ഹൃദയതാളമായ്: ഭാഗം 213

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

താടിക്ക് കയ്യും കൊടുത്ത് അച്ചുവിനെയും കാത്ത് സോഫയിൽ ഇരിപ്പാണ് എമി. ഒന്നു തല ചരിച്ച് നോക്കിയാൽ അതേ പോസിൽ മുഖവും വീർപ്പിച്ച് എമിയെ പോലെ താടിക്ക് കയ്യും കൊടുത്ത് ഇരിപ്പുണ്ട് അച്ചുവിന്റെയും എമിയുടെയും പ്രോഡക്റ്റ് ഒരു വയസ്സുകാരി അലൈന മേരി അഗസ്റ്റി എന്ന എല്ലാവരുടെയും അന്നുമോൾ. കുഞ്ഞിന് പേരിട്ടതും അന്നു എന്ന വിളിപ്പേര് വെച്ചതും എല്ലാം ആൽവിച്ചൻ ആയിരുന്നു. അവരുടെ കൊച്ചിന് അച്ചുവും എമിയും പേരിട്ടത് പോലെ ഇത് തന്റെ അവകാശം ആണെന്ന ആൽവിച്ചന്റെ പ്രഖ്യാപനത്തിന് മുന്നിൽ എല്ലാവരും സമ്മതിച്ചു കൊടുക്കുകയായിരുന്നു. ആൽവിച്ചൻ വിളിപ്പേര് പേര് വെച്ചെങ്കിലും അച്ചുവും എമിയും അവളെ കുഞ്ഞി എന്നേ വിളിക്കാറുള്ളൂ. അച്ചു ആയിരുന്നു ആ പേര് ഇട്ടതും വിളിച്ചതും അത് കേട്ട് എമിയും വിളിച്ചു തുടങ്ങി. എന്നാൽ മറ്റാരും ആ പേര് വിളിക്കുന്നത് കുഞ്ഞിപെണ്ണിന് ഇഷ്ടമല്ല. എങ്ങാനും വിളിച്ചു പോയാൽ വിളിക്കുന്ന ആളുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കും. അന്നു അച്ചുവിനെ മുറിച്ചു വെച്ചത് പോലെയാണ് രൂപമെങ്കിലും സ്വഭാവം എമിയുടെയാണ്. പോരാത്തതിന് അച്ചുവിന്റെ ചില കള്ളത്തരങ്ങൾ അതേപടി കിട്ടിയിട്ടുമുണ്ട്. കാണാൻ ഇത്തിരി ഇമ്മിണിയേ ഉള്ളെങ്കിലും കയ്യിലിരുപ്പ് മുഴുവൻ കുരുത്തക്കേടാണ്.

വികൃതിയുടെ ഉസ്താദായ അനുവിന്റെ കുഞ്ഞ് റയൂട്ടനെ വരെ വരച്ച വരയിൽ നിർത്തി കളയും. ആകെയുള്ള ഒരു പെൺതരി ആയതിനാൽ എല്ലാവരും താഴത്തും തറയിലും വെക്കാതെയാണ് കൊണ്ടു നടക്കുന്നത്. അപ്പുവിനും എഡ്ഢിക്കും ആൽവിച്ചനും റോണിക്കും എല്ലാം അവളെ വലിയ കാര്യമാണ്. പക്ഷെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ അടുപ്പം ആൽവിച്ചനോടാണ്. കളിക്കാനും കുരുത്തക്കേടിനും എല്ലാം അവൻ ഒപ്പം കൂടുന്നത് കൊണ്ട് അവനോടാണ് ഒരു പ്രത്യേക ഇഷ്ടം. എന്നാലും അച്ചുവിനെ കിട്ടിയാൽ പെണ്ണിന് പിന്നെ ആരെയും വേണ്ട. അപ്പൻ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ ആരും എന്തിന് എമി വരെ. അതിന്റെ അസൂയ എമിക്ക് ഉണ്ട് താനും. ഇടയ്ക്കിടെ അത് പറഞ്ഞ് അവളെ ദേഷ്യം പിടിപ്പിക്കുന്നതാണ് അച്ചുവിന്റെ പ്രധാന ഹോബി. നാളെ റോണിയുടെയും മറിയാമ്മയുടെയും മിന്നുകെട്ടാണ്. അത് പ്രമാണിച്ച് വീട്ടിൽ എത്തിയതാണ് എമി. ഒരു കൊല്ലം കഴിഞ്ഞാണ് വാക്കാൽ കല്യാണം ഉറപ്പിച്ചു വെച്ചതെങ്കിലും റോണിയുടെ കാലക്കേടിന് മറിയാമ്മയുടെ വല്യമ്മച്ചി ഹാർട്ട്‌ അറ്റാക്ക് വന്ന് മരണപ്പെട്ടു. അങ്ങനെ ഒരു കൊല്ലത്തേക്ക് കൂടി അവരുടെ കെട്ട് പിന്നെയും നീണ്ടുപോയി. രണ്ടെണ്ണത്തിനും അതിൽ ഭയങ്കര സങ്കടം ആയിരുന്നു. നാളത്തോടെ നീണ്ട കാലത്തെ കാത്തിരിപ്പ് അവസാനിക്കും.

