ഹൃദയതാളമായ്: ഭാഗം 40

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

തന്റെ രണ്ട് ജീവനുകൾ രണ്ട് ദ്രുവങ്ങളിൽ. തെറ്റിദ്ധാരണയുടെ മൂടുപടത്താൽ സ്വന്തം രക്തത്തെ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന മകൻ. ഒന്നും അറിയാതെ ജീവിക്കുന്ന മകൾ. രണ്ട് മക്കൾക്കിടയിൽ കിടന്ന് വെന്തുരുകുന്ന മാതാപിതാക്കൾ. വല്ലാത്തൊരു നോവാണ്. ജീവിതത്തിൽ എത്രയേറെ ദുഃഖങ്ങൾ കടിച്ചമർത്തി ആയിരിക്കണം ആ മനുഷ്യൻ ജീവിച്ചു തീർത്തത്???? ഒരമ്മയ്ക്ക് തന്റെ വേദനകൾ കരഞ്ഞു തീർക്കാം പക്ഷെ അച്ഛൻ...... എല്ലാം നോക്കി നിന്ന് ഒരിറ്റ് കണ്ണുനീർ പൊഴിക്കാതെ തന്റെ പാതിയെ സമാധാനിക്കുമ്പോൾ ആ ഹൃദയം നീറിയിരിക്കില്ലേ???? ഒന്ന് പൊട്ടിക്കരയാൻ ആഗ്രഹിച്ചു കാണില്ലേ???? മനസ്സിനെ കല്ലാക്കി മാറ്റുമ്പോഴും ഹൃദയം മുറിവേറ്റ് രക്തം കിനിയുന്നുണ്ടാവും. വല്ലാത്തൊരു അലിവ് തോന്നി അവനാ മനുഷ്യനോട്. അയാളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ടവൻ ഏറെ നേരം മൗനമായി നിന്നു. ഉള്ളിലെ സംഘർഷങ്ങൾ ഒരുവിധം കെട്ടടങ്ങിയപ്പോൾ അയാൾ പുറം കയ്യാൽ കണ്ണുകൾ തുടച്ചു നീക്കി അവന് നേരെ തിരിഞ്ഞു.

സോറി ഞാൻ കുറച്ച് ഇമോഷണൽ ആയിപ്പോയി. പഴയതൊക്കെ മനസ്സിലേക്ക് വന്നപ്പോൾ പിടിച്ചു നിൽക്കാൻ പറ്റിയില്ല. മുഖത്ത് കണ്ണട വെച്ചു കൊണ്ടയാൾ അവനെ നോക്കി. അങ്കിൾ എന്തിനാണ് ക്ഷമ പറയുന്നത്?? മനസ്സിന്റെ വിങ്ങലുകൾ പലപ്പോഴും കണ്ണുനീരായി പുറത്ത് വന്നിരിക്കാം. എല്ലാ സങ്കടങ്ങളും കടച്ചമർത്തി എന്നും എല്ലാവർക്കും മുന്നിൽ ചിരിയുടെ മുഖപടം അണിയാൻ സാധിച്ചു എന്ന് വരില്ല. നമ്മളൊക്കെ മനുഷ്യരല്ലേ അല്ലാതെ സൂപ്പർ ഹീറോസ് ഒന്നുമല്ലല്ലോ. അങ്കിൾ അനുഭവിച്ച വിഷമങ്ങൾ നോക്കുമ്പോൾ ആരായാലും കരഞ്ഞു പോവും. ഒരു കേൾവിക്കാരൻ ഉള്ളപ്പോൾ ഇടയ്ക്കൊക്കെ ഉള്ളിലെ വിഷമങ്ങൾ ഇറക്കി വെക്കുന്നത് നല്ലതാണ്. അവൻ വാക്കുകൾ കേട്ട് അയാൾ നന്ദിയോടെ അവനെ നോക്കി. ചില സമയങ്ങളിൽ മറ്റൊരാളുടെ വാക്കുകൾ പോലും നമ്മളിൽ ആശ്വാസം നിറയ്ക്കാറുണ്ട്. എന്നാൽ അവരുമായി നമുക്ക് മുൻപരിചയം പോലും കാണില്ല. പക്ഷെ ഒറ്റ കൂടിക്കാഴ്ചയിൽ സംസാരത്തിൽ അവർ നമ്മുടെ മനസ്സിൽ സ്ഥാനം നേടും.

