ഹൃദയതാളമായ്: ഭാഗം 27

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചുവും ഫാമിലിയും വന്ന കാർ ഗേറ്റ് കടന്ന് പോയതും എമി ദേഷ്യത്തിൽ ജോണിന് നേരെ തിരിഞ്ഞു. എന്താ പപ്പാ ഇതൊക്കെ???? എന്തിനാ ഇത്ര വേഗം ഒരു കല്യാണം ഒക്കെ???? എന്റെ പഠിപ്പ് പോലും കംപ്ലീറ്റ് ആയിട്ടില്ല. അതിനിപ്പോ എന്താ കുഞ്ഞാ???? കല്യാണം കഴിഞ്ഞും പഠിക്കാമല്ലോ അവരാരും എതിര് പറയില്ല പിന്നെന്താ???? ജോൺ ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു. ഓക്കേ സമ്മതിച്ചു കല്യാണം കഴിഞ്ഞാലും പഠിക്കാം. പക്ഷെ ഇത്ര വേഗം കല്യാണം നടത്തേണ്ട ആവശ്യമുണ്ടോ???? അതും ഒരു മാസത്തിനുള്ളിൽ. എന്നെ ഇവിടുന്ന് പറഞ്ഞു വിടാൻ ഇത്ര തിടുക്കമാണോ നിങ്ങൾക്കൊക്കെ????? അവൾ ദേഷ്യവും സങ്കടവും ഇടകലർന്ന സ്വരത്തിൽ ചോദിച്ചു. കുഞ്ഞാ അങ്ങനെ അല്ല....... വേണ്ട പപ്പ ഓരോ മുടന്തൻ ന്യായം ഒന്നും പറയണ്ട. ഞാൻ നിങ്ങൾക്കൊക്കെ ഒരു ഭാരം ആണല്ലേ അതുകൊണ്ടല്ലേ ശല്യം വേഗം ഒഴിവാക്കാൻ നോക്കുന്നത്. ഇടറിയ സ്വരത്തിലുള്ള അവളുടെ ഓരോ വാക്കുകളും അയാളുടെ നെഞ്ചിൽ തറച്ചു.

ആരുടേയും മറുപടി കാക്കാതെ അകത്തേക്ക് ഓടി മറയുന്ന അവളെ നോക്കി നിസ്സഹായതയോടെ അയാൾ നിന്നു. ഓടി മുറിയിൽ ചെന്ന് കയറിയതും അവളൊന്ന് ശ്വാസം വലിച്ചു വിട്ടു. മാതാവേ സെന്റി ഏറ്റേക്കണേ അല്ലെങ്കിൽ എന്റെ കാര്യം കട്ട പൊഹ. ഇപ്പൊ തന്നെ അങ്ങേരുടെ റൊമാൻസ് എനിക്ക് താങ്ങാൻ പറ്റണില്ല ഇനി കെട്ട് കൂടി കഴിഞ്ഞാൽ എന്റെ അന്തോണീസ് പുണ്യാളാ..... അങ്ങേരെന്നെ കടിച്ചു കൊല്ലും. അങ്ങേരുടെ ഒടുക്കത്തെ റൊമാൻസ് താങ്ങാനുള്ള ബാല്യം എനിക്കില്ല അതുകൊണ്ട് എങ്ങനെയെങ്കിലും ഈ കല്യാണം മാറ്റി വെക്കണം അറ്റ്ലീസ്റ്റ് എന്റെ പഠിപ്പ് കഴിയുന്നത് വരെയെങ്കിലും. അങ്ങനെയാണെങ്കിൽ ഒരു പത്ത് കൂട് മെഴുകുതിരി ഞാൻ കത്തിച്ചോളാമേ..... അവൾ മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു കൊണ്ട് ഡോർ തുറന്ന് വെളിയിലേക്ക് തലയിട്ട് നോക്കി. സ്റ്റെയർ കയറി വരുന്ന ജോണിനെ കണ്ടതും അവൾ തല അകത്തേക്ക് വലിച്ചു. സെന്റി ഏറ്റെന്ന് തോന്നുന്നു. ഇച്ചിരി കണ്ണീർ കൂടി ഒഴുക്കിയാൽ സെറ്റ്. ആവശ്യ സമയത്ത് കണ്ണിൽ നിന്ന് കണ്ണീരും വരുന്നില്ലല്ലോ എന്റെ കർത്താവേ......... തുപ്പൽ തേച്ചാലോ?????? അവളൊന്ന് ആലോചിച്ചു. അല്ലെങ്കിൽ വേണ്ട കണ്ണ് തിരുമിയാൽ മതി.

