ഹൃദയതാളമായ്: ഭാഗം 39

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ജെറിയുടെ ചിത്രത്തിലേക്ക് ഒന്ന് നോക്കിയവൻ ചെയറിലേക്ക് ചാഞ്ഞിരുന്നു. മനസ്സിൽ ആദ്യമായി ജോണിനെ കാണാൻ പോയ ദിവസം തെളിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നാട്ടിൽ എത്തിയതും ജോണിന്റെ നമ്പർ സംഘടിപ്പിച്ച് ആദ്യം തന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. എല്ലാം കേട്ടപ്പോൾ നേരിട്ട് കാണാം എന്ന മറുപടി ആണ് അയാളിൽ നിന്ന് ലഭിച്ചത്. ഇടവക പള്ളിയിൽ വെച്ച് കാണാം എന്ന് ഫോണിലൂടെ പറഞ്ഞത് പ്രകാരം ജോണിനെ കാണാൻ പോവുകയായിരുന്നു അവൻ. യാത്രക്കിടയിൽ പലവിധ ചിന്തകൾ അവനെ അലട്ടി. മകളെ കെട്ടിച്ചു തരില്ല എന്നെങ്ങാനും പറഞ്ഞാൽ തൂക്കിയെടുത്തോണ്ട് പോരുന്നതല്ലാതെ വേറെ വഴിയൊന്നുമില്ല. പണ്ടേ തമ്മിൽ നല്ല സ്നേഹത്തിലായത് കൊണ്ട് വിളിച്ചാൽ കൂടെ ഇറങ്ങിപോരില്ല എന്ന് നൂറു ശതമാനം ഉറപ്പാണ്. ആകെയുള്ള ആശ്വാസം പലപ്പോഴായി അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്ന പപ്പയെന്ന സ്നേഹകടലിനെ പറ്റിയുള്ള അറിവുകൾ മാത്രമാണ്.

മകൾക്ക് ഉമ്മയും കൊടുത്ത് ഐ ലവ് യൂ പറഞ്ഞ് മുങ്ങിയ ആൾക്ക് മകളെ കെട്ടിച്ചു തരാൻ വിശ്വാസമില്ല എന്നെങ്ങാനും പറഞ്ഞാൽ കാലിൽ വീഴൽ അല്ലാതെ മറ്റൊരു വഴിയുമില്ല. കയ്യും കാലും പിടിച്ചിട്ടായാലും അങ്ങേരെ കൺവീൻസ് ചെയ്ത് അവളെ കെട്ടണം. മാതാവേ കൂടെ നിന്നേക്കണേ...... മനസ്സിൽ ഒരായിരം തവണ പ്രാർത്ഥിച്ചു കൊണ്ടവൻ പള്ളിയുടെ മുന്നിൽ വണ്ടി നിർത്തി. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കുറച്ചു ദൂരെ മാറി നിർത്തിയിട്ടിരിക്കുന്ന കാറിലേക്കും അതിൽ ചാരി ആരെയോ കാത്തെന്നത് വണ്ണം നിൽക്കുന്ന മധ്യവയസ്കനായ ഒരു മനുഷ്യനിലേക്കും അവന്റെ ശ്രദ്ധ ചെന്നെത്തി. ഒരു സംശയത്തോടെ അവൻ അങ്ങോട്ട്‌ നടന്നു. എമിയുടെ പപ്പ അല്ലെ????? സംശയത്തോടെ അവൻ ചോദിച്ചു. അതേ. അച്ചു????? അയാൾ ചോദ്യഭാവത്തിൽ നിർത്തിയതും അവൻ അതേയെന്ന് തലയാട്ടി. അഗസ്റ്റി പോൾ. ഇവിടുത്തെ പുതിയ ഏസിപിയാണ്. ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു. എന്നെ അങ്കിളിന്????? അറിയാം.