ചിലർ അങ്ങനെയാണ് ഏതാനം നിമിഷങ്ങൾ കൊണ്ട് തന്നെ നമ്മളുമായി എന്തോ ഒരാത്മബന്ധം സ്ഥാപിക്കും. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അച്ചുവിനോട് എന്തോ ഒരടുപ്പം അയാൾക്ക് തോന്നി. അൽപനേരം മിഴികൾ അവനിൽ തന്നെ കുടുങ്ങി കിടന്നു. പിന്നീട് എന്താണുണ്ടായത് അങ്കിൾ????? അവന്റെ ചോദ്യം കേൾക്കുമ്പോഴാണ് ആലോചനകൾക്ക് വിരാമമിടുന്നത്. അയാൾ ഒരു ദീർഘനിശ്വാസമെടുത്ത് അവനിൽ നിന്ന് കണ്ണുകൾ മാറ്റി വിദൂരതയിലേക്ക് നോട്ടമുറപ്പിച്ചു. ജെറിയുടെ അഭാവം ഞങ്ങളെ തളർത്തിയെങ്കിലും നിഷ്കളങ്കമായി പുഞ്ചിരിച്ച് കുറുമ്പ് കാട്ടി നടക്കുന്ന എമിയുടെ മുഖത്തേക്ക് നോക്കുമ്പോൾ ഉള്ളിലെ നോവിന് ഒരു ആശ്വാസം തോന്നിയിരുന്നു. ജെറി മനസ്സിലെ ഒരു മുറിവായി മായാതെ കിടക്കുമ്പോഴും എമിക്ക് വേണ്ടി പുഞ്ചിരിയുടെ മൂടുപടമണിയാൻ എനിക്ക് കഴിഞ്ഞു. എങ്കിലും മകനില്ലായ്മ സ്റ്റെല്ലയ്ക്ക് വലിയൊരു ദുരന്തം തന്നെ ആയിരുന്നു. എന്തോ മാനസികമായി പോലും അവൾ എമിയിൽ നിന്ന് വല്ലാതെ അകന്നിരുന്നു. മകളെ ഒന്ന് വാത്സല്യത്തോടെ തലോടാൻ പോലും അവളുടെ കൈകൾ ഉയർന്നിരുന്നില്ല. വല്ലാത്തൊരു നിർവികാരത അവളിൽ തളം കെട്ടി കിടന്നു.

സ്വന്തം മകൾക്ക് മുന്നിൽ പോലും അവൾ ഒരു ഗൗരവക്കാരിയായ ഒരു സ്കൂൾ ടീച്ചറായി മാറി. അവളെ തിരുത്താനോ തടയാനോ ഞാനും ശ്രമിച്ചില്ല കാരണം വേദനിക്കുന്ന അവളുടെ മനസ്സ് മറ്റാരേക്കാളും എനിക്ക് തിരിച്ചറിയാനാവും. എമിയുടെ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുമെങ്കിൽ ഉള്ളിൽ തിളച്ചു മറിയുന്ന വേദനകളാൽ മകളെ വാത്സല്യത്തോടെ ചേർത്ത് നിർത്തുന്ന നല്ലൊരു അമ്മയിൽ നിന്നവൾ മാറി പോയിരുന്നു. അവളുടെ അവസ്ഥ മനസ്സിലാക്കി സ്റ്റെല്ലയിൽ നിന്ന് അവൾക്ക് കിട്ടാത്ത സ്നേഹം ഞാൻ അവൾക്ക് കൊടുക്കാൻ തുടങ്ങി. അവൾ എന്റെ ചെല്ലകുട്ടി തന്നെയായിരുന്നു. സ്റ്റെല്ലയുടെ ചൂടും വാത്സല്യവും അറിയേണ്ട പ്രായത്തിൽ അവളറിഞ്ഞത് എന്റെ സ്നേഹവും വാത്സല്യവുമായിരുന്നു. എന്റെ നെഞ്ചിലെ ചൂട് പറ്റിയേ അവൾ ഉറങ്ങൂ. എന്റെ വിരലിൽ തൂങ്ങിയേ നടക്കൂ. എല്ലാം അവൾക്ക് പപ്പ ആയിരുന്നു. ആദ്യമായി അവളുടെ നാവ് ചലിച്ചത് പോലും പപ്പ എന്നായിരുന്നു. കുരുത്തക്കേട് കാട്ടി എന്റെ പിന്നിൽ ഒളിക്കുന്ന എന്റെ കുഞ്ഞൻ ആയിരുന്നു അവൾ. അയാളുടെ വാക്കുകളിലും ഭാവങ്ങളിലും മക്കളോടുള്ള വാത്സല്യം തെളിഞ്ഞു.

വളരും തോറും അവൾക്കൊപ്പം എന്തിനും നിൽക്കുന്ന അവളുടെ ബെസ്റ്റ് ഫ്രണ്ടായിരുന്നത് റോണി ആയിരുന്നു. പപ്പ കഴിഞ്ഞാൽ മാറ്റാരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ അവൾ പറയുക റോണിയുടെ പേരായിരിക്കും. ഒരു പാത്രത്തിൽ കഴിച്ച് ഒരേ പായിൽ കിടന്നുറങ്ങിയവർ. എല്ലാവരും പരട്ടകൾ എന്നായിരുന്നു രണ്ടിനെയും കളിയാക്കി വിളിച്ചിരുന്നത്. പുഞ്ചിരിയോടെ അയാൾ പറയുന്നത് കേട്ടവൻ ചിരിച്ചു പോയി. എമിയേക്കാൾ ഒരു വയസ്സ് മൂത്തതായത് കൊണ്ട് അവളെക്കാൾ മുന്നേ സ്കൂളിൽ ചേർക്കാൻ ശ്രമിച്ചപ്പോൾ വാശിപിടിച്ച് കരഞ്ഞ് അവൾക്കൊപ്പമേ സ്കൂളിൽ പോവൂ എന്നവൻ ഉറപ്പിച്ചു പറഞ്ഞു. അവന്റെ വാശിക്ക് മുന്നിൽ ഞങ്ങൾ എല്ലാവരും തോറ്റ് കൊടുത്തു. കാരണം ഞങ്ങൾക്ക് അറിയാമായിരുന്നു അവളില്ലാതെ അവൻ സ്കൂളിൽ പോവില്ലെന്ന്. പിറ്റേ കൊല്ലം ഒരുമിച്ച് യൂണിഫോമിട്ട് ഒരേപോലുള്ള ബാഗും തൂക്കി തോളിൽ കയ്യിട്ട് സ്കൂളിൽ പോയിരുന്ന രണ്ടുപേരുടെയും മുഖം ഇന്നും ഓർമ്മകളിൽ നിന്ന് മാഞ്ഞിട്ടില്ല. പുഞ്ചിരിയോടെ അയാളത് പറയവേ അവർ തമ്മിലുള്ള സഹോദര സ്നേഹം അവൻ കൂടുതൽ ആഴത്തിൽ അറിയുകയായിരുന്നു. സ്കൂളിൽ ചെന്നിട്ടും മാറ്റാരുമായി അവർ കൂട്ട് കൂടിയിരുന്നില്ല.

