ഹൃദയതാളമായ്: ഭാഗം 24

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എന്താ പറഞ്ഞേ?????? എമി ഞെട്ടലോടെ അവനരികിലേക്ക് നിന്ന് ചോദിച്ചു. നിന്നെ പോലെ തന്നെ അവളുടെ ശത്രു പക്ഷത്താ എന്നെ അവൾ കാണുന്നത്. കടലിലേക്ക് നോട്ടമെറിഞ്ഞു കൊണ്ടവൻ പറഞ്ഞു. സ്വന്തം ചേട്ടനെ ആർക്കെങ്കിലും ശത്രുവായിട്ട് കാണാൻ കഴിയോ???? എന്നാൽ അവൾക്ക് കഴിയും. അനു അങ്ങനെയാണ് സ്വന്തമെന്നോ ബന്ധമെന്നോ ഒന്നുമില്ല അവളെ എതിർക്കുന്നവർ എല്ലാം അവൾക്ക് ശത്രുവാണ്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറ. സഹികെട്ട് റോണി പറഞ്ഞു. നമുക്ക് എവിടെ എങ്കിലും ഇരുന്ന് സംസാരിക്കാം പറയാൻ കുറച്ചുണ്ട്. അച്ചു ഗൗരവത്തിൽ പറഞ്ഞു തീരേണ്ട താമസം എമി ആ മണൽ തരിയിൽ ചമ്രം പടിഞ്ഞിരുന്നു. പെട്ടെന്നുള്ള അവളുടെ പ്രവർത്തി കണ്ട് റോണിയും അച്ചുവും കിളി പോയത് പോലെ നിന്നുപോയി. നിങ്ങൾ എന്ത് നോക്കി നിൽക്കുവാ ഇരുന്ന് സംസാരിക്കാം എന്നല്ലേ പറഞ്ഞത് വാ ഇവിടെ ഇരിക്ക്. അവൾ തന്റെ ഇരുവശത്തായി അവരെ ഇരിക്കാൻ ക്ഷണിച്ചു. അത്‌ കേട്ടതും അച്ചു അറിയാതെ തലയിൽ കൈവെച്ച് നിന്നുപോയി. റോണിയാണെങ്കിൽ എന്തോന്നെടി ഇത് എന്ന ഭാവത്തിൽ അവളെ നോക്കി. എന്നാൽ അവൾ അതൊന്നും ശ്രദ്ധിക്കാതെ കഥ കേൾക്കാനുള്ള ത്രില്ലിലാണ്.

എന്താണളിയ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്നത്?????? അവന്റെ നിൽപ്പ് കണ്ട് റോണി സ്വരം താഴ്ത്തി അവനോട് ചോദിച്ചു. ഇതിന് 5 പൈസേടെ ബുദ്ധി പോലുമില്ലല്ലോ എന്ന് ആലോചിച്ചു നിന്നുപോയതാടാ. ഇരിപ്പ് കണ്ട് രണ്ട് ചീത്ത വിളിക്കണം എന്നുണ്ടെങ്കിലും മുഖത്തെ നിഷ്കളങ്കത കണ്ടിട്ട് ഒന്നും പറയാനും തോന്നുന്നില്ല. വഴിയേ കൂടി പോയതിനെ പിടിച്ച് കടിച്ചും ഉമ്മിച്ചും എടുത്ത് തലയിൽ വെച്ചതല്ലേ അനുഭവിച്ചോ. റോണി അമർത്തി ചിരിച്ചു കൊണ്ട് അവനോടായി പറഞ്ഞു. അതേ ഇങ്ങോട്ട് ഇരുന്ന് കാര്യം പറയുന്നുണ്ടോ ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് വല്ലതും തിന്നാൻ. അവൾ കിടന്ന് വിളിച്ചു കൂവിയതും അച്ചു അവൾക്കരികിൽ ചെന്നിരുന്നു. ക്യാമുകിക്ക് വേണ്ടി