ഹൃദയതാളമായ്: ഭാഗം 211

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

തന്റെ മടിയിൽ തല വെച്ച് കിടക്കുന്ന റോണിയുടെ മുടിയിഴകളിലൂടെ എമി വിരൽ ഓടിച്ചു. അവന്റെ മുഖത്ത് പതിവിലേറെ തിളക്കം ആയിരുന്നു. എമി അവനെ തന്നെ നോക്കിയിരുന്നു. വാർത്ത അറിഞ്ഞ് ഹാഫ് ഡേ ലീവെടുത്ത് ഓടി വന്നതാണ് അവൻ. ഹോസ്പിറ്റലിൽ നിന്ന് ഇച്ചായന്റെ ഒപ്പം മടങ്ങി വീട്ടിൽ എത്തിയതും ഓടി വന്ന് സന്തോഷം കൊണ്ട് തന്നെ എടുത്ത് വട്ടം കറക്കുകയായിരുന്നു. ശരിക്കും പറഞ്ഞാൽ പേടിച്ചു പോയി. ഇച്ചായൻ വഴക്ക് പറഞ്ഞപ്പോഴാണ് ബോധം വന്നത് പോലെ നിലത്ത് നിർത്തിയത്. താഴെ നിർത്തിയതും കെട്ടിപ്പിടിച്ച് സോറി ഒക്കെ പറഞ്ഞ് കവിളിൽ ഉമ്മ വെച്ചു. അതോടെ പറയാൻ തുടങ്ങിയ ചീത്ത എല്ലാം മറന്നുപോയി. സന്തോഷം കൊണ്ട് നിലത്ത് നിന്ന് അവൻ തുള്ളുന്നത് ഒക്കെ കണ്ടപ്പൊ ചിരി വന്നുപോയി. ഇത്രയും അവനെ സന്തോഷിച്ച് മുൻപ് ഒരിക്കലും കണ്ടിട്ടില്ല എന്ന് തോന്നിപ്പോയി. അവനെ കൂടാതെ രണ്ട് നാത്തൂന്മാരും പ്രോഡക്റ്റുകളെ വാരി കൂട്ടി എത്തിയിട്ടുണ്ടായിരുന്നു. ആദ്യം തന്നെ ഒരു നീണ്ട പരാതി പറച്ചിൽ ആയിരുന്നു പറഞ്ഞില്ല അറിയിച്ചില്ല എന്നൊക്കെ പറഞ്ഞ്. നിവിക്ക് ആയിരുന്നു കൂടുതൽ പരിഭവം. സംശയം പറഞ്ഞതും വിളിച്ചു തിരക്കിയതും എല്ലാം അവൾ ആയിരുന്നല്ലോ????

പിന്നെ ഇച്ചായന്റെ പേരും പറഞ്ഞ് തടി ഊരി. പിന്നാലെ അപ്പുവേട്ടനും അനുവിന്റെ എഡ്ഢിച്ചനും കൂടി എത്തിയതോടെ കോറം തികഞ്ഞു. അതിനിടയിൽ കെട്ട്യോന്റെ വക മുട്ടൻ ഒരു പാര എത്തി. ഡോക്ടറെ കൺസൾട്ട് ചെയ്തപ്പോൾ പുള്ളിക്കാരി ഞാൻ അണ്ടർവെയിറ്റ് ആണെന്ന് പറഞ്ഞു. അത് കേട്ടതും ഡ്രാക്കു ഒരൊറ്റ നോട്ടം ആയിരുന്നു. ഭസ്മം ആയിപ്പോകാഞ്ഞത് എന്റെ ഭാഗ്യം. നല്ലവണ്ണം ആഹാരം കഴിക്കണം വെള്ളം കുടിക്കണം ഭാരപ്പെട്ട ജോലികൾ ഒന്നും ചെയ്യരുത്. ആദ്യത്തെ പ്രെഗ്നൻസി ആയത് കൊണ്ട് അതിന്റെ ബുദ്ധിമുട്ടികളെ പറ്റി ഒരു ക്ലാസ്സ്‌ തന്നെ തന്നു. ഗർഭിണി ആവുന്നത് ഇത്ര വലിയ സംഭവം ആണെന്ന് അതോടെ ബോധ്യമായി. അതെല്ലാം വള്ളി പുള്ളി തെറ്റാതെ മേരെ പ്യാരി കെട്ട്യോൻ എല്ലാവർക്കും മുന്നിൽ വിളമ്പി കൊടുത്തു. തീർന്നില്ലേ കഥ. പിന്നെ ഉപദേശമായി വഴക്കായി. ഫുഡ് കഴിപ്പിക്കാൻ ഒരു മത്സരം തന്നെ അരങ്ങേറി. അതിന് മുൻപന്തിയിൽ നിന്നത് നാത്തൂന്മാർ തന്നെ ആയിരുന്നു. ഒന്നു പെറ്റതിന്റെ ജാഡയാണ് രണ്ടിനും. എനിക്കും വരും അവസരം അപ്പൊ കാണിച്ചു കൊടുക്കുന്നുണ്ട്. അത് എപ്പോഴാണെന്ന് തമ്പുരാന് പോലും അറിയില്ല എന്നത് മറ്റൊരു സത്യം. എന്തായാലും എന്നെ തീറ്റിച്ച് അവശയാക്കിയപ്പൊ രണ്ടിന്റെയും നെഞ്ചത്തെ കഞ്ഞി ഇറങ്ങി. കെട്ട്യോനേം പിള്ളേരേം എല്ലാം പെറുക്കി കൂട്ടി രണ്ടും മടങ്ങി പോയി.