തന്റെ ഒരേയൊരു അളിയന്റെ കല്യാണം ഗംഭീരമാക്കാനുള്ള ഓട്ടത്തിലാണ് അച്ചു. എല്ലാ കാര്യവും അധികാരത്തോടെ ഓടി നടന്ന് ചെയ്യുന്ന അച്ചുവിനെ എമിക്കും കുഞ്ഞിനും ഒന്നു നേരാവണ്ണം കാണാൻ പോലും കിട്ടുന്നില്ല. അതിന്റെ പിണക്കമാണ് ഈ കാണിക്കുന്നത്. കണ്ടോ????? നിന്റെ അപ്പൻ വരാത്തത് കണ്ടോ???? എത്ര ദിവസമായി നേരാവണ്ണം ഒന്നു മിണ്ടിയിട്ട്... ഇവിടെ രണ്ടുപേര് കാത്തിരിക്കുന്നുണ്ട് എന്ന വിചാരം പോലുമില്ല അങ്ങേർക്ക് ദുഷ്ടൻ... ദേഷ്യത്തോടെ അവൾ പറഞ്ഞതും അന്നു അത് ഇഷ്ടപ്പെടാത്തത് പോലെ അവളെ കൂർപ്പിച്ചു നോക്കി. അപ്പനെ പറഞ്ഞപ്പൊ പൊന്നോമന മകൾക്ക് പിടിച്ചില്ല അല്ലെ???? അല്ലേലും നീയും അങ്ങേരും ഒരേ സൈഡ് അല്ലെ???? എന്നെ ആർക്കും വേണ്ടല്ലോ???? മുഖം തിരിച്ചു വെച്ച് പരിഭവത്തോടെ അവൾ പറഞ്ഞതും അന്നു കുഞ്ഞികണ്ണ് വിടർത്തി അവളെ ഒന്നു നോക്കി. പിന്നെ സോഫയുടെ ഹാൻഡ്റെസ്റ്റിൽ പിടിച്ച് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നടന്ന് അവളുടെ മടിയിലേക്ക് കയറി ഇരുന്നു. എമി ഒളിക്കണ്ണിട്ട് ഒന്നു നോക്കി മുഖം ഗൗരവത്തിൽ കയറ്റി പിടിച്ച് ഇരുന്നു.

കുഞ്ഞിപെണ്ണിന്റെ ചുണ്ടിൽ ഒരു കള്ളചിരി തെളിഞ്ഞു. മ്മേ...... കൊഞ്ചിക്കൊണ്ട് വിളിച്ച് അന്നു എമിയുടെ മടിയിൽ കയറി നിന്നു. പിണങ്ങി മുഖം വീർപ്പിച്ച് ഇരിക്കുന്ന എമിയുടെ കവിളിൽ ഉമ്മ വെച്ച് കുഞ്ഞിപ്പല്ല് ആഴ്ത്തി അവൾ കൈകൊട്ടി ചിരിച്ചു. കള്ളത്തരം മുഴുവൻ പഠിച്ചു വെച്ചിട്ടുണ്ട് കുറുമ്പി... ഗൗരവം മാറ്റി ചിരിച്ചുകൊണ്ട് എമി കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് ചുണ്ടിൽ ഒരുമ്മ കൊടുത്തു. നീ ഇതുവരെ കിടന്നില്ലേ പെണ്ണേ???? ആരുടെയോ ചോദ്യം കേട്ട് അമ്മയും മകളും തിരിഞ്ഞു നോക്കിയതും ആലീസിനെ കണ്ട് എമി ഒന്നു പരുങ്ങി. കൊച്ചിനെ ഉറക്കാതെ നീ ഇവിടെ ഇതെന്തുടുക്കുവാ????? ആലീസ് ഗൗരത്തോടെ ചോദിച്ചു. ഇച്ചായൻ വരാതെ കൊച്ച് ഉറങ്ങണ്ടേ???? അങ്ങേരില്ലാതെ ഇവൾ ഉറങ്ങൂല്ലാന്ന് ആന്റിക്ക് അറിഞ്ഞൂടെ???? അന്നുവിനെ മടിയിലേക്ക് ഇരുത്തിക്കൊണ്ട് എമി പറഞ്ഞു. ഉവ്വ... എല്ലാം ഇനി ആ കൊച്ചിന്റെ തലയിൽ വെച്ചാൽ മതിയല്ലോ????അച്ചു വരാതെ നീ കിടക്കില്ലെന്ന് അങ്ങോട്ട് പറഞ്ഞാൽ പോരെ???? അമ്മയും കണക്കാ കുഞ്ഞും കണക്കാ...

