ഹൃദയതാളമായ്: ഭാഗം 31

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഇത്ര പെട്ടെന്ന് പോണോ അച്ചൂ ഒന്ന് സ്വസ്ഥമായി മോളോട് സംസാരിക്കാൻ പോലും പറ്റിയില്ല. പോവാനായി ഇറങ്ങിയ അവരോടായി സങ്കടത്തോടെ ഗീത പറഞ്ഞു. അത് കേട്ടതും എമിയുടെ മുഖവും വാടി. കുറച്ചു സമയം കൊണ്ട് ഗീതയെ അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അവളുടെ കുറുമ്പിനും കുസൃതിക്കുമെല്ലാം കൂട്ട് നിൽക്കുന്ന വാത്സല്യത്തോടെ ചേർത്ത് നിർത്തുന്ന ഒരു അമ്മയെ അവൾ അവരിൽ കണ്ടെത്തിയിരുന്നു. സ്കൂൾ ടീച്ചറായ ഗൗരവക്കാരിയായ സ്റ്റെല്ലയെക്കാൾ കൂടുതൽ സ്വാതന്ത്ര്യം കൊടുത്തത് കൊണ്ടാവാം അവൾക്ക് ഗീതയോട് എന്തോ ഒരു അടുപ്പകൂടുതൽ തോന്നാൻ കാരണം. അതുകൊണ്ട് തന്നെ തിരികെ പോവാൻ മടിച്ച് അവൾ അവനെ നോക്കി. പോണം ഗീതൂസേ ഇവളെ തിരിച്ചു വീട്ടിൽ എത്തിച്ചില്ലെങ്കിൽ മകളെ അടിച്ചോണ്ട് പോയെന്ന് പറഞ്ഞ് ഇവളുടെ അപ്പൻ എനിക്കെതിരെ പരാതി കൊടുത്തെന്നിരിക്കും. മുഖം വീർപ്പിച്ചു നിക്കുന്ന അവളെ നോക്കി ചിരിയോടെ അവൻ പറഞ്ഞതും അവളുടെ മുഖം ഒന്നുകൂടി വീർത്തു. ഒന്ന് പോയെടാ പോയ ദുരന്തത്തിനെ ആരേലും പെറ്റീഷൻ കൊടുത്ത് തിരികെ കൊണ്ടുവരുവോ????? പോയത് ആശ്വാസം എന്ന് കരുതും. അപ്പു സിറ്റൗട്ടിൽ നിന്ന് വിളിച്ചു പറഞ്ഞു.

മോനെ അപ്പുവേട്ടാ ഇപ്പൊ കാന്താരി മുളകെ തന്നിട്ടുള്ളൂ എന്നെകൊണ്ട് വെറുതെ പാഷാണം കലക്കിക്കരുത്. അയ്യോ വേണ്ടായേ ഞാൻ നിർത്തി. അവൻ തലയ്ക്ക് മുകളിൽ കൈകൂപ്പുന്നത് പോലെ കാണിച്ചു. എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങുവാണേ. അച്ചു അത് പറഞ്ഞതും എമി ഗീതയെ ഇറുകെ പുണർന്ന് അവരുടെ കവിളിൽ ചുണ്ടമർത്തി. സമയം കിട്ടുമ്പോ ഇങ്ങോട്ട് വന്നേക്കണം ഞാൻ കാത്തിരിക്കും. അവളുടെ നെറുകിൽ വാത്സല്യത്തോടെ ചുംബിച്ചവർ പറയുന്നത് കേട്ടവൾ പുഞ്ചിരിയോടെ തലയാട്ടി. അപ്പൊ ശരി ഗീതൂസേ. ഡാ അപ്പൂ... വൈകിട്ട് വീട്ടിലേക്ക് വന്നേക്കണം. ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു കൊണ്ടവൻ തിരിഞ്ഞ് അപ്പുവിനെ നോക്കി പറഞ്ഞു. ആഹ് ഡാ വന്നേക്കാം. അത് കേട്ടവൻ ഒന്ന് തലയാട്ടി ഗീതയെ ഒന്നുകൂടി നോക്കി വണ്ടി മുന്നോട്ടെടുത്തു. എമി തിരിഞ്ഞു അവരെ ഇരുവരെയും നോക്കി കൈവീശി കാണിച്ചു. വണ്ടി അകന്ന് പോവുന്നതും നോക്കി അവർ മുറ്റത്ത് തന്നെ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അവർ കണ്ണിൽ നിന്ന് മറഞ്ഞതും എമിയുടെ മനസ്സിൽ വല്ലാത്തൊരു വേദന തോന്നി. പ്രിയപ്പെട്ടത് എന്തോ അകന്ന് പോയത് പോലെ. അവൾ ഒന്നും മിണ്ടാതെ അച്ചുവിനെ ചുറ്റിപ്പിടിച്ച് അവന്റെ തോളിൽ മുഖം അമർത്തി കിടന്നു. വണ്ടി എവിടെയോ നിർത്തിയത് അറിഞ്ഞതും അവൾ തലയുയർത്തി നോക്കി.

