ഹൃദയതാളമായ്: ഭാഗം 49

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എടാ നീയിത് എങ്ങോട്ടാ????? യൂണിഫോമിൽ ഇറങ്ങിവരുന്ന അച്ചുവിനെ കണ്ട് പോൾ ചോദിച്ചു. എനിക്ക് ഡ്യൂട്ടിക്ക് പോണം ലീവ് ആക്കാൻ പറ്റില്ല. അമ്മച്ചീ കഴിക്കാനെടുക്ക്...... അയാൾക്കുള്ള മറുപടി കൊടുത്ത് അടുക്കളയിലേക്ക് നോക്കി വിളിച്ചു കൂവി. അതെങ്ങനെ ശരിയാവും ഇന്നല്ലേ മനസമ്മതത്തിനുള്ള ഡ്രസ്സ്‌ എടുക്കാൻ പോവേണ്ടത്????? അയാൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി. അതിനിപ്പൊ എന്താ സമയം ആവുമ്പോ ഞാൻ അവിടെ ഉണ്ടാവും. എടാ എന്നാലും?????? ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഡാഡി പക്ഷെ തൊട്ടതിനും പിടിച്ചതിനും എല്ലാം ലീവ് എടുക്കാൻ പറ്റിയ ഒരു ജോലി അല്ലല്ലോ എന്റേത്. എനിക്ക് മനസ്സിലാവുമെടാ പക്ഷെ അതുപോലെ ആണോ എമി അവൾക്കും ഉണ്ടാവില്ലേ നീ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹം. കൊച്ചു കുട്ടി ഒന്നുമല്ലല്ലോ ഡാഡി അവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവും അതോർത്ത് ഡാഡി പേടിക്കണ്ട. അവനൊന്ന് അയാളെ നോക്കി കണ്ണ് ചിമ്മി. ഡാഡി പേടിക്കണ്ടായിരിക്കും പക്ഷെ നീ പേടിക്കണം മോനെ ഈ ഒരൊറ്റ കാര്യം പറഞ്ഞ് അവൾ നിന്നോട് മിനിമം ഒരാഴ്ച്ചയെങ്കിലും പിണങ്ങി ഇരിക്കും നീ നോക്കിക്കോ.

അങ്ങോട്ടേക്ക് വന്ന ആൽവി അതും പറഞ്ഞ് അവനരികിൽ ഇരുന്നു. കുപ്പീന്ന് വന്ന ഭൂതം ഇവിടെ ഉണ്ടായിരുന്നോ????? അത്‌ കേട്ട് ആൽവി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. അല്ല ഇന്ന് ഓഫീസിൽ പോക്കൊന്നുമില്ലേ????? എന്റെ ഒരേയൊരു അനിയന്റെ മനസമ്മതത്തിന് ഡ്രസ്സ്‌ എടുക്കാൻ പോവുമ്പൊ ഞാൻ ഓഫീസിൽ പോവാനോ???? നെവർ...... നിനക്ക് ഡ്യൂട്ടി ആയിരിക്കും വലുത് പക്ഷെ എനിക്കെന്റെ എമി മോളാണ് വലുത്. നാടകീയമായി പറഞ്ഞു കൊണ്ടവൻ സാറാ കൊണ്ടുവന്ന് വെച്ച ആഹാരം സ്വന്തം പ്ലേറ്റിലേക്കും അച്ചുവിന്റെ പ്ലേറ്റിലേക്കും വിളമ്പി. അയ്യാ സ്നേഹം നിറഞ്ഞു തുളുമ്പുവല്ലേ. എടോ കാട്ടുകോഴി താൻ പോവുന്നത് ആ ടെക്സ്റ്റൈൽസിനെ സെയിൽസ്ഗേൾ എന്ന് തുടങ്ങി അവിടുത്തെ പ്രതിമയെ വരെ വായിനോക്കാൻ ആണെന്ന് എനിക്കറിയാം അതുകൊണ്ട് വല്ലാതങ്ങ് പുണ്യാളൻ ചമയല്ലേ...... അച്ചു അത് പറഞ്ഞതും അവൻ വെളുക്കെ ഇളിച്ചു കാണിച്ചു. ഇവനൊരുത്തൻ കാരണം നാട്ടിലെ പെൺകുട്ടികൾക്ക് വഴിനടക്കാൻ പറ്റുന്നില്ല എന്ന് പരാതിയാണ്. പോൾ അവനെ അടിമുടി നോക്കി. ആരുവാ ഈ പറയണേ????

