ഹൃദയതാളമായ്: ഭാഗം 37

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

റോണി അച്ചുവിനെ നോക്കി ഇരിക്കുമ്പോൾ തന്നെ ആയിരുന്നു അവൻ തലയുയർത്തി നോക്കുന്നത്. മ്മ്മ്മ്...... ഒറ്റ പിരികം ഉയർത്തി അവൻ നോക്കിയതും. ഒന്നുല്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി. അച്ചു അവനെ ഒന്നിരുത്തി നോക്കി വീണ്ടും ഫോണിൽ കുത്താൻ തുടങ്ങി. കഞ്ഞി കുടിച്ച് കഴിഞ്ഞതും അവൾ ഒരു ഏമ്പക്കം വിട്ട് നിവർന്നിരുന്നു. കഞ്ഞി വേണ്ടന്ന് പറഞ്ഞു കാറിയവളാ ഇപ്പൊ മൂക്ക് മുട്ടെ വെട്ടി വിഴുങ്ങിയിട്ട് ഏമ്പക്കം വിടുന്നത്. റോണി അവളെ നോക്കി പുച്ഛിച്ചു. അവളെ തിരികെ ചുണ്ട് കോട്ടി. ഇന്നാ മരുന്ന് കഴിക്ക്. കയ്യിൽ രണ്ട് ഗുളികയും ഒരു കുപ്പി വെള്ളവുമായി സ്റ്റെല്ല അവൾക്കരികിൽ എത്തി. മരുന്ന് കഴിക്കാൻ മടിയായിട്ട് കൂടി അവൾ ചുണ്ട് കൂർപ്പിച്ച് അത് വാങ്ങി വേഗം കഴിച്ചു. പിന്നെ വെള്ളം കുപ്പി സ്റ്റെല്ലയെ തന്നെ തിരികെ ഏല്പിച്ചു. പല്ല് തേക്കാതെ കഞ്ഞി മുണുങ്ങിയതോ പോട്ടെന്ന് വെക്കാം അറ്റ്ലീസ്റ്റ് ആ വാ എങ്കിലും കഴുകിക്കൂടെ????? എന്തിന്?????? അതിന്റെ ഒരാവശ്യവുമില്ല.

പറയുന്നതിനൊപ്പം അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു. റോണി ഒരുനിമിഷം അവളെ തന്നെ നോക്കിയിരിന്നുപോയി. ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒരെണ്ണം. നിന്റെ ഒരു കമ്മൽ എവിടെടീ???? അവളുടെ ഒഴിഞ്ഞ കാത് ശ്രദ്ധയിൽ പെട്ടതും അവൻ സംശയത്തോടെ ചോദിച്ചു. അവന്റെ ചോദ്യം കേൾക്കുമ്പോഴാണ് എല്ലാവരും അത് ശ്രദ്ധിക്കുന്നത്. ശരിയാണല്ലോ നിന്റെ കമ്മൽ എന്തേ എമീ????? സ്റ്റെല്ല ഗൗരവത്തോടെ ചോദിച്ചു. അതമ്മാ രാവിലെ സ്റ്റെയർ ഇറങ്ങി വന്നപ്പോഴാണ് അത് കാതിൽ നിന്ന് തെറിച്ചു പോയത്. ആ കമ്മൽ അന്വേഷിച്ചാ ഞാനാ മുറിയിൽ കയറിയത്. അപ്പൊ കമ്മലും കൊണ്ടുപോയി കളഞ്ഞല്ലേ???? ഗൗരവത്തിൽ ഇടുപ്പിൽ കൈകുത്തി സ്റ്റെല്ല ചോദിച്ചതും അവൾ തല കുനിച്ചു. നിനക്ക് ഒരു ശ്രദ്ധയും ഇല്ലല്ലോ എമീ. ഇപ്പോഴും കൊച്ചുകുട്ടി ആണെന്നാണോ വിചാരം???? നിന്റെ ശ്രദ്ധക്കുറവ് കാരണം ഞങ്ങൾ ഇത്രയും പേര് എന്തോരം തീ തിന്നെന്ന് നിനക്കറിയാവോ????? ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അവർ ചോദിക്കവെ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. മതി സ്റ്റെല്ലേ അവൾ കുഞ്ഞല്ലേ.... മനഃപൂർവം ചെയ്തത് ഒന്നുമല്ലല്ലോ??? ഇനി അവൾ ആവർത്തിക്കില്ല അല്ലെ കുഞ്ഞാ????