എമി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ കാണാനും വന്നിരുന്നു പക്ഷെ അന്ന് മുങ്ങി കളഞ്ഞില്ലേ????? കളിയായി അയാൾ പറഞ്ഞു. മനഃപൂർവം അല്ല അങ്കിൾ അന്നത്തെ സാഹചര്യം അതായിരുന്നു. പിന്നീട് ഞാൻ അന്വേഷിച്ചു വന്നിരുന്നു. പക്ഷെ അപ്പോഴേക്കും നിങ്ങൾ അവിടെ നിന്ന് പോയിരുന്നു. അവൻ എമിയോട് തോന്നിയ പ്രണയവും പിന്നീട് സംഭവിച്ച അപ്പുവിന്റെ അച്ഛന്റെ മരണവും. അപ്പുവിന് താങ്ങായി നിന്നതും അങ്ങനെയെല്ലാം അയാൾക്ക് മുന്നിൽ വിശദീകരിച്ചു. എല്ലാം കേട്ടതിനു ശേഷം അയാൾ മൗനമായി കുറച്ചു നേരം നിന്നു. എമിക്ക് നിന്നെ ഇഷ്ടമാണ്. നീണ്ട നിശബ്ദതയ്ക്ക് ഭംഗം വരുത്തി അയാൾ പറഞ്ഞു. അത് കേട്ടതും അവിശ്വസനീയതയോടെ അതിൽപരം അത്ഭുതത്തോടെ അയാളെ നോക്കി. അങ്കിൾ........ വർധിച്ചു വരുന്ന ഹൃദയമിടിപ്പിനാൽ അവന്റെ ശബ്ദം ഇടറി. ഞാൻ പറഞ്ഞത് സത്യമാണ്. എന്റെ മകൾ നിന്നെ സ്നേഹിക്കുന്നുണ്ട്. ഒരുപക്ഷെ തന്റെ ജീവനേക്കാളേറെ. ആദ്യമൊക്കെ വെറുപ്പോടെയല്ലാതെ നിന്നെപ്പറ്റി അവൾ ഒന്നും പറയാറില്ലായിരുന്നു.

അന്ന് സ്കൂളിൽ നിന്നെ കാണാൻ വന്ന സമയത്ത് പോലും നിന്നെ പിടിച്ച് രണ്ട് പൊട്ടിക്കണം എന്നായിരുന്നു അവൾ ആവശ്യപ്പെട്ടത്. അത് കേട്ട് അറിയാതെ പോലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ബാക്കി കേൾക്കാനുള്ള ആകാംഷയിൽ അവൻ അയാളുടെ വാക്കുകൾക്കായി ചെവി കൂർപ്പിച്ചു. നിന്നെ കാണാതെ ആയപ്പോൾ നിരാശയായിരുന്നു അവളുടെ മുഖത്ത്. പിന്നെ പിന്നെ നിന്നെ കാണാതായപ്പോൾ നിന്നെ തേടിപ്പിടിക്കാനുള്ള വ്യഗ്രതയായിരുന്നു അവൾക്കുള്ളിൽ. പക്ഷെ തോൽവി ആയിരുന്നു ഫലം. അതിനിടയിലായിരുന്നു എനിക്ക് ചെന്നൈക്ക് ട്രാൻസ്ഫർ കിട്ടുന്നത്. ഞാൻ പോയി അവിടെ അപ്പാർട്മെന്റും അവൾക്കുള്ള സ്കൂൾ അഡ്മിഷനും എല്ലാം ശരിയാക്കി ചെന്നൈലേക്ക് മാറി. ഞങ്ങൾക്കൊപ്പം റോണിയും ഉണ്ടായിരുന്നു. അവിടെ ചെന്ന് കഴിഞ്ഞാണ് അവൾക്ക് നിന്നെ മിസ്സ്‌ ചെയ്യാൻ തുടങ്ങിയത്. ആദ്യമൊക്കെ പ്രശ്നമില്ലായിരുന്നു. പിന്നീട് ഒരിക്കൽ അവൾ എന്നോടെല്ലാം തുറന്നു പറഞ്ഞു. അവൾക്ക് നിന്നെ അത്രയേറെ ഇഷ്ടമാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

പിന്നീട് നിന്നെ കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു. നിനക്ക് വേണ്ടി ഈ ജന്മം മുഴുവൻ കാത്തിരിക്കാനും അവൾ തയ്യാറാണ്. അത്രയേറെ അവൾക്ക് നിന്നെ ഇഷ്ടമാണ്. അയാളുടെ ഓരോ വാക്കുകളും അവനിൽ ആനന്ദം നിറയ്ക്കുകയായിരുന്നു. തന്റെ പ്രാണൻ തനിക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിഞ്ഞ നിമിഷം അവൾക്കരികിലേക്ക് ഓടിയണഞ്ഞ് അവളെ നെഞ്ചോട് ചേർക്കാനും ചുംബനങ്ങൾ കൊണ്ട് മൂടാനും മനസ്സ് തുടിച്ചു. സന്തോഷം കൊണ്ട് തുള്ളി ചാടണോ തല കുത്തി മറിയണോ എന്നറിയാത്ത നിമിഷം. എനിക്കറിയാം നിനക്കവളെ ഒരുപാട് ഇഷ്ടമാണെന്ന് ഫോണിലൂടെ നീ സംസാരിച്ചപ്പോൾ തന്നെ എനിക്കത് മനസ്സിലായി. പക്ഷെ...... അയാളൊന്ന് നിർത്തി. അത് കേട്ടവൻ നെറ്റി ചുളിച്ച് അയാളെ നോക്കി. നീ അറിയാത്തതായി എന്നാൽ അറിയേണ്ടതായ ചില സംഭവങ്ങൾ എമിയുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്. ഇപ്പൊ അറിഞ്ഞില്ലെങ്കിൽ ചിലപ്പോൾ നാളെ നിന്നെ കൂടി ബാധിക്കാൻ സാധ്യതയുള്ള വലിയൊരു ദുരന്തമായി മാറിയേക്കാം.

