ഹൃദയതാളമായ്: ഭാഗം 48

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

തലയിൽ ഒരു കൊട്ട് കിട്ടുമ്പോഴാണ് അത്രയും നേരത്തെ ആലോചനകളിൽ നിന്ന് പുറത്ത് വരുന്നത്. മുന്നിലേക്ക് നോക്കുമ്പോൾ അതാ ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി കയ്യും കെട്ടി നിൽക്കുന്ന അച്ചു. സ്കാനിംഗ് കഴിഞ്ഞോ????? അവന്റെ ചോദ്യം കേൾക്കുമ്പോഴാണ് അത്രയും നേരം അവനെ നോക്കി നിൽക്കുകയായിരുന്നു എന്ന ബോധം വന്നത്. അയ്യാ സ്കാൻ ചെയ്യാൻ പറ്റിയൊരു ചളുക്ക്.... ചമ്മൽ അടക്കാൻ അവൾ പുച്ഛത്തോടെ മുഖം കോട്ടി. ഒരു ഉളുപ്പില്ലാതെ എന്നെ വായിനോക്കിയിട്ട് നിന്ന് പറയുന്നത് കേട്ടില്ലേ???? ഓന്ത് നിന്നെക്കാൾ ബെറ്റർ ആണ്. ഒന്തിനേക്കാൾ കൂടിയ ഒരെണ്ണത്തിന്റെ കൂടെയല്ലേ ഇനി സഹവസിക്കേണ്ടത് അപ്പൊ കുറച്ചൊക്കെ ഞാനും നിറം മാറാൻ പഠിച്ചിരിക്കണ്ടേ????? കെറുവോടെ അവൾ മറുപടി പറഞ്ഞു. എന്തോ???? എങ്ങനെ????? പറഞ്ഞത് കേട്ടില്ലായിരുന്നോ???? ഇല്ല കേട്ടില്ല. ഇത്രയും അടുത്ത് നിന്ന് പറഞ്ഞത് കേട്ടില്ലെങ്കിൽ ചെവിക്ക് കാര്യമായി എന്തോ തകരാറ് ഉണ്ടെന്നർത്ഥം ഒരു ഡോക്ടറെ കാണുന്നത് നല്ലതാ. ചെവി കേൾക്കാത്ത ഒരു പൊട്ടൻ പോലീസിനെ ആണല്ലോ കർത്താവേ നീയെനിക്ക് വിധിച്ചത്????

മുകളിലേക്ക് നോക്കി കൈമലർത്തി പറയുന്നത് കേട്ടവൻ അവളെ വലിച്ച് നെഞ്ചിലേക്കിട്ട് അവളുടെ കൈ പതിയെ അവളെ വേദനിപ്പിക്കാത്ത രീതിയിൽ പുറകിലേക്ക് തിരിച്ചു. ഈയിടെ ആയിട്ട് നിന്റെ നാക്കിന് നീളം വല്ലാതെ കൂടിയിട്ടുണ്ട്...... പറയുന്നതിനൊപ്പം അവളുടെ കയ്യിലെ പിടിയും മുറുകി. സ്സ്...... വേദനിക്കുന്നു ഇച്ചായാ...... എരിവ് വലിച്ച് കൊണ്ടവൾ പറഞ്ഞതും അവൻ കയ്യിലെ പിടി അയച്ചു. കണക്കായിപ്പോയി ഇനി തർക്കുത്തരം പറയുമ്പൊ ഇതോർത്താൽ മതി. പുച്ഛം വാരി വിതറി അവൻ പറഞ്ഞു. അത്‌ കേട്ടവൾ ചുണ്ട് കൂർപ്പിച്ച് മുഖം വെട്ടിച്ചു. മുഖം വീർപ്പിച്ചു നിൽക്കുന്ന അവളെയൊന്ന് നോക്കി ഒരു ചിരിയോടെ അവൻ കയ്യിൽ ഇരുന്ന ഹെൽമെറ്റ്‌ അവളുടെ തലയിൽ വെച്ചു കൊടുത്തു. കലം വീർപ്പിക്കാതെ വാടി...... അവളുടെ വീർത്ത കവിളിൽ ചൂണ്ട് വിരൽ കുത്തി അവൻ പറയുന്നത് കേട്ടവൾ ചുണ്ട് കോട്ടി. അവന്റെ കൈ പിടിച്ച് റോഡ് ക്രോസ്സ് ചെയ്ത് ബുള്ളറ്റിനരികിലേക്ക് നടക്കുമ്പോഴും മുഖം കനത്ത് തന്നെയിരുന്നു. എങ്ങോട്ടാണെന്ന് പോലും പറയാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന അവനെ അവളൊന്ന് കൂർപ്പിച്ചു നോക്കി. ആ ഉണ്ടക്കണ്ണ് ഉരുട്ടാതെ വന്ന് കയറെടി. കണ്ണിറുക്കി കൊണ്ടവൻ പറഞ്ഞതും മുഖം ഒന്നുകൂടി വീർപ്പിച്ചവൾ അവന് പുറകിൽ കയറി.