അവർ രണ്ടുപേരും അതായിരുന്നു അവരുടെ ലോകം അതിലേക്ക് മറ്റാരും കടന്നു വരാൻ അവർ അനുവദിച്ചിരുന്നില്ല. ഒരാൾക്ക് വയ്യെങ്കിൽ മറ്റെയാൾ അയാളുടെ അടുത്ത് നിന്ന് മാറില്ല. എത്ര വഴക്ക്‌ പറഞ്ഞ് ഓടിച്ചാലും വീണ്ടും വന്നിരിക്കും. അതുപോലെ രണ്ടിൽ ഒരാളെ ആരെങ്കിലും തൊട്ടാൽ ചോദിക്കാൻ മറ്റെയാൾ ചെല്ലും. സ്കൂളിൽ രണ്ടും കൂടി ഒപ്പിച്ച പ്രശ്നങ്ങൾക്ക് കയ്യും കണക്കുമില്ല. ഒരിക്കൽ റോണി സ്കൂളിൽ ക്രിക്കറ്റ്‌ കളിച്ചോണ്ടിരുന്നപ്പോൾ ബാറ്റ് ചെയ്യാൻ നിന്ന അവന്റെ തലയിൽ ബോൾ കൊണ്ടെന്നും പറഞ്ഞ് എമി സ്റ്റമ്പ് ഊരി എറിഞ്ഞവന്റെ തലയ്ക്ക് അടിച്ചു. അതിന്റെ പേരിൽ സ്കൂളിൽ ഉണ്ടായ പൊല്ലാപ്പുകൾ തീർക്കാൻ ഞാൻ പെട്ട പാട്......... അത് കേട്ടവൻ പൊട്ടിച്ചിരിച്ചു പോയി. സംഭവം അറിഞ്ഞ സ്റ്റെല്ല അവളെ തല്ലാൻ ചൂരൽ എടുത്തപ്പോൾ ഞാനായിരുന്നു അവളെ തടഞ്ഞത്. അടിച്ചാൽ ചില കുട്ടികളിൽ വാശി കൂടും ജെറിയുടെ കാര്യത്തിൽ നിന്ന് തന്നെ എനിക്കത് മനസ്സിലായതാണ് അതുകൊണ്ട് അവളെ മാറ്റി നിർത്തി ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.

മറ്റൊരാളെ ഒരിക്കലും ഉപദ്രവിക്കാൻ പാടില്ല എന്ന് ഉപദേശിച്ചു. കാര്യങ്ങൾ മനസ്സിലായതും അവൾ പിറ്റേന്ന് തന്നെ ആ ചെക്കനെ കണ്ടവൾ മാപ്പ് പറഞ്ഞു. പിന്നെയും പല തവണ സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും അനാവശ്യമായി അവൾ ആരെയും ഉപദ്രവിക്കാൻ ശ്രമിച്ചില്ല. വർഷങ്ങൾ വീണ്ടും ഓടി മറഞ്ഞു. അതിനിടയിൽ ആയിരുന്നു അവളുടെ ജീവിതത്തിലേക്ക് നിന്റെ വരവും ഞങ്ങളുടെ ചെന്നൈയിലേക്കുള്ള പോക്കും എല്ലാം. അവിടെ ആയിരുന്നു ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ടത്. അത് പറയുമ്പോൾ അയാളുടെ മുഖത്ത് അത്രയും നേരം നിലനിന്നിരുന്ന ചിരി മാഞ്ഞിരുന്നു. പകരം ഭീതിയും വേദനയും കലർന്ന മറ്റെന്തോ ഭാവങ്ങളിൽ കണ്ണുകളിൽ മിന്നി മാഞ്ഞു. എമിക്കൊപ്പം ജെറിയുടെ വളർച്ചയും ഞങ്ങൾ അറിയുന്നുണ്ടായിരുന്നു. എമിയെ കൂട്ടാതെ പലപ്പോഴും അവനെ കാണാൻ പോവാറുമുണ്ടായിരുന്നു. അവന് ഞങ്ങളോട് വെറുപ്പായിരുന്നുവെങ്കിലും ഞങ്ങൾക്ക് അവനെ തള്ളികളയാൻ കഴിയില്ലല്ലോ. അവൻ വളർന്ന് ഞങ്ങളോളം വലിയവൻ ആയി മാറി. അവന്റെ ചെറുപ്പം മുതലുള്ള ഡ്രീം ആയിരുന്നു ഒരു മാധ്യമപ്രവർത്തകൻ ആവുകയെന്നത് ഗോൾഡ് മേഡലോടെ അതവൻ നേടിയെടുക്കുക തന്നെ ചെയ്തു.

