കുന്നു. ഇന്നെങ്കിലും ഒരെണ്ണം താടീ... റോണി ഫോണിലൂടെ കെഞ്ചി. എനിക്കിവിടെ പ്രാണവേദന അപ്പോഴാ അവന്റെ ഒരു സൊള്ളൽ... നിനക്ക് ഉമ്മ വേണമല്ലേ???? ശരിയാക്കി താരാടാ... തലയാട്ടി പറഞ്ഞുകൊണ്ട് അവൾ ബെഡിലേക്ക് ചാടി കയറി നിമിഷനേരം കൊണ്ട് റോണിയുടെ കാതിൽ ഇരുന്ന ഫോൺ കാണിക്കലാക്കി റോണിയുടെ വാ പൊത്തി പിടിച്ചു. ഉമ്മ കൊടുപ്പും ബേബി സെറ്റ് വാങ്ങിക്കലും എല്ലാം കെട്ട് കഴിഞ്ഞിട്ട് മതി. ഇവന്റെ അസുഖത്തിനുള്ള മരുന്ന് ഞാൻ കൊടുത്തോളാം മോൾ പോയി ചാച്ചിക്കൊ.... എമി ഫോണിലൂടെ പറഞ്ഞതും മറുവശത്ത് മറിയാമ്മയുടെ പതിഞ്ഞ ചിരി ഉയർന്നു. എമി ചേച്ചിക്ക് നല്ല അപാര ടൈമിംഗ് ആണ്. കൃത്യ സമയത്ത് എന്നെ വന്ന് രക്ഷിച്ചു. താങ്ക്സ് മുത്തേ.... ഓഹ്.... വരവ് വെച്ചിരിക്കുന്നു. അപ്പൊ ഗുഡ് നൈറ്റ്....

ശരിയെടീ ഗുഡ് നൈറ്റ്.... ചിരിയോടെ മറുപടി കൊടുത്ത് എമി കോൾ കട്ട്‌ ചെയ്തുകൊണ്ട് റോണിയിൽ നിന്ന് കൈ പിൻവലിച്ചു. ദുഷ്ടേ... രാക്ഷസീ... മരപ്പട്ടീ.... നിനക്ക് കുറച്ചു കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ???? ഇച്ചിരി ഇരന്നെങ്കിലും ഞാൻ ഒരുമ്മ വാങ്ങി എടുത്തേനേ... എല്ലാം കൊണ്ടുപോയി കളഞ്ഞില്ലേ സാമദ്രോഹീ.... റോണി അവൾക്ക് നേരെ പല്ല് കടിച്ചു. അങ്ങനെ ഇപ്പൊ നീയൊക്കെ ഉമ്മിച്ചു സുഹിക്കണ്ട... എമി പുച്ഛത്തോടെ ചിറി കോട്ടി. നീയും നിന്റെ കെട്ട്യോനും കൂടി കല്യാണത്തിന് മുന്നേ ഉമ്മിച്ചപ്പോഴും മതിൽ ചാടി വന്ന് മാല അടിച്ചോണ്ട് പോയപ്പോഴും എല്ലാം ഞാൻ കട്ടുറുമ്പ് ആയിട്ട് ഇടയിൽ കയറിയിട്ട് ഉണ്ടോടീ???? അന്തസ്സ് വേണമെടീ അന്തസ്സ്.... റോണി കത്തി കയറുകയാണ്. എനിക്ക് അന്തസ്സ് ഇച്ചിരി കുറവാണെന്ന് കൂട്ടിക്കോ... ഇവിടെ മനുഷ്യൻ സ്വന്തം കെട്ട്യോനെ ഒന്നു നേരിൽ കണ്ടിട്ട് ഒരാഴ്ച്ചയായി. ദേഷ്യത്തോടെയാണ് എമി പറഞ്ഞതെങ്കിലും ഉള്ളിലെ നോവിനാൽ അവളുടെ സ്വരം ഇടറി പോയിരുന്നു. റോണിക്ക് അത് കേൾക്കുമ്പോഴാണ് അവളുടെ പ്രശ്നം മനസ്സിലാവുന്നത്. അവൻ ഒരു ചിരിയോടെ അവളെ നോക്കി. അളിയനെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ????? അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവൾ ബെഡിലേക്ക് കിടന്നു.