റോഡിന്റെ ഓരം ചേർന്ന് വണ്ടി നിർത്തിയിരിക്കുന്നത് കണ്ടവൾ സംശയത്തോടെ അവനെയൊന്ന് നോക്കി. എന്താ ഇവിടെ നിർത്തിയത്????? അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് നീയെന്താ ഒരുമാതിരി സീരിയൽ നായികമാരെ പോലെ സങ്കടപ്പെട്ട് മുഖവും വീർപ്പിച്ചിരിക്കുന്നത്???? അങ്ങോട്ട്‌ പോവുമ്പോ ഇങ്ങനെ ഒന്നുമായിരുന്നില്ലല്ലോ. അവൻ അവൾക്ക് നേരെ തലചരിച്ച് ഗൗരവത്തോടെ ചോദിച്ചു. ഇനി എന്നാ ഗീതമ്മയെ ഒന്ന് കാണാൻ പറ്റുക എന്നോർത്തപ്പോൾ ഒരു സങ്കടം പോലെ. അവളുടെ സ്വരം താഴ്ന്നു. ഇതായിരുന്നോ കാര്യം????? വീട്ടിൽ നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ പോയാൽ അപ്പുവിന്റെ വീടായി. എപ്പോ വേണമെങ്കിലും പോയി വരാം. എന്നിട്ടാണ് ഈ കലം വീർപ്പിക്കുന്നത്. നിന്റെ പറച്ചിൽ കേട്ടാൽ തോന്നും അവരങ്ങ് ഉഗാണ്ടയിൽ ആണ് താമസമെന്ന്. അത് കേട്ടവൾ ഒന്ന് ഇളിച്ചു കൊടുത്തു. ഇച്ചായാ......... എന്തോ...... അതേ....... ആഹ് പോരട്ടെ...... അതില്ലേ????? ആഹ്........ എനിക്കൊരു ഐസ്ക്രീം വാങ്ങി തരുവോ????? അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചവൾ കൊഞ്ചി. അത് കേട്ടവൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി. ഇതിനാണോ നീ ഇത്രയും നേരം മുഖം വീർപ്പിച്ച് ഇരുന്നത്????? പിന്നല്ലാതെ.

ഞാൻ മൂഡോഫായി ഇരിക്കുന്നത് കാണുമ്പോൾ സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഇച്ചായൻ ഐസ്ക്രീം വാങ്ങി തരും എന്ന് കരുതി. എന്നിട്ടെവിടെ ജ്യോതിയും വന്നില്ല തീയും വന്നില്ല. അവൾ ചുണ്ട് പിളർത്തി. മൂഡോഫിനുള്ള മരുന്നാണ് ഐസ്ക്രീം എന്ന് ഞാനറിഞ്ഞില്ല. എടീ അതൊക്കെ സിനിമയിൽ ഇത് ജീവിതമാണ്. കണ്ണിൽ കണ്ട സിനിമയിൽ പലതും കാണിക്കും അതൊന്നും ജീവിതത്തിൽ നടക്കൂല. അത്‌ പോലും അറിയാത്ത ഇങ്ങനൊരു തിരുമണ്ടി. അവൻ അവളുടെ തലയിൽ കിഴുക്കി. ജീവിതത്തിൽ നടക്കുന്നതൊക്കെ സിനിമയിൽ കാണിക്കാമെങ്കിൽ എന്തുകൊണ്ട് സിനിമയിൽ നടക്കുന്നതൊക്കെ ജീവിതത്തിൽ നടന്നുകൂടാ. പറയണം മിഷ്ടർ but why?????? എങ്കിൽ ഒരു കാര്യം ചെയ്യ് ബാഹുബലി ശിവലിംഗം ചുമന്നത് പോലെ നീ ആ മൈൽ കുറ്റി എടുത്ത് ചുമന്നു നടക്ക്. അവൻ അവളെ കളിയാക്കി പറഞ്ഞു. കണ്ടാ കണ്ടാ ഇച്ചായന്‌ എന്നോട് ഒരു സ്നേഹവുമില്ല അതല്ലേ ഞാൻ ചെറിയ ഒരാഗ്രഹം പറഞ്ഞിട്ടും നടത്തി തരാത്തത്. അവൾ ഇല്ലാത്ത കണ്ണുനീർ തുടക്കുന്നത് പോലെ കാണിച്ചു. എന്റെ കൊച്ച് കൂടുതൽ അഭിനയിക്കണ്ട ചിലപ്പോൾ ഓസ്കാർ നോമിനേഷൻ കിട്ടി എന്നിരിക്കും. ഇവിടെ നിക്ക് ഞാൻ പോയി വാങ്ങിയിട്ട് വരാം.