പക്ഷെ അവന്റെ വിജയത്തിൽ പങ്ക് ചേരാനോ മനസ്സറിഞ്ഞ് സന്തോഷിക്കാനോ ഞങ്ങളെ കൊണ്ടായില്ല. എല്ലാം അറിഞ്ഞ് സന്തോഷത്തോടെ അവനെ കാണാൻ ഓടിച്ചെന്ന ഞങ്ങളെ ഒന്ന് കാണാൻ പോലും അവൻ കൂട്ടാക്കിയില്ല. ഹൃദയം പൊടിയുന്ന വേദനയോടെ കണ്ണ് നിറയ്ക്കാനല്ലാതെ ഞങ്ങളെക്കൊണ്ട് മറ്റൊന്നിനും ആയില്ല. അയാൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വിതുമ്പലുകൾ അടക്കി. പക്ഷെ ഒന്നുണ്ട് സത്യത്തെ നമ്മൾ എത്രയൊക്കെ മൂടിവെച്ചാലും ഒരിക്കൽ അത് അന്ധതയുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് പുറത്ത് വരുക തന്നെ ചെയ്യും. ഏറെ താമസിച്ചെങ്കിലും അത് തന്നെ സംഭവിച്ചു. അവരറിയാതെ അവരുടെ വായിൽ നിന്ന് തന്നെ അവൻ സത്യങ്ങൾ തിരിച്ചറിഞ്ഞു. തകർന്ന് പോയി എന്റെ മകൻ. താമസിക്കാതെ തന്നെ അവൻ ഞങ്ങളെ തേടി വന്നു. ചെന്നൈയിലെ ഞങ്ങളുടെ അപ്പാർട്മെന്റ് അന്വേഷിച്ച് കണ്ടെത്തി അവൻ അവിടെ എത്തി. അറിയാതെ ആണെങ്കിലും ചെയ്തു പോയ തെറ്റുകൾക്ക് അവൻ ഞങ്ങളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു.

എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു സ്റ്റെല്ലയുടെ മടിയിൽ സങ്കടങ്ങൾ ഇറക്കി വെച്ചു. ഉള്ള് തുറന്ന് ഞങ്ങൾ അന്നായിരുന്നു സന്തോഷിച്ചത് ഞങ്ങളുടെ മകനെ വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയ ആ ദിവസം. മുന്നിൽ തെളിയുന്ന പഴയ കാല ഓർമ്മകളിൽ മുഴുകി അയാൾ പറഞ്ഞു നിർത്തി. എമി ആ സമയം +2വിന് പഠിക്കുകയായിരുന്നു. സ്കൂൾ വിട്ട് റോണിക്കൊപ്പം അവൾ തിരികെ എത്തുമ്പോൾ ഞങ്ങൾക്കൊപ്പം അപരിചിതനായ ഒരു വ്യക്തി. സ്വന്തം ചോരയെ ആദ്യമായി കാണുന്ന നിമിഷം. കണ്ട മാത്രയിൽ അവൻ ഓടിച്ചെന്ന് അവളെ ഇറുകെ പുണർന്നു. ഒന്നും മനസ്സിലാവാതെ നിൽക്കുന്ന അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ടുമൂടി. ആ സമയം അവൻ പഴയ ജെറിയായി മാറുകയായിരുന്നു. അമ്മയുടെ ഉദരത്തിലെ അനിയത്തി കുട്ടിക്കായി ആറ്റുനോറ്റ് ദിവസങ്ങൾ എണ്ണി കാത്തിരുന്ന കുഞ്ഞു ജെറി. പക്ഷെ അവന്റെ സ്നേഹപ്രകടനങ്ങളിൽ എമി ആകെ ഭയന്നു പോയിരുന്നു. അവൾ ഓടി എന്റെ നെഞ്ചിൽ അണഞ്ഞു. അവളുടെ മുഖത്തെ പേടി അവനിൽ വേദന നിറച്ചു.

അവന്റെ സങ്കടം കണ്ട് ഞാൻ എമിയെയും റോണിയെയും മുറിയിൽ കൊണ്ടുപോയി കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി. ആദ്യം രണ്ട് പേർക്കും അത് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. കുറച്ചു സമയം വേണ്ടിവന്നു ഇരുവർക്കും എല്ലാം ഒന്ന് ഉൾക്കൊള്ളാൻ. അതുകൊണ്ട് തന്നെ ആദ്യമൊന്നും അവർ അവനുമായി അടുത്തിരുന്നില്ല. അതവനിൽ വിഷമം നിറച്ചെങ്കിലും അവർക്ക് സമയം കൊടുക്കാൻ അവൻ തയ്യാറായി. പക്ഷെ അധികനാൾ ഒന്നും അവനെ അവഗണിക്കാൻ അവർക്കായില്ല. രണ്ട് ദിവസം കൊണ്ട് തന്നെ അവർ അവനുമായി കൂട്ടായി. എമിക്കും റോണിക്കും സ്നേഹം കൊണ്ട് മൂടുന്ന ചേട്ടൻ ആയി മാറുകയായിരുന്നു അവൻ. എന്നോ നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ ശാന്തിയും സന്തോഷവും വീട്ടിൽ തിരികെയെത്തി. എമിയെ അവൻ സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു എന്ന് വേണം പറയേണ്ടിയിരുന്നത്. അവളുടെ ഏത് ആഗ്രഹവും നടത്തി കൊടുക്കാൻ അവന് ഭയങ്കര ഉത്സാഹമായിരുന്നു. അവളുടെ മുഖം ഒന്ന് വാടാൻ പോലും അവൻ അനുവദിച്ചിരുന്നില്ല.