ഇടയ്ക്ക് ഇടയ്ക്ക് വിസിറ്റ് ഉണ്ടാവും എന്ന് പറഞ്ഞിട്ടാണ് പോക്ക്. ലക്ഷണം കണ്ടിട്ട് എന്നെയും എന്റെ കൊച്ചിനെയും ഇതുങ്ങൾ എല്ലാം കൂടി വീപ്പക്കുറ്റി ആക്കും എന്നാണ് തോന്നുന്നത്. ഒരു നെടുവീർപ്പോടെ എമി അൽപ്പം മുന്നേ അരങ്ങേറിയ സംഭവവികാസങ്ങൾ ചിന്തിച്ചു. നീ എന്നതാ ഇതിനും വേണ്ടി ഈ ആലോചിച്ചു കൂട്ടുന്നത്???? റോണിയുടെ ചോദ്യമാണ് അവളെ ആലോചനകളിൽ നിന്ന് പുറത്ത് എത്തിക്കുന്നത്. മിഴികൾ ചരിച്ച് അവനെ നോക്കവെ നെറ്റി ചുളിച്ച് അവളെ തന്നെ ഉറ്റുനോക്കി കിടക്കുകയായിരുന്നു അവൻ. ഒന്നൂല്ലെടാ... ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ച് ഇരുന്നു പോയതാ. കണ്ണ് ചിമ്മി കാണിച്ച് അവൾ ഒരു പുഞ്ചിരിയോടെ റോണിയോട് പറഞ്ഞു. അങ്ങനെ ഇപ്പൊ ഓരോന്ന് ആലോചിച്ച് നീ ഈ കുഞ്ഞിതല പുകയ്ക്കണ്ട, ഇവിടെ കിടക്കുന്ന ആൾക്ക് അതത്ര പിടിക്കില്ല. അവളുടെ വയറിൽ ഒന്നു കൈ വെച്ചുകൊണ്ട് അവൻ പറഞ്ഞു. ശരിക്കും വിശ്വസിക്കാൻ പറ്റുന്നില്ലെടീ നീ ഒരമ്മ ആവാൻ പോവുന്നു എന്നൊക്കെ പറയുമ്പൊ. എനിക്ക് ഇന്നും നീ എന്റെ തോളിൽ തൂങ്ങി നടന്ന കുഞ്ഞി പെണ്ണായിട്ടാ തോന്നുന്നത്. റോണി അവിശ്വസനീയതയോടെ അവളെ നോക്കി. അവൾ എല്ലാം ചിരിയോടെ കേട്ടിരുന്നു. ആങ്ങളയുടെയും പെങ്ങളുടെയും വിശേഷം പറച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ???? വാതിൽക്കൽ നിന്നുള്ള ശബ്ദം കേട്ട് ഇരുവരും തലയുയർത്തി അങ്ങോട്ട്‌ നോക്കി.

വാതിൽപ്പടിയിൽ ചാരി ചിരിയോടെ അവരെ നോക്കി നിൽക്കുന്ന അച്ചുവിനെ കണ്ടതും അവർ ചിരിച്ചു. അച്ചു അവരെ നോക്കി അകത്തേക്ക് കയറി. നേരെ എമിയുടെ അരികിൽ പോയിരുന്ന് റോണിയെ പോലെ അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നു. മുഖം മെല്ലെ ചരിച്ച് അവളുടെ വയറിലേക്ക് അമർത്തി വെക്കുന്നതിന് ഒപ്പം അവളുടെ വലതുകൈ പിടിച്ച് അവൻ തലയിലേക്ക് വെച്ചു. എമിക്ക് അവന്റെ പ്രവർത്തിയിൽ ഒരേ സമയം ചിരിയും കുറുമ്പും എല്ലാം തോന്നി. അവൾ അവന്റെ മുടിയിലൂടെ വിരൽ കടത്തി. മൃദുവായി മുടിയിഴകൾക്ക് ഇടയിലൂടെ വിരലുകൾ ഓടിച്ച് കുസൃതിയോടെ മുടിയിൽ പിടിച്ച് വലിച്ചു. ആാാഹ്!!!! ഡീ.... അച്ചു വയറിൽ നിന്ന് മുഖം മാറ്റി അവളെ നോക്കി. തുടങ്ങിയല്ലോ രണ്ടും കൂടെ... റോണി അവളുടെ മടിയിൽ നിന്ന് തലയുയർത്തി എഴുന്നേറ്റ് ഇരുന്ന് രണ്ടിനെയും കൂർപ്പിച്ച് നോക്കി. ഞങ്ങൾ സ്നേഹിക്കുന്നതിന് നിനക്ക് എന്താടാ????? അച്ചു തലചരിച്ച് അവനെ നോക്കി. അയ്യോ... ഭാര്യയും ഭർത്താവും സ്നേഹിച്ചത് ആയിരുന്നോ???? ഞാൻ അറിഞ്ഞേ ഇല്ല കേട്ടോ. റോണി ആക്കിയ മട്ടിൽ പറഞ്ഞു. പോടേ... പോടേ.... അച്ചു ചുണ്ട് കോട്ടി. ഓഹ്... നിങ്ങൾ ഭാര്യക്കും ഭർത്താവിനും ഇടയിൽ നമ്മൾ എന്തിനാ ശല്യമായി നിൽക്കുന്നത് ഞാൻ പോവാ....