പണ്ട് കുളിസീൻ കാണാൻ വേണ്ടി കുളക്കടവിൽ പോയി ഒളിഞ്ഞു നോക്കിയ ആൾ തന്നെയല്ലേ ഈ ലോകമാന്യതിലകൻ കളിക്കുന്നത്. ആൽവി അയാളെ പുച്ഛിച്ചു. അതെന്റെ കാണാതെ പോയ സ്വർണ്ണകൊന്ത തപ്പി പോയതല്ലേ????? ഓഹ് പിന്നേ കൊന്തയൊക്കെ പെണ്ണുങ്ങളുടെ കുളക്കടവിൽ അല്ലെ കിടക്കുന്നത്. തള്ളാതെ ഏറ്റു പോ ഡാഡി. ഏത് ഗുളികൻ കേറിയ നേരത്താണാവോ എനിക്കിങ്ങനെ ഒരബദ്ധം പറ്റിയത്. ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടയാൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഇനി അവിടെ ഇരുന്നാൽ ഇതുപോലെ പല കഥകളും പുറത്ത് വരും അത്‌ ഏറ്റു പിടിച്ച് സാറായും രംഗത്ത് എത്തും അതുകൊണ്ട് മൗനം വിദ്വാന് ഭൂഷണം. കഴിച്ചു കഴിഞ്ഞതും അച്ചു കൈകഴുകി ഇറങ്ങാൻ ഒരുങ്ങി. അമ്മച്ചീ ഞാൻ ഇറങ്ങുവാണേ...... സാറായോട് യാത്ര പറഞ്ഞവൻ പുറത്തേക്കിറങ്ങി. എടാ ഡ്രസ്സ്‌ എടുപ്പിന്റെ കാര്യം മറക്കല്ലേ.... ഇല്ലേ......... വണ്ടിയിലേക്ക് കയറുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു. മറന്നാൽ പിന്നെ ഇവന്റെ കാര്യം ഗോവിന്ദ. അതും പറഞ്ഞ് ആൽവി മൂളിപ്പാട്ടും പാടി പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് പുട്ടിന്റെ കഴുത്തിന് പിടിച്ചു ഞെരിക്കുന്ന നിവിയെയും റോണിയെയും അവൾ താടിക്ക് കയ്യും കൊടുത്തിരുന്ന് നോക്കി. അതിന് ബലിയാടായ പുട്ട് കടല കറിയിൽ കുളിച്ച് കിടപ്പുണ്ട്. റോണി ഒരു കുറ്റി തട്ടിയിട്ട് അടുത്തതിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നു. നിവി ആണെങ്കിൽ പ്ലേറ്റിൽ കമന്നു കിടക്കുകയാണ്. തീറ്റ കണ്ടാൽ സാക്ഷാൽ ബസന്തി പോലും വെറ്റിലയും അടക്കയും വെച്ച് ശിഷ്യത്വം സ്വീകരിക്കും. ഇതൊക്കെ എങ്ങനെ തൊണ്ടയിൽ നിന്ന് ഇറങ്ങുന്നോ എന്തോ????? മനസ്സിൽ ആലോചിച്ചു കൊണ്ടവൾ കഴിക്കാൻ തുടങ്ങി. ഡ്രസ്സ്‌ എടുക്കാൻ പോവുന്നു എന്നറിഞ്ഞപ്പോൾ രാവിലെ തന്നെ രണ്ടും കൂടി കുറ്റീം പറിച്ച് പോന്നതാണ്. ദിവസങ്ങൾ എത്ര വേഗമാ ഓടി മറഞ്ഞത് എന്നവൾ ആലോചിക്കുകയായിരുന്നു. അന്നത്തെ നൈറ്റ് റൈഡിന് ശേഷം അച്ചു പിന്നെ വന്നിട്ടില്ല എങ്കിലും ദിവസവും മുടങ്ങാതെ വിളിക്കും. അതിനിടയിൽ മുതിർന്നവരെല്ലാം കുരിശിങ്കൽ പോയി വന്നു. ഇനി മനസമ്മതത്തിന് ആകെ 5 ദിവസം ബാക്കി. ഒരുക്കങ്ങൾ എല്ലാം മുറപോലെ നടക്കുന്നുണ്ട്. ആലോചനകളിൽ അവളൊന്ന് നെടുവീർപ്പിട്ടു.