എമിയുടെ വാടിയ മുഖം കണ്ട് റോണിയും അവൾക്കരികിലായി കിടന്നു. എടീ... അങ്ങേർക്ക് ജോലിതിരക്ക് കാണുമെടീ... എമിയെ കെട്ടിപിടിച്ചു കിടന്നവൻ അവളുടെ കവിളിൽ തഴുകി പറഞ്ഞു. എന്നെ ഒന്നു കാണാൻ വരാൻ കഴിയാത്ത അത്ര തിരക്കല്ലേ????? ഈ നാട്ടിൽ അങ്ങേര് മാത്രേ പോലീസ് ആയിട്ടുള്ളോ????? ദേഷ്യവും സങ്കടവും എല്ലാം അവളുടെ വാക്കുകളിൽ പ്രതിധ്വനിച്ചു. എല്ലാ പോലീസുകാരുടെ ഭാര്യമാർക്കും ഇത് തന്നെ സ്ഥിരം ഡയലോഗ്. ചിരിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞു കിടന്നു. എന്തുകൊണ്ടോ അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. നെഞ്ചിൽ നിന്ന് ഒരു നോവ് പൊട്ടിപ്പുറപ്പെട്ട് ദേഹമാകെ വ്യാപിക്കുന്നത് പോലെ... കണ്ണുകൾ നിറഞ്ഞു തുടങ്ങിയതും കൺപോളകൾ മുറുകെ അടച്ച് അവൾ പില്ലോയിൽ മുഖം അമർത്തി വെച്ചു. ഉള്ളിലെ നീറ്റൽ വീര്യം കുറയാതെ എരിഞ്ഞു. മരുന്നിന്റെ മയക്കം മിഴികളെ മൂടിയതും പതിയെ മയക്കത്തിലേക്ക് അവൾ വഴുതി വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കണ്ണിലേക്ക് നേർത്ത സൂര്യ രശ്മികൾ അടിച്ചതും മുഖം ചുളിച്ചവൾ വളരെ പണിപ്പെട്ട് കണ്ണുകൾ വലിച്ച് തുറന്നു. പാതി തുറന്ന ജനൽപാളികളിൽ കണ്ണുകൾ എത്തിയതും അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. കിടക്കുന്നതിന് മുന്നേ ഇവന് ഈ ജനൽ ഒന്നു അടച്ച് ഇട്ടൂടെ?????

ഈർഷ്യയോടെ പറഞ്ഞവൾ അടുത്ത് കിടക്കുന്ന റോണിയെ നോക്കി. മുഖത്തേക്ക് വെയിൽ അടിക്കാതിരിക്കാൻ തലവഴി പുതപ്പിട്ട് കിടക്കുന്നവനെ കണ്ട് അവൾക്ക് അരിശം വന്നിരുന്നു. അവന്റെ നടുവിന് നോക്കി ചവിട്ടാൻ കാല് ഉയർത്തുമ്പോഴാണ് താൻ ഇപ്പോൾ ആരുടെയോ കരവലയത്തിനുള്ളിലാണ് കിടക്കുന്നത് എന്ന മനസ്സിലാവുന്നത്. വയറിൽ മുറുകിയ കൈകളും പിൻകഴുത്തിൽ അടിക്കുന്ന നിശ്വാസങ്ങളും ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. അവിശ്വസനീയതയോടെ മുഖം ചരിച്ച് നോക്കവെ തന്നെ ചുറ്റിപ്പിടിച്ച് കിടന്ന് സുഖമായി ഉറങ്ങുന്ന അച്ചുവിനെ കണ്ട് അവളുടെ മിഴികൾ വിടർന്നു. സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന സംശയത്താൽ അവൾ കണ്ണുകൾ അമർത്തി തിരുമി നോക്കി. ഇല്ല.... സ്വപ്നമല്ല.... സന്തോഷത്തോടെ പറഞ്ഞവൾ അവന് നേർക്ക് തിരിഞ്ഞു കിടന്നു. ഇതെപ്പൊ വന്നു?????? അതിശയത്തോടെ ചിന്തിച്ച് അവൾ അച്ചുവിനെ നോക്കി. അവൻ അപ്പോഴും നല്ല ഉറക്കത്തിലാണ്. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം ഉള്ളിൽ കുമിഞ്ഞു കൂടുന്നത് അവൾ അറിഞ്ഞു. കൈകൾ ഉയർത്തി അവനെ ചുറ്റിപ്പിടിച്ച് എമി അവന്റെ നെഞ്ചിലേക്ക് കവിൾ ചേർത്ത് വെച്ചു. പൊതിഞ്ഞു പിടിച്ച കൈകൾക്ക് മുറുക്കം ഏറുന്നത് അവൾ അറിഞ്ഞു. നെറുകിൽ അച്ചുവിന്റെ അധരങ്ങളുടെ ചൂട് അറിഞ്ഞതും അവൾ മുഖം ഉയർത്തി നോക്കി.

