ഹൃദയതാളമായ്: ഭാഗം 3

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ആരോ മുടിയിൽ പിടിച്ചു വലിക്കുന്നത് പോലെ തോന്നിയതും അച്ചു ഉറക്കം വിട്ട് എഴുന്നേറ്റു. കണ്ണ് തുറന്നു നോക്കിയതും കാണുന്നത് മുടിയിൽ പിടിച്ചു വലിക്കുന്ന ജോകുട്ടനെ. അവനൊരു ചിരിയോടെ കുഞ്ഞിനെ പൊക്കിയെടുത്ത് അവന്റെ വയറിൽ ഇരുത്തി. കുഞ്ഞങ്കേട ജോകുട്ടനാണോ ഇത്??? അവന്റെ കുഞ്ഞു വയറിൽ ഇക്കിളി ഇട്ടുകൊണ്ട് ചോദിക്കവെ അവൻ പൊട്ടിച്ചിരിച്ചു. അച്ചൂ...... ന്തെ ചോത്ലേറ്റ് താ....... അവൻ തന്റെ കുഞ്ഞു കൈ മുന്നിലേക്ക് നീട്ടി. അത് കേട്ടതും അച്ചു അബദ്ധം പിണഞ്ഞത് പോലെ നെറ്റിയിൽ ഇടിച്ചു. അച്ചു മറന്ന് പോയെടാ..... നാളെ മേടിച്ചു തരാട്ടോ. ആശ്വസിപ്പിക്കാനായി അവൻ കുഞ്ഞിന്റെ കവിളിൽ തഴുകി. മേന്ത ഇപ്പൊ മേനം...... അവൻ കൈ തട്ടി മാറ്റി ചുണ്ട് കൂർപ്പിച്ചു. നല്ല ജോകുട്ടനല്ലേ നാളെ ഞാൻ കുറെ ചോക്ലേറ്റും ബോളും ഒക്കെ മേടിച്ചു തരാം. മേന്തത പത്തി നിക്ക് ഇപ്പൊ മേനം...... വാശി പിടിച്ചു കൊണ്ടവൻ അച്ചൂന്റെ താടിയിൽ പിടിച്ചു വലിച്ചു. ആഹ്..... എടാ വേദനിക്കുന്നു..... പിടി വിട് പിടി വിട്....... വേദനകൊണ്ടവൻ കരയാൻ തുടങ്ങി. ഇയ്യ മേച്ചു താ.....

അയ്യോ മേടിച്ചു തരാം നീ പിടിവിട്. അച്ചു ദയനീയമായി പറഞ്ഞതും അവൻ പിടിവിട്ടു. അവൻ എഴുന്നേറ്റ് ജോക്കുട്ടനെ നിലത്ത് നിർത്തി. ഉപ്പിത്ത് വാ.... നാനും വന്നൊന്ത്..... ഇത്തിരി പോന്ന തലമുടി ഒതുക്കി വെച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് അച്ചു തലയിൽ കൈവെച്ച് നിന്നുപോയി. ഈ കുരുപ്പെന്റെ പോക്കെറ്റ് കാലിയാക്കുവല്ലോ മാതാവേ..... ആഹാ എന്ത് സുന്ദരമായ കാഴ്ച ഡിപ്പാർട്മെന്റിലെ വീരശൂര പരാക്രമി അഗസ്റ്റി പോൾ ദേ ഇത്തിരി പൊന്ന കൊച്ചിന്റെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നു. എന്റെ കർത്താവേ എന്നെ നീ ഇപ്പൊ അങ്ങോട്ട്‌ എടുത്താലും വേണ്ടിയില്ല. വാതിൽപ്പടിക്കൽ നിന്ന് ആൽവി പറയുന്നത് കേട്ടവൻ പല്ല് കടിച്ചു. നീ പല്ലിന്റെ ബലം ടെസ്റ്റ്‌ ചെയ്യാതെ സന്ധ്യക്ക്‌ മുന്നേ കൊച്ചിനേം കൊണ്ട് പോയിട്ട് വരാൻ നോക്കെടാ. എടാ ചേട്ടൻ തെണ്ടീ ഇവനെ എങ്ങനെയെങ്കിലും ഇവിടുന്ന് വിളിച്ചോണ്ട് പോടാ....... ഒന്ന് പോടാ.... എന്റെ മകനായത് കൊണ്ട് പറയുവല്ല അനുസരണ എന്ന് പറയണ സാധനം അവന്റെ വഴിയേ കൂടി പോയിട്ടില്ല.