ജോൺ അവളെ ചേർത്ത് പിടിച്ചു ചോദിച്ചതും അവൾ കുഞ്ഞു കുട്ടികളെ പോലെ തലയാട്ടി അയാളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു. ഓഹ് വന്നല്ലോ വക്കാലത്തുമായി അപ്പൻ. ലോകത്ത് വേറെ ആർക്കും പെണ്മക്കൾ ഇല്ലാത്തത് പോലെയാ ഇവിടെ ഓരോരുത്തരുടെ കളി. പപ്പയും മോളും കൂടി എന്താന്ന് വെച്ചാൽ ആയിക്കൊ ഞാനൊന്നും പറയാൻ വരുന്നില്ല ഹും...... മുഖം വീർപ്പിച്ച് സ്റ്റെല്ല അവിടെ നിന്നുപോയി. പപ്പയ്ക്ക് ഈ കുശുമ്പി അമ്മയെ മാത്രേ കിട്ടിയുള്ളോ????? രഹസ്യം പോലെ ശബ്ദം താഴ്ത്തി അവൾ അയാളോട് ചോദിച്ചു. അതുകൊണ്ടല്ലേ എനിക്കെന്റെ ഈ കുറുമ്പിയെ കിട്ടിയത്. അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ടയാൾ ചോദിക്കവെ കുറുമ്പൊടെ ചിരിച്ചു കൊണ്ടവൾ അയാളെ ഇറുകെ പുണർന്നിരുന്നു. അച്ചു നോക്കിക്കാണുകയായിരുന്നു അവർ തമ്മിലുള്ള ബോണ്ടിങ്. ഓരോ അച്ഛനും തന്റെ മകൾ ഒരു രാജകുമാരി ആണെന്ന് പറയുന്നത് എത്ര ശരിയാണെന്നവന് തോന്നി. അവൻ ഒരുനിമിഷം തന്റെ ഡാഡിയെ കുറിച്ച് ആലോചിച്ചു.

ഇതുപോലെ തന്നെ ആയിരിക്കില്ലേ ഡാഡിയും അനുവിനെ സ്നേഹിച്ചത്???? തന്റെ മകളുടെ കുറുമ്പുകളെയും കുസൃതികളെയും ആവോളം ആസ്വദിച്ചത് ഉള്ളിലെ അടങ്ങാത്ത വാത്സല്യം കൊണ്ടായിരുന്നില്ലേ???? ആഗ്രഹിക്കുന്നതെന്തും വാങ്ങി നൽകിയിരുന്നത് അവളോടുള്ള അമിത സ്നേഹം കൊണ്ടായിരുന്നില്ലേ?????? ഒരിക്കൽ പോലും അവളുടെ കണ്ണുകൾ നിറയാൻ അനുവദിക്കാതിരുന്നത് അവളുടെ ഓരോ കണ്ണുനീർ തുള്ളിക്കും പിടയുന്നത് സ്വന്തം ഹൃദയം ആയിരുന്നത് കൊണ്ടല്ലേ?????? പിന്നെ എവിടെയാണ് തെറ്റിയത്????? അതേ.....മകളെ ശാസിക്കുന്നതിൽ തെറ്റ് തിരുത്തി പറഞ്ഞ് മനസ്സിലാക്കുന്നതിൽ അവിടെയാണ് ഡാഡിക്ക് പിഴവ് പറ്റിയത്. തെറ്റ് ചെയ്യുമ്പോൾ എമിയെ പപ്പ സ്നേഹത്തോടെ തിരുത്തുകയാണ് ചെയ്തത് എന്നാൽ ഡാഡി അവളെ ശാസിക്കുന്നവരെ ആയിരുന്നു തിരുത്തിയത്. ഒരുതരത്തിൽ അതൊരു പ്രോത്സാഹനം ആയിരുന്നില്ലേ???? അവിടെയാണ് ഡാഡിയിൽ നിന്ന് പപ്പ വ്യത്യസ്തനാവുന്നത്. തന്റെ വാക്കുകളിലെ വസ്തുതകൾ ഉൾക്കൊണ്ട്‌ അത്‌ അനുസരിക്കുന്ന ഒരു മകൾ അത് ഏതൊരു അച്ഛന്റെയും വിജയമാണ്. അതിന് ഒരേ ഒരു കാരണമേ ഉള്ളൂ, സ്നേഹം.......

