ഹൃദയതാളമായ്: ഭാഗം 46

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഓഹ്......പോൾ സാമുവൽ.......നിങ്ങളിത് കാണുക.... നിങ്ങളിത് കാണുക..... ഈ ഭൂഗോളത്തില്‍..... വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്. കാലമേ അടയാളപ്പെടുത്തുക ഇത്‌ ഘടികാരങ്ങൾ നിലച്ചുപോവുന്ന നിമിഷം....... ആൽവിയുടെ ഷൈജു ദാമോദരനെ കടത്തി വെട്ടുന്ന തരത്തിൽ കമന്ററി. എമി അവനെയൊന്ന് നോക്കി. ആൾ അടുത്ത അടി കാണാനുള്ള ത്രില്ലിലാണ്. ഇങ്ങേര് തന്നെയാണോ ഇവളെ പുന്നാരിപ്പിച്ച് വളർത്തിയെന്ന് പറഞ്ഞത്???? ഇനി ആൾ മാറിപ്പോയതോ മറ്റോ ആണോ????അവന്റെ പ്രകടനം കണ്ടവൾ അറിയാതെ ആലോചിച്ചു. അവനെ തന്നെ നോക്കി നിൽക്കുന്ന സമയത്താണ് പോളിന്റെ ശബ്ദം അവിടെ ഉയരുന്നത്. അത് കേട്ടതും അവൾ അവനിൽ നിന്ന് നോട്ടം പിൻവലിച്ച് മുന്നിലേക്ക് നോക്കി. ഈ അടി തരേണ്ട സമയത്ത് ഞാൻ തന്നിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ ഒരു അവസ്ഥ ഇവിടെ ഉണ്ടാവില്ലായിരുന്നു.

നിന്റെ ഓരോ പ്രവർത്തികൾ കാണുമ്പോൾ വെറുപ്പ് തോന്നുവാ എനിക്ക് എന്നോട് തന്നെ..... നിന്നെ ഇങ്ങനെ വളർത്തിയത് എന്റെ തെറ്റ് ആണല്ലോ എന്നോർക്കുമ്പോൾ ദേഷ്യം തോന്നുവാ..... അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. ദേഷ്യത്തിൽ അവളെയൊന്ന് നോക്കി അയാൾ വെട്ടിത്തിരിഞ്ഞ് അകത്തേക്ക് പോയി. കവിളിൽ കയ്യും വെച്ചവൾ വേദനയോടെ അയാൾ പോയ വഴിയേ നോക്കി. പ്ടെ 💥 വീണ്ടും പടക്കം പൊട്ടുന്നൊരു ശബ്ദം മുഴങ്ങി. സാറായുടെ അടി അവളുടെ അടുത്ത മറുകവിളിൽ പതിഞ്ഞ ശബ്ദം ആണാ കേട്ടത്. ഒന്ന് നുള്ളി നോവിക്കാതെ നിന്നെ ലാളിച്ച് വളർത്തിയ ആ മനുഷ്യൻ ഇന്ന് ചങ്ക് തകർന്നാ ആ പോവുന്നത്. ഇത്രയേറെ ഞങ്ങളെ അപമാനിക്കാൻ മാത്രം എന്ത് ദ്രോഹം ആടി ഞങ്ങൾ നിന്നോട് ചെയ്തത്????? നിന്നെ അളവറ്റ് സ്നേഹിച്ചതാണോ????

അതോ ആഗ്രഹിച്ചതെല്ലാം നിനക്ക് നേടി തന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ്???? അതിനാണോ നീ ഇങ്ങനെ ഞങ്ങളെ ശിക്ഷിക്കുന്നത്????? ഇതിലും ഭേദം കുറച്ചു വിഷം കലക്കി തന്ന് ഞങ്ങളെ കൊല്ലുന്നതാടി. പെറ്റമ്മയുടെയും പോറ്റി വളർത്തിയ അപ്പന്റെയും കണ്ണീരിന് കാരണമായാൽ ഈ ജന്മം ഗതി പിടിക്കില്ല അതോർത്തോ നീ....... അത്രമാത്രം പറഞ്ഞവർ നിറഞ്ഞ കണ്ണുകൾ തുടച്ചു നീക്കി അയാൾക്ക് പിറകെ പോയി. അമ്പോ ഇജ്ജാതി തല്ല്. പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല. ബിജിഎം ഇട് ബിജെഎം ഇട്... തന്താനിന്നാനെ താനിന്നന്നാനോ താനേനാനേനോ ഹേ, തന്താനിന്നാനെ താനിന്നന്നാനോ താനേനാനേനോ...... 🎶 ആൽവി രോമാഞ്ചകഞ്ചുകനായി പാടി നിർത്തി. ക്രൂഷ്വൽ സിറ്റുവേഷനിൽ നിന്ന് കോമഡി അടിക്കുന്നോ????? എമി അവനെ നോക്കി പല്ല് കടിച്ചു. എങ്കിൽ പിന്നെ ഞാൻ ചായ അടിക്കാം. ആൽവി വിത്ത്‌ ഒരു ലോഡ് പുച്ഛം. ചായ അല്ലെടോ ചകിരി ചോറ് തന്റെ പേട്ട തലക്കകത്തത് നിറച്ച് അതാണല്ലോ????

