ഹൃദയതാളമായ്: ഭാഗം 35

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ജോണിന്റെ മുറിയിൽ ചെന്ന് താക്കോലും പൊക്കി സ്റ്റെല്ല കാണാതെ പതുങ്ങി അവൾ റൂമിന് മുന്നിൽ വന്നു നിന്നു. തുറക്കണോ????? ഇനി നൺ പോലെ വല്ല പ്രേതത്തെയും അടച്ചിട്ടിരിക്കുന്ന മുറി വല്ലതുമാണോ???? പണ്ട് കന്യാസ്ത്രീ ആവാൻ വിട്ടപ്പോൾ മഠത്തിൽ നിന്ന് കാമുകന്റെ കൂടെ ചാടി പോയ അപ്പാപ്പന്റെ അനിയത്തിയുടെ ആത്മാവെങ്ങാനും ഇതിൽ ഉണ്ടെങ്കിലോ??????? അവൾ നഖം കടിച്ചു നിന്ന് ആലോചിച്ചു. പ്രേതമെങ്കിൽ പ്രേതം എന്ത് പുല്ലെങ്കിലും ആകട്ടെ തുറന്നു നോക്കുക തന്നെ. സ്വന്തം വീട്ടിലെ ഒരു മുറി പോലും തുറക്കാതെ ഇരിക്കാൻ ഇത് മാടമ്പിള്ളി തറവാടുമല്ല ഈ മുറി തെക്കിനിയുമല്ല. എന്റെ കർത്താവീശോ മിശിഹായെ നിന്നെ മനസ്സിൽ ധ്യാനിച്ചു ഞാൻ ഇത് തുറക്കാൻ പോകുവാ കാത്തോളണേ.... കഴുത്തിലെ കൊന്തയിൽ തൊട്ട് ഒന്ന് പ്രാർത്ഥിച്ചു കൊണ്ടവൾ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു. ഒരു ചെറിയ ശബ്ദത്തോടെ വാതിൽ മലർക്കെ തുറന്നതും അവൾ മെല്ലെ അകത്തേക്ക് കയറി. ഏറെനാളായി അടച്ചിട്ടിരുന്ന മുറി ആയതിനാൽ അകത്തേക്ക് കയറവേ പൊടിയുടെ രൂക്ഷമായ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. ഹാച്ചി..............

പൊടിയടിച്ചതും അവൾ തുമ്മി. മ്മ്മ്മ്..... വെറുതെ അല്ല പപ്പ... ഹാച്ചി....... ഇതിനകത്ത് കയറരുതെന്ന് പറഞ്ഞത്. ഇതിനകത്ത് നിന്നാൽ ഹാച്ചി...... മനുഷ്യൻ തുമ്മി ചാവും........... അവൾ മൂക്ക് പൊത്തി. ഇവിടെ മുഴുവൻ ഇരുട്ടാണല്ലോ????? ഇവിടെ എവിടെ ആണാവോ സ്വിച്ച്ബോർഡ്?????? അവൾ ഇരുട്ടിൽ ചുറ്റിനും തിരയാൻ തുടങ്ങി. അവസാനം എങ്ങനെയൊക്കെയോ സ്വിച്ച് കണ്ടെത്തി അവൾ ലൈറ്റ് ഇട്ടു. അരിച്ചിറങ്ങുന്ന സീറോ ബൾബിന്റെ മങ്ങിയ പ്രകാശത്തിൽ അവളാ മുറി ആകമാനം ഒന്ന് വീക്ഷിച്ചു. ഇത് സ്റ്റോർ റൂമിനേക്കാൾ കഷ്ടം ആണല്ലോ???? ചുറ്റിനും അലസമായി കിടക്കുന്ന സാമഗ്രഹികൾ നോക്കി അവൾ സ്വയം പറഞ്ഞു. ഹാച്ചി............ പൊടിയടിച്ച് അവൾ വീണ്ടും തുമ്മി. ഇനി ഇവിടെ നിന്നാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും വേഗം കമ്മൽ കണ്ടുപിടിച്ച് ഇവിടെ നിന്നിറങ്ങാം. നന്നായി ശ്വാസം വലിച്ചു വിട്ടവൾ കമ്മൽ നോക്കാൻ തുടങ്ങി. വെളിച്ചം കുറവായിരുന്നതിനാൽ അവൾ നന്നേ കഷ്ടപെട്ടു. ശെടാ ഞാനെന്ത് മണ്ടിയാ ജനൽ തുറന്നാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളൂ അതിനാണ് ഈ ഇരുട്ടത്ത് കിടന്ന് തപ്പി തടയുന്നത്. അവൾ സ്വയം നെറ്റിയിൽ അടിച്ച് അടഞ്ഞു കിടന്ന ജനലിനരികിലേക്ക് നടന്നു.

