ഹൃദയതാളമായ്: ഭാഗം 28

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഹും അമ്മയാണത്രേ അമ്മ..... സ്വന്തം മകനെ കെട്ടിക്കണം എന്ന ചിന്ത പോലുമില്ലാത്ത ഒരമ്മ. ലവന്റെ കല്യാണകാര്യത്തിൽ എന്താ ഒരുത്സാഹം???? അവൻ കെട്ടിയാൽ ആഹാ ഞാൻ കെട്ടിയാൽ ഓഹോ ഇതെന്ത് കുക്കുമ്പർ സിറ്റിയോ????? പിറുപിറുത്തുകൊണ്ട് തുണിയെല്ലാം പെറുക്കി എടുത്തവൻ അകത്തേക്ക് കയറി. തുണിയെല്ലാം ചുമന്ന് മുകളിലേക്ക് പോവുന്ന അവനെ കണ്ട് അച്ചുവിന് പാവം തോന്നി. എന്തിനാ ഗീതൂസേ അവനെ ഇങ്ങനെ കളിപ്പിക്കുന്നത് അവൻ പാവല്ലേ???? ഇച്ചിരി വെകിളിത്തരം ഉണ്ടന്നെ ഉള്ളൂ ചിലനേരം ഈ എന്നേക്കാൾ പക്വത അവനുണ്ട്. അവൻ ഗീതയെ നോക്കി പറഞ്ഞു. അറിയാഞ്ഞിട്ടല്ല അച്ചൂ പക്ഷെ അവന്റെ പെണ്ണിനെ കണ്ടുപിടിക്കേണ്ടത് അവൻ തന്നെയാ. നീ എമിയെ കണ്ടെത്തിയത് പോലെ അവൻ ഒരു പെണ്ണിനെ കണ്ടെത്തി കൊണ്ടുവരട്ടെ. സ്വന്തം മകനെ കൊണ്ട് പ്രേമിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ്. ഇതുപോലെ വെറൈറ്റി അമ്മമാർ വേറെ എവിടുണ്ട്????? പിന്നല്ലാതെ ഇത് നിങ്ങളുടെ ലൈഫ് ആണ്. ജീവിതം എന്താണ് ഇനി നിങ്ങളെ പഠിപ്പിക്കേണ്ട കാര്യമില്ല.

ഇനി അങ്ങോട്ട്‌ നിങ്ങളുടെ ജീവിതത്തിലെ പ്രധാനപെട്ട തീരുമാനങ്ങൾ എന്തും ആയിക്കോട്ടെ അത് എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്. അവിടെ ഞങ്ങൾക്ക് പ്രാധാന്യമില്ല കാരണം ജീവിക്കേണ്ടത് നിങ്ങളാണ്. തന്നോളം വളർന്നാൽ താനെന്ന് കരുതണം എന്നാണ് പഴമക്കാർ പറയാറ്. അവനിപ്പൊ എന്നോളം വളർന്നിട്ടുണ്ട് അപ്പൊ അവന്റെ തീരുമാനങ്ങളെ ഞാൻ മാനിക്കണ്ടേ????? എന്താ തിയറി എന്റെ ഗീതൂസേ യു ആർ ഗ്രേറ്റ്‌...... അവനവരുടെ കവിളിൽ നുള്ളി. പോടാ കളിയാക്കാതെ...... അയ്യോ കളിയാക്കിയതല്ലെന്റെ ഗീതൂസേ കാര്യയായിട്ട് പറഞ്ഞതാ. നിങ്ങൾ ഒരു ഒന്നൊന്നര സംഭവാ...... ഓഹ് വരവ് വെച്ചിരിക്കുന്നു. വേഗം പോയി അവനെ വിളിച്ചോണ്ട് വാ ഭക്ഷണം കഴിക്കണ്ടേ????? കഴിക്കണ്ടേന്നോ??? എന്റെ ഗീതൂസിന്റെ കറിയുടെ മണമടിച്ചപ്പോൾ തന്നെ കൊതി വരുന്നു. ഞാനിപ്പൊ അവനെ വിളിച്ചിട്ട് വരാം. അതും പറഞ്ഞവൻ അപ്പുവിനെ നോക്കി പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അടുക്കളപ്പടിയിൽ നിന്ന് അകത്ത് ജോലി ചെയ്യുന്ന സാറായെ നോക്കി നിൽക്കുകയാണ് പോൾ. സനാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്‌പവുമായ് വന്നു ആരും തുറക്കാത്ത പൂമുഖവാതിലിൽ അന്യനെപ്പോലെ ഞാൻ നിന്നു.......🎶 പോൾ പ്രണയാതുരനായി പാടുകയാണ്. അയാളുടെ പാട്ട് കേട്ടാണ് ആൽവി അങ്ങോട്ട് വരുന്നത്. ആഹ് അങ്ങനെ പണ വെറുതെ അല്ല മകൾക്ക് ഈ സ്വഭാവം. നിങ്ങൾ അന്യനായപ്പോൾ അവൾ നാഗവല്ലിയായി. അവളെ തെറ്റ് പറഞ്ഞിട്ടും കാര്യമില്ല അന്യന്റെ മകൾ മിനിമം ഒരു നാഗവല്ലി എങ്കിലും ആവണ്ടേ??????? അവന്റെ ചോദ്യം കേട്ടതും അയാളവനെ നോക്കി പല്ല് കടിച്ചു. സമ്മതിക്കരുതെടാ മനുഷ്യനെ ഒന്ന് റൊമാൻസിക്കാൻ സമ്മതിക്കരുത്. അയ്യോ ഡാഡി ഇവിടെ റൊമാൻസിക്കുവായിരുന്നോ ഞാൻ അറിഞ്ഞതേ ഇല്ല. അവൻ ഇളിയോടെ അയാളെ നോക്കി. നല്ലതാടാ സ്വന്തം അപ്പന്റെ കഞ്ഞിയിൽ തന്നെ മണ്ണ് വാരി ഇടണം. നിങ്ങളുടെ അല്ലെ വിത്ത് അപ്പൊ ഇതല്ല ഇതിനപ്പുറം കാണിച്ചെന്നിരിക്കും. സാറാ അയാളെ പുച്ഛിച്ചു കൊണ്ട് അവിടെ നിന്നുപോയി. അത്‌ കേട്ടതും ആൽവി അയാളെ നോക്കി കളിയാക്കി ചിരിച്ചു. ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കരുതെടാ........