എല്ലാം കേട്ടതിന് ശേഷം നിനക്ക് തീരുമാനിക്കാം എമിയെ ജീവിതത്തിലേക്ക് കൂട്ടണോ വേണ്ടയോ എന്ന്. അയാൾ വിദൂരതയിലേക്ക് നോക്കി പറഞ്ഞു നിർത്തി. അത് കേട്ടതും ഇതുവരെ ഇല്ലാത്ത എന്തോ ഒരു ഭയം അവന്റെ ഉള്ളിൽ നിറഞ്ഞു. എന്നാൽ അതിവിടെ വെച്ച് പറയാൻ കഴിയില്ല. അച്ചു ഇന്ന് ഫ്രീയാണോ???? അതേ...... എങ്കിൽ നമുക്കൊരിടം വരെ പോയാലോ???? അതിനെന്താ. എങ്കിൽ വണ്ടി ഇവിടെ ഇരിക്കട്ടെ നമുക്ക് എന്റെ കാറിൽ പോവാം. അങ്ങനെ ആവട്ടെ അങ്കിൾ. ഒന്ന് ആലോചിച്ച ശേഷം അവൻ ഉത്തരം കൊടുത്തു. ശരി വാ....... അവനെ കൂടെ വിളിച്ച ശേഷം അയാൾ കാറിനരികിലേക്ക് നടന്നു. അവൻ അയാളെ അനുഗമിച്ചു. കാർ തുറന്നയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. അവൻ അയാൾക്കൊപ്പം കോ ഡ്രൈവിംഗ് സീറ്റിലേക്കും കയറി. അവൻ കയറി സീറ്റ് ബെൽറ്റ്‌ ഇട്ടതും അയാൾ വണ്ടി മുന്നോട്ട് എടുത്തു. അവരെയും വഹിച്ചു കൊണ്ടാ വാഹനം മുന്നോട്ട് ചലിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കാറിനുള്ളിൽ നിശബ്ദ തളം കെട്ടി കിടന്നു. അവൻ തല ചരിച്ച് അയാളെ ഒന്ന് നോക്കി. അയാൾ അപ്പോഴും മുന്നിലേക്ക് നോക്കി ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ് എന്ന് കണ്ടതും അവൻ പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു. എങ്ങോട്ടാണ് പോവുന്നത് എന്നറിയാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവനൊന്നും ചോദിച്ചില്ല. അയാളുടെ മുഖത്തെ നിസംഗതയും വേദനയും അവനെ തന്റെ ചോദ്യത്തിൽ നിന്ന് തടഞ്ഞു. യാത്ര ഒരുപാട് ദൂരം എത്തിയതും പിന്നിടുന്ന വഴികൾ കാൺകെ അവനിൽ സംശയം നിറഞ്ഞു. നമ്മൾ പാലായിലേക്ക് ആണോ പോവുന്നത്???? നീണ്ട മൗനത്തിന് വിരാമം ഇട്ടുകൊണ്ടവൻ ചോദിച്ചു. അതേ. എല്ലാം തുറന്ന് പറയാൻ അതിലും നല്ലൊരിടം മറ്റൊന്നില്ല. ഞാനീ പറയുന്നതിന്റെ അർത്ഥം നിനക്ക് അവിടെയെത്തുമ്പോൾ മനസ്സിലാവും. അത്രയും പറഞ്ഞയാൾ ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞു. പിന്നീട് അവനൊന്നും ചോദിച്ചില്ല. ഏറെ നേരത്തെ യാത്ര ചെന്ന് അവസാനിച്ചത് പാലായിലെ പ്രശസ്തമായ പള്ളിക്ക് മുന്നിലായിരുന്നു. മുന്നിൽ തലയുയർത്തി നിൽക്കുന്ന ദേവാലയത്തിലേക്ക് നോക്കി അവൻ ഒരു നിമിഷം ഇരുന്നു. ഇറങ്ങ്...........