എമിയെ നോക്കി പിറുപിറുത്തുകൊണ്ട് അവർ മുറിയിലേക്ക് നടന്നു. എമി ചമ്മലോടെ മുഖം തിരിച്ചു നോക്കിയതും മടിയിൽ ഇരുന്നൊരാൾ ആലീസ് പോയ വഴിയേ കണ്ണ് കുറുക്കി നോക്കുന്നുണ്ട്. ആലീസ് പറഞ്ഞത് അത്ര പിടിച്ചിട്ടില്ല എന്ന് ആ മുഖത്ത് നിന്ന് തന്നെ അവൾക്ക് പിടികിട്ടി. അവൾ മുഖം താഴ്ത്തി അന്നുവിന്റെ ഉണ്ടകവിളിൽ ഒരു ഉമ്മ കൊടുത്ത് കുഞ്ഞിനെ മാറോട് ഒതുക്കി പിടിച്ചു. ക്ലോക്കിലേക്ക് നോക്കിയതും സമയം 10 മണി കഴിഞ്ഞതേ ഉള്ളൂ. കെട്ട് പാലായിൽ വെച്ചാണ് നടത്തുന്നത് രാവിലെ തന്നെ പുറപ്പെടേണ്ടത് കൊണ്ട് പരിപാടി എല്ലാം നേരത്തെ തീർത്ത് എല്ലാവരും നേരത്തെ കിടന്നതാണ്. ഒരു നെടുവീർപ്പോടെ ചിന്തിച്ച് അവൾ അടഞ്ഞു കിടന്ന വാതിൽക്കലേക്ക് നോക്കി. മ്മേ..... അന്നുവിന്റെ കുഞ്ഞി ശബ്ദം കേട്ടതും അവൾ മുഖം താഴ്ത്തി മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി. ഉറക്കം വന്ന് കണ്ണൊക്കെ തിരുമുന്നുണ്ട്. എന്താടാ പൊന്നേ..... കൊഞ്ചിച്ചു കൊണ്ടവൾ ചോദിച്ചു. പ്പ..... കുഞ്ഞി ചുണ്ട് വിതുമ്പാൻ തയ്യാറെടുത്തു. അപ്പ ഇപ്പൊ വരുമെടാ, എന്റെ മോള് ചങ്കടപ്പെടാതെ... നെറ്റിയിൽ ചുണ്ട് ചേർത്തുകൊണ്ട് എമി കുഞ്ഞിനെ നെഞ്ചിലേക്ക് അടക്കി പിടിച്ചു. കർത്താവേ ഈ മനുഷ്യൻ ഇതെവിടെ പോയി കിടക്കുവാ?????

അങ്ങേരെ കാണാതെ കുഞ്ഞ് ഉറങ്ങത്തില്ല എന്ന് അറിയാവുന്നതല്ലേ???? എമി ആരോടെന്നില്ലാതെ പറഞ്ഞ് കുഞ്ഞിന്റെ തുടയിൽ പതിയെ തട്ടി കൊടുത്തു. കുഞ്ഞിപ്പെണ്ണിന് രാത്രി ഉറങ്ങണമെങ്കിൽ അച്ചു വേണം. അവന്റെ നെഞ്ചിൽ കിടന്നല്ലാതെ ഉറങ്ങില്ല കുഞ്ഞിലേ മുതൽക്കേ ഉള്ള ശീലമാണ്. അതറിയാവുന്ന അച്ചു കഴിവതും ലേറ്റ് ആവാതെ തന്നെ വീട്ടിൽ എത്തും. എങ്ങാനും ഒരു ദിവസം വരാൻ ഇത്തിരി വൈകിയാൽ പിന്നെ പറയണ്ട. ബഹളം വെച്ച് ആൾ വീട് തിരിച്ചു വെക്കും. അതോർത്താണ് എമിക്ക് ഇത്ര ടെൻഷൻ. അവൾ കുഞ്ഞിനെ എടുത്ത് തോളിലിട്ട് പതിയെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എപ്പൊ വേണമെങ്കിലും ഒരു കരച്ചിൽ ഉണ്ടാവാം എന്നവൾക്ക് ഉറപ്പായിരുന്നു. കുഞ്ഞിന്റെ മുതുകിൽ പതിയെ പതിയെ കൊട്ടി കൊണ്ട് അവൾ നടത്തം തുടരുമ്പോഴാണ് പുറത്ത് അച്ചുവിന്റെ ബുള്ളറ്റിന്റെ ശബ്ദം കേൾക്കുന്നത്. അത് കേട്ടതും എമിക്ക് ആശ്വാസമായി. അന്നു ഉടനെ എമിയുടെ തോളിൽ നിന്ന് തല ഉയർത്തി. അതുവരെ ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന ആൾ ഒറ്റ നിമിഷം കൊണ്ട് ഉഷാറായി. മ്മാ... തൊക്ക്.... വാതിൽക്കലേക്ക് ചൂണ്ടി ആൾ മുന്നോട്ട് ആഞ്ഞു. അച്ചുവിന്റെ അടുത്ത് എത്താനുള്ള തിടുക്കമാണ് ഇതെല്ലാം. ആഹ്... തുറക്കാം... തന്റെ കയ്യിലിരുന്ന് ഞെരിപിരി കൊള്ളുന്ന കുഞ്ഞിനെ അടക്കി പിടിച്ചുകൊണ്ട് എമി ഡോർ തുറക്കാനായി നീങ്ങി. വാതിൽ തുറന്നതും ബുള്ളറ്റ് പാർക്ക് ചെയ്ത് ഇറങ്ങുന്ന അച്ചുവിനെ കണ്ട് കുഞ്ഞിപ്പെണ്ണ് അവളുടെ കയ്യിൽ നിന്ന് ഊർന്നിറങ്ങി വരാന്തയിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. പ്പാ......