തറ ലെവലിലേക്ക് താഴുന്ന ഐപിഎസുകാരൻ കൊള്ളാം അളിയാ ഞാൻ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നില്ല. അവൻ അച്ചുവിനെ ഒന്ന് നോക്ക്. പിടിച്ചു നിക്കണ്ടേ അളിയാ എന്നർത്ഥത്തിൽ അച്ചു തിരികെ നോക്കി. നീയെന്ത് കാണാനാ നിൽക്കുന്നത് വന്നിരിയെടാ ഇവിടെ അല്ലെങ്കിൽ മണ്ണ് വാരി എറിയും ഞാൻ. എമിയുടെ അടുത്ത അലറൽ കേട്ടതും റോണി അവരുടെ കൂടെ പോയിരുന്നു. വേറൊന്നുമല്ല എറിയും എന്ന് പറഞ്ഞാൽ കൊച്ച് എറിഞ്ഞിരിക്കും. അനുഭവം ഗുരു. മൂന്നും കൂടി വട്ടം ചേർന്നാണ് ഇരിപ്പ്. ഇനി പറ എന്താ കാര്യം?????? എമി ആകാംഷയോടെ അവനെ നോക്കി. അച്ചു അവരെ ഇരുവരെയും മാറി മാറി ഒന്ന് നോക്കി. ശേഷം പറയാൻ ആരംഭിച്ചു.

കുരിശിങ്കൽ പോൾ ജോസഫ് എന്ന എന്റെ ഡാഡിക്കും സാറാ പോൾ ജോസഫ് എന്ന എന്റെ അമ്മച്ചിക്കും ആകെ മൂന്നു മക്കൾ ആണുള്ളത്. മൂത്തത് ആൽവി എന്ന എന്റെ ചേട്ടായി. ആൾ ഡാഡിയുടെ കൂടെ ഞങ്ങളുടെ തന്നെ ബിസ്സിനെസ്സ് നോക്കി നടത്തുന്നു ഭാര്യ റിയ ഡോക്ടറാണ്. ഒരു മകൻ ജോഹാൻ എന്ന ജോക്കുട്ടൻ. നടുവിലത്തേത് ഞാൻ. ഞങ്ങളുടെ ഏറ്റവും ഇളയതാണ് അനു. അത്രയും പറഞ്ഞവൻ ഒന്ന് നിർത്തി. അവരെയൊന്ന് നോക്കി. ഇനിയെന്ത് എന്ന ജിജ്ഞാസ അവരുടെ കണ്ണുകളിൽ കണ്ടതും അവൻ വീണ്ടും പറയാൻ ആരംഭിച്ചു. സമ്പന്നത ഒട്ടും തന്നെ ഇല്ലാത്ത ഒരു കുടുംബം ആയിരുന്നു ഞങ്ങളുടേത്. അന്നന്ന് കൊണ്ടുവരുന്നത് കൊണ്ട് കഷ്ടിച്ച് കഴിഞ്ഞു പോവുന്ന ഒരു പാവപെട്ട കുടുംബം. മിക്ക ദിവസങ്ങളിലും അരപട്ടിണിയിൽ ആയിരുന്നു ഞങ്ങൾ കഴിഞ്ഞു കൂടിയിരുന്നത് അതുകൊണ്ട് തന്നെ ഓർക്കാൻ നിറമുള്ള ബാല്യമോ സുഖമുള്ള ഓർമ്മകളോ ഒന്നും തന്നെ ഇല്ലായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ ഡാഡി പെടുന്ന കഷ്ടപ്പാട് കണ്ട് വളർന്നത് കൊണ്ട് തന്നെ ഞാനോ ചേട്ടായിയോ ഒന്നിനും നിർബന്ധം പിടിച്ചിരുന്നില്ല. പകലന്തിയോളം പണിയെടുത്തും മുണ്ട് മുറുക്കി ഉടുത്തും ഡാഡി കഷ്ടപെട്ട് സമ്പാദിക്കാൻ തുടങ്ങി. അതിനിടയിൽ ആണ് അമ്മച്ചി അനുവിനെ ഗർഭിണി ആവുന്നത്. ആ വാർത്ത അറിഞ്ഞപ്പോൾ ശരിക്കും സന്തോഷിച്ചത് ഞാനും ചേട്ടായിയും ആയിരുന്നു.