ജോണിന്റെ ശബ്ദം കേട്ടതും അവൻ പള്ളിയിൽ നിന്ന് കണ്ണുകൾ പിൻവലിച്ചവൻ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി. അയാൾ അവനെ ഒന്ന് നോക്കി മുന്നോട്ട് നടന്നു. അത് കണ്ടവൻ ഉള്ളിൽ ഉയരുന്ന ഒരായിരം ചോദ്യങ്ങളുമായി അയാളെ പിന്തുടർന്നു. ദേവാലയത്തിന്റെ ശാന്തവും മനോഹരവുമായ പരിസരം വീക്ഷിച്ചു കൊണ്ടവൻ അയാൾക്ക് പിറകെ നടന്നു. ചുറ്റിനും നോക്കി നടക്കുമ്പോഴാണ് മുന്നിലെ സിമിത്തേരിയിലേക്ക് അവന്റെ കണ്ണുകൾ ചെന്നെത്തുന്നത്. ജോണിന്റ നടത്തം അങ്ങോട്ടാണ് എന്ന കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു. എന്തിനെന്ന് അറിഞ്ഞില്ലെങ്കിൽ കൂടി ഉള്ളിൽ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ഭയം നിറഞ്ഞു. മുന്നോട്ടുള്ള നടത്തത്തിന്റെ വേഗത കുറഞ്ഞു. അയാളുടെ നടത്തം ചെന്ന് നിന്നത് ഒരു കല്ലറയുടെ മുന്നിലായിരുന്നു. അയാളെ അനുഗമിച്ച് അവനും ആ കല്ലറയ്ക്ക് മുന്നിലെത്തി. ഉയർന്ന ഹൃദയമിടിപ്പോടെ അവനാ കല്ലറയിലേക്ക് നോക്കി. JERRY JOHN KALATHINKAL കല്ലറയ്ക്ക് മുകളിൽ കൊത്തി വെച്ചിരിക്കുന്ന പേരിലേക്ക് അവൻ അവിശ്വസനീയതയോടെ നോക്കി. ഇത്????????

കല്ലറയ്ക്കലേക്ക് കൈചൂണ്ടി അവൻ ചോദ്യഭാവത്തിൽ അയാളെ നോക്കി. ജെറി എന്റെയും സ്റ്റെല്ലയുടെയും മൂത്ത മകൻ എമിയുടെ ചേട്ടൻ. അയാൾ നിർവികാരതയോടെ പറഞ്ഞു നിർത്തി. പക്ഷെ എമിക്ക് ഒരു ചേട്ടൻ ഉണ്ടെന്ന് ഒരിക്കൽ പോലും അവൾ പറഞ്ഞിട്ടില്ലല്ലോ????? അവൾക്ക് തന്നെ അറിയില്ലായിരുന്നു ഇങ്ങനെ ഒരു സഹോദരൻ അവൾക്ക് ഉണ്ടെന്ന കാര്യം. അങ്കിൾ എനിക്കൊന്നും....... മനസ്സിലായി കാണില്ല എന്നെനിക്കറിയാം എല്ലാം നിന്നോട് പറയാൻ തന്നെയാണ് നിന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്. ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു നിർത്തി. ഉള്ളിൽ പുകയുന്ന ഒരായിരം സംശയങ്ങളോടെ അവൻ അയാളുടെ വാക്കുകൾക്കായി അക്ഷമയോടെ കാത്ത് നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എന്റെയും സ്റ്റെല്ലയുടെയും ഒരു പ്രണയവിവാഹമായിരുന്നു. ചേട്ടനായ ജെയിംസിച്ചായനേക്കാൾ മുന്നേ വിവാഹം കഴിച്ചത് ഞാനായിരുന്നു. അപ്പനും അമ്മയും നേരത്തെ തന്നെ മരിച്ചിരുന്നതിനാൽ ജെയിംസിച്ചായൻ ആയിരുന്നു ഞങ്ങളുടെ കല്യാണം മുൻകൈ എടുത്ത് നടത്തിയത്.