അത്‌ കേട്ടവൾ സന്തോഷത്തോടെ തലയാട്ടി. അവൻ ബുള്ളറ്റിൽ നിന്നിറങ്ങി റോഡ് ക്രോസ്സ് ചെയ്ത് ഓപ്പോസിറ്റ് ആയുള്ള ഐസ്ക്രീം പാർലറിലേക്ക് കയറി. അൽപ്പനേരത്തിന് ശേഷം കയ്യിൽ ഒരു കോൺ ഐസ്ക്രീമുമായി അവൻ തിരികെ എത്തിയതും അവളത് തട്ടിപ്പറിച്ചു വാങ്ങി സന്തോഷത്താൽ അവന്റെ കവിളിൽ മുത്തി ആവേശത്തോടെ ഐസ്ക്രീം കഴിക്കാൻ തുടങ്ങി. അവനൊരു ചിരിയോടെ അവൾ കഴിക്കുന്നതും നോക്കി ബുള്ളറ്റിൽ ചാരി നിന്നു. എടീ പതുക്കെ ആരും നിന്റെ കയ്യിൽ നിന്ന് വാങ്ങിക്കൊണ്ട് പോവില്ല. അവളുടെ തീറ്റി കണ്ടവൻ പറയുന്നത് കേട്ട് അവനെ നോക്കി നാക്ക് നീട്ടി അവൾ വീണ്ടും കഴിക്കാൻ തുടങ്ങി. കഴിച്ച് കഴിഞ്ഞ് മൂക്കിൻ തുമ്പിലും ചുണ്ടിനരികിലും എല്ലാം പട്ടിപ്പിടിച്ചിരിക്കുന്ന ഐസ്ക്രീംമിന്റെ അവശേഷിപ്പുകളുമായി കൊച്ചു കുട്ടികളെ പോലെ നിൽക്കുന്ന അവളെ കണ്ടവൻ ചിരിച്ചു പോയി. ഇങ്ങനെ ആണോ ഐസ്ക്രീം തിന്നുന്നത്??? ഇതിപ്പൊ കൊച്ചുപിള്ളേരേക്കാൾ കഷ്ടമാണല്ലോടീ പൊടികുപ്പീ നിന്റെ കാര്യം?????? അതിനവൾ വെളുക്കെ ഇളിച്ചു കാട്ടി. അവളുടെ തലയിൽ ഒന്ന് തട്ടി അവൻ തന്നെ ഒരു കൈകൊണ്ട് അവളുടെ മുഖമെല്ലാം തുടച്ചു കൊടുത്തു. പോവാം......