സ്നേഹം കൊണ്ട് തിരുത്താൻ കഴിയാത്തതായി ലോകത്ത് ഒന്നുമില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുന്നിൽ കാണുന്നത്. പപ്പയുടെ സ്നേഹത്തോടെയുള്ള ഒരു ശാസനയിൽ പൂച്ചക്കുഞ്ഞിനെ പോലെ ഒതുങ്ങുന്ന എമി. ശിക്ഷ കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് മക്കളെ തിരുത്തേണ്ടത് എന്നതിന് ഉത്തമ ഉദാഹരണം. ജോണിലെ അച്ഛനോട് അവന് അതിയായ ബഹുമാനം തോന്നിപ്പോയി. ഇതുപോലെ ഒരു മകളെ സ്നേഹിക്കാനും കരുതലോടെ വളർത്താനും മാറ്റാരെകൊണ്ടും കഴിയില്ല എന്നവന് തോന്നി. അവർ ഇരുവരിലും നോട്ടം ഉറപ്പിച്ചു കൊണ്ടവൻ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എനിക്ക് പാടില്ലാത്തത് കൊണ്ട് നാളെ കോളേജിൽ പോവണ്ടായിരിക്കും അല്ലെ പപ്പേ????? കുറച്ചു നേരം കഴിഞ്ഞ് അയാളുടെ നെഞ്ചിൽ നിന്ന് തലയുയർത്തി അവൾ നിഷ്കളങ്കമായി ചോദിച്ചു. ഇവൾ പോവാത്തത് കൊണ്ട് ഞാനും പോവുന്നില്ല. റോണിയും രംഗത്ത് വന്നു. അതിന് വയ്യാത്തത് അവൾക്കല്ലേ???? ആലീസ് അവനെ കലിപ്പിൽ നോക്കി. അതേ വയ്യാത്തത് ഇവൾക്കാണ് പക്ഷെ ഞാൻ പോയാൽ ഇവൾക്കാരാ കൂട്ട്. ഞാനില്ലെങ്കിൽ ഇവൾ ഒറ്റപെട്ടു പോവില്ലേ??? അപ്പൊ ഇവൾക്ക് സങ്കടം വരില്ലേ???? സങ്കടം വന്നാൽ ഇവൾ കരയില്ലേ????

ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീഴാൻ ഞാൻ സമ്മതിക്കില്ല. അതും പറഞ്ഞവൻ ഇല്ലാത്ത കണ്ണുനീർ തുടയ്ക്കുന്നത് പോലെ കാണിച്ച് അവളെ കെട്ടിപ്പിടിച്ചു. ഓവർ ആക്ട് ചെയ്ത് ചവളവാക്കാതെടാ പുല്ലേ......... അവന്റെ അഭിനയ മികവ് കണ്ട് പല്ല് കടിച്ച് കൊണ്ടവൾ അവന്റെ ചെവിയിൽ പറഞ്ഞു. രണ്ടും കൂടി വെറുതെ അടവൊന്നും ഇറക്കണ്ട നാളെ തന്നെ രണ്ടും കോളേജിൽ പൊക്കോളണം. മനസമ്മതത്തിന്റെയും കല്യാണത്തിന്റെയും പേരും പറഞ്ഞ് ഒരുപാട് ക്ലാസ്സ്‌ നീയൊക്കെ മുടക്കും അതിന്റെ കൂടെ ഇതും കൂടി വേണ്ട. സ്റ്റെല്ല അന്ത്യശാസന പുറപെടുവിച്ചു. അമ്മാ............ എമി ദയനീയമായി വിളിച്ചു. അതേ അമ്മ തന്നെയാ എന്തേ വല്ല സംശയോണ്ടോ????? സ്റ്റെല്ല ഒന്ന് കടുപ്പിച്ച് ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി. മ്മ്മ്മ്മ്.......... അവളെ നോക്കി ഒന്നിരുത്തി മൂളി അവർ തിരിച്ചു പോവുന്നത് കണ്ട് അവൾ ജോണിനെ നോക്കി ചുണ്ട് പിളർത്തി. അയാൾ ചിരിച്ചു കൊണ്ട് അവളെ നോക്കി കണ്ണ് ചിമ്മി. എന്നിട്ടും അവൾ പരിഭവത്തിൽ തന്നെ ഇരിക്കുന്നത് കണ്ട് അയാൾ അവളെ ചേർത്ത് പിടിച്ചു. കരുതലോടെയുള്ള ആ ചേർത്ത് പിടിക്കലിൽ അവളിലെ പരിഭവങ്ങൾ വിട്ടൊഴിയുകയായിരുന്നു.

അല്ലെങ്കിലും അച്ഛന്റെ തലോടലിൽ അലിഞ്ഞില്ലവുന്നതല്ലേ ഓരോ പെൺകുട്ടിയുടെയും പരിഭവങ്ങൾ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അൽപ്പ സമയം കഴിഞ്ഞതും ഡോക്ടർ വന്ന് നോക്കിയിട്ട് വൈകിട്ട് ഡിസ്ചാർജ് ചെയ്യാം എന്നറിയിച്ചു. അത്‌ കേട്ടപ്പോഴാണ് അവളുടെ മുഖത്ത് വെട്ടം വീണത്. അവൾക്ക് എങ്ങനെയെങ്കിലും ഒന്ന് ഹോസ്പിറ്റലിന് പുറത്തിറങ്ങിയാൽ മതിയെന്നായിരുന്നു. ഒരുതരം ജയിലിൽ കിടക്കുന്നത് പോലെയായിരുന്നു ആശുപത്രി കിടക്കയിൽ കിടന്നപ്പോൾ തോന്നിയിരുന്നത്. വൈകിട്ട് ഡിസ്ചാർജ് ആവും എന്നറിഞ്ഞതും സ്റ്റെല്ലയെ അയാൾ ആലീസിനും ജെയിംസിനും ഒപ്പം പറഞ്ഞു വിട്ടു. റോണി പിന്നെ എമിയുടെ ഒപ്പമേ പോരൂ എന്നറിയാവുന്നത് കൊണ്ട് ആരും നിർബന്ധിക്കാൻ പോയില്ല. അവരെല്ലാം യാത്ര പറഞ്ഞ് പോയതും റൂമിൽ അവർ നാല് പേരും മാത്രമായി. രാവിലെ മുതൽ ഇവിടെ നിൽക്കുന്നതല്ലേ നിങ്ങൾ പോയി വല്ലതും കഴിച്ചിട്ട് വാ ഇവിടെ ഇപ്പൊ ഞാനുണ്ടല്ലോ?????? നിശബ്ദതയ്ക്ക് ഭംഗം വരുത്തി കൊണ്ട് അച്ചു ജോണിനെയും റോണിയെയും നോക്കി പറഞ്ഞു.