ഇല്ലേയില്ല. വയസ്സാം കാലത്ത് ബൈബിളും വായിച്ച് പേരക്കുട്ടികളെയും കളിപ്പിച്ച് ഒരു മൂലക്ക് ഇരിക്കേണ്ടതിന് ഇവിടെ വന്ന് നിന്ന് കുടുംബാസൂത്രണത്തിനുള്ള വഴി നോക്കുന്നു. തലയിലെ മുടി മുഴുവൻ കൊഴിഞ്ഞു തീരാറായി എന്നിട്ടും അമ്മച്ചിയുടെ പുറകെ മണപ്പിച്ചു നടക്കുവാ..... അതെങ്ങനാ ഇപ്പോഴും കാമദേവൻ ആണെന്നാ വിചാരം. ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഈ വീട്ടിൽ അംഗസംഖ്യ കൂട്ടാൻ ഞാനുണ്ട് അതുകൊണ്ട് വയസ്സാം കാലത്ത് കുരുത്തക്കേട് കാണിച്ച് ബാക്കിയുള്ളവർക്ക് നാണക്കേട് ഉണ്ടാക്കരുത്. പ്ഫാ............ പോളിന്റെ നീണ്ട ആട്ട് കേട്ടതും ആൽവി അവിടെ നിന്ന് ഓടി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എന്റെ ഗീതൂസേ കൊഞ്ച് റോസ്റ്റ് ഒരു രക്ഷയും ഇല്ല എന്നാ ടേസ്റ്റാ......... അച്ചു വിരലിൽ നക്കി പറഞ്ഞു. ഇച്ചിരി കൂടി കഴിക്ക് അച്ചൂ....... ഗീത അവന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പാൻ ആഞ്ഞു. അയ്യോ വേണ്ടെന്റെ ഗീതൂസേ ഇപ്പൊ തന്നെ വയറ് പൊട്ടാറായി. അവനവരെ തടഞ്ഞു. സ്വന്തം മകനോടും ഇതൊക്കെ ഇടയ്ക്ക് പറയാം.........