ആവേശത്തോടെ ഉച്ചത്തിൽ വിളിച്ചുകൊണ്ട് കുഞ്ഞ് ഓടി ചെന്ന് പടി ഇറങ്ങാൻ തുനിഞ്ഞതും എമി ആധിയോടെ അന്നുവിന് അരികിലേക്ക് പാഞ്ഞു. എന്നാൽ അതിന് മുന്നേ തന്നെ അച്ചു കുഞ്ഞിനെ വാരി എടുത്തു കഴിഞ്ഞിരുന്നു. എമി ഒരു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. അച്ചു കുഞ്ഞിപ്പെണ്ണിനെ എടുത്തുയർത്തി മുകളിലേക്ക് ഒന്നു എറിഞ്ഞു പിടിച്ചു. അന്നു അവന്റെ പ്രവർത്തി ഇഷ്ടമായത് പോലെ കൈകൊട്ടി ചിരിച്ചു. അമ്മയെ പോലെ ഇങ്ങനെ ലൈസെൻസ് ഇല്ലാതെ ഓടാൻ എന്റെ കുഞ്ഞി വളർന്നിട്ടില്ല വീണു പോവും... ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ കുഞ്ഞിന്റെ ഉണ്ണിവയറിൽ മുഖം ചേർത്ത് ഉരസി. ഇക്കിളിയെടുത്ത് ഒന്നു പുളഞ്ഞുകൊണ്ട് കുഞ്ഞ് പൊട്ടിച്ചിരിച്ചു. അച്ചു അന്നുവിനെ കയ്യിലെടുത്ത് നെറ്റിയിൽ ഉമ്മ വെച്ചു. കുഞ്ഞിപെണ്ണ് ആ നേരം കൊണ്ട് അവന്റെ ചൂണ്ടുവിരലിൽ കിടന്ന വണ്ടിയുടെ ചാവി കൈകലാക്കി. കുഞ്ഞി കൈകൊണ്ട് അത് വെച്ച് കളിക്കുന്ന അന്നുവിനെ ഒന്നു നോക്കി അവൻ കണ്ണുകളാൽ എമിയെ തിരഞ്ഞു. വാതിൽപ്പടിയിൽ ചാരി നിന്ന് മുഖവും വീർപ്പിച്ച് കൈകെട്ടി നിൽക്കുന്നവളെ കണ്ടതും അവൾക്കായ് അവന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു. അവൻ ചെരുപ്പ് അഴിച്ചിട്ട് കുഞ്ഞിനെയും കൊണ്ട് വരാന്തയിൽ നിന്ന് അകത്തേക്ക് കയറി.

എമിയുടെ അടുത്ത് എത്തിയതും അവൻ കുഞ്ഞിനെ ഒന്നു നോക്കി. ചാവിയിട്ട് കളിക്കുന്നതിലാണ് പെണ്ണിന്റെ ശ്രദ്ധ എന്ന് കണ്ടതും അവൻ ഒരു കയ്യാൽ കുഞ്ഞിനെ ഒതുക്കി പിടിച്ച് മറുകയ്യാൽ എമിയുടെ കയ്യിൽ പിടിച്ചു വലിച്ച് അവളെ നെഞ്ചിലേക്ക് ഇട്ട് അരയിലൂടെ കയ്യിട്ട് അവളെ ചേർത്ത് നിർത്തി. അവൾ കുതറി മാറില്ല എന്നവന് നല്ല ഉറപ്പായിരുന്നു. ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കാതെടീ പൊടിക്കുപ്പീ... ഇച്ചായന് തിരക്കാണെന്ന് മറ്റാരേക്കാൾ നിനക്ക് നന്നായി അറിയാവുന്നതല്ലേ????? അവളുടെ കവിളിൽ ചുണ്ട് ആഴ്ത്തികൊണ്ട് അവൻ പറഞ്ഞു. അത് കേട്ടതും എമി അവന്റെ മുഖത്തേക്ക് കൂർപ്പിച്ച് നോക്കി. തിരക്ക് എന്ന് പറഞ്ഞാൽ ഇന്ത്യൻ പ്രസിഡന്റെ തിരക്ക് ഒന്നും ഇല്ലല്ലോ???? ഓരോ കേസിന്റെ പുറകെ ഓടുന്നത് പോരാഞ്ഞിട്ടാണോ ഇതും???? ഇങ്ങനെ എല്ലാത്തിനും ഇച്ചായന് തന്നെ ഓടേണ്ട കാര്യമില്ലല്ലോ കുറച്ചൊക്കെ മാറ്റാരെയെങ്കിലും ഒക്കെ ഏൽപ്പിക്കണം. അത് ചെയ്യില്ല... എനിക്കും കുഞ്ഞിനും ഒന്നു നേരാവണ്ണം കാണാൻ പോലും കിട്ടുന്നില്ല നിങ്ങളെ... ദേഷ്യത്തിലാണ് അവൾ പറഞ്ഞു തുടങ്ങിയത് എങ്കിലും അവസാനം ആയപ്പൊ അവളുടെ സങ്കടം പുറത്ത് ചാടിയിരുന്നു. അച്ചു അവളെ തന്നെ ഉറ്റുനോക്കി. കണ്ണൊക്കെ നിറയാൻ പാകത്തിന് ആയിട്ടുണ്ട്. ശരിയാണ് ഈയിടെ ആയിട്ട് ജോലിതിരക്കും

