ഹൃദയതാളമായ്: ഭാഗം 210

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എമിയുടെ ഉദരത്തിൽ നിന്ന് ചുണ്ടുകൾ വേർപെടുത്താതെ തന്നെ അച്ചു അങ്ങനെ ഇരുന്നു. മതി എനിക്ക് ഇക്കിളി ആവുന്നു... അവന്റെ മുഖം പിടിച്ചു മാറ്റാൻ ഒരു ശ്രമം നടത്തിക്കൊണ്ട് എമി പറഞ്ഞു. അടങ്ങി ഇരിക്കെടീ പൊടിക്കുപ്പീ... ഞാൻ എന്റെ കുഞ്ഞിനെ സ്നേഹിക്കുന്നത് കണ്ടില്ലേ???? വയറിലേക്ക് മുഖം ചേർത്ത് വെച്ച് അവൾക്ക് നേരെ നോക്കി അച്ചു പറഞ്ഞു. ഇത്രേം സ്നേഹം ഒക്കെ മതി. ഇത്രേം നേരം എന്നെ ഒന്നു ശ്രദ്ധിക്കാത്ത മനുഷ്യനാ കുഞ്ഞിന്റെ കാര്യം അറിഞ്ഞപ്പൊ ഓടി വന്നിരിക്കുന്നു. ചുണ്ട് കൂർപ്പിച്ചു വെച്ച് അവൾ പിറുപിറുത്തു. അച്ചു അത് കേട്ട് ചിരിച്ചുപോയി. വയറിൽ നിന്ന് തലയുയർത്തി അവൻ എമിക്ക് അഭിമുഖമായി മുട്ടിൽ നിന്നു. എന്ത് കുശുമ്പാടീ????? ചിരിയോടെ അവളുടെ കവിളിൽ നുള്ളി വലിച്ചുകൊണ്ടവൻ ചോദിച്ചു. എനിക്ക് കുശുമ്പ് ഒന്നുമില്ല... അവന്റെ കൈ തട്ടി മാറ്റി കവിളിൽ തടവിക്കൊണ്ട് എമി അവനെ കൂർപ്പിച്ച് നോക്കി. അതുകൊണ്ട് ആയിരിക്കും ഈ ചുണ്ട് ഇങ്ങനെ ഇരിക്കുന്നത്. പതിയെ അവളുടെ കീഴ്ചുണ്ടിൽ മെല്ലെ ഒന്നു ചുംബിച്ചുകൊണ്ടവൻ ചിരിച്ചു. സോപ്പിടാനൊന്നും വരണ്ട നിങ്ങൾക്ക് ഇപ്പൊ എന്നോട് പണ്ടത്തെ പോലെ സ്നേഹം ഒന്നുമില്ല. ചുണ്ട് ഒരു വശത്തേക്ക് കോട്ടി വെച്ച് അവൾ പരിഭവിച്ചു.

അവളുടെ ഇരിപ്പും സംസാരവും എല്ലാം കണ്ട് അച്ചു ചുണ്ട് കടിച്ചു പിടിച്ച് ചിരിച്ചു. അവന്റെ ചിരി കണ്ടതും അവളുടെ മുഖം ഒന്നുകൂടി വീർത്തു. അച്ചു നിലത്ത് നിന്ന് എഴുന്നേറ്റ് അവളെ വാരിയെടുത്ത് മടിയിലേക്ക് ഇരുത്തി ബെഡിലേക്ക് ഇരുന്നു. എനിക്ക് നിന്നോട് പഴയ പോലെ സ്നേഹം ഇല്ലേടീ???? പറ????? എമിയുടെ മുഖത്തേക്ക് നോക്കി അവൻ ചോദിക്കവെ മറുപടി പറയാതെ അവൾ നോട്ടം താഴ്ത്തി ഇരുന്നു. ഇങ്ങോട്ട് നോക്കെടീ..... എമിയുടെ മുഖം അവന് നേരെ പിടിച്ചുയർത്തി. എന്നതാ നിന്റെ പ്രശ്നം????? ഗൗരവത്തോടെ അച്ചു ചോദിച്ചതും എമി അച്ചുവിനെ ഒന്നു നോക്കി അവന്റെ നെഞ്ചിലേക്ക് കവിൾ ചേർത്ത് വെച്ചു. ഒരു കയ്യാൽ അവന്റെ ബനിയനിൽ പിച്ചി വലിച്ചു. വാവ വന്നു കഴിയുമ്പൊ ഇച്ചായന് എന്നോട് സ്നേഹം കുറയുവോ????? മെല്ലെ മുഖം ചരിച്ച് അച്ചുവിന്റെ മുഖത്തേക്ക് മിഴികൾ ഉറപ്പിച്ച് അവൾ ചോദിച്ചു. അവളുടെ ചോദ്യം കേട്ടതും അച്ചു ഒന്നു അതിശയിച്ചു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. എമിയെ നോക്കിയവൻ ചിരി അടക്കാൻ കഴിയാതെ പൊട്ടിച്ചിരിച്ചു. ഇച്ചായാ....... നീരസത്തോടെ അവൾ അവന്റെ നെഞ്ചിൽ ഒന്നു കുത്തി. അച്ചു അപ്പോഴും ചിരി നിർത്തിയിരുന്നില്ല. അവൾ ചോദിച്ച ചോദ്യം വീണ്ടും വീണ്ടും ഓർത്തുകൊണ്ട് അവൻ ഉച്ചത്തിൽ ചിരിച്ചു. ഇങ്ങനെ ചിരിക്കാൻ മാത്രം ഇവിടെ എന്തിരിക്കുന്നു????? മുഖം ചുവപ്പിച്ച് വെച്ച് അവൾ കണ്ണുരുട്ടി. നിന്റെ ചോദ്യം കേട്ടാൽ പിന്നെ ആർക്കായാലും ചിരി വരില്ലേ?????

