ഹൃദയതാളമായ്: ഭാഗം 212

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വീർത്ത വയറിൽ കൈചേർത്തു വെച്ച് പുഞ്ചിരിയോടെ ഇരിക്കുന്ന എമിയുടെ ഫോട്ടോയിൽ മിഴികൾ നട്ട് വരാന്തയിൽ ഒറ്റയ്ക്ക് ഇരിക്കുകയാണ് അച്ചു. അവന്റെ മനസ്സിൽ അത്രയും കഴിഞ്ഞു പോയ ഓർമ്മകൾ ആയിരുന്നു. വയറ് വീർത്തു വരുന്നത് അനുസരിച്ച് എമിയിലെ പിടിവാശിയും പിണക്കങ്ങളും എല്ലാം കൂടി കൊണ്ടിരുന്നു. ആദ്യമൊന്നും പ്രശ്നങ്ങൾ ഇല്ലാതെ പോയെങ്കിലും പിന്നെ പിന്നെ വോമിറ്റിങ് തുടങ്ങി. ചില ഫുഡിന്റെ സ്മെൽ തുടങ്ങി പെർഫ്യൂമിന്റെയും സോപ്പിന്റെയും സ്മെൽ വരെ പിടിക്കാതെയായി. കൊതി തോന്നി വാങ്ങി കൂട്ടുന്ന ഒന്നും നേരാവണ്ണം കഴിക്കാൻ പോലും വയ്യാതെയായി. അവസാനം അത് ആൽവിച്ചനും പിള്ളേരും കൂടി എടുത്ത് തിന്നുന്നതും നോക്കി നിരാശയോടെ അവൾ ഇരിക്കും. അഞ്ചാം മാസം ആയതും ജോലിക്ക് പോവാൻ മടി ആയിട്ട് അവൾ ലോങ്ങ്‌ ലീവ് എടുത്തു. അച്ചു എതിർക്കാൻ പോയില്ല. പാതിരാത്രി എഴുന്നേറ്റിരുന്ന് ഓരോ ആഗ്രഹങ്ങൾ പറഞ്ഞ് പറഞ്ഞ് അച്ചുവിന് കണ്ട മാവിലും പേരയിലും ചാമ്പയിലും എല്ലാം വലിഞ്ഞു കയറലായി പണി. ഗർഭിണികൾ ഇളനീർ കുടിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് റിയ എമിക്ക് വേണ്ടി ആൽവിച്ചനെ തെങ്ങിൽ കയറ്റി. ഇപ്പൊ പഞ്ചായത്തിലെ ഏറ്റവും നല്ല തേങ്ങുകയറ്റക്കാരൻ എന്ന പട്ടം കൊടുക്കാൻ പറ്റുന്ന പരുവത്തിൽ എത്തി.

തനിക്ക് വാങ്ങി വെക്കുന്ന ഫ്രൂട്ട്സ് എല്ലാം എടുത്തു തിന്നുന്ന ആൽവിച്ചന് പണിയായി എമി ആ അവസരം നന്നായി ഉപയോഗിച്ച് തീർത്തു. റോണിയും ജോണും സ്റ്റെല്ലയും എല്ലാം ആഴ്ചയിൽ ആഴ്ചയിൽ എമിയെ കാണാൻ എത്തും. വയറ്റിൽ കിടക്കുന്ന ആൾ അനക്കം വെച്ച് തുടങ്ങിയതും എമിക്ക് പണി കൊടുത്തു തുടങ്ങി. ചവിട്ടും തൊഴിയും എല്ലാം കണക്കിന് കിട്ടും. അച്ചുവിന്റെ സൗണ്ട് കേട്ടാൽ പിന്നെ ഒതുങ്ങി കിടന്നോളും. അപ്പനും കുഞ്ഞും കൂടി നല്ല കമ്മ്യൂണിക്കേഷനാണ്. ആ കാര്യത്തിലാണ് എമിക്ക് കുശുമ്പും. ജിച്ചൂട്ടനും ജോക്കുട്ടനും എമിയുടെ വയറിനെ ചുറ്റിപ്പറ്റിയാണ് ഇപ്പൊ നടപ്പ്. എന്തുപറഞ്ഞാലും വാവയിൽ ചെന്ന് നിൽക്കും. നിവിയും അനുവും എല്ലാം സമയം കിട്ടുമ്പോഴെല്ലാം ഓടി എത്തും. ഓരോന്ന് ഓർത്തുകൊണ്ട് അച്ചു വീണ്ടും എമിയുടെ ഫോട്ടോയിൽ മിഴികൾ നട്ടു. നീ ഇവിടെ വന്ന് ഇരിക്കുവാണോ അച്ചൂ... സാറായുടെ ശബ്ദം കേട്ടതും ഫോണിൽ നിന്ന് കണ്ണെടുത്ത് അച്ചു തിരിഞ്ഞു നോക്കി. നീ ഇതെന്നാത്തിനാ ചെക്കാ ഈ ഇരുട്ടത്ത് വന്ന് ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കുന്നത്????