അവൾ രണ്ട് കണ്ണും അമർത്തി തിരുമി ബെഡിലേക്ക് വീണ് തലയണയിൽ മുഖം അമർത്തി കിടന്നു. ജോൺ മുറിയിൽ വന്നതും ബെഡിൽ വന്നിരുന്നതും എല്ലാം അവളറിയുന്നുണ്ടായിരുന്നു എങ്കിലും മുഖമുയർത്തി നോക്കിയില്ല. കുഞ്ഞാ.......... അലിവോടെ വിളിച്ചയാൾ അവളുടെ കയ്യിൽ തൊട്ടു. അവളാ കൈ തട്ടിയെറിഞ്ഞു കൊണ്ട് നീങ്ങി കിടന്നു. പിന്നീട് അയാളുടെ ഭാഗത്ത്‌ നിന്ന് പ്രതികരണം ഒന്നും കാണാതെ ആയപ്പോൾ അവളൊന്ന് സംശയിച്ചു. തിരിഞ്ഞു നോക്കാനായി തുനിയുന്നതിന് മുന്നേ ഇടത്തെ കയ്യിൽ ഒരു നനവ് അനുഭവപ്പെട്ടതും അവൾ ഞെട്ടലോടെ എഴുന്നേറ്റ് അയാളെ നോക്കി. അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടതും അവൾക്ക് എന്തെന്നില്ലാത്ത വേദന തോന്നി. പപ്പാ.... എന്തായിത്????? ഞാൻ ചുമ്മാ പറഞ്ഞതാ പപ്പേ...... അതിന് എന്റെ പപ്പ എന്നാത്തിനാ കരയുന്നത്????? I'm sorry pappa....... വെറുതെ ഒരു തമാശക്ക് പറഞ്ഞതാ. ഞാൻ.... ഞാൻ പെട്ടെന്ന് പപ്പക്ക് ഫീൽ ആവൂന്ന് വിചാരിച്ചില്ല. ഇങ്ങനെ കരയല്ലേ പപ്പാ എനിക്ക് സഹിക്കില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ടയാൾ തന്റെ കണ്ണുകൾ അമർത്തി തുടച്ചു. ഒന്നുല്ലടാ പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ എന്തോ സങ്കടം പോലെ തോന്നി.

പോട്ടെ എന്റെ മോൾ കരയണ്ട. അയാളവളുടെ കണ്ണുനീർ തുടച്ചു നീക്കി. മോൾടെ കല്യാണം വേഗം നടന്ന് കാണാനുള്ള പപ്പയുടെ സ്വാർത്ഥത കൊണ്ടാണ് പപ്പ മോൾടെ സമ്മതം പോലും വാങ്ങാതെ ഇതെല്ലാം തീരുമാനിച്ചത്. എല്ലാ കാര്യത്തിലും മോൾടെ അഭിപ്രായം ചോദിക്കുന്ന ഞാൻ എന്റെ കുഞ്ഞന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട കാര്യത്തിൽ ചോദിക്കാൻ വിട്ടുപോയി. എല്ലാം പപ്പയുടെ തെറ്റാ. എന്റെ കുഞ്ഞന് താല്പര്യമില്ലെങ്കിൽ വേണ്ട കല്യാണം മാറ്റി വെക്കാമെന്ന് ഞാനവരെ വിളിച്ചു പറ...... അയാൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവളുടെ വിരലുകൾ അയാളുടെ ചുണ്ടിനെ മൂടിയിരുന്നു. വേണ്ട...... എന്റെ പപ്പയുടെ തീരുമാനം തന്നെയാ ശരി. എനിക്കൊരു താല്പര്യകുറവുമില്ല. എല്ലാം നിങ്ങളെല്ലാം തീരുമാനിച്ചത് പോലെ തന്നെ മതി. പെട്ടെന്ന് കല്യാണം തീരുമാനിച്ചപ്പോൾ നിങ്ങളെ ഒക്കെ വിട്ടുപിരിഞ്ഞു പോവണമല്ലോ എന്ന വിഷമം കൊണ്ടാ ഞാനങ്ങനെ ഒക്കെ പറഞ്ഞത് അല്ലാതെ എന്റെ പപ്പയുടെ തീരുമാനത്തെ ഞാൻ എതിർക്കുവോ????? ശരിക്കും എന്റെ ഭാഗ്യമല്ലേ എന്റെ ഈ പപ്പ. ഞാനാഗ്രഹിച്ച ജീവിതം തന്നെയല്ലേ എന്റെ പപ്പ എനിക്ക് നേടിതന്നത്. അപ്പൊ ഞാൻ സന്തോഷിക്കുകയല്ലേ വേണ്ടത്?????