ചിരിയോടെ തന്നെ നോക്കി കിടക്കുന്നവനെ കാൺകെ ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു പിണക്കം തല ഉയർത്തുന്നത് അവൾ അറിഞ്ഞു. പോ... എന്നെ തൊടണ്ട.... വാക്ക് തന്നിട്ട് എന്നെ പറ്റിച്ചില്ലേ???? ചുണ്ട് കൂർപ്പിച്ച് അവൾ പരാതി പറഞ്ഞു. അച്ചുവിന് അത് കേട്ട് ചിരിയാണ് വന്നത്. അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് കിടന്നാണ് ഈ തൊടണ്ട പിടിക്കണ്ട എന്നൊക്കെ പറയുന്നത്. എന്നാത്തിനാ ഇത്ര ചിരിക്കുന്നത്???? ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവപ്പിച്ചു. ചിരിക്കാതെ പിന്നെ???? എന്നെ ഒട്ടിപ്പിടിച്ച് കിടന്നിട്ട് ആണോടീ തൊടരുത് എന്ന് പറയുന്നത്????? ഞാൻ തൊടില്ല എന്നല്ലല്ലോ പറഞ്ഞത് എന്നെ തൊടണ്ട എന്നല്ലേ പറഞ്ഞത്???? ചുണ്ട് കോട്ടി അവൾ പറഞ്ഞതും അച്ചു അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് അവളുടെ കവിളിൽ ചുണ്ട് ചേർത്തു. തൊടണ്ടാന്ന് അല്ലെ പറഞ്ഞത്.... എമി ദേഷ്യം നടിച്ചു. തൊട്ടില്ലല്ലോ ഉമ്മ വെച്ചല്ലേ ഉള്ളൂ???? അച്ചു അവൾക്ക് നേരെ കണ്ണിറുക്കി. എമി അവനെ തുറിച്ചു നോക്കി. ഞാൻ തന്ന വാക്ക് അതേപോലെ പാലിച്ചു. കുറച്ച് വൈകി എങ്കിലും ഇന്നലെ തന്നെ ഞാൻ ഇവിടെ എത്തിയതാണ്. നീ ഉറങ്ങി പോയത് എന്റെ കുഴപ്പം കൊണ്ടാണോ????? അച്ചു ചോദിച്ചതും എമി ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി. ഇന്നലെ എത്ര നേരം ഞാൻ നോക്കി ഇരുന്നെന്ന് അറിയോ???? എത്ര തവണ ഞാൻ ഫോണിൽ വിളിച്ചു, എന്നിട്ട് എന്നെ ഇപ്പൊ കുറ്റം പറയുന്നോ???? ഇന്നലെ ഫോൺ വീട്ടിൽ മറന്ന് വെച്ചാണ് സ്റ്റേഷനിലേക്ക് പോയത്, തിരികെ വന്നപ്പൊ ലേറ്റ് ആയി.