പൊടിപിടിച്ചു കിടന്നിരുന്ന കർട്ടൻ ഇരുവശത്തേക്കും മെല്ലെ നീക്കി ജനൽ രണ്ടും മലക്കെ തുറന്നിട്ടു. ജനലഴികളിലൂടെ സൂര്യരശ്മികൾ അകത്തേക്ക് പ്രവേശിച്ചു. ഹോ ഇപ്പോഴാ ഈ മുറിയിൽ വെളിച്ചം വന്നത്. പുറത്ത് നിന്ന് അടിച്ച ശുദ്ധ വായു ശ്വസിച്ചു കൊണ്ടവൾ തിരിയാൻ തുടങ്ങുമ്പോഴാണ് ജനലിന് അരികിലായി വെച്ചിരുന്ന അലമാരിയുടെ വിടവിൽ കിടന്ന തന്റെ ഫ്രെയിം ചെയ്ത ഫോട്ടോ അവളുടെ കണ്ണിൽ പെടുന്നത്. ആരോ തന്നെ ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രമാണ്. പക്ഷെ പകുതി ഭാഗം അലമാരിയുടെ മറവിൽ ആയതിനാൽ കൂടെ ഉള്ളത് ആരാണെന്ന് അവൾക്ക് മനസ്സിലായില്ല. ചില്ല് പൊട്ടിയിട്ടുമുണ്ട്. ചെന്നൈയിൽ ആയിരുന്നപ്പോൾ എടുത്ത തന്റെയും റോണിയുടെയും ഒരുപാട് ഫോട്ടോസ് ഉണ്ട് അവയിൽ ഏതെങ്കിലും ആവാം. പഴയ സാധനങ്ങൾ മാറ്റിയപ്പോൾ അതിൽ പെട്ടുപോയതാവണം. അവൾ മെല്ലെ കുനിഞ്ഞ് ആ ഫോട്ടോ കയ്യിലെടുത്ത് അതിൽ പറ്റിപ്പിടിച്ചിരുന്ന പൊടി വിരലുകളാൽ തുടച്ചു മാറ്റി. അതിൽ തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന വ്യക്തിയെ കണ്ടതും അവൾ ഞെട്ടി. വെള്ളാരം കണ്ണുകളിൽ കുസൃതി ഒളിപ്പിച്ച സുമുഖനായ ഒരു ചെറുപ്പക്കാരൻ. അവിശ്വസനീയതയോടെ അവളുടെ കണ്ണുകൾ മിഴിഞ്ഞു.