അപ്പു കുശുമ്പോടെ പറഞ്ഞു. ഈ കഷണ്ടിക്കും പിന്നെ മറ്റെന്താണ്ടിനും മരുന്നില്ലെന്ന് പറയുന്നത് നേരാല്ലേ ഗീതൂസേ..... അച്ചു അവനെ കളിയാക്കി. അത് കണ്ടവൻ ചുണ്ട് കോട്ടി പ്ലേറ്റിലേക്ക് ചോറെടുത്ത് ഇട്ട് കഴിക്കാൻ തുടങ്ങി. അവന്റെ കാണിച്ചുകൂട്ടലുകൾ നോക്കി ഒരു ചിരിയോടെ അച്ചു കൈകഴുകാൻ എഴുന്നേറ്റു. എടാ ചെക്കാ നീ നിന്റെ പൊടിക്കുപ്പിയെ എനിക്ക് മാത്രം പരിചയപ്പെടുത്തി തന്നിട്ടില്ലാട്ടോ. അവർ പരിഭവത്തോടെ പറഞ്ഞു. അതിനെന്താ നാളെ തന്നെ എന്റെ പൊടികുപ്പിയേം കൂട്ടി ഞാനിവിടെ വന്നിരിക്കും ഇനി അതും പറഞ്ഞ് എന്റെ സുന്ദരി മുഖം വീർപ്പിക്കാൻ നിക്കണ്ട. നനഞ്ഞ കൈ ടവൽ കൊണ്ട് തുടച്ചവൻ അവർക്കരികിലായ് ഇരുന്നു. കെട്ട് കഴിഞ്ഞിട്ട് മതിയെടാ അവളെയും കൊണ്ടുള്ള ഊര് ചുറ്റൽ. എന്റെ അമ്മക്ക് കാണാൻ ആഗ്രഹമുണ്ടെങ്കിൽ ഞാൻ കൊണ്ടുവരും അവളെ. നാളെ ശനിയാഴ്ച ക്ലാസ്സില്ല. അങ്ങനെ വരുമ്പോൾ തിങ്കളാഴ്ച വൈകിട്ട് അവളെ കോളേജിൽ നിന്ന് കൂട്ടിക്കൊണ്ട് വന്ന് അമ്മയുടെ മുന്നിൽ നിർത്തി തന്നിരിക്കും ഈ മകൻ. എന്നിട്ട് ആ പേരും പറഞ്ഞ് കോളേജ് പെൺപിള്ളേരെ പോയി വായിനോക്കാനല്ലേ നടപ്പില്ല മോനെ. കൊച്ചു ഗള്ളി കണ്ടുപിടിച്ചു കളഞ്ഞു.

വളിച്ചൊരു ചിരിയോടെ അവൻ അവരെ നോക്കി. കാള വാല് പൊക്കുമ്പോഴേ അറിയാല്ലോ?????? അത് കേട്ടവൻ അവരെ നോക്കി ഇളിച്ചു. അപ്പൊ ഗീതൂസേ ഞാനിറങ്ങുവാ ഇനിയും താമസിച്ചാൽ അമ്മച്ചി വാതിൽ പൂട്ടും പിന്നെ ടെറസിൽ കയറേണ്ടി വരും. അപ്പൊ രാത്രി യാത്രയില്ല....... അവരിരുവരെയും നോക്കി പറഞ്ഞവൻ പുറത്തേക്കിറങ്ങി. എടാ ഇന്നിവിടെ നിക്കെടാ നാളെ പോകാം........ അപ്പു അവനോടായി വിളിച്ചു പറഞ്ഞു. വേണ്ടടാ നാളെ വേറെ പരിപാടി ഉള്ളതാ. ബുള്ളറ്റിൽ കയറുന്നതിനിടയിൽ അവൻ മറുപടി നൽകി. അവൻ പോവാൻ തയ്യാറെടുക്കുന്നത് കണ്ടതും ഗീത അവനെ യാത്രയാക്കാൻ വരാന്തയിലേക്കിറങ്ങി. ഗീതൂസേ അപ്പൊ ഗുഡ് നൈറ്റ്...... ഹെൽമെറ്റ്‌ എടുത്ത് വെച്ചവൻ പറഞ്ഞു. ഗുഡ് നൈറ്റ്........ ചിരിയോടെ അവർ പറഞ്ഞു തീർന്നതും അവൻ ബുള്ളറ്റ് എടുത്ത് അവിടെ നിന്ന് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എടീ എമി എഴുന്നേൽക്കുന്നുണ്ടോ സമയം എത്രയായി എന്നാ വിചാരം????? നാളെ ഒരു കുടുംബത്ത് കയറി ചെല്ലേണ്ട പെണ്ണാ 9 മണിയായിട്ടും കിടക്കപ്പായിൽ നിന്ന് പൊങ്ങിയിട്ടില്ല........

