ഹൃദയതാളമായ്: ഭാഗം 51

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഫ്രഷായി പുറത്തേക്ക് ഇറങ്ങുമ്പോൾ മുന്നിൽ വെളുക്കെ ഇളിച്ചോണ്ട് നിൽക്കുന്ന നിവിയെ കണ്ടതും അവൾ മുഖം വീർപ്പിച്ചു. മുത്തേ എമിക്കുട്ടാ ചക്കരെ സത്യായിട്ടും രാവിലെ നടന്ന സംഭവത്തിൽ എനിക്കൊരു പങ്കുമില്ല. എത്ര വിളിച്ചിട്ടും എണീക്കാത്ത നിന്നെ അവൻ ഉണർത്തി തരാം എന്ന് പറഞ്ഞപ്പൊ കട്ടിലിൽ നിന്ന് ചവിട്ടി താഴെയിടാനായിരുന്നു അവന്റെ ഉദ്ദേശം എന്ന് ഞാൻ അറിഞ്ഞില്ല. അത്‌ കേട്ടിട്ടും അവളുടെ മുഖം തെളിഞ്ഞില്ല. അവസാനം ഗതികെട്ട് നിവി കാലിൽ കെട്ടി വീണപ്പോഴാണ് പെണ്ണിന്റെ മുഖം തെളിഞ്ഞത്. ആ പ്രശ്നം സോൾവ് ആയതും നിവി അവൾക്ക് ഇടാനുള്ള ലഹങ്ക അവളെ ഏൽപ്പിച്ചു. അൽപ്പം ഹെവി ഡ്രസ്സ്‌ ആയതിനാൽ തന്നെ നിവിയുടെ ഹെൽപ്പോടെയാണ് അവൾക്കത് ധരിക്കാനായത്. ഈ സമയം ഒരുക്കാനായി ബ്യൂട്ടീഷൻ എത്തിയിരുന്നു. സിമ്പിൾ മേക്കപ്പ് മതിയെന്ന് ആദ്യമേ പറഞ്ഞിരുന്നതിനാൽ തന്റെ കഴിവുകൾ മുഴുവൻ പുറത്തെടുക്കാൻ കഴിയില്ലല്ലോ എന്ന വിഷമത്തിൽ ബ്യൂട്ടീഷൻ ചേച്ചി എമിയെ ഒരുക്കാനാരംഭിച്ചു. മുടി ഹാഫ് ടൈഡ് സ്റ്റൈൽ ആയി curl ചെയ്തിട്ടു.