ഒരുവിധം ചിരി അടക്കി പിടിച്ച് അച്ചു ഒന്നു ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു. അത് കേട്ടതും ചുണ്ട് ചുളുക്കി അവൾ എഴുന്നേറ്റ് പോവാൻ ശ്രമിച്ചു. എങ്ങോട്ടാ ഈ പായുന്നത്???? ഇവിടെ ഇരിക്കെടീ... അവളെ കൈകൊണ്ട് ചുറ്റിപിടിച്ച് അച്ചു മടിയിലേക്ക് വീണ്ടും ഇരുത്തി. എമി അവനെ നോക്കാതെ വാശിയോടെ മുഖം തിരിച്ചു. ഇപ്പൊ എന്റെ പൊടിക്കുപ്പിക്ക് ഇങ്ങനെ തോന്നാൻ മാത്രം എന്നതാ കാര്യം????? നെറ്റിയിലേക്ക് വീണുകിടന്ന അവളുടെ മുടിയിഴകൾ മെല്ലെ ഒതുക്കി വെച്ച് കൊടുത്ത് അവൻ ചോദിച്ചു. ഞാൻ ജനിച്ചു കഴിഞ്ഞ് എന്റെ പപ്പ അങ്ങനെ ആയിരുന്നല്ലോ. അമ്മയേക്കാൾ സ്നേഹം പപ്പയ്ക്ക് എന്നോട് ആയിരുന്നു. പപ്പയുടെ നെഞ്ചിൽ കിടത്തി ആയിരുന്നു ഉറക്കിയിരുന്നത്. അമ്മയേക്കാൾ ഇമ്പോർടൻസ് തന്നത് എനിക്കായിരുന്നു. അമ്മ പരാതി പറയുമ്പോഴും പപ്പ എന്നെ ചേർത്ത് പിടിക്കും. അങ്ങനെ വരുമ്പൊ ഇച്ചായനും കുഞ്ഞിനോട് ആയിരിക്കില്ലേ സ്നേഹകൂടുതൽ????? എണ്ണിപെറുക്കി അവൾ പറഞ്ഞതും അച്ചു ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിച്ചു. ചിലപ്പൊ അങ്ങനെ ആയിരിക്കും. കുറുമ്പോടെ അവനൊന്ന് പറഞ്ഞു. എന്നാ അങ്ങനെ വേണ്ട. ആദ്യം ഞാൻ അതുകഴിഞ്ഞു മതി മറ്റാരും. വാശിയോടെ പറഞ്ഞ് അവൾ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് ഇരുന്നു. എടി പൊട്ടിക്കാളീ ഒരു കുഞ്ഞ് വന്നെന്ന് കരുതി എനിക്ക് നിന്നോടുള്ള സ്നേഹം കുറയുവോ????? അമ്മ നിന്നോട് കാണിച്ചിരുന്ന അകൽച്ച കാരണം പപ്പ നിന്നെ അതിന് കൂടി സ്നേഹിച്ചു.

പപ്പ നിനക്ക് തന്നുകൊണ്ടിരുന്നത് ഒരമ്മയുടെയും അപ്പന്റെയും ഒക്കെ സ്നേഹം ഒരുപോലെ ആയിരുന്നു. അതുകൊണ്ടാണ് നിനക്ക് അങ്ങനെ ഒക്കെ തോന്നിയത്. അച്ചു അവളുടെ തലയിൽ മെല്ലെ ഒന്നു തട്ടി പറഞ്ഞു. എമി അപ്പോഴാണ് അവൻ പറഞ്ഞതിനെ പറ്റി ചിന്തിക്കുന്നത്. ശരിയാണ്... പപ്പ ശരിക്കും തനിക്ക് നൽകി കൊണ്ടിരുന്നത് ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും കൂടി ആയിരുന്നു. തനിക്ക് ഒരു കുറവും വരാതിരിക്കാനാണ് പപ്പ ശ്രദ്ധിച്ചിരുന്നത്. അതേപോലെ തന്നെ അമ്മയുടെ കാര്യത്തിലും പപ്പ ശ്രദ്ധ കാണിച്ചിട്ടുണ്ട്. അമ്മയുടെ പിറന്നാളിന് എല്ലാ കൊല്ലവും മറക്കാതെ ഗിഫ്റ്റ് വാങ്ങി കൊണ്ടുവന്നിരുന്നതും തന്നെ നെഞ്ചിൽ കിടത്തി ഉറക്കുമ്പോഴും അമ്മയെ ഒരു കയ്യാൽ ചേർത്ത് പിടിക്കുന്നതും എല്ലാം സ്നേഹം കൊണ്ടായിരുന്നില്ലേ???? എന്നോട് കാണിച്ചിരുന്ന അകൽച്ചയുടെ പേരിൽ അല്ലാതെ പപ്പ അമ്മയോട് ഒന്നു ദേഷ്യപ്പെട്ടത് പോലും തന്റെ ഓർമ്മയിൽ ഇല്ല. എമി സ്വയം ചിന്തിച്ചു. ഈ കുഞ്ഞി തല പുകച്ച് ഇനി അടുത്ത എന്ത് കുനഷ്ട് ആലോചിക്കാനുള്ള പുറപ്പാടാ????? അച്ചു ചോദിച്ചതും അവൾ ആലോചന ഒക്കെ നിർത്തി അവനെ നോക്കി ചിരിച്ചു. ഈ കുരുത്തംകെട്ട സ്വഭാവം ഒന്നും നീ എന്റെ കൊച്ചിന് കൊടുത്തേക്കല്ലേ എന്റെ കർത്താവേ...