ഫോൺ എടുത്തു നോക്കാൻ ഒന്നും സമയം കിട്ടിയില്ല ധൃതിയിൽ ഫോൺ എടുത്ത് നേരെ ഇങ്ങോട്ട് പോരുകയായിരുന്നു. ഇവിടെ വന്നു കഴിഞ്ഞപ്പോഴാണ് മിസ്സ്‌ കോൾ എല്ലാം കാണുന്നത്. പിന്നെ വിളിക്കേണ്ട ആവശ്യമില്ലല്ലോ... നീ കുറേ നേരം കാത്തിരുന്നു എന്ന് അമ്മ പറഞ്ഞു. അത് കേട്ട് മുറിയിൽ വന്നു നോക്കിയപ്പോൾ അവിടെ നിന്റെ പൊടി പോലുമില്ല. അവിടെ ഇല്ലാത്ത സ്ഥിതിക്ക് പിന്നെ ഇവിടെ കാണും എന്ന് ഉറപ്പായിരുന്നു വന്നു നോക്കിയപ്പോൾ ദേ ഇവനെയും കെട്ടിപ്പിടിച്ച് കിടന്ന് നീ നല്ല ഉറക്കം. ഉറങ്ങി കിടക്കുന്ന നിന്നെ ശല്യം ചെയ്യാൻ തോന്നിയില്ല അതുകൊണ്ട് നേരെ കയറി നിന്നെ കെട്ടിപിടിച്ചു കിടന്നു. അച്ചു വിസ്തരിച്ചു പറഞ്ഞു നിർത്തിയതും വീർപ്പിച്ചു വെച്ച അവളുടെ മുഖത്തിന്‌ ഒരു അയവ് വന്നു. ഒത്തിരി നേരം എന്നെയും കാത്തിരുന്നോ???? എമിയുടെ മുടിയിഴകൾ ഒതുക്കി വെച്ചുകൊണ്ട് അവൻ ചോദിച്ചു. പിന്നല്ലാതെ... വാക്ക് പറഞ്ഞ സ്ഥിതിക്ക് എന്നതായാലും ഇച്ചായൻ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, പക്ഷെ കാണാഞ്ഞപ്പോൾ ഞാൻ കരുതി എന്നെ പറ്റിച്ചെന്ന്. സ്വരം താഴ്ത്തി പറഞ്ഞുകൊണ്ട് അച്ചുവിന്റെ ഷർട്ടിലെ ബട്ടണിൽ പിടിച്ചു വലിച്ച് അവൾ അവന്റെ പുറത്തേക്ക് കൈ ചേർത്ത് വെച്ച് കിടന്നു. അച്ചു പതിയെ അവളുടെ മൂക്കിൻതുമ്പിൽ ചുണ്ട് ചേർത്തു. അളിയോ... അതിക്രമം ഒന്നു കാണിച്ചേക്കല്ലേ ഒരു പിഞ്ചു ബാലൻ ഇവിടെ കിടപ്പുണ്ട്... റോണി പുതപ്പിനുള്ളിൽ നിന്ന് തല ഉയർത്തി പറഞ്ഞു.