ഡ്രസ്സ്‌ എടുക്കാൻ പോവുന്ന കാര്യം ഓർത്തപ്പോൾ ഭയങ്കര ഉത്സാഹമായിരുന്നു. ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാൻ ഇടയുള്ള സുന്ദര നിമിഷങ്ങളിൽ ഒന്നാണിതും. പക്ഷെ രാവിലെ വിളിച്ച് ഇച്ചായൻ വരുന്നില്ല എന്ന് പറഞ്ഞതും എന്തോ ഒരു കുഞ്ഞ് വിഷമം മനസ്സിനെ മൂടി. ഒരുപാട് തിരക്കുകളിൽ ആണ് പോലും സമയം കിട്ടുവാണെങ്കിൽ വരാം എന്ന് മാത്രം പറഞ്ഞു. അത് കേട്ടപ്പോൾ തുടങ്ങിയ വീർപ്പുമുട്ടലാണ്. ഏറെ പ്രതീക്ഷിച്ചിരുന്നു ആൾടെ വരവ്. ഒരാഴ്ച്ചയോളമായി തമ്മിലൊന്ന് കണ്ടിട്ട്. ഏറെ വൈകിയായാലും തന്നെ തേടിയെത്തുന്ന അവന്റെ കോളുകൾ ആണ് ഏക ആശ്വാസം. അൽപ്പനേരത്തെ അകൽച്ച പോലും ഉള്ളിൽ വിരഹ വേദന സൃഷ്ടിക്കുന്നു. അകന്നിരിക്കുമ്പോൾ മാത്രമാണ് ഉള്ളിലുള്ള പ്രണയത്തിന്റെ ആഴവും പരപ്പും അവ എത്രത്തോളം ആത്മാവിൽ വേരൂന്നിയിരുന്നു എന്നും മനസ്സിലാവുന്നത്. കുറച്ചു ദിവസം കൊണ്ട് തനിക്ക് ഇതാണ് അവസ്ഥയെങ്കിൽ പ്രവാസികൾക്കും അതിർത്തിയിൽ നമുക്കായി ജീവിതത്തിന്റെ നല്ലൊരു ഭാഗം ഹോമിക്കുന്ന ജവാന്മാർക്കും വേണ്ടി കാതങ്ങൾക്കിപ്പുറം പ്രതീക്ഷയോടെ പ്രാർത്ഥനകളോടെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കും?????