ഫ്ലവേഴ്സ് കൂടി വെച്ച് മനോഹരമാക്കി. മുഖത്ത് ലൈറ്റ് മേക്കപ്പ് ചെയ്ത് ഭംഗിയായി അവളെ ഒരുക്കി. ആഭണങ്ങളായി കഴുത്തിൽ ഒരു ഡയമണ്ട് നെക്‌ളേസും ഇരുകയ്യിലും ഓരോ വളകൾ വീതവും അണിഞ്ഞു. ഒരുക്കം പൂർത്തിയായി മിററിൽ നോക്കവെ അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു. എന്റെ മാതാവേ എനിക്കിത്ര ഗ്ലാമറൊ????? വിശ്വസിക്കാനാവാതെ അവൾ പറഞ്ഞു. നല്ലൊരു ദിവസമായിട്ട് അടിച്ച് നനച്ച് കുളിച്ചതിന്റെ ആയിരിക്കും. വാതിൽക്കൽ നിന്ന് റോണിയുടെ മറുപടി എത്തി. പോടാ പോടാ. ഞാൻ ഇപ്പൊ പഴയ എമിയല്ല. സ്വന്തം ഗ്ലാമർ കണ്ട് സ്വന്തം കണ്ണ് തള്ളിപ്പോയ അൽ എമി. വഴി മാറെടാ മുണ്ടക്കൽ ശേഖരാ....... അവനെ തട്ടി മാറ്റി അവൾ ടേബിളിൽ ഇരുന്ന ഫോണെടുക്കാൻ പോയി. ഇച്ചിരി ഏഷ്യൻ പെയിന്റ്സിൽ മുങ്ങിയതിനാണ് ഇവളീ ബിൽഡ്പ്പ് കാണിക്കുന്നത്. ഹും...... അവൻ പുച്ഛത്തോടെ മുഖം കോട്ടി. എമി അതിനേക്കാൾ പുച്ഛം അവന് നേരെ വാരി വിതറി ഇരുന്നും ചരിഞ്ഞും നിന്നും സെൽഫി എടുക്കാൻ തുടങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വാവാ മനോരഞ്ജിനി സുരാംഗനി സൂപ്പര്‍ സുരസുന്ദരി........🎶 കണ്ണാടിയിൽ നോക്കി പാട്ടുകച്ചേരി നടത്തികൊണ്ട് താടിയും മുടിയും ഒതുക്കുകയാണ് ആൽവി. അച്ചു ഡ്രസ്സ്‌ ഒക്കെയിട്ട് ഒരുങ്ങിയിരുന്ന് ഫോണിൽ കുത്താൻ തുടങ്ങിട്ടിട്ട് മണിക്കൂർ ഒന്നായി. ചെക്കനെ ഒരുക്കാനെന്ന പേരിൽ വന്ന ആൽവിച്ചായൻ ഇതുവരെ ഒരുങ്ങി തീർന്നിട്ടില്ല. എടോ അലവലാതി മനസമ്മതം ഇവന്റെയാ തന്റെ കളി കണ്ടാൽ തോന്നുമല്ലോ താനാ ചെക്കനെന്ന്. സഹികെട്ട് അപ്പു ശബ്ദമുയർത്തി. ചെക്കൻ ഇവൻ തന്നെയാ സമ്മതിച്ചു പക്ഷെ ഞാനാരാ????? ആരാ????? ചെക്കന്റെ ഒരേയൊരു ചേട്ടൻ. അപ്പൊ എല്ലാവരും എന്നെ ശ്രദ്ധിക്കില്ലേ???? അപ്പോൾ ഞാൻ നന്നായി ഒരുങ്ങി നിന്നില്ലെങ്കിൽ ഇവനല്ലേ നാണക്കേട്???? അതും പറഞ്ഞ് ആൽവി വീണ്ടും കണ്ണാടിയിൽ നോക്കി പോക്കറ്റിൽ നിന്നെടുത്ത എന്തോ ക്രീം എടുത്തു വാരി തേക്കാൻ തുടങ്ങി. ഇതെന്തോന്നാ ഇത്????? അപ്പു ക്രീം കയ്യിലെടുത്തോണ്ട് ചോദിച്ചു. ഇത്‌ റിയ വാങ്ങി വെച്ച ക്രീമാ ഇത് പുരട്ടിയാൽ മുഖത്ത് നല്ല തിളക്കമായിരിക്കും.

ഇന്ന് ഒരുപാട് പെൺപിള്ളേരൊക്കെ വരുന്നതല്ലേ അതുകൊണ്ട് ഇന്നലെ തന്നെ ഇത് ഞാനങ്ങ് പൊക്കി. മുഖത്ത് ക്രീം തേച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് അപ്പു വായും തുറന്ന് നിന്നുപോയി. എന്തിന്റെ കുഞ്ഞാണോ എന്തോ????? ആൽവിയെ അടിമുടി നോക്കിക്കൊണ്ടവൻ അച്ചുവിനെ നോക്കി. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ അച്ചുവും. മോനെ അച്ചൂട്ടാ പെർഫ്യൂം ഉണ്ടോടാ???? ആൽവി തിരിഞ്ഞു കൊണ്ട് ചോദിച്ചു. രണ്ട് കുപ്പി പൗഡറും ഒരു പെർഫ്യൂമും തീർത്തത് പോരാഞ്ഞിട്ടായിരിക്കും. ഇറങ്ങി പോടോ കാട്ടുകോഴി....... അത് കേട്ടതും അച്ചൂനെ നോക്കി ചുണ്ട് കോട്ടി കാലിയായി താഴെ കിടന്ന പെർഫ്യൂം ബോട്ടിൽ വെള്ളം നിറച്ച് ഇട്ടിരുന്ന ഷർട്ടിൽ മുഴുവൻ അടിച്ചിട്ട് മുറി വിട്ടറങ്ങി. ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒരു ജന്മം. അപ്പു അവൻ പോയ വഴിയേ നോക്കി ഒന്ന് നെടുവീർപ്പിട്ടു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 11 മണിയോട് അടുത്ത സമയം എല്ലാവരും ഒരുങ്ങി ഇറങ്ങി.