എന്നോട് പറഞ്ഞതിന് ശേഷം അവൾ നിന്നെ പറ്റി വാചാലമാവുന്നത് അവന് മുന്നിൽ ആയിരുന്നു. എങ്ങനെയും നിന്നെ കണ്ടെത്തി തരാം എന്നവൻ അവൾക്ക് വാക്ക് കൊടുത്തിരുന്നു പക്ഷെ അത് പാലിക്കാൻ അവനെ കൊണ്ടായില്ല. അതിന് മുന്നേ അവൻ............... പറഞ്ഞ് പൂർത്തിയാക്കാൻ ആവാതെ അയാളുടെ കണ്ഠമിടറി. എമിയുടെയും റോണിയുടെയും +2 വെക്കേഷൻ സമയത്തായിരുന്നു അത് നടന്നത്. ഒരു രാത്രി നൈറ്റ് റൈഡ് പോവണമെന്ന് പറഞ്ഞ് ജെറി എമിയേയും റോണിയെയും കൊണ്ട് പുറത്ത് പോയി. പോവണ്ട എന്ന് സ്റ്റെല്ല തന്നാൽ ആവും വിധം പറഞ്ഞിരുന്നു പക്ഷെ ജെറിയുടെ വാശി ആയിരുന്നു അവരെയും കൊണ്ട് പോവണം എന്നത്. മക്കളുടെ ആഗ്രഹം അല്ലേയെന്ന് കരുതി ഞാൻ അവരെ സന്തോഷത്തോടെ യാത്രയാക്കി. പക്ഷെ അത് എന്റെ മകന്റെ അവസാനത്തെ യാത്രയാണെന്ന് ഞാൻ കരുതിയിരുന്നില്ല. അന്ന് രാത്രി മറീന ബീച്ച് റോഡിൽ വെച്ച് എമിയുടെയും റോണിയുടെയും മുന്നിൽ നിയന്ത്രണം വിട്ടു വന്ന ഒരു ചരക്ക് ലോറി ഇടിച്ച് എന്റെ ജെറി......... അത്രയും ആയപ്പോഴേക്കും അയാളുടെ കരച്ചിൽ അണപൊട്ടിയിരുന്നു.

അച്ചുവിനെ കെട്ടിപ്പിടിച്ച് അയാൾ തന്റെ സങ്കടങ്ങൾ അവന്റെ ചുമലിൽ ഇറക്കി വെച്ചു. തന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന അയാളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നവന് അറിയില്ലായിരുന്നു. അയാളുടെ കണ്ണുനീർ വീണ് അവന്റെ ഷർട്ട്‌ കുതിർന്നു. ഒരച്ഛന്റെ ഹൃദയവേദനയാണ് പുറത്തേക്ക് വരുന്ന ഓരോ മിഴിനീരും. അറിയാതെ ആണെങ്കിലും അവന്റെ കണ്ണുകളും ഈറനണിഞ്ഞു. ഏറെനേരത്തെ കരച്ചിലിനൊടുവിൽ അയാൾ അടർന്ന് മാറുമ്പോൾ ആകെ തകർന്ന ഒരവസ്ഥയിൽ ആയിരുന്നു അയാൾ. അച്ചു വേഗം പുറത്തേക്കിറങ്ങി ഒരു കുപ്പി വെള്ളം വാങ്ങി തിരികെയെത്തി അയാൾക്കായി നൽകി. അവൻ നീട്ടിയ വെള്ളം ആർത്തിയോടെ കുടിച്ചയാൾ ഒന്ന് കിതച്ചു. പിന്നെ ഒന്നും മിണ്ടാതെ കുറച്ചു നേരം നിലത്തേക്ക് ഇരുന്ന് ജെറിയുടെ കല്ലറയ്ക്കൽ തല ചായച്ച് ഇരുന്നു. അയാളുടെ കണ്ണുനീർ തുള്ളികൾ അവന്റെ കല്ലറയിൽ വീണുടഞ്ഞു. ഇനി നിന്നാൽ ശരിയാവില്ല എന്ന് തോന്നിയതും അവൻ നിബന്ധപൂർവ്വം അയാളെ എഴുന്നേൽപ്പിച്ച് പുറത്തേക്കിറങ്ങി. മരവിച്ച ഒരു ശില പോലെ അയാൾ അവനെ പിന്തുടർന്നു. അപ്പോഴും അയാളുടെ കണ്ണുകളിൽ നിന്ന് അടർന്ന് വീണ കണ്ണുനീർ തുള്ളികൾ ആ കല്ലറയിൽ വെയിലേറ്റ് തിളങ്ങുന്നുണ്ടായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ദേവാലയത്തിന്റെ പടിയിൽ മൗനമായി ഏറെ നേരം ഇരിക്കുമ്പോൾ പലവിധ ചോദ്യങ്ങൾ ആയിരുന്നു അവന്റെ മനസ്സിൽ.