അപരിചിതമായ ആ മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി. ഇതുവരെ കാണാത്ത ആ മുഖം ഓർമ്മകളിൽ തിരയുകയായിരുന്നു അവൾ. കയ്യിലെ ചിത്രത്തിലേക്ക് നോക്കവെ അവളിൽ അസ്വസ്ഥത നിറഞ്ഞു. പുക മറ പോലെ അവ്യക്തമായ എന്തൊക്കെയോ മനസ്സിലേക്ക് ഇരച്ചു കയറി. ഓർമ്മകളിൽ ചിരിച്ചു കൊണ്ട് തനിക്ക് പുറകെ ഓടുന്ന ആ വെള്ളാരം കണ്ണുകാരന്റെ മുഖം മികവോടെ തെളിഞ്ഞു. തന്നിലേക്ക് ഓടിയണഞ്ഞ് ഒരു പൊട്ടിച്ചിരിയോടെ തന്നെ വട്ടം കറക്കുന്ന ആ ചെറുപ്പക്കാരന്റെയും പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ കൈക്കുള്ളിൽ ഒതുങ്ങി കൂടിയ തന്റെയും ചിത്രം മനസ്സിൽ തെളിയവേ തല പല ഭാഗങ്ങളായി പൊട്ടിപ്പിളരുന്നത് പോലെ തോന്നി. വീണ്ടും വീണ്ടും അവനൊപ്പം ചിലവഴിച്ച സുന്ദര നിമിഷങ്ങൾ മുന്നിൽ തെളിഞ്ഞു. തലച്ചോറിനുള്ളിൽ നടക്കുന്ന വിസ്ഫോടനങ്ങളുടെ ഫലമായി അവളുടെ കയ്യിലിരുന്ന ഫോട്ടോ താഴേക്ക് വീണു. ചെവിയിൽ വണ്ട് മൂളുന്നത് പോലെ ശബ്ദം കേൾക്കാൻ തുടങ്ങി. പതിയെ പതിയെ ശബ്ദത്തിന്റെ തീവ്രതയേറി കൊണ്ടിരുന്നു. എമീസേ............ കാതോരം ആർദ്രമായി വിളിക്കുന്ന ഒരു പുരുഷശബ്ദം കേട്ടവൾ ചെവി രണ്ടും പൊത്തി പിടിച്ചു. അവസാനം രക്തത്തിൽ കുളിച്ചു കിടക്കുന്ന ആ ചെറുപ്പക്കാരന്റെ ചിത്രം മനസ്സിൽ വീണ്ടും തെളിയവേ ശരീരം മുഴുവൻ വേദന പടരുന്നത് അവളറിഞ്ഞു.

ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ ഒഴുകി ഇറങ്ങി. നേത്ര ഗോളങ്ങൾ മുകളിലേക്ക് മറിഞ്ഞു. കാലുകൾ തളർന്നു. ക്ഷണനേരം കൊണ്ടവൾ ബോധം മറഞ്ഞ് താഴേക്ക് വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഡോക്ടർ മഹാദേവന് മുന്നിൽ ഇരിക്കുമ്പോൾ അയാളുടെ മനസ്സ് അശാന്തമായിരുന്നു. നിലത്ത് ബോധമറ്റ് കിടക്കുന്ന മകളുടെ ചിത്രം അയാളിൽ വേദന നിറച്ചു. ഉള്ളിലെ അകാരണമായ ഭയത്താലും വേദനയാലും അയാളുടെ കണ്ണുകൾ നിറഞ്ഞു. ശരീരം വിറകൊണ്ടു. തനിക്ക് മുന്നിൽ വിയർത്ത് കുളിച്ച് ഇരിക്കുന്ന ജോണിനെ കാൺകെ മഹാദേവന്റെ ഉള്ളിൽ സങ്കടം നിറഞ്ഞു. അയാളിലെ അച്ഛന്റെ നോവ് തിരിച്ചറിഞ്ഞ് ഡോക്ടർ ജോണിന് നേരെ ഒരു ഗ്ലാസ്സ് വെള്ളം നീട്ടി. തനിക്ക് നേരെ നീട്ടിയ വെള്ളം ആർത്തിയോടെ വാങ്ങി കുടിക്കുന്ന അയാളെ ഡോക്ടർ അലിവോടെ നോക്കിയിരുന്നു. ലോകത്ത് ഒരച്ഛനും സ്വന്തം മകൾക്ക് വേണ്ടി ഇത്രയേറെ നീറിയിരിക്കില്ല. അയാൾ മനസ്സിൽ ഓർത്തു. John are you ok?????? ടേബിളിൽ വെച്ചിരുന്ന അയാളുടെ കയ്യിൽ പിടിച്ച് ചോദിച്ചു. അയാൾ അതേയെന്നർത്ഥത്തിൽ തലയാട്ടി. സീ മിസ്റ്റർ ജോൺ. എമി ഇപ്പൊ പൂർണ്ണമായും ഓക്കേ ആണ്. പെട്ടെന്ന് ജെറിയും ഒത്തുള്ള ആ ഫോട്ടോ കണ്ടതിന്റെ ഷോക്ക് അതിൽ നിന്ന് ഉടലെടുത്ത പഴയകാല ഓർമ്മകൾ ശരീരത്തിൽ ഉണ്ടാക്കിയ പ്രഷർ വേരിയേഷൻ കൊണ്ടാണ് ബോധക്ഷയം ഉണ്ടാക്കിയത്.