എമി തിരിച്ച് പുച്ഛിച്ചു. എഗൈൻ അപമാനം. നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട്‌ ആവുന്നത് എന്ത് കഷ്ടമാണ്????? ആൽവി സെഡായി. ആൽവിയിൽ നിന്ന് നോട്ടം മാറ്റിയതും തന്നെ തുറിച്ച് നോക്കുന്ന അനുവിനെ കണ്ടതും അവൾ ചുണ്ട് കോട്ടി. കവിളൊക്കെ നല്ല തക്കാളി പഴം പോലെ തുടുത്തിട്ടുണ്ട് എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. ഇവൾക്ക് കിട്ടിയതൊന്നും പോരായിരിക്കും. തല്ല് കൊള്ളാനുള്ള എന്റെ പെങ്ങളുടെ ആത്മാർത്ഥത ആരും കാണാതെ പോവരുത്. അച്ചൂട്ടാ അടി പൂക്കുറ്റി........ ആൽവിച്ചൻ പറഞ്ഞു തീരേണ്ട താമസം അടുത്ത അടിയും പൊട്ടി. അച്ചുവിന്റെ കയ്യുടെ ചൂട് ഒരിക്കൽ കൂടി ടെസ്റ്റ്‌ ചെയ്തവൾ സോഫയിൽ ചാരി കിടന്നു പോയി. ചുറ്റിനും വട്ടമിട്ട് പറക്കുന്നത് മിന്നാമിനുങ്ങുകളുടെയും കിളികളുടെയും ഗോൾഡൻ ഫ്ലൈസിന്റെയും എണ്ണം കണ്ടെത്താനാവാതെ അവൾ ഇരുന്ന് നക്ഷത്രമെണ്ണി.

കവിൾത്തടം നീറി പുകയുന്നത് പോലെ കാതിൽ ഒരു മൂളക്കം മാത്രം കേൾക്കാം. തലയൊന്ന് കുടഞ്ഞ് മുന്നിലേക്ക് നോക്കുമ്പോൾ അതാ അച്ചുവിന്റെ നാലഞ്ച് പ്രതിരൂപങ്ങൾ. നീലച്ചടയൻ വലിച്ചാൽ കിട്ടുവോ ഇതുപോലെ എഫക്ട്. കണ്ണ് ഇറുകെ അടച്ചു തുറന്നവൾ തലയ്ക്ക് കയ്യും കൊടുത്ത് അവനെ നോക്കി. ഇത് നീ ഇരന്നു വാങ്ങിയതാ..... വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ തല്ല് വാങ്ങിയേ അടങ്ങൂ എന്ന ഭാവമല്ലേ????? പലതവണ നിനക്ക് ഞാൻ വാർണിങ് തന്നതാ എന്നിട്ടും നീ വീണ്ടും അതെല്ലാം ധിക്കരിച്ചു. പെണ്ണുങ്ങളെ കൈനീട്ടി അടിക്കുന്നത് ആണത്തം അല്ലെന്ന് എനിക്കറിയാം പക്ഷെ നിന്നെയൊക്കെ ചട്ടവാറിനാ അടിക്കേണ്ടത്. വെറുതെ ഇനിയും ഇതുപോലെ നാലാംകിട നമ്പറുമായി ഇറങ്ങിയാൽ പെങ്ങൾ ആണ് സ്വന്തം രക്തമാണ് എന്നൊന്നും അച്ചു നോക്കില്ല.... ഇത് നിനക്ക് ഞാൻ തരുന്ന അവസാന വാർണിങ് ആണ്. അവൾക്ക് നേരെ വിരൽ ചൂണ്ടി ദേഷ്യത്തിൽ പറഞ്ഞു കൊണ്ടവൻ അകത്തേക്ക് കയറിപ്പോയി.

