ഹൃദയതാളമായ്: ഭാഗം 205

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഞെട്ടലോടെ അവൾ കണ്ണുകൾ ഉയർത്തി നോക്കവെ അച്ചു ഡോർ വലിച്ച് തുറന്ന് പുറത്തേക്ക് പോയിരുന്നു. ഹൃദയത്തിൽ നിന്നൊരു ഏങ്ങൽ ഉയർന്ന് വരുന്നത് അവൾ അറിഞ്ഞു. മിഴികൾ നിറഞ്ഞു തൂവി... കണ്ണുനീർ കാഴ്ചകൾക്ക് മങ്ങൽ ഏൽപ്പിച്ചതും പുറംകൈ കൊണ്ട് അവ തുടച്ചു നീക്കി ബെഡിൽ നിന്ന് ഇറങ്ങി അവൾ അച്ചുവിന് പിറകെ ഇറങ്ങി. സ്റ്റെയറിന് സമീപം എത്തവെ കണ്ടു മെയിൻ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നവനെ. ഇച്ചായാ...... ഞെട്ടലോടെ അവളൊന്ന് വിളിച്ചു. എന്നാൽ അതവന്റെ ചെവിയിൽ എത്തിയില്ല. ധൃതിയിൽ പടികൾ ഓടിയിറങ്ങി പുറത്തെ വരാന്തയിലേക്ക് ഓടി എത്തിയതും അച്ചു ബുള്ളറ്റ് എടുത്ത് പോയി കഴിഞ്ഞിരുന്നു. വാതിൽക്കലെ തൂണിൽ പിടിച്ചവൾ അണച്ചുപോയി. കണ്മുന്നിൽ നിന്ന് അവൻ മറയുന്നത് നിറകണ്ണുകളോടെ അവൾ നോക്കി നിന്നു. കാലുകൾക്ക് ബലം നഷ്ടപ്പെടുന്നത് പോലെ... തൂണിൽ പിടിച്ചിരുന്ന കൈകൾ അയഞ്ഞതും നിലത്തേക്ക് അവൾ ഇരുന്നുപോയി. ആദ്യമായാണ് ഇങ്ങനെ ഒന്ന്... ഇന്നേവരെ താനുമായി വഴക്കിട്ട് അവൻ വീട് വിട്ട് പോയിട്ടില്ല. പക്ഷെ ഇന്ന്... അവൾക്ക് കരച്ചിൽ വന്നുപോയി. പറഞ്ഞു പോയ വാക്കുകൾ അവനെ അത്രത്തോളം വേദനിപ്പിച്ചു എന്ന സത്യം വീണ്ടും വീണ്ടും അവളെ കുത്തിനോവിച്ചു. വേണ്ടിയിരുന്നില്ല... ഒന്നും വേണ്ടിയിരുന്നില്ല... എന്തിനായിരുന്നു ഇതൊക്കെ???? പറഞ്ഞു പോയവ ഒന്നും തിരിച്ചെടുക്കാൻ കഴിയില്ല എന്ന് അറിയാവുന്നതല്ലേ????

