ഹൃദയതാളമായ്: ഭാഗം 209

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അറ്റൻഡ്ൻസ് രെജിസ്റ്ററുമായി തിരികെ സ്റ്റാഫ്‌ റൂമിലേക്ക് നടക്കാൻ ഇറങ്ങുമ്പോഴാണ് വരാന്തയിൽ ആകെ കുട്ടികളുടെ തിരക്ക് ശ്രദ്ധിക്കുന്നത്. ആ തിരക്കിനിടയിൽ പോയാൽ ശരിയാവില്ല എന്ന തോന്നിയതും ക്ലാസ്സിന്റെ വാതിലിൽ ചാരി നിന്ന് തിരക്ക് ഒഴിയുന്നതും നോക്കി എമി നിന്നു. സ്ട്രൈക്ക് കാരണം ഫസ്റ്റ് പീരീഡ് കഴിഞ്ഞപ്പൊ തന്നെ ക്ലാസ്സ്‌ വിട്ടു അതിന്റെയാണ് ഈ തിരക്കും ബഹളവും എല്ലാം. അങ്ങോട്ടും ഇങ്ങോട്ടും തല്ല് പിടിച്ചും കളിച്ചും ചിരിച്ചും എല്ലാം പോവുന്ന കുട്ടികളെ നോക്കി എമി അങ്ങനെ നിന്നു. ആഹാ... ടീച്ചർ ഇവിടെ നിൽക്കുവാണോ???? ആരുടെയോ ചോദ്യം കേട്ട് മുഖം തിരിച്ച് നോക്കവെ തനിക്ക് അരികിലേക്ക് നടന്നെത്തുന്ന വരദയെ കണ്ട് എമിയൊന്ന് പുഞ്ചിരിച്ചു. പിള്ളേരുടെ തിരക്കും ബഹളവും എല്ലാം ഒന്നു ഒഴിയട്ടെ എന്നുകരുതി നിന്നതാണ്. മറുപടി എന്നപോലെ പറഞ്ഞുകൊണ്ട് എമി വാതിൽക്കൽ നിന്ന് വരാന്തയിലേക്ക് ഇറങ്ങി. ഞാനും അതിനായിട്ട് വെയിറ്റ് ചെയ്യുവായിരുന്നു എങ്ങാനും ഇടയിൽ ചെന്ന് പെട്ടുപോയാൽ പിന്നെ തീർന്ന്, നമ്മളെയും കൂടി ഇടിച്ചു തെറിപ്പിച്ചോണ്ടാണ് ബെല്ലും ബ്രേക്കുമില്ലാതെ ഓരോരുത്തരും പായുന്നത്. ഇവനൊക്കെ മനഃപൂർവം ചെയ്യുന്നതാണോന്നും എനിക്ക് സംശയമില്ലാതില്ല.

വരദ പറഞ്ഞു നിർത്തിയതും എമി ചിരിച്ചു. ചിലപ്പൊ അങ്ങനെ ആവാനും സാധ്യതയുണ്ട്. അല്ലെങ്കിൽ തന്നെ വരദ ടീച്ചർ ഒരു ലേഡി ചാക്കോ മാഷെണെന്നാണ് പിള്ളേരുടെ ഇടയിലെ പറച്ചിൽ. എമി കളിയായി പറഞ്ഞു. അതിനിടയിൽ പേരും ഇട്ടോ???? എന്തായാലും പേര് കൊള്ളാം ഒരു ഗുമ്മുണ്ട്. ഇതങ്ങോട്ട് പെർമനെന്റ് ആക്കിയാലോ?????? അതും ആലോചിക്കാവുന്നതാണ്. എമി പറഞ്ഞതും വരദ ചിരിച്ചുപോയി. തിരക്ക് കുറഞ്ഞിട്ടുണ്ട് നമുക്ക് എങ്കിൽ നടക്കാം????? വരദയുടെ ചോദ്യത്തിന് മറുപടി എന്നോണം തലയാട്ടി എമി അവർക്കൊപ്പം സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നടന്നു. എമിയും വരദ ടീച്ചറുമായി അത്യാവശ്യം നല്ല കമ്പനിയാണ്. തമ്മിൽ വലിയ പ്രായവ്യത്യാസം ഇല്ലാത്തതിനാലും അത്യാവശ്യം ജോളി ടൈപ്പ് ആയതിനാലും എമിയുമായി പെട്ടെന്ന് തന്നെ ഇണങ്ങിയ ഒരാളാണ് വരദ. പഠിപ്പിക്കുന്ന കുട്ടികളോട് കുറച്ച് സ്ട്രിക്ട് ആണെന്നത് ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും ആൾക്കില്ല. പിള്ളേർക്ക് അമിതമായി ഫ്രീഡം കൊടുത്താൽ തലയിൽ കയറി നിരങ്ങും എന്നതാണ് പുള്ളിക്കാരിയുടെ ഒരു പോളിസി. ഇന്ന് എങ്ങനെയാ ടീച്ചർ തിരികെ പോവുന്നത് ഹസ്ബൻഡ് വരുവോ???? നടത്തതിനിടയിൽ വരദ ചോദിച്ചു. ഏയ്‌... ഇച്ചായൻ ഇന്ന് നല്ല തിരക്കിലായിരിക്കും.