ഇന്നലെ വീഡിയോ കാൾ ചെയ്തപ്പോൾ ചോക്ലേറ്റ് മേടിച്ചോണ്ടു വരാന്ന് നീ തന്നെയല്ലേ ഇവന് വാക്കുകൊടുത്തത് ഞാനപ്പൊഴേ പറഞ്ഞതല്ലേ വേണ്ടാ വേണ്ടാന്ന് എന്നിട്ട് കേട്ടോ?????? അപ്പൊ പിന്നെ നീയിത് അനുഭവിച്ചേ തീരൂ. അത് കേട്ടതും അച്ചു അവനെ ഒന്ന് കലിപ്പിച്ച് നോക്കിയിട്ട് ബാഗിൽ നിന്നൊരു ഷർട്ട്‌ എടുത്തിട്ടു. മ്മ്മ്...... എത്തോ........ കൈനീട്ടി ജോക്കുട്ടൻ പറഞ്ഞതും അച്ചു അവനെ വാരിയെടുത്തു. ആഹാ അനുസരണ എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം. Well done my son well done. എന്നെകൊണ്ട് സാധിക്കാത്തതൊക്കെ ഇതുപോലെ നിന്നിലൂടെ ഞാൻ സാധിപ്പിച്ചെടുക്കും. ആൽവി അഭിമാനത്തോടെ ജോകുട്ടന്റെ തലയിൽ തഴുകി പറഞ്ഞതും ഒന്നും മനസ്സിലാകാഞ്ഞിട്ട് കൂടി അവൻ ചിരിച്ചു കാണിച്ചു. ഇതുപോലെ എനിക്കും അവസരം വരുമെടാ അന്ന് നിന്നെ ഞാൻ എടുത്തോളാം. ആൽവിയെ അടിമുടി ഒന്ന് നോക്കി പേടിപ്പിച്ച് അച്ചു കൊച്ചിനെയും കൊണ്ട് താഴേക്ക് പോയി. അവന്റെ പോക്കും നോക്കി ആൽവി കട്ടിളപ്പടിയിൽ തലതല്ലി ചിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആ നീർമാതളം ഇപ്പോഴും പൂക്കാറുണ്ട് എന്നാൽ അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല പിന്നൊരിക്കലും....... മാധവിക്കുട്ടിയുടെ ആ വരികളിലൂടെ അവൾ വിരലുകൾ ഓടിച്ചു. എന്തുകൊണ്ടോ ആ വരികൾ മനസ്സിനെ വല്ലാതെ വലിച്ചടുപ്പിക്കുന്നത് പോലെ. പഴയ ചില ഓർമ്മകൾ മനസ്സിലേക്ക് ഇരചെത്തി. നഷ്ടമായതെന്തോ തിരികെ ലഭിക്കാൻ പോവുന്നു എന്ന് മനസ്സ് പറയുന്നു. എന്തോ ഓർമ്മകളിൽ അവളുടെ കൈകൾ ഇടത് കഴുത്തിലേക്ക് നീണ്ടു. നനുത്തൊരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു. അവൾ കയ്യെത്തിച്ച് ടേബിളിൽ ഇരുന്ന ഡയറി കയ്യിലെടുത്തു. പലപ്പോഴായി മനസ്സിൽ തോന്നുന്ന പൊട്ടത്തരങ്ങൾ കുറിച്ചിടുന്ന അവളുടെ പേർസണൽ ഡയറി. അവൾ ഡയറി തുറന്ന് പെൻസ്റ്റാൻഡിൽ നിന്നൊരു പേന എടുത്ത് കുത്തികുറിക്കാൻ തുടങ്ങി. കാത്തിരിപ്പൂ ഞാൻ..... ഒരു മാരിമുകിലായ് നിന്നെ പുൽകാൻ..... ഒരു വർഷമായി നിന്നിൽ പെയ്തിറങ്ങാൻ.........