എന്നിട്ടും വെറുതെ എന്തിന് വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചു????? എമിക്ക് വല്ലാത്ത കുറ്റബോധം തോന്നി. നെഞ്ചിൽ ഭാരം കുമിഞ്ഞു കൂടി. കണ്ണും മനസ്സും ഒരുപോലെ നീറി പുകഞ്ഞു. കരച്ചിൽ അടക്കാൻ കഴിയാതെ മുഖം പൊത്തി അവൾ തേങ്ങി. പുറത്തെ ഇരുട്ടിന്റെ ഭീകരതയോ തണുപ്പിന്റെ കാഠിന്യമോ ഒന്നും അവളെ അലട്ടിയില്ല. ചെവിയിൽ അത്രയും അച്ചുവിന്റെ വാക്കുകൾ ആയിരുന്നു ആവർത്തിച്ച് ആവർത്തിച്ച് മുഴങ്ങികേട്ടത്. മടക്കിവെച്ച മുട്ടുകാലിന്മേൽ മുഖം അമർത്തി വെച്ചവൾ ഏങ്ങി കരഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ലക്ഷ്യമില്ലാതെ എങ്ങോട്ടോ നീങ്ങുമ്പോൾ അച്ചുവിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ദേഷ്യമാണോ വേദനയാണോ ഉള്ളിൽ തോന്നുന്ന വികാരം എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ആൾതിരക്ക് ഇല്ലാത്ത പാതയോരത്ത് അവൻ വണ്ടി ഒതുക്കി നിർത്തി ഇറങ്ങി. ബൈക്കിൽ ചാരി നിന്ന് ഭാരപ്പെട്ട ചിന്തളാൽ ഇരുട്ടിലേക്ക് നോക്കി നിന്നു. അവൾക്ക് വേണ്ടി ആയിരുന്നില്ലേ എല്ലാം???? നിർബന്ധിച്ച് പഠിക്കാൻ അയച്ചതും ഒരു ജോലി കിട്ടുന്നത് വരെ ഒന്നും വേണ്ട എന്ന് തീരുമാനിച്ചതും എല്ലാം അവൾക്ക് വേണ്ടി തന്നെ ആയിരുന്നില്ലേ???? ഒരിക്കലും ആഗ്രഹമില്ലാഞ്ഞിട്ടല്ല... തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ആരെയും ആശ്രയിക്കേണ്ട അവസ്ഥ അവൾക്ക് വരാതിരിക്കാനായിരുന്നു എല്ലാം. ആർക്ക് മുന്നിലും ഒന്നിന് വേണ്ടിയും കൈനീട്ടേണ്ടി വരുന്ന ഒരു ഗതികേട് അവൾക്ക് ഉണ്ടാവരുത്.

ആ ചിന്ത ഒന്നുകൊണ്ട് മാത്രമാണ് ആഗ്രഹിച്ചിട്ടും അതൊക്കെ മനസ്സിൽ അടക്കിയത്. ഒരു കുഞ്ഞ് ആകാത്തതിന്റെ പേരിൽ അവൾക്ക് നേരെയുള്ള നെറ്റിച്ചുളിച്ചുള്ള നോട്ടവും ഒളിഞ്ഞും തെളിഞ്ഞുമുള്ള സംസാരങ്ങളും എല്ലാം പലകുറി ശ്രദ്ധിച്ചിട്ടുണ്ട്. അതൊക്കെ അവളെ എത്രമാത്രം വേദനിപ്പിച്ചിരുന്നു എന്നും അറിയാം. അനുവും നിവിയും എല്ലാം കുഞ്ഞിനെ കൊഞ്ചിച്ചു നടക്കുമ്പോൾ കൊതിയോടെ അതിലേറെ നിരാശയോടെ അവൾ നോക്കി നിൽക്കുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. എന്നിട്ടും അതെല്ലാം കണ്ടില്ല എന്ന് നടിച്ചത് അവൾക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാവാൻ ആയിരുന്നു. എന്നാൽ ഇന്ന്... ചെയ്തത് മുഴുവൻ അവളുടെ ഒരൊറ്റ വാക്കിൽ അർത്ഥശൂന്യമായത് പോലെ... നിരാശയും ദേഷ്യവും വേദനയും എല്ലാം കലർന്നൊരു അവസ്ഥയിൽ ആയിരുന്നു അവൻ അന്നേരം. റോഡിൽ കിടന്നിരുന്ന കാലിക്കുപ്പി ദേഷ്യത്തിൽ അവൻ കാൽ കൊണ്ട് തട്ടി തെറിപ്പിച്ചു. വലതുകൈ ഉയർത്തി മുടിയിൽ കോർത്തു വലിച്ച് വിദൂരതയിലേക്ക് അവൻ നോക്കി നിന്നു. മനസ്സ് കലുഷിതമാണ്. ദിശതെറ്റി കാട് കയറുന്ന ചിന്തകളിൽ ഉഴറി അവൻ നിന്നു. പെട്ടെന്ന് എന്തോ ഓർത്തെന്നത് പോലെ അവനൊന്ന് ഞെട്ടി. പോക്കറ്റിൽ തപ്പി നോക്കവെ ഫോൺ എടുത്തിട്ടില്ല എന്ന് തിരിച്ചറിഞ്ഞതും അവൻ നെറ്റിയിൽ കൈ അടിച്ചു. ധൃതിയിൽ തിരികെ ബുള്ളറ്റിലേക്ക് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് തിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഗേറ്റ് കടന്ന് അച്ചുവിന്റെ ബുള്ളറ്റ് അകത്തേക്ക് കയറുമ്പോൾ വരാന്തയിലെ അരണ്ട വെളിച്ചത്തിൽ ഇരിക്കുന്ന രൂപത്തെ അവൻ കണ്ടു. അതാരാണ് എന്ന് മനസിലാക്കാൻ അവന് അധികനേരം വേണ്ടി വന്നില്ല. വണ്ടിയുടെ ഇരമ്പൽ കേട്ടാവണം അവൾ പ്രതീക്ഷയോടെ മുഖമുയർത്തി നോക്കി. അച്ചു അപ്പോഴേക്കും വണ്ടി പാർക്ക്‌ ചെയ്ത് ഇറങ്ങിയിരുന്നു. എമി നിറഞ്ഞൊഴുകുന്ന മിഴികളോടെ അവനെ നോക്കി. കലങ്ങി ചുവന്ന കണ്ണുകളും നിർത്താൻ കഴിയാത്ത വിധം ഉയർന്ന ഏങ്ങലടിയിൽ നിന്നും അവൾ എത്രമാത്രം കരഞ്ഞു എന്ന് വ്യക്തമായിരുന്നു. അതുവരെ ഉള്ളിൽ തോന്നിയ ചെറിയൊരു ദേഷ്യം പോലും അവളുടെ കണ്ണുനീരിന് മുന്നിൽ ഒന്നുമല്ലാതായി തീർന്നു. അച്ചു അവളെ നോക്കി ഒന്നു നിശ്വസിച്ചു. പതിയെ അവൾക്ക് അരികിലേക്ക് ചുവട് വെച്ച് പടികൾ കയറി അവൾക്ക് മുന്നിലായി മുട്ടുകുത്തി നിന്നു. എമീ..... വിളിച്ച് അവൻ പൂർത്തിയാക്കും മുന്നേ അവൾ ഏങ്ങലടിച്ച് കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു. സോറി.... ഞാൻ... ഞാൻ പെട്ടെന്നുള്ള വിഷമത്തിൽ പറഞ്ഞു പോയതാ... ഇച്ചായനെ വേദനിപ്പിക്കും എന്ന് കരുതിയില്ല... സോറി.... പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ അവൾ തേങ്ങി. കണ്ണുനീർ വീണ് അവന്റെ ഷർട്ട്‌ നനഞ്ഞു. അച്ചു അവളെ പൊതിഞ്ഞ് നെഞ്ചിലേക്ക് ചേർത്തു. കരയാതെടീ.... മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ച് അച്ചു അവളെ ആശ്വസിപ്പിച്ചു. എന്നോട് ദേഷ്യമല്ലേ?????

കരഞ്ഞുകൊണ്ട് അവൾ അവനെ മുഖമുയർത്തി നോക്കി. എന്നാര് പറഞ്ഞു????? എനിക്കറിയാം... അതുകൊണ്ടല്ലേ എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ ഇറങ്ങി പോയത്. ഏങ്ങി കൊണ്ട് അവൾ പറഞ്ഞു നിർത്തി. അച്ചു ഒന്നും പറയാതെ അവളുടെ കരഞ്ഞു വീർത്ത മുഖത്തേക്ക് നോക്കി. ഇച്ചായന് ഞാൻ ഇപ്പൊ ശല്യം അല്ലെ???? വിതുമ്പി കൊണ്ടവൾ എണ്ണിപ്പെറുക്കി അവൾ നിരത്തുന്നത് കാൺകെ അവന് ചിരി വന്നു. ആണെങ്കിൽ?????? ചുണ്ടിൽ ഉതിർന്ന ഒരു ചിരിയോടെ അവൻ ചോദിച്ചു. അത് കേട്ടതോടെ കരച്ചിൽ ഒന്നുകൂടി കൂടി. ഏങ്ങലടികൾ കുറച്ചുകൂടി ഉച്ചത്തിലായി. എങ്കിൽ എന്നെ എന്റെ വീട്ടിൽ കൊണ്ടുപോയി ആക്കിക്കോ... ആർക്ക് ശല്യമായാലും എന്റെ പപ്പയ്ക്ക് ഞാൻ ശല്യം ആവില്ല. വിതുമ്പുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അവൾ പറഞ്ഞു. അപ്പൊ എന്നെ വിട്ടിട്ട് നീ പോകുവോ???? അച്ചു അവളെ നോക്കി ചോദിച്ചു. ഞാൻ ശല്യമല്ലേ???? പിന്നെന്തിനാ ഞാൻ ഇവിടെ നിൽക്കുന്നത്???? എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട... വാശിയോടെ പറയുമ്പോഴും കണ്ണുകൾ നിർത്താതെ പെയ്തിരുന്നു. പിന്നെന്തിനാ കരയുന്നത്????? ചിരിയോടെ അച്ചു അവളുടെ കണ്ണിലേക്ക് നോക്കി. ഞാൻ കരയില്ല... ഞാൻ എന്തിനാ കരയുന്നത്???? ഞാൻ കരയില്ല. പുറം കൈ കൊണ്ട് മുഖം തുടച്ചവൾ വാശിയോടെ പറഞ്ഞു.