അതൊക്കെ വെച്ച് നോക്കുമ്പോൾ തന്റെ ഈ വേദന എത്രയോ ചെറുത്. നിലത്ത് കിടക്കുന്ന ഒരു മണൽത്തരിക്ക് സമം. അതോർക്കവേ ഒരു ദീർഘനിശ്വാസത്തോടെ അവൾ ഒന്ന് പുഞ്ചിരിച്ചു. കൈ വിരലുകൾ കഴുത്തിൽ പറ്റിച്ചേർന്ന് കിടക്കുന്ന A എന്ന അക്ഷരത്തിൽ തഴുകി. എരിയുന്ന ഹൃദയത്തിൽ ഹിമകണങ്ങൾ വീണ് തണുപ്പ് പടരുന്നത് അവളറിഞ്ഞു. നേരത്തൊരു പുഞ്ചിരിയോടെ അവൾ ഭക്ഷണം പൂർത്തിയാക്കി എഴുന്നേറ്റു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമിയും വീട്ടുകാരും നേരെത്തെ തീരുമാനിച്ചത് പ്രകാരം ഷോപ്പിൽ എത്തി വെയ്റ്റിംഗ് ലോഞ്ചിൽ കാത്തിരിക്കുമ്പോഴാണ് കുരിശിങ്കൽ നിന്നുള്ളവർ എത്തുന്നത്. അവരുടെ കാർ കണ്ട പാടെ എമി ചാടി എഴുന്നേറ്റ് നോക്കി. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ആൽവിയും കോ ഡ്രൈവിംഗ് സീറ്റിൽ നിന്ന് അപ്പുവും ഇറങ്ങി. അവരെ കണ്ടതും അവളുടെ മുഖത്ത് ചെറിയൊരു നിരാശ പടർന്നു. എങ്കിലും കണ്ണുകൾ പ്രതീക്ഷയോടെ വീണ്ടും പുറകിൽ നിന്നിറങ്ങുന്നവരിലേക്ക് തിരിഞ്ഞു. പോളിനൊപ്പം കാറിൽ നിന്നിറങ്ങുന്ന സാറായേയും അനുവിനെയും കണ്ടതും തേടിയലഞ്ഞ ആളില്ല എന്ന ചിന്തയിൽ അവളുടെ മുഖം വാടി. വരില്ലായിരിക്കും ഒരുപാട് തിരക്കുള്ളതല്ലേ...... സ്വയം പറഞ്ഞു കൊണ്ടവൾ നെടുവീർപ്പിട്ടു. അപ്പോഴേക്കും അവർ നടന്ന് അവൾക്കരികിൽ എത്തിയിരുന്നു.

സാറായെ കണ്ടതും അവളൊരു പുഞ്ചിരിയോടെ അവർക്കരികിൽ എത്തി. അമ്മച്ചീ.......... സ്നേഹത്തോടെ വിളിച്ചവൾ അവരോട് ചേർന്നു നിന്നു. അവളവരെ വാത്സല്യത്തോടെ ചേർത്ത് നിർത്തി. അമ്മച്ചി മാത്രമല്ല ഒരു പാവം ഡാഡിയും ഇവിടെയുണ്ട്. അവർക്കരികിൽ നിന്നുകൊണ്ട് പോൾ അത് പറയവേ കുറുമ്പൊടെ ചിരിച്ചവൾ അയാളോട് ചേർന്നു. വയസ്സാം കാലത്തും കുശുമ്പിന് ഒരു കുറവും ഇല്ലല്ലോ. അയാളുടെ കവിളിൽ ചൂണ്ട് വിരൽ കുട്ടി അവൾ പറഞ്ഞു. വയസ്സയെന്നോ നീ നോക്കിക്കെടീ സാറാമ്മേ ഞാനിപ്പോഴും യങ് മാൻ അല്ലെ???? കള്ള ചിരിയോടെ മീശ പിരിച്ചുകൊണ്ടയാൾ സാറായെ നോക്കി കണ്ണിറുക്കി. മുടി മുഴുവൻ നരച്ചു തീരാറായി ഇപ്പോഴും ചെറുപ്പക്കാരൻ ആണെന്നാ വിചാരം അങ്ങോട്ട്‌ മാറി നിക്ക് കിളവാ. അതും പറഞ്ഞവർ അയാളെ തട്ടി മാറ്റി സ്റ്റെല്ലയുടെ അരികിലേക്ക് നടന്നു. അത് കേട്ട് വാ പൊത്തി കളിയാക്കി ചിരിക്കുന്ന എമിയെ ഒന്ന് നോക്കി പേടിപ്പിച്ച് പോൾ തനിക്ക് അരികിലേക്ക് നടന്നടുക്കുന്ന ജോണിന്റെ തോളിൽ കയ്യിട്ട് ഒരമ്മ പെറ്റ അച്ഛന്മാരെ പോലെ അകത്തേക്ക് നീങ്ങി. എമിയുടെ നോട്ടം അനുവിൽ എത്തി.