മുഖത്ത് സങ്കടഭാവം വരുത്തി പറഞ്ഞുകൊണ്ട് അവൻ പോവാനായി എഴുന്നേറ്റു. മറിയാമ്മ ക്ലാസ്സ്‌ കഴിഞ്ഞ് വരാറായി അല്ല്യോടാ... അച്ചു ഒരു കളിയാക്കി ചിരിയോടെ അവനോട് ചോദിച്ചു. ശ്യോ... ഈ അളിയൻ എല്ലാം കണ്ടുപിടിച്ചു കളഞ്ഞു ഗൊച്ചു കള്ളൻ... റോണി ചമ്മിയ ഇളിയോടെ പറഞ്ഞ് അച്ചുവിന്റെ തോളിൽ പതിയെ അടിച്ചു. മ്മ്മ്... മ്മ്മ്.... ആക്കിയ മട്ടിൽ അച്ചു തലയാട്ടിക്കൊണ്ട് മൂളി. എടീ, ഞാൻ ഇറങ്ങുവാണേ... വാവേ അങ്കിൾ പോയിട്ട് നാളെ വരാം. എമിയുടെ വയറിന് അരികിൽ മുഖം എത്തിച്ച് അവൻ പറഞ്ഞു. കൊച്ച് അതൊന്നും കേൾക്കാൻ മാത്രം ആയിട്ടില്ലെടാ പൊട്ടാ... എമി അവന്റെ തലയിൽ ഒന്നു തട്ടി. കൊച്ച് കേൾക്കില്ല എന്ന് കരുതി പറയാതിരിക്കാൻ പറ്റുവോ??? ഞാൻ പറയും നീ ഒഞ്ഞു പോടീ... റോണി അവളെ നോക്കി ഗമയോടെ പറഞ്ഞുകൊണ്ട് എഴുന്നേറ്റു. നീ സൂക്ഷിക്കണേടീ, പണ്ടത്തെ പോലെ ലൈസൻസ് ഇല്ലാതെ പായരുത്. ഉള്ളിൽ ഒരാളുണ്ട് എന്ന് ഓർമ്മ വേണം. അവന്റെ വാക്കുകളിൽ കരുതലും ഗൗരവവും നിറഞ്ഞു. എനിക്ക് അറിയാടാ അതൊക്കെ. ഞാൻ ശ്രദ്ധിച്ചോളാം. എമി അവനെ കണ്ണ് ചിമ്മി കാണിച്ചു. റോണി അവളുടെ കവിളിൽ തലോടി നെറുകിൽ ചുണ്ട് ചേർത്തു മാറി. അച്ചു പുഞ്ചിരിയോടെ അവരെ ഇരുവരെയും നോക്കി കിടന്നു. അളിയാ ഈ കുരിപ്പിനെ ശ്രദ്ധിച്ചോളണേ വെളിവും വെള്ളിയാഴ്ച്ചയും ഒന്നും ഇല്ലാത്തവളാണ്. ആദ്യം കാര്യമായും അവസാനം കളിയായും അവൻ പറഞ്ഞ് അവസാനിപ്പിച്ചു. നിന്നെ ഞാൻ......

എമി ദേഷ്യത്തിൽ അവനെ തല്ലാൻ കൈ ഉയർത്തിയതും സ്പീഡിൽ വാതിലും അടച്ച് അവൻ പുറത്തേക്ക് ഓടിയിരുന്നു. അവൻ പോയി കഴിഞ്ഞതും എമിയുടെ മുഖത്തെ ദേഷ്യം മാറി പകരം ഒരു പുഞ്ചിരി തെളിഞ്ഞു. അവൻ പോയ വഴിയേ നോക്കി അച്ചുവിലേക്ക് നോട്ടം തിരിക്കവെ വയറിൽ കവിൾ ചേർത്ത് വെച്ച് കിടക്കുന്നവനെ കണ്ട് അവൾ അവന്റെ മീശയിൽ പിടിച്ചു വലിച്ചു. ഉപദ്രവിക്കാതെടീ പിശാശ്ശെ.... മുഖം ചുളിച്ച് മീശ തടവി അവൻ പറഞ്ഞു. ഉപദ്രവിക്കും... ഡോക്ടർ പറഞ്ഞത് മുഴുവൻ അതേപടി ഇവിടെ കൊണ്ടുവന്ന് വിളമ്പി എന്നെ വഴക്ക് കേൾപ്പിച്ചില്ലേ???? പോരാത്തതിന് എല്ലാവരുടെയും വക ഊട്ടലും. ഇങ്ങനെ ആണ് പോക്കെങ്കിൽ എല്ലാവരും കൂടി എന്നെ തീറ്റിച്ച് കൊല്ലും... ചുണ്ട് കൂർപ്പിച്ച് അവൾ പറഞ്ഞു കഴിഞ്ഞതും അച്ചു ചെറുതായ് അവളുടെ ചുണ്ടിൽ ഒരു തട്ട് കൊടുത്തു. വേണ്ടാതീനം പറയാതെടീ... അച്ചു അവളെ നോക്കി കണ്ണുരുട്ടി. സ്സ്... എന്റെ ചുണ്ട്... ചുണ്ടിൽ വിരൽ വെച്ച് അവൾ എരിവ് വലിച്ചു. അധികം നൊന്തിട്ടില്ല എന്നറിയാം അതുകൊണ്ട് കൂടുതൽ അഭിനയം വേണ്ട. അവൻ ഭാവവ്യത്യാസം ഒന്നുമില്ലാതെ പറഞ്ഞതും അവളുടെ മുഖം വീർത്തു. എന്റെ ചുണ്ട് കളഞ്ഞിട്ട് അങ്ങനെ ഇപ്പൊ കിടക്കണ്ട മാറ് അങ്ങോട്ട്... എമി അവനെ തള്ളി മാറ്റി മുഖം ചുവപ്പിച്ച് തിരിഞ്ഞിരുന്നു.

അച്ചു ബെഡിൽ നിന്ന് എഴുന്നേറ്റ് ഇരുന്ന് പിന്തിരിഞ്ഞ് ഇരിക്കുന്നവളെ നോക്കി. കണ്ടോ വാവേ... നിന്റെ അപ്പ അമ്മയെ നോവിക്കുന്നത് കണ്ടോ???? വയറിൽ തടവി അവൾ പരാതി പറച്ചിൽ തുടങ്ങി. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ഓടി ചെന്ന് പരാതി പറയാൻ വയറ്റിൽ കിടക്കുന്നത് മുഖ്യമന്ത്രി അല്ല എന്റെ കൊച്ചാ.... അച്ചു പറഞ്ഞതും അവൾ തിരിഞ്ഞ് അവനെ കലിപ്പിച്ച് ഒന്നു നോക്കി. ഞാൻ പറയും... എന്റെ കൊച്ചിനോട് ഞാൻ ഇഷ്ടമുള്ളത് ഒക്കെ പറയും. പോലീസുകാർ ഇതിൽ ഇടപെടണ്ട... ചുണ്ട് ചുളുക്കി പറഞ്ഞുകൊണ്ട് അവൾ മുഖം വെട്ടിച്ചു. ഇവളെ ഇന്ന്.... അച്ചു ഷർട്ടിന്റെ സ്ലീവ് തെറുത്തു കയറ്റി അവളെ എടുത്ത് മടിയിലേക്ക് ഇരുത്തി. വയറ്റിൽ കൊച്ചുള്ളത് കൊണ്ട് എമി കുതറാൻ ഒന്നും ശ്രമിക്കാതെ അടങ്ങി ഇരുന്നു. വഴക്ക് കൂടാൻ മനഃപൂർവം ഓരോന്ന് കണ്ടുപിടിച്ചോണ്ട് വരുന്നത് എന്തിനാടീ????? അവളുടെ കവിളിൽ പതിയെ കടിച്ചുകൊണ്ടാണ് അവനത് ചോദിച്ചത്. എമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ അച്ചുവിന്റെ നെഞ്ചിലേക്ക് പറ്റികൂടി ഇരുന്നു. വിരലുകൾ അവന്റെ ഷർട്ടിന്റെ ബട്ടണിൽ വലിച്ചു. എനിക്ക് ഇച്ചായനോട് തല്ല് കൂടാൻ തോന്നുവാ... ഇച്ചായനെ ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ, ചുമ്മാ നോവിക്കാൻ... കുറുമ്പ് കാണിക്കാൻ അങ്ങനെ...

അങ്ങനെയൊക്കെ തോന്നുന്നു. ഷർട്ടിൽ വിരൽ ചുരുട്ടി വലിച്ചുകൊണ്ട് അവന്റെ കവിളിൽ കൈ ചേർത്ത് വെച്ച് അവൾ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി അവന്റെ കവിളിൽ ചുണ്ട് അമർത്തി. അവൻ ചിരിച്ചുപോയി. കവിളിൽ സ്ഥാനം പിടിച്ച അവളുടെ വലതുകൈ അവൻ തന്റെ കൈക്കുള്ളിൽ ആക്കി കോർത്തു പിടിച്ചു. ഓരോ വിരലിലും അവൻ പതിയെ ചുണ്ട് അമർത്തുന്നത് നോക്കി അവൾ അവന്റെ കഴുത്തിൽ നെറ്റി ചേർത്ത് ഇരുന്നു. വിരലുകളിൽ ചുണ്ട് ചേർക്കുന്നതിന് ഒപ്പം ചെറുവിരലിൽ തെല്ലൊരു കുസൃതിയോടെ അവൻ പതിയെ കടിച്ചതും അവൾ കൈ വലിച്ച് എടുത്ത് അവനെ നോക്കി കണ്ണ് കുറുക്കി. ആ നോട്ടത്തിന് മറുപടി എന്നോണം അവൻ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ചുണ്ട് ചേർത്തു. എമിയുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി മൊട്ടിട്ടു. അത് കണ്ട് അച്ചു അവളുടെ കവിളിൽ മീശ ഉരസി. അവൾ ചിരിച്ചുകൊണ്ട് അവന്റെ മുഖം പിടിച്ചു മാറ്റി. അച്ചുവിന്റെ വിരലുകൾ അവളുടെ കീഴ്ചുണ്ടിൽ എത്തി ചേർന്നു. വേദനിച്ചോ????? ചുണ്ടിൽ മെല്ലെ വിരൽ കൊണ്ട് തഴുകി അവൻ എമിയെ നോക്കി. അവളുടെ നോട്ടവും അവനിൽ തന്നെ ആയിരുന്നു. വേദനിച്ചെങ്കിൽ????? ആ കണ്ണുകളിൽ കുറുമ്പ് നിറയുന്നത് അവൻ കണ്ടു. വേദന മാറാൻ മരുന്ന് തരാം...