എന്റെ ആഗ്രഹങ്ങൾക്കും കുഞ്ഞു കുഞ്ഞു കുരുത്തക്കേടുകൾക്കും ഒക്കെ കൂടെ നിൽക്കുന്ന ബെസ്റ്റ് ഫ്രണ്ട് അല്ലെ എന്റെ പപ്പ????? And you know onething pappa, you are one of the best dad in this world. അവൾ അയാളുടെ കവിളിൽ അമർത്തി ചുംബിച്ചു. ഇനിയും കല്യാണം മാറ്റണം എന്നാണ് പപ്പയുടെ തീരുമാനമെങ്കിൽ ഞാൻ ഒളിച്ചോടി പോകുവെ..... കുറുമ്പൊടെ അവൾ പറയുന്നത് കേട്ടതും അയാൾ അവളുടെ ചെവിയിൽ നുള്ളി. പപ്പാ........ അവൾ ചിണുങ്ങിയതും അയാളവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു. അത്രയും നേരം ഇരുവരുടെയും മനസ്സിലുണ്ടായിരുന്ന ആകുലതകൾ അകന്ന് പോവുന്നത് അവരറിയുന്നുണ്ടായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ആൽവി വീടിന് മുന്നിൽ കാർ നിർത്തിയതും ഓരോരുത്തരായി കാറിൽ നിന്നിറങ്ങി. വീട്ടിലേക്ക് കയറാൻ തുടങ്ങവേ വാതിൽ മലർക്കെ തുറന്ന് കിടക്കുന്നത് കണ്ടതും ആൽവി ഓടി അകത്തേക്ക് കയറി. അകത്തെ സോഫയിൽ ഇരുന്ന് ടീവി കാണുന്ന അനുവിനെ കണ്ടതും അവൻ അവളെ ഒന്ന് അടിമുടി നോക്കി. ഡീ........ മ്മ്മ്മ്......... നീയെങ്ങനെ അകത്ത് കയറി????? എല്ലാവരും കയറുന്നത് പോലെ അകത്ത് കയറി. അവൾ ചുണ്ട് കോട്ടി ടീവിയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. എന്നാലും അങ്ങനെ വരാൻ വഴിയില്ലല്ലോ........

അവൻ താടിയിൽ വിരൽ കുത്തി ആലോചനയിൽ ആണ്ടു. എന്നാത്തിനാടാ ഈ ചകിരിത്തല ഇങ്ങനെ പുകയ്ക്കുന്നത്????? കൂടുതൽ പുകച്ചാൽ അത് കത്തി പോവും. സാറാമ്മ അവന്റെ തലയിൽ കിഴുക്കി പറഞ്ഞു. ഞാൻ എന്റെ ബുദ്ധി ഉപയോഗിച്ച് പലതും ആലോചിക്കുന്നതാ കുഴപ്പം അമ്മച്ചീടെ മകൾ വീട് കുത്തി തുറന്ന് അകത്ത് കയറിയതിന് കുഴപ്പമില്ല. അതിനിവിടെ ആരാ വീട് കുത്തിതുറന്നത്?????? പിന്നെ പൂട്ടിയിട്ടിട്ട് പോയ വീട്ടിൽ കയറി ടീവി കാണാൻ ഇവളാര് മായാവിയോ????? ഓഹ് എടാ മരങ്ങോടാ വീട് പൂട്ടി ഞാൻ താക്കോൽ ചെടിച്ചട്ടിയിൽ വെച്ചിട്ടാ പോയത്. അവൾക്ക് അതറിയാവുന്നത് കൊണ്ട് താക്കോൽ എടുത്ത് അവൾ അകത്ത് കയറി. ഇങ്ങനൊരു മണകൊണാഞ്ചൻ........ അവർ സ്വയം തലക്കടിച്ച് അകത്തേക്ക് കയറി പോയി. അത് കേട്ടവൻ ഇളിയോടെ എല്ലാവരെയും നോക്കി. അനു അതൊന്നും ശ്രദ്ധിക്കാതെ ടീവിയിൽ കണ്ണും നട്ട് ഇരിക്കുകയാണ്. പോൾ പതിയെ ചെന്ന് അവളുടെ അരികിൽ ചെന്നിരുന്നു. അനൂ.......... അയാളുടെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി. ഞങ്ങൾ ഇന്ന് അച്ചുവിന് ഒരു പെണ്ണ് നോക്കാൻ പോയതായിരുന്നു. ഏകദേശം എല്ലാം ഉറപ്പിച്ചു. അടുത്ത മാസം ആദ്യം തന്നെ കെട്ട് നടത്താനാ തീരുമാനിച്ചിരിക്കുന്നത്.