എങ്കിലും കണ്ണുകൾ അവളുടെ അനുവാദം കൂടാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അനുസരണയില്ലാതെ പെയ്യുന്ന മിഴികളോട് അവൾക്ക് ദേഷ്യം തോന്നി. അച്ചു അവളെ തന്നെ നോക്കി ഇരുന്നു. വിതുമ്പുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ച് കരച്ചിൽ അടക്കാൻ പാട് പെടുന്നവളെ കണ്ട് അവന് പാവം തോന്നി. അച്ചു കൈകൾ നീട്ടി അവളെ ചുറ്റിപ്പിടിച്ചു. വിട്.... എന്നെ തൊടണ്ട... ഞാൻ... ഞാൻ ശല്യമല്ലേ???? പോ... എന്നെ തൊടണ്ട.... കരഞ്ഞുകൊണ്ട് അവനെ തട്ടിയും അടിച്ചും എല്ലാം മാറ്റാൻ അവൾ ശ്രമിച്ചു. അടങ്ങി ഇരിക്കെടീ പൊടിക്കുപ്പീ.... അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അവളെ അടക്കി ഇരുത്താൻ നോക്കി അവൻ പറഞ്ഞു. അവൾ വീണ്ടും അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചതും അച്ചു അവളെ കോരിയെടുത്ത് മടിയിലേക്ക് ഇരുത്തി. വിടെന്നെ.... വിടാൻ.... കയ്യും കാലും ഒക്കെയിട്ട് അടിച്ച് അവൾ ബഹളം തുടങ്ങി. കുറച്ച് കയ്യിട്ടടിക്കലും ബഹളവും എല്ലാം കഴിഞ്ഞതും തളർന്ന് അവൾ അവന്റെ നെഞ്ചിലേക്ക് ചാരി. അച്ചു അവളെ പൊതിഞ്ഞു പിടിച്ചു. എമീ...... പതിയെ അവനൊന്ന് വിളിച്ചു. അവൾ മറുപടി പറഞ്ഞില്ല. എമീ..... വീണ്ടും ഒരിക്കൽ കൂടി അവൻ വിളിച്ചു. വീണ്ടും മൗനം. ഡീ പൊടിക്കുപ്പീ.... മറുപടിയായി നിറഞ്ഞ കണ്ണുകൾ ഉയർത്തി അവൾ അവനെ നോക്കി. വാക്കുകൾ... ചിലപ്പോൾ ദേഷ്യത്തിലോ തമാശയ്ക്കോ ഒക്കെ പറഞ്ഞു പോവുന്നത് ആവാം, പക്ഷെ അത് മറ്റൊരാളിൽ ചെലുത്തുന്ന സ്വാധീനം അത് നമ്മൾ കരുതിനേക്കാൾ അപ്പുറം ആയിരിക്കും. ഇന്ന് നീ നിന്റെ സങ്കടത്തിന്റെയും ദേഷ്യത്തിന്റെയും പുറത്ത് പറഞ്ഞത് ആയിരിക്കും അതെല്ലാം പക്ഷെ അത് എന്നെ ആകെ അസ്വസ്ഥനാക്കി. ദേഷ്യവും വേദനയും ഒക്കെകൂടിയുള്ള ഒരു അവസ്ഥ.