ഒരു കുഞ്ഞനുജത്തി വരുന്നതിന്റെ സന്തോഷമായിരുന്നു ഞങ്ങൾക്ക്. ജനിക്കാൻ പോവുന്നത് ഒരു പെൺകുട്ടി ആയിരിക്കും എന്നത് മറ്റാരേക്കാളും ഞങ്ങൾക്ക് ഉറപ്പുള്ള കാര്യമായിരുന്നു. ദിവസങ്ങൾ എണ്ണി ഞങ്ങൾ ഞങ്ങളുടെ കുഞ്ഞനുജത്തിക്ക് വേണ്ടി കാത്തിരുന്നു. ശരിക്കും അവളൊരു ലക്കി ചാം ആയിരുന്നു. അവൾ അമ്മച്ചിയുടെ വരവ് അറിയിച്ചത് മുതലാണ് ഞങ്ങളുടെ ജീവിതം പച്ച പിടിക്കാൻ തുടങ്ങിയത്. ചില കേസുകളിൽ പെട്ട് കിടന്നിരുന്ന ഡാഡിയുടെ പേരിലുള്ള കുറച്ചു ഭൂമി ഉണ്ടായിരുന്നു അതിന്റെ പ്രശ്നങ്ങളും നൂലാമാലകളും എല്ലാം ഒഴിഞ്ഞ്‌ അതിന്റെ വിൽപ്പന നടന്നു. അതുവഴി കിട്ടിയ പണം കൊണ്ട് ഡാഡി ചെറിയൊരു സംരംഭം തുടങ്ങി. അത് വിജയം കണ്ടതോടെ പിന്നെ അങ്ങോട്ട്‌ നേട്ടങ്ങൾ ആയിരുന്നു. അതിനിടയിലായിരുന്നു അനുവിന്റെ ജനനം അതോടു കൂടി ഡാഡിക്ക് വെച്ചടി വെച്ചടി കേറ്റമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് ഡാഡിയുടെ അധ്വാനത്തിന്റെ ഫലമായി ഞങ്ങളുടെ ബിസ്സിനെസ്സ് വളർന്നു. വീട്ടിൽ പിറന്ന ഏക പെൺസന്തതി ആയിരുന്നതിനാൽ എല്ലാവരും അവളെ താഴത്തും തലയിലും വെക്കാതെ കൊണ്ടുനടന്നു. അവൾ വാശി പിടിക്കുന്നതെന്തും ഡാഡി നേടിക്കൊടുക്കുമായിരുന്നു. അവളുടെ വാശിക്കൊപ്പം ഞാനും ചേട്ടായിയും നിൽക്കും. അവളുടെ കണ്ണൊന്ന് നിറയാൻ ഞങ്ങളാരും അനുവദിച്ചിരുന്നില്ല. അവൾക്കേറ്റവും ഇഷ്ടം എന്നോടായിരുന്നു. എല്ലാവരും എന്നെ അച്ചു എന്ന് വിളിച്ചപ്പോൾ അവൾ മാത്രം എന്നെ അഗസ്റ്റി എന്ന് വിളിച്ചു.