ഇരുചുമലിലും അവൾ കൈ ഉറപ്പിച്ചതും അവൻ വണ്ടി മുന്നോട്ട് എടുത്തു. ശാന്തമായ തണുത്ത രാത്രി. ആകാശത്ത് ചിതറി കിടക്കുന്ന താരകങ്ങളെയും പൂർണ്ണചന്ദ്രനെയും സാക്ഷിയാക്കി തന്റെ പ്രിയനോടൊത്തുള്ള യാത്ര. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം അലതല്ലി. അവനോട് ചേർന്നിരിക്കാനും അവനെ പുണർന്ന് അവന്റെ പുറത്ത് തല ചായ്ക്കാനും മനസ്സ് വെമ്പിയെങ്കിലും അവനോടുള്ള കുഞ്ഞു പിണക്കം അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. അതേ നമ്മൾ എങ്ങോട്ടാ പോവുന്നെ???? മുന്നോട്ടുള്ള യാത്ര പുരോഗമിക്കവേ ആകാംഷ അടക്കാനാവാതെ അവൾ അവനോട്‌ ചേർന്ന് കാതോരം ശാന്തമായി ചോദിച്ചു. അവിടെ ചെല്ലുമ്പോൾ അറിയാം. അത്രമാത്രം പറഞ്ഞവൻ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. മറുപടി കേട്ടവൾ തെല്ലൊരു പരിഭവത്തോടെ അവനിൽ നിന്ന് വിട്ടകന്നെങ്കിലും വീശിയടിക്കുന്ന കാറ്റിന്റെ തണുപ്പ് അവളെ വീണ്ടും അവനിലേക്ക് അടുപ്പിച്ചു. വഴിവിളക്കിന്റെ വെളിച്ചത്തിൽ ഓടി മറയുന്ന കാഴ്ചകൾ അവളിൽ ആനന്ദം നിറച്ചു. ഇരുട്ടിനെ കീറിമുറിച്ച് കാറ്റിന്റെ കുസൃതികളിൽ സ്വയം അലിഞ്ഞ് യാത്ര പുരോഗമിച്ചു. കൈകൾ വിടർത്തി ദേഹിയെയും ദേഹത്തെയും ഒരുപോലെ കുളിരണിയിക്കുന്ന തണുപ്പിനെ തന്നിലേക്ക് ആവാഹിച്ചു കൊണ്ടവൾ കണ്ണുകൾ അടച്ചിരുന്നു.

മിററിലൂടെ യാത്ര ആസ്വദിക്കുന്ന അവളെയൊന്ന് നോക്കി ചിരിയോടെ അവൻ യാത്രയുടെ വേഗത കൂട്ടി. വലിയൊരു പാലത്തിന് നടുവിൽ എത്തിയതും അവൻ വണ്ടി നിർത്തി. ഇറങ്ങ്......... സംശയത്തോടെ മിററിലൂടെ തന്നെ നെറ്റി ചുളിച്ച് നോക്കുന്ന അവളോടായവൻ പറഞ്ഞു. സംശയമൂറുന്ന മിഴികളോടെ അവൾ വണ്ടിയിൽ നിന്നിറങ്ങി. ചോദ്യഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടവൻ ഒരു ചിരിയോടെ തലയിലെ ഹെൽമെറ്റ്‌ ഊരി മാറ്റി വണ്ടി സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി. ഇറങ്ങിയ ഉടൻ അവളുടെ തലയിലെ ഹെൽമെറ്റ്‌ എടുത്ത് വണ്ടിയിൽ വെച്ച് ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി അവൾക്ക് പുറകിലായി നിന്നു. ഒന്നും മനസ്സിലാവാതെ തിരിഞ്ഞു നോക്കാൻ മുതിർന്ന അവളുടെ കണ്ണുകളെ അവൻ തന്റെ കയ്യാൽ മൂടിയിരുന്നു. ഏയ്.... എന്തായിത്???? എന്തിനാ കണ്ണ് പൊത്തിയത്. വിട്......... അവൾ കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മിണ്ടാതെ വാടി കുരിപ്പേ ഒരു കാര്യം കാണിച്ചു തരാം. ഗൗരവം കലർന്ന സ്വരത്തിൽ അവളുടെ കാതിൽ പറഞ്ഞു കൊണ്ടവൻ അവളെ മുന്നോട്ട് നടത്തിച്ചു.