ഇന്ന് കോളേജ് സ്റ്റുഡന്റസ് നടത്തുന്ന സ്ട്രൈക്ക് അല്ലെ തമ്മിൽ തല്ലും സമരവും ഒക്കെ ആയാൽ പോലീസുകാർക്കല്ലേ പണി മുഴുവൻ. എമി പറഞ്ഞു. അപ്പൊ ഇന്ന് എങ്ങനാ വീട്ടിലേക്ക് പോവുന്നത്???? ബസ്സിൽ പോവും. ഇച്ചായന് തിരക്കുള്ള ദിവസങ്ങളിൽ ഞാൻ അങ്ങനെയാണല്ലോ പോവാറ്. എങ്കിൽ പിന്നെ എന്റെ കൂടെ വന്നൂടെ ടീച്ചറെ വീട് വരെ ഞാൻ ആക്കി തരാം. അതിന് വരദ ടീച്ചർ എന്റെ റൂട്ട് അല്ലല്ലോ പോവുന്നത്. എമി സംശയത്തോടെ പറഞ്ഞു. ഇനി മുതൽ കുറച്ച് നാളത്തേക്ക് ഞാൻ ടീച്ചറുടെ റൂട്ട് വഴിയാണ് പോക്ക് വരവ് എല്ലാം. പാലം പണി നടക്കുന്നത് കൊണ്ട് സ്ഥിരം പോവുന്ന റൂട്ട് പോയാൽ ബ്ലോക്കിൽ പെട്ട് എത്താൻ ഒരു നേരമാവും. ടീച്ചറുടെ റൂട്ട് ആവുമ്പൊ ഒരു ഷോർട് കട്ട്‌ ഉണ്ട്. ഒരു 2 കിലോമീറ്റർ ചുറ്റണം എന്നേ ഉള്ളൂ ബ്ലോക്കിൽ പെടാതെ നേരത്തും കാലത്തും വീട് പിടിക്കാം. ഇനിയിപ്പൊ പാലം പണി കഴിയുന്നത് വരെ ഇത് തന്നെ ശരണം. വരദ ഒരു നെടുവീർപ്പോടെ പറഞ്ഞു. ഇതിപ്പൊ പാലം പണിയും പൊളിക്കലും എല്ലാമായി കുറെ ആയല്ലോ????? നമ്മുടെ നാടിന്റെ കാര്യമല്ലെ ഏത് പാലം എപ്പോഴൊക്കെയാ പൊളിയുന്നതും പൊളിക്കുന്നതും എന്നെല്ലാം ദൈവം തമ്പുരാന് പോലുമറിയില്ല. ടീച്ചർ എങ്ങനാ വരുന്നുണ്ടോ ഒറ്റയ്ക്ക് പോവുന്നത് എനിക്കും മടുപ്പാണ് കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ മിണ്ടിയും പറഞ്ഞും എല്ലാം പോവാല്ലോ????

വരദ പ്രതീക്ഷയോടെ ചോദിച്ചു. എങ്കിൽ പിന്നെ ഞാനും വരുന്നുണ്ട്. ടീച്ചർക്ക് ഒരു കമ്പനിയുമാവും എനിക്ക് വെറുതെ ബസ്സിൽ തൂങ്ങുകയും വേണ്ട. എമി സമ്മതമെന്നോണം പറഞ്ഞു. അതെയതെ... equal benefit. വരദ പറഞ്ഞതും എമി ചിരിച്ചുകൊണ്ട് തലയാട്ടി. അങ്ങനെ പരസ്പരം ഓരോന്ന് പറഞ്ഞ് ചിരിച്ച് അവർ സ്റ്റാഫ്‌ റൂമിലേക്ക് കയറി. സീറ്റിൽ പോയിരുന്നതും എമിക്ക് വല്ലാതെ തളർച്ച തോന്നി. ടേബിളിൽ ഇരുന്ന ബാഗ് തുറന്ന് ബോട്ടിൽ എടുത്ത് അവൾ സാവധാനം കുറച്ച് വെള്ളം കുടിച്ചു. ഈയിടെ ആയിട്ട് ക്ഷീണം കലശലാണ്. ആദ്യമാദ്യം ഒന്നും ഇത്ര പ്രശ്നം ഇല്ലായിരുന്നു എന്നാൽ രണ്ടുമൂന്ന് ദിവസമായി ആദ്യത്തെ പീരീഡ് എടുത്ത് കഴിയുമ്പോൾ തന്നെ ശരീരം തളർന്ന് പോവും. ബോട്ടിൽ അടച്ച് വെച്ച് അവൾ ടേബിളിലേക്ക് തല ചായച്ച് കിടന്ന് കണ്ണുകൾ അടച്ചു. ബാഗിൽ ഇരുന്ന ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അവൾ തല മെല്ലെ ഒന്നുയർത്തി ഫോണെടുത്തു നോക്കി. നിവി ആണെന്ന് കണ്ടതും അവൾ ഒരുവിധം എഴുന്നേറ്റിരുന്ന് കോൾ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു. ഹലോ....... ഹലോ.... എടി നീ എവിടെയാ വീട്ടിൽ ആണോ????? നിവി ചോദിച്ചു. അല്ലെടീ ഞാൻ സ്കൂളിലാണ്. ഇന്ന് സ്ട്രൈക്ക് അല്ലെ???? ഞാൻ കരുതി നീ ഇന്ന് പോയിട്ടില്ലെന്ന്. ഇല്ലെടീ. സ്ട്രൈക്ക് ആണെങ്കിലും ടീച്ചേഴ്സിന് അതൊന്നും ബാധകമല്ല. എമി പതിഞ്ഞ സ്വരത്തിൽ മറുപടി കൊടുത്തു. എന്താണ് മോളെ നിനക്ക് ഒരു ഉത്സാഹക്കുറവ്. സാധാരണ സംസാരിക്കുമ്പോഴുള്ള ഒരു എനർജി ഇല്ലല്ലോ????

നിനക്ക് വയ്യേ.... ഒന്നുമില്ലെടീ... ചെറിയൊരു തളർച്ച പോലെ. കുറച്ചായി ഇതിപ്പൊ തുടങ്ങിയിട്ട്. എമി വ്യക്തമാക്കി. മറുപടി കേട്ടതും നിവി ഒരു നിമിഷം നിശബ്ദമായി. പതിവില്ലാത്ത ക്ഷീണം ഒക്കെ ഉള്ള സ്ഥിതിക്ക് ഒരു ജൂനിയറിനുള്ള ചാൻസ് ഉണ്ടോടീ????? നിവി ഒരു ചിരിയോടെ ചോദിച്ചു. ചോദ്യം കേട്ടതും എമിയൊന്ന് ഞെട്ടി. ഇതുവരെ ചിന്തയിൽ ഒന്നും തോന്നാത്ത കാര്യമാണ്. ഇനി അതായിരിക്കുമോ???? എമിയിൽ സംശയം ഉടലെടുത്തു. യാന്ത്രികമായി അവളുടെ കൈ വയറിലേക്ക് നീണ്ടു. എടീ..... ഡേറ്റ് കറക്റ്റ് ആയിരുന്നോ????? എമിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും കാണാതെ ആയതും നിവി ചോദിച്ചു. എമി ആ മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. എന്തോ ഓർമ്മയിൽ അവളുടെ മിഴികളിൽ പ്രതീക്ഷ തെളിഞ്ഞു. എമീ... അതാണോ????? നിവി ആകാംഷയോടെ ചോദിച്ചു. മറുപടി പറയാൻ തുനിയുന്നതിന് മുന്നേ വരദയുടെ വിളി ഉയർന്നിരുന്നു. ടീച്ചറേ വരുന്നില്ലേ?????? ബാഗ് എടുത്ത് തോളിൽ ഇട്ടുകൊണ്ട് വരദ എമിയെ നോക്കി. ഹാ... വരുവാ... മറുപടി എന്ന പോലെ പറഞ്ഞുകൊണ്ട് എമി ഫോണിലേക്ക് തിരിഞ്ഞു. നിവീ ഞാൻ പിന്നെ വിളിക്കാം ഇപ്പൊ കുറച്ച് തിരക്കിലാണ്. നിവിയോടായി പറഞ്ഞുകൊണ്ട് അവൾ മറുപടി കാക്കാതെ കോൾ കട്ട്‌ ചെയ്ത് ബാഗ് എടുത്ത് വരദയ്ക്ക് പിന്നാലെ പുറത്തേക്ക് നീങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വരദയ്‌ക്കൊപ്പമുള്ള യാത്രയിൽ എമിയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. പലവിധ ചിന്തകളിൽ ഉഴറി മനസ്സ് കെട്ടഴിഞ്ഞു പോയ പട്ടം പോലെ എവിടെയൊക്കെയോ അലയുന്നു. അതിനൊപ്പം ഉള്ളിൽ അകാരണമായ ഒരു വെപ്രാളവും പേരറിയാത്ത ഒരുതരം അനുഭൂതിയും. ഹൃദയം പതിവിലും വേഗത്തിൽ മിടിക്കുന്നത് അവൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന വികാരങ്ങൾക്ക് എന്ത് പേര് നൽകണം എന്നറിയാതെ അവൾ ഇരുന്നു. വണ്ടി എവിടെയോ നിൽക്കുന്നത് പോലെ തോന്നുമ്പോഴാണ് ആലോചനകളിൽ നിന്ന് അവൾ ഉണരുന്നത്. ഞെട്ടി ചുറ്റിനും നോക്കുമ്പോഴാണ് കുരിശിങ്കൽ ഗേറ്റിന് മുന്നിലാണ് നിർത്തിയിരിക്കുന്നത് എന്നറിഞ്ഞത്. എമി ബാഗ് മുറുകെ പിടിച്ച് സ്കൂട്ടിയിൽ നിന്നിറങ്ങി വരദയ്ക്ക് അരികിലേക്ക് നീങ്ങി നിന്നു. നല്ല ആളെയാ ഞാൻ കൂടെ കൂട്ടിയത്. കയറിയത് മുതൽ ഞാൻ പറയുന്ന കാര്യങ്ങൾക്ക് മറുപടിയുമില്ല ആളൊട്ട് മിണ്ടുന്നുമില്ല. ആ ജംഗ്ഷൻ എത്താറായപ്പോൾ തൊട്ട് ഞാൻ ചോദിക്കുന്നതാ അവിടെ ഇറക്കിയാൽ മതിയോന്ന്. എവിടുന്ന് ടീച്ചർ ഒന്നു അനങ്ങുന്നത് പോലുമില്ല. ഇനിയിപ്പൊ ചോദിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ടാ ഇവിടെ കൊണ്ടുവന്ന് ചവിട്ടിയത്. വരദ പറഞ്ഞതും എമി നെറ്റിയിൽ കൈ അടിച്ചു.