അവളുടെ മാത്രം അഗസ്റ്റിച്ചായൻ ആയിരുന്നു ഞാൻ. അത് പറയുമ്പോൾ അവന് പിന്നാലെ കുറുമ്പ് കാട്ടി വാശി കാണിച്ചു നടക്കുന്ന കുഞ്ഞ് അനുവിന്റെ മുഖം അവന്റെ ഓർമ്മകളിൽ തെളിഞ്ഞു. നെഞ്ചിൽ എങ്ങോ ഒരു നോവ് അനുഭവപ്പെടുന്നത് അവനറിഞ്ഞു. പഴയ ഓർമ്മകളിൽ അവനൊന്ന് ദീർഘനിശ്വാസം എടുത്തു. അവൾ വളരുന്നതിനൊപ്പം അവളുടെ വാശിയും തന്നിഷ്ടവും കൂടി കൂടി വന്നു. പണത്തിന്റെ അഹങ്കാരവും ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയിൽ ഒടുക്കുന്നതിന്റെ ഗർവ്വും അവളിൽ നിറഞ്ഞു. ചിലപ്പോഴുള്ള അവളുടെ വാശികൾ കാണുമ്പോൾ ചെറിയൊരു നീരസം ഞാൻ പ്രകടിപ്പിക്കുമ്പോഴും അവൾ കുഞ്ഞല്ലേടാ എന്ന് പറഞ്ഞ് അവളെ ചേർത്ത് നിർത്താൻ ചേട്ടായിയും ഡാഡിയും ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം അവളെ കൂടുതൽ വഷളാക്കുകയായിരുന്നു ചെയ്തത് തെറ്റേത് ശരിയേത് എന്ന് പറഞ്ഞ് ആരും അവളെ തിരുത്താത്തതിനാൽ അവളിലെ അഹങ്കാരം വളരുകയായിരുന്നു. താൻ ആഗ്രഹിക്കുന്നതൊന്നും മറ്റാരും നേടരുത് എന്ന സ്വാർത്ഥതയിൽ അവൾ എത്തി ചേരാൻ തുടങ്ങി. ആവശ്യത്തിനും അനാവശ്യത്തിനും പണം കൊണ്ടുപോയി കൂട്ടുകാർക്ക് മുന്നിൽ ആർഭാടം കാണിക്കുക, ആവശ്യത്തിലേറെ സാധനങ്ങൾ വാങ്ങിച്ചു കൂട്ടുക അങ്ങനെ അങ്ങനെ ഡാഡിയുടെ പണം അവൾ ദുരുപയോഗം ചെയ്യാൻ തുടങ്ങി. സ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് ഇത്രയേറെ കാശ് എന്തിനാണെന്ന് പറഞ്ഞു ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാണ് അവളെന്നോട് ദേഷ്യം തോന്നി തുടങ്ങിയത്. അത്രയേറെ സ്നേഹിച്ച ഞാൻ പെട്ടെന്നൊരിക്കൽ അവളെ എതിർത്തപ്പോൾ അംഗീകരിക്കാൻ ആയില്ല അവൾക്ക്.

എന്റെ അഭിപ്രായം മാനിച്ച് ഡാഡി പിന്നെ അവൾക്ക് അനാവശ്യമായി പണം കൊടുക്കാതെയായി അതവളെ ചൊടിപ്പിച്ചു. അന്ന് മുതൽ അവൾ എന്നിൽ നിന്ന് അകലാൻ തുടങ്ങി. പിന്നീടൊരിക്കൽ ഡാഡിയുടെ പോക്കറ്റിൽ നിന്ന് അവൾ പണം മോഷ്ടിക്കുന്നത് ഞാൻ കയ്യോടെ പിടികൂടി. ഒരു കള്ളിയായി എല്ലാവർക്കും മുന്നിൽ തലകുനിച്ച് നിൽക്കേണ്ടി വന്നപ്പോൾ അവളിൽ എന്നോടുള്ള പക വളരുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. അവൾ ഒന്ന് കരഞ്ഞു കാണിച്ചപ്പോൾ ഡാഡി അതെല്ലാം കണ്ടില്ലെന്ന് നടിച്ച് അവളോട് പൊറുത്തു. അവളെ തിരുത്തുന്നതിന് പകരം മേലിൽ ആ വിഷയത്തെ പറ്റി ആരും മിണ്ടരുത് എന്ന് പറഞ്ഞു വിലക്കി. അന്നത്തെ സംഭവത്തിന്‌ ശേഷം അവൾ എന്നിൽ നിന്ന് പൂർണ്ണമായും അകന്നു. എന്നോട് ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ തികച്ചും ശത്രു എന്നത് പോലെ എന്നോട് പെരുമാറാൻ തുടങ്ങി. തിരുത്താൻ പറ്റാത്ത അത്ര തെറ്റായി അവൾ വളർന്നു കഴിഞ്ഞു എന്നെനിക്ക് ബോധ്യമായത് അന്ന് മുതലാണ്. ഒരുപാട് അവളെ മാറ്റാൻ ഞാൻ ശ്രമിച്ചു പക്ഷെ നടന്നില്ല. ഡാഡിയോടും ചേട്ടായിയോടും പറഞ്ഞെങ്കിലും അവളോടുള്ള അമിത വാത്സല്യത്താൽ അവരാരും അവളെ തിരുത്തിയില്ല. ദിവസങ്ങളും മാസങ്ങളും പിന്നീടും കടന്നു പോയി. അങ്ങനെ ഇരിക്കെ ഞാൻ പത്തിൽ പഠിക്കുന്ന സമയം. അനുവിന്റെ സ്കൂളിൽ ആനുവൽ ഡേ ഫങ്ക്ഷൻസ് നടക്കുകയായിരുന്നു. ആനുവൽ ഡേ പ്രമാണിച്ച് ഒരുപാട് മത്സരങ്ങളും പരിപാടികളും എല്ലാം നടക്കുന്നുണ്ടായിരുന്നു.