മറുത്തൊന്നും പറയാതെ അവനൊപ്പം മുന്നോട്ട് നടക്കുമ്പോൾ മനസ്സ് നിറയെ എന്താണവൻ കാണിക്കാൻ പോവുന്നത് എന്നറിയാനുള്ള വ്യഗ്രതയായിരുന്നു. എവിടെയോ എത്തിയതും അവൻ അവളുടെ കണ്ണുകളെ സ്വാതന്ത്രമാക്കി. അത്ര നേരവും മൂടിയിരുന്ന കണ്ണുകൾ ഒന്ന് ഇറുകെ അടച്ചു തുറക്കവേ മുന്നിലായി കണ്ട കാഴ്ചയിൽ അവളുടെ കണ്ണുകൾ വികസിച്ചു. അത്ഭുതമൂറുന്ന മിഴികളോടെ തൻ ചാരത്തായി നിൽക്കുന്ന അവനിലേക്ക് കണ്ണുകൾ പായിക്കവേ ഒരു ചിരിയോടെ തന്റെ മുഖഭാവങ്ങൾ ഒപ്പിയെടുക്കുന്ന അവനെ അവൾ നിറഞ്ഞ ചിരിയോടെ നോക്കി. ഏറെ സന്തോഷത്തോടെ അവനിൽ നിന്ന് കണ്ണുകൾ പിൻവലിച്ചവൾ മുന്നിലേക്ക് മിഴികൾ പായിച്ചു. നീണ്ടു നിവർന്ന് അറ്റമില്ലാതെ ഒഴുകുന്ന കായൽ. നിലാവിൻ ശോഭയിൽ ഓളങ്ങളായി അലതല്ലി ഒഴുകുന്നു. മേലെ കറുത്തിരുണ്ട ആകാശവും ഒത്ത നടുവിലായി പൂർണ്ണശോഭയോടെ തിളങ്ങുന്ന ചന്ദ്രൻ. അതിന് മാറ്റ് കൂട്ടാനെന്ന വണ്ണം ചുറ്റിനും താരകങ്ങൾ പൂക്കളം തീർത്തിരിക്കുന്നു. ആ നീല വസന്തത്തിന് കീഴിലായി ഇടയ്ക്കിടെ കരയെ തൊട്ട് തലോടുന്ന ശാന്തമായ കായൽ.

ഓളപ്പരപ്പിൽ തെളിയുന്ന നിലാവെളിച്ചവും അങ്ങിങ്ങായി ആടിതെന്നി നീങ്ങുന്ന വള്ളങ്ങളും അതിൽ തെളിയുന്ന മങ്ങിയ രാന്തലിന്റെ പ്രകാശവും എല്ലാം കൊണ്ടും കണ്ണിന് കുളിർമയേകുന്ന കാഴ്ച. ചുറ്റിനും തളം കെട്ടിയ സുഖകരമായ നിശബ്ദതയ്ക്ക് ഭംഗം വരുത്താൻ എന്ന വണ്ണം ഇടയ്ക്കിടെ പരസ്പരം കൂക്കി വിളിക്കുന്ന വള്ളക്കാരുടെ ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു. നിറ ചിരിയോടെ അത്യധികം അത്ഭുതത്തോടെ കായലിലേക്ക് കണ്ണുകൾ നട്ട് നിൽക്കുന്ന അവളെ ഒന്ന് നോക്കി. ഇഷ്ടായോ????? പുറകിലൂടെ ചെന്ന് പുണർന്നു കൊണ്ടവൻ ചോദിക്കവെ അവന്റെ കൈക്കുള്ളിൽ നിന്നവൾ തിരിഞ്ഞ് അവന് അഭിമുഖമായി നിന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിയവൾ അവന്റെ ബനിയന്റെ കോളറിൽ പിടിച്ചു താഴ്ത്തി കവിളിൽ അമർത്തി ചുംബിച്ചു. എന്താ പറയേണ്ടത് എന്നറിയില്ല ഇത്രയും ഭംഗി കായലിന് ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത്. എന്ത് രസാ കാണാൻ..... കവിളിൽ നിന്ന് ചുണ്ടുകൾ അടർത്തി ആവേശത്തോടെ പറയുന്ന അവളെ നോക്കി അവൻ പുഞ്ചിരിച്ചു. ഇതല്ല മഴയുള്ളപ്പോൾ വരണം. ഓളങ്ങളായി ഉലയുന്ന വെള്ളത്തിൽ ചരൽ വാരിയെറിയുന്നത് പോലെ പെയ്തിറങ്ങുന്ന മഴത്തുള്ളികളും വീശിയടിക്കുന്ന കാറ്റിന്റെ കുളിരും നനവും വല്ലാത്തൊരു അനുഭൂതിയാണ്. അവളെ ചേർത്ത് പിടിച്ചുകൊണ്ടവൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കവേ മനസ്സിൽ ആ കാഴ്‌ചയെ ചിത്രീകരിക്കുകയായിരുന്നു.