ഞാൻ ഓരോന്ന് ആലോചിച്ച് ഇരുന്നുപോയി ടീച്ചറേ...ശോ ഇനി ടീച്ചർ തിരിച്ച് ജംഗ്ഷൻ വരെ പോവണ്ടേ???? അത് കുഴപ്പമില്ല, കുറച്ച് ദൂരമല്ലേ ഇങ്ങോട്ടുള്ളൂ. എങ്കിൽ ശരി ടീച്ചറേ ഞാൻ പോകുവാ. നമുക്ക് നാളെ കാണാം. വരദ സ്കൂട്ടി പിന്നിലേക്ക് എടുത്ത് പറഞ്ഞു. വീട്ടിൽ കയറിയിട്ട് പോവാം ടീച്ചറെ. ഇന്നെന്തായാലും വേണ്ട. വെയിൽ കടുക്കുന്നത്തിന് മുന്നേ വീട്ടിൽ എത്തേണ്ടതാ. ഞാൻ പിന്നൊരിക്കൽ വരാം. വരദ സ്നേഹത്തോടെ ക്ഷണം നിരസിച്ചുകൊണ്ട് പറഞ്ഞു. ടീച്ചറുടെ ഇഷ്ടം. എമി ഒന്നു പുഞ്ചിരിച്ചു. അപ്പൊ ശരി. എമിയെ നോക്കി യാത്ര പറഞ്ഞ് വരദ സ്കൂട്ടി വളച്ച് തിരികെ പോയി. വരദ കണ്ണിൽ നിന്ന് മറഞ്ഞതും ധൃതിയിൽ എമി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. അവളുടെ കാലടികൾ വേഗത്തിൽ അകത്തേക്ക് ചലിച്ചു. ചെരുപ്പ് പുറത്ത് അലസമായി ഊരിയിട്ട് വേഗത്തിൽ അവൾ വീടിന് ഉള്ളിലേക്ക് പ്രവേശിച്ചു. എമീ......... അവളെ കണ്ട പാടെ ഡിങ്കനും ഒത്ത് ഹാളിൽ കളിച്ചുകൊണ്ടിരുന്ന ജോക്കുട്ടനും ജിച്ചൂട്ടനും ഓടി അവൾക്ക് അരികിൽ എത്തി. രണ്ടുപേർക്കും സ്കൂളിൽ പോവേണ്ടാത്തത് കൊണ്ട് തന്നെ വീട്ടിൽ തന്നെയുണ്ട്. ആഹ്... നീയിങ്ങ് എത്തിയോ????? ഇപ്പോഴാ എനിക്ക് ഒരു ആശ്വാസമായത്. ഇനിയിപ്പൊ ഇതുങ്ങളെ മേയ്ക്കാൻ ഒരാളായല്ലോ????? സെറ്റിയിൽ പ്രാർത്ഥനാ പുസ്തകം വായിച്ചുകൊണ്ടിരുന്ന സാറാ ബുക്ക് മാറ്റിവെച്ചുകൊണ്ട് പറഞ്ഞു. എമി അവരെ നോക്കി ഒന്നു ചിരിച്ചു. അപ്പോഴും എങ്ങനെയെങ്കിലും മുറിയിൽ എത്തണം എന്നായിരുന്നു അവളുടെ ചിന്ത.

ദേ... രണ്ടുപേരും എമിയെ ഒന്നു വിട്ടേ ആ പെങ്കൊച്ച് പോയി വേഷം മാറിയിട്ട് വരട്ടെ. സാറാ പറഞ്ഞതും ജോക്കുട്ടനും ജിച്ചൂട്ടനും ഒരേപോലെ തലയാട്ടി. എമി അവരുടെ രണ്ടുപേരുടെയും മുടിയിൽ വെറുതെ വിരൽകൊണ്ട് ഒന്നു ചികഞ്ഞ് മുറിയിലേക്ക് നടന്നു. മുറിയിൽ എത്തിയതും ഡോർ അടച്ച് കുറ്റിയിട്ടു. തോളിൽ കിടന്ന ബാഗ് ബെഡിലേക്ക് വലിച്ചെറിഞ്ഞ് അവൾ ടേബിളിന് അരികിലേക്ക് നടന്നു. പെട്ടെന്ന് തന്നെ ഡ്രോയർ തുറന്ന് അതിലെല്ലാം എന്തിനോ വേണ്ടി പരതി. ഒടുവിൽ തേടി നടന്ന വസ്തു കയ്യിൽ തടഞ്ഞതും അത് കയ്യിൽ എടുത്ത് പിടിച്ച് അതിലേക്ക് ഒന്നു നോക്കി. പ്രെഗ്നൻസി കിറ്റ്, ഒരു ദിവസത്തെ തോന്നലിൽ വെറുതെ വാങ്ങി വെച്ചതാണ്. അതിപ്പൊ നന്നായി എന്നവൾക്ക് തോന്നി. ഡ്രോയർ അടച്ച് തിരിയുമ്പോൾ അവളുടെ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരുവിധം ഉള്ളിലെ പരിഭ്രമം അടക്കി പിടിച്ച് അവൾ വാഷ്റൂമിലേക്ക് കയറി. ടെസ്റ്റ്‌ ചെയ്യുമ്പോൾ അവളുടെ നെഞ്ചിടിപ്പ് പറയാൻ കഴിയാത്ത അത്ര വേഗത്തിൽ ഉയർന്നിരുന്നു. ശരീരം മുഴുവൻ വിറയ്ക്കുന്നത് പോലെ... ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ. നിരാശയാണ് ഫലമെങ്കിൽ.... ഭയവും പരിഭ്രമവും ആകാംഷയും അങ്ങനെ പറയാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൾ. പ്രെഗ്നൻസി കിറ്റിലേക്ക് നോക്കാൻ കഴിയാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.