അച്ചു പറഞ്ഞു തീരേണ്ട താമസം അവൻ ചാടി എഴുന്നേറ്റു. അത് ശരിയാ വിശന്നിട്ട് കണ്ണ് കാണാൻ വയ്യാ. അങ്കിൾ വരുന്നില്ലേ വാ നമുക്ക് പോയി കഴിച്ചിട്ട് വരാം അവളെ അളിയൻ നോക്കിക്കോളും. അതും പറഞ്ഞവൻ എമിയുടെ അരികിൽ നിന്ന് എഴുന്നേൽക്കാതെ ഇരിക്കുന്ന ജോണിനെ നോക്കി. എനിക്ക് വേണ്ട വിശപ്പില്ല. ഒരു കാര്യം ചെയ്യ് നിങ്ങൾ രണ്ടുപേരും പോയി എന്തെങ്കിലും കഴിച്ചിട്ട് വാ അച്ചുവും ഒന്നും കഴിച്ചിട്ടില്ലല്ലോ?????? അച്ചൂനെ ഒന്ന് നോക്കി അയാൾ പറഞ്ഞു. എന്റെ കാര്യം വിട് ഞാൻ രാവിലെ കഴിച്ചിട്ടാ വന്നത്. അതുപോലെ ആണോ നിങ്ങൾ രാവിലെ മുതൽ പട്ടിണിയാണെന്ന് പറയാതെ തന്നെ എനിക്കറിയാം. അതുകൊണ്ട് പപ്പ മറുത്തൊന്നും പറയണ്ട. ചെല്ല് ചെന്ന് കഴിച്ചിട്ട് വാ. അവൻ അയാളെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു. എന്നാലും...... ഒരെന്നാലുമില്ല പപ്പ പോയി കഴിച്ചിട്ട് വന്നേ. എനിക്ക് വേണ്ടി പപ്പ പട്ടിണി ഇരിക്കാൻ പാടില്ല. പോയി കഴിച്ചിട്ട് വാ... മടിച്ചു നിൽക്കുന്ന അയാളെ നോക്കി എമി കൂടി പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ അയാൾ റോണിക്കൊപ്പം പുറത്തേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അവരെ പറഞ്ഞു വിട്ടതിന് ശേഷം വാതിൽ ചാരി തിരിയുമ്പോൾ തന്നെ തന്നെ നോക്കി ഇരിക്കുന്ന അവളെ കണ്ടവൻ നെറ്റി ചുളിച്ചു. മ്മ്മ്.......... പിരികം ഉയർത്തി എന്തേ എന്നവൻ ചോദിച്ചു. അവൾ ഒരു ചിരിയോടെ അവനെ കൈകാട്ടി അടുത്തേക്ക് വിളിച്ചു. എന്നാടി????? അവളുടെ അടുത്തേക്ക് ചെന്നവൻ ചോദിച്ചു. മറുപടി ഒന്നും പറയാതെ അവളവനെ വലിച്ച് തനിക്കൊപ്പം ഇരുത്തി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഇങ്ങനെ ഇരിക്കാനാ വിളിച്ചത്. കുറുമ്പോടെ പറഞ്ഞവൾ അവനോട് ചേർന്നിരുന്നു. അത് കേട്ടവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ച് മുടിയിലൂടെ വിരലോടിച്ചു. ചിലപ്പോഴൊക്കെ കുഞ്ഞി പിള്ളേരുടെ സ്വഭാവാ നിനക്ക്. ആണോ????? അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി കുസൃതിയോടെ അവൾ ചോദിച്ചു. മ്മ്മ്മ്..... അപ്പോഴൊക്കെ കെട്ടിപ്പിടിച്ച് ഇതുപോലെ ഉമ്മ വെക്കാൻ തോന്നും. പറയുന്നതിനൊപ്പം അവളുടെ കവിളിൽ അവൻ ചുണ്ട് ചേർത്തിരുന്നു. അവളൊരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് അവന്റെ മാലയിൽ പിടിച്ചു കളിക്കാൻ തുടങ്ങി. ഇച്ചായാ......... മ്മ്മ്മ്......... ഇച്ചായാ......... എന്നാടി?????? ഇച്ചായന്‌ എന്നെ എന്തൊരു ഇഷ്ടമുണ്ട്??????