സാറാ ചോദ്യത്തിനൊപ്പം അച്ചുവിന്റെ അരികിൽ പടിയിലായി ഇരുന്നു. മറുപടി ഒന്നും പറയാതെ അച്ചു അവരുടെ മടിയിലേക്ക് ചാഞ്ഞു. അവന്റെ മനസ്സ് ഒട്ടും സ്വസ്ഥമല്ല എന്ന് ആ പ്രവർത്തിയിൽ നിന്ന് തന്നെ അവർക്ക് മനസ്സിലായി. നിനക്ക് ഇത് എന്തുപറ്റി അച്ചൂ???? പതിയെ അവന്റെ നെറ്റിയിൽ തഴുകി സാറാ ചോദിച്ചു. അവൾ ഇല്ലാത്ത മുറിയിലേക്ക് പോകാൻ തോന്നുന്നില്ല അമ്മച്ചീ, എന്തോ ഒരു വീർപ്പുമുട്ടൽ പോലെ... സാറായുടെ വലതുകൈ എടുത്ത് നെഞ്ചിൽ വെച്ചുകൊണ്ട് അവൻ പറഞ്ഞു. അവൾ അവളുടെ വീട്ടിൽ പോയതല്ലേടാ, അതിനാണോ നീ ഇങ്ങനെ മനസ്സ് വിഷമിപ്പിക്കുന്നത്. സാറാ ചിരിയോടെ ചോദിച്ചു. അവൾ ഇല്ലാണ്ട് പറ്റുന്നില്ല അമ്മച്ചീ... വിടണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു. അസ്വസ്ഥതയോടെ അച്ചു പറഞ്ഞു. അച്ചൂ.... ഗർഭിണി ആയിരിക്കുമ്പൊ ഓരോ പെണ്ണിനും അവരുടെ വീട്ടിൽ പോയി കുറച്ച് നാൾ ഒക്കെ നിൽക്കാൻ തോന്നും. സ്വന്തം മാതാപിതാക്കളുടെ സ്നേഹവും കരുതലും ഒക്കെ അവർക്ക് തോന്നും. ഭർത്താവിന്റെ വീട്ടുകാർ എത്രയൊക്കെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞാലും ഓരോ പെണ്ണിനും സ്വന്തം വീട് എന്നും ഒരു സ്വർഗം തന്നെ ആയിരിക്കും. അവൾ ഇവിടെ ഇല്ലാത്തത് ഞങ്ങൾക്കും ഒക്കെ സങ്കടമാണ്.