അവൻ പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് ഹെൽമെറ്റ്‌ എടുത്തു വെച്ചു. തിരികെ വണ്ടിയിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്യുന്നത്. അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അറ്റൻഡ് ചെയ്തത് കാതോട് ചേർത്തു. പതിവില്ലാത്ത അവന്റെ മുഖത്തെ ഗൗരവവും കണ്ട് എന്തോ സീരിയസ് വിഷയമാണ് എന്നവൾക്ക് മനസ്സിലായി. അവൻ ഫോണിൽ സംസാരിക്കുന്നതും നോക്കി അവൾ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 താഴെ നിന്ന് ഏതോ സ്ത്രീ ശബ്ദം കേട്ടതും കണ്ണ് വേദനയുമായി കിടന്ന ആൽവി എഴുന്നേറ്റ് സ്റ്റെയറിനരികിൽ വന്ന് നിന്ന് എത്തി നോക്കി. ഹാളിലെ സോഫയിൽ ഇരുന്ന് സാറായോട് സംസാരിക്കുന്ന ഒരു പത്ത് ഇരുപത്തിമൂന്നിനടുത്ത് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ കണ്ടതും ഉള്ളിലെ കോഴികൾ ചിറക് കുടഞ്ഞ് എഴുന്നേറ്റു. റൂമിനകത്തേക്ക് നോക്കവെ റിയ ഉറക്കമാണെന്ന് കണ്ടതും മുഖമൊക്കെ അമർത്തി തുടച്ച് കണ്ണാടിയിൽ നോക്കി മുടിയെല്ലാം ഒതുക്കി വെച്ച് ഫോൺ എടുത്ത് പതിയെ താഴേക്ക് ഇറങ്ങി. പറഞ്ഞ പണി പറഞ്ഞ സമയത്തിന് ചെയ്യണം. തന്റെ സൗകര്യത്തിന് ചെയ്യാനല്ല ഞാൻ തനിക്ക് ശമ്പളം എണ്ണി തരുന്നത്. മിനിറ്റുകൾക്ക് കോടികൾ വില വരുന്ന ഒരു ബിസ്സിനെസ്സ് മാനാണ് ഞാൻ. എനിക്കിത് പോലെ ഇറെസ്പോൺസിബിൾ ആയിട്ടുള്ള വർക്കേഴ്സിനെ അല്ല ആവശ്യം.

എന്റെ കൃത്യനിഷ്ടതയും കഠിനദ്വാനവും ബുദ്ധിയും ഉപയോഗിച്ച് ഞാൻ കഷ്ടപ്പെട്ട് പടുത്തുയർത്തിയതാണ് ഇന്നീ കാണുന്ന കുരിശിങ്കൽ ഗ്രൂപ്പ്സ് അവിടെ തന്നെപ്പോലുള്ള ഞാൻ വെച്ച് പൊറുപ്പിക്കില്ല. അറിയാല്ലോ എന്നെ????? താഴേക്ക് നടക്കുന്നതിനിടയിൽ അവൻ ഫോണിൽ ദേഷ്യപ്പെടുന്നത് പോലെ അഭിനയിച്ചു കൊണ്ട് സോഫയിലേക്ക് ഇടം കണ്ണിട്ട് നോക്കി. I want the complete profit report of the company before next sunrise understand????? അവൻ ഫോണിലൂടെ അലറുന്നത് കേട്ട് ആ പെൺകുട്ടി അൽപം ഭയത്തോടും അവന്റെ തള്ള് കേട്ട് ആരാധനയോടും കൂടി അവനെ നോക്കി. അത്‌ കണ്ട് ആൽവിയുടെ മനസ്സിൽ ലാത്തിരി പൂത്തിരി കമ്പിതിരി എല്ലാം ഒരുമിച്ച് കത്തി. ആർക്കും ഒരു ഉത്തരവാദിത്തവുമില്ല എല്ലാത്തിനും എന്റെ കണ്ണ് തന്നെ എത്തണം എന്ന് പറഞ്ഞാൽ????? Irresponsible idiots......... സ്വയം പറഞ്ഞു കൊണ്ടവൻ തിരിഞ്ഞു. സോഫയിൽ ഇരിക്കുന്ന പെൺകുട്ടിയെ മുൻപ് കണ്ടിട്ടേ ഇല്ല എന്ന ഭാവത്തിൽ നെറ്റി ചുളിച്ചു നോക്കി. ആരാ അമ്മച്ചീ ഈ കുട്ടി????? ആ കുട്ടിയെ അധികം ശ്രദ്ധിക്കാത്തത് പോലെ അഭിനയിച്ചു കൊണ്ടവൻ ചോദിച്ചു.