ബാങ്കിൽ നല്ലൊരു ജോലി ഉണ്ടായിരുന്നതിനാൽ വല്യ കഷ്ടപ്പാട് ഒന്നും തന്നെ ഇല്ലായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് കൃത്യം ഒരു വർഷം കഴിഞ്ഞ് ഞങ്ങൾക്കിടയിലേക്ക് വന്ന ഞങ്ങളുടെ പൊന്നോമനയായിരുന്നു ജെറി. അവനായിരുന്നു ഞങ്ങളുടെ ലോകം എന്ന് തന്നെ പറയാം. അവനൊരു അമ്മ മകൻ ആയിരുന്നു. എല്ലാത്തിനും അമ്മ വേണം. സ്റ്റെല്ലയോട് ആയിരുന്നു അവന് കൂടുതൽ സ്നേഹം. അവൾക്കും അങ്ങനെ തന്നെ ആയിരുന്നു. അവന്റെ കണ്ണൊന്ന് നിറയാൻ പോലും അവൾ അനുവദിച്ചിരുന്നില്ല. തീർത്തും സമാധാന പരമായ ജീവിതം. അവന്റെ ഓരോ വളർച്ചയും ഞങ്ങൾ കൊതിയോടെ ആയിരുന്നു നോക്കിയിരുന്നത്. ജെറിക്ക് 7 വയസ്സുള്ളപ്പോൾ ആയിരുന്നു ജെയിംസിച്ചായൻ കല്യാണം കഴിച്ചത്. അധികം വൈകാതെ അവർക്ക് കൂട്ടായി റോണി പിറന്നു. റോണി ജനിച്ചപ്പോൾ മുതൽ ഒരു അനിയത്തി കുട്ടിയെ വേണമെന്ന് ജെറി ആഗ്രഹിച്ചു തുടങ്ങി. അവന്റെ പ്രാർത്ഥനയുടെ ഫലമായി അധികം വൈകാതെ തന്നെ സ്റ്റെല്ല രണ്ടാമതും ഗർഭിണിയായി.

അതറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവൻ തന്നെ ആയിരുന്നു. തനിക് അനിയത്തി പിറക്കാൻ പോവുന്നു എന്ന് എല്ലാവരോടും സന്തോഷത്തോടെ പറഞ്ഞു നടന്നു. എന്നാൽ ഗർഭിണി ആയിരിക്കുമ്പോൾ ജെറി ഒപ്പിച്ച എന്തോ കുരുത്തക്കേടിന്റെ ഫലമായി സ്റ്റെല്ല മുറ്റത്ത് വയറിടിച്ച് വീണു. വീഴ്ചയുടെ ആഘാതത്തിൽ ബോധം മറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോയി. വയറ്റിലുള്ള ജീവനെ തിരികെ കിട്ടും എന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. പക്ഷെ ദൈവഭാഗ്യം കൊണ്ട് ഭയക്കേണ്ടതായി ഒന്നും സംഭവിച്ചില്ല. പക്ഷെ ഗർഭകാലം കഴിയുന്നത് വരെ സ്റ്റെല്ലയ്ക്ക് ബെഡ് റസ്റ്റ്‌ പറഞ്ഞു. എന്നാൽ ആ ഒരു സംഭവത്തോടെ ജെറി ആകെ ഭയന്നു പോയി. താൻ കാരണം ആണല്ലോ അമ്മയ്ക്ക് ഈ സ്ഥിതി വന്നത് എന്ന ചിന്ത അവന്റെ കുഞ്ഞു മനസ്സിനെ നോവിച്ചു. അവന്റെ കളിയും ചിരിയും ഒന്നും ഇല്ലാതെയായി. സ്റ്റെല്ലയ്ക്കൊപ്പം ഞാനും ഹോസ്പിറ്റലിൽ ആയിരുന്നതിനാൽ അവനെ വേണ്ടത്ര ശ്രദ്ധിക്കാനും കഴിഞ്ഞില്ല. അങ്ങനെ 4 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തുമ്പോൾ ജെറി മറ്റൊരാളായി മാറിയിരുന്നു. കളിയില്ല ചിരിയില്ല ഒരു മുറിക്കുള്ളിൽ ഒതുങ്ങി കൂടും. ഹോസ്പിറ്റലിൽ നിന്ന് കൊണ്ടുവന്ന സ്റ്റെല്ലയെ കാണാൻ പോലും അവൻ കൂട്ടാക്കിയില്ല.