ഇനിയൊരു മഴ പെയ്യുമ്പോൾ എന്നെ കൊണ്ടുവന്ന് കാണിക്കുമോ???? അവന്റെ നെഞ്ചോരം പറ്റിച്ചേർന്ന് കൊണ്ടവൾ ചോദിച്ചു. മറുപടിയായി പുഞ്ചിരിയോടെ തലയാട്ടി കൊണ്ടവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. എന്താടാ ഇവിടെ പരിപാടി????? പുറകിൽ നിന്ന് പരുഷമായ ഒരു ശബ്ദം കേൾക്കവേ ഞെട്ടി പിടഞ്ഞവൾ അവനിൽ നിന്ന് അകന്നു മാറി. മുന്നിലേക്ക് ഒന്ന് നോക്കവെ സംശയഭാവത്തിൽ രൂക്ഷമായി തങ്ങളെ നോക്കി നിൽക്കുന്ന കൊമ്പൻ മീശക്കാരൻ പോലീസുകാരനെ കണ്ടവൾ തെല്ലൊരു ഭയത്തോടെ അവന്റെ കയ്യിൽ പിടിച്ചു. അവളുടെ പേടിച്ചരണ്ട മുഖഭാവം കണ്ടതും അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് പിന്തിരിഞ്ഞ് നിന്ന അവൻ അയാൾക്ക് നേരെ തിരിഞ്ഞു. അവനെ കണ്ട മാത്രയിൽ അയാളുടെ മുഖത്ത് അതുവരെ നിന്ന ഭാവങ്ങൾ ഓടി മറഞ്ഞ് അവിടെ ബഹുമാനവും വിനയവും നിറയുന്നത് അവൾ കണ്ടു. സർ........ കയ്യിലെ ടോർച്ച് കക്ഷത്തിലേക്ക് വെച്ചുകൊണ്ടയാൾ അവനെ സല്യൂട്ട് ചെയ്തു. മനോജേട്ടൻ ഒറ്റയ്ക്കണോ പട്രോളിംഗിന് ഇറങ്ങിയത്????