അപ്പുറത്തെ ലില്ലിയുടെ അനിയത്തിയുടെ മകളാണ്. സാറാ അവനെ ഒന്ന് ഇരുത്തി നോക്കികൊണ്ട് പറഞ്ഞു. അത്‌ കേട്ടവൻ ആ കുട്ടിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. Hai I am Aalvin. ചെറുചിരിയോടെ അവൻ പറഞ്ഞു. I am Aleena. അവൾ തിരികെ മറുപടി നൽകി അവന് നേരെ പുഞ്ചിരിച്ചു. ഓഹ് എന്ത് ചെയ്യുന്നു???? ഐ മീൻ പഠിക്കുവാണോ അതോ വർക്കിങ് ആണോ???? ഇതിന് മുന്നേ ഇവിടെ കണ്ടിട്ടില്ലാത്തത് കൊണ്ട് ചോദിച്ചതാട്ടോ. Actually I am an engineer. സ്റ്റടീസ് ഒക്കെ അബ്രോഡ് ആയിരുന്നു. ഒരുപാട് നാൾ വിദേശത്ത് കഴിഞ്ഞത് കൊണ്ടായിരിക്കാം ഇനിയുള്ള ജീവിതം ഇവിടെ ആയിരിക്കണം എന്നൊരു ആഗ്രഹം. അതാ ലില്ലി ആന്റിയെ വിളിച്ച് ഇവിടെ തന്നെ ഒരു ജോലി ശരിയാക്കി ഇങ്ങോട്ട് പോന്നത്. ചെറുചിരിയോടെ അവൾ പറഞ്ഞു നിർത്തി. ഗ്രേറ്റ്‌ അല്ലെങ്കിലും സ്വന്തം നാടിനെക്കാൾ വലുതല്ല മറ്റൊന്നും. I really appreciate your wonderful decision. അത്‌ കേട്ടതും സാറാ അവനെ ഒന്ന് ചൂഴ്ന്ന് നോക്കി. അവർ എന്തോ പറയാൻ ആഞ്ഞതും മുറ്റത്ത് ഒരു ബുള്ളറ്റ് വന്ന് നിന്നതും ഒരുമിച്ചായിരുന്നു. അച്ചു എത്തിയെന്ന് തോന്നുന്നു. സാറാ പുറത്തേക്ക് നോക്കി പറഞ്ഞു തീർന്നതും എമിയേയും കൊണ്ടവൻ അകത്തേക്ക് എത്തിയിരുന്നു. മുന്നിൽ അച്ചുവിനെ കണ്ടതും അലീന എഴുന്നേറ്റ് നിന്നു.

അവൾ ഒരുനിമിഷം അവനെ തന്നെ നോക്കി നിന്നുപോയി. എമി മോളെ....... സാറാ ഓടിച്ചെന്ന് അവളെ ചേർത്ത് പിടിച്ചു. നിങ്ങൾ ഗീതയുടെ അടുത്ത് പോയില്ലേ???? പോയിരുന്നു അമ്മച്ചീ ഗീതമ്മയെ കണ്ട് വരുന്ന വഴിയാണ് ഇച്ചായന് ഓഫീസിൽ നിന്നൊരു കാൾ വരുന്നത്. ഒരു അർജെന്റ് ഫയൽ ഇച്ചായന്റെ കയ്യിൽ ഉണ്ട് അത് വാങ്ങാൻ ഇപ്പൊ ആരോ വരുന്നുണ്ട് പോലും അതാ എന്നെയും കൊണ്ട് വേഗം ഇങ്ങോട്ട് പോന്നത്. അവൾ പുഞ്ചിരിയോടെ മറുപടി നൽകി. ഈ സമയമെല്ലാം അലീനയുടെ കണ്ണുകൾ അച്ചുവിൽ തന്നെ ആയിരുന്നു. അവൾ അവന്റെ ഓരോ ഭാവങ്ങളും ഇമ ചിമ്മാതെ നോക്കി നിന്നു. ഇവൾ എന്നേക്കാൾ വലിയ കോഴി ആണല്ലോ മാതാവേ..... ആൽവി അവളുടെ നിൽപ്പ് കണ്ട് തിങ്കി. സാറായിൽ നിന്ന് നോട്ടം പിൻവലിച്ചതും എമിയുടെ കണ്ണുകൾ അലീനയിൽ എത്തിയതും സംശയത്തോടെ കൂർത്തു. അതിനൊപ്പം അവളുടെ നോട്ടം കണ്ടതും എമിക്ക് അടിമുടി പെരുത്തു കയറി. ഇതാരാ അമ്മച്ചീ?????? പരിചയമില്ലാത്ത മുഖം കണ്ട് അച്ചു ചോദിച്ചു. ഓഹ് ഞാൻ മറന്നു. അച്ചൂ ഇത് അപ്പുറത്തെ ലില്ലിയുടെ അനിയത്തിയുടെ മകളാ അലീന.