കാതോരം അവൻ പതിയെ പറഞ്ഞു. അവന്റെ ശ്വാസം ഏറ്റ് ഇക്കിളി തോന്നി അവൾ തോള് വെട്ടിച്ച് ചിരിച്ചു. അച്ചുവിന്റെ വിരലുകൾ ടോപ്പിന് ഇടയിലൂടെ അവളുടെ ഉദരത്തിന് മേൽ സ്ഥാനം. എമി അവന്റെ കഴുത്തിൽ കൈകൾ പിണച്ചു വെച്ച് അവനെ നോക്കി. അച്ചു അവളിലേക്ക് മുഖം അടുപ്പിച്ച് അവളുടെ മൂക്കിൽ മൂക്ക് ഉരസി അവളുടെ അധരങ്ങളെ കവർന്നെടുത്തു. അവന്റെ കഴുത്തിൽ അമർത്തി പിടിച്ച് എമി അവനിലേക്ക് ചേർന്നു. വയറിനെ തലോടി പോവുന്ന അവന്റെ വിരലുകൾക്ക് മേൽ അവൾ കൈചേർത്തു വെച്ചു. ചുണ്ടകൾ വേർപെടുത്തവെ എമി അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി വെച്ച് ഇരുന്നു. പൊടിക്കുപ്പീ....... പ്രണയത്തോടെ അവൻ വിളിച്ചു. മ്മ്മ്മ്........ മുഖമുയർത്താതെ തന്നെ അവളൊന്ന് മൂളി. ഇപ്പൊ വഴക്ക് കൂടണ്ടേ?????? ചിരി കടിച്ചുപിടിച്ച് അവൻ ചോദിച്ചു. അവളൊന്ന് തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. മ്മ്മ്ഹഹ്.... വേണ്ട എന്നർത്ഥത്തിൽ ഇരുവശത്തേക്കും തല ചലിപ്പിച്ച് അവന്റെ കോളറിൽ പിടിച്ചു താഴ്ത്തി കവിളിൽ പല്ലുകൾ ആഴ്ത്തി. പിന്നെ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് ഇരുന്നു. അച്ചു അവളുടെ നെറുകിൽ ചുണ്ട് അമർത്തി വെച്ചു. അവന്റെ വിരലുകൾ അവളെയും ഉദരത്തിലെ ജീവന്റെ അംശത്തെയും ഒരുപോലെ തലോടി കൊണ്ടിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തന്റെ കൈക്ക് ഇടയിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ച് ഇരുന്ന് ആൽവിച്ചനോട് ലഡ്ഡുവിലെ മുന്തിരിക്ക് വേണ്ടി തല്ല് കൂടുന്ന എമിയിൽ ആയിരുന്നു ജോണിന്റെ കണ്ണുകൾ. അവളുടെ ചുണ്ടിലെ ചിരിയും കണ്ണുകളിലെ തിളക്കവും എല്ലാം അയാളുടെ ഹൃദയം നിറച്ചു. തന്റെ വിരൽതുമ്പിൽ പിടിച്ച് പിച്ചവൾ... താൻ നെഞ്ചിലിട്ട് വളർത്തിയവൾ... അവൾ ഇന്ന് ഒരു അമ്മയാകാൻ തയ്യാറെടുക്കുന്നു. അയാളുടെ കണ്ണുകൾ നനഞ്ഞു. ആൽവിച്ചനോട് പിണങ്ങി മുഖം തിരിച്ചതും നിറഞ്ഞ മിഴികളോടെ ഇമ ചിമ്മാതെ അവളെ നോക്കിയിരിക്കുന്ന ജോണിനെ കണ്ടതും എമിയുടെ നെറ്റി ചുളിഞ്ഞു. എന്തുപറ്റി പപ്പേ???? കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു... വേവലാതിയോടെ അവൾ ചോദിച്ചു. അത് ആനന്ദകണ്ണീരാണ്. മോൾ ഗർഭിണി ആണെന്ന് അറിഞ്ഞപ്പൊ തൊട്ട് നിന്റെ പപ്പ ഇങ്ങനാ... സ്റ്റെല്ല ചിരിയോടെ ആയിരുന്നു പറഞ്ഞത്. അതായിരുന്നോ കാര്യം???? ഞാനങ്ങ് പേടിച്ചു പോയി. എമി ചിരിയോടെ പറഞ്ഞ് അയാളെ നോക്കി. ഞാൻ എത്ര വലുതായാലും എനിക്കൊരു കുട്ടി ആയാലും ഞാൻ എന്റെ പപ്പയുടെ കുഞ്ഞൻ തന്നെയല്ലേ???? ജോണിനെ കെട്ടിപിടിച്ച് അയാളുടെ നെഞ്ചിൽ തല ചേർത്ത് ഇരുന്നവൾ ചോദിച്ചു. ആ ചോദ്യം അയാളിൽ ഒരു പുഞ്ചിരി വിടർത്തി. എമിയെ പൊതിഞ്ഞു പിടിച്ചയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു.