അല്ല സർ കൂടെ ആന്റണിയും ഉണ്ടായിരുന്നു ആ വളവിൽ വെച്ച് ആന്റണി അപ്പുറത്തെ ജങ്ക്ഷനിലേക്ക് പോയി അവിടുത്തെ ഷോർട് കട്ട്‌ വഴി പാലത്തിന്റെ ഇറക്കത്തിൽ വരും. അയാൾ വിശദീകരിച്ചു. മ്മ്മ്മ്........ അവനൊന്ന് മൂളി. പെട്ടെന്ന് ഒരാണും പെണ്ണും കൂടി നിൽക്കുന്നത് കണ്ടപ്പോൾ എന്തോ അപാകത തോന്നി കായലല്ലേ വല്ല ആത്മഹത്യക്കും മറ്റതും വന്നതാണോ എന്ന് സംശയിച്ചു അതാ ഞാൻ....... ഏയ് അത് സാരമില്ല. ഇങ്ങനെ ഒരു സിറ്റുവേഷനിൽ ഞാനാണെങ്കിലും ഇതേ ചെയ്യൂ. ഒരു നേർത്ത ചിരിയോടെ അവൻ മറുപടി കൊടുത്തതും അയാളൊന്ന് പുഞ്ചിരിച്ചു. എങ്കിൽ ശരി ഡ്യൂട്ടി നടക്കട്ടെ. അവനത് പറഞ്ഞതും അയാൾ ഒന്ന് തലയാട്ടി അവർ ഇരുവരെയും മാറി മാറി നോക്കി. എന്തെങ്കിലും ചോദിക്കാനുണ്ടോ???? പോവാൻ മടിച്ചു നിൽക്കുന്ന അയാളെ നോക്കി അവൻ ചോദിച്ചു. അത്‌... സർ.. ഈ കുട്ടി????? സംശയത്തോടെ എമിക്ക് നേരെ വിരൽ ചൂണ്ടി അയാൾ ചോദിച്ചു. അത് കേട്ടവൻ ഒരു ചിരിയോടെ അവളുടെ ചുമലിലൂടെ കയ്യിട്ട് അവളെ തന്നിലേക്ക് അടുപ്പിച്ച് നിർത്തി. ഇത് എമി. ഞാൻ കെട്ടാൻ പോവുന്ന എന്റെ പെണ്ണ്. ചൊടിയിൽ വിരിഞ്ഞ മന്ദഹാസത്തോടെ അവനത് പറയവേ അയാൾ നിറഞ്ഞ ചിരിയോടെ ഇരുവരെയും മാറി മാറി നോക്കി. എങ്കിൽ ഞാൻ അങ്ങോട്ട്‌.......

അനുവാദത്തിനെന്ന പോൽ തന്നെ നോക്കുന്ന അയാളെ നോക്കി അവൻ തലയാട്ടി. അത് കണ്ടതും അയാൾ എമിയെ ഒന്ന് നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. മറുപടിയായി അവളൊന്ന് ചിരിച്ചതും അയാൾ അവിടെ നിന്ന് നടന്നകന്നു. ഹോ ആ കൊമ്പൻ മീശ കണ്ട് ഞാൻ പേടിച്ചു പോയി. ശരിക്കും വീരപ്പനെ പോലെ ഉണ്ടായിരുന്നു. അയാൾ പോയതും അവൾ പറയുന്നത് കേട്ടവൻ പൊട്ടിച്ചിരിച്ചു. അപ്പൊ വീരശൂര പരാക്രമിയായി എന്റെ പൊടിക്കുപ്പിക്ക് പേടിയൊക്കെ ഉണ്ട്. കളിയാക്കി അവൻ ചോദിച്ചു. അത് പിന്നെ ആർക്കായാലും പേടി വരില്ലേ???? കൊമ്പൻ മീശയും മത്തങ്ങാ കണ്ണും ഒക്കെയായിട്ട് ആജാനുബാഹൂനെ പോലെ അല്ലെ നിൽപ്പ്. ഹഹഹഹ...... പക്ഷെ ഈ രൂപം മാത്രേ ഉള്ളൂ ആൾ പഞ്ച പാവാ. പാവായാലും പാവാടയായാലും കൊള്ളാം അങ്ങേര് പോയില്ലായിരുന്നെങ്കിൽ ഞാൻ ചങ്കിടിച്ച് ചത്തേനെ. നെഞ്ചിൽ കൈവെച്ചവൾ പറഞ്ഞു കൊണ്ട് പാലത്തിന്റെ കൈവരിയിലേക്ക് ചാരി നിന്നു. ഇങ്ങനെ നിൽക്കാനാണോ പ്ലാൻ വാ നമുക്കൊന്ന് നടക്കാം. അവൻ പറഞ്ഞു തീരേണ്ട താമസം അവൾ ആഹ്ലാദത്തോടെ അവന്റെ കയ്യിൽ തൂങ്ങിയിരുന്നു.