അടിയെല്ലാം വാങ്ങിക്കൂട്ടി തലപൊക്കാൻ വയ്യാതെ ഇരിക്കുന്ന അവൾ ഇത് വല്ലതും അറിയുന്നുണ്ടോ???കാതിൽ വണ്ട് മൂളുന്ന ശബ്ദം അല്ലാതെ മറ്റൊന്നും കേട്ടിട്ടില്ല. ശെടാ എല്ലാവരും മാസ്സ് ഡയലോഗ് അടിച്ചിട്ട് പോവുമ്പോൾ ഞാനായിട്ട് പറയാതിരുന്നാൽ മോശമല്ലേ????? ഇങ്ങോട്ട് മാറി നിൽക്ക് മോളെ ഞാനൊന്ന് ചെന്ന് എന്റെ പെങ്ങളെ ഉപദേശിക്കട്ടെ. അതും പറഞ്ഞവൻ അടുത്ത് നിന്നിരുന്ന എമിയെ പിടിച്ച് മാറ്റി നിർത്തി സ്ലോ മോഷനിൽ അങ്ങോട്ട്‌ നടന്നു. പെട്ടെന്ന് മാനത്ത് നിന്ന് ഇപ്പൊ പൊട്ടി വീണത് പോലെ ജോക്കുട്ടൻ ഓടി പാഞ്ഞു വന്ന് അനുവിന്റെ പുറം നോക്കി ഒരൊറ്റ അടി. നീ എന്തെ ചോത്ലെറ്റ് തിന്നും അല്ലേദീ പത്തി........... ദേഷ്യത്തിൽ അവളെ നോക്കി അവനത് പറയേണ്ട താമസം ആൽവി തിരിഞ്ഞോടി എമിയുടെ പുറകിൽ നിന്നു. ഈ കുരിപ്പ് ഇന്ന് പോയില്ലായിരുന്നോടീ?? റിയയെ നോക്കി അവൻ ചോദിച്ചു. നിങ്ങളുടെ അല്ലെ വിത്ത് എങ്ങനെ പോവാനാ????? അവനെ നോക്കി പുച്ഛിച്ചു കൊണ്ട് റിയ അവിടെ നിന്ന് പോയി.

അല്ല ആൽവിച്ചായാ ജോക്കുട്ടൻ അവളെ തല്ലിയതിന് നിങ്ങൾ എന്തിനാ ഓടിയത്????? എമി നെറ്റിച്ചുളിച്ച് അവനെ നോക്കി. ആരോടും പറയരുത്. അവന്റെ ചോക്ലേറ്റ് എടുത്തു തിന്നത് ഞാനാ. ശബ്ദം താഴ്ത്തി രഹസ്യമായി അവൻ പറയുന്നത് കേട്ടവൾ വായും തുറന്ന് നിന്നു. പ്രായം ഇത്രയൊക്കെ ആയില്ലേ????? എന്നിട്ട് സ്വന്തം കൊച്ചിന് വാങ്ങിയ മിട്ടായി കട്ട് തിന്നിരിക്കുന്നു. ഉളുപ്പുണ്ടോ മനുഷ്യാ നിങ്ങൾക്ക്???? ഇല്ലേയില്ല. പിള്ളേർ അധികം മിട്ടായി തിന്നുന്നത് നല്ലതല്ല പല്ലിൽ പുഴു വരും. ആൽവി സ്വന്തം ഭാഗം ന്യായീകരിച്ചു. അനു അപ്പോഴും കിളി പോയി ഇരിപ്പാണ്. അതുവരെ കിട്ടിയ തല്ലൊക്കെ ഏത് വഴിയാ വന്നത് എന്നറിയാം പക്ഷെ അവസാനം പറഞ്ഞ ചോക്ലേറ്റ് കേസ് ഏതെന്ന അഗാഥമായ ആലോചനയിൽ ആണവൾ. കാറ്റ് പോയോ?????? അനക്കം ഇല്ലാതെ ഇരിക്കുന്ന അനുവിനെ നോക്കി അവൾ ചോദിച്ചു. ഇവളുടെ കാറ്റ് പോവനോ????