അയാൾ പറയുന്നത് കേട്ടിട്ടും അവൾ താല്പര്യമില്ലാത്തത് പോലെ ഇരുന്നു. പെണ്ണിനെ പറഞ്ഞാൽ നീ അറിയും നിന്റെ കൂടെ പഠിക്കുന്ന കുട്ടിയാ. അത്‌ കേട്ടതും സംശയത്തോടെ അവളുടെ നെറ്റി ചുളിഞ്ഞു. നിന്റെ ക്ലാസ്സിൽ പഠിക്കുന്ന എമിയെ ആണ് അച്ചു കെട്ടാൻ പോവുന്നത്. ഇല്ല.................. അവൾ അലറിക്കൊണ്ട് എഴുന്നേറ്റു. ഞാൻ സമ്മതിക്കില്ല. എന്റെ ശത്രു ആയ അവളെ ഈ കുടുംബത്ത് കേറ്റാൻ ഞാൻ സമ്മതിക്കില്ല. അവൾ ദേഷ്യം കൊണ്ട് വിറച്ചു. അതിന് നിന്റെ സമ്മതം ആരാ ഇവിടെ ചോദിച്ചത്?????? നിന്റെ തീരുമാനം ഇവിടെ ആർക്കും അറിയേണ്ട കാര്യമില്ല. അച്ചു അവൾക്ക് മുന്നിൽ കൈകെട്ടി നിന്നുകൊണ്ട് പറഞ്ഞു. അത് താനാണോ തീരുമാനിക്കുന്നത്????? തല്ക്കാലം ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്. പിന്നെ നിന്റെ അഭിപ്രായത്തിന് ഈ വീട്ടിൽ എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കിൽ ഇന്ന് നിന്നെ അറിയിക്കാതെ പോയി കല്യാണം ഉറപ്പിക്കില്ലായിരുന്നു. അവൻ പുച്ഛത്തോടെ പറഞ്ഞു നിർത്തി. ഇല്ല...... ഞാനിതിന് സമ്മതിക്കില്ല.