അനു ഏതോ ഡാൻസ് ഐറ്റത്തിന് ഉണ്ടായിരുന്നതിനാൽ അവളുടെ പെർഫോമൻസ് കാണാൻ അമ്മച്ചിക്കൊപ്പം ഞാനും അപ്പുവും കൂടി പോയി. ഞങ്ങൾക്ക് ആ സമയം സ്റ്റഡി ലീവ് ആയിരുന്നു. അന്നത്തെ ഡാൻസ് കോംപറ്റീഷന് ഫസ്റ്റ് വാങ്ങണം എന്നത് അവൾക്ക് ഒരുതരം വാശിയായിരുന്നു. പക്ഷെ അന്നത്തെ ഡാൻസിന് അവൾക്ക് ഫസ്റ്റ് കിട്ടിയില്ല. ഫസ്റ്റ് കിട്ടിയതാകട്ടെ സ്കൂളിൽ എല്ലാവരുടെയും കണ്ണിലുണ്ണിയും അനുവിന്റെ കണ്ണിലെ കരടുമായ അവളുടെ ക്ലാസ്സിലെ തന്നെ ഒരു കുട്ടിക്ക്. അതവളെ ചൊടിപ്പിച്ചു. അതിനവൾ പകരം വീട്ടിയത് ആ കുട്ടിയെ സ്റ്റെയറിൽ നിന്ന് തള്ളി താഴേക്കിട്ടായിരുന്നു. ദൈവഭാഗ്യത്തിന് ആ കുട്ടിക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. അത് നേരിൽ കണ്ട ഞാൻ ആദ്യമായി അവളെ തല്ലി. ചെയ്‍തത് തെറ്റാണ് എന്നവളെ ബോധ്യപ്പെടുത്താനും ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാനുമായിരുന്നു ഞാനത് ചെയ്തത്. എന്നാൽ എല്ലാവർക്ക് മുന്നിൽ വീണ്ടും കുറ്റക്കാരിയായി നിൽക്കേണ്ടി വന്നപ്പോൾ അവൾക്ക് വീണ്ടും എന്നോട് തീർത്താൽ തീരാത്ത കലിയായി. അന്ന് വീട്ടിൽ എത്തിയ അവൾ മുറിയിലുള്ള സാധനങ്ങൾ എല്ലാം വലിച്ചെറിഞ്ഞ് പൊട്ടിച്ച് ഭ്രാന്തിയെ പോലെ അലറി. തടുക്കാൻ ചെന്ന അമ്മച്ചിയെ അവൾ തള്ളി മാറ്റി നിലത്ത് കിടന്ന ഗ്ലാസിന്റെ ചീളെടുത്ത് ആത്മഹത്യ ഭീഷണി മുഴക്കി. ഞാനുണ്ടെങ്കിൽ ആ വീട്ടിൽ അവൾ നിൽക്കില്ല ചത്ത് കളയും എന്ന് പറഞ്ഞവൾ ഭ്രാന്തമായി അലറി കൂവി.