എമിയുടെ വയറിൽ കൈ ചേർത്തവൻ പറഞ്ഞതും അവളുടെ മുഖം പിന്നെയും വീർത്തു. ഓഹ്.... നമ്മൾ പിന്നെ വല്യ മാന്യൻ ആയിരുന്നല്ലോ???? എട്ടും പൊട്ടും തിരിയാത്ത എന്നെ പിടിച്ച് ഉമ്മിച്ച ആളല്ലേ നിങ്ങൾ????? എമി കെറുവോടെ പറഞ്ഞു. അച്ചു അത് കേട്ട് ചിരിച്ചു. എല്ലാവരെയും അറിയിക്കണ്ടേ????? അവളെ ഒന്നു പൊതിഞ്ഞു പിടിച്ചുകൊണ്ട് അവൻ ചോദിച്ചു. ഈ പാതിരാത്രിക്കോ???? അവരെല്ലാം ഉറങ്ങിയിട്ടുണ്ടാവും നമുക്ക് നാളെ നേരം വെളുത്തിട്ട് അറിയിക്കാം. അച്ചുവിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അവന്റെ നെഞ്ചിലേക്ക് പതുങ്ങി കൂടി അവൾ പറഞ്ഞു. നാളെ ഞാൻ ലീവ് എടുക്കാം. എന്നിട്ട് ഹോസ്പിറ്റലിൽ പോവാം. ഏട്ടത്തി വർക്ക്‌ ചെയ്യുന്നിടത്ത് തന്നെ കാണിക്കാം. മറുപടിയായി അവളൊന്ന് മൂളി. അച്ചുവിന്റെ വിരലുകൾ വീണ്ടും ഉദരത്തിലേക്ക് ചലിച്ചു. ഇച്ചായാ........ അവന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അവൾ വിളിച്ചു. മ്മ്മ്....... അതുണ്ടല്ലോ?????? മുഖവുരയോടെ അവൾ അവന്റെ ബനിയനിൽ വിരൽ ചുറ്റി. മ്മ്മ്... പോരട്ടെ... എനിക്ക് ഇപ്പൊ പൊറോട്ടയും ബീഫും കഴിക്കാൻ തോന്നുന്നു. കൊഞ്ചലോടെ അവൾ പറഞ്ഞതും അച്ചു അവളെ നോക്കി. ഈ പാതിരാത്രിക്കോ????? പാതിരാത്രി ആണെന്ന് വാവക്ക് അറിയോ???? പാവം നമ്മുടെ കൊച്ചിന് വിശക്കുന്നുണ്ടാവും.

ചുണ്ട് പിളർത്തി പറഞ്ഞുകൊണ്ട് അവൾ വയറിൽ ഉഴിഞ്ഞു. ഇനിയിപ്പൊ എല്ലാ ഉടായിപ്പിനും വയറ്റിൽ കിടക്കുന്ന ഒന്നുമറിയാത്ത കൊച്ചിനെ കൂട്ടുപിടിച്ചാൽ മതിയല്ലോ????? അവളെ ഒന്നു കൂർപ്പിച്ച് നോക്കി അവൻ പറഞ്ഞതും കണ്ണിറുക്കി കുറുമ്പോടെ അവളൊന്ന് ചിരിച്ചു. പുറത്ത് നല്ല തണുപ്പാണ് ഞാൻ പോയി വാങ്ങിച്ചിട്ട് വന്നാൽ പോരെ????? പോര പോരാ.... എന്നെയും കൂടെ കൊണ്ടുപോണം. പ്ലീസ്... എന്റെ ഡ്രാക്കു അല്ലെ???? മതി മതി സോപ്പിട്ടത്. ചേഞ്ച്‌ ചെയ്യ് പോവാം. കവിളിൽ നുള്ളി വലിച്ച് കൊഞ്ചുന്നവളുടെ കൈ പിടിച്ചു മാറ്റിയവൻ പറഞ്ഞു. ദാറ്റ്‌സ് മൈ ഇച്ചായൻ.... ചിരിയോടെ അവന്റെ കവിളിൽ ഒന്നു മുത്തി എമി അവന്റെ മടിയിൽ നിന്ന് പതിയെ എഴുന്നേറ്റു. ഭൂമിക്ക് നോവല്ലേ എന്ന രീതിയിൽ പതിയെ നടന്ന് പോവുന്നവളെ കണ്ട് അച്ചു താടിക്ക് കൈകൊടുത്ത് ഇരുന്നുപോയി. അല്ലാത്തപ്പൊ ചാടി തുള്ളി നടക്കുന്നവളാ. അച്ചുവിന് അവളുടെ മാറ്റം കണ്ട് ചിരി വന്നുപോയി. അവളെ ഒന്നു നോക്കി അച്ചുവും വേഗം ചേഞ്ച്‌ ചെയ്തു. വേഗം വാ എമീ ലേറ്റ് ആവുന്നു.... അച്ചു ബനിയൻ എടുത്തിട്ട് തിടുക്കം കൂട്ടി. ദേ വരുന്നു ഇച്ചായാ.... മറുപടി കൊടുക്കുന്നതിനൊപ്പം മുടി പൊക്കി കെട്ടിവെച്ച് അവൾ അച്ചുവിന് അരികിൽ എത്തി. പോവാം????? അച്ചുവിന്റെ ചോദ്യത്തിന് സമ്മതപൂർവ്വം അവൾ തലയാട്ടി. വാ..... അച്ചു അവളുടെ കയ്യിൽ പിടിച്ച് പതിയെ റൂം തുറന്ന് ഇറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചുവിന്റെ ബുള്ളറ്റിന് പുറകിൽ ഇരുന്ന് പോവുമ്പോൾ എമിയുടെ മനസ്സ് സന്തോഷം കൊണ്ട് തുടിക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ ദേഹത്തെ വാരി പുണരുന്ന കാറ്റിന്റെ തണുപ്പിൽ ഒന്നു കുളിരുന്നുകൊണ്ട് അവൾ അച്ചുവിനെ മുറുകെ കെട്ടിപിടിച്ച് അവന്റെ പുറത്ത് തല ചായച്ച് ഇരുന്നു. ഡീ.... ഉറങ്ങി കളയല്ലേ.... വയറിൽ ചുറ്റിപ്പിടിച്ച അവളുടെ കൈക്ക് മേലെ കൈ അമർത്തിക്കൊണ്ട് അച്ചു പറഞ്ഞു. ഇല്ല..... മറുപടി പറഞ്ഞുകൊണ്ട് ഒന്നുകൂടി അവൾ അച്ചുവിനെ ചുറ്റിപ്പിടിച്ചു. കുറച്ച് ദൂരം പോയതും ആദ്യം കണ്ട തട്ടുകടയ്ക്ക് മുന്നിൽ അച്ചു വണ്ടി നിർത്തി. തട്ടുകട കണ്ടതും എമി അച്ചുവിന്റെ തോളിൽ പിടിച്ചുകൊണ്ട് ഇറങ്ങി. അച്ചു വണ്ടി സ്റ്റാണ്ട് ചെയ്ത് ഇറങ്ങിയതും എമി കടയിൽ കയറി ബെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു. അവളുടെ ഇരിപ്പ് കണ്ട് അച്ചു കടയിലേക്ക് കയറി. ചേട്ടാ ഒരു പ്ലേറ്റ് പൊറോട്ടയും ബീഫും പോരട്ടെ... അച്ചു എന്തെങ്കിലും പറയും മുന്നേ എമി വിളിച്ചു കൂവി. അത് കേട്ടതും കടയുടമ അവൾ ആവശ്യപ്പെട്ടത് എടുക്കാൻ തിരിഞ്ഞു. അച്ചു ബെഞ്ചിൽ അവൾക്ക് അരികിലായി ഇരുന്നു. നീ കൈ കഴുകുന്നില്ലേ???? ഡെസ്കിൽ താളം പിടിച്ചുകൊണ്ട് അവളുടെ ഇരിപ്പ് കണ്ടവൻ ചോദിച്ചു. ഞാൻ എന്നാത്തിനാ കൈ കഴുകുന്നത്????