അവളുടെ ചോദ്യം കേട്ടവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി. വന്നു വന്ന് നീയിപ്പൊ ഒരുമാതിരി ടിപ്പിക്കൽ കാമുകിമാരെ പോലെ ആയിട്ടുണ്ട്. അറിയാനുള്ള കൊതികൊണ്ടല്ലേ ഡ്രാക്കൂ...... ചിണുങ്ങി കൊണ്ടവൾ അവന്റെ ഷർട്ടിന്റെ ബട്ടണിൽ പിടിച്ചു വലിച്ചു. ശരി പറയാം. ദേ ഈ വിരലിന്റെ അത്രേം ഇഷ്ടം. അവളുടെ തന്നെ ചൂണ്ട് വിരലിൽ പിടിച്ചു കൊണ്ടവൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു. പോ മിണ്ടണ്ട....... ദേഷ്യത്തിൽ മുഖം തിരിച്ചവൾ മാറി ഇരുന്നു. അതെങ്ങനെ ശരിയാവും നീ തന്നെയല്ലേ വിളിച്ച് ഇരുത്തിയത് ഞാൻ പോവില്ല... വീറോടെ പറഞ്ഞവൻ വയറിലൂടെ കൈ ചുറ്റി അവളെ തന്നിലേക്ക് വീണ്ടും ചേർത്തിരുത്തി. അവളൊന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു. അവളുടെ ഇരുപ്പ് കണ്ട് ഒരു ചിരിയോടെ അവൻ അവളുടെ തോളിൽ താടി കുത്തി. എമീ........ ആർദ്രമായി അവൻ വിളിച്ചു. അവൾ മിണ്ടാതെ എങ്ങോട്ടോ നോക്കിയിരുന്നു. എമീ........... വീണ്ടും മൗനം. എടി പൊടിക്കുപ്പീ.........

അവളുടെ കാതിൽ ചുണ്ട് ചേർത്ത് കൊണ്ടവൻ വീണ്ടും വിളിച്ചു. അത് കേട്ടതും ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി വിടർന്നെങ്കിലും അത് കാണിക്കാതെ അവൾ ഗൗരവത്തോടെ ഇരുന്നു. ഈ ലോകത്ത് മറ്റാരേക്കാളും മറ്റെന്തിനേക്കാളും എനിക്ക് നിന്നെയാ ഇഷ്ടമെന്ന് നിനക്ക് അറിഞ്ഞൂടേടീ???? കാതിലായി അവനത് പറയുമ്പോൾ അതുവരെ ഒളിപ്പിച്ചു വെച്ചിരുന്ന പുഞ്ചിരി ചുണ്ടിലേക്ക് വ്യാപിച്ചിരുന്നു. അതൊക്കെ അറിയാം പക്ഷെ അതിച്ചായന്റെ വായിൽ നിന്ന് കേൾക്കാൻ ഒരു കൊതി. കണ്ണിൽ കുസൃതി നിറച്ചു കൊണ്ടവൾ പറഞ്ഞതും അവൻ അവളുടെ കാതിൽ കടിച്ചു. ചുമൽ വെട്ടിച്ചു കൊണ്ട് നീങ്ങിയിരിക്കാൻ തുനിഞ്ഞ അവളെ അവൻ അതിന് വിടാതെ വീണ്ടും ചേർത്ത് പിടിച്ചു. പയ്യെ തിരിഞ്ഞവന്റെ നെഞ്ചിൽ മുഖമമർത്തി കിടക്കുമ്പോൾ ഇടയ്ക്കിടെ നെറുകിൽ അമരുന്ന അവന്റെ ചുംബനങ്ങൾ അവൾക്ക് താരാട്ടായി മാറുകയായിരുന്നു. മെല്ലെ കണ്ണുകളിൽ മയക്കം വന്ന് മൂടുന്നതും നിദ്രയിലേക്ക് വീഴുന്നതും അവളറിയുന്നുണ്ടായിരുന്നു. എങ്കിലും അവനിൽ നിന്ന് വിട്ടുമാറാൻ അവളുടെ മനസ്സ് മടിച്ചു. അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു. തന്റെ നെഞ്ചിൽ കിടന്ന് മയങ്ങുന്ന അവളെ എത്ര ചുംബിച്ചിട്ടും അവന് മതിയാവുന്നില്ലായിരുന്നു.