എങ്കിലും ജോണിന്റെ മാനസികാവസ്ഥ മനസ്സിലാക്കി അവൻ നിശബ്ദത പുൽകി. ബാക്കി അറിയണ്ടേ?????? ഏറെനേരത്തെ മൗനത്തിന് വിരാമം ഇട്ടുകൊണ്ടയാൾ ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ അയാളെ തന്നെ ഉറ്റുനോക്കി. അവനെയൊന്ന് നോക്കി അയാൾ വീണ്ടും പറയാൻ ആരംഭിച്ചു. ഇടിയുടെ ആഘാതത്തിൽ ആ റോഡിൽ കിടന്ന് നിമിഷങ്ങൾക്കകം ജെറിയുടെ ജീവൻ പൊലിഞ്ഞു. ഏറെ വൈകിയും അവരെ കാണാതെ വിഷമിച്ചിരുന്ന ഞങ്ങളെ തേടിയെത്തിയത് മകന്റെ മരണ വാർത്തയായിരുന്നു. സ്നേഹിച്ച് കൊതി തീരും മുന്നേ അവൻ ഞങ്ങളെ എല്ലാം വിട്ട് യാത്രയായി. ഒരായുസ്സ് മുഴുവൻ തരേണ്ട സ്നേഹമത്രയും ആറു മാസങ്ങൾ കൊണ്ട് ഞങ്ങൾക്ക് നൽകിയിട്ട് അവൻ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടുപോയി. ചുണ്ടുകൾ കടിച്ച് പിടിച്ച് അയാൾ കരച്ചിലടക്കി. ആ ആക്‌സിഡന്റിന്റെ ഷോക്ക് ഏറ്റവും കൂടുതൽ ബാധിച്ചത് എമിയെ ആയിരുന്നു. കൺമുന്നിൽ കുറഞ്ഞ സമയം കൊണ്ട് ജീവനേക്കാളേറെ സ്നേഹിച്ച കൂടപ്പിറപ്പിന്റെ ജീവൻ പൊലിയുന്ന കാഴ്ച കണ്ട് ഒന്ന് അലറി കരയാൻ പോലും ആവാത്ത വിധം അവൾ തകർന്നു പോയി. ജെറിയുടെ വേർപാടിൽ ചങ്ക് പൊട്ടിക്കരയുന്ന ഞങ്ങൾക്ക് മുന്നിൽ ഒരിറ്റ് കണ്ണുനീർ പോലും പൊഴിക്കാതെ ഒന്നും മിണ്ടാതെ അവളിരുന്നു.

നാട്ടിൽ കൊണ്ടുവന്ന് ആയിരുന്നു അടക്കവും മറ്റും നടത്തിയത്. ഇങ്ങോട്ടുള്ള യാത്രയിൽ പോലും അവൾ കരഞ്ഞില്ല. വെള്ളപുതച്ച് കിടക്കുന്ന ജെറിയുടെ മൃതദേഹത്തിൽ നോട്ടമുറപ്പിച്ച് ഒന്ന് അനങ്ങുക പോലും ചെയ്യാതെ അവളുടെ ഇരുപ്പ് കണ്ട് ഞങ്ങളിൽ ഭയം നിറഞ്ഞു. തോളിൽ പിടിച്ച് ഉലച്ചും മുഖത്ത് തട്ടിയും അവളെ വിളിച്ചെങ്കിലും അവൾ അതേയിരുപ്പ് തുടർന്നു. ജെറിയുടെ മരണവും എമിയുടെ ഇരുപ്പും എല്ലാം കൂടി ഞങ്ങൾക്ക് ഹൃദയം പൊട്ടിപ്പിളരുന്നത് പോലെ തോന്നി. അവസാനം അവൾ കരയുന്നത് ജെറിയെ കല്ലറയിലേക്ക് എടുക്കുമ്പോഴായിരുന്നു. കല്ലറയ്ക്കൽ ഇരുന്ന് അലമുറയിട്ട് ഒരു ഭ്രാന്തിയെ പോലെ കരഞ്ഞ് വാടി തളർന്ന് വീഴുന്ന എന്റെ കുഞ്ഞിന്റെ ചിത്രം ഇപ്പോഴും ഉള്ളിൽ നിന്ന് മാഞ്ഞിട്ടില്ല. വിതുമ്പലോടെ അയാൾ പറയവേ അവന്റെ കണ്ണുകളും അയാൾക്കൊപ്പം നിറഞ്ഞൊഴുകി. ബോധം വന്നപ്പോൾ അവൾ തീർത്തും ഒരു ഭ്രാന്തിയെ പോലെ ആയി മാറിയിരുന്നു. ചിലപ്പോൾ ആർത്തു കരയും ചിലപ്പോൾ ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കും.