ഇച്ചായൻ അല്ലെ എനിക്ക് വാരി തരുന്നത്. ഇളിച്ചുകൊണ്ട് അവൾ പറഞ്ഞതും അച്ചു അവളെ കൂർപ്പിച്ച് നോക്കി. എന്നെ നോക്കി പേടിപ്പിക്കണ്ട കൊച്ചിന് അതിന്റെ അപ്പൻ വാരി കൊടുക്കുന്നതാ ഇഷ്ടം. നിഷ്കു മട്ടിൽ അവൾ പറഞ്ഞതും അച്ചു ചിരിച്ചു. പിന്നെ അവളുടെ തലയിൽ പയ്യെ ഒന്നു തട്ടി എഴുന്നേറ്റ് കൈ കഴുകാൻ പോയി. അച്ചു കൈ കഴുകി തിരികെ വന്നപ്പോഴേക്കും കഴിക്കാനുള്ളത് എമിക്ക് മുന്നിൽ എത്തിയിരുന്നു. കൂടെ ആവി പറക്കുന്ന കട്ടനും. അച്ചു എമിയുടെ അടുത്ത് പോയിരുന്ന് പ്ലേറ്റ് മുന്നിലേക്ക് നീക്കി വെച്ച് അവൾക്ക് വാരി കൊടുത്തു. എമി അവൻ കൊടുക്കുന്നത് കഴിച്ച് ചൂട് കട്ടൻ ഊതി ഊതി കുടിച്ചു കൊണ്ടിരുന്നു. ഒരു പൊറോട്ട അകത്ത് ചെന്നതും എമിക്ക് അതുവരെ ഉണ്ടായിരുന്ന ആവേശം മുഴുവൻ കെട്ടു. വയറ് നിറഞ്ഞു എന്ന് പറഞ്ഞ് അവൾ അച്ചുവിനെ നോക്കി. അച്ചു അവളെ നോക്കി കണ്ണുരുട്ടിയതും പാവത്താൻ ഭാവത്തിൽ അവൾ ചുണ്ട് പിളർത്തി കാണിച്ചു. വല്ലതും പറഞ്ഞാൽ മുഖവും വീർപ്പിച്ച് വയറിൽ കൈ വെച്ച് പരാതി പറയും എന്നറിയാവുന്നത് കൊണ്ട് അച്ചു പിന്നൊന്നും പറയാൻ നിന്നില്ല. ഇപ്പൊ എന്തിനും ഏതിനും വയറ് തടവി കാണിക്കുന്നത് ആണല്ലോ പതിവ്. അവൾ കഴിച്ചു പാതി ആക്കിയത് അവൻ തന്നെ കഴിച്ച് മുഴുവിപ്പിച്ച് എഴുന്നേറ്റ് കൈ കഴുകി.