പക്ഷെ ഈ സമയത്ത് അവളുടെ ആഗ്രഹങ്ങൾക്കല്ലേ പ്രാധാന്യം കൊടുക്കേണ്ടത്. അതുകൊണ്ട് നീ ഓരോന്ന് ചിന്തിച്ച് വെറുതെ വിഷമിക്കാതെ. സാറാ അവന്റെ മുടിയിൽ വിരലുകൾ ഓടിച്ച് പറഞ്ഞു. അച്ചു മറുപടി ഒന്നും പറയാതെ അവരുടെ വയറിലേക്ക് മുഖം അമർത്തി വെച്ച് കിടന്നു. നീ അവളെ വിളിച്ചോ???? മ്മ്മ്....... എന്നിട്ട് അവൾ എന്തുപറഞ്ഞു???? സന്തോഷമായിട്ട് ഇരിക്കുവാണോ???? സാറാ ചോദിച്ചു. അറിയില്ല... ഞാൻ വിളിച്ചപ്പൊ പപ്പ ആയിരുന്നു എടുത്തത്. റോണി അവളെ അങ്ങോട്ട് കൂട്ടിക്കൊണ്ട് പോയിരിക്കുവായിരുന്നു. അവിടെ എല്ലാവരുമായി സംസാരിക്കുന്ന തിരക്കിലായിരിക്കും അതുകൊണ്ട് പിന്നെ വിളിക്കാൻ തോന്നിയില്ല. കണ്ണടച്ച് കിടന്നുകൊണ്ട് അവൻ പറഞ്ഞു. സാറാ പിന്നൊന്നും ചോദിക്കാൻ പോയില്ല. അവൾ ഹാപ്പി ആയിരിക്കും അല്ലെ അമ്മച്ചീ???? ഒട്ടൊരു മൗനത്തിന് ശേഷം അച്ചു ചോദിച്ചു. എന്റെ ചെക്കാ നിനക്ക് ഇത്ര സങ്കടം ആണേൽ ഇപ്പൊ ചെന്ന് അവളെ കൂട്ടിയിട്ട് വാ. സാറാ പറഞ്ഞു തീർന്നതും അച്ചു അവരുടെ മടിയിൽ നിന്ന് എഴുന്നേറ്റു. വേണ്ട... അവൾ അവിടെ തന്നെ നിന്നോട്ടെ. ഇന്നൊരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ നാളെ ഞാൻ അങ്ങോട്ട്‌ തന്നെയല്ലേ പോവുന്നത്. സ്വയം ആശ്വസിക്കുന്നത് പോലെ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് അകത്തേക്ക് നടന്നു.

സാറാ അച്ചുവിന്റെ പോക്ക് കണ്ട് താടിക്ക് കൈകൊടുത്ത് ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുറിയിൽ എത്തിയതും അച്ചുവിന് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി. ഉറങ്ങുന്നതിന് മുന്നേ അവളുടെ വയറിൽ മുഖം ചേർത്ത് വെച്ച് ഒത്തിരി നേരം കുഞ്ഞുമായി സംസാരിക്കാറുണ്ട്. അത് കണ്ട് കുശുമ്പ് കയറി മുഖം വീർപ്പിച്ച് ഇരിക്കുന്ന എമിയെ ഓർത്തവൻ അറിയാതെ ചിരിച്ചുപോയി. കവിളിൽ ഒരുമ്മ കൊടുത്താൽ തീരും ആ പരിഭവം എന്നാലും മോന്ത അങ്ങനെ വീർപ്പിച്ചു തന്നെ വെക്കും. അച്ചു ബെഡിലേക്ക് മലർന്ന് കിടന്നു. ഇപ്പൊ അവൾ ഉറങ്ങി കാണുവോ???? മെഡിസിൻ കഴിച്ചു കാണുവോ???? അല്ലെങ്കിൽ തന്നെ ടാബ്ലറ്റ് കഴിക്കാൻ മടിയാണ്. ചിന്തകൾ കാട് കയറി. ഒന്നും വിളിച്ചു നോക്കിയാലോ???? അവൻ കയ്യിലിരുന്ന ഫോണിലേക്ക് നോക്കി. സമയം 11 മണിയോട് അടുക്കുന്നു. വേണ്ട... ഉറക്കത്തിൽ ആണെങ്കിൽ ഞെട്ടി എഴുന്നേൽക്കും. സ്വയമേ ആലോചിച്ച് അവൻ ആ ശ്രമം ഉപേക്ഷിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എമിയെ കുറിച്ച് ഒന്നും അറിയാതെ അവന് ഉറങ്ങാൻ കഴിഞ്ഞില്ല. അവസാനം ജോണിനെ വിളിക്കാം എന്നുറപ്പിച്ച് ഫോൺ കയ്യിലെടുത്ത് വിളിക്കാൻ ഒരുങ്ങിയതും എമിയുടെ കോൾ അവനെ തേടി എത്തി. ആദ്യത്തെ റിങ്ങിൽ തന്നെ അവൻ കോൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു. ഹലോ........