അലീന മോളെ ഇതാണ് എന്റെ രണ്ടാമത്തെ മകൻ അഗസ്റ്റി. ആഹ് ഇവിടുത്തെ ഏസിപി അല്ലെ??? ലില്ലി ആന്റി പറഞ്ഞിരുന്നു. അത്‌ കേട്ടവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഇത്... മനസ്സിലായി ഇവിടുത്തെ ഇളയ ആളല്ലേ അമ്മച്ചി പറഞ്ഞിരുന്നു നിങ്ങൾ മൂന്നു മക്കൾ ആണെന്ന്. സാറാ എമിയെ ചേർത്ത് പിടിച്ച് പരിചയപ്പെടുത്താൻ തുടങ്ങിയതും അതിനെ തടഞ്ഞു കൊണ്ടവൾ പറഞ്ഞു. അത്‌ കേട്ടതും എമിയുടെ മുഖം ദേഷ്യത്താൽ തുടുത്തു. അവൾ മുഷ്ടി ചുരുട്ടി അലീനയെ തുറിച്ചു നോക്കി. ഒരു ഉളുപ്പുമില്ലാതെ താൻ കെട്ടാൻ പോണ ചെക്കനെ വായിനോക്കിയത് പോരാഞ്ഞിട്ട് അവളെ പിടിച്ച് അങ്ങേരുടെ പെങ്ങളും കൂടി ആക്കിയാൽ സഹിക്കാൻ പറ്റുവോ. മിക്കവാറും ഇവളിന്ന് എമിയുടെ കയ്യിൽ നിന്ന് വല്ലതുമൊക്കെ വാങ്ങി വെക്കും. എമിയുടെ നോട്ടം കണ്ട് ആൽവി അവളെ ഒന്ന് അടിമുടി നോക്കി. തനിക്ക് തെറ്റിപ്പോയി ഇതെന്റെ ഫിയാൻസി ആണ് എമി. ഉടനെ തന്നെ കല്യാണം ഉണ്ടാവും. എമിയെ ചേർത്ത് പിടിച്ചു കൊണ്ടവൻ പറഞ്ഞതും അലീനയുടെ മുഖം കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെയായി. അത് കണ്ട് എമി ഒന്നുകൂടി അവനോട് ചേർന്ന് നിന്നു. ഓഹ് ആം സോറി എനിക്കറിയില്ലായിരുന്നു. Anyway nice to meet you. മറുപടിയായി എമി വല്യ താല്പര്യമില്ലാതെ ചിരിച്ചു കൊടുത്തു.

അല്ല ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്. മൂത്ത ആളായ ആൽവിച്ചായൻ ഇങ്ങനെ നിൽക്കുമ്പൊ എങ്ങനെയാ ഇളയാളുടെ കല്യാണം നടത്തുന്നത്????? അവളുടെ ചോദ്യം കേട്ടതും എല്ലാവരും ഒരുനിമിഷം കിളി പോയ പോലെ നിന്നു. ഒരു കാര്യം ചെയ്യാം പുള്ളിയെ ഒരു കസേര ഇട്ട് ഇരുത്താം പ്രശ്നം തീർന്നില്ലേ???? എമി അതും പറഞ്ഞ് ഇവളിത് എവിടുന്ന് കുറ്റിയും പറിച്ചു വരുന്നു എന്ന ഭാവത്തിൽ നോക്കി. അതല്ല ആൾവിച്ചായന്റെ കെട്ട് കഴിയാതെ എങ്ങനെയാ നിങ്ങളുടെ കല്യാണം നടത്തുക എന്നാ ഞാൻ ഉദ്ദേശിച്ചത്. അവൾ പറഞ്ഞു തീർന്നതും ജോക്കുട്ടൻ ഓടി അങ്ങോട്ടേക്കെത്തി. ഡാഡി............. ഡാഡി?????? കുഞ്ഞിന്റെ വിളി കേട്ടവൾ ഞെട്ടി. ഇതെന്നതാ സന്തൂറിന്റെ പരസ്യോ??????? എമി അവരെ മാറി മാറി നോക്കി ചോദിച്ചു പോയി. സാറാക്കും അച്ചൂനും കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി കൊക്കെത്ര കുളം കണ്ടതാ??? അച്ചു ആക്കി ചിരിയോടെ ആൽവിയെ നോക്കി. അപ്പോഴേക്കും ജോക്കുട്ടൻ ആൽവിയുടെ കയ്യിൽ കയറിയിരുന്നു. ഡാഡി.... വാ ചോത്താബീ കാണാ...... അതോടെ ആൽവി ഉണ്ടാക്കി എടുത്ത സകല ഇമേജും ടമാർ പടാർ ഠേ. ഇതെല്ലാം കണ്ട് സ്റ്റെയറിൽ നിന്ന് തുറിച്ച് നോക്കുന്ന റിയ കൂടി ആയപ്പോൾ ശുഭം. രണ്ടോലക്കീറോ വെള്ള തുണിയോ എടുത്തോളൂ എന്നെ മൂടാൻ............... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story