അവളുടെ ആവേശം കണ്ടതും ഒരു ചിരിയോടെ അവൻ അവളുടെ തലയിൽ കൊട്ടി. ഒന്ന് കണ്ണുരുട്ടി നോക്കി അവനോട് ചേർന്ന് നടക്കുമ്പോൾ ഉള്ളിൽ കുമിഞ്ഞു കൂടുന്ന സന്തോഷത്തിന് അതിരുകളില്ലായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വിജനമായ റോഡിലൂടെ കൈകൾ കോർത്തു പിടിച്ചു നടക്കുമ്പോൾ അതെല്ലാം അവൾക്ക് പുതിയൊരു അനുഭവമായിരുന്നു. ഏറെനാളുകളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹങ്ങളിൽ ഒന്നാണ് രാത്രി യാത്രയും തിരക്കുകൾ ഏതുമില്ലാത്ത റോഡിലൂടെ ഉള്ള നടത്തവും. ഏതൊരു പെൺകുട്ടിക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും തോന്നാനിടയുള്ള കൊതിയോടെ സ്വപ്നം കാണുന്ന നിമിഷം. അതിന്ന് സഫലമായിരുന്നു. ഉത്സാഹത്തോടെ അവൾ അവന്റെ കൈകളിൽ പിടി മുറുക്കി. സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ കാണുന്ന കാഴ്ചകൾക്ക് വല്ലാത്തൊരു ആകർഷണീയതയുണ്ടെന്ന് അവൾക്ക് തോന്നിപ്പോയി. തീർത്തും നിശബ്ദമായ അന്തരീക്ഷം ചുറ്റിനും ഇരുട്ട് ഉണ്ടെങ്കിൽ കൂടി മനസ്സിൽ ഭയത്തിന്റെ ഒരിറ്റ് കണിക പോലും അനുഭവപ്പെട്ടില്ല. ശരീരത്തെ മൂടുന്ന തണുപ്പ് അധികരിച്ചതും അവളൊന്ന് വിറച്ചു കൊണ്ട് അവനോട് പറ്റിച്ചേർന്നു. ഐസ് പോലെ തണുത്തുറഞ്ഞ അവളുടെ കൈവിരലുകളിൽ നിന്ന് തന്നെ അവൾ അനുഭവിക്കുന്ന തണുപ്പിന്റെ കാഠിന്യം അവന് മനസ്സിലായി. അവളിൽ നിന്ന് കൈ വിടുവിച്ചവൻ ഇട്ടിരുന്ന ജാക്കറ്റ് ഊരി അവളെ ധരിപ്പിച്ചു. ഇച്ചായന്‌ തണുക്കില്ലേ?????

പിന്നെ തണുക്കാതെ. ഞാനും ചോരയും നീരും ഉള്ള മനുഷ്യൻ തന്നെയാ എനിക്കും തണുക്കും. പിന്നെന്താ ഊരി തന്നത്???? ചുണ്ട് ചുളുക്കി അവൾ അവനെ നോക്കി. ഞാൻ നിന്നെ പോലെ ഇച്ചിരി തണുപ്പ് അടിക്കുമ്പോൾ വിറച്ച് പല്ല് കൂട്ടി ഇടിക്കുന്ന ആളൊന്നുമല്ല ഇതൊക്കെ എനിക്ക് സഹിക്കാവുന്ന തണുപ്പേ ഉള്ളൂ. അതുകൊണ്ട് എന്റെ കൊച്ച് ഇതിട്ടോണ്ട് നടന്നോ അല്ലെങ്കിൽ നാളെ തണുത്ത് വിറച്ച് ഹോസ്പിറ്റലിൽ പോയി കിടക്കേണ്ടി വരും. കളിയായി പറഞ്ഞവൻ അവളുടെ മൂക്കിൽ തട്ടി. അത് കേട്ടവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് വീണ്ടും അവനിലേക്ക് പറ്റിച്ചേർന്നു. ഒരു ചിരിയോടെ അവളെയും ചേർത്ത് പിടിച്ചവൻ മുന്നോട്ട് നടന്നു. റോഡിനോരം ചേർന്ന ഒരു ചായക്കടയിൽ എത്തിയതും അവനൊന്ന് അവളെ നോക്കി. ഓരോ ചായ ആയാലോ????? എന്നാ എനിക്ക് പരിപ്പുവട വേണം. കണ്ണുകൾ വിടർത്തി പറഞ്ഞവൾ ചായക്കടയുടെ മുന്നിലെ ബെഞ്ചിൽ സ്ഥാനമുറപ്പിച്ചു. അവളുടെ പ്രവർത്തികൾ നോക്കി അവൻ അകത്തേക്ക് നോക്കി. ചേട്ടാ രണ്ട് കട്ടൻ ഒരു പരിപ്പുവട. തങ്ങളെ നോക്കി നിൽക്കുന്ന കടക്കാരനോട് പറഞ്ഞവൻ അവൾക്കൊപ്പം ബെഞ്ചിലേക്ക് ഇരുന്നു. നിമിഷനേരത്തിനുള്ളിൽ രണ്ട് ഗ്ലാസ്‌ ആവി പറക്കുന്ന കട്ടനും പരിപ്പുവടയും അവർക്ക് മുന്നിലെത്തി.