കഴിച്ച പൈസ കൊടുത്ത് തിരിഞ്ഞ അച്ചു കാണുന്നത് വണ്ടിയിൽ ചാരി നിന്ന് ഉറക്കം തൂങ്ങുന്ന എമിയെയാണ്. ഇനിയും നിന്നാൽ ശരിയാവില്ല എന്ന് തോന്നിയതും ഒരു നിമിഷം പോലും പാഴാക്കാതെ അച്ചു അവളെ തട്ടി വിളിച്ച് വണ്ടിയിൽ കയറ്റി വീട്ടിലേക്ക് തിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇതുങ്ങൾ ഇതെന്താ നേരം ഇത്രയും ആയിട്ടും ഇറങ്ങി വരാത്തത്???? സാധാരണ ഈ നേരത്ത് ആ പെങ്കൊച്ചിനെ എങ്കിലും താഴോട്ട് കാണുന്നതാ ഇന്ന് അതുമില്ല. രണ്ടിനും ഇന്ന് പോവേണ്ടതല്ലേ???? സാറാ അച്ചുവിനെയും എമിയേയും കാണാതെ ആയതും പറഞ്ഞു. രണ്ടും എഴുന്നേറ്റിട്ടുണ്ടാവില്ല അമ്മച്ചീ.... ആൽവിച്ചൻ മറുപടിയുമായി എത്തി. അത് ശരിയാ സാറാമ്മേ ഉറക്കത്തിന്റെ കാര്യത്തിൽ നമ്മുടെ മകനും മരുമകളും ഒരേ തൂവൽ പക്ഷികൾ അല്ലെ???? കയ്യിലിരുന്ന ടീവി റിമോട്ട് മാറ്റിവെച്ചുകൊണ്ട് പോളും ആൽവിച്ചനെ പിന്തുണച്ചു. എന്നുപറഞ്ഞാൽ എങ്ങനാ ശരി ആവുന്നത്???? രണ്ടിനും ജോലിക്ക് പോവേണ്ടതല്ലേ????? വന്നുവന്ന് ഉത്തരവാദിത്തം എന്ന് പറയുന്ന സാധനം ആ ചെക്കനും ഇല്ലാണ്ടായി. കാണിച്ചു കൊടുക്കുന്നുണ്ട് രണ്ടിനും... ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവർ സാരിതുമ്പ് എളിയിൽ കുത്തി മുറിയിലേക്ക് പോവാൻ തുനിഞ്ഞതും അച്ചുവും അവന് പിന്നാലെ എമിയും താഴേക്ക് ഇറങ്ങി വന്നു. രണ്ടാളും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റുള്ള വരവാണ് എന്ന് കണ്ടതും സാറാ ഇടുപ്പിൽ കൈ കുത്തി രണ്ടിനെയും കലിപ്പിച്ച് ഒന്നു നോക്കി.

താഴെ എത്തിയതും സാറായുടെ നോട്ടം കണ്ട് എമി അച്ചുവിന്റെ പിന്നിലേക്ക് പതുങ്ങി നിന്നു. നോക്ക് അമ്മച്ചീ നോക്ക്... ഞാൻ പറഞ്ഞത് ഇപ്പൊ എങ്ങനെ ഇരിക്കുന്നു??? ഇന്നേരം വരെ രണ്ടും കൂടി കിടന്ന് ഉറങ്ങുവായിരുന്നു. എന്തൊക്കെ ആയിരുന്നു അമ്മച്ചീടെ പറച്ചിൽ... ഇവന് മാത്രമേ ഈ വീട്ടിൽ ഉത്തരവാദിത്തബോധം ഉള്ളൂ... ഞങ്ങളൊക്കെ കുഴിമടിയന്മാരാണ്. ജോലിയോട് ആത്മാർത്ഥ നിറഞ്ഞു തുളുമ്പുന്ന സൽസ്വഭാവിയായ മകൻ ഇപ്പൊ നിൽക്കുന്നത് കണ്ടോ????? ഇത് കണ്ടിട്ട് ഡാഡിക്ക് ഒന്നും പറയാനില്ലേ???? വായിൽ പഴം തിരുകിയത് പോലെ ഇരിക്കാതെ എഴുന്നേറ്റ് വന്ന് പ്രതികരിക്ക് ഡാഡീ... ഈ എരണംകെട്ടവൻ കാരണം എന്തോരം ചീത്തയാ നമ്മൾ കേട്ടിരിക്കുന്നത് ഡാഡി അതൊക്കെ മറന്നോ????? ആൽവിച്ചൻ കത്തി കയറുകയാണ്. അടിസ്ഥാനപരമായി ഇവൻ പറഞ്ഞതിലാണ് ഇപ്പൊ കാര്യം. അതുകൊണ്ട് ഞാൻ ഇവന്റെ ഭാഗത്താണ്. ഇവനെ കണ്ടുപഠിക്ക് ഇവനെ കണ്ടുപഠിക്ക് എന്ന് നാഴികയ്ക്ക് നാല്പത് വട്ടവും പറയാറുള്ള നിനക്ക് പൊന്നോമന പുത്രന്റെ ഈ നിൽപ്പ് കണ്ടിട്ട് എന്താ പറയാനുള്ളത്????? പോൾ ആൽവിച്ചനെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്ത് എത്തി. കേട്ടല്ലോ നീയിത്????? ഇത്രയും നാളും കുറച്ച് പക്വത നിനക്കെങ്കിലും ഉണ്ടെന്ന് ഞാൻ വിചാരിച്ചു