കണ്ട് നിൽക്കുന്നവരുടെ ചങ്ക് തകർന്ന് പോവുന്ന കാഴ്ച. നാട്ടുകാർക്കിടയിൽ പറഞ്ഞ് സഹതപിക്കാൻ പറ്റിയ ഒരു വാർത്തയായി എന്റെ കുഞ്ഞ് മാറിയപ്പോൾ തിരികെ ചെന്നൈയിലേക്ക് തന്നെ പോയി. അവിടെ ചെന്ന് ഡോക്ടർ മഹാദേവനെ കാണിച്ച് ചികിത്സ തുടങ്ങിയെങ്കിലും പതിയെ അവൾ ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയിരുന്നു. ആരോടും മിണ്ടില്ല ചിരിക്കില്ല അടച്ചു പൂട്ടി ഒരു മുറിയിൽ തന്നെ ഇരിക്കാൻ തുടങ്ങി. അവളുടെ അവസ്ഥ കണ്ട് ഏറ്റവും അധികം വേദനിച്ചത് റോണി ആയിരുന്നു. അവളുടെ ഇരിപ്പ് കണ്ട് മനംനൊന്ത് പൊട്ടിക്കരയുന്ന അവൻ ഞങ്ങളിൽ കൂടുതൽ വേദന നിറയ്ക്കുകയായിരുന്നു. അവളെ അതിൽ നിന്ന് പുറത്ത് കൊണ്ടുവരാൻ ജെറിയുടെ ഓർമ്മകളെ അവളിൽ നിന്ന് തുടച്ചു മാറ്റുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലായിരുന്നു. പതിയെ പതിയെ അവളിൽ നിന്ന് ജെറിയുടെ ഓർമ്മകൾ ഓരോന്നായി പിഴുതു മാറ്റി. 8 മാസം. നീണ്ട 8 മാസം വേണ്ടിവന്നു അവളെ ഇന്ന് കാണുന്ന എമിയാക്കി മാറ്റാൻ. അതിനിടയിൽ ജെറിയുടെ ഓർമ്മകൾ വരുന്നതെല്ലാം ഞങ്ങൾ അവളിൽ നിന്ന് മാറ്റി.

ചികിത്സ എല്ലാം കഴിഞ്ഞ് തിരികെ പാലായിലേക്ക് ചെന്നാൽ എല്ലാവരും അവളെ ഭ്രാന്തി ആയി ചിത്രീകരിക്കും അത് അവളുടെ മാനസിക നിലയെ തന്നെ ബാധിക്കും എന്ന് ഉറപ്പായിരുന്നതിനാൽ അവിടം ഉപേക്ഷിക്കാൻ ഞങ്ങൾ നിർബന്ധിതരായി. അപ്പോഴാണ് ചെന്നൈയിൽ എമിയെ ചികിത്സിച്ചിരുന്നു മഹാദേവൻ ഡോക്ടർ നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പോവുന്നു എന്നറിഞ്ഞത്. ഡോക്ടർ തന്നെ ആയിരുന്നു അങ്ങോട്ട്‌ പോരാൻ നിർദേശിച്ചതും. അങ്ങനെ ഇവിടുത്തെ തറവാട് ഒഴികെ ബാക്കി സകലതും വിറ്റ് ഞങ്ങൾ അങ്ങോട്ട്‌ ചേക്കേറി. ഇതാണ് എമിയുടെ ലൈഫിൽ സംഭവിച്ചത്. ഒരു ദീർഘനിശ്വാസത്തോടെ അയാൾ പറഞ്ഞു നിർത്തി. ഈ 8 മാസം കഴിഞ്ഞപ്പോൾ തനിക്ക് എന്തുപറ്റി എന്നവൾ ചോദിച്ചില്ലേ????? അവൻ സംശയത്തോടെ ചോദിച്ചു. ചോദിച്ചിരുന്നു. +2 വെക്കേഷന് ചെറിയൊരു ആക്‌സിഡന്റ് പറ്റി അതിന്റെ ചികിത്സയിൽ ആയിരുന്നു എന്നാണ് അവളെ ഇപ്പോഴും പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. അത് പറഞ്ഞയാൾ നിർത്തുമ്പോൾ അവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര വേദന കുമിഞ്ഞു കൂടുകയായിരുന്നു. ഇത്രയേറെ വേദനകൾ അവൾ അനുഭവിച്ചു എന്നോർക്കവേ ഹൃദയം വിങ്ങി.