അത് കേട്ടയാൾ ഞെട്ടലോടെ തലയുയർത്തി ഡോക്ടറെ നോക്കി. താൻ ഞെട്ടണ്ട. എമിയുടെ ബോധ മനസ്സിൽ നിന്ന് ജെറിയേയും അവനുമൊത്ത് ചിലവഴിച്ച 6 മാസത്തെ ഓർമ്മകളും തുടച്ചു നീക്കിയെങ്കിലും അവളുടെ ഉപബോധ മനസ്സിൽ ഇപ്പോഴും അവയുണ്ട്. അതുകൊണ്ടാണ് ആ ഫോട്ടോ കണ്ടപ്പോൾ അവളുടെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായത്. ഇത് മുൻകൂട്ടി കണ്ടത് കൊണ്ടാണ് ഒരിക്കലും അവന്റെ ഓർമ്മകൾ വരുന്ന ഒന്നും ഈവൻ ജെറിയുടെ പേര് പോലും അവളിൽ നിന്ന് മറച്ചു വെക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടത്. ഇതിപ്പൊ ചെറിയൊരു ഇൻസിഡന്റ് ആയത് കൊണ്ട് കുഴപ്പമില്ല വീണ്ടും ഇനി ഇതുപോലെ ആവർത്തിച്ചാൽ മറവിയുടെ മൂടുപടമിട്ട് അവളിൽ നിന്ന് മറച്ചു വെച്ചതെല്ലാം വീണ്ടും അവളിലേക്ക് തിരിച്ചെത്തും പിന്നെ അറിയാല്ലോ കുസൃതി കാട്ടി നടക്കുന്ന ഈ എമി ആയിട്ട് അവളെ കാണാൻ കഴിഞ്ഞു എന്ന് വരില്ല. അത് കേൾക്കെ ഇരുണ്ട മുറിക്കുള്ളിൽ ആരോടും മിണ്ടാതെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ഒതുങ്ങി കൂടിയിരുന്ന മകളുടെ ചിത്രം ഓർക്കവേ അയാളിൽ വേദനയും ആധിയും നിറഞ്ഞു. ഡോക്ടർ എന്റെ കുഞ്ഞ്.......... അയാളുടെ സ്വരം ഇടറി. ജോൺ റിലാക്സ് എമിക്ക് ഇപ്പൊ ഒരു കുഴപ്പവുമില്ല. ബോധം തെളിഞ്ഞാൽ അവൾക്ക് ഇന്ന് ആ മുറിക്കുള്ളിൽ കണ്ടതൊന്നും ഓർമ്മയിൽ ഉണ്ടാവില്ല.