നിവിക്കും റോണിക്കുമൊപ്പം താഴേക്ക് ഇറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു. മുതിർന്നവർക്കെല്ലാം സ്തുതി കൊടുത്ത് പ്രാർത്ഥിച്ച് ജോണിന്റെ കൈ പിടിച്ചവൾ പുറത്തേക്കിറങ്ങി. കാറിലേക്ക് കയറാൻ തുടങ്ങവേയാണ് ആ തിരക്കിനിടയിൽ മറിയാമ്മയെ കാണുന്നത്. റോണിയുടെ താല്പര്യം അറിയാവുന്നത് കൊണ്ട് തന്നെ എമി അവളെ പ്രത്യേകം ക്ഷണിച്ചിരുന്നു. റോണിയുടെ കണ്ണുകൾ അവളിൽ തന്നെയാണ് എന്ന് കണ്ടതും എമി കൈകാട്ടി അവളെ വിളിച്ച് കൂടെ നിർത്തി. ഒരുവേള മറിയാമ്മയുടെ കണ്ണുകൾ അവനിൽ ചെന്ന് നിന്നു. അതറിഞ്ഞിട്ടും ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവളെ കാണാത്തത് പോലെ നടിച്ച് അവൻ കാറിലേക്ക് കയറി. അവന്റെ അവഗണന അവളുടെ മുഖത്ത് വിഷാദം സൃഷ്ടിക്കുന്നത് എമി ശ്രദ്ധിച്ചിരുന്നു. ചുണ്ടിൽ ഉതിർന്ന കള്ളചിരിയോടെ അവൾ മറിയാമ്മയെ നിർബന്ധിച്ച് തങ്ങൾക്കൊപ്പം കാറിലേക്ക് കയറ്റി. കാറിൽ റോണിയും എമിയും നിവിയും മറിയാമ്മയും ആയിരുന്നു കയറിയിരുന്നത്.

ഡ്രൈവിംഗ് സീറ്റിൽ റോണിയും കോ ഡ്രൈവിംഗ് സീറ്റിൽ മറിയാമ്മയും ബാക്കിൽ നിവിയും എമിയും അങ്ങനെ ആയിരുന്നു ഇരുന്നത്. ഡ്രൈവിങ്ങിനിടയിൽ മറിയാമ്മ എന്നൊരു ആൾ അവിടെ ഉണ്ടെന്ന് പോലും കണക്കാക്കാതെ റോണി തിരിഞ്ഞു നോക്കി നിവിയോടും എമിയോടും തമാശ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. അതൊക്കെ കാൺകെ അവളുടെ ഹൃദയത്തിൽ ഒരു കല്ലെടുത്ത് വെച്ച പ്രതീതി ആയിരുന്നു. തീർത്തും ഒറ്റപ്പെട്ടത് പോലെ അവൾക്ക് തോന്നി തുടങ്ങി. അവളുടെ മൂകത കണ്ട് എമിയും നിവിയും അവളെ തങ്ങളിൽ ഒരാൾ എന്ന പോലെ ഓരോന്ന് സംസാരിക്കാൻ തുടങ്ങിയതും അതുവരെയുള്ള വീർപ്പുമുട്ടലുകൾക്ക് ചെറിയൊരു ആശ്വാസം വരുന്നതായി അവൾക്ക് തോന്നി. ഇതെല്ലാം ഒളികണ്ണാലെ വീക്ഷിച്ചു കൊണ്ട് ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സന്തോഷത്തോടെ അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കാർ പള്ളിമുറ്റത്ത് വന്ന് നിൽക്കവേ ഫോട്ടോഗ്രാഫർമാർ കാറിനെ പൊതിഞ്ഞു.