അൽപ്പനേരം കടന്നു പോയതും എങ്ങനെയൊക്കെയോ ധൈര്യം സമ്പാദിച്ച അവൾ കണ്ണ് തുറന്നു നോക്കി. ഉള്ളിൽ അത്രയും പ്രാർത്ഥനകൾ മാത്രമായിരുന്നു. പ്രെഗ്നൻസി കിറ്റിൽ തെളിഞ്ഞു നിന്ന രണ്ട് വരകളിൽ നോട്ടം ഉടക്കിയതും ശ്വാസം നിലച്ചത് പോലെ തോന്നി അവൾക്ക്. സത്യമാണോ മിഥ്യയാണോ എന്നറിയാത്ത അവസ്ഥ. സന്തോഷം കൊണ്ട് നെഞ്ച് പൊട്ടിപ്പോവുമോ എന്നവൾ ഭയന്നു. ചുണ്ടിലെ ചിരിക്കൊപ്പം മിഴികൾ നിറഞ്ഞൊഴുകി. കരച്ചിലാണോ ചിരിയാണോ വരുന്നത് എന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു. വാ പൊത്തിപ്പിടിച്ച് അവൾ സന്തോഷം അടക്കാൻ കഴിയാതെ കരഞ്ഞു. സാരി തലപ്പ് മാറ്റി അവൾ മിററിന് മുന്നിൽ ചെന്ന് നിന്നു. കണ്ണാടിയിൽ തെളിഞ്ഞു നിൽക്കുന്ന തന്റെ പ്രതിരൂപത്തിലേക്ക് അവൾ നോക്കി. നിറഞ്ഞൊഴുകിയ മിഴികൾ പുറം കയ്യാൽ അവൾ തുടച്ചു നീക്കി. വിറ പൂണ്ട വലതുകൈതലം വയറിന് മുകളിൽ ചേർത്തു വെച്ചു. തന്നിലേക്ക് വന്നു നിറയുന്ന അനുഭൂതിക്ക് മാതൃത്വം എന്നാണ് പേരെന്ന് അവൾ തിരിച്ചറിഞ്ഞു. എത്രനേരം എന്നില്ലാതെ വയറിൽ കൈചേർത്ത് പിടിച്ച് അവൾ അങ്ങനെ നിന്നു. അച്ചുവിനെ ഒന്നു കാണാൻ അവനോട് ഒന്നു പറയാൻ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിൽക്കാൻ ഉദരത്തിൽ അവന്റെ കൈ ചേർത്ത് വെക്കാൻ ഒക്കെ അവളുടെ മനസ്സ് തുടിച്ചു. പ്രെഗ്നൻസി കിറ്റ് കയ്യിൽ മുറുകെ പിടിച്ച് അവൾ സാരി നേരെ പിടിച്ചിട്ട് വാഷ്റൂമിൽ നിന്ന് മുറിയിലേക്ക് ഇറങ്ങി.

ബെഡിന് അരികിലേക്ക് നടന്ന് അലസമായി ബെഡിൽ എറിഞ്ഞിട്ട ബാഗ് എടുത്ത് തുറന്ന് ഫോൺ കയ്യിലെടുത്തു. ലോക്ക് തുറന്ന് അച്ചുവിന്റെ നമ്പർ എടുത്ത് വിളിക്കാൻ മുതിർന്നതും എന്തോ ഓർത്തെന്നത് പോലെ അവൾ ഒന്നു നിന്നു. ഫോണിലൂടെ പറഞ്ഞ് അറിയുന്നതിനേക്കാൾ അവനെ നേരിട്ട് എല്ലാം അറിയിക്കുന്നതാണ് നല്ലത് എന്നവൾക്ക് തോന്നി. ഈ വാർത്ത അറിയുമ്പോഴുണ്ടാവുന്ന അച്ചുവിന്റെ പ്രതികരണം എല്ലാം നേരിട്ട് അറിയണം എന്ന് തോന്നിയതും അവൾ അവനെ വിളിക്കണ്ട എന്ന തീരുമാനത്തിൽ എത്തി. അച്ചു മടങ്ങി എത്തുന്നത് വരെ കാത്തിരിക്കാൻ ഉറപ്പിച്ച് അവൾ ഫോൺ ടേബിളിലേക്ക് വെക്കാൻ തുനിഞ്ഞു. എന്നാൽ അതിന് മുന്നേ അച്ചുവിന്റെ കോൾ അവളെ തേടി എത്തി. അച്ചു ആണെന്ന് കണ്ടതും അവൾ ഒറ്റ റിങ്ങിൽ തന്നെ കോൾ എടുത്ത് കാതോട് ചേർത്തു. ഹലോ........ അച്ചുവിന്റെ സ്വരം കാതിൽ പതിച്ചതും അവൾ പോലും അറിയാതെ അവളുടെ മിഴികൾ ഈറനണിഞ്ഞു. മറുപടിയായി ഒന്നും പറയാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. വിറയ്ക്കുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അവൾ മിഴികൾ അടച്ചു. എമീ.... ഹലോ..... അവളിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ അച്ചു വിളിച്ചു. മ്മ്മ്..... ചെറുതായി ഒന്നു മൂളി. നീ വീട്ടിൽ എത്തിയോ???? ആഹ്.... വരദ ടീച്ചർ ഇന്ന് ഈ വഴി ആയിരുന്നു അതുകൊണ്ട് ഇവിടെ ആക്കി തന്നു. എമി മറുപടി കൊടുത്തു. അതെന്തായാലും നന്നായി. ഞാൻ നീ എത്തിയോ എന്നറിയാൻ വിളിച്ചതാ ശരി എങ്കിൽ. അച്ചു പറഞ്ഞു.