അവളെ ഈ വീട്ടിൽ കെട്ടിക്കൊണ്ട് വന്ന് വഴിക്കാൻ ഞാൻ സമ്മതിക്കില്ല. അതിന് വേണ്ടി ഞാനെന്തും ചെയ്യും...... പകയോടെ അവൾ കിതച്ചു. നീ ഞൊട്ടും......... പണ്ടൊന്ന് അവളെ കേറി ചൊറിഞ്ഞതിന് അവൾ ഈ മോന്തക്ക് തന്ന സമ്മാനം മറന്നിട്ടില്ലല്ലോ അല്ലെ?????? പക്ഷെ ഇനി പണ്ടത്തത് പോലെ ആവില്ല നിന്റെ ഒരു കരണത്ത് അവളുടെ കൈ പതിഞ്ഞാൽ മറു കരണത്ത് എന്റെ കയ്യായിരിക്കും പതിക്കാൻ പോവുന്നത്. അവൾക്ക് നേരെ നീ ഒരു ചെറു വിരലെങ്കിലും അനക്കി നോക്ക് അപ്പൊ കാണാം....... പിന്നെ നേരത്തെ കിട്ടിയത് പോലെ ഒന്നും ആയിരിക്കില്ല അതോർത്താൽ നന്ന്. അത്രയും പറഞ്ഞ് അവളെയൊന്ന് നോക്കി അവൻ അകത്തേക്ക് കയറിപ്പോയി. അവനോടുള്ള ദേഷ്യത്തിൽ കയ്യിലിരുന്ന റിമോട്ട് വലിച്ചെറിഞ്ഞ് അവൾ തലയ്ക്ക് കൈകൊടുത്ത് സോഫയിലേക്കിരുന്നു. അവളുടെ പ്രവർത്തികൾ ഓരോന്നും വേദനയോടെ നോക്കി പോൾ നിന്നു. അയാളുടെ മനസ്സിൽ അപ്പോൾ കുറ്റബോധമായിരുന്നു. അമിത ലാളന കൊടുത്ത് മകളെ വളർത്തിയത് ഓർത്തുള്ള കുറ്റബോധം. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചുവും ഫാമിലിയും വന്നത് മുതലുള്ള കാര്യം രണ്ട് വാലുകളെയും വിളിച്ച് അറിയിക്കുകയാണ് എമി. ഇത്ര വേഗം നിന്റെ കല്യാണം ഉറപ്പിച്ചോ?????? നിവി വിശ്വാസം വരാതെ ചോദിച്ചു അതല്ലേടീ അവൾ ആദ്യം പറഞ്ഞത് നിന്റെ ചെവി അടിച്ചു പോയോ????? റോണി അവളെ കളിയാക്കി. ഹാ നിന്റെ ഒരു യോഗം. ഇനിയിപ്പൊ പഠിച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ കെട്ട്യോൻ ഐപിഎസുകാരനല്ലേ?????? എന്റെ വീട്ടുകാരൊക്കെ നിന്റെ പപ്പയെ കണ്ട് പഠിക്കണം. സപ്ലി ഇല്ലാതെ ഡിഗ്രി പാസായാലേ എന്നെ കെട്ടിച്ചു വിടൂ എന്നെന്റെ തന്തപ്പടി തീർത്തു പറഞ്ഞു. മിക്കവാറും ഞാൻ മൂത്ത് നരച്ച് നിന്നുപോവത്തെ ഉള്ളൂ.......... അതും പറഞ്ഞവൾ മൂക്ക് വലിച്ചു. ഓഹ് ഞാനിവിടെ കെട്ടുന്നതിനെ പറ്റി ടെൻഷൻ അടിച്ച് ഇരിക്കുവാ അപ്പൊ ദാ ഒരുത്തി കെട്ടാൻ മുട്ടി നിൽക്കുന്നു എന്നെക്കൊണ്ടൊന്നും പറയിക്കരുത്. എമി പല്ല് കടിച്ചു. നീയെന്തിനാ ഈ ടെൻഷൻ അടിക്കുന്നത് നിന്നെ കൊല്ലാനൊന്നും അല്ലല്ലോ കൊണ്ടുപോവുന്നത്????? ഇതിലും ഭേദം അതായിരുന്നു.