അത് വെറുതെ ആണെന്ന് നീ ആയിട്ട് ഇപ്പൊ തെളിയിച്ചു കൂട്ടുന്നുണ്ട്. സാറാ ദേഷ്യത്തിൽ അച്ചുവിന് നേർക്ക് പറഞ്ഞു നിർത്തിയതും അവൻ അവരെ ചുറ്റിപ്പിടിച്ച് കവിളിൽ അമർത്തി ഉമ്മ വെച്ചു. സാറാ ഒരു നിമിഷം പകച്ചുപോയി. വൗ... സൈക്കിൾ ഓടിക്കൽ മൂവ്മെന്റ്. പണ്ട് ദോ ആ നിൽക്കുന്ന കുരുപ്പിനെ ഉമ്മിച്ചു വീഴ്ത്തിയത് പോലെ അമ്മച്ചിയേയും വീഴ്ത്താനുള്ള മനഃശാസ്‌ത്രപരമായ നീക്കം. വീഴരുത് അമ്മച്ചീ വീഴരുത്... ഇവന്റെ ഈ ഓഞ്ഞ ഉമ്മയിൽ ഈ മണ്ടി വീണത് പോലെ അമ്മച്ചിയും വീഴരുത്... എമിയെ കാണിച്ച് ആൽവിച്ചൻ പറഞ്ഞതും പല്ല് കടിച്ച് അവൾ ആൽവിച്ചനെ നോക്കി. കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന ആൽവിച്ചൻ അതുണ്ടോ അറിയുന്നു. ആൾ അടുത്ത സ്‌ക്രൂ മുറുക്കാനുള്ള തിരക്കിലാണ്. അവൻ ഉമ്മയും ആയി ഇറങ്ങിയിരിക്കുന്നു... ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ഉമ്മ വെക്കാൻ നീയാരാടാ ഉമ്മറോ ഉമ്മച്ചനോ ഉമ്മൻ കോശിയോ??? ആൽവിച്ചൻ സലീംകുമാറിനെ കടത്തിവെട്ടുന്ന പെർഫോമൻസ് കാഴ്ച വെക്കുകയാണ് സൂർത്തുക്കളെ. ഒന്നു മിണ്ടാതെ നിൽക്കെടാ.... സാറാ ഒച്ചയിട്ടു. കണ്ടാ കണ്ടാ ഒരുമ്മ കിട്ടിയപ്പൊ അമ്മച്ചി മറുകണ്ടം ചാടി. ഛേ... ലജ്ജാവഹം... ആൽവിച്ചൻ മുഖം ചുളിച്ചു. എന്തൊക്കെയാടാ നീ കാണിച്ചു കൂട്ടുന്നത് തല്ല്കൊള്ളീ...

സാറാ അവന്റെ കയ്യിൽ പതിയെ അടിച്ചു. ഹാ... ഞാൻ എന്റെ സന്തോഷം കൊണ്ട് ഒരു ഉമ്മ തന്നതല്ലേ എന്റെ സാറാകൊച്ചേ... ഇനിയും വേണമെങ്കിൽ പറഞ്ഞാൽ പോരെ ഞാൻ തരില്ലേ???? അച്ചു ഒരു കള്ളചിരിയോടെ അവരുടെ മറു കവിളിലും മുത്തി. ഇതെല്ലാം കണ്ട് കിളി പാറി നിൽപ്പാണ് പോളും ആൽവിച്ചനും. ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പൊ സ്വന്തം അനിയന് ഇതെന്തുപറ്റി എന്ന ചിന്തയിലാണ് ആൽവിച്ചൻ. ദേ അച്ചൂ... എന്നെ ദേഷ്യം പിടിപ്പിക്കാതെ അങ്ങോട്ട് മാറിക്കേ... സാറാ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു. അപ്പൊ ഞാൻ പറയുന്ന സന്തോഷ വാർത്ത കേൾക്കണ്ടേ????? അച്ചു ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ചോദിച്ചു. സാറാ അവനെ നെറ്റി ചുളിച്ച് ഒന്നു നോക്കി. അത് കണ്ടതും അവൻ അവരെ വിട്ട് പിന്നിൽ നിന്നിരുന്ന എമിയെ വലിച്ച് അവന് മുന്നിലേക്ക് നിർത്തി. ഞാൻ ഉഴപ്പ് കാണിക്കുന്നു നാട്ടുകാര് ചോദിക്കുന്നു എന്നൊക്കെ പരാതി ആയിരുന്നില്ലേ അമ്മച്ചിക്ക്???? അത് ഞാനായിട്ട് പരിഹരിച്ചിട്ടുണ്ട്. ഈ വീട്ടിലെ മൂന്നാമത്തെ പേരക്കുട്ടി ഓൺ ദി വേ ആണ്.... കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൻ എമിയുടെ വയറിൽ കൈ ചേർത്ത് വെച്ച് അവളുടെ തോളിൽ മുഖം ഉറപ്പിച്ച് സാറായെ നോക്കി. അതിശയത്തോടെ അവരുടെ മുഖം വിടർന്നു. നേരാണോടാ?????