ചായയിൽ നിന്നുയരുന്ന ഏലക്കയുടെ ഗന്ധം അവിടെ പരന്നു. പരിപ്പുവട കണ്ടതും എമി ചാടിക്കയറി എടുത്ത് കൊതിയോടെ കഴിക്കാൻ തുടങ്ങി. അവളെയൊന്ന് നോക്കി അവൻ കട്ടൻ എടുത്ത് ഊതി ചുണ്ടോട് ചേർത്തു. ഇച്ചായന്‌ വേണ്ടേ????? പരിപ്പുവട ഉയർത്തി കാട്ടി അവൾ ചോദിച്ചു. നീയല്ലേ ഇതിന്റെ ആൾ കൊതി തീരെ കഴിച്ചോ. അത് കേട്ടവൾ ഒന്ന് ഇളിച്ചു കൊണ്ട് വീണ്ടും കഴിക്കാൻ തുടങ്ങി. അവളുടെ കഴിപ്പ് നോക്കി അവൻ ചായകുടിച്ചു. കയ്യിലിരുന്ന പരിപ്പുവട തീർന്നതും അവൾ ഒന്ന് കൂടി വാങ്ങി കഴിച്ചു. അപ്പോഴേക്കും അച്ചുവിന്റെ ചായ കുടി കഴിഞ്ഞിരുന്നു. അവൻ കാലി ഗ്ലാസ് തിരികെ ഏൽപ്പിച്ച് പൈസ കൊടുത്ത് കഴിഞ്ഞ് നോക്കുമ്പോൾ കാണുന്നത് കട്ടനും നോക്കി താടിക്ക് കയ്യും കൊടുത്തിരിക്കുന്ന എമിയെയാണ്. വേഗം കുടിച്ചിട്ട് വാ നമുക്ക് പോവണ്ടേ???? അവൾക്കരികിൽ ഇരുന്നവൻ ചോദിച്ചു. അതേ ഇതൊന്ന് ആറ്റി തരാവോ ഭയങ്കര ചൂട്. ഇത്രേം ചൂടിൽ കുടിച്ചാൽ എന്റെ വാ പൊള്ളും. ചുണ്ട് പിളർത്തി അവൾ ചോദിക്കുന്നത് കേട്ടവൻ ചിരിച്ചു പോയി. തക്കുടു വാവക്ക് ചൂട് പേടിയാണോ????എന്റെ കുഞ്ഞ് ഇവിടെ ഇരിക്ക് ഞാൻ ആറ്റി തരാം. അവളുടെ താടിയിൽ പിടിച്ച് അതും പറഞ്ഞവൻ കടക്കാരനോട് ഒരു ഗ്ലാസ്‌ വാങ്ങി അവൾക്ക് ആറ്റി കൊടുത്തു.

ചായ കുടിച്ച് കഴിഞ്ഞ് അവനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചവൾ അവന്റെ കയ്യിൽ തൂങ്ങി. കുഞ്ഞി പിള്ളേരെ കൂട്ട് അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് അവന് വല്ലാത്തൊരു വാത്സല്യം തോന്നി. കടയിൽ നിന്നിറങ്ങി വണ്ടി വെച്ച സ്ഥലത്തേക്ക് നടക്കുമ്പോൾ പൂനിലാവ് ഉദിച്ചത് പോലെ അവളുടെ മുഖം വിടർന്നിരുന്നു. തിരികെയുള്ള യാത്രയിൽ ഇരുവരുടെയും മനസ്സ് നിറഞ്ഞിരുന്നു. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ ആ യാത്രയിലൂടെ അവർ സമ്പാദിച്ചിരുന്നു. വയറിലൂടെ വട്ടം ചുറ്റി പിടിച്ച് അവന്റെ തോളിൽ മുഖം അമർത്തി അവൾ കിടന്നു. വണ്ടി ഓടിക്കുന്നതിനടിയിലും അവൾ ഉറങ്ങുന്നുണ്ടോ എന്നവൻ ശ്രദ്ധിച്ചിരുന്നു. ഗേറ്റിനരികിൽ അവന്റെ വണ്ടി നിർത്തുമ്പോൾ ഒരു മടിയോടെ അവൾ ഇറങ്ങി അവനരികിൽ ചെന്ന് നിന്നു. ഇട്ടിരുന്ന ജാക്കറ്റ് ഊരി അവനെ ഏൽപ്പിച്ചവൾ അവനെയൊന്ന് നോക്കി. ഇനി ഇതുപോലെ വരാൻ കഴിയില്ല. കെട്ട് കഴിയുന്നത് വരെ ഞാൻ തിരക്കിൽ ആയിരിക്കും. അതുവരെ എനിക്കും നിനക്കും ഓർത്തിരിക്കാൻ നമ്മുടേതായ കുറച്ച് നിമിഷങ്ങൾ അതിന് വേണ്ടിയാണ് നീ ഒരുപാട് നാളായി ആഗ്രഹിച്ച യാത്ര ആയേക്കാം എന്ന് കരുതിയത്. അവളുടെ കവിളിൽ തട്ടി അവനത് പറയവേ അവളുടെ മുഖം ഇരുണ്ടു