അതിൽ ഉണ്ടായിരുന്നു അവൾക്കുള്ള ഉത്തരം. അപ്പൊ ഞാൻ പുറത്ത് അല്ലെ???? സ്റ്റെല്ല പരിഭവത്തോടെ അവരെ നോക്കി. അതിന് സ്റ്റെല്ല ടീച്ചറെ ആരെങ്കിലും പുറത്ത് ആക്കുവോ പ്രത്യേകിച്ച് എന്റെ ഈ പപ്പ. നിങ്ങൾ തമ്മിൽ ട്രൂ ലബ് അല്ലെ???? ഞാൻ പോന്നതിൽ പിന്നെ സുഖം ആയല്ലോ രണ്ടുപേർക്കും സ്വസ്ഥമായി പ്രേമിക്കാല്ലോ... എമി കുസൃതിയോടെ പറഞ്ഞു. വൃത്തികേട് പറയുന്നോ കുരുത്തംകെട്ടവളെ... സ്റ്റെല്ല എല്ലാവരെയും നോക്കി ചമ്മലോടെ അവളെ തല്ലുന്നത് പോലെ കാണിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ സ്നേഹിക്കുന്നത് ഒക്കെ വൃത്തികേട് ആണോ???? ചൂടാവാതെ ഇവിടെ ഇരിക്ക് എന്റെ ടീച്ചറമ്മേ.... എമി കണ്ണിറുക്കി ചിരിച്ച് സ്റ്റെല്ലയെ പിടിച്ച് അടുത്ത് ഇരുത്തി അവരുടെ മടിയിലേക്ക് ചാഞ്ഞു. വയറ്റിൽ കിടക്കുന്ന കൊച്ചിന് ഈ തരികിട സ്വഭാവം കിട്ടാതിരുന്നാൽ മതിയായിരുന്നു. അതിന് അച്ചുവിന്റെ സ്വഭാവം ആവുന്നതാ നല്ലത്. സ്റ്റെല്ല നെടുവീർപ്പോടെ പറഞ്ഞു. എന്നിട്ട് വേണം പഠിക്കാൻ വിട്ട് കഴിയുമ്പൊ ഏതേലും ചെക്കനെ ഉമ്മ വെച്ച് വീട്ടിൽ വിളിച്ചോണ്ട് വരാൻ. തന്തയുടെ ചരിത്രം അങ്ങനെ ആണല്ലോ????? ആൽവിച്ചൻ പറഞ്ഞതും ജിച്ചൂട്ടനെ മടിയിൽ വെച്ച് കളിപ്പിച്ചുകൊണ്ടിരുന്ന അച്ചു പല്ല് കടിച്ച് അവനെ നോക്കി. എമി വാ പൊത്തി ചിരി അടക്കി. കൊച്ചിന് സൽസ്വഭാവി ആയ എന്റെ സ്വഭാവം കിട്ടിയാൽ മതി അതാ നല്ലത്. ആൽവിച്ചൻ സ്വന്തം കോളർ പൊക്കി പറഞ്ഞു.

അതിന് കൊച്ച് കിടക്കുന്നത് എന്റെ വയറ്റിലാണ് അല്ലാതെ പൗൾട്രി ഫാമിൽ അല്ല. എമി എഴുന്നേറ്റ് ഇരുന്ന് പറഞ്ഞതും പോൾ ചിരി തുടങ്ങി. കൂടുതൽ ചിരിക്കണ്ട. വയസ്സാം കാലത്തും കോഴി ഫീൽഡിൽ കട്ടക്ക് പിടിച്ചു നിൽക്കുന്ന ഡാഡിയാണ് എന്റെ ഇൻസ്പിറേഷൻ. ആൽവിച്ചൻ പറഞ്ഞു നിർത്തിയതും പോളിന്റെ ചിരി സ്വിച്ചിട്ടത് പോലെ നിന്നു. തല ചരിച്ച് നോക്കുമ്പോൾ സാറാ ഓൺ കലിപ്പ് മോഡ്. എരണംകെട്ടവൻ മനസമാധാനവും തരില്ലല്ലോ... തലയിൽ കൈവെച്ച് അയാൾ പറഞ്ഞതും എല്ലാവരും ചിരിച്ചു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ജോണും സ്റ്റെല്ലയും വൈകിട്ട് വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും എമിയുടെ പോവണ്ട എന്ന വാശിക്ക് മുന്നിൽ കീഴടങ്ങി കൊടുക്കേണ്ടി വന്നു. അവർ അന്ന് അവിടെ തങ്ങാൻ തീരുമാനിച്ചു. പപ്പയും അമ്മയും എത്തിയതിന് ശേഷം അവരെ ഇരുവശത്തും പിടിച്ചിരുത്തി വാ തോരാതെ സംസാരിക്കുന്ന എമിയെ സാറായും പോളും ചെറിയൊരു കുശുമ്പോടെ നോക്കി. അത് മനസ്സിലാക്കി എന്നോണം എമി സാറായെ ചുറ്റിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ച് പോളിന്റെ കവിളിൽ പിടിച്ചു വലിച്ചു ചിരിച്ചു. അതോടെ അവരിലേക്കും ആ ചിരി പടർന്നു.