താൻ കാരണം ഇനിയും അമയ്ക്ക് അപകടം വല്ലതും സംഭവിച്ചാലോ എന്ന ഭയം അവനെ വേട്ടയാടി. എഴുന്നേറ്റു പോവാൻ കഴിയാത്തത് കൊണ്ട് സ്റ്റെല്ലയ്ക്കും അവനെ ചെന്ന് കാണാൻ കഴിഞ്ഞില്ല. അവന്റെ പേടി മാറ്റാൻ ഞാൻ കുറെ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. സ്റ്റെല്ല അവനെ കാണണം എന്ന് പറയുമ്പോഴേല്ലാം ഒരുവിധം അവളെ സമാധാനിപ്പിച്ചു കിടത്തി. ദിവസങ്ങൾ മുന്നോട്ട് പോകവേ ജെറിയുടെ കാര്യം കൂടുതൽ വഷളാവുകയായിരുന്നു. റോണിക്ക് അപ്പോൾ മാസങ്ങൾ മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ അതിനാൽ ചേട്ടത്തിക്കും അവനെ ശ്രദ്ധിക്കാൻ കഴിയില്ല ജെയിംസിച്ചായനും എനിക്കും ജോലിക്ക് പോവണം സ്റ്റെല്ല ആണെങ്കിൽ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ ആകെക്കൂടെയുള്ളത് സ്റ്റെല്ലയെ പരിചരിക്കാൻ എത്തുന്ന ഹോം നേഴ്സ് ആയിരുന്നു. എന്നാൽ അവർക്കും അവനെ ശ്രദ്ധിക്കാനുള്ള സമയം ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് വിവരങ്ങൾ അറിഞ്ഞ് സ്റ്റെല്ലയ്ക്ക് സ്വന്തമെന്ന് പറയാൻ ആകെക്കൂടെയുള്ള ചേച്ചിയും അവരുടെ ഭർത്താവും വീട്ടിൽ എത്തുന്നത്. 11 കൊല്ലമായി അവർക്ക് മക്കൾ ഒന്നും ഇല്ലായിരുന്നു

അതുകൊണ്ട് തന്നെ ജെറിയെ അവർക്ക് ഭയങ്കര കാര്യമായിരുന്നു. വീട്ടിലെ കാര്യങ്ങൾ അറിഞ്ഞപ്പോൾ ജെറിയെ അവരുടെ കൂടെ കൊണ്ടുപോവാം ഡെലിവറി കഴിഞ്ഞ് സ്റ്റെല്ല എഴുന്നേറ്റ് നിൽക്കാൻ ആവുമ്പോൾ തിരികെ കൊണ്ടുവരാം എന്ന അഭിപ്രായം അവർ മുന്നോട്ട് വെക്കുന്നത്. ജെറിയെ പിരിഞ്ഞിരിക്കുന്ന കാര്യം ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല അതുകൊണ്ട് തന്നെ ഞങ്ങൾ അതിന് സമ്മതിച്ചില്ല. പക്ഷെ അവന്റെ മൂകമായുള്ള ഇരിപ്പും പ്രസരിപ്പില്ലാതെയുള്ള പെരുമാറ്റവും കാൺകെ അവനെ അവരോടൊപ്പം അയക്കുക എന്നല്ലാതെ വേറെ വഴിയൊന്നും മുന്നിൽ ഇല്ലായിരുന്നു. അവിടെ ആവുമ്പോൾ അവരുടെ രണ്ടുപേരുടെയും സ്നേഹവും ശ്രദ്ധയും കിട്ടും. എന്നാൽ ഇവിടെ ആണെങ്കിൽ ആരുടേയും കെയർ ലഭിക്കാതെ അവന്റെ കുഞ്ഞ് മനസ്സ് തെറ്റും. വേറെ വഴിയൊന്നുമില്ലാതെ നെഞ്ച് പൊട്ടുന്ന വേദനയിൽ അവനെ ഞങ്ങൾ അവർക്കൊപ്പം അയച്ചു. പക്ഷെ അത് എന്നെന്നേക്കുമായുള്ള പറിച്ചു മാറ്റൽ ആണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. അത്‌ പറയുമ്പോൾ അയാളുടെ സ്വരം ഇടറി. കണ്ണുകൾ കലങ്ങി. കണ്ണട മുഖത്ത് നിന്ന് മാറ്റി അയാൾ കണ്ണുകൾ അമർത്തി തുടച്ചു. അച്ചു ഒന്നും പറയാനാവാതെ അയാളുടെ ആത്മസംഘർഷങ്ങൾ നോക്കി നിന്നു.

അൽപ്പനേരത്തെ നിശബ്ദയ്ക്ക് ശേഷം അയാൾ വീണ്ടും പറയാൻ ആരംഭിച്ചു. അന്ന് ജെറിയെ കൊണ്ടുപോയതിന് ശേഷം എന്നും ഞങ്ങൾ അവനെ വിളിക്കുമെങ്കിലും ഒന്നോ രണ്ടോ വാക്കുകളിൽ സംസാരം അവസാനിപ്പിക്കും. വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന അവൻ നേർത്ത മൂളലുകളിൽ മറുപടി ഒതുക്കാൻ തുടങ്ങി. അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. എല്ലാ ആഴ്ചകളിലും ഞാൻ അവനെ കാണാൻ ചെല്ലുമായിരുന്നെങ്കിലും അവൻ എന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി. ഞങ്ങളിൽ നിന്ന് മനസ്സാൽ ഒരുപാട് അകലുകയായിരുന്നു അവൻ. മാസങ്ങൾ കടന്നു പോകവേ ആ അകലം കൂടുകയാണ് ഉണ്ടായത്. അതിനിടയിൽ സ്റ്റെല്ല എമിക്ക് ജന്മം കൊടുത്തു. പെൺകുട്ടി ആണെന്ന് അറിഞ്ഞയുടൻ തന്നെ അവനെ വിളിച്ച് അറിയിച്ചിരുന്നെങ്കിലും അവൻ സന്തോഷമൊന്നും പ്രകടിപ്പിച്ചില്ല. അമ്മയെയും കുഞ്ഞിനേയും ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് എത്തിയപ്പോൾ ജെറിയെ ഞാൻ കൂട്ടിക്കൊണ്ട് വന്നു.