നീ ഒന്നും മനസ്സിൽ വെച്ചുകൊണ്ട് പറഞ്ഞതല്ല എന്ന ബോധ്യം എനിക്കുണ്ട്. പക്ഷെ മനസ്സിൽ എവിടെയോ അത് നന്നായി അങ്ങ് കൊണ്ടു. ആ ഒരു അവസ്ഥയിൽ ഇവിടെ നിൽക്കാൻ തോന്നിയില്ല. അതാ നിന്നോട് ഒന്നു പറയാതെ പോലും ഞാൻ ഇറങ്ങി പോയത്. അച്ചു പറഞ്ഞു നിർത്തിയതും അവളുടെ മിഴികൾ ഒന്നുകൂടി നിറഞ്ഞൊഴുകി. കുറച്ച് മുന്നേ തമാശയ്ക്ക് ആണെങ്കിലും ഞാൻ പറഞ്ഞത് നിന്നെ വേദനിപ്പിച്ചില്ലേ???? അതുകൊണ്ടല്ലേ നീ കരഞ്ഞതും പ്രതിഷേധിച്ചതും എല്ലാം. അതുപോലെ നീ പറഞ്ഞതും എന്നെ വേദനിപ്പിച്ചു. അച്ചു ശാന്തമായി അവളെ പറഞ്ഞു മനസ്സിലാക്കി. അവന്റെ വാക്കുകളിൽ നിന്ന് തന്നെ അറിയാതെ പറ്റിപ്പോയ തെറ്റിന്റെ ആഴം അവൾ അറിയുകയായിരുന്നു. കുറ്റബോധവും ദുഃഖവും എല്ലാം അവളെ പിടിമുറുക്കി. പറഞ്ഞു പോയതിന് ശേഷമാണ് വാക്കുകൾ കടുത്തുപോയി എന്ന് ബോധ്യമായത്. അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഓടി വന്നത്. അപ്പോഴേക്കും ഇച്ചായൻ ഇവിടുന്ന് പോയി. എനിക്കറിയാം ഇച്ചായൻ ചെയ്തതാണ് ശരിയെന്ന്. അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തത് കൊണ്ടാണ് ഇന്ന് എനിക്ക് സ്വന്തമെന്ന് പറയാൻ ഒരു ജോലി ഉള്ളത്. പക്ഷെ, ചിലപ്പോഴൊക്കെ മനസ്സ് ഇതൊന്നും ഉൾക്കൊള്ളാൻ തയ്യാറാകില്ല. ഓരോരുത്തരുടെ സംസാരവും പരിഹാസവും ഒക്കെ കേൾക്കുമ്പൊ എനിക്ക് സഹിക്കാൻ കഴിയില്ല.

ആദ്യമൊക്കെ ഒരു ചെവിയിൽ കൂടി കേട്ട് മറുചെവിയിൽ കൂടി കളഞ്ഞ കാര്യങ്ങൾ പിന്നീട് എന്നെ തന്നെ വേട്ടയാടുന്നത് പോലെ. സംസാരിക്കുമ്പോൾ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും എല്ലാം അമ്മയും ഓരോന്ന് സൂചിപ്പിക്കുമ്പോൾ ഉത്തരംമുട്ടി ഞാൻ നിന്നുപോയിട്ടുണ്ട്. അനുവും നിവിയും എല്ലാം കുഞ്ഞിനെ പറ്റി ഓരോന്ന് വിളിച്ചു പറയുമ്പോൾ അവരുടെ ഓരോരോ കുസൃതികളും കുറുമ്പുകളും എല്ലാം ഫോട്ടോസ് എടുത്ത് അയച്ചു തരുമ്പോൾ നെഞ്ചിൽ എന്തോ ഒരു വിങ്ങൽ പോലെയാ ഇച്ചായാ. എത്രയൊക്കെ മറച്ചു വെച്ചാലും ഞാനും ഒരു പെണ്ണല്ലേ???? എനിക്കും കാണില്ലേ അതുപോലെ ഉള്ള ആഗ്രഹങ്ങൾ???? ഒക്കെയും മനസ്സിൽ അടക്കി വെക്കാൻ കഴിയാതാവുമ്പോഴാ ഇച്ചായനോട് ദേഷ്യത്തിൽ എന്നതെങ്കിലും ഒക്കെ പറയുന്നതും പിണങ്ങി