പോവാൻ ആയിരുന്നെങ്കിൽ ഇതിലും മുന്നേ പോവേണ്ട സമയം കഴിഞ്ഞു. ഇത് അടി കൊണ്ടതിന്റെ ക്ഷീണം ആയിരിക്കും. വീട്ടിലെ തലമൂത്ത കാർന്നോർ തൊട്ട് മുറ്റത്ത് ഓടി നടക്കുന്ന കൊച്ചിന്റെ കയ്യിൽ നിന്ന് വരെ തല്ല് വാങ്ങി ഇരിക്കുന്ന ഇരിപ്പല്ലേ???? ഒരാളെ തല്ലുന്നതിനൊക്കെ ഒരു കണക്കുണ്ട് ഇത് ഒരുമാതിരി പഞ്ചായത്ത്‌ പട്ടികൾക്ക് എല്ലും കഷ്ണം കിട്ടിയ കണക്കല്ലായിരുന്നോ എവിടുന്നാ എങ്ങനാ എപ്പോഴാ എന്ന് പോലും മനസ്സിലായിട്ടില്ല. പാവം എന്റെ പെങ്ങൾ ഞാൻ ചെന്ന് ഒന്ന് ചൊറിഞ്ഞിട്ട് വരട്ടെ ഒരാശ്വാസം കിട്ടും. ആർക്ക് ആശ്വാസം????? എനിക്ക് തന്നെ മാറ്റാർക്കാ???? അനുകുട്ടാ നിന്റെ ഇച്ചായൻ ദേ വരുന്നെടി. അതും പറഞ്ഞവൻ കിളിപോയി ഇരിക്കുന്ന അവൾക്കരികിലേക്ക് പോയി. അവളുടെ അടുത്ത് ചെന്നിരുന്ന് ഉടനെ കവിളിൽ കുത്തിയും പിച്ചിയും വേദന ഉണ്ടോ എന്ന് തിരക്കുന്നുണ്ട്.

ഇനി അവിടെ ഇരുന്നാൽ നേരത്തെ കിട്ടിയ അടിയിൽ ഇളികിയ പല്ല് മുഴുവൻ അവൻ ബംഗാളികളെ നിർത്തി സിമന്റ്‌ ഇട്ട് ഉറപ്പിക്കും എന്ന് മനസ്സിലായതും അവൾ ഒരുവിധം എഴുന്നേറ്റ് മുറിയിലേക്ക് പോയി. ഒരാളുടെ മനസമാധാനം കളഞ്ഞ സന്തോഷത്തിൽ ആൽവിച്ചായൻ സോഫയിൽ കിടന്ന് പൂര ചിരി. ഇതെന്ത് ജീവി എന്ന കണക്ക് അവനെയൊന്ന് നോക്കി എമി അകത്തേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 തന്റെ മുറിയിൽ തലക്ക് കയ്യും കൊടുത്തിരിക്കയാണ് പോൾ. അയാളുടെ അരികിലായി സാറായും ഇരിക്കുന്നുണ്ട്. മകളുടെ പ്രവർത്തികളിൽ ഉരുകുന്ന അയാളുടെ ഹൃദയത്തിന്റെ വേദന മറ്റാരേക്കാൾ അവർക്ക് അറിയാമായിരുന്നു. ഒരാശ്വാസത്തിനായി അവർ അയാളുടെ ചുമലിൽ കരം അമർത്തി. അനുവിനെ വളർത്തുന്നതിൽ നമുക്ക് തെറ്റ് പറ്റി പോയി അല്ലേടോ???? അയാൾ ഇടറിയ സ്വരത്തിൽ ചോദിച്ചു.

സാറാ ഉത്തരം പറയാനാവാതെ നിസ്സഹായമായി അയാളെ നോക്കി. എല്ലാം എന്റെ തെറ്റാ. അവളുടെ വാശിക്കും ദുരാഗ്രഹങ്ങൾക്കും കൂട്ട് നിന്നു ഒന്ന് ശിക്ഷിക്കുന്നത് പോയിട്ട് നേരാവണ്ണം ശാസിക്കുക പോലും ചെയ്തിട്ടില്ല. ഒരുപാട് പ്രാവശ്യം നീയെന്നോട് പറഞ്ഞിരുന്നു അവളെ തല്ലി വളർത്തണമെന്ന് പക്ഷെ അന്നൊന്നും ഞാൻ കേട്ടില്ല. എത്രയോ തവണ അവളെ വഴക്കിട്ടു എന്ന പേരിൽ നിന്നോട് ഞാൻ ദേഷ്യപെട്ടിട്ടുണ്ട്????? ഒരിക്കലെങ്കിലും.... ഒരു തവണയെങ്കിലും.... അവളെയൊന്ന് ശിക്ഷിച്ചിരുന്നെങ്കിൽ ഇന്ന് ഇതുപോലെ തിരുത്താൻ കഴിയാത്ത ഒരു തെറ്റായി അവൾ മാറിപ്പോവില്ലായിരുന്നു. തോറ്റുപോയി..... ഒരപ്പൻ എന്ന നിലയിൽ സ്വന്തം മകളെ നല്ലത് പറഞ്ഞ് വളർത്തുന്നതിൽ തോറ്റുപോയി ഞാൻ......... അതുവരെ ഉള്ളിൽ അടക്കി വെച്ചിരുന്ന ദുഃഖം കണ്ണീരായി അണപൊട്ടി പുറത്തേക്ക് ഒഴുകി. ഇച്ചായാ എന്തായിത്???? കരയല്ലേ????? അവൾ ചെയ്ത തെറ്റിനുള്ള ശിക്ഷ കൊടുത്ത് കഴിഞ്ഞു ഇനി അതും ആലോചിച്ച് ഇങ്ങനെ വിഷമിക്കല്ലേ.....