ഇച്ചായാ വെക്കല്ലേ...... എമി പെട്ടെന്ന് അവനെ തടഞ്ഞു. എന്താടീ????? ഇന്ന് നേരത്തെ വരുവോ???? പ്രതീക്ഷയോടെ അവൾ തിരക്കി. ഉറപ്പില്ലെടീ... ഇന്ന് നല്ല തിരക്കുള്ള ദിവാസമാ, മിക്കവാറും ഇന്ന് ഞാൻ എത്താൻ വൈകും. അച്ചു പറഞ്ഞതും അവളുടെ മുഖം വാടി. എമീ ഞാൻ പിന്നെ വിളിക്കാം ഇവിടെ നല്ല തിരക്കിലാ... അച്ചു ധൃതിയിൽ പറഞ്ഞുകൊണ്ട് കോൾ കട്ടാക്കി. നേർത്തൊരു നിരാശയോടെ ഫോണും പിടിച്ച് അവൾ ബെഡിലേക്ക് ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പുറത്തിറങ്ങി സാറായ്ക്കും കുട്ടികൾക്കും ഒപ്പം അവൾ ചിലവഴിക്കുമ്പോഴും ഉള്ളിലെ രഹസ്യം അവൾ അടക്കി പിടിച്ചു. അച്ചു തന്നെ അത് തന്നിൽ നിന്ന് ആദ്യം അറിയണം എന്ന സ്വാർത്ഥത അവളിൽ നിറഞ്ഞിരുന്നു. നിമിഷങ്ങൾ യുഗങ്ങൾ എന്നപോലെ അവൾ തള്ളി നീക്കി. അതിനിടയിൽ നിവിയുടെ കോൾ എത്തിയെങ്കിലും അതിവിദഗ്ദമായി അവൾ അതിൽ നിന്ന് ഒഴിഞ്ഞു മാറി. നിവിയും കൂടുതൽ ഒന്നും ചികഞ്ഞ് അവളെ ബുദ്ധിമുട്ടിക്കാൻ പോയില്ല. രാത്രി ആയിട്ടും അച്ചുവിനെ കാണാതെ എമി വീർപ്പുമുട്ടി. ഇടയ്ക്കിടെ പുറത്തേക്ക് എത്തി നോക്കുന്നവളെ കണ്ട് ആൽവിച്ചൻ നെറ്റി ചുളിച്ചു. ഓഫീസിൽ നിന്ന് തിരികെ എത്തിയത് മുതൽ അവൻ അവളെ ശ്രദ്ധക്കുന്നതാണ്. പതിവ് പോലുള്ള തല്ല് കൂടലിനൊന്നും അവൾ താത്പര്യം കാണിച്ചില്ല

എന്ന് മാത്രമല്ല ചൊറിയാൻ ചെന്നപ്പോഴേല്ലാം വലിയ ശ്രദ്ധ കാണിച്ചതുമില്ല. ഇവൾക്ക് ഇത് എന്നാ പറ്റി???? സാധാരണ എന്നതെങ്കിലും പറഞ്ഞാൽ അത് മൂന്നായിട്ട് തിരിച്ചു തരുന്നവളാണ് ഇപ്പൊ വഴികണ്ണും നോക്കി കുത്തിയിരിക്കുന്നത്. Something fishy... നെറ്റി ചുളിച്ച് ആലോചനയോടെ ആൽവിച്ചൻ പറഞ്ഞു തീർന്നതും പൊരിച്ച മീനിന്റെ സ്മെൽ അടിച്ചു. കരിമീന്റെ മണമല്ലേ ഇത്???? അതേ അതേ... അത് തന്നെ. തന്റെ അപാര കഴിവ് കൊണ്ട് മണുത്തു കണ്ടുപിടിച്ച് ആൽവിച്ചൻ എഴുന്നേറ്റ് കൈകഴുകാൻ ഓടി. അമ്മച്ചീ ചോറെടുത്തോ..... പോവുന്ന പോക്കിൽ വിളിച്ചു കൂവി. ഇവൻ എന്തോന്നാ പൂച്ചയുടെ ജന്മം വലതുമാണോ????? ആൽവിച്ചന്റെ പോക്കും സംസാരവും എല്ലാം കണ്ട് പറഞ്ഞുകൊണ്ട് ന്യൂസ്‌ കണ്ടുകൊണ്ടിരുന്ന പോൾ ടിവി ഓഫ്‌ ചെയ്ത് എഴുന്നേറ്റു. നീ ഇത് എന്ത് നോക്കി ഇരിക്കുവാ കൊച്ചേ???? അവൻ ഇനി വരുമ്പൊ ഒരു നേരം ആവും എഴുന്നേറ്റ് വന്നേ അത്താഴം കഴിക്കാം. ഫോണിൽ അച്ചുവിനെ ട്രൈ ചെയ്തു കൊണ്ടിരിക്കുന്ന എമിയെ നോക്കി അയാൾ പറഞ്ഞു. വരുന്നു ഡാഡി... ഫോൺ മാറ്റിവെച്ച് അനുസരണയോടെ തലയാട്ടി പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അത്താഴം കഴിഞ്ഞ് മുറിയിൽ എത്തുമ്പോഴും അച്ചുവിനെ കാണാതെ അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ടായിരുന്നു. അതിനിടയിൽ ഗ്യാങ്ങിന്റെയും ജോണിന്റെയും എല്ലാം കോൾ വന്നു. എല്ലാത്തിനും കേൾവിക്കാരിയായി ഇരുന്നതല്ലാതെ കൂടുതൽ ഒന്നും അവൾ സംസാരിച്ചില്ല. സംസാരത്തിൽ സാധാരണ ഉണ്ടാവുന്ന പ്രസരിപ്പില്ലാത്തതിനാൽ എല്ലാവരും ചോദ്യം തന്നെ ആയിരുന്നു. ഒടുവിൽ തലവേദന എന്ന് കള്ളം പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി. എങ്ങനെയൊക്കെയോ സംസാരം അവസാനിപ്പിച്ച് ഫോൺ മാറ്റിവെച്ച് അവൾ ഹെഡ്ബോഡിലേക്ക് ചാരി ഇരുന്നു. ഇന്ന് നേരത്തെ എത്തുവോന്ന് ഞാൻ ചോദിച്ചതല്ലേ????? ഒരു കാരണമില്ലാതെ ഞാൻ അങ്ങനെ പറയില്ല എന്ന് അറിയാവുന്നതല്ലേ???? എന്നിട്ടും ലേറ്റ് ആയി. ഇങ്ങോട്ട് വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ... നമുക്ക് പപ്പയോട് മിണ്ടണ്ട കേട്ടോ വാവേ... വയറിൽ കൈ ചേർത്ത് പരിഭവത്തോടെ അവൾ പറഞ്ഞു. അടുത്ത നിമിഷം ഡോർ തുറയുന്ന ശബ്ദം കേട്ടവൾ മുഖമുയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന അച്ചുവിനെ കണ്ട് അവളുടെ മുഖം വീർത്തു. നീ ഉറങ്ങിയില്ലായിരുന്നോ?????? അച്ചു അകത്തേക്ക് കയറി ഡോർ അടക്കുന്നതിനിടയിൽ ചോദിച്ചു. പിന്നേ അരമണിക്കൂർ മുന്നേ ഞാൻ ഉറങ്ങി വേണേൽ ഒരു മണിക്കൂർ മുന്നേ ആക്കാം.