അപ്പൊ ഇനി എന്നെ കാണാൻ വരത്തില്ലേ????? അതിന് മറുപടി പറയാതെ അവൻ അവളെ ഇടുപ്പിലൂടെ കൈചുറ്റി തന്നിലേക്ക് അടുപ്പിച്ചു. പ്രണയത്തോടെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് അവളെ സ്വാതന്ത്രമാക്കി. സമയം കിട്ടുവാണെങ്കിൽ ഉറപ്പായും വരാം. അതും പറഞ്ഞവൻ അവളെ കണ്ണ് ചിമ്മി കാണിച്ചു. പൊക്കോ ഇപ്പൊ തന്നെ സമയം വൈകി നാളെ ക്ലാസ്സിൽ പോവേണ്ടതല്ലേ???? മടിയോടെ അവനെയൊന്ന് നോക്കി മെല്ലെ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. പോവുന്നതിനിടയിൽ അവൾ പലകുറി തിരിഞ്ഞു നോക്കി കൊണ്ടിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറവേ വീണ്ടും അവളുടെ കണ്ണുകൾ ഗേറ്റിലേക്ക് പാഞ്ഞു. അത്‌ കണ്ടതും അവനൊന്ന് കൈ വീശി കാണിച്ചു. തിരികെ കൈവീശി അവൾ വാതിൽ അടച്ച് കുറ്റിയിട്ടു. അവൾ മുറിയിൽ കയറി എന്നുറപ്പായതും അവൻ വണ്ടിയെടുത്ത് അവിടെ നിന്ന് തിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

സുഖമായ നിദ്രയിലേക്ക് ആണ്ടു പോവുമ്പോഴാണ് തലയിൽ എന്തോ വന്ന് തട്ടിയത്. ഞെട്ടിപ്പിടഞ്ഞ് കണ്ണുകൾ വലിച്ചു തുറക്കവേ മുന്നിൽ കലി തുള്ളി നിൽക്കുന്ന അരുന്ധതി മിസ്സിനെ കാണുമ്പോഴാണ് നടന്നതിന്റെ ഏകദേശ ധാരണ കിട്ടുന്നത്. തലേന്നത്തെ രാത്രി യാത്രയുടെ ബാക്കിയായി ക്ലാസ്സിൽ ഇരുന്ന് ഉറക്കം തൂങ്ങിയതിന് ചോക്ക് വെച്ച് തലയിൽ എറിഞ്ഞതാണ്. അവൾ മുഖത്ത് ദയനീയത വരുത്തി എഴുന്നേറ്റു നിന്നു. പിന്നെ അങ്ങോട്ട് ഇംഗ്ലീഷിൽ പൂരപ്പാട്ട് ആയിരുന്നു. അവസാനം ഗെറ്റ് ഔട്ട്‌ എന്ന അലർച്ച കേട്ടതും ബാഗും എടുത്ത് അടുത്തിരുന്ന നിവിയെയും ബാക്കിലിരുന്ന റോണിയെയും നോക്കി ടാറ്റാ പറഞ്ഞ് അവൾ ക്ലാസ്സിൽ നിന്നിറങ്ങി. അവൾ പോവുന്നതും നോക്കി കൊതിയോടെ മറ്റുള്ളർ ഇരുന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story