ഉറക്കം കഴിഞ്ഞെങ്കിൽ പിന്നെ സീൻ പിടിക്കാൻ നിൽക്കാതെ എഴുന്നേറ്റ് പോടേ.... ഞാൻ എന്തിന് പോണം ഇതെന്റെ മുറിയാണ് മിഷ്ടർ... റോണിയും വിട്ടുകൊടുത്തില്ല. അതിനിവിടെ പ്രസക്തിയില്ല... മിണ്ടാതെ ഏറ്റു പോടാ.... എമി അവന് നേരെ ചുണ്ട് കോട്ടി പറഞ്ഞു. ഇന്നലെ ഉമ്മ, ഇന്ന് ദേ കിടപ്പാടം.... സമ്മിതിക്കില്ലെടീ... രണ്ടിനെയും അങ്ങനെ സ്വസ്ഥമായി റൊമാൻസിക്കാൻ ഞാൻ സമ്മതിക്കില്ല.. പ്രതികാരദാഹിയായി പറഞ്ഞുകൊണ്ട് റോണി എഴുന്നേറ്റ് അവർക്ക് രണ്ടിനും ഇടയിലേക്ക് നൂണ്ടു കയറി. പിന്നെ പരസ്പരം അടിയായി തൊഴിയായി. ബഹളം കേട്ട് സ്റ്റെല്ല എത്തിയതും എമിയും അച്ചുവും നൈസായി മുങ്ങി. റോണി വഴക്ക് എല്ലാം വെറുംവയറ്റിൽ കേട്ടു ബോധിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ക്രൂശിത രൂപത്തിന് മുന്നിൽ കണ്ണുകൾ അടച്ച് കൈകൂപ്പി നിൽക്കുമ്പോൾ എമിയുടെ ഉള്ള് വല്ലാതെ ശൂന്യമായിരുന്നു. എണ്ണിപ്പെറുക്കി നിരത്താൻ ഒന്നും തന്നെയില്ല... ജെറിയുടെ കേസിന്റെ വിധി വരുന്ന ദിവസം തന്നെ ജെറിയുടെ കല്ലറയ്ക്കൽ എത്തണം എന്നത് എമിയുടെ ആഗ്രഹം ആയിരുന്നു. അതിൻപ്രകാരം ആയിരുന്നു പാലായിൽ ജെറിയെ അടക്കം ചെയ്ത പള്ളിയിൽ എത്തിയത്. കുർബാനയ്ക്ക് ഇടയിൽ പലരും നോക്കുന്നതും എന്തൊക്കെയോ അടക്കം പറയുന്നതും എല്ലാം അവൾ ശ്രദ്ധിച്ചിരുന്നു.

എങ്കിലും ശ്രദ്ധിക്കാതെ നിന്നു. എല്ലാവരും പള്ളി വിട്ടുപോയി എന്ന് ഉറപ്പായതും അവൾ കുരിശ് വരച്ച് എഴുന്നേറ്റു. വാതിൽക്കൽ അച്ചു അവളെയും കാത്ത് നിൽപ്പുണ്ടായിരുന്നു. എമി നടന്ന് അവന് അരികിൽ എത്തി. ജെറിയുടെ കേസിന്റെ വിധി വന്നു. ചെയ്ത കുറ്റങ്ങളുടെ ആഴം കണക്കിലെടുത്ത് ഡോക്ടർ ഉൾപ്പെടെ മൂന്നുപേർക്ക് വധശിക്ഷ വിധിച്ചു. കൂട്ടുനിന്നവർക്ക് ജീവപര്യന്തം തടവ്. അച്ചു പറഞ്ഞു നിർത്തിയതും എമി മുഖമുയർത്തി അവനെ നോക്കി. അപ്പൊ എന്റെ ജെറിച്ചന് നീതി കിട്ടിയല്ലേ?????? ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചു. മറുപടി പറയാതെ അച്ചു അവളുടെ കയ്യിൽ കോർത്തു പിടിച്ചു. അച്ചുവിന്റെ കൈ പിടിച്ച് അവൾ കല്ലറയിലേക്ക് നടന്നു. ജെറിയുടെ കല്ലറയ്ക്കൽ മുട്ടുകുത്തി നിൽക്കുമ്പോൾ എമിയുടെ മനസ്സിൽ അത്രയും ഓർമ്മകളുടെ കൂമ്പാരം ആയിരുന്നു. തികട്ടി വന്ന ഓർമ്മകളിൽ അവൾ കണ്ണുകൾ ഇറുകെ അടച്ചു, അവസാനമായി ഒരു തുള്ളി കണ്ണുനീർ ജെറിയുടെ കല്ലറയ്ക്കൽ വീണുടഞ്ഞു. സൂര്യന്റെ കത്തുന്ന വെയിലിൽ അത് തിളങ്ങി... പിന്നെ ഉപ്പായി വറ്റി വരണ്ടു... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story