അത്താഴം കഴിഞ്ഞ് അടുക്കളയിൽ എല്ലാം ഒതുക്കാൻ സാറായ്ക്കും റിയക്കും ഒപ്പം സ്റ്റെല്ലയും കൂടി. എമി കുറച്ച് നേരം അവർക്ക് ഒപ്പം ഓരോന്ന് സംസാരിച്ചു നിന്നെങ്കിലും അമ്മമാർ കിടക്കാൻ ഓടിച്ചു വിട്ടു. ഗർഭിണികൾ സമയത്തും കാലത്തും കിടക്കണം എന്നാണ് പോലും. കൂടുതൽ ഒന്നും പറയാതെ എമി അടുക്കളയിൽ നിന്ന് ഇറങ്ങി. ഹാളിൽ നോക്കിയപ്പോൾ അപ്പന്മാർ രണ്ടും ആഗോള ചർച്ചയിലാണ്. ഇടയിൽ ചെന്നാൽ പോസ്റ്റ്‌ ആവും. ജോക്കുട്ടനും ജിച്ചൂട്ടനെയും ആൽവിച്ചനെയും കെട്ടിപ്പിടിച്ചു ഉറക്കം പിടിച്ചു അതുകൊണ്ട് ഇനി നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി എമി മുറിയിലേക്ക് പോയി. മുറിയിൽ എങ്ങും അച്ചുവിനെ കാണാതെ ആയതും അവൾ നെറ്റി ചുളിച്ചു. പിന്നെയാണ് അത്താഴം കഴിഞ്ഞ് ഒരു കോൾ വന്ന് അവൻ ഫോണുമായി വരാന്തയിലേക്ക് പോയ കാര്യം ഓർക്കുന്നത്. സ്വന്തം മറവിയെ ചൊല്ലി അവൾ നെറ്റിയിൽ കൈ വെച്ചു. പിന്നെ അച്ചുവിനെയും കാത്ത് ബെഡിൽ പോയിരുന്നു. ഒറ്റയ്ക്ക് അങ്ങനെ ഇരിക്കവെ ചിന്തകൾ കാട് കയറി. എന്തോ അസ്വസ്ഥത പൊതിയുന്നത് പോലെ തോന്നിയതും അവൾ എഴുന്നേറ്റ് ഡോർ തുറന്ന് ബാൽക്കണിയിലേക്ക് ഇറങ്ങി. ബാൽക്കണി റൈലിംങ്ങിൽ പിടിച്ച് നിന്ന് അവൾ ആകാശത്തേക്ക് നോക്കി നിന്നു. നിലാവ് ഇല്ലാതെ ഇരുട്ട് മൂടി കിടക്കുന്ന മാനത്തെ നക്ഷത്രകൂട്ടങ്ങളിൽ എന്തോ തേടുന്നത് പോലെ അവളുടെ മിഴികൾ ഓടി നടന്നു.

ഒടുവിൽ ഏതോ ഒരു ബിന്ദുവിൽ അവളുടെ നോട്ടം ഉടക്കി. മിഴികൾ കലങ്ങി. തഴുകി തലോടി ഒരു കാറ്റ് കടന്ന് പോയതും അവൾ കണ്ണുകൾ അടച്ച് നിന്നു. ഇരുട്ടിലും അവൾക്ക് പേടി തോന്നിയില്ല. ഹൃദയം എന്തിനോ നോവുന്നുണ്ടായിരുന്നു. അരികിൽ ആരുടെയോ സാമീപ്യം അറിഞ്ഞതും കണ്ണുകൾ തുറന്ന് അവൾ നോക്കി. റൈലിംഗിൽ ചാരി തനിക്ക് അഭിമുഖം എന്നോണം നിൽക്കുന്ന അച്ചുവിനെ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ അവനെ ചുറ്റിപ്പിടിച്ച് അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു നിന്നു. അച്ചു അവളെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. അതിനൊപ്പം അവന്റെ മറുകൈ അവളുടെ തലയിൽ തഴുകി. ജെറിയെ ഓർമ്മ വന്നോ????? നേർത്ത സ്വരത്തിൽ അലിവോടെ അച്ചു ചോദിച്ചു. അവനിൽ നിന്ന് അകന്നു മാറാതെ തന്നെ അവൾ അതേ എന്ന ഭാവത്തിൽ തല അനക്കി. എന്റെ ജെറിച്ചൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ ഒത്തിരി സന്തോഷിച്ചേനെ... ഇടർച്ചയോടെ അവൾ പറഞ്ഞ് അവസാനിപ്പിക്കവെ അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ നനവ് പടർത്തി കഴിഞ്ഞിരുന്നു. ജെറി ഇപ്പൊ സന്തോഷിക്കുന്നുണ്ടാവും. മറ്റൊരു ലോകത്ത് ഇരുന്ന് അവൻ എല്ലാം കാണുന്നുണ്ട്. നമ്മൾ പറയുന്നത് എല്ലാം കേൾക്കുന്നുണ്ട്. അച്ചു അവളുടെ മുടിയിൽ തഴുകി പറഞ്ഞു. എമി അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവനെ നോക്കി.