അൽപ്പം ദേഷ്യത്തിൽ തന്നെ അവൾ പറഞ്ഞു. അമ്പോ... എന്റെ പെമ്പറന്നോത്തി ഇന്ന് ചൂടിൽ ആണല്ലോ???? കയ്യിലിരുന്ന തൊപ്പിയും ഫയലും എല്ലാം ടേബിളിൽ വെക്കുന്നതിനിടയിൽ അവൻ ചിരിയോടെ പറഞ്ഞു. എമിക്ക് അത് കേട്ട് ദേഷ്യം വന്നു. ബെഡിൽ നിന്ന് എഴുന്നേറ്റ് അവൾ അച്ചുവിന് അരികിലേക്ക് നടന്ന് അവന് മുന്നിലായി നിന്നു. ഇന്ന് നേരത്തെ വരുമോ എന്ന് ഞാൻ ചോദിച്ചതല്ലേ????? എന്നിട്ട് പാതിരാക്ക് കയറി വന്നിരിക്കുന്നു. അതും പോട്ടെ ലേറ്റ് ആവും എന്നൊന്ന് വിളിച്ചു പറഞ്ഞൂടെ???? അതുമില്ല... എമി പരാതിയുടെ കെട്ടഴിച്ചു. എല്ലാത്തിനുമുള്ള മറുപടി ഞാൻ തരാം എന്റെ പൊടിക്കുപ്പീ. ആദ്യം ഞാനൊന്ന് ഈ വേഷം മാറി ഒന്നു ഫ്രഷ് ആവട്ടെ. ഇന്ന് മുഴുവൻ അലച്ചിൽ ആയിരുന്നു. അച്ചു ക്ഷീണത്തോടെ പറഞ്ഞ് യൂണിഫോം ഷർട്ട്‌ അഴിച്ചു മാറ്റി കബോർഡിൽ നിന്ന് ഇട്ടു മാറാനുള്ള ഡ്രസ്സ്‌ എടുത്തു. ഉറങ്ങി കളയല്ലേ... പരാതി എല്ലാം തീർത്തിട്ട് നമുക്ക് കിടക്കാം. അവളുടെ മൂക്കിൻതുമ്പിൽ മെല്ലെ ഒന്നു വലിച്ച് കവിളിൽ ചുണ്ട് ചേർത്തുകൊണ്ട് പറഞ്ഞവൻ വാഷ്റൂമിലേക്ക് നടന്നു. അച്ചു വാഷ്റൂമിലേക്ക് കയറുന്നത് ഒന്നു നോക്കിയിട്ട് എമി തിരിഞ്ഞ് ബെഡിൽ വന്നിരുന്നു. കണ്ണിൽ ഉറക്കം വന്നു വീഴാൻ കാത്ത് നിൽക്കുന്നത് അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു എങ്കിലും അച്ചുവിനെ എല്ലാം അറിയിക്കാതെ കിടന്നുറങ്ങാൻ കഴിയില്ല എന്നറിയാവുന്നതിനാൽ അവൾ അവനെയും കാത്തിരുന്നു. എങ്ങനെ അവനെ അറിയിക്കും എന്ന കൺഫ്യൂഷൻ അവളിൽ നിറഞ്ഞിരുന്നു.

ഓരോന്ന് ആലോചിച്ച് ചിരിയോടെ അവൾ ഇരുന്നു. വാഷ്റൂമിന്റെ ഡോർ തുറയുന്ന സൗണ്ട് കേട്ടതും ചുണ്ടിലെ ചിരി മറച്ചുപിടിച്ച് അവൾ ഗൗരവം അണിഞ്ഞു. അച്ചു ടവൽ കൊണ്ട് മുഖം തുടച്ച് ടേബിളിന് അരികിലേക്ക് നടന്നു. കബോർഡ് തുറന്ന് ബനിയൻ എടുത്ത് അണിഞ്ഞ് തന്നെ ശ്രദ്ധിക്കാതെ മിററിന് മുന്നിൽ പോയി നിന്ന് മുടി ഒതുക്കുന്ന അച്ചുവിനെ കണ്ടതും ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു. പരിഭവത്താൽ ചുണ്ട് കൂർത്തു. ഇത് കണ്ടോ വാവേ നിന്റെ പപ്പയ്ക്ക് നമ്മുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. അമ്മയെ ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാത്തത് കണ്ടോ????? അച്ചു കേൾക്കാൻ പാകത്തിന് പറഞ്ഞ് അവൾ വയറിൽ പതിയെ തലോടി. അച്ചു പെട്ടെന്ന് അവളുടെ വാക്കുകൾ കേട്ടതും ഞെട്ടിത്തരിച്ച് അവൾക്ക് നേരെ തിരിഞ്ഞു. എമീ... നീ എന്താ ഇപ്പൊ പറഞ്ഞത്???? കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൻ ചോദിച്ചു. നിങ്ങൾക്ക് ഞാൻ പറയുന്നത് കേൾക്കാൻ തീരെ സമയമില്ലല്ലോ അതുകൊണ്ട് പറയാൻ എനിക്കും സൗകര്യമില്ല. വാശിയോടെ പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞ് ബെഡിലേക്ക് കിടക്കാൻ ആഞ്ഞതും അച്ചു അവളെ പിടിച്ച് ഇരുത്തി അവൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു. തമാശ കളിക്കല്ലേ എമീ... നീ ഇപ്പൊ പറഞ്ഞതിന്റെ അർത്ഥം എന്താ?????