അതോർത്ത് താൻ ടെൻഷൻ അടിക്കണ്ട ഇനി ഇതുപോലുള്ള അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനാ ഞാൻ പറഞ്ഞത്. ഇല്ല ഡോക്ടർ ഇനി ഇങ്ങനൊന്നും ആവർത്തിക്കില്ല. സത്യത്തിൽ എന്റെ തെറ്റാ ചെന്നൈയിൽ വെച്ച് തന്നെ ജെറിയുടെ ഓർമ്മകൾ വരുന്നതെല്ലാം ഉപേക്ഷിച്ചിട്ട് പോരേണ്ടതായിരുന്നു. പക്ഷെ അങ്ങനെ ചെയ്യാതെ അതെല്ലാം കൊണ്ടുവന്ന് ആ മുറിയിൽ തന്നെ ഭദ്രമായി അടച്ചു സൂക്ഷിച്ചു. പലതവണ എമി അതിനകത്ത് എന്താണെന്ന് അറിയാൻ ശ്രമിച്ചിരുന്നു. പക്ഷെ അപ്പോഴെല്ലാം ഓരോ മുട്ടാപോക്ക് ന്യായം പറഞ്ഞ് ഞങ്ങൾ അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. പിന്നീട് ആ മുറിയെപ്പറ്റി അവൾ മറന്നിരിക്കുകയായിരുന്നു. പക്ഷെ എന്റെ മുറിയിൽ നിന്ന് താക്കോൽ എടുത്ത് അവളാ മുറി തുറക്കും എന്ന് ഞാൻ കരുതിയില്ല. നിരാശയോടെ അയാൾ പറഞ്ഞു നിർത്തി. പോട്ടെടോ ഇനി ഇതുപോലെ കെയർലെസ്സ് ആവാതെ ഇരുന്നാൽ മതി. ആശ്വസിപ്പിക്കാൻ എന്നോണം ഡോക്ടർ അയാളുടെ ചുമലിൽ തട്ടി. പാവമാ എന്റെ കുഞ്ഞ്. എന്നും അവൻ എന്റെ കുഞ്ഞിനെ വേദനിപ്പിച്ചിട്ടേ ഉള്ളൂ. ഒടുവിൽ സത്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞപ്പോൾ തിരികെ വന്ന് ഞങ്ങൾ എല്ലാവരോടും മാപ്പ് പറഞ്ഞ് അവളെ സ്നേഹം കൊണ്ട് മൂടുമ്പോൾ അറിഞ്ഞിരുന്നില്ല

ദുഃഖത്തിന്റെ പടുകുഴിയിലേക്ക് എന്റെ കുഞ്ഞിനേയും ഞങ്ങളെയും തള്ളിയിടനായിരുന്നുവെന്ന്. ഒരായുസ്സിലേക്കുള്ള മുഴുവൻ സ്നേഹവും ആറ് മാസം കൊണ്ടവൻ നൽകി എന്നെന്നേക്കുമായി പോയി. വേണ്ടിയിരുന്നില്ല കൊന്നോളം മോഹങ്ങളും ഓർമ്മകളും ഏകി മറയാനായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതത്തിലേക്ക് അവൻ വരേണ്ടിയിരുന്നില്ല. അവൻ പോയതിൽ പിന്നെ എന്റെ കുഞ്ഞ് നേരാവണ്ണം ഒന്ന് ചിരിച്ചു കണ്ടത് അച്ചുവിനെ കണ്ടതിന് ശേഷമായിരുന്നു. അച്ചുവിനെ കണ്ട ആ ദിവസം എന്റെ ഓർമ്മയിൽ എന്റെ കുഞ്ഞിനെ അത്രയേറെ സന്തോഷത്തോടെ ഞാൻ അതിന് മുന്നേ ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷെ റോണിയെ കൊണ്ടോ ജെറിയെ കൊണ്ടോ പോലും അവളെ ഇത്ര ഹാപ്പി ആക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെയാ എത്രയും വേഗം അവരുടെ കല്യാണം നടത്താൻ ഞാൻ നിർബന്ധം പിടിച്ചതും. എന്റെ മോളുടെ ജീവിതത്തെ കുറിച്ച് ഓർത്തപ്പോൾ ഞാനൊരു സ്വാർത്ഥൻ ആയിപ്പോയി. അച്ചുവിന് ഇതിനെ പറ്റി അറിയോ????