അവിടെ പിന്നെ സ്ഥായീഭാവമായ പുച്ഛം ആയതിനാൽ അവൾ ചുണ്ട് കൊട്ടി റോണിക്കും നിവിക്കും ഒപ്പം ചെന്ന് നിന്നു. അപ്പുവിന്റെ തോളിൽ കയ്യിട്ട് അകത്തേക്ക് നടക്കുന്ന ആൽവിയുടെ കണ്ണുകൾ ചുറ്റിനും നിൽക്കുന്ന തരുണീമണികളിൽ പതിച്ചു. മ്യോനെ മനസ്സിൽ ലഡ്ഡുവും ജിലേബിയും ഒരുമിച്ച് പൊട്ടി. ഇന്ന് ഞാനിവിടെ ഒരു വിലസ്സ് വിലസും കുട്ടാ. അപ്പുവിന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ടവൻ സന്തോഷം പ്രകടിപ്പിച്ചു. ഗർഭിണി ആയ ഭാര്യക്ക് റസ്റ്റ്‌ വേണമെന്ന് പറഞ്ഞ് കൊച്ചിനെയും തള്ളയേയും തലേന്ന് തന്നെ ഭാര്യ വീട്ടിൽ കൊണ്ടുപോയി ആക്കിയിട്ട് ഇവിടെ വന്ന് നിന്ന് വായിനോക്കുന്നു. ദൈവമേ പാവം റിയേച്ചി ഇത് വല്ലതും അറിയുന്നുണ്ടോ???? അപ്പു കൈമലർത്തി ചോദിച്ചു. മോനെ ഈ വായിനോട്ടം കേവലമൊരു കലയല്ല അതൊരു തമസ്യയയാണ്. ജന്മസിദ്ധമായി ലഭിക്കുന്നതും പിന്നീട് പരിശീലനങ്ങൾ കൊണ്ട് നേടിയെടുക്കുന്നതുമായ കഴിവ്. അത് മറന്നുകൊണ്ട് നമ്മൾ ജീവിക്കാൻ പാടില്ല. നമ്മുടെ പൂർവീകരിൽ നിന്ന് പകർന്നുകിട്ടിയ ഈ സിദ്ധി നമ്മൾ അടുത്ത തലമുറയ്ക്കായി പകുത്തു നൽകണം.

അതിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് സമൂഹം നൽകിയ പേരാണ് കോഴി. വിവരമില്ലാത്ത അലവലാതി കൂട്ടങ്ങളുടെ അത്തരം വിളികളെ ഞാൻ കണക്കിലെടുക്കാറില്ല കാരണം എന്നെപോലെ നല്ലൊരു പുതു തലമുറയെ വാർത്തെടുക്കുന്നതിൽ ആണെന്റെ ശ്രദ്ധ. കുട്ടിയെന്നോ വൃദ്ധനെന്നോ പ്രായ വ്യത്യാസമില്ലാതെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ഒരു സമൂഹം അതാണ് ഞാൻ സ്വപ്നം കണ്ട ഇന്ത്യ. അതിനായി എന്ത് ത്യാഗം സഹായിച്ചും ഞാൻ പോരാടും. എന്നെ തടയാൻ ശ്രമിക്കരുത്. തടയാൻ കഴിയില്ല. ജസ്റ്റ്‌ റിമെംബർ ദാറ്റ്‌. ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞവൻ സ്ലോ മോഷനിൽ മുന്നോട്ട് നടന്നു. ഇതിപ്പൊ എന്താ ഇവിടെ ഇണ്ടായേ എന്ന കണക്ക് അപ്പു കിളിപോയത് പോലെ മുന്നിലേക്ക് നോക്കി. അവിടെ ആൽവി പാട്ടും പാടി സ്കാൻ ചെയ്യുന്ന തിരക്കിലാണ്. ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ മനസേ ആസ്വദിക്കൂ ആവോളം....🎶 പാട്ടും പാടി ചെന്ന് പെട്ടത് എമിയുടെ മുന്നിലും. ഈൗ.........