എല്ലാവരുടെയും നിർദേശ പ്രകാരം അച്ചു ആയിരുന്നു കാറിൽ നിന്ന് അവളെ കൈപിടിച്ച് ഇറക്കിയത്. അവന്റെ കയ്യിൽ പിടിച്ച് ഇറങ്ങുമ്പോൾ ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു. കോർത്ത് പിടിച്ച കൈകൾ അയക്കാതെ തന്നെ ദേവാലയത്തിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഇരുവരുടെയും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി തെളിഞ്ഞിരുന്നു. അകത്തേക്ക് നടക്കുന്നതിനടിയിൽ എമി അവനെയൊന്ന് പാളി നോക്കി. തനിക്ക് മാച്ചിംഗ് ആയിട്ടുള്ള സ്യൂട്ട് ആണ് വേഷം. കട്ടി മീശ ഒതുക്കി വെച്ചിട്ടുണ്ട്. മുഖത്ത് എന്തോ ഒരു പ്രത്യേകത പോലെ. അവൻ നോക്കുന്നത് കണ്ടതും അവൾ മുന്നോട്ട് നോക്കി നടന്നു. അത് കണ്ട് ഒരു കുസൃതിയോടെ അവൻ കോർത്തു പിടിച്ച അവളുടെ കയ്യിൽ വിരലിനാൽ തോണ്ടി. അതറിഞ്ഞ് അവന് നേരെ കണ്ണുകൾ പായിക്കവേ ഒരു കുസൃതി ചിരിയോടെ തന്നെ നോക്കി കണ്ണിറുക്കുന്ന അവനെ കണ്ട് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിടർന്നു. പള്ളിയിൽ കയറി യഥാസ്ഥാനത്ത് നിന്നതും പ്രധാനപ്രാർത്ഥന ആരംഭിച്ചു. പ്രാർത്ഥനകൾ കഴിഞ്ഞതും പുരോഹിതൻ ഇരുവരുടെയും പേര് ചൊല്ലി വിളിച്ച് വിവാഹത്തിന് സമ്മതം ചോദിച്ചു. ഇരുവരും സമ്മതം അറിയിച്ചതും പരസ്പരം മോതിരം കൈമാറി.

എമിയിൽ പാതി അവകാശം ഊട്ടി ഉറപ്പിച്ച സന്തോഷത്താൽ അവന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. ചടങ്ങുകൾ കഴിഞ്ഞതും അകത്ത് പള്ളി മുറിയിൽ പോയി രെജിസ്റ്ററിൽ ഒപ്പു വെച്ചു. അവിടുന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അടുത്ത ചില ബന്ധുക്കൾ എത്തി പരിചയപ്പെടാൻ തുടങ്ങി. ആരെയും മനസ്സിലായില്ലെങ്കിലും മുഖത്ത് ഒരു ഇളി ഫിറ്റ്‌ ചെയ്ത് നിന്നു. അല്ലെങ്കിലും ഒരേ സമയം പത്ത് പതിനാറു പേര് ഒരുമിച്ച് വന്ന് ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞാൽ ആർക്ക് മനസ്സിലാവനാ???? അവർക്ക് നടുവിൽ നിന്ന് നട്ടം തിരിയുന്ന അവൾക്കരികിലേക്ക് റിയ എത്തിയതും അവൾക്ക് ഒരാശ്വാസം തോന്നി. അവൾ നന്ദിയോടെ റിയയെ നോക്കി. എല്ലാം ഒതുങ്ങിയപ്പോൾ പിന്നെ അങ്ങോട്ട്‌ ഫോട്ടോ എടുപ്പ് ആയിരുന്നു. അവർ പറയുന്ന രീതിയിലും അച്ചു പുതുതായി കണ്ടുപിടിച്ച രീതിയിലും നിന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടയിൽ അച്ചു അവളുടെ ഇടുപ്പിലും വയറിലും ഒക്കെ പതിയെ നുള്ളാൻ തുടങ്ങി. പ്രതികരിക്കാൻ പറ്റാത്ത സാഹചര്യം ആയതിനാൽ അവൾ അവനെ നോക്കി കണ്ണുരുട്ടും. അതിന് മറുപടിയായി അവൻ തിരിച്ച് ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിക്കും.

പക പോക്കുവാണല്ലേ????? ഒഫ്‌കോഴ്സ്..... അവസാനം കഴിക്കാൻ ഭക്ഷണം കഴിക്കാൻ ആരോ വന്ന് വിളിക്കുമ്പോഴാണ് എമിക്ക് ആശ്വാസം കിട്ടുന്നത്. അവിടെ ചെല്ലുമ്പോഴുണ്ട് ക്യാമറമാൻ ചേട്ടന്മാർ നിര നിരന്ന്. അവിടെ കിടന്ന ചെയർ എടുത്ത് എല്ലാത്തിന്റെയും തലക്ക് അടിക്കാനാണ്‌ ആദ്യം തോന്നിയത് പിന്നെ വേണ്ടാന്ന് വെച്ചു. താമസിച്ച് എഴുന്നേറ്റു എന്ന ഒറ്റ കാരണം കൊണ്ട് രാവിലെ മുതൽ പട്ടിണിയാണേ. അതിനിടയിൽ എടുത്താൽ പൊങ്ങാത്ത ഡ്രസ്സും ഇട്ട് പത്ത് നൂറ് ഫോട്ടോ എടുപ്പും ജനിച്ചിട്ട് ഇന്നേവരെ കാണാത്തവർക്ക് മുന്നിലുള്ള 32 പല്ലും കാണിച്ചുള്ള ഇളി വേറെ. അവളുടെ അവസ്ഥ മനസ്സിലാക്കി അച്ചു തന്നെ അവരെയെല്ലാം പറഞ്ഞു വിട്ടു. അവൾ ആശ്വാസത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു അപ്പോഴേക്കും മുന്നിൽ ഫുഡ് എത്തിയിരുന്നു. വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവും അതും നല്ല ചൂട് ചിക്കൻ ബിരിയാണി മുന്നിലെത്തിയാൽ. ആക്രാന്തത്തോടെ കഴിക്കാൻ തുടങ്ങുമ്പോഴാണ് മുന്നിൽ അതാ നിൽക്കുന്നു ചങ്ക്സ്. ആക്രാന്തം നഹി ആക്രാന്തം നഹി മാനേഴ്സ് മുഖ്യം ബിഗിലെ........