ആഹ്ലാദം അടക്കാൻ ആവാതെ അവർ ചോദിച്ചു. നേര്... സംശയം ഉണ്ടെങ്കിൽ ദേ നിൽക്കുന്നവളോട് ചോദിച്ചു നോക്ക്. അച്ചു എമിയിൽ നിന്ന് വിട്ടുമാറിക്കൊണ്ട് ചിരിയോടെ പറഞ്ഞു. സാറാ എമിയുടെ കവിളിൽ കൈചേർത്ത് വെച്ചു. പറയാൻ അവർക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവർ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു. അമ്മച്ചിക്ക് സന്തോഷമായി... ആ രണ്ട് വാക്കുകളിൽ ഉണ്ടായിരുന്നു അവർ അനുഭവിക്കുന്ന സന്തോഷത്തിന്റെ ആഴം. പോൾ അവളുടെ നെറുകിൽ ഒന്നു തലോടി. പിള്ളേരെ സ്കൂളിൽ അയക്കാൻ ഒരുക്കി ഇറങ്ങിയ റിയ അവിടുത്തെ കാഴ്ച കണ്ട് കാര്യം മനസ്സിലാവാതെ നിന്നു. ഇതെന്താ ഇവിടെ പതിവില്ലാത്ത ഒരു സ്നേഹ പ്രകടനം????? സംശയത്തോടെ നെറ്റി ചുളിച്ച് അവർ എല്ലാവരെയും നോക്കി. എടീ നീ അറിഞ്ഞില്ലേ???? ദേ ഈ നിൽക്കുന്ന വെളിവില്ലാത്തവൾ ഒരു തള്ള... സോറി അമ്മ ആവാൻ പോകുവാടീ... ആൽവിച്ചൻ റിയയോട് പറയാൻ വന്നത് എമിയുടെ കണ്ണുരുട്ടൽ കണ്ട് തിരുത്തി പറഞ്ഞു. റിയയും ഒരു നിമിഷം അതിശയം കൊണ്ട് തറഞ്ഞു നിന്നുപോയി. പിന്നെ ഓടി എമിയുടെ അടുത്ത് എത്തി കെട്ടിപ്പിടുത്തമായി ഉമ്മ കൊടുക്കലായി മുഴുവൻ സന്തോഷ പ്രകടനം. ഇവിടെ ഇരുന്നേ ഞാൻ ചോദിക്കട്ടെ...

റിയ അവളെ പിടിച്ച് സോഫയിലേക്ക് ഇരുത്തി. നീ ഇതെങ്ങനെ ഉറപ്പിച്ചു????? റിയ അവളുടെ വയറിൽ കൈ ചേർത്തുകൊണ്ട് ചോദിച്ചു. കുറച്ച് ദിവസമായി എനിക്ക് ഒരുതരം ക്ഷീണവും അസ്വസ്ഥതയും എല്ലാം തോന്നാൻ തുടങ്ങിയിട്ട്. ഇന്നലെ രാവിലെ സ്കൂളിൽ വെച്ചും തല ചുറ്റുന്നത് പോലെ ഒക്കെ തോന്നി. ആ സമയത്ത് ആയിരുന്നു നിവി വിളിച്ചത്. എന്റെ ശബ്ദത്തിലെ വ്യത്യാസം മനസ്സിലാക്കി അവൾ വയ്യേന്ന് ചോദിച്ചത്. ഞാൻ അപ്പൊ കാര്യം പറഞ്ഞു. എല്ലാം കേട്ടപ്പൊ അവളാണ് ചെറിയൊരു ഡൗട്ട് പറഞ്ഞത്. ആലോചിച്ചപ്പൊ എനിക്കും സംശയം തോന്നി. ഇവിടെ വന്ന് ടെസ്റ്റ്‌ ചെയ്തു നോക്കിയപ്പോഴാണ് വെറും സംശയം ആയിരുന്നില്ല അതെന്ന് അറിയുന്നത്. ചെറിയൊരു ചമ്മലോടെ അവൾ പറഞ്ഞു നിർത്തി. ഇന്നലെ അറിഞ്ഞിട്ടാണോ പെണ്ണേ നീ ഞങ്ങളോട് ഒരു വാക്ക് പറയാതിരുന്നത്. സാറാ പരാതി പറഞ്ഞു. അത് അമ്മച്ചീ... ആദ്യം ഇച്ചായനെ അറിയിച്ചിട്ട് എല്ലാവരോടും പറയാമെന്ന് കരുതി. അച്ചുവിനെ നോക്കിയാണ് അവളത് പറഞ്ഞത്. അത് വിട്... എന്തായാലും ഞാൻ ഹാപ്പി ആയി. എന്റെ രണ്ട് സന്തതികളെയും ഭാര്യയും ഭർത്താവും കൂടി കയ്യിലെടുത്ത് വെച്ചിരിക്കുവല്ലേ അതുകൊണ്ട് നിന്റെ ഒക്കെ കൊച്ചിനെ ഞാൻ എന്റെ സ്വന്തം ആളാക്കി മാറ്റിയിരിക്കും. കൊച്ച് ഒന്നു ഇങ്ങോട്ട് വന്നോട്ടെ നിനക്കൊക്കെ ഞാൻ കാണിച്ച് തരുന്നുണ്ട്. ആൽവിച്ചൻ പറഞ്ഞുകൊണ്ട് എമിയേയും അച്ചുവിനെയും നോക്കി ചുണ്ട് കോട്ടി.