കണ്ണുകൾ പൂട്ടി ഉറങ്ങുന്ന അവളെ തന്നെ ഇമചിമ്മാതെ അവൻ നോക്കിയിരുന്നു. ഇടയ്ക്കെപ്പോഴോ മയക്കത്തിലേക്ക് വീഴും എന്ന് തോന്നിയതും അവളെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചു. എന്നാൽ തന്റെ ഷർട്ടിൽ അള്ളിപ്പിടിച്ചു കൊണ്ട് തന്നിലേക്ക് വീണ്ടും ചേരുന്ന അവളെ കണ്ടതും അവനാ ശ്രമം ഉപേക്ഷിച്ചു. വീണ്ടും അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ചലിപ്പിച്ച് അങ്ങനെ ഇരുന്നു. അൽപ്പനേരം കഴിഞ്ഞതും പതിയെ അവന്റെ കണ്ണുകളും അടഞ്ഞു പോയി. എന്നിരുന്നാലും മയക്കത്തിലേക്ക് വീഴുന്ന വേളയിലും അവന്റെ കൈകൾ അവളെ വിടാതെ ചേർത്ത് പിടിച്ചിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച് തിരികെ റൂമിലേക്ക്‌ വരുമ്പോഴുള്ള കാഴ്ച കണ്ട് ജോണിന്റെയും റോണിയുടെയും മുഖത്ത് ചിരി വിരിഞ്ഞു. ബെഡിൽ ചാരിയിരുന്ന് ഉറങ്ങുന്ന അച്ചുവും അവന്റെ നെഞ്ചിൽ തല ചേർത്ത് പതുങ്ങി കിടന്നുറങ്ങുന്ന എമിയും. അച്ചുവിന്റെ ഒരു കൈ അവളെ ചുറ്റിപ്പിടിച്ചിട്ടുണ്ട് മറുകൈകൊണ്ട് അവളുടെ തലയിലും ചേർത്ത് പിടിച്ചിട്ടുണ്ട്. മുന്നിലെ കാഴ്ച മനസ്സിൽ ഒരു തണുപ്പ് പടർത്തുന്നത് അയാളറിഞ്ഞു. ആത്മാനിർവൃതിയോടെ ഏറെനേരം അയാൾ ആ കാഴ്ച നോക്കി നിന്നു.