മാറുന്നതുമെല്ലാം. എനിക്കറിയാം എല്ലാം അറിഞ്ഞുകൊണ്ട് ഇച്ചായൻ എന്നെ ഹാപ്പി ആക്കാൻ ശ്രമിക്കുന്നുണ്ടെന്ന്. പക്ഷെ എന്റെ ഉള്ളിലെ ഫ്രസ്ട്രേഷൻ ഞാൻ എങ്ങനെയാ ഒന്നു തീർക്കുന്നത്????? ഉള്ളിൽ എല്ലാം ഒതുക്കി വെക്കാൻ ശ്രമിക്കുമ്പോഴും ഞാൻ തോറ്റു പോവുകയാണ്. ഒന്നെന്റെ മുഖം വാടിയാൽ എന്തുപറ്റി എന്ന് ചോദിച്ച് ചുറ്റും കൂടുന്നവരോട് ഞാൻ എന്താണ് പറയേണ്ടത്????? എനിക്ക് കിട്ടുന്ന കേറിങ് പോലും എനിക്ക് മുൾവേലി പോലെയാ തോന്നിക്കൊണ്ടിരുന്നത്. ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഒന്നു കരയാൻ ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ട് എന്നറിയോ?????

ഒടുവിൽ ഒട്ടും സഹിക്കാൻ കഴിയാതെ ആവുമ്പോഴാണ് ഞാൻ ഇച്ചായനോട് ഓരോന്ന് പറയുന്നത്. മറ്റാരോടും ഇതൊന്നും എനിക്ക് കാണിക്കാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാ... പക്ഷെ അത് ഇച്ചായനെയും വേദനിപ്പിക്കും എന്ന് ഞാൻ ഓർത്തില്ല... ഇടറിയ സ്വരത്തിൽ പറഞ്ഞവൾ വിങ്ങിപ്പൊട്ടിപോയി. അച്ചു ഒന്നും പറയാൻ ആവാതെ ഇരുന്നുപോയി. അവൾക്ക് ഒത്തിരി വിഷമം ഉണ്ടെന്ന് ഊഹിച്ചിരുന്നു പക്ഷെ അത് ഇത്ര വലുതായിരുന്നു എന്നവൻ ചിന്തിച്ചിരുന്നില്ല. മനഃപൂർവം ആയിരുന്നു ഈ കാര്യങ്ങളെ പറ്റി ഒരു സംസാരം വേണ്ടാന്ന് വെച്ചത്. വീണ്ടും വീണ്ടും അത് പറഞ്ഞ് അവളെ വേദനിപ്പിക്കണ്ട എന്ന് കരുതി. പക്ഷെ ഇപ്പൊ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി. ഒരിക്കലെങ്കിലും അവളോട്‌ ഈ വിഷയത്തിൽ ഒരു തുറന്ന് സംസാരം നടത്തിയിരുന്നെങ്കിൽ ഇത്രയേറെ അവൾ ഉള്ളിൽ വേദനിക്കേണ്ടി വരില്ലായിരുന്നു. നെഞ്ചിൽ മുഖം അമർത്തി വെച്ച് കരയുന്നവളെ കാണുംതോറും അച്ചുവിന്റെ ഉള്ളിൽ നിന്നൊരു നൊമ്പരം തികട്ടി വന്നു. കണ്ണുകൾ കലങ്ങി. ഇത്രയും സങ്കടം മനസ്സിൽ കൊണ്ടുനടന്നെങ്കിൽ നിനക്ക് എന്നോട് ഒന്നു പറഞ്ഞുകൂടായിരുന്നോടീ????? വേദനയാൽ ഇടറിയ സ്വരത്തിൽ അച്ചു അവളോട്‌ ചോദിച്ചു. പറഞ്ഞിട്ട് എന്തിനാ ഒരു ലോഡ് ഉപദേശം വിളമ്പും പിന്നെ ഒരു മോട്ടിവേഷൻ ക്ലാസ്സും. അതിലും ഭേദം വല്ല കുർള എക്സ്പ്രസ്സിനും കൊണ്ടുപോയി തല വെക്കുന്നതാ... കണ്ണ് രണ്ടും തുടച്ച് ചുണ്ട് കൂർപ്പിച്ച് അവൾ പറഞ്ഞു നിർത്തി.