അത്രയും പറഞ്ഞവൻ ഒന്ന് നിർത്തി. എന്നിട്ട്??????? എമി ആകാംഷ അടക്കാനാവാതെ ചോദിച്ചു. അവളുടെ ഭീഷണിക്ക് മുന്നിൽ ഡാഡി അടിയറവ് പറഞ്ഞു. എന്നെ അവിടുന്ന് പാലായിലെ സ്കൂളിലേക്ക് നാട് കടത്താൻ തീരുമാനിച്ചു. പക്ഷെ അവിടെയും ഒരു പ്രശ്നമുണ്ട് എന്റെ എക്സാം കഴിയാതെ എന്നെ എങ്ങോട്ടും മാറ്റാൻ കഴിയില്ല അതറിഞ്ഞിട്ടും അവൾ തന്റെ ദുഃർവാശിയിൽ നിന്ന് ഒരടി പിന്നോട്ട് മാറിയില്ല. എല്ലാം കണ്ട് ഒന്നും മിണ്ടാതെ നിൽക്കാനേ എനിക്കായുള്ളൂ. ഇന്നോളം ഡാഡിയുടെ ഒരു തീരുമാനത്തേയും എതിർക്കാത്ത ഞാൻ എല്ലാം കണ്ട് മൗനം പാലിച്ചു നിന്നു. അവളുടെ വാശിക്ക് അനുസരിച്ച് എല്ലാവരും തുള്ളുന്നത് കണ്ട് ദേഷ്യം വന്ന അപ്പുവിന്റെ അമ്മ ഗീതാന്റി എന്നെ അവരുടെ കൂടെ വീട്ടിലേക്ക് കൊണ്ടുപോയി. SSLC എക്സാം എല്ലാം ഞാൻ അവിടെ നിന്നായിരുന്നു എഴുതിയിരുന്നത്. റിസൾട്ട്‌ വന്ന് +1 അഡ്മിഷൻ ടൈം ആയപ്പോൾ ഡാഡി തന്നെ പാലായിൽ എനിക്ക് അഡ്മിഷൻ എടുത്തു. ഞാൻ ഒറ്റയ്ക്കാവാതിരിക്കാൻ അപ്പുവും എനിക്കൊപ്പം പാലായിൽ ചേർന്നു. പിന്നെ അങ്ങോട്ട്‌ ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങളുടെ ജീവിതം അതിനിടയിൽ ഡാഡിയും അമ്മച്ചിയും ചേട്ടായിയും എല്ലാം പലപ്പോഴായി എന്നെ വന്ന് കണ്ടിരുന്നെങ്കിലും ഒരിക്കൽ പോലും അനു എന്നെ കാണാൻ വരുകയോ വിളിക്കുകയോ ചെയ്തിട്ടില്ല അവളുടെ മനസ്സിൽ അവളെ എതിർത്ത അന്ന് മുതൽ ഞാൻ മരിച്ചു കഴിഞ്ഞിരുന്നു.