കണ്ണുകൾ പൂട്ടി അവൻ മൗനത്തെ കൂട്ടുപിടിച്ചിരുന്നു. പ്രിയപ്പെട്ടവരെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ക്യാരക്ടർ ആണ് എമി. അവളുടെ സ്വന്തം എന്ന് തോന്നുന്നവർക്ക് ഒരു ചെറിയ പോറൽ പോലും ഏൽക്കുന്നത് അവളെക്കൊണ്ട് സഹിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ജെറിയുടെ മരണം അവളെ ഇത്രത്തോളം തകർത്ത് കളഞ്ഞത്. നാളെ ഒരിക്കൽ വീണ്ടും അങ്ങനെ ഒരു ഷോക്കോ അല്ലെങ്കിൽ ജെറിയുടെ ഓർമ്മകളോ അവളിലേക്ക് തിരികെ വന്നാലോ അവൾ വീണ്ടും പഴയത് പോലെ ഒരു ഭ്രാന്തിയായി മാറിയേക്കാം. പിന്നീട് ചികിത്സ കൊണ്ടേ അവളെ മാറ്റിയെടുക്കാൻ കഴിയൂ. ഞാനിതെല്ലാം ഇപ്പോഴേ പറഞ്ഞത് ഇതെല്ലാം നീ ആദ്യമേ അറിഞ്ഞിരിക്കാൻ വേണ്ടിയാണ്. ഇനി നിനക്ക് തീരുമാനിക്കാം എമിയെ ജീവിതത്തിലേക്ക് കൂട്ടണോ വേണ്ടയോ എന്ന്. നാളെ ഒരിക്കൽ ഭ്രാന്തിയായ മകളെ നിന്റെ തലയിൽ കെട്ടി വെച്ചു എന്ന് തോന്നരുത് അങ്കിൾ.......... അയാൾ പറഞ്ഞ് അവസാനിപ്പിക്കും മുന്നേ അവന്റെ ശബ്ദം ഉയർന്നു. നാഴികയ്ക്ക് നാൽപ്പത് വട്ടം ഭ്രാന്തി ഭ്രാന്തി എന്ന് വിളിച്ചു പറയണം എന്നില്ല.

ഇതെല്ലാം ആരുടെ ജീവിതത്തിലും എപ്പോ വേണമെങ്കിലും നടക്കാൻ ഇടയുള്ള കാര്യങ്ങളാണ്. ഈ മനസ്സ് എന്ന് പറയുന്നത് ഒരിക്കലും നമ്മുടെ കൈപ്പിടിയിൽ നിൽക്കുന്ന ഒന്നല്ല. നാളെ ഒരിക്കൽ എന്റെ മാനസിക നില തെറ്റില്ല എന്ന് ഉറപ്പ് പറയാൻ അങ്കിളിനെ കൊണ്ടാകുവോ???? അവന്റെ ചോദ്യത്തിന് അയാളുടെ പക്കൽ മറുപടി ഒന്നും ഇല്ലായിരുന്നു. എന്നെ മാത്രം സ്നേഹിക്കുന്ന എനിക്ക് വേണ്ടി കാത്തിരുന്ന പെണ്ണാ അവൾ. അവളെ വേണ്ടെന്ന് വെക്കാൻ എന്നെകൊണ്ട് കഴിയില്ല. നാളെ അവൾ എന്നെ കൊല്ലും എന്ന് പറഞ്ഞാൽ പോലും എനിക്കതൊരു വിഷയമല്ല. ഒരുപാട് കാലമായി അവളെ നെഞ്ചിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ഹൃദയത്തിൽ നിന്ന് അവളെ പറിച്ചെറിഞ്ഞ് മറ്റൊരാൾക്ക്‌ സ്ഥാനം കൊടുക്കാൻ ഈ ജന്മം എന്നെകൊണ്ട് കഴിയില്ല. അത്രയും പറഞ്ഞവൻ ഒന്ന് നിർത്തി. എനിക്ക് തന്നൂടെ അവളെ???? പൊന്നുപോലെ നോക്കിക്കോളാം. അയാൾക്ക് മുന്നിൽ മുട്ട് കുത്തി നിന്ന് അയാളുടെ കയ്യിൽ പിടിച്ചവൻ ചോദിക്കവെ അയാളുടെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞു.

ചുണ്ടിൽ ഉതിർന്ന പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടുമ്പോൾ അതിലുണ്ടായിരുന്നു അവനുള്ള ഉത്തരം. മരുമകനായി എന്നെ സ്വീകരിച്ച സ്ഥിതിക്ക് ഈ അങ്കിൾ വിളി അങ്ങോട്ട്‌ മാറ്റി പപ്പ എന്നാക്കാമല്ലേ????? കുറുമ്പൊടെ അവൻ ചോദിക്കുമ്പോൾ അയാളുടെ ചുണ്ടിൽ സംതൃപ്തിയുടെ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു. മരുമകനല്ലട ഡ്രാക്കുളേ മകൻ. അയാൾ ചിരിയോടെ അവന്റെ തോളിൽ കയ്യിട്ടു. പപ്പാ.......... പരിഭവത്തോടെ അവൻ വിളിക്കുമ്പോൾ അയാൾ പൊട്ടിച്ചിരിച്ചു പോയിരുന്നു. പതിയെ ആ ചിരി അവനിലേക്കും പടർന്നിരുന്നു. അവിടെ നിന്ന് തിരികെ പോവാൻ ഒരുങ്ങുമ്പോൾ ഇരുവർക്കുമിടയിൽ ഒരു സൗഹൃദം രൂപം കൊണ്ടിരുന്നു. തിരികെയുള്ള യാത്രയിൽ അച്ചു ആയിരുന്നു ഡ്രൈവ് ചെയ്തത്. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയാൾ എമിയുടെ കുഞ്ഞിലേ ഉള്ള കുരുത്തക്കേടുകളുടെയും കുസൃതികളുടെയും കെട്ടുകൾ അഴിച്ചു. അതെല്ലാം ആസ്വദിച്ച് ഇടയ്ക്കിടെ പൊട്ടിച്ചിരിച്ച് അവർ യാത്ര തുടർന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story