അറിയാം. അവനെന്നെ ആദ്യം കാണാൻ വന്ന അന്ന് തന്നെ എല്ലാം ഞാനവനോട് പറഞ്ഞിരുന്നു. നാളെ ഒരുനാൾ ജെറിയുടെ ഓർമ്മകൾ അവളിൽ വീണ്ടും തിരിച്ചെത്തിയാൽ ചിലപ്പോൾ അവളൊരു മുഴുഭ്രാന്തി ആയി മാറിയേക്കാം പിന്നീട് ചികിത്സ ഒന്ന് കൊണ്ട് മാത്രമേ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയൂ എന്നെല്ലാം ഞാനവനെ പറഞ്ഞു മനസ്സിലാക്കിയിരുന്നു. എല്ലാം അറിഞ്ഞാൽ ചിലപ്പോൾ അവൻ എമിയെ വേണ്ടെന്ന് പറയും എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവന് എമിയോടുള്ള സ്നേഹത്തിന് മുന്നിൽ ഈ ഞാൻ പോലും തോറ്റ് പോവുകയായിരുന്നു. എല്ലാം അറിഞ്ഞപ്പോൾ അവൻ ഒന്നേ പറഞ്ഞുള്ളൂ എമിയെ അവന്റെ പാതിയായി വേണമെന്ന്. എന്തൊക്കെ വന്നാലും അവൻ എന്റെ മോളെ വേണ്ടെന്ന് വെക്കില്ല എന്നെനിക്കുറപ്പുണ്ട്. അവനോളം എന്റെ മോളെ മനസ്സിക്കാൻ മാറ്റാരെക്കൊണ്ടും കഴിയില്ല. അത് പറയുമ്പോൾ സന്തോഷത്താൽ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. ഏയ് എന്താടോ ഇത്????

താൻ ഇങ്ങനെ ഇമോഷണൽ ആവാതെ ദേ ബോധം തെളിയുമ്പോൾ കരഞ്ഞ് പിഴിച്ചിരിക്കുന്ന പപ്പയെ അല്ല അവൾക്ക് കാണേണ്ടത്. ഇന്നിങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ല എന്ന രീതിയിൽ വേണം അവളോട് പെരുമാറാൻ. നിങ്ങളുടെ എല്ലാവരുടെയും കരഞ്ഞ മുഖം കണ്ടാൽ അവൾക്ക് സംശയം തോന്നാം. അതുകൊണ്ട് താൻ ചെന്ന് പുറത്തിരിക്കുന്നവരെ എല്ലാം കാര്യം പറഞ്ഞ് മനസ്സിലാക്കാൻ നോക്ക് ചെല്ല്. അയാൾ പറയുന്നത് കേട്ടതും മുഖത്തെ കണ്ണട എടുത്തു മാറ്റി അയാൾ മുഖം അമർത്തി തുടച്ചു. ശേഷം ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഡോക്ടറുടെ റൂമിൽ നിന്ന് വെളിയിൽ ഇറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ ചെന്നെത്തിയത് ഹോസ്പിറ്റൽ ബെഞ്ചിൽ കരഞ്ഞ് തളർന്നിരിക്കുന്ന സ്റ്റെല്ലയിലും അവർക്കരികിൽ തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന റോണിയിലുമായിരുന്നു. അയാളെ കണ്ടതും സ്റ്റെല്ല ഓടി അയാൾക്കരികിൽ അണഞ്ഞു. ഡോക്ടർ എന്നാ പറഞ്ഞ് ഇച്ചായാ???? നമ്മുടെ മോള്........ സ്റ്റെല്ല വിങ്ങി പൊട്ടി. നീ കരയാതെ എന്റെ സ്റ്റെല്ലേ. നമ്മുടെ കുഞ്ഞിന് ഒന്നുല്ല. ആ ഫോട്ടോ പെട്ടെന്ന് കണ്ടപ്പോൾ ആ ഷോക്കിൽ ബോധം കെട്ട് വീണതാ. ബോധം വന്നാൽ അവൾക്ക് ആ ഫോട്ടോയുടെ കാര്യം ഒന്നും ഓർമ്മയുണ്ടാവില്ല.

താൻ സമാധാനിക്കെടോ. അവരെ നെഞ്ചോട് ചേർത്ത് നിർത്തി അയാൾ സമാധാനിപ്പിച്ചു. ഞാൻ പേടിച്ചു പോയി ഇച്ചായാ വീണ്ടും നമ്മുടെ മോൾ പഴയത് പോലെ....... ബാക്കി പറയാൻ ആവാതെ അവർ വിങ്ങി. ഒന്നുല്ലടോ നമ്മുടെ മോൾക്ക് ഒന്നുല്ല. ബോധം വീഴുമ്പോൾ അവൾ നമ്മുടെ കുറുമ്പി തന്നെ ആയിരിക്കും. എന്നിട്ടും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ദേ കണ്ണ് തുറക്കുമ്പോൾ ഇതുപോലെ കരഞ്ഞിരിക്കുന്ന തന്നെ കണ്ടാൽ അവൾക്ക് വിഷമം ആവും. എത്ര തല്ല് കൂടിയാലും തന്റെ കണ്ണൊന്ന് നിറഞ്ഞാൽ അവൾക്ക് സഹിക്കാൻ കഴിയില്ല എന്നറിഞ്ഞൂടെ???? ചെല്ല് ചെന്ന് ഈ മുഖമൊക്കെ ഒന്ന് കഴുകിയിട്ട് വാ........ അയാൾ അവരുടെ കവിളിൽ തട്ടി. ഡാ നിന്നോടും കൂടിയാ പറയുന്നത് ഇങ്ങനെ മോങ്ങിക്കൊണ്ട് നിക്കണ നിന്നെ കണ്ടാൽ ഹോസ്പിറ്റൽ ആണെന്നൊന്നും അവൾ നോക്കൂല ഐവി സ്റ്റാൻഡ് എടുത്ത് നിന്റെ തലമണ്ടക്ക് അടിക്കും. കളിയായി അയാൾ പറഞ്ഞു നിർത്തവേ അറിയാതെ പോലും ആശ്വാസത്തിന്റെ ഒരു കുഞ്ഞു പുഞ്ചിരി അവന്റെ മുഖത്ത് വിരിഞ്ഞു.

അത്രയും നേരം കാർമേഘങ്ങളാൽ മൂടപ്പെട്ട മനസ്സിൽ തണുപ്പ് പടരുന്നത് അവനറിഞ്ഞു. അയാൾ പറഞ്ഞത് അനുസരിച്ച് സ്റ്റെല്ലയേയും കൂട്ടി അവൻ അവിടെ നിന്ന് നടന്നകന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമി ഹോസ്പിറ്റലിൽ ആണെന്ന വിവരം അറിഞ്ഞതും ബുള്ളറ്റ് എടുത്ത് ഹോസ്പിറ്റലിലേക്ക് പായുകയായിരുന്നു അച്ചു. താഴെ പാർക്കിങ്ങിൽ എത്തി ഒരുവിധം വണ്ടി പാർക്ക്‌ ചെയ്ത് കീ പോലും എടുക്കാതെ അകത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. എൻക്വയറിയിൽ ചെന്ന് എമിയെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന മുറി ചോദിച്ചറിഞ്ഞ് ലിഫ്റ്റിന് പോലും കാത്ത് നിക്കാതെ അവൻ മുകളിലേക്കുള്ള പടികൾ ഓടി കയറി. ഓടി പിടഞ്ഞ് സെക്കന്റ്‌ ഫ്ലോറിലേക്ക് എത്തുമ്പോൾ റൂമിന് വെളിയിൽ നിൽക്കുന്ന ജോണിനെ കണ്ടതും അവൻ ഓടി അയാൾക്കരികിൽ എത്തി. കിതപ്പോടെ വിയർത്തു കുളിച്ച് തനിക്ക് മുന്നിൽ വന്ന് നിൽക്കുന്ന അവനെ അയാൾ ഒരു നിമിഷം നോക്കി നിന്നു. ഇട്ടിരുന്ന കറുത്ത ഷർട്ട്‌ വിയർപ്പിൽ കുതിർന്ന് അവന്റെ ശരീരത്തിൽ ഒട്ടിയിരുന്നു. എമിക്ക് എങ്ങനെയുണ്ട് എന്നറിയാനുള്ള വ്യഗ്രതയും ടെൻഷനും മുഖത്ത് തെളിഞ്ഞിരുന്നു. പപ്പ എമിക്ക്..... ഇപ്പൊ...... കിതപ്പോടെ അവൻ നിർത്തി. ഒന്നുല്ലടാ പെട്ടെന്നുള്ള ഷോക്കിൽ ഒന്ന് തലച്ചുറ്റി വീണു അത്രേ ഉള്ളൂ.