എന്നാൽ അവനാകെ മാറി പോയിരുന്നു എല്ലാത്തിനോടും വാശിയും ദേഷ്യവും കുഞ്ഞിന്റെ മുഖം പോലും അവൻ കാണാൻ കൂട്ടാക്കിയില്ല. അത് ഞങ്ങളെ എല്ലാവരെയും വല്ലാതെ വേദനിപ്പിച്ചു. ഒരുപാട് തവണ കാരണം ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും അവനൊന്നും പറഞ്ഞില്ല. തിരുത്താൻ ശ്രമിച്ചെങ്കിലും ഞങ്ങളുടെ വാക്കുകൾക്ക് ചെവി കൊടുത്തില്ല. എമിയുടെ മാമോദീസ ചടങ്ങിന്റെ അന്ന് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിന്ന അവനെ ഫോട്ടോ എടുക്കാനായി ഞാൻ നിർബന്ധിച്ചു കൂടെ നിർത്തി. ഫോട്ടോയ്ക്ക് വേണ്ടി അവന്റെ കയ്യിലേക്ക് എമിയെ വെച്ച് കൊടുത്തപ്പോൾ അരിശത്തോടെ അവൻ കുഞ്ഞിനെ താഴെയിടാൻ ശ്രമിച്ചു. സ്റ്റെല്ല വേഗം കുഞ്ഞിനെ പിടിച്ചത് കൊണ്ട് താഴെ വീണില്ല എന്ന് മാത്രം. അത് കണ്ട് ദേഷ്യം സഹിക്കാൻ കഴിയാതെ ഞാൻ ആദ്യമായി അവനെ തല്ലി. എന്നാൽ അവനിൽ നിന്ന് വന്ന വാക്കുകൾ എന്നെ പിടിച്ച് ഉലച്ചു കളഞ്ഞു. എമി വന്നപ്പോൾ ഞങ്ങൾക്കാർക്കും അവനെ വേണ്ടാതായെന്നും അതുകൊണ്ടാണ് അവനെ അവർക്കൊപ്പം അയച്ചതെന്നും അവൻ പറഞ്ഞു. സ്റ്റെല്ല വീഴാൻ കാരണം അവൻ ആയത് കൊണ്ട് ഞങ്ങൾക്കെല്ലാം അവനോട് ദേഷ്യവും വെറുപ്പും ആയിരുന്നു എന്നാണ് അവൻ വിശ്വസിച്ചിരുന്നത്.

അല്ല അവനെ അവർ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. സ്വന്തം മകനായി അവനെ കൊണ്ടുപോവാൻ വേണ്ടി അവർ അവന്റെ കുഞ്ഞു മനസ്സിൽ വിഷം കുത്തി നിറച്ചു. എല്ലാം മനസ്സിലായതും ഞങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം നിഷ്ഫലമായി. വീട്ടിലെ ഏക പെൺകുഞ്ഞ് ആയിരുന്നതിനാൽ എമിയോട് എല്ലാവരും കാണിച്ചിരുന്ന സ്നേഹം അവന്റെ മനസ്സിൽ വൈരാഗ്യം നിറച്ചു. തരം കിട്ടുമ്പോഴെല്ലാം അവൻ എമിയെ ഉപദ്രവിക്കാൻ തുടങ്ങി. പിഞ്ചു കുഞ്ഞായ അവൾക്കിത് വല്ലതും അറിയാമോ???? അവൻ വളരുന്നതിനൊപ്പം അവന്റെ ഉള്ളിൽ എമിയോടുള്ള പകയും കൂടി കൊണ്ടിരുന്നു. തിരുത്താൻ ഒരുപാട് തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ എമിക്ക് 2 വയസ്സുള്ളപ്പോൾ അവൻ കുഞ്ഞിനെ ബക്കറ്റിൽ വെച്ചിരുന്ന വെള്ളത്തിൽ ഇട്ട് കൊല്ലാൻ ശ്രമിച്ചു. ചേട്ടത്തി കണ്ടത് കൊണ്ട് മാത്രം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി. അതറിഞ്ഞ സ്റ്റെല്ല ദേഷ്യം കാരണം അവനെ തല്ലി. അതോടെ വീണ്ടും അവന് വാശിയും വൈരാഗ്യവും ഏറി.