വെളുക്കെ ഇളിച്ചു കൊണ്ടവൻ അവളെ നോക്കി. ചേട്ടൻ നോക്കി വാറ്റുവായിരുന്നല്ലേ????? അവൾ ചിരിയടക്കി അവന് മുന്നിൽ കൈകെട്ടി നിന്നുകൊണ്ട് ചോദിച്ചു. കൊച്ചു ഗള്ളി കണ്ടുപിടിച്ചു കളഞ്ഞു. ബാ നമുക്ക് ലേഡീസ് ഫ്ലോറിലേക്ക് പോവാം അവിടെ നല്ല കളക്ഷൻ കാണും. അതും പറഞ്ഞ് അവളുടെ കഴുത്തിലൂടെ കൈചുറ്റി അകത്തേക്ക് നടന്നു. അവർ പോയ പിറകെ റോണിയും നിവിയും അകത്തേക്ക് നടന്നു. അധികം വൈകാതെ കഞ്ചാവ് അടിച്ച് കിറുങ്ങിയ കണക്ക് അപ്പുവും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുകളിൽ ചെല്ലുമ്പോൾ അമ്മമാർ സാരിയുമായി പൊരിഞ്ഞ യുദ്ധം. സെയിൽസ്ഗേൾസ് വലിച്ചു വാരിയിട്ട സാരികൾക്ക് നടുവിൽ ശ്വാസം മുട്ടി നിൽക്കുന്നുണ്ട്. അപ്പന്മാർ താടിക്കും കൈ കൊടുത്ത് മാറി നിൽപ്പുണ്ട്. അവിടെ നിന്ന സ്റ്റാഫുകൾ ദയനീയമായി അപ്പന്മാരെ നോക്കി. ഞങ്ങൾക്ക് ഈ രക്തത്തിൽ പങ്കില്ല മക്കളെ എല്ലാം നിങ്ങളുടെ വിധി എന്ന കണക്ക് അവർ നിന്നു. ശെടാ ഇതിപ്പൊ നിന്റെ മനസമ്മതം തന്നെയല്ലേ???? മുകളിലേക്കുള്ള ടിക്കറ്റ്‌ എന്നാ അടിച്ചു കിട്ടുക എന്നറിയില്ല എന്നിട്ടും സാരി കണ്ടാൽ ആക്രാന്തം. ഇതാണ് റിയയെ ഞാൻ കൊണ്ടുവരാതിരുന്നത്. അല്ലാതെ വായിനോക്കാനല്ലേയല്ല.