വേദനയോടെ അയാളുടെ കണ്ണുനീർ തുടച്ചു നീക്കി അവർ പറയുമ്പോൾ അയാളവരുടെ മടിയിലേക്ക് വീണിരുന്നു. അയാളുടെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണുനീരിനാൽ അവരുടെ മടിത്തട്ട് നനഞ്ഞു. തുറന്നിട്ട മുറിയുടെ വാതിൽക്കൽ നിന്ന് കണ്ട ആ കാഴ്ച എമിയെ വേദനിപ്പിച്ചു. അകത്തേക്ക് കയറുമ്പോഴുള്ള അയാളുടെ കണ്ണിലെ നോവ് മനസ്സിലാക്കി അയാളെ തേടി എത്തിയതായിരുന്നു അവൾ. അകത്തെ കാഴ്ച അവളുടെ കണ്ണുകളെ ഈറനണിയിച്ചു എങ്കിലും അവൾ പെട്ടെന്ന് തന്നെ മുഖം പ്രസന്നമാക്കി അകത്തേക്ക് കയറി. ഓൾഡ് കപ്പിൾസിന്റെ റൊമാൻസ് കഴിഞ്ഞെങ്കിൽ എനിക്ക് അങ്ങോട്ട്‌ വരാമായിരുന്നു. കുസൃതിയോടെ അവൾ പറയുന്നത് കേട്ടവർ അകന്നു മാറി അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. കിട്ടിയ സമയം നോക്കി രണ്ടുപേരും കൂടി ശൃംഘരിക്കുവായിരുന്നല്ലേ???? വയസ്സാം കാലത്ത് ഇച്ചിരി പഞ്ചാര കുറയ്ക്ക് ഡാഡി അല്ലെങ്കിൽ ഷുഗർ വരും. അവരെ കളിയാക്കി കൊണ്ടവൾ അവർക്ക് മുന്നിലായി നിന്നു. മോളെ ഇന്ന്..........

വേണ്ട വേണ്ട വെറുതെ സെന്റി അടിച്ച് കുളം ആക്കണ്ട ഇന്നുണ്ടായ പ്രശ്നങ്ങളെല്ലാം അങ്ങ് വിട്ടുകള. നടന്നത് നടന്നു. അതിനെ പറ്റി വീണ്ടും വീണ്ടും ഓർത്ത് വിഷമിച്ചിട്ട് കാര്യമുണ്ടോ???? അതുകൊണ്ട് അതെല്ലാം മറന്നിട്ട് ഇനിയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കണം. അതും പറഞ്ഞവൾ അവർക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു. അത് കേട്ടിട്ടും അവർ ഇരുവരുടെയും മുഖത്ത് ദുഃഖം നിറഞ്ഞിരുന്നു. പോളിന്റെ കണ്ണുകളിൽ തെളിയുന്ന കുറ്റബോധം മനസ്സിലാക്കി അവൾ അയാളുടെ കയ്യിൽ പിടിച്ചു. അനു ഒരു ബുദ്ധിമോശം കാണിച്ചു. അതിനുള്ള ശിക്ഷ അപ്പൊ തന്നെ കൊടുക്കുകയും ചെയ്തു അത് അവിടെ കഴിഞ്ഞു. അല്ലാതെ വിവരം ഇല്ലാത്ത അവൾ ഓരോന്ന് ഒപ്പിച്ചു വെച്ചത് ഓർത്ത് ബുദ്ധി ഇല്ലാത്ത ഡാഡി കണ്ണീരൊഴുക്കിയിട്ട് വല്ല കാര്യവുമുണ്ടോ?????? കുറുമ്പൊടെ അവൾ ചോദിക്കുന്നത് കേട്ട് അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