മറുവശത്ത് പ്രതികരണമില്ല. ഹലോ... എമീ.... പരിഭ്രമത്തോടെ അവൻ വിളിച്ചു. ഈ ഡോർ ഒന്നു വന്ന് തുറക്ക്... കനത്തിൽ ഉത്തരവ് എത്തി. എന്താ?????? അച്ചു വിശ്വസിക്കാൻ ആവാതെ ചോദിച്ചു. വാതിൽക്കലെ ഡോർ വന്ന് തുറക്കാൻ.. ഇത്തവണ ഉച്ചത്തിൽ അവളുടെ സ്വരം ഫോണിലൂടെ ഉയർന്നു കേട്ടു. അച്ചു പെട്ടെന്ന് തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് ഓടി. വേഗത്തിൽ പാഞ്ഞ് ഫ്രണ്ട് ഡോർ തുറക്കവെ കണ്ടു വരാന്തയിൽ മുഖം വീർപ്പിച്ചു വെച്ച് നിൽക്കുന്ന എമിയേയും ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ നിൽക്കുന്ന റോണിയെയും. അച്ചുവിനെ കണ്ടതും എമി അവനെ കലിപ്പിച്ച് ഒരു നോട്ടം നോക്കി അവനെ തട്ടി മാറ്റി അകത്തേക്ക് കയറിപ്പോയി. അത്രയും നേരം വിഷമിച്ച് നിന്ന അച്ചു അവളുടെ ആ പോക്ക് കണ്ട് ചിരിച്ചു പോയി. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ മുന്നിലേക്ക് നോക്കവെ ഇപ്പൊ കടിച്ചു കീറും എന്ന ഭാവത്തിൽ നിൽക്കുന്ന റോണിയെ കണ്ട് അവൻ ഇളിച്ചു കാണിച്ചു. ചിരിക്കെടോ അലവലാതീ ചിരിക്ക്... താനും ഇപ്പൊ അകത്തോട്ട് കയറി പോയ ആ മറുതയും കൂടി എന്റെ ഉറക്കമാ തല്ലിക്കെടുത്തിയത്. ഒന്നു അവളെ വിളിച്ചിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഇങ്ങനെ ഇവിടെ വന്ന് നിൽക്കേണ്ടി വരില്ലായിരുന്നു.