പിന്നീട് ഹയർ സെക്കന്ററി പഠനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോയിരുന്നെങ്കിലും ഞാൻ വീട്ടിൽ പോയില്ല അപ്പുവിന്റെയും ഗീതാന്റിയുടെയും കൂടെ കൂടി. കോളേജ് പഠനവും അത് കഴിഞ്ഞ് സിവിൽ സർവീസ് സെലെക്ഷൻ കിട്ടി ട്രൈനിങ്ങിന് പോയതും എല്ലാം അവിടെ നിന്നായിരുന്നു. അതിനിടയിൽ ഒരിക്കൽ പോലും വീട്ടിൽ പോവാൻ ഞാൻ ശ്രമിച്ചില്ല. ട്രെയിനിങ് പീരീഡ് കഴിഞ്ഞ് പിന്നെ പോസ്റ്റിങ്ങും പുതിയ ജീവിതവുമായി അങ്ങനെ പോയി. പിന്നീട് നീ ഇവിടെ ആണെന്നറിഞ്ഞപ്പോൾ അതിനൊപ്പം എനിക്ക് ഇങ്ങോട്ടാണ് പോസ്റ്റിങ്ങ് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് ഇനിയും വീട്ടിൽ നിന്ന് അകന്നു നിൽക്കണ്ട എന്ന തീരുമാനത്തിൽ ഞാൻ എത്തിയത്. ഡാഡി കൂടി വിളിച്ചതോടെ പിന്നെ മറ്റൊന്നും ചിന്തിക്കാതെ ഇങ്ങോട്ട് വരുകയായിരുന്നു. ഇപ്പോഴും ഒരു വീട്ടിൽ താമസിക്കുന്നു എന്നതല്ലാതെ മറ്റൊരു തരത്തിലുള്ള അടുപ്പവും ഞങ്ങൾ തമ്മിലില്ല. തികച്ചും അപരിചിതരായ രണ്ടു പേർ അങ്ങനെയാണ് ഞങ്ങൾ കഴിയുന്നത്. ഒരു നെടുവീർപ്പോടെ അവൻ പറഞ്ഞു നിർത്തവേ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയായിരുന്നു അവർ ഇരുവരും. ഇവളിത്ര ഭീകരി ആയിരുന്നോ എന്റെ കർത്താവേ......... എമി താടിക്കും കൈകൊടുത്ത് ഇരുന്നു പോയി.

എടിയേ സൂക്ഷിച്ചും കണ്ടുമൊക്കെ അവളോട് കളിച്ചാൽ മതി ഭീകരി ആണവൾ കൊടും ഭീകരി. റോണി അവളുടെ കയ്യിൽ തട്ടി. ഒഞ്ഞു പോടാ അങ്ങനെ ഓലപ്പാമ്പ് കണ്ട് പേടിക്കുന്നവളൊന്നുമല്ല ഈ എമി. കൂടുതൽ വിളച്ചിലെടുത്താൽ അവൾ വീണ്ടും എന്റെ കയ്യുടെ ചൂടറിയും. അവൾ ചുണ്ട് കോട്ടി പറഞ്ഞു. ഒരു കാര്യം പറയണമല്ലോ അവളെ ഇത്രയും വഷളാക്കിയത് നിങ്ങളുടെ ഡാഡി തന്നെയാണ്. മക്കളോട് വാത്സല്യവും സ്നേഹവും ഒക്കെ ആവാം പക്ഷെ അതൊരിക്കലും അവർക്ക് അമിത സ്വാതന്ത്ര്യം കൊടുത്ത് കൊണ്ടാവരുത്. തെറ്റ് തെറ്റാണെന്ന് തന്നെ പറഞ്ഞു പഠിപ്പിക്കണം. അല്ലാതെ തെറ്റിന് നേരെ കണ്ണടക്കുകയല്ല വേണ്ടത്. ഒലക്കക്കടിക്കണം ശിക്ഷിക്കണം എന്നൊന്നും പറയുന്നില്ല പക്ഷെ ചെയ്യുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തി തിരുത്തുകയെങ്കിലും വേണം. അന്നങ്ങനെ ചെയ്തിരുന്നെങ്കിൽ അവളിത്ര വഷളാവുകയില്ലായിരുന്നു. അവളെ പോലെ തന്നെ വീട്ടിലെ ഒറ്റ പെൺതരിയാണ് ഈ ഇരിക്കുന്നത് ആവശ്യത്തിലേറെ സ്നേഹവും വാത്സല്യവും കൊടുത്ത് തന്നെയാണ് ഇവളുടെ അപ്പൻ ഇവളെ വളർത്തിയത്. പക്ഷെ തെറ്റും ശരിയും ഏതാണെന്ന് അങ്കിൾ ഇവളെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തിരുന്നു.