എമീ... തമാശ വേണ്ട. ഇത്രയും വിഷമം നീ ഉള്ളിൽ കൊണ്ട് നടക്കേണ്ട ആവശ്യം എന്തായിരുന്നു???? എന്നോട് ഒരു തവണ പോലും നിനക്ക് പറയാൻ തോന്നിയില്ലേ??? അച്ചു വേദനയോടെ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. പറയണ്ട എന്ന് തോന്നി. ഒന്നാമതേ എന്റെ കാര്യത്തിൽ ആവശ്യത്തിലേറെ ടെൻഷനും വേദനയും എല്ലാം ഇച്ചായൻ അനുഭവിച്ചു തീർത്തിട്ടുണ്ട്. അന്ന് ഐസിയുവിന് മുന്നിൽ എല്ലാം തകർന്നത് പോലെ ഇച്ചായൻ ഇരുന്നത് റോണിയുടെയും ആൽവിച്ചായന്റെയും എല്ലാം വാക്കുകളിൽ നിന്ന് അറിഞ്ഞതാണ് ഞാൻ. അതിന്റെ പിന്നാലെ ഇതും കൂടി വേണ്ടെന്ന് തോന്നി. എനിക്കൊപ്പം ഇച്ചായനും വേദനിക്കുന്നുണ്ട് എന്നെനിക്കറിയാം. അതിന്റെ കൂടെ എന്റെ വിഷമങ്ങളും കൂടി പറഞ്ഞ് വെറുതെ ഇച്ചായന്റെ ഉള്ളിലെ വേദന കൂട്ടാൻ എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു. അതുകൊണ്ടാ ഒന്നും പറയാതെ ഇരുന്നത്. അച്ചുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞ് ഇരുന്നവൾ പറഞ്ഞു പൂർത്തിയാക്കി. അച്ചു അവളെ തന്നിലേക്ക് വരിഞ്ഞു മുറുക്കി അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി. ഇപ്പൊ എനിക്ക് എന്ത് ആശ്വാസം ഉണ്ടെന്ന് അറിയോ????? നെഞ്ചിൽ നിന്ന് വലിയൊരു പാറക്കല്ല് ഇറക്കി വെച്ച ഒരു ഫീൽ. ഇതുപോലെ ഒന്നു തുറന്ന് സംസാരിച്ചിട്ട് ഒത്തിരി നാൾ ആയില്ലേ????? ഇച്ചായന്റെ ജോലിതിരക്കും എന്റെ ജോലി തിരക്കുകളും എല്ലാം ആയിട്ട് തമ്മിൽ ഒന്നു സ്വസ്ഥമായി സംസാരിച്ച കാലം മറന്നു. പഴയ ആ ലൈഫ് ഞാൻ ഇപ്പൊ ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട്.