ഒരു ഫുള്ളി റൊമാന്റിക് പീസിനെ ആണ് ലവൾ കെട്ടാൻ പോവുന്നത്. കണ്ടറിയണം എമീ നിനക്കിനി എന്താ സംഭവിക്കാൻ പോവുന്നതെന്ന്. പേടിപ്പിക്കാതെടാ പുല്ലേ........ കൂൾ ബേബി കൂൾ...... ഇങ്ങനെ ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല. എന്തായാലും നിന്റെ പഠിപ്പ് തീരുന്നത് വരെ ഒന്നും സംഭവിക്കാൻ പോവുന്നില്ല. നിവി അവളെ സമാധാനിപിച്ചു. അഥവാ സംഭവിച്ചാൽ?????? റോണി എഗൈൻ കൊനഷ്ടുമായി എത്തി. സംഭവിച്ചാലെന്താ വയറും വീർപ്പിച്ചു വന്ന് ഇവൾക്ക് എക്സാം എഴുതാം. പ്ഫാ പരട്ടകളെ കൂടെ നിന്ന് കാല് വാരുന്നോ???? ഒരു ആശ്വാസത്തിന് നിന്നെയൊക്കെ വിളിച്ച് ഇത് പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ........ അലവലാതി ഏപ്പരാച്ചികൾ..... ചങ്കാണ് പോലും ചങ്ക്. ഇനി മിണ്ടിയാൽ രണ്ടിനെയും വീട്ടിൽ വന്ന് തല്ലും ഞാൻ. ഫോൺ വെച്ചിട്ട് പോടെ...... അവൾ അലറി തീരേണ്ട താമസം ഇരുവശത്തും കാൾ കട്ടായിരുന്നു. ഉള്ള സമാധാനം പോയ സങ്കടത്തിൽ എമി അവരെ രണ്ടിനെയും മനസ്സാൽ സ്മരിച്ചു കൊണ്ട് ബെഡിലേക്ക് വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നീയീ നേരത്ത് എങ്ങോട്ടാ അച്ചൂ????? ബുള്ളറ്റിന്റെ കീയും കറക്കി പുറത്തേക്കിറങ്ങുന്ന അച്ചുവിനെ നോക്കി സാറാ ചോദിച്ചു. ഒന്ന് ഗീതൂസിനെ കാണാൻ പോകുവാ എന്റെ സാറാ കൊച്ചേ........ അവൻ അവരുടെ താടിയിൽ പിടിച്ച് പറഞ്ഞു. കൊഞ്ചാതെ മാറെടാ ചെക്കാ. അവരവന്റെ കൈ തട്ടി മാറ്റി. കല്യാണം ഉറപ്പിച്ചപ്പോൾ ചെക്കൻ നിലത്തൊന്നുമല്ല. പണ്ട് കല്യാണകാര്യം പറയുമ്പോൾ എന്തായിരുന്നു ബഹളം. ഇങ്ങനെ ഒരാളെ ഉള്ളിൽ വെച്ച് നടക്കുന്നുണ്ടെന്ന് ആരറിഞ്ഞു????? മറുപടിയായി അവനൊന്ന് ചിരിച്ചു. അമ്മച്ചിക്ക് ഇഷ്ടായില്ലേ?????? ഇഷ്ടാവാതെ പിന്നെ???? നല്ല സ്നേഹമുള്ള കൊച്ചാടാ. കലപില കൂട്ടി നടക്കുന്നന്നെ ഉള്ളൂ അതിന്റെ മനസ്സിൽ ഒന്നുല്ല. എനിക്കങ്ങ് ഒരുപാട് ഇഷ്ടായി. പിന്നെ എന്റെ തല്ല് കൊള്ളിയുടെ സെലെക്ഷൻ അല്ലെ മോശവാതെ ഇരിക്കുവോ????? അത്‌ കേട്ടവൻ ചിരിയോടെ അവരുടെ കവിളിൽ ചുണ്ടമർത്തി പുറത്തേക്കിറങ്ങി. അമ്മച്ചീ എന്നെ കാത്തിരിക്കണ്ട ഞാൻ കഴിച്ചിട്ടേ വരൂ.......... പുറത്തേക്ക് ഇറങ്ങുന്നതിടയിൽ അവൻ വിളിച്ചു പറഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അടുപ്പത്ത് കറി ഇളക്കി കൊണ്ടിരുന്ന സമയം പുറകിൽ നിന്ന് ആരോ ചുറ്റി പിടിച്ചതും അവരൊന്ന് ഞെട്ടി. ഗീതൂസേ........... ചിരിയോടെ അവൻ അവരുടെ തോളിൽ തല വെച്ചു. പുറകിലൂടെ വന്ന് മനുഷ്യനെ പേടിപ്പിക്കുന്നോടാ????? അവരവന്റെ ചുറ്റി പിടിച്ച കയ്യിൽ തല്ലി. അവനൊരു ചിരിയോടെ അവരിൽ നിന്ന് മാറി കിച്ചൺ സ്ലാബിലേക്ക് കയറി ഇരുന്നു. അവനെന്തേ ഗീതൂസേ??????? ഞാനിവിടെ ഉണ്ടേ......... വാതിൽക്കൽ നിന്ന് അപ്പുവിന്റെ മറുപടി എത്തി. അല്ല പെണ്ണ് കാണാൻ പോയിട്ട് എന്തായി?????? അപ്പുവിന്റെ ചോദ്യം കേട്ടതും ഗീത ഞെട്ടി അവനെ നോക്കി. പെണ്ണ് കാണലോ????? അപ്പൊ ഇവനൊന്നും പറഞ്ഞില്ലേ????? അച്ചു ചോദിക്കുന്നത് കേട്ടതും അവർ ഇല്ലെന്ന് തലയാട്ടി. ഞാൻ പറഞ്ഞതല്ലെടാ ഗീതൂസിനോട് പറയണമെന്ന്????? അവൻ അപ്പുവിനെ നോക്കി കണ്ണുരുട്ടി. ഞാൻ മറന്ന് പോയെടാ....... അപ്പു നിന്ന് തല ചൊറിഞ്ഞു. ഗീതൂസേ ഇന്ന് എമിയുടെ പപ്പ വിളിച്ചിട്ട് പെണ്ണ് കാണാൻ പോയിരുന്നു. അടുത്ത മാസം ആദ്യം തന്നെ കല്യാണം നടത്താൻ തീരുമാനിച്ചു. ആണോടാ ???? ഗീത സന്തോഷത്തോടെ ചോദിച്ചു. അവനൊരു ഒരു ചിരിയോടെ തലയാട്ടി. കോളടിച്ചല്ലോ?????

അപ്പൊ നിന്റെ പൊടിക്കുപ്പിയെ സ്വന്തമാക്കാൻ അധികം താമസമില്ല എന്നർത്ഥം. അതിന് മറുപടിയായി അവൻ കള്ള ചിരിയോടെ കണ്ണിറുക്കി. കണ്ടാ കണ്ടാ ഇവന് വരെ കല്യാണമായി ഇനിയെങ്കിലും എന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം. നിന്റെ കാര്യത്തിൽ എന്ത് തീരുമാനം????? എന്നെ പെണ്ണ് കെട്ടിക്കണം എന്ന വിചാരം ഒന്നുമില്ലേ അമ്മാ നിങ്ങൾക്ക്???? അപ്പു ദയനീയമായി അവരെ നോക്കി. ലേശം ഉളുപ്പ്........ ഗീത അവനെ പുച്ഛിച്ചു. ഇല്ലേയില്ല. വെറുതെ ഒന്നുമല്ലല്ലോ നല്ലോണം ഇരന്നിട്ടല്ലേ???? എന്നെ ഒന്ന് കെട്ടിക്ക് അമ്മാ..... മുറ്റത്തെ മാവിൽ കെട്ടണോ തെങ്ങിൽ കെട്ടണോ????? ഓഹ് ഒരു തമാശക്കാരി...... അവൻ ഗീതയെ ഇക്കിളി ഇട്ടു. മാറി നിക്കെടാ അങ്ങോട്ട്‌...... അവൻ കെട്ടാൻ മുട്ടി നിൽക്കുവാ.... നിനക്ക് കല്യാണം കഴിക്കാനുള്ള പക്വതയില്ല അതുണ്ടാവുമ്പൊ ഞാൻ തന്നെ ഒരു പെണ്ണിനെ കണ്ടുപിടിച്ചു തരാം. അല്ലാതെ അതിന് മുന്നേ കല്യാണം കളവാണം എന്നൊക്കെ പറഞ്ഞ് വന്നാൽ ചട്ടുകം എടുത്ത് വീക്കും ഞാൻ. അമ്മാ............ അപ്പു ദയനീയമായി വിളിച്ചു. ആഹ് അമ്മ തന്നെയാ.... പോടാ പോയി ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണിയെല്ലാം പെറുക്കി എടുത്തോണ്ട് വാ ഇല്ലെങ്കിൽ ഇന്ന് നിനക്ക് അത്താഴം പോയിട്ട് പച്ച വെള്ളം പോലും ഞാൻ തരത്തില്ല. അത് കേട്ടവൻ ചിണുങ്ങി കൊണ്ട് കൊച്ചു കുട്ടികളെ പോലെ നിലത്ത് ചവിട്ടി അവിടെ നിന്നുപോയി. അവന്റെ പോക്കും കണ്ട് അച്ചു വയറും പൊത്തി ചിരിക്കാൻ തുടങ്ങി....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story