അതുകൊണ്ട് തന്നെയാണ് തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാനും തെറ്റിനെതിരെ പ്രതികരിക്കാനും ഇവൾ പഠിച്ചത്. ഗൗരവത്തോടെ റോണി അവനോട് പറയുന്നത് കേട്ടതും സംഭവിച്ചതിനെ കുറിച്ചോർത്ത് അവന്റെ മുഖത്ത് നിരാശയും സങ്കടവും നിറഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു അതിനെ പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ല ഇനി എന്ത് വേണം എന്നാണ് തീരുമാനിക്കേണ്ടത്. ആ കാര്യത്തിൽ ഇച്ചായൻ ഒന്ന് കൊണ്ടും വിഷമിക്കണ്ട ഞാനല്ലേ അങ്ങോട്ട്‌ വരുന്നത് എന്റെ നാത്തൂനെ നേരയാക്കിയിട്ടേ ഇനി എനിക്ക് വിശ്രമമുള്ളൂ. അവൾ നാടകീയമായി പറയുന്നത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. നന്നാക്കുന്നതൊക്കെ കൊള്ളാം അവളുടെ പല്ലും നഖവുമെങ്കിലും ബാക്കി വെച്ചേക്കണം. അതൊക്കെ നമുക്ക് ആലോചിക്കാം ഇപ്പൊ എന്റെ ഡ്രാക്കു എനിക്ക് വല്ലതും വാങ്ങിത്തന്നെ വിശന്നിട്ട് എന്റെ കുടല് കരിയുന്നു. വയറിൽ കൈവെച്ചവൾ ചിണുങ്ങിയതും അവനവളെ വലിച്ച് എഴുന്നേൽപ്പിച്ച് കൊണ്ടുപോയി. അളിയാ ഞാനും ഉണ്ടേ..... പുറകിൽ നിന്ന് വിളിച്ചു കൂവിക്കൊണ്ട് എമിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കൊണ്ടവൻ അവർക്കൊപ്പം നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അനുവിനെ പറ്റി അച്ചു പറഞ്ഞറിഞ്ഞ കാര്യങ്ങൾ ഓർത്ത് ഇരിക്കുകയായിരുന്നു അവൾ.

എങ്ങനെയും അനുവിനെ നന്നാക്കിയെടുത്ത് അവർ തമ്മിലുള്ള അകൽച്ച മാറ്റണം എന്നവൾ മനസ്സിൽ ഉറപ്പിച്ചു. അതിനായുള്ള വഴികൾ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിവി അവളുടെ കയ്യിൽ തട്ടുന്നത്. എന്തോന്നടി കുറേ നേരമായല്ലോ ചിന്താവിഷ്ടയായ ശ്യാമളയെ ഇരിക്കുന്നത്????? ഒന്നുല്ലേ...... അല്ല ഇപ്പൊ വരാന്ന് പറഞ്ഞ് മുങ്ങിയ അവനിതുവരെ വന്നില്ലേ????? അവൾ റോണി ഇരിക്കുന്ന സീറ്റിലേക്ക് നോക്കി ചോദിച്ചു. അവനിപ്പോഴൊന്നും വരുന്ന ലക്ഷണം ഇല്ല മോളെ. അവൾ ഒരു പ്രത്യേക ട്യൂണിൽ പറയുന്നത് കേട്ടതും നെറ്റി ചുളിച്ച് അവളൊന്ന് നോക്കി. അവൻ ഈയിടെ ആയിട്ട് ആ മറിയാമ്മയുടെ ക്ലാസ്സിന്റെ പരിസരത്ത് കിടന്ന് കറങ്ങുന്നതായി റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ട്. ഏത് ആൻമരിയയോ???? ആടി. അവനവളെ അന്നേ ഒരു നോട്ടം ഉണ്ടായിരുന്നല്ലോ പലരും എന്നോട് അതിനെ പറ്റി ചോദിക്കുകയയും ചെയ്തു. അങ്ങനെയെങ്കിൽ ഒന്നറിയണമല്ലോ. നമ്മളറിയാതെ അങ്ങനെ അവൻ അണ്ടർഗ്രൗണ്ട് വഴി ലൈൻ വലിക്കണ്ട. വാടി......... അതും പറഞ്ഞവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പുറകെ നിവിയും......... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story