ചുണ്ടിൽ ഉതിർന്ന ചിരിയോടെ അയാൾ അവളുടെ ചെവിക്ക് പിടിച്ചു. അമ്പടി കേമി എനിക്ക് ബുദ്ധിയില്ല അല്ലെ???? ആണോടീ എനിക്ക് ബുദ്ധി ഇല്ലേ?????? ഔ..... കാതീന്ന് വിട് കാതീന്ന് വിട്..... ഞാൻ ചുമ്മാ പറഞ്ഞതാ......... അവൾ നിലവിളിക്കുന്നത് കേട്ട് അയാൾ പിടി വിട്ടു. എന്നോട് കളിച്ചാൽ ചെവി ഞാൻ പൊന്നാക്കും. കാത് തടവുന്ന അവളെ നോക്കി മീശ പിരിച്ചു കൊണ്ടയാൾ പറഞ്ഞു. ഓഹോ എന്നാ എന്നോട് കളിച്ചാൽ ഞാൻ വല്ല വൃദ്ധസദനത്തിലും കൊണ്ടുപോയി ആക്കും. അവിടെ ബൈബിളും വായിച്ച് ഒരു മൂലക്ക് ഇരിക്കേണ്ടി വരും. കെറുവോടെ അവൾ പറഞ്ഞതും അവർ കണ്ണ് മിഴിച്ച് അവരെ നോക്കി. ഡീ കാന്താരി ഞങ്ങളെ നീ ഇവിടുന്ന് ചവിട്ടി പുറത്താക്കുവോ????? അതും പറഞ്ഞ് സാറാ അവളെയൊന്ന് നോക്കി. മര്യാദക്ക് എന്റെ കൂടെ ടോം ആൻഡ് ജെറിയും കണ്ട് നിന്നാൽ നമുക്ക് അടിച്ചു പൊളിച്ച് ജീവിക്കാം അല്ലെങ്കിൽ രണ്ടിനെയും ഞാൻ പറപ്പിക്കും. ടോം ആൻഡ് ജെറി തന്നെ വേണോ???

നമുക്ക് വല്ല ഡോറയുടെ പ്രയാണവും കണ്ടാൽ പോരെ????? പോൾ നിഷ്കളങ്കതയോടെ അവളെ നോക്കി. ഡോറയോ???? പറ്റില്ല പറ്റില്ല. ആ പെണ്ണിന് വഴി കാണിച്ചു കൊടുക്കാൻ നിന്നാൽ മനുഷ്യന്റെ വായിലെ വെള്ളം വറ്റും. അവൾക്ക് ആണെങ്കിൽ കണ്ണും കാണില്ല ചെവിയും കേൾക്കില്ല. എന്നിട്ട് രാവിലെ തന്നെ ബാഗും തൂക്കി ഇറങ്ങും. സ്വന്തം വീട്ടിൽ പോവുന്ന വഴി കണ്ടുപിടിക്കാൻ പോലും മാപ്പ് വേണം. പക്ഷെ നമ്മുടെ ടോം ആൻഡ് ജെറി അതൊരു വികാരമാണ്. തമ്മിൽ എത്ര പാര പണിതാലും ജെറി ഇല്ലെങ്കിൽ ടോം ഇല്ല അതാണ് ട്രൂ ഫ്രണ്ട്ഷിപ്പ്. വാതിലിന്റെ കീ ഹോളിലൂടെ പോലും കടന്നു പോവുന്ന ടോമിനേക്കാൾ ഫ്ലെക്സിബിളിറ്റി ഉള്ള ഒരു സാധനം വേറെയുണ്ടോ???? അതാണ് ടോമിന്റെ പവർ. ടോം കീ ജയ്........ ഇനിമുതൽ ഞാനും ഉണ്ട് മോളെ നിന്റെ കൂടെ ഞാനും ഉണ്ട്. ഇനി വൈകിക്കണ്ട വാ നമുക്ക് ഒരു ടോം ആർമി തുടങ്ങി കളയാം. അതാണ് ഡാഡി യൂ ആർ ഗ്രേറ്റ്‌. അപ്പൊ ഞാനോ?????? പിന്നിൽ നിന്നൊരു ചോദ്യമെത്തി. നിങ്ങൾ വെറും വേസ്റ്റ്. പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൾക്ക് ബോധം വന്നത്.