തേങ്ങ..... വിശന്ന് കണ്ണ് കാണാതെ നിൽക്കുമ്പോഴല്ലേ മാനേഴ്സ്..... കയ്യിലെ വള രണ്ടും കയറ്റി വെച്ചവൾ ആക്രമണത്തിന് തയ്യാറെടുത്തു. പെണ്ണ് നാറ്റിക്കും എന്ന് മനസ്സിലായതും അച്ചു തന്നെ അവൾക്ക് ഭക്ഷണം നീട്ടി. ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവന്റെ കയ്യിൽ നിന്നവൾ വാങ്ങി കഴിച്ചു. നേരെ ഇരുന്ന് കഴിക്കുന്നത് ബുദ്ധിമുട്ട് ആയത് കൊണ്ട് രണ്ട് ചെയറും നേർക്ക് നേർ തിരിച്ചിട്ട് ഇരുന്നവൻ അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി. രണ്ടിന്റെയും പ്രവർത്തി കണ്ട് ആകെ കിളിപോയി എല്ലാവരും അവരെ തന്നെ നോക്കിപ്പോയി. തങ്ങൾക്ക് നേരെ നീളുന്ന നോട്ടങ്ങളെ കണക്കിലെടുക്കാതെ അവർ കഴിക്കുന്നത് തുടർന്നു. കണ്ടാ കണ്ടാ അവളുടെ കൂടെ കൂടി അങ്ങേരും ഈ ലെവലിൽ എത്തി. ഇതിനെയാണ് അക്ഷരം തെറ്റാതെ ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നൊക്കെ പറയേണ്ടത്. എങ്ങനെ നടന്ന മനുഷ്യനാ ഇപ്പൊ ദേ ഭാവി ഭാര്യയെ ഇരുന്ന് ഊട്ടുന്നു. ഹാ വിധി അല്ലാണ്ട് എന്ത് പറയാൻ???? റോണി നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു. ഇതൊന്നും പിടിക്കാതെ അനു ചവിട്ടി തുള്ളി അവിടുന്ന് പോയി. അസൂയ കുശുമ്പ് കണ്ണ് കടി എന്നിവ തീരെ ഇല്ലാത്ത കുട്ടിയാ. മുഴുത്ത വട്ടുള്ള കൂട്ടത്തിലാ അല്ലെങ്കിൽ ആരെങ്കിലും ബിരിയാണി വേണ്ടാന്ന് വെച്ചിട്ട് എഴുന്നേറ്റ് പോകുവോ?????