കല്യാണതിരക്കും കാരണം നേരാവണ്ണം കുഞ്ഞിന്റെയും അവളുടെയും കാര്യം ഒന്നു ശ്രദ്ധിക്കാൻ പോലും കഴിയാറില്ല. അവൻ മനസ്സിൽ ഓർത്തു. ഒന്നും മനഃപൂർവമല്ലെടീ, നിന്നെയും കുഞ്ഞിയെയും കാണാതെ എനിക്ക് പറ്റും എന്ന് നിനക്ക് തോന്നുണ്ടോ???? ഇതിപ്പൊ റോണിയുടെ കാര്യം ആയത് കൊണ്ടല്ലേ???? അവന് വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യണ്ടേ????? അച്ചു പറഞ്ഞതും എമി അവനോട് ചേർന്ന് നിന്നു. എനിക്കറിയാം ഇച്ചായാ... എന്നാലും ഒരാഴ്ച്ചയോളമായി ഇച്ചായനോട് ഇതുപോലെ ഒന്നു മിണ്ടിയിട്ട് തന്നെ. ഒന്നെങ്കിൽ ഇച്ചായന് തിരക്ക് അല്ലെങ്കിൽ നൂറുപ്പേര് ഉണ്ടാവും ചുറ്റിനും അതുകൊണ്ട് പറഞ്ഞു പോയതാ. അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു. കഴിഞ്ഞെടീ... ഇന്നത്തോടെ തിരക്ക് എല്ലാം ഒതുങ്ങി. ഇനിയുള്ളത് ആൽവിച്ചനും അപ്പുവും കൂടി നോക്കിക്കോളും. ഞാൻ പറഞ്ഞിട്ടുണ്ട് അവരോട്. അച്ചു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് പറഞ്ഞു . ഒരു കുഞ്ഞു ചിണുങ്ങൽ സ്വരം കാതിൽ എത്തിയതും എമിയിൽ നിന്ന് ചുണ്ട് വേർപെടുത്തി കയ്യിലിരിക്കുന്ന കുഞ്ഞിനെ നോക്കിയതും അവിടെ ചുണ്ട് കൂർപ്പിച്ച് വെച്ച് ഇരിക്കുന്ന കുറുമ്പിയെ കണ്ടതും അച്ചു ചിരിച്ചു. നിനക്കും തരാം എന്റെ കുശുമ്പി പാറൂ... അച്ചു ചിരിയോടെ പറഞ്ഞുകൊണ്ട് അന്നുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.