അയാൾ അവനെ ആശ്വസിപ്പിച്ചു. നടന്നതെല്ലാം അവനോട് പറയുമ്പോൾ എല്ലാം കേട്ട് കഴിയവേ അവന്റെ മുഖത്ത് ആശ്വാസം പടരുന്നത് അയാൾ കണ്ടു. ഞാനൊന്ന് കയറി കണ്ടോട്ടെ???? പ്രതീക്ഷയോടെ അവൻ അയാളെ നോക്കി. കയറി കാണുന്നതിന് കുഴപ്പമില്ല പക്ഷെ ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. അത് സാരമില്ല എനിക്കൊന്ന് കണ്ടാൽ മതി. അത് കേട്ടയാൾ അവനെ ഒന്ന് നോക്കി. തന്റെ മകളെ പ്രാണനെക്കാൾ ഏറെ സ്നേഹിക്കുന്നവൻ. അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നത് അവളോടുള്ള കരുതലായിരുന്നു സ്നേഹമായിരുന്നു അതിലപ്പുറം അവളുടെ അവസ്ഥയെ ഓർത്തുള്ള വേദനയായിരുന്നു. ചെല്ല് പോയി കണ്ടോ. അയാൾ അവന്റെ ചുമലിൽ തട്ടി. പപ്പ വരുന്നില്ലേ????? സംശയത്തോടെ അവൻ അയാളെ നോക്കി. വേണ്ടച്ചൂ എനിക്ക് അവൾ കണ്ണ് തുറന്നിട്ട്‌ കണ്ടാൽ മതി. ബോധമില്ലാതെ ഉള്ള ആ കിടപ്പ് കാണാൻ വയ്യ. അതും പറഞ്ഞയാൾ തിരിഞ്ഞു നിന്നു. അവൻ ഒരുനിമിഷം അയാളെ ഒന്ന് നോക്കി. ശേഷം റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി.

അകത്ത് ബെഡിൽ വാടിതളർന്ന് കിടക്കുന്ന എമിയെ കണ്ടതും അവന്റെ ഉള്ളിൽ നോവ് പടർന്നു. നടന്ന് അവൾക്കരികിൽ ചെന്ന് നിൽക്കുമ്പോൾ അവന്റെ കണ്ണുകൾ അടഞ്ഞു കിടന്ന അവളുടെ കൺപോളകളിലായിരുന്നു. അവളെ തന്നെ നോക്കി കൊണ്ടവൻ അവൾക്കരികിലായി ചെയർ വലിച്ചിട്ട് ഇരുന്നു. വലതു കയ്യിൽ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്. ബെഡിൽ കിടന്ന അവളുടെ ഇടതു കൈ എടുത്ത് തന്റെ ഇരുകയ്യും കൊണ്ട് പൊതിഞ്ഞു പിടിച്ചു. കണ്ണുകൾ ഈറനണിഞ്ഞു. മെല്ലെ അവളുടെ കയ്യിൽ ചുണ്ട് ചേർത്തവൻ നെഞ്ചോട് ചേർത്ത് പിടിച്ചു. തന്റെ ഇടതു കൈ കൊണ്ട് അവളുടെ കൈവിരലുകളിൽ കോർത്തു പിടിച്ച് വലതു കൈ ഉയർത്തി നെറുകിൽ തലോടി. വിറയ്ക്കുന്ന അധരങ്ങളാൽ അവളുടെ പുരിക കൊടികൾക്കിടയിൽ ചുണ്ട് ചേർക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി മിഴിനീർ അവളുടെ നെറുകിൽ വീണുടഞ്ഞു......... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story