എടീ എമീ ഇനി നീ എഴുന്നേറ്റില്ലെങ്കിൽ വെള്ളം കോരി ഒഴിക്കും ഞാൻ......... സ്റ്റെല്ല രാവിലെ തന്നെ ഒച്ചയിടുകയാണ്. പോത്ത് പോലെ കിടന്നുറങ്ങുന്ന എമി ഇത് വല്ലതും അറിയുന്നുണ്ടോ??? ഭൂമി കുലുങ്ങിയാലും അവൾ എഴുന്നേൽക്കില്ല. ഒരു പെങ്കൊച്ച് ഉള്ളതാ ഒരു കൈസഹായത്തിന് പോലും അതിനെ കൊണ്ട് ഒരു പ്രയോജനവുമില്ല. തീറ്റ ഉറക്കം കുരുത്തക്കേട് എന്നല്ലാതെ വേറൊരു ചിന്ത അതിനില്ല. അമ്മ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുവാണ് ഒന്ന് സഹായിക്കണം ഏഹേ........ തിന്നാനല്ലാതെ അടുക്കളയിലോട്ട് ഒന്ന് എത്തി നോക്കുക പോലുമില്ല. ഇതിനെയൊക്കെ കെട്ടിച്ചു വിട്ടിട്ട് എന്തിനാന്നാ????? അതെങ്ങനാ അപ്പൻ വളർത്തി വഷളാക്കി വെച്ചിരിക്കുവല്ലേ????? എടീ എമീ നീ എഴുന്നേൽക്കുന്നോ അതോ ഞാൻ അങ്ങോട്ട് കയറി വരണോ????? സ്റ്റെല്ല അവസാനമായി ഒന്ന് ചോദിച്ചു. അകത്ത് നിന്ന് നോ റെസ്പോൺസ്. ഇവളെ ഇന്ന് ഞാൻ........ അതും പറഞ്ഞ് മുകളിലേക്ക് പോവാൻ തുനിയുമ്പോഴാണ് മുറ്റത്ത് ഒരു ബുള്ളറ്റ് വന്ന് നിൽക്കുന്ന ശബ്ദം കേൾക്കുന്നത്.

അത് കേട്ടതും അവർ ഒരു സംശയത്തോടെ തിരിഞ്ഞ് പുറത്തേക്ക് ഇറങ്ങി. വരാന്തയിലേക്ക് ഇറങ്ങവേ ഹെൽമെറ്റ്‌ ഊരി വണ്ടിയിൽ നിന്നിറങ്ങുന്ന അച്ചുവിനെ കണ്ടവർ ചിരിച്ചു. മോനായിരുന്നോ ഇച്ചായൻ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന് ഇത്ര നേരത്തെ എത്തുമെന്ന് പ്രതീക്ഷിച്ചില്ല. സ്റ്റേഷനിൽ ഇന്ന് ഉച്ചക്ക് പോയാൽ മതി എങ്കിൽ പിന്നെ ഇങ്ങോട്ടിറങ്ങാം എന്ന് കരുതി. അവൻ മുടി ഒതുക്കി കൊണ്ട് മറുപടി കൊടുത്തു. വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ....... സ്റ്റെല്ല അവനെ അകത്തേക്ക് ക്ഷണിച്ചു. ഒരു ചിരിയോടെ അവൻ അവർക്ക് പുറകെ അകത്തേക്ക് കയറി. ഹാളിലേക്ക് കയറിയതും അവന്റെ കണ്ണുകൾ കാണാൻ ആഗ്രഹിച്ച ആളെ തേടിയലഞ്ഞു. എമി എവിടെ റെഡിയായില്ലേ????? കൊള്ളാം അവൾ എഴുന്നേറ്റിട്ട് കൂടിയില്ല രാവിലെ തുടങ്ങി ഞാൻ വിളിക്കുന്നതാ. വിളിച്ചു വിളിച്ചെന്റെ തൊണ്ട പൊട്ടി എന്നിട്ടും അവൾ എഴുന്നേറ്റിട്ടില്ല. ഇന്ന് അച്ചു വരുന്ന കാര്യം ഒന്നും അവളറിഞ്ഞിട്ടില്ല. ഇന്നലെ മോൻ വിളിച്ചപ്പോൾ അവൾ ഉറങ്ങി പോയിരുന്നു അതുകൊണ്ട് പറയാൻ പറ്റിയില്ല.

മോൻ നേരത്തെ വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനവളെ എങ്ങനെയെങ്കിലും കുത്തി പൊക്കി എഴുന്നേൽപ്പിച്ചേനെ. മോനിവിടെ ഇരിക്ക് ഞാൻ ചെന്നവളെ വിളിച്ചെഴുന്നേൽപ്പിക്കട്ടെ. വിരോധമില്ലെങ്കിൽ ഞാൻ ചെന്ന് വിളിക്കാം അമ്മേ...... മുകളിലേക്ക് പോവാൻ നിന്ന സ്റ്റെല്ലയോടായി അവൻ പറഞ്ഞു. എങ്കിൽ മോൻ തന്നെ ചെന്ന് വിളിച്ചോ ഞാനപ്പോഴേക്കും ചായ എടുക്കാം. ഒരു ചിരിയോടെ സ്റ്റെല്ല പറഞ്ഞതും അവൻ അവരെ നോക്കി ഒന്ന് തലയാട്ടി മുകളിലേക്കുള്ള സ്റ്റെയർ കയറി. നേരത്തെ വന്നത് കൊണ്ട് തന്നെ അവളുടെ റൂം ഏതാണെന്ന് തിരഞ്ഞു നടക്കേണ്ട ആവശ്യം വന്നില്ല. നേരെ ചെന്ന് റൂമിന്റെ ഡോർ തുറന്നു. അകത്ത് ബെഡിൽ പുതച്ചു മൂടി കിടക്കുന്ന എമിയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story