അളിയനാണ് പോലും അളിയൻ... അവളോട് പറഞ്ഞേക്ക് ഇതിനെല്ലാം കൂടി ഒരു ദിവസം ഞാൻ കൊടുക്കുന്നെണ്ടെന്ന്. റോണി തന്റെ അമർഷം മുഴുവൻ അച്ചുവിനോട്‌ തീർത്തു. എടാ... ഇന്നിനി പോവണ്ടെടാ ഇവിടെ നിൽക്ക്. എല്ലാം കഴിഞ്ഞ് ഇറങ്ങാൻ തുനിഞ്ഞ റോണിയെ തടഞ്ഞുകൊണ്ട് അച്ചു പറഞ്ഞു. വേണ്ട അളിയാ, എനിക്ക് നാളെ ഓഫീസിൽ പോവേണ്ടതാ ഇവിടെ തങ്ങിയാൽ ശരിയാവില്ല. ഞാൻ ഇറങ്ങുവാ... റോണി അത്രയും പറഞ്ഞ് ഇറങ്ങി കാറിലേക്ക് കയറി. അവൻ കാർ സ്റ്റാർട്ട്‌ ചെയ്ത് പോവുന്നത് നോക്കി നിന്ന് അച്ചു വാതിൽ അടച്ച് അകത്തേക്ക് കയറി. അതുവരെ അസ്വസ്ഥത തിങ്ങിയ നെഞ്ചിൽ ആശ്വാസം പടർന്നത് അവൻ അറിഞ്ഞു. നേർത്തൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ തെളിഞ്ഞു. ചുണ്ടിൽ ഊറിയ ചിരിയോടെ അവൻ മുറിയിലേക്ക് നടന്നു. മുറിയിൽ ചെല്ലുമ്പോൾ മുഖവും വീർപ്പിച്ചു വെച്ച് അവൾ ബെഡിൽ ഇരിപ്പുണ്ടായിരുന്നു. അച്ചു അവളെ നോക്കി ഡോർ അടച്ച് കുറ്റിയിട്ടു. പതിയെ അവൾക്ക് അരികിൽ വന്നിരുന്ന് വീർത്തിരുന്ന അവളുടെ വയറിൽ മുഖം ചേർത്ത് വെച്ചു. അപ്പേടെ പൊന്നേ..... വയറിൽ ചുണ്ട് ചേർത്തുകൊണ്ട് അവൻ വിളിച്ചു. എമിയുടെ മുഖം ഒന്നുകൂടി വീർക്കുന്നത് ഒളിക്കണ്ണിട്ട് നോക്കി ചിരിച്ചു. ഇങ്ങനെ മുഖം കേറ്റി പിടിക്കാതെടീ പൊടിക്കുപ്പീ...

അച്ചു അവളുടെ തുടുത്ത കവിളിൽ നുള്ളി വലിച്ചു. കൊഞ്ചാൻ വരണ്ട... ഇവിടുന്ന് പോയിട്ട് എന്നെ ഒന്നു വിളിച്ച് അന്വേഷിച്ചോ???? അവന്റെ കൈ തട്ടി എറിഞ്ഞുകൊണ്ട് അവൾ ദേഷ്യത്തിൽ പറഞ്ഞു. ആഹാ... ഇപ്പൊ ഞാനാണോ കുറ്റക്കാരൻ. നിനക്ക് അല്ലായിരുന്നോ പോവാൻ നിർബന്ധം???? എന്നുകരുതി വിളിക്കാതിരിക്കുകയാണോ ചെയ്യേണ്ടത്????? എമിയുടെ ചുണ്ട് കൂർത്തു. ഞാൻ വിളിച്ചില്ലെന്ന് ആരാ പറഞ്ഞത്???? നിന്നെ വിളിച്ചപ്പൊ റോണിയുടെ കൂടെ ആന്റിയേം അങ്കിളിനെയും കാണാൻ പോയെന്ന് പറഞ്ഞു. കുറേ നാൾ കൂടി അങ്ങോട്ട് പോയതല്ലേ വെറുതെ വിളിച്ച് ഡിസ്റ്റർബ് ചെയ്യണ്ടാന്ന് തോന്നിയത് കൊണ്ടാ പിന്നെ വിളിക്കാതിരുന്നത്. അവളുടെ കവിളിൽ തഴുകിക്കൊണ്ട് അവൻ പറഞ്ഞു. നീ എന്നാത്തിനാ ഈ പാതിരാത്രി തന്നെ ഇങ്ങോട്ട് ഓടി പോന്നത്????? അച്ചു ചിരിയോടെ ചോദിച്ചു. എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അവിടെ എല്ലാവരും ഉണ്ട് എന്നാലും ഞാൻ ഒറ്റയ്ക്ക് ആയത് പോലെ ഒക്കെ... എനിക്ക് ഇച്ചായനെ കാണാൻ തോന്നി. അതാ പോന്നത്... അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് ഇരുന്ന് അവൾ പറഞ്ഞു. നിങ്ങൾക്ക് ഞാൻ ഇല്ലെങ്കിലും പ്രശ്നമില്ലല്ലോ???? കള്ള ഡ്രാക്കുള... പറഞ്ഞു തീർന്നതും വയറ്റിൽ ചവിട്ട് കിട്ടി. ആാാഹ്.... വയറ്റിൽ കിടന്ന് ഇതെന്നാ ചവിട്ട് ആണെന്റെ മാതാവേ...