നെഞ്ചിടിപ്പോടെ അവൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് മുഖത്തേക്ക് ഉറ്റുനോക്കി. എമിയുടെ കണ്ണുകളും അവനിൽ ആയിരുന്നു. അവന്റെ കണ്ണുകളിലെ അവിശ്വസനീയതയും ആകാംഷയും എല്ലാം അവൾ കണ്ണുകൾ വിടർത്തി നോക്കി. ഇത്രയും നേരം ഞാൻ പറഞ്ഞത് മനസ്സിലായില്ലേ???? നിങ്ങൾ ഒരു അപ്പൻ ആവാൻ പോവുകയാണ് മനുഷ്യാ.... ചുണ്ട് കൂർപ്പിച്ച് അവൾ പറയുമ്പോഴും ചുണ്ടിൻ കോണിൽ ഒരു കുഞ്ഞു പുഞ്ചിരി ഒളിഞ്ഞിരുന്നു. അച്ചു കേട്ട സന്തോഷ വാർത്തയുടെ പകപ്പിൽ ഒരു നിമിഷം എന്തുചെയ്യണം എന്നറിയാതെ അവളെ നോക്കി. സത്യാണോ എമീ???? അവളുടെ കവിളിൽ കൈ ചേർത്തവൻ ചോദിച്ചു. മ്മ്മ്മ്...... നീർത്തിളക്കം തെളിഞ്ഞ മിഴികളോടെ അവൾ അതേ എന്നർത്ഥത്തിൽ തല ചലിപ്പിച്ചു. അച്ചുവിന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. എമിയുടെ മുഖമാകെ അവന്റെ ചുണ്ടുകൾ ഓടി നടന്നു. അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചുകൊണ്ട് അച്ചു അവളെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു. എമി നിറഞ്ഞ ഹൃദയത്തോടെ അതെല്ലാം സ്വീകരിച്ച് അച്ചുവിനോട്‌ പറ്റിച്ചേർന്നു. ടോപ്പിന് ഇടയിലൂടെ നൂണ്ടു കയറിയ അവന്റെ കൈ വയറിൽ ചൂട് പടർത്തുന്നത് അവൾ അറിഞ്ഞു. എപ്പോഴാ അറിഞ്ഞത്????? അവളെ ചുണ്ടിൽ നിന്ന് വേർപെടുത്തിക്കൊണ്ട് അവൻ ചോദിച്ചു. ഇന്ന് സംശയം തോന്നി ടെസ്റ്റ്‌ ചെയ്തു നോക്കി അപ്പോഴാ അറിയുന്നത്. എല്ലാവരോടും പറഞ്ഞോ??????

വയറിൽ തലോടി കൊണ്ട് അവൻ അവളെ നോക്കി. മ്മ്ഹ്ഹ്..... ഇച്ചായൻ അല്ലെ ആദ്യം അറിയേണ്ടത്. അത്രമാത്രം പറഞ്ഞുകൊണ്ട് അവൾ അവന്റെ കവിളിൽ ചുണ്ട് ചേർത്ത് നെഞ്ചിലേക്ക് മുഖം അമർത്തി. അച്ചു അവളെ ചുറ്റിപ്പിടിച്ച് കാതിൽ ചുണ്ട് അമർത്തി. അച്ചുവിന് അവളെ എത്ര ചേർത്ത് പിടിച്ചിട്ടും മതിയാവുന്നുണ്ടായിരുന്നില്ല. നെറ്റിയിലും ചുണ്ടിലും എല്ലാം അവൻ വീണ്ടും ചുണ്ട് ചേർത്തു. നിനക്കുള്ള കോട്ട എല്ലാം കഴിഞ്ഞു. ഇനി എന്റെ കുഞ്ഞിന്... പറയുന്നതിനൊപ്പം അവളിൽ നിന്ന് വിട്ടു മാറി. ഓഹ്...... ചുണ്ട് കോട്ടി പറയുമ്പോഴും അവളുടെ ചുണ്ടിൽ ചിരി ആയിരുന്നു. മിഴികളിൽ തിളക്കവും. അവളിലെ ഭാവങ്ങൾ എല്ലാം ആസ്വദിച്ചു കൊണ്ട് തന്നെ അച്ചു കുനിഞ്ഞ് അവൾ ഇട്ടിരുന്ന ബനിയൻ വയറിന്റെ ഭാഗത്ത്‌ നിന്ന് ഉയർത്തി. തനിക്ക് മുന്നിൽ അനവൃത്യമായ നഗ്നമായ അവളുടെ വയറിൽ അവന്റെ വിരലുകൾ പതിയെ തഴുകി. കണ്ണുകൾ നിറയുന്നത് പോലെ അവന് തോന്നി. ഉള്ളിൽ ഉയരുന്ന സന്തോഷത്തിന്റെ വേലിയേറ്റത്താൽ അവൻ അവളുടെ ഉദരത്തിൽ ചുണ്ട് അമർത്തി. എത്ര ചുംബിച്ചിട്ടും മതിയാവാതെ വീണ്ടും വീണ്ടും അവൻ എണ്ണമില്ലാതെ അവളുടെ വയറിൽ ചുണ്ടുകൾ അമർത്തി. ഇരു ഹൃദയങ്ങളും പുതു ജീവനായി തുടിക്കുകയായിരുന്നു. ഒരേ ഈണത്തിൽ.... ഒരേ താളത്തിൽ........ തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story