ഒരു നദിയായി നിന്നരികിൽ ഒഴുകിയെത്താൻ......... ഇളം വെയിലായ് നിന്നിൽ അരിച്ചിറങ്ങാൻ....... എന്നിലേക്കണയുന്ന വസന്തമായി ഞാനിന്നും നിന്നെ കാത്തിരിപ്പൂ......❣ എഴുതി കഴിഞ്ഞതും അവൾ ഡയറി നെഞ്ചോടു ചേർത്ത് ബെഡിലേക്ക് വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചുവിന്റെ ബുള്ളറ്റ് വീട്ട് മുറ്റത്ത് വന്ന് നിന്നതും ആൽവി ചാടി പുറത്തേക്കിറങ്ങി. അച്ചു ഫ്രണ്ടിൽ ഇരുന്ന ജോകുട്ടനെ എടുത്ത് താഴെ നിർത്തി ശേഷം വണ്ടിയിൽ നിന്നിറങ്ങി. ജോക്കുട്ടന്റെ മുഖം പൂനിലാവുദിച്ചത് പോലെ തെളിഞ്ഞിട്ടുണ്ട് എന്നാൽ അച്ചുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെ ആയിരുന്നു. അത് കണ്ടപ്പോഴേ ചെക്കൻ അത്യാവശ്യം നന്നായിട്ട് തന്നെ മുടിപ്പിച്ചിട്ടുണ്ടെന്നവന് മനസ്സിലായി. ജോകുട്ടന്റെ ഒരു കയ്യിൽ പന്തും മറുകയ്യിൽ ഒരു എയറോപ്ലെയിനും ഇരിപ്പുണ്ട്. അച്ചു വണ്ടിൽ ഇരുന്ന ഒരു കവർ എടുത്ത് ആൽവിന്റെ കയ്യിൽ കൊടുത്ത് ചവിട്ടി കുലുക്കി അകത്തേക്ക് പോയി. അവൻ കവർ തുറന്ന് നോക്കിയതും അതിനകത്തായി ഒരു ലോഡ് സ്വീറ്റ്സും ടോയ്‌സും കണ്ടതും അവന് ചിരിപൊട്ടി. അവൻ നേരെ ജോകുട്ടനെ നോക്കി. പപ്പേട കുഞ്ഞിങ്ങ് വന്നേ..... അവന് നേരെ കൈവിരിച്ചു പറഞ്ഞതും അവൻ ആൽവിയുടെ കയ്യിലേക്ക് കയറി. അച്ചൂനെ നല്ലോണം മുടിപ്പിച്ചല്ലേട ചക്കരെ.......

അത് കേട്ടതും അവൻ കുറുമ്പൊടെ തലയാട്ടി ചിരിച്ചു. ഈയാഴ്ച്ചത്തെ ഇവന്റെ കഴുത്തറപ്പിൽ നിന്നെന്നെ രക്ഷിച്ചതിന് കർത്താവെ നിനക്ക് സ്തോത്രം... ആൽവി മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് ജോകുട്ടനെയും കൊണ്ട് അകത്തേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ചുണ്ടിൽ ഒരു പുഞ്ചിരിയുമായി എന്തോ ആലോചനയിൽ മുഴുകി ഡയറിയും നെഞ്ചോട് ചേർത്ത് ബെഡിൽ കിടക്കുന്ന എമിയെ കണ്ട് ജോൺ അവൾക്കടുത്തേക്ക് ചെന്നു. അവൾ ചേർത്ത് പിടിച്ചിരുന്ന ഡയറി തുറന്നയാൾ അതിലവൾ എഴുതിയ വരികൾ വായിച്ചു. എന്റെ മോൾ ആരെയാണാവോ കാത്തിരിക്കുന്നത്?????? ചോദ്യം കേട്ടതും അവൾ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. മുന്നിൽ ജോണിനെ കണ്ടതും അവൾ കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ നിന്നു. പഴയതൊന്നും ഇതുവരെ നീ വിട്ടില്ലേ കുഞ്ഞാ????? ചിരിയോടെ അയാൾ ചോദിക്കവെ അവൾ തലയുയർത്തി അയാളെ നോക്കി പുഞ്ചിരിച്ചു. അങ്ങനങ്ങ് മറക്കാൻ പറ്റുവോ എന്റെ പപ്പേ....... തെല്ലൊരു കുറുമ്പൊടെ അവൾ പറയവെ അയാൾ ചിരിച്ചു പോയി.