ചവിട്ട് കിട്ടിയ ഭാഗത്ത്‌ കൈ അമർത്തി അവൾ പറഞ്ഞതും അച്ചു ചിരിച്ചു. നിനക്ക് ഇത് വേണമെടീ... എന്നെ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞിട്ടല്ലേ???? എന്റെ കൊച്ചിന് അത് ഇഷ്ടപ്പെട്ടിട്ടില്ല, കൃത്യമായിട്ട് ചവിട്ടിയത് കണ്ടോ????? അച്ചു ചിരിയോടെ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു. ഓഹ്!!!!! ഒരു അപ്പനും കുഞ്ഞും വന്നിരിക്കുന്നു... ചുണ്ട് കോട്ടി അവൾ പറഞ്ഞതും അച്ചു ചിരിച്ചുകൊണ്ട് അവളുടെ വയറിലേക്ക് മുഖം അടുപ്പിച്ചു. അമ്മയെ നോവിക്കാതെടാ, പാവല്ലേ ഇച്ചിരി കുശുമ്പ് ഉണ്ടന്നേ ഉള്ളൂ അപ്പേടെ ജീവനാ... വയറിൽ ചുണ്ട് ചേർത്തുകൊണ്ട് അവൻ പറയുന്നത് കേട്ട് ചുണ്ടിൽ വിരിഞ്ഞ ചിരി മറച്ചുവെച്ച് അവൾ ഇരുന്നു. അച്ചു വയറിൽ നിന്ന് തലയുയർത്തി എമിയിലേക്ക് മുഖം അടുപ്പിച്ചു. അവളുടെ നെറ്റിയിലും ഇരുകവിളിലും ചുണ്ട് അമർത്തി അവൻ അവളെ പൊതിഞ്ഞു പിടിച്ചു. ഒന്നു ചിരിക്കെടീ പൊടിക്കുപ്പീ... കവിളിൽ മെല്ലെ കടിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ കപടഗൗരവം കളഞ്ഞ് ചിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാവിലെ മുറിയിൽ നിന്ന് ഇറങ്ങി വരുന്ന എമിയെ കണ്ട് എല്ലാവരും വായും തുറന്ന് നിന്നുപോയി. പിന്നെ ചോദ്യവും പറച്ചിലും എല്ലാം ഉയർന്നതും അച്ചു തന്നെ അവൾ എങ്ങനെ എത്തി എന്ന് വിവരിച്ചു കൊടുത്തു.

ആൽവിച്ചൻ അത് കേട്ട് എമിയെ കണക്കിന് വാരി. അവസാനം എമി കലിപ്പ് ആയതും ആൽവിച്ചൻ എഴുന്നേറ്റ് മുങ്ങി. അല്ലെങ്കിൽ പെണ്ണ് മുടിയിൽ പിടിച്ചു വലിച്ച് ഉപദ്രവം തുടങ്ങും എന്നറിയാം. ഫുഡ് ഒക്കെ കഴിഞ്ഞ് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോവാൻ ഒരുങ്ങി അച്ചുവിന് ഒപ്പം ഇറങ്ങുന്ന എമിയെ കണ്ട് ഓഫീസിലേക്ക് പോവാൻ തുടങ്ങിയ ആൽവിച്ചൻ ഒന്നു നിന്നു. നീ ഈ ഡൊണാൾഡക്കിനെ പോലെ കുണുങ്ങി കുണുങ്ങി നടക്കാതെ ഒന്നു അനങ്ങി നടക്കെടീ... ആൽവിച്ചൻ എമിയെ നോക്കി പറഞ്ഞതും അവൾ പല്ല് കടിച്ച് അവനെ നോക്കി. വയറും താങ്ങി അടിവെച്ച് അടിവെച്ച് നടക്കുന്ന എമിക്ക് ആൽവിച്ചൻ ആ നടപ്പ് കണ്ടിട്ട പേരാണ് ഡൊണാൾഡക്ക്. എമിക്ക് ആണെങ്കിൽ ആ പേര് കേൾക്കുന്ന അത്ര കലി വേറൊന്നുമില്ല. എടാ... അവളെ അങ്ങനെ വിളിക്കരുത് എന്ന് പലതവണ പറഞ്ഞിട്ടില്ലേടാ????? സാറാ അവന്റെ ചെവിയിൽ പിടിമുറുക്കി പറഞ്ഞു. ആൽവിച്ചൻ കാറിക്കൊണ്ട് പിടഞ്ഞു മാറി. പിന്നെ ഇവളുടെ നടത്തം കണ്ടാൽ പിന്നെ പറയാൻ തോന്നില്ലേ??? അതിന് എന്റെ ചെവി പറിച്ചെടുത്തിട്ട് എന്ത് കാര്യം??? ആൽവിച്ചൻ കാത് തടവി. ഇതിയാനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല അമ്മച്ചീ... അച്ചൂ നമുക്ക് ഇറങ്ങാം. ഇവളുടെ കാര്യം അറിഞ്ഞിട്ട് വേണം എനിക്ക് മനസമാധാനമായിട്ട് ഡ്യൂട്ടിക്ക് കയറാൻ.

റിയ സ്റ്റെത്തും കൊട്ടും എടുത്ത് ബാഗ് ചുമലിൽ തൂക്കി പറഞ്ഞു. എടി നിന്നെ എന്നും ഞാൻ അല്ലെ ഹോസ്പിറ്റലിൽ ആക്കുന്നത്??? ആൽവിച്ചൻ റിയയെ. അതിന് ഇവർ ഇന്ന് ഹോസ്പിറ്റലിലേക്ക് അല്ലെ ഞാൻ ഇവരുടെ കൂടെ പൊക്കോളാം. ഇച്ചായൻ പിള്ളേരെ സ്കൂളിൽ വിട്ടിട്ട് ഓഫീസിൽ പൊക്കോ. അതും പറഞ്ഞ് ജോക്കുട്ടനെയും ജിച്ചൂട്ടനെയും ആൽവിച്ചനെ ഏൽപ്പിച്ച് റിയ അച്ചുവിനും എമിക്കും ഒപ്പം ഇറങ്ങി. ആൽവിച്ചൻ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോവുന്ന സ്വന്തം പ്രൊഡക്റ്റുകളെ എങ്ങനെ സ്കൂളിൽ സമയത്ത് എത്തിക്കും എന്നറിയാതെ തലയ്ക്ക് കൈ കൊടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ വെറുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ് അച്ചു. എമിയെ അകത്ത് കയറ്റിയിട്ട് മണിക്കൂർ രണ്ട് പിന്നിടുന്നു. രാവിലെ ചെക്കപ്പിന് ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ പൊസിഷൻ തിരിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം കുഞ്ഞിനെ പുറത്ത് എടുക്കണം എന്നും ഡോക്ടർ നിർദ്ദേശിക്കുന്നത്. എമിക്ക് അത് കേട്ടതേ പേടി തുടങ്ങി. കണ്ണ് നിറച്ച് അവൾ അച്ചുവിന്റെ കയ്യിൽ പിടിച്ചു. റിയയും അച്ചുവും ചേർന്ന് അവളെ സമാധാനിപ്പിക്കുമ്പോഴും അച്ചുവിന്റെ ഉള്ളിലും ഭയം നിറഞ്ഞു കഴിഞ്ഞിരുന്നു. സി സെക്ഷൻ വേണ്ടി വരും എന്നറിഞ്ഞതും എമിയുടെ പേടി ഏറി.