സ്വന്തം പിള്ളേര് വരവ് അറിയിച്ചപ്പൊ പോലും ഇവൻ ഇത്രയും ആവേശം കാണിച്ചിട്ടില്ല. സാറാ ആൽവിച്ചനെ നോക്കി പറഞ്ഞു. ഒരു പെൺകുട്ടി കൂടി വേണം എന്നുള്ള എന്റെ ആഗ്രഹത്തെ ഇവൾ ഒരുത്തി നിഷ്കരുണം ചവിട്ടി തള്ളി. പോരാത്തതിന് എന്റെ ഇളയ സന്താനം ഉണ്ടല്ലോ അവൻ എന്റെ കഞ്ഞിയിലെ പാറ്റയാണ്. ഒരു അനിയത്തി കൂടി വേണമെന്ന് ആഗ്രഹമില്ലാത്ത കുരിപ്പ്. ഇവർക്ക് ജനിക്കുന്ന പെൺകുഞ്ഞിനെ കൊഞ്ചിച്ച് എങ്കിലും ഞാൻ ആ സങ്കടം തീർക്കട്ടെ.... ആൽവിച്ചൻ അത്യധികം വിഷമത്തോടെ പറഞ്ഞു നിർത്തി. എമിയും അച്ചുവും അത് കേട്ട് വാ പൊത്തി ചിരിച്ചു. പോളും സാറായും ആകട്ടെ സ്വന്തം മകന്റെ തുറന്ന് പറച്ചിലിൽ വായും തുറന്ന് നിൽപ്പാണ്. ഒന്നു മിണ്ടാതെ നിൽക്ക് ആൽവിച്ചായാ. എന്താ എവിടെയാ പറയേണ്ടത് എന്നറിയില്ല. നാക്കിന് ലൈസെൻസ് ഇല്ലാത്ത ഇതുപോലെ ഒരു മനുഷ്യൻ... റിയ അവനെ നോക്കി കണ്ണുരുട്ടി. നീ പോടീ... നിനക്ക് ദെണ്ണം ഉണ്ടാവില്ല പക്ഷെ എനിക്ക് അങ്ങനെയല്ല. എന്റെ സ്വപ്‌നങ്ങൾ പ്രതീക്ഷകൾ എല്ലാമാണ് വെള്ളത്തിലായത്... ആൽവിച്ചൻ നിർത്താനുള്ള ഉദ്ദേശമില്ല. ഒന്നു നിർത്തെടാ നാണംകെട്ടവനേ... ഇതിന് കുറച്ചെങ്കിലും ബോധം നീ കൊടുത്തില്ലല്ലോ എന്റെ കർത്താവേ... സാറാ തലയ്ക്ക് കൈ കൊടുത്തു.

വീട്ടിൽ അറിയിച്ചോ എമീ????? റിയ വിഷയം മാറ്റാൻ എന്നപോൽ ചോദിച്ചു. രാവിലെ പപ്പ വിളിച്ചപ്പൊ ഇച്ചായൻ സൂചിപ്പിച്ചു. വൈകിട്ട് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. എമി സന്തോഷത്തോടെ പറഞ്ഞു. അതെന്തായാലും നന്നായി. അച്ചു നീ ഇന്ന് തന്നെ മോളെ കൊണ്ടുപോയി ഗൈനക്കിനെ കാണിക്കണം. സാറാ ഗൗരവത്തോടെ പറഞ്ഞു. അതിനല്ലേ അമ്മച്ചീ ഞാൻ ഇന്ന് ലീവ് ആക്കിയത്. ഏട്ടത്തി വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ കാണിക്കാം എന്നാണ് വിചാരിക്കുന്നത്. അതാവുമ്പൊ ഒരു അറ്റെൻഷൻ കിട്ടുമല്ലോ???? അച്ചു വ്യക്തമാക്കി. എങ്കിൽ ഞാൻ ഒരു അപ്പോയ്ന്റ്മെന്റ് എടുത്ത് വെച്ചേക്കാം. അല്ലെങ്കിൽ ഒത്തിരി നേരം വെയിറ്റ് ചെയ്യേണ്ടി വരും. റിയ പറഞ്ഞുകൊണ്ട് ഫോൺ എടുത്ത് ഹോസ്പിറ്റലിലേക്ക് വിളിക്കാൻ തിരിഞ്ഞു. ജോക്കുട്ടനും ജിച്ചൂട്ടനും ഇവരുടെ ചർച്ച കണ്ട് കാര്യം മനസിലാവാതെ നിൽപ്പായിരുന്നു. അവസാനം ആൽവിച്ചൻ തന്നെ കാര്യം പറഞ്ഞു കൊടുത്തു.

അത് അറിഞ്ഞപ്പൊ തൊട്ട് വാവ എവിടെയാ കിടക്കുന്നത് എന്നും ചോദിച്ച് എമിയുടെ വയറ്റിൽ തൊട്ടും തടവിയും എല്ലാം നോക്കലാണ് ജിച്ചൂട്ടൻ. എടാ... വാവ ഇപ്പൊ തീരെ പൊടിയാണ്. വാവ വലുതാവുമ്പൊ എമിയുടെ വയറും വലുതാവും. അപ്പൊ വാവ അനങ്ങുന്നത് നമുക്ക് കാണാം. ജോക്കുട്ടൻ എന്തോ വലിയ കണ്ടുപിടുത്തം പോലെ ജിച്ചൂട്ടനോട് പറഞ്ഞു. ആനോ എമീ???? ജിച്ചൂട്ടൻ വിശ്വാസം വരാതെ അതിശയത്തോടെ എമിയുടെ മുഖത്തേക്ക് നോക്കി. ആടാ കുറുമ്പാ.... എമിയുടെ വയറ്റിൽ കിടന്ന് വലുതാവുമ്പൊ കുഞ്ഞുവാവ പുറത്ത് വരും. എന്നിട്ട് കണ്ണ് തുറന്ന് എല്ലാവരെയും നോക്കും. ജിച്ചൂട്ടനെ ചേട്ടാന്ന് വിളിക്കും. കൂടെ കളിക്കാൻ വരും. ആനോ???? അപ്പൊ നാൻ എന്തെ തോയ് മുയുവനും വാവക്ക് കൊതുക്കും... കയ്യൊക്കെ എടുത്ത് ആവേശത്തോടെ പറഞ്ഞുകൊണ്ട് അവൻ മുഖം എത്തിച്ച് എമിയുടെ വയറിൽ ചുണ്ട് ചേർത്തു. കൂടി നിന്നവരുടെ എല്ലാം ചുണ്ടിലെ ചിരിയുടെ മാറ്റ് കൂടാൻ അതൊന്ന് മാത്രം മതിയായിരുന്നു...... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story