അതോടെ അവിടെ മുഖം തെളിഞ്ഞു. എമിയെ കുറുമ്പോടെ ഒന്നു നോക്കി കുഞ്ഞിപ്പെണ്ണ് അച്ചുവിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അവന്റെ തോളിൽ തല ചേർത്ത് കിടന്ന് അവന്റെ മുതുകിൽ കൈ കൊണ്ട് തട്ടിക്കൊണ്ടിരുന്നു. ഉറക്കം വന്നു എന്നറിയിക്കാനുള്ള സിഗ്നൽ ആണത്. ഉറക്കം വരുന്നുണ്ട് ഇച്ചായാ കുറേ നേരമായി കണ്ണ് തിരുമൽ തുടങ്ങിയിട്ട്. കുഞ്ഞിയെ ഇങ്ങോട്ട് തന്നിട്ട് ഇച്ചായൻ പോയി ഈ വേഷം മാറ്റാൻ നോക്ക്. അച്ചുവിനോടായി പറഞ്ഞുകൊണ്ട് എമി കുഞ്ഞിനെ അവന്റെ തോളിൽ നിന്ന് എടുക്കാൻ തുനിഞ്ഞു. അത് അറിഞ്ഞതും അന്നു ഒന്നുകൂടി അച്ചുവിനെ അള്ളിപിടിച്ചു. കുഞ്ഞി ഇങ്ങ് വന്നേ... അമ്മ എടുക്കാം പൊന്നിനെ. അപ്പക്ക് ഈ ഉടുപ്പൊക്കെ മാറണ്ടേ???? എന്റെ കുഞ്ഞ് ഇങ്ങ് വാ... എമി അത് പറഞ്ഞതും തലയുയർത്തി അച്ചുവിനെ ഒന്നു നോക്കി. പിന്നെ എമിയുടെ കയ്യിലേക്ക് ചാഞ്ഞു. എമി കുഞ്ഞിനെ എടുത്തതും അച്ചു വാതിൽ അടച്ച് കുറ്റിയിട്ട് അകത്തേക്ക് കയറി. മുറിയിലേക്ക് നടക്കവെ റോണിയുടെ മുറിയിൽ ലൈറ്റ് കണ്ടതും അച്ചു എമിയെ നോക്കി. ഇവൻ ഇതുവരെ കിടന്നില്ലേ????? അച്ചു സംശയത്തോടെ ചോദിച്ചു. നാളെ മുതൽ കാമുകീ കാമുകന്മാരെ പോലെ സംസാരിക്കാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞ് ഇന്ന് രാത്രി മുഴുവൻ ഫോണിൽ വിളിച്ചു കുറുകുന്നതാ ആ കാണുന്നത്. എമി മറുപടി കൊടുത്തു. ഇന്നലെ വരെ എങ്ങനേലും കെട്ടിയാൽ മതി എന്ന് പറഞ്ഞ് നടന്നവനാ. അച്ചു കളിയാക്കി ചിരിയോടെ പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വരുമ്പൊ എമി ബെഡ്ഷീറ്റ് വിരിക്കാനുള്ള ശ്രമത്തിലാണ്. അന്നു ആകട്ടെ കുഞ്ഞികാല് എത്തിച്ച് ബെഡിൽ കയറി ഇരിക്കാനുള്ള ശ്രമത്തിലും. കുഞ്ഞീ അടങ്ങി നിന്നേ... അമ്മ വിരിക്കുന്നത് കണ്ടില്ലേ???? അത് കഴിഞ്ഞ് ബെഡിൽ കയറ്റി ഇരുത്താം. എമി ഷീറ്റ് വിരിക്കുന്നതിന് ഇടയിൽ പറഞ്ഞു. ഇയ്യാ..... ചുണ്ട് കൂർപ്പിച്ച് എമിയോട് പറയുന്നതിന് ഒപ്പം വാശിയോടെ വീണ്ടും ബെഡിലേക്ക് കയറാൻ നോക്കുന്നുണ്ട്. അച്ചു അത് കണ്ട് അന്നുവിനെ പിന്നിലൂടെ വട്ടം പൊക്കിയെടുത്തു. കുരുത്തക്കേട് കാണിക്കാതെ ഒരു നിമിഷം പോലും അടങ്ങി ഇരിക്കരുത് കള്ളിപെണ്ണേ... ദേഹത്ത് ഇക്കിളി ആക്കി അവൻ പറഞ്ഞതും അന്നു കുലുങ്ങി ചിരിച്ചു. എമി അന്നേരം കൊണ്ട് ഷീറ്റ് വിരിച്ചു. അച്ചു കുഞ്ഞിനെ ബെഡിലേക്ക് കിടത്തി അവനും ഒപ്പം കിടന്നു. കുഞ്ഞിപെണ്ണ് കിടത്തിയ അതേ വേഗത്തിൽ ബെഡിൽ കൈകുത്തി എഴുന്നേറ്റ് ഇരുന്ന് കുഞ്ഞി കൈകൊണ്ട് ഇട്ടിരുന്ന ബനിയൻ വലിച്ചൂരാൻ നോക്കി. എമി അവളുടെ കളി കണ്ട് ബെഡിലേക്ക് ഇരുന്നു. അയ്യേ ഈ പെണ്ണ് തുണി വലിച്ച് ഊരുന്നേ... എമി വാ പൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞതും കുഞ്ഞിപ്പെണ്ണ് കള്ളചിരി ചിരിച്ചു. രാത്രി കിടക്കുമ്പൊ കുഞ്ഞിക്ക് ഉടുപ്പ് ഇടുന്നത് ഇഷ്ടമല്ല. ഒരു കുട്ടി നിക്കറും ഇട്ട് കിടക്കാനാണ് താത്പര്യം.

തുണി ഇല്ലെങ്കിൽ അത്രയും ആശ്വാസം. മ്മാ...... കുഞ്ഞി മുട്ടിലിഴഞ്ഞ് എമിയുടെ അടുത്തേക്ക് ചെന്ന് കൈ പൊക്കി കാണിച്ചു. എമി ചിരിച്ചുകൊണ്ട് അവളുടെ ദേഹത്ത് കിടന്ന ബനിയൻ തല വഴി സൂക്ഷിച്ച് ഊരി കൊടുത്തു. ബനിയൻ പോയതും ആളുടെ മുഖം തെളിഞ്ഞു. സന്തോഷം പ്രകടിപ്പിക്കാൻ എമിയുടെ കവിളിൽ ഉമ്മ കൊടുത്ത് ഉമിനീരിനാൽ നനച്ചു. തുണി ഉടുക്കാത്ത പെണ്ണ്.... അച്ചു ചുണ്ട് കൂട്ടിപ്പിടിച്ച് ചിരിയോടെ പറഞ്ഞുകൊണ്ട് കുഞ്ഞിന്റെ മൂഡ് നോക്കി ഒരു തട്ട് കൊടുത്തു. അവൾ കുലുങ്ങി ചിരിച്ചുകൊണ്ട് അച്ചുവിന്റെ മേലേക്ക് ചാടി അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്ന് മൂളിക്കൊണ്ട് അവന്റെ നെഞ്ചിൽ കുഞ്ഞി കൈകൊണ്ട് അടിച്ച് താളം പിടിച്ചു. ഇതിപ്പൊ നീ ഉറങ്ങുവാണോ അതോ എന്നെ ഉറക്കുവാണോ കുഞ്ഞീ???? അച്ചു ചോദിച്ചുകൊണ്ട് കുഞ്ഞിന്റെ കൈ പിടിച്ച് കൈവെള്ളയിൽ ചുണ്ട് ചേർത്തു. മൂളലിന്റെ സ്വരം ഒന്നു കൂടി. എമി കുശുമ്പോടെ അച്ചുവിനെയും കുഞ്ഞിനെയും നോക്കി. നീ ഇനി എന്ത് നോക്കി നിൽക്കുവാ പോയി ലൈറ്റ് അണച്ചിട്ട് വന്ന് കിടക്കെടീ പൊടിക്കുപ്പീ... അച്ചു അവളെ നോക്കി ചിരിയോടെ പറഞ്ഞതും അവൾ എഴുന്നേറ്റ് ബെഡ് ഓൺ ചെയ്ത് റൂമിലെ ലൈറ്റ് അണച്ചു. എമി ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിൽ വന്നു കിടന്നു.