പക്ഷെ നീ ഇങ്ങനെ കരഞ്ഞാൽ നിന്റെ ജെറിച്ചന് വിഷമം ആവും. അത് മാത്രമല്ല നമ്മുടെ കുഞ്ഞിന് നീ ഇങ്ങനെ കണ്ണുനീർ ഒഴുക്കുന്നത് ഒന്നും ഇഷ്ടം ആവില്ല. അച്ചു അവളുടെ കവിളിലേക്ക് ഒഴുകിയ കണ്ണുനീർ തുടച്ചു കൊടുത്ത് പറഞ്ഞു. അപ്പൊ ഇച്ചായനോ?????? മുഖം കൂർപ്പിച്ച് നോക്കി അവൾ ചോദിച്ചു. എനിക്ക് നീ പിന്നെ മോങ്ങുന്നത് ഭയങ്കര ഇഷ്ടം ആണല്ലോ???? എന്റെ കൊച്ച് വയറ്റിൽ ഉണ്ടായിപ്പോയി അല്ലെങ്കിൽ ഇപ്പൊ കൊണ്ടുപോയി കിണറ്റിൽ ഇട്ടേനെ... അച്ചു പറഞ്ഞതും അവൾ അവന്റെ നെഞ്ചിൽ പതിയെ ഇടിച്ചുകൊണ്ട് വീണ്ടും അവന്റെ നെഞ്ചിലേക്ക് പറ്റിക്കൂടി. മൗനമായി നിമിഷങ്ങൾ കടന്നുപോയി. ഇച്ചായാ...... അവനെ മുറുകെ കെട്ടിപിടിച്ചു കൊണ്ടവൾ വിളിച്ചു. മ്മ്മ്....... ഇച്ചായന് നമ്മുടെ കുഞ്ഞ് ആൺകുട്ടി ആവുന്നതാണോ അതോ പെൺകുട്ടി ആവുന്നതാണോ ഇഷ്ടം???? അവന്റെ ബനിയനിൽ കിള്ളി വലിച്ചുകൊണ്ട് അവൾ ചോദിച്ചു. ഇതുവരെ ഒരു ഭാര്യയും ചോദിക്കാത്ത നല്ല വെറൈറ്റി ചോദ്യം... അച്ചു ചിരി അടക്കിപ്പിടിച്ച് പറഞ്ഞു. ഇച്ചായാ.... അവൾ ചിണുങ്ങി. പിണങ്ങണ്ട. എനിക്ക് കുഞ്ഞ് ആൺകുട്ടി ആവുന്നതാണോ അതോ പെൺകുട്ടി ആവുന്നതാണോ ഇഷ്ടം എന്നല്ലേ അറിയേണ്ടത്?????

എന്നാൽ കേട്ടോ ആണായാലും പെണ്ണായാലും രണ്ട് കയ്യും നീട്ടി സ്വീകരിക്കും. എനിക്ക് രണ്ടിൽ ഏതായാലും ഒരുപോലെയാണ്. അച്ചു മറുപടി നൽകി. അപ്പൊ..... അപ്പം അല്ല അട, മിണ്ടാതെ വന്ന് കിടന്ന് ഉറങ്ങാൻ നോക്ക് അവൾ പാതിരാത്രി കോടീശ്വരൻ കളിക്കാൻ നിൽക്കുന്നു. എമി ചോദിച്ചു പൂർത്തിയാക്കാൻ സമ്മതിക്കാതെ അച്ചു പറഞ്ഞതും അവൾ മുഖം വീർപ്പിച്ച് അവനിൽ നിന്ന് വിട്ടുമാറി മുറിയിലേക്ക് പോയി. ഇനി എന്തൊക്കെ പരാതി കേൾക്കണോ എന്തോ????? ആരോടെന്നില്ലാതെ കൈമലർത്തി പറഞ്ഞുകൊണ്ട് അച്ചു ബാൽക്കണി ഡോർ അടച്ച് മുറിയിലേക്ക് കയറി. ബെഡിൽ കണ്ണടച്ച് പിണങ്ങി തിരിഞ്ഞ് കിടക്കുന്നവളുടെ അരികിൽ പോയി കിടന്ന് അവളെ പിന്നിലൂടെ കെട്ടിപിടിച്ചു. ആദ്യം കുറച്ച് ജാഡ ഇട്ടെങ്കിലും ഉറക്കം വന്നതും തിരിഞ്ഞ് അച്ചുവിന്റെ നെഞ്ചിലേക്ക് തല ചേർത്ത് കിടന്ന് അവൾ നിദ്രയെ വരവേറ്റു..... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story