തിരിഞ്ഞു നോക്കവെ വാതിൽപ്പടിയിൽ കയ്യും കെട്ടി ചാരി നിൽക്കുന്ന അച്ചുവിനെ കണ്ടവൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു. അയ്യയ്യോ പണി പണീലോ രാരീരാരം പാടിയുറക്കാൻ ഡ്രാക്കു വന്നല്ലോ...... 🎶 അസ്ഥാനത്ത് ഉള്ള പാട്ട് കേട്ട് നോക്കുമ്പോൾ പിറകിൽ ഇളിച്ചുകൊണ്ട് നിൽക്കുന്ന പോൾ. ഡാഡി........... പല്ല് ഞെരിച്ചു കൊണ്ടവൾ അയാളെ നോക്കി. മുപ്പത്തിരണ്ട് പല്ലും കാട്ടി അയാൾ വെളുക്കെ ചിരിച്ചു. പിന്നെ എടുത്തോളാം എന്ന ഭാവത്തിൽ പോളിനെ നോക്കി പേടിപ്പിച്ചു കൊണ്ടവൾ അച്ചുവിന് നേരെ തിരിഞ്ഞു. അത്..... പിന്നെ....പെട്ടെന്ന് ഞാനൊരു ഫ്ലോയിൽ പറഞ്ഞു പോയതാ. അതും പറഞ്ഞവൾ ദയനീയമായി അവനെ നോക്കി. അവന്റെ മുഖത്ത് ഗൗരവം ആണെന്ന് കണ്ടതും ഇനി നിന്നാൽ പണി ശരിക്കും പാളും എന്ന് മനസ്സിലാക്കി അവൾ പതിയെ അവന്റെ അരികിൽ ചെന്ന് നിന്നു. അച്ചു ഇനിയെന്താ എന്ന ഭാവത്തിൽ നെറ്റി ചുളിച്ച് അവളെ നോക്കി. I love you ഡ്രാക്കു.....

അതും പറഞ്ഞ് ഏന്തി വലിഞ്ഞ് അവന്റെ കവിളിൽ ഒന്ന് കടിച്ച് ശരം വിട്ട കണക്ക് അവിടെ നിന്ന് ഒരൊറ്റ ഓട്ടം. അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ പകച്ചു നിൽക്കുന്ന അവനെ കണ്ട് സാറായും പോളും ചിരിച്ചു മറിഞ്ഞു. അത് കണ്ട് അറിയാതെ പോലും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. കവിളിൽ ഒന്ന് തഴുകി അവൾ ഓടിയ വഴിയേ നോക്കി അവൻ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അനുവിന്റെ പ്രവർത്തികൾ അവരെ വേദനിപ്പിച്ചു എങ്കിലും എമി ഓരോ കുസൃതി ഒപ്പിച്ച് നടന്ന് എല്ലാവരെയും പഴയത് പോലെ ജോളി ആക്കി. എമിയുള്ളത് കൊണ്ട് അച്ചു അന്നേ ദിവസം ലീവ് ആക്കി. ഉച്ചയായപ്പോൾ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാനിരുന്നു. അനു മാത്രം കഴിക്കാൻ വന്നില്ല. റിയ ചെന്ന് വിളിച്ചെങ്കിലും അവൾ വരുന്നില്ല എന്ന് മറുപടി കൊടുത്തു. പിന്നീട് ആരും അവളെ വിളിക്കാനോ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കാനോ നിന്നില്ല. എല്ലാവർക്കും വിളമ്പി സാറായും അവർക്കൊപ്പം ഇരുന്നു. അച്ചു ഉച്ച കഴിഞ്ഞ് നമുക്കൊന്ന് എമിയുടെ വീട് വരെ പോവണം. പോൾ പറയുന്നത് കേട്ട് കഴിച്ചു കൊണ്ടിരുന്ന എല്ലാവരും തലയുയർത്തി അയാളെ നോക്കി.

നിങ്ങളുടെ മനസമ്മതത്തിന്റെ കാര്യങ്ങൾ ഒന്ന് തീരുമാനിക്കാനുണ്ട് ഇനി അധികം ദിവസങ്ങൾ ഇല്ലല്ലോ. അത് കേട്ടതും അച്ചുവിന്റെ മുഖത്ത് അതുവരെ ഇല്ലാത്ത ഒരു വെട്ടം വീണു. മ്മ്മ്മ്..... സന്തോഷിക്ക് സന്തോഷിക്ക്. പൊട്ട കിണർ കാണുമ്പോൾ ഏത് തവളക്കും ചാടാൻ തോന്നും അവസാനം അതിൽ പെട്ട് കഴിയുമ്പൊ ഈ ആവേശം കെട്ടടങ്ങിക്കോളും വെറുതെ കയ്യും കാലും ഇട്ടടിക്കാം എന്നല്ലാതെ നോ പ്രയോജനം. ആൽവി പതിയെ പറഞ്ഞതാണെങ്കിലും എത്തേണ്ട ചെവിയിൽ അത് കൃത്യമായി തന്നെ എത്തി. തന്നെ നോക്കി പേടിപ്പിക്കുന്ന റിയയെ കണ്ടപ്പോഴാണ് അബദ്ധം മനസ്സിലായത്. അവൻ ദയനീയമായി ഒന്ന് നോക്കിയതും റിയ മുഖം വെട്ടിച്ചു. സഭാഷ്.... അപ്പൊ ഇന്നും കാല് പിടുത്തം തന്നെ. എന്നോട് ഈ ചതി വേണ്ടായിരുന്നു ഗോഡെ........ നെടുവീർപ്പിട്ടുകൊണ്ടവൻ രണ്ട് തവി ചോറ് കൂടി വിളമ്പി കഴിച്ച് ആ വിഷമം തീർത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ജോകുട്ടാ എമി പോയിട്ട് വരാവേ..... ഇറങ്ങാൻ നേരം കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ചു കൊണ്ടവൾ പറഞ്ഞു. എമി പോണ്ട????