അച്ചു ഒരു കയ്യാൽ അവളെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി. എമി അവനിലേക്ക് പറ്റിച്ചേർന്ന് കിടന്ന് കുഞ്ഞിയുടെ കവിളിൽ തലോടി നെറ്റിയിൽ ഒന്നു മുത്തി അവളുടെ പുറത്ത് കൈ ചേർത്ത് വെച്ചു. കുഞ്ഞി എമിയെ നോക്കി അവളുടെ കഴുത്തിലൂടെ കൈച്ചുറ്റി പിടിച്ച് കണ്ണടച്ച് വീണ്ടും മൂളൽ തുടങ്ങി. എമി പതിയെ അവളുടെ മുതുകിൽ തട്ടി കൊടുത്തു. മൂളൽ നേർത്ത് നേർത്ത് നിലയ്ക്കുന്നത് അച്ചുവും എമിയും അറിഞ്ഞു. രണ്ടുപേരും കുഞ്ഞിനെ ഒന്നു നോക്കി. വായും തുറന്ന് വെച്ച് കിടന്ന് ഉറങ്ങുന്ന കുഞ്ഞിനെ കണ്ടതും രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചുപോയി. എമിയും അച്ചുവും കുഞ്ഞിയുടെ നെറ്റിക്ക് ഇരുവശങ്ങളിലായി ചുണ്ട് ചേർത്തു. ഒന്നു കുറുകിക്കൊണ്ട് പെണ്ണ് അച്ചുവിന്റെ നെഞ്ചിൽ കവിൾ ഉരസി എമിയുടെ കഴുത്തിൽ ഒന്നുകൂടി മുറുകി കൈചുറ്റി. അച്ചുവിന് അവരെ രണ്ടുപേരെയും നെഞ്ചോട് അടക്കി പിടിച്ച് ജീവിതാവസാനം വരെ കിടക്കാൻ തോന്നി. എമിയുടെ നെറുകിൽ ചുണ്ട് ചേർത്ത് അവരെ ഒന്നുകൂടി നെഞ്ചിലേക്ക് അടക്കിപ്പിടിച്ച് കണ്ണുകൾ അടച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

സ്യൂട്ട് ഇട്ട് കൂളിംഗ് ഗ്ലാസ്സും വെച്ച് മിററിന് മുന്നിൽ ഫാഷൻ ഷോ കാണിക്കുന്ന റോണിയെ കണ്ട് ആൽവിച്ചൻ ചുണ്ട് കോട്ടി. ഇപ്പൊ എന്നെ കണ്ടാൽ ഒരു മാസ്സ് ലുക്കില്ലേ???? കൂളിംഗ് ഗ്ലാസ്സ് താഴ്ത്തി ആൽവിച്ചനെ നോക്കി അവൻ പിരികം ഉയർത്തി. നല്ല അവിഞ്ഞ കോലം... എടാ കോട്ടിട്ടാലും കോഴി കോഴി തന്നാ... അതുകൊണ്ട് ആയിരിക്കും താൻ കോട്ട് ഇടാത്തത് അല്ലെ????? റോണിയും വിട്ടുകൊടുത്തില്ല. മറുപടിയായി ആൽവിച്ചൻ എന്തോ പറയാൻ തുടങ്ങിയതും വാതിലും തള്ളി തുറന്ന് കുഞ്ഞിപ്പെണ്ണ് അങ്ങോട്ട് ഓടി എത്തിയിരുന്നു. ഓഫ്‌ വൈറ്റ് കുഞ്ഞി ഫ്രോക്കും ഷൂവും ഇട്ട് തലയിൽ ഫ്ലവർ ഹെയർ ബാന്റും ഒക്കെ വെച്ച് ചിരിയോടെ നിൽപ്പാണ് പെണ്ണ്. അങ്കൂ....... റോണിയെ നോക്കി അവൾ നീട്ടി വിളിച്ചു. അങ്കൂന്റെ ചുന്ദരിപെണ്ണ് ഇങ്ങ് വന്നേ... റോണി കൈനീട്ടി വിളിച്ചതും കുണുങ്ങി ചിരിയോടെ ഓടി അവൾ അവന്റെ കയ്യിൽ കയറി. റോണി അവളെ എടുത്തുപൊക്കി കവിളിൽ ഉമ്മ വെച്ചു. എന്റെ അന്നുപെണ്ണ് മിടുക്കി ആയിട്ടുണ്ടല്ലോ???? ഇതാരാ ഒരുക്കിയത്???? റോണി അവളെ താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു. മ്മ..... ചിണുങ്ങി പറഞ്ഞുകൊണ്ട് അവൾ റോണിയുടെ കൂളിംഗ് ഗ്ലാസ്സ് എടുക്കാൻ നോക്കി. നീ മാത്രമല്ല ഞാനും അവളുടെ അങ്കുവാണ്. നീ എന്നെ അല്ലേടീ വിളിച്ചത് അന്നുകുട്ടാ...