സ്റ്റെല്ലയുടെ ചേച്ചിയുടെ വീട്ടിൽ പോവണം എന്ന് വാശി പിടിക്കാൻ തുടങ്ങി. സമ്മതിച്ചു കൊടുക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലായിരുന്നു. കാരണം അവൻ വീണ്ടും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്നിരിക്കും. മകളുടെ ജീവനും മകനെ സ്വന്തം കൂടപ്പിറപ്പിന്റെ കൊലപാതകിയെന്ന പേരിൽ അറിയപ്പെടാതിരിക്കാനും വേണ്ടി ചങ്ക് പൊട്ടുന്ന വേദനയിൽ അവനെ പറഞ്ഞയച്ചു. അവൻ പോയതിൽ പിന്നെ സ്റ്റെല്ല ചിരിക്കാതെ ആയി. പതിയെ പതിയെ അവൾ ഗൗരവക്കാരിയായി മാറി. എമിയും റോണിയും ഇരട്ടകളെ പോലെ വളർന്നു. അതിനിടയിൽ കുഞ്ഞുമായി പലതവണ ജെറിയെ കാണാൻ ചെന്നെങ്കിലും അപ്പോഴൊക്കെ അവരുടെ വാക്കുകൾ കേട്ട് അവൻ കുഞ്ഞിനെ ഉപദ്രവിക്കാൻ ശ്രമിച്ചു. കുഞ്ഞ് എമിക്ക് അവനെ കാണുന്നത് തന്നെ പേടിയായി മാറി പിന്നെ പിന്നെ മോളെ അവനടുത്തേക്ക് കൊണ്ടുപോകാതെ ആയി. എമിയും റോണിയും എല്ലാം വിചാരിച്ചിരുന്നത് അത് സ്റ്റെല്ലയുടെ ചേച്ചിയുടെ മകൻ ആണെന്നായിരുന്നു. കാരണം ഈ സംഭവങ്ങൾ ഒക്കെ നടക്കുമ്പോൾ അവർക്ക് തിരിച്ചറിവ് ഒന്നും ഇല്ലായിരുന്നല്ലോ.

അത് അറിഞ്ഞ് ഞാൻ തിരുത്താൻ ശ്രമിച്ചിരുന്നു പക്ഷെ ജെയിംസിച്ചായൻ ആണ് വേണ്ടെന്ന് പറഞ്ഞത്. അവളുടെ കുഞ്ഞു മനസ്സിൽ തന്നെ ദ്രോഹിക്കുന്ന ചേട്ടന്റെ മുഖം പതിയരുത് എന്ന് ഇച്ചായന് നിർബന്ധം ഉണ്ടായിരുന്നു. എന്നെങ്കിലും ഒരിക്കൽ അവൻ സത്യങ്ങൾ തിരിച്ചറിഞ്ഞ് പപ്പയെയും അമ്മയെയും കുഞ്ഞനിയത്തിയേയും തിരഞ്ഞു വരും അന്ന് മാത്രം അവൾ തന്റെ ചേട്ടനെ അറിഞ്ഞാൽ മതി എന്ന് ഇച്ചായൻ എന്നോട് പറഞ്ഞു. ആലോചിച്ചു നോക്കിയപ്പോൾ അതാണ് നല്ലത് എന്നെനിക്കും തോന്നി. സ്വന്തം ചേട്ടനെ ഓർത്ത് അവൾ ദുഃഖിക്കരുത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. തനിക്ക് ഒരു കൂടപ്പിറപ്പുണ്ട് തനിക്ക് വേണ്ടി ആറ്റുനോറ്റ് കാത്തിരുന്ന പ്രാർത്ഥിച്ചിരുന്ന ഒരു ചേട്ടൻ ഉണ്ട് എന്നറിയാതെ എന്റെ കുഞ്ഞ് വളർന്നു. വേദനയോടെ അയാൾ പറഞ്ഞു നിർത്തവേ ആ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി. അയാളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും ഒരാശ്വാസത്തിന് എന്നത് പോലെ അച്ചു അവളുടെ ചുമലിൽ കൈ അമർത്തി. കഴിഞ്ഞ കാല ജീവിതത്തിന്റെ വേദനകളുടെ ബാക്കിയായി ഒരു തുള്ളി കണ്ണുനീർ അയാളുടെ കണ്ണിൽ നിന്ന് താഴേക്ക് പതിച്ചു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story