ചുണ്ട് കൂർപ്പിച്ചു കൊണ്ടവൻ അവളുടെ കഴുത്തിലൂടെ കൈചുറ്റി പിടിച്ചു. അയ്യോ അങ്ങനെ പറഞ്ഞൂട എമിയെ കണ്ടില്ലെങ്കിൽ എമിയുടെ അപ്പയും അമ്മയും വിഷമിക്കൂലേ???? അവന്റെ കവിളിൽ നുള്ളി കൊണ്ടവൾ ചോദിച്ചു. മേണ്ട എമി പോണ്ട...... അതും പറഞ്ഞവൻ എമിയുടെ തോളിലേക്ക് കിടന്നു. ജോക്കുട്ടാ എമി ഇപ്പൊ പൊക്കോട്ടെ എന്നിട്ട് നമുക്ക് കല്യാണപെണ്ണായിട്ട് ഒരുക്കി അച്ചുവിന്റെ കൂടെ ഒരു ദിവസം കൊണ്ടുവരാം. അച്ചു പറയുന്നത് കേട്ടവൻ തലയുയർത്തി എല്ലാവരെയും നോക്കി. ആനോ?????? അവന്റെ മുഖം സംശയത്താൽ കൂർത്തു. ആന്നേ. അത് കഴിഞ്ഞാൽ എമിയെ എങ്ങോട്ടും വിടണ്ട ഇവിടെ തന്നെ ഉണ്ടാവും. എമിയെ തന്നെ ഒന്നുനോക്കി അവൻ പറഞ്ഞു. ചത്യം...... അത്ഭുതത്താൽ വിടർന്ന മിഴികളോടെ അവൻ അച്ചുവിനെ നോക്കി. ആടാ സത്യം. ഹൈ.....

അവൻ സന്തോഷത്തോടെ കൈകൊട്ടി അവളുടെ കവിളിൽ മുത്തി. അവന്റെ കുഞ്ഞ് മുഖത്തെ സന്തോഷം കണ്ട് അവൾ ചിരിച്ചു പോയി. അവന്റെ ഉണ്ടക്കവിളിൽ അമർത്തി ചുംബിച്ചവൾ അവനെ ആൽവിയുടെ കയ്യിൽ ഏൽപ്പിച്ചു. പെട്ടെന്ന് ഇങ്ങോട്ട് വാടി കാന്താരി നീയുണ്ടെങ്കിൽ വഴക്ക്‌ കൂടാനും കിട്ടുന്ന തല്ല് ഷെയർ ചെയ്യാനും എനിക്ക് കൂട്ടിനൊരാളായി. അവളുടെ തലയിൽ തട്ടി കൊണ്ട് ആൽവി പറയുന്നത് കേട്ടവൾ അവന്റെ വയറിൽ പതിയെ ഒന്നിടിച്ചു. ഞാൻ ഇങ്ങോട്ട് വരുന്നുണ്ട് മോനെ എന്നിട്ട് വേണം ഏട്ടത്തിയുടെ കൂടെ കൂടി നിങ്ങളെ ക്ഷ മ്മ ണ്ണ ഒക്കെ വരപ്പിക്കാൻ. അല്ലെ ഏട്ടത്തി???? റിയയുടെ തോളിൽ കയ്യിട്ടവൾ ചോദിക്കുന്നത് കേട്ട് അവൻ തലയ്ക്ക് കൈകൊടുത്തു. മാതാവേ നിന്നതും വന്നതും എല്ലാം എന്റെ നെഞ്ചത്തോട്ട് ആണല്ലോ????? അവന്റെ രോദനം കേട്ട് എല്ലാവരും ചിരിച്ചു. ഒന്നും മനസ്സിലായില്ല എങ്കിൽ കൂടി ജോക്കുട്ടനും അവർക്കൊപ്പം ചിരിയിൽ പങ്ക് ചേർന്നു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story