ഈ സമയത്ത് ബിപി കൂടുന്നത് നല്ലതല്ലാത്തതിനാൽ റിയ അവൾക്ക് പരമാവധി ധൈര്യം നൽകി. വീട്ടിൽ അറിയിച്ചതും എല്ലാവരും എത്തി. അപ്പോഴേക്കും എമിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി കഴിഞ്ഞിരുന്നു. അച്ചു മുഖം പൊത്തി ചെയറിലേക്ക് ഇരുന്നു. മനസ്സിൽ അത്രയും ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റുമ്പോൾ തന്റെ കയ്യിൽ വിടാതെ പിടിച്ചിരുന്ന എമിയുടെ മുഖം ആയിരുന്നു. അവന് വെപ്രാളവും പേടിയും പരിഭ്രമവും ഒക്കെ തോന്നി. ഡോർ തുറയുന്ന ഓപ്പറേഷൻ തിയേറ്ററിന്റെ ഡോർ തുറയുന്ന ശബ്ദം കേട്ടതും അച്ചു വെപ്രാളത്തോടെ എഴുന്നേറ്റു. റിയയും ഓടിയെത്തി. അവരെ ഇരുവരെയും കണ്ട നേഴ്സ് ഒന്നു പുഞ്ചിരിച്ചു. സിസ്റ്റർ എമി...... പേടിക്കാൻ ഒന്നുമില്ല. നോർമൽ ഡെലിവറി ആയിരുന്നു. പെൺകുഞ്ഞാണ്. രണ്ടുപേരും സേഫ് ആയി ഇരിക്കുന്നു. റൂമിലേക്ക് മാറ്റുന്ന കാര്യം ഡോക്ടർ പറയും. ഒറ്റ ശ്വാസത്തിൽ പറഞ്ഞവർ നിർത്തിയതും അച്ചു ആശ്വാസത്തോടെ നിശ്വസിച്ചു. സാറാ കുരിശ് വരച്ച് കർത്താവിനോട് നന്ദി പറഞ്ഞു. അച്ചു സന്തോഷവും ആവേശവും എല്ലാം കൂടിച്ചേർന്ന ഒരു അവസ്ഥയിൽ ആയിരുന്നു.

കണ്ണുകളിൽ നനവ് പടരുന്നതിന് ഒപ്പം ചുണ്ടിൽ ചിരിയും തെളിഞ്ഞു നിന്നു. ആൽവിച്ചനും റോണിയും അച്ചുവിനെ കെട്ടിപ്പിടിച്ചു. ഞാൻ അപ്പോഴേ പറഞ്ഞില്ലേടാ നിനക്ക് പെൺകുട്ടി ആയിരിക്കുമെന്ന്.... ആൽവിച്ചൻ സന്തോഷം അടക്കാൻ ആവാതെ പറഞ്ഞതും അച്ചു ചിരിച്ചു. അൽപ്പനേരം കഴിഞ്ഞതും വെള്ളതുണിയിൽ പൊതിഞ്ഞൊരു മാലാഖകുഞ്ഞിനെ നേഴ്സ് കൊണ്ടുവന്നു. ഉണ്ടകവിളും തുടുത്ത കവിളും എല്ലാമായി പിങ്ക് നിറത്തിലുള്ള ഒരു കുഞ്ഞിപ്പെണ്ണ്. കണ്ണ് പൂട്ടി സുഖനിദ്രയിലാണ് ആൾ. അച്ചു വിറയ്ക്കുന്ന കൈകളോടെ കുഞ്ഞിനെ ഏറ്റുവാങ്ങി. ഉറക്കം പിടിച്ചു കിടക്കുന്ന കുഞ്ഞിനെ അവൻ നോക്കി. ഹൃദയം നിറഞ്ഞു തുളുമ്പി. വർധിച്ച സന്തോഷത്തോടെ ഹൃദയമിടിപ്പോടെ അവൻ ആ കുഞ്ഞി നെറ്റിയിൽ ചുണ്ട് ചേർത്ത് വെച്ചു. തന്റെ കുഞ്ഞിന് നൽകുന്ന ആദ്യ സ്നേഹചുംബനം..... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story