ആരോ കയ്യിൽ തട്ടുന്നത് പോലെ തോന്നി ഞെട്ടി കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ജോണിനെ കണ്ടതും അവനൊന്ന് ഇളിച്ചു. അറിയാതെ ഒന്ന് ഉറങ്ങി പോയി. ചമ്മലോടെ അവൻ പറഞ്ഞു. ഇതും അറിയാതെ ആയിരിക്കുമല്ലേ???? അവനെ നെഞ്ചിൽ കിടന്നുറങ്ങുന്ന എമിയെ ചൂണ്ടി റോണിയത് ചോദിക്കുമ്പോൾ സൈക്കിളിൽ നിന്ന് വീണത് മാതിരി ഒരു ചിരി ചിരിച്ചു. റോണിയത് കണ്ട് ചിരി കടിച്ചു പിടിച്ചു ആദ്യമായാണ് അവന്റെ ചമ്മിയ മുഖം ഒന്ന് കാണാൻ കഴിയുന്നത്. അത് ജോൺ കൂടെയുള്ളത് കൊണ്ടാണ് എന്നവന് അറിയാമായിരുന്നു. റോണിയുടെ ആക്കിയ നോട്ടവും ചിരിയും കണ്ട് അവനെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ടവൻ എമിയെ ബെഡിലേക്ക് കിടത്താൻ നോക്കി. എവിടെ ഉറക്കത്തിൽ ആണെങ്കിലും അട്ട പിടിച്ച കണക്ക് അവന്റെ ഷർട്ടിൽ പിടിച്ചിരിക്കയാണ് പെണ്ണ്. നീ അവളെ മാറ്റാൻ നോക്കണ്ട അച്ചൂ ആരെയെങ്കിലും കെട്ടിപ്പിടിച്ചു കിടന്നാൽ പിന്നെ ഉറക്കം ഉണരാതെ അവളവരുടെ മേലുള്ള പിടി വിടില്ല. വെറുതെ അവളുടെ ഉറക്കം കളയണ്ട അങ്ങനെ തന്നെ കിടന്നോട്ടെ. അയാൾ പറയുന്നത് കേട്ടതും അവന് സന്തോഷം തോന്നി. സത്യത്തിൽ അവളെ അടർത്തി മാറ്റാൻ അവനും മനസ്സില്ലായിരുന്നു

പിന്നെ അയാൾ എന്ത് വിചാരിക്കും എന്നോർത്ത് ഒരു ചടപ്പ് തോന്നി. അവസാനം രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നുതന്നെ. കല്യാണം കഴിയുന്നതിന് മുന്നേ സ്വന്തം കാമുകിയെ അവന്റെ അച്ഛന്റെ മുന്നിൽ വെച്ച് തന്നെ കെട്ടിപ്പിടിച്ചു കിടക്കണമെങ്കിൽ അതിനൊരു റേഞ്ച് വേണം. അച്ചു അവളെ ഒന്നുകൂടി ചേർത്ത് പിടിച്ച് റോണിയെ നോക്കി പുച്ഛിച്ചു. പെണ്ണും പിടക്കോഴിയും ഇല്ലാത്ത റോണി നഷ്ടസ്വർഗങ്ങളെ പാടി ബൈ സ്റ്റാൻഡർ ബെഡിൽ പോയിരുന്നു. വിഷമം മാറ്റാൻ വാട്സാപ്പ് എടുത്ത് അഞ്ചാറ് സിംഗിൾ സ്റ്റാറ്റസ് നിരത്തി പിടിച്ച് ഇട്ട് റിപീറ്റ് അടിച്ചു കണ്ടു. ഒരു മനസമാധാനം. ഈ സമയം അച്ചുവും ജോണും കൂടി ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. തന്നോട് സംസാരിക്കുമ്പോഴും എമിയുടെ തലയിൽ തഴുകികൊണ്ടിരിക്കുന്ന അവനെ ഒരു ചിരിയോടെ അയാൾ നോക്കിയിരുന്നു. എമിയെ ഒത്തിരി ഇഷ്ടമാണല്ലേ?????? അയാളുടെ ചോദ്യത്തിന് മറുപടിയായി അവനൊന്ന് പുഞ്ചിരിച്ചു. ഒരുപാട്.......... അത് പറയുന്നതിനൊപ്പം അവനവളെ കൂടുതൽ തന്നിലേക്ക് ചേർത്തിരുന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story