ആൽവിച്ചൻ അതും പറഞ്ഞുകൊണ്ട് റോണിയുടെ കയ്യിൽ നിന്ന് അവളെ വാങ്ങി പിടിച്ചു. അങ്കിൾ എന്ന് തീർത്ത് വിളിക്കാൻ അറിയാത്ത കുഞ്ഞി അവരെ രണ്ടുപേരെയും അങ്കു എന്നാണ് വിളിക്കാറ്. കൂളിംഗ് ഗ്ലാസ്‌ എടുക്കാൻ പറ്റാത്ത നിരാശയിൽ കുഞ്ഞിപ്പെണ്ണ് ചുണ്ട് കൂർപ്പിച്ചു. പിന്നെ കൈപൊക്കി തലയിൽ ഇരുന്ന ഹെയർബാൻഡ് ഊരി എടുക്കാൻ ശ്രമിച്ചു. അത് അവിടെ ഇരിക്കട്ടെടീ കുറുമ്പീ... റോണി അവളുടെ കൈപിടിച്ചു താഴ്ത്തി. ആഹ് കൊള്ളാം നീ ഇവിടെ കുഞ്ഞിനേയും കളിപ്പിച്ച് നിൽക്കുവാണോ????? എടാ ഇറങ്ങാൻ നേരമായി നീ വന്നേ... എമി തിടുക്കം കൂട്ടി. ആഹ് ഞങ്ങൾ വരുവാടീ... ആൽവിച്ചൻ പറഞ്ഞുകൊണ്ട് കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് നടന്നു. പുറത്ത് എത്തി അച്ചുവിനെ കണ്ടതും അന്നു ആൽവിച്ചന്റെ കയ്യിലിരുന്ന് അങ്ങോട്ട് ആയാൻ തുടങ്ങി. അവസാനം അച്ചു അവളെ ആൽവിച്ചന്റെ കയ്യിൽ നിന്ന് വാങ്ങി പിടിച്ചു. അപ്പോഴേക്കും റോണി അങ്ങോട്ട് എത്തി. പ്രാർത്ഥന കഴിഞ്ഞ് ഓരോ കാറിലായി കയറി അവർ പള്ളിയിലേക്ക് പുറപ്പെട്ടു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പള്ളിയിൽ ക്രൂശിത രൂപത്തിന് മുന്നിൽ നിൽക്കുമ്പോൾ റോണിയുടെ മിഴികൾ മറിയാമ്മയിൽ ആയിരുന്നു. തൂവെള്ള ഗൗണിൽ അവളെ കാണാൻ മാലാഖയെ പോലെ അവന് തോന്നി. കണ്ണിമ ചിമ്മാൻ മറന്ന് അവൻ അവളെ നോക്കി നിന്നുപോയി. അവന്റെ നോട്ടം കണ്ട് അവളിൽ നാണത്തിന്റെ വിത്തുകൾ പൊട്ടി. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൾ തല കുനിച്ചു നിന്നു. എമിക്ക് ആ കാഴ്ച കാൺകെ അച്ചു മിന്നുകെട്ടിയ ദിവസം ഓർമ്മയിൽ എത്തി. ആരും കാണാതെ അൾത്താരയക്ക് മുന്നിൽ അവൻ കയ്യിൽ കോർത്തു പിടിച്ചത്. മിന്ന് ചാർത്തിയത്. അങ്ങനെ ഓരോന്നും, ഓർമ്മകൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി. അവൾ അച്ചുവിന്റെ കയ്യിലൂടെ ചുറ്റിപ്പിടിച്ച് അവനോട് ചേർന്ന് നിന്നു. അച്ചുവും അവളെ ചേർത്ത് പിടിച്ചു. അച്ചുവിന്റെ കയ്യിലിരുന്ന കുറുമ്പിപെണ്ണ് ആകട്ടെ അതിശയത്തോടെ ചുറ്റിനും കണ്ണുകൾ വിടർത്തി നോക്കുന്ന തിരക്കിലായിരുന്നു. കർത്താവിന്റെ ക്രൂശിതരൂപത്തെ സാക്ഷിയാക്കി റോണി മറിയാമ്മയുടെ കഴുത്തിൽ മിന്ന് ചാർത്തി അവളെ തന്റെ പാതിയാക്കി. ഏവരും നിറഞ്ഞ മനസ്സോടെ ആ കാഴ്ച നോക്കി കണ്ടു. മിന്നുകെട്ട് കഴിഞ്ഞതും രെജിസ്റ്ററിൽ ഒപ്പുവെക്കാനും മറ്റ് പരിപാടിയിലേക്കും കടന്നു..... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story