യാതൊരു വിധ തിരക്കുകളും ഇല്ലാതെ ജീവിച്ച എന്റെ കോളേജ് ലൈഫ്. അന്ന് ഇച്ചായനും ഇത്ര തിരക്ക് ഇല്ലായിരുന്നു. എല്ലാം ഒരു ഓർമ്മ മാത്രം ആയത് പോലെ... എമി നിരാശയോടെ പറഞ്ഞു നിർത്തി. ആര് പറഞ്ഞു ഓർമ്മ മാത്രം ആണെന്ന്???? നമുക്ക് രണ്ടുപേർക്കും കൂടി കുറേ സമയം ചിലവഴിക്കാൻ വേണ്ടിയല്ലേ രണ്ട് ദിവസത്തേക്ക് ലീവ് എടുത്ത് ഞാൻ പോന്നത്. അച്ചു പറഞ്ഞു നിർത്തിയതും കേട്ടത് വിശ്വസിക്കാൻ കഴിയാതെ എമി തലയുയർത്തി അവനെ നോക്കി. ലീവോ????? ഇച്ചായൻ അപ്പൊ നാളെയും മറ്റന്നാളും ലീവാണോ????? അതിശയത്തോടെ കണ്ണുകൾ വിടർത്തി അവൾ ചോദിച്ചു. ആടീ..... അവളുടെ കവിളിൽ ചുണ്ട് അമർത്തി അവൻ പറഞ്ഞതും അവളുടെ മിഴികൾ വിടർന്നു. ചുണ്ടിൽ സന്തോഷത്തിന്റെ ചിരി തെളിഞ്ഞു. അപ്പൊ രണ്ട് ദിവസം എന്റെ ഒപ്പം തന്നെ ഉണ്ടാവുമോ????? അവന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ച് അവൾ ചോദിച്ചു. രണ്ട് ദിവസം നിന്റെ കൂടെ തന്നെ ഞാൻ കാണും അത് പോരെ എന്റെ പൊടിക്കുപ്പിക്ക്????? പാറി പറന്ന അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചുകൊണ്ട് അവൻ ചോദിച്ചു. മതി മതി..... ചിരിച്ചുകൊണ്ട് തലയാട്ടി അവൾ അവന്റെ കവിളിൽ ചുണ്ട് ചേർത്തു. അയ്യോ... ഒരു പ്രശ്നമുണ്ടല്ലോ????? എന്തോ ഓർത്തെന്നത് പോലെ അവൾ നാക്ക് കടിച്ച് അവനെ നോക്കി. എന്ത് പ്രശ്നം?????

അച്ചു നെറ്റിചുളിച്ചു. ഇച്ചായന് നാളെ ഡ്യൂട്ടി ഉണ്ടെന്ന് കരുതി ഞാൻ റോണിയോടും നിവിയോടും ഒക്കെ ഔട്ടിങ്ങിന് പോവാൻ ചെല്ലാമെന്ന് വാക്ക് കൊടുത്തുപോയി. അവൾ ചുണ്ട് പിളർത്തികൊണ്ട് പറഞ്ഞു. അതിനിപ്പൊ എന്താ എല്ലാവർക്കും കൂടി പോവാം. അത് പോരെ???? മ്മ്മ്മ്.... മതി. അപ്പൊ അതിന്റെ കാര്യം തീരുമാനം ആയ സ്ഥിതിക്ക് നമുക്ക് പോയി കിടക്കാം. സമയം ദേ ഒരുമണി ആവുന്നു. അച്ചു വാച്ചിലേക്ക് നോക്കി പറഞ്ഞുകൊണ്ട് അവളെ നോക്കി. എഴുന്നേറ്റേ എമീ.... മടിയിൽ ഇരുന്ന അവളെ എഴുന്നേൽപ്പിക്കാൻ നോക്കിയവൻ പറഞ്ഞു. എനിക്കിനി നടക്കാൻ വയ്യ... ഇച്ചായൻ എന്നെ എടുത്തോണ്ട് പൊക്കോ. അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് കണ്ണുകൾ അടച്ച് കിടന്നവൾ പറഞ്ഞു. അച്ചു അവളെ നോക്കി ചിരിച്ചുകൊണ്ട് അവളെ പൊക്കിയെടുത്ത് എഴുന്നേറ്റ് അകത്തേക്ക് നടന്നു. വാതിൽ അടച്ചേക്കണം. നിന്നെയും എടുത്തോണ്ട് വാതിൽ അടക്കാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല. അതൊക്കെ ഞാൻ അടച്ചോളാം... അച്ചുവിനുള്ള മറുപടി പോലെ പറഞ്ഞുകൊണ്ട് എമി അവർ കയറിയതും ഡോർ അടച്ച് ലോക്ക് ചെയ്തു. പാതിരാത്രി വെള്ളം കുടിക്കാൻ തോന്നി അടുക്കളയിലേക്ക് പോവാൻ മുറിയിൽ നിന്ന് ഇറങ്ങിയ ആൽവിച്ചൻ കാണുന്നത് എമിയേയും ചുമന്നുകൊണ്ട് പോവുന്ന അച്ചുവിനെയാണ്. ഇതെന്ത് ചെന്നൈ എക്സ്പ്രസ്സ് റീമേക്കോ????? ഇതിനൊന്നും ഉറക്കവുമില്ലേ കർത്താവേ???? ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ആൽവിച്ചൻ അടുക്കളയിലേക്ക് നടന്നു.... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story