ഇത്രയും നാൾ അന്വേഷിച്ചു വരാത്ത ആൾ ഇനി നിന്നെ തേടി വരും എന്ന് നീ വിശ്വസക്കുന്നുണ്ടോ മോളെ????? അവളുടെ മുടിയിൽ തഴുകികൊണ്ട് ചോദിച്ചു. എനിക്കങ്ങനെ തോന്നുന്നു പപ്പാ. ആത്മവിശ്വാസം നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. ഇനി വന്നില്ലെങ്കിലോ??? ഇക്കുറി ഗൗരവത്തോടെ ആയിരുന്നു അയാൾ ചോദിച്ചത്. സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വാതന്ത്ര്യമായി വിടുക, തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്...... ഞാനെ മാധവിക്കുട്ടിയുടെ അതേ പോളിസിക്കാരിയാ. കുസൃതിചിരിയോടെ അവൾ പറയുന്നത് കേട്ടയാൾ ചിരിച്ചു പോയി. ഞാൻ അത്താഴം കഴിക്കാൻ വിളിക്കാൻ വന്നതാ അപ്പോഴാ ഇവിടൊരാൾ സ്വപനലോകത്ത് അലയുന്നത് കണ്ടത്. ഇനിയുള്ള ആലോചനയൊക്കെ ആഹാരം കഴിച്ചിട്ടാവാം വാ....... ഇപ്പൊ വരാം ഇതൊന്ന് വെച്ചോട്ടെ. അതും പറഞ്ഞവൾ ഡയറി വെക്കാനായി പോയി. മകളുടെ മുന്നിൽ ചിരിക്കുമ്പോഴും അയാളുടെ ഉള്ളിൽ കെടാതെ ഒരു കനലെരിയുന്നുണ്ടായിരുന്നു.

കല്ലറയ്ക്ക് മുന്നിലിരുന്ന് ആർത്ത് കരയുന്ന മകളുടെ മുഖം ഓർമ്മയിൽ തെളിയവേ അയാളുടെ മനസ്സിൽ ഭയവും കണ്ണിൽ നനവും പടർന്നു. തന്നിലേക്കടുക്കുന്ന മകളെ കണ്ട് നിറമിഴികൾ അവളിൽ നിന്ന് മറച്ചു കൊണ്ടയാൾ അവളെ ചേർത്ത് പിടിച്ചു താഴേക്ക് നടന്നു. അത്താഴം കഴിക്കുമ്പോൾ സ്റ്റെല്ലയോട് തല്ല് പിടിച്ച് കുറുമ്പ് കാണിക്കുന്ന അവളെ നോക്കിയയാൾ ഇരുന്നു. അവളുടെ ചുണ്ടിലെ പുഞ്ചിരി മായല്ലേ എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു അയാളുടെ മനസ്സിൽ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇതേസമയം ടെറസിൽ ആകാശത്തേക്ക് കണ്ണും നട്ട് കിടക്കുകയായിരുന്നു അച്ചു. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മായാതെ കിടപ്പുണ്ടായിരുന്നു. അവന്റെ മനസ്സിൽ പപ്പയുടെ കയ്യിൽ തൂങ്ങി പള്ളിയുടെ പടികൾ ഇറങ്ങി എമിയുടെ മുഖം മികവോടെ തെളിഞ്ഞു വന്നു. ഞാൻ വരുകയാണ് എമി നിന്നിലേക്ക്. മറ്റാർക്കും വിട്ട് കൊടുക്കാതെ എന്റെ നെഞ്ചോട് ചേർത്ത് പിടിക്കും ഞാൻ. ഇനിയൊരിക്കൽ കൂടി നിന്നെ നഷ്ടപ്പെടുത്താൻ വയ്യെനിക്ക്.......... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story