അവൾ ഒന്ന് ആക്കി ചോദിച്ചു. ഊതല്ലേ മോളെ ഊതിയാൽ തീപ്പൊരി പറക്കും. അതിനവൾ ഛർദിക്കുന്നത് പോലെ കാണിച്ചു. നിനക്ക് ഇപ്പൊ തീരെ ബഹുമാനമില്ല. അല്ലെങ്കിൽ തന്നെ എന്നാ ഞാൻ നിങ്ങളെ ബഹുമാനിച്ചിട്ടുള്ളത്????? അവൾ പുച്ഛം വാരി വിതറി. എന്റെ ഭാഗത്തും തെറ്റുണ്ട് നിന്നിൽ നിന്നും ഞാൻ അതൊന്നും പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു. നെടുവീർപ്പോടെ അവൻ പറഞ്ഞു തീർന്നതും റോണിയും നിവിയും അങ്ങോട്ട്‌ എത്തിയിരുന്നു. പിന്നെ അങ്ങോട്ട്‌ ഓരോളം ആയിരുന്നു. പരസ്പരം കളിയാക്കിയും വായിനോക്കിയും ചളി അടിച്ചും അവർ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ദേ ഇതെങ്ങനെ ഉണ്ടെന്ന് നോക്കിയേ മോൾക്ക് നല്ല ചേർച്ചയില്ലേ????? ഒരു റെഡ് കളർ ലഹങ്ക അവളുടെ ദേഹത്ത് ചേർത്ത് വെച്ച് നോക്കി സാറാ ചോദിച്ചു. ഇതിപ്പൊ ഇരുപത്തിമൂന്നാമത്തെയാ ഈ നോക്കുന്നത് ഏതെങ്കിലും ഒന്ന് ഇന്ന് ഉറപ്പിക്കുവോ???? റോണി ആൽവിയോടായി ചോദിച്ചു. പൊന്നു മോനെ റോണി ഈ പെണ്ണുങ്ങളും ഡ്രസ്സും എന്തോ മുൻജന്മ ശത്രുക്കളെ പോലെയാ എടുക്കുന്നത് ഒന്നും അവർക്ക് പിടിക്കില്ല. മനസ്സിൽ ഇണങ്ങിയത് കയ്യിൽ കിട്ടിയാലും ആ കടയിലുള്ളതെല്ലാം അവർ വലിച്ചു വാരിയിടും ഒരാവശ്യവുമില്ല എന്നിട്ട് അവസാനം ആദ്യം കണ്ട് ഇഷ്ടപെട്ടത് തന്നെ എടുത്തോണ്ട് പോരും.

ഇവിടെയും അത് തന്നെ ആയിരിക്കും സംഭവിക്കാൻ പോവുന്നത് അല്ലെങ്കിൽ നമ്മൾ ആണുങ്ങൾ ആരെങ്കിലും ചെന്ന് ഇടപെടണം. ഇവിടെ ഇപ്പൊ നമ്മൾ എങ്ങാനും ചെല്ലാം എന്ന് കരുതിയാലും ദോ ഈ നിൽക്കുന്ന സകലരുടെയും മുന്നിൽ വെച്ച് ഒരു മനസാക്ഷിയും ഇല്ലാതെ നാറ്റിച്ചു കളയും അതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നതാണ് ബുദ്ധി. സാരോപദേശമെന്നത് പോലെ ആൽവി പറഞ്ഞതും റോണി തലയാട്ടി ശരിവെച്ചു. ഈ സമയം അമ്മമാർ ഇരുപത്തിയഞ്ചാമത്തെ ലഹങ്ക നോക്കുന്ന തിരക്കിലാണ്. എമിക്ക് എല്ലാം കൂടി തലക്ക് വട്ട് പിടിക്കുന്നത് പോലെ തോന്നി. എല്ലാം വലിച്ചെറിഞ്ഞ് ഓടിയാലോ എന്ന് വരെയായി ചിന്ത. മണിക്കൂർ ഒന്നായെ ഈ സാഹസം തുടങ്ങിയിട്ട്. അവസാനം മടുത്തവൾ മാറി നിന്നു. കുറച്ചു നേരം കഴിഞ്ഞ് അടുത്ത് ആരുടെയോ സാമീപ്യം അറിഞ്ഞതും അവൾ തലയുയർത്തി. അതേ സമയം തന്നെ എന്തോ ഒന്ന് അവളുടെ ശരീരത്തോട് ചേർന്നിരുന്നു. മുന്നിലേക്ക് ഒന്ന് നോക്കവെ ഒരു പീച്ച് കളർ ലഹങ്ക തന്റെ ദേഹത്തേക്ക് ചേർത്ത് വെച്ച് നിൽക്കുന്ന അച്ചുവിനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. ഇതെങ്ങനെയുണ്ട്????

അവളെയും വീട്ടുകാരെയും മാറി മാറി നോക്കി അവൻ ചോദിച്ചു. അത്യാവശ്യം ഹെവി മിറർ ആൻഡ് ത്രെഡ് വർക്കോടുകൂടിയ ലഹങ്കയായിരുന്നു അത്. സോഫ്റ്റ്‌ നെറ്റിന്റെ ദുപ്പട്ടയും കഴുത്തിന് അരികിൽ വരുന്ന ഫാൻസി ത്രെഡ് വർക്ക്സ് ആണ് കൂടുതൽ ഭംഗി. അവൾക്കത് ഒരുപാട് ഇണങ്ങുകയും ചെയ്തു. അത് കാൺകെ എല്ലാവരുടെയും മുഖം ഒരുപോലെ തെളിഞ്ഞു. അങ്ങനെ മണിക്കൂറുകൾ നീണ്ട ആ സാഹസത്തിന് അവിടെ തിരശീല വീണു. കണ്ടാ കണ്ടാ നിങ്ങൾ മണിക്കൂറുകൾ തലകുത്തി മറിഞ്ഞതാണ് വെറും 2 മിനിറ്റിൽ ആൺപിള്ളേര് സോൾവ് ആക്കിയത്. ആൽവി കൂടി നിന്ന പെണ്ണുങ്ങളേ നോക്കി പുച്ഛിച്ചു. അത് ശരിയാ പിള്ളേരെ ആണുങ്ങൾ വന്നപ്പോൾ എല്ലാം ശരിയായി. ഇത്രേം നേരം ഇവിടെ വായിനോക്കി നിന്നതുങ്ങളെ വല്ല പാടത്തും കോലം ആക്കാൻ കൊള്ളാം. അത്രയും പറഞ്ഞ് അവനെ നോക്കി അതേ പുച്ഛമെറിഞ്ഞ് സാറാ അവിടെ നിന്നുപോയി. അവിടെ നിന്നവരെല്ലാം കളിയാക്കി ചിരിയോടെ അവനെ നോക്കി.

കൂടുതൽ ചിരിക്കണ്ട അച്ചു ഒഴികെ ഇവിടെ നിന്നിരുന്ന എല്ലാ ആണുങ്ങളെയും ഉദ്ദേശിച്ചാ അത് പറഞ്ഞത് ആ കൂട്ടത്തിൽ ഡാഡിയും പെടും. തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പോളിനോടായി അവൻ പറഞ്ഞു. നമ്മൾ മുഴുവൻ ആണുങ്ങളെയും അടച്ച് ആക്ഷേപിച്ചിട്ടാ അമ്മച്ചി ബിലാൽ കളിച്ച് പോയത് പ്രതികരിക്ക് ഡാഡി പ്രതികരിക്ക്. സമാധാന പരമായ ദാമ്പത്യ ജീവിതത്തിന് ഇടയ്ക്കിടെ ഇതുപോലുള്ള അപമാനങ്ങൾ നേരിടേണ്ടതായി വരും. അതൊക്കെ കണ്ടില്ല എന്ന് നടിക്കണം അല്ലെങ്കിൽ അംഗഭംഗം മാനഹാനി അങ്ങനെ പലതും നേരിടേണ്ടതായി വരും. അതുകൊണ്ട് ഇതുപോലെ സില്ലി കാര്യങ്ങൾക്ക് പ്രതികരിച്ച് ഈ വയസ്സാം കാലത്ത് പാത്രത്തിന് അടി വാങ്ങാൻ ഞാനില്ല. നിനക്ക് പ്രതികരിക്കണോ നീ പ്രതികരിച്ചോ. പോളും അവനെ കയ്യൊഴിഞ്ഞ് അവർക്ക് പുറകെ പോയി. ശെടാ ഇതിപ്പൊ വന്ന് വന്ന് ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാതായോ????? ആരോടെന്നില്ലാതെ പറഞ്ഞവൻ അവർ പോയ വഴിയേ നോക്കി നിന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story