അങ്ങനെ ഉണ്ണലും ഊട്ടലും എല്ലാം കഴിഞ്ഞ് ഐസ്ക്രീമും കഴിച്ച് അവർ പുറത്തേക്കിറങ്ങി. അവർ നിൽക്കുന്നത് കണ്ടതും റോണി ഓടി അവർക്കരികിൽ എത്തി. അളിയാ........... ശബ്ദം കേട്ട് തിരിഞ്ഞതും റോണി വന്നവനെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു. കൺഗ്രാജുലേഷൻസ് അളിയാ കൺഗ്രാജുലേഷൻസ്. ഇതിലും വലുതൊന്നും അളിയനിനി ഈ ജന്മത്ത് എന്നല്ല ഇനി ഒരു ജന്മത്തും വരാനില്ല. പറഞ്ഞു തീർന്നതും പടക്കേ എന്നൊരു സൗണ്ട് അവിടെ മുഴങ്ങി. അമ്മച്ചീ....... നിലവിളിയോടെ നടുവിന് കയ്യും കൊടുത്ത് റോണി അച്ചുവിൽ നിന്ന് അകന്നുമാറി. വേറൊന്നുമല്ല എമിയൊന്ന് സ്നേഹിച്ചതാ. നിനക്ക് രാവിലെ മുതൽ ഞാൻ ഓങ്ങി വെച്ചതാ. അവന്റെ ഒലക്കേമ്മേല ഡയലോഗടി. വെറുതെ അല്ലെടാ നിന്നെ ആ മറിയാമ്മ തിരിഞ്ഞു നോക്കാത്തത്. അൾട്ടിമേറ്റ്‌ പുച്ഛത്തിൽ അവൾ പറയുന്നത് കേട്ട് ഒന്നും വേണ്ടിയിരുന്നില്ല എന്നവന് തോന്നി. വല്ല കാര്യോണ്ടായിരുന്നോ???? അച്ചു കൈമലർത്തി ചോദിച്ചു. ഇൻസൾട്ട് ആണ് അളിയാ ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്.......

ഇൻസൾട്ട് മാത്രം ഏറ്റാൽ കരിഞ്ഞു പോകും അളിയാ. ഒന്ന് ആക്കിക്കൊണ്ട് അച്ചു പറഞ്ഞതും വെളുക്കെ ഇളിച്ചു കാണിച്ച് അവനവിടെ നിന്ന് വലിഞ്ഞു. തുടരെ തുടരെ തോൽവികൾ ഏറ്റുവാങ്ങുന്നത് എന്ത് ദ്രാവിഡാണ്???? 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ബിരിയാണി തിന്ന ക്ഷീണത്തിൽ പള്ളിക്ക് പുറത്ത് സൈഡിലായി അധികം ആരും ചെല്ലാത്ത ഇടത്ത് ബെഞ്ചിൽ ഇരിക്കുമ്പോഴാണ് തൊട്ടടുത്ത് ആരുടെയോ സാമീപ്യം അറിയുന്നത്. തല ചെരിച്ചൊന്ന് നോക്കവെ ഒരു ചിരിയോടെ മുന്നിലേക്ക് നോക്കിയിരിക്കുന്ന അപ്പുവിനെ കണ്ടതും അവളുടെ മുഖം ഇരുണ്ടു. ദേഷ്യത്തോടെ എഴുന്നേറ്റ് പോവാൻ ആഞ്ഞു. ഹാ അങ്ങനെ അങ്ങ് പോവാതെടോ പറയട്ടെ....... അവളെ തടഞ്ഞ് കൊണ്ടവൻ പറഞ്ഞു. എനിക്കൊന്നും കേൾക്കാനില്ല. മനുഷ്യനെ മനസമാധാനമായിട്ട് ഇരിക്കാനും സമ്മതിക്കില്ല. ദേഷ്യത്തിൽ അവൾ മുഖം തിരിച്ചു. ഞാനന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാണോ ഇങ്ങനെ ദേഷ്യം കാണിക്കുന്നത്????? ആണെങ്കിലും അല്ലെങ്കിലും തനിക്കെന്താ???? വെറുതെ എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത് എനിക്കത് ഇഷ്ടമല്ല.

അവന് നേരെ കൈചൂണ്ടി അവളത് പറയവേ അവനിൽ നിറഞ്ഞത് ചിരിയായിരുന്നു. പെട്ടെന്നായിരുന്നു അവന്റെ പ്രവർത്തി. അവളെപോലും ഞെട്ടിച്ചു കൊണ്ടവൻ അവളെ വലിച്ച് ചുവരിലേക്ക് ചേർത്ത് നിർത്തി. പിടഞ്ഞു മാറാൻ പോലുമാവാതെ അവൾ പകച്ചു നിന്നുപോയി. വളച്ചു കെട്ടില്ലാതെ പറയാം എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാ. ആദ്യ കാഴ്ചയിൽ തന്നെ തോന്നുന്ന ഒരിഷ്ടമില്ലേ അത്‌. അന്ന് അച്ചുവിന് ലവ് ലെറ്റർ കൊടുത്തുവിട്ട അന്നേ നിന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു. ഈ കണ്ണുകളിൽ ഞാൻ അവനോടുള്ള പ്രണയം കണ്ടിരുന്നു. പക്ഷെ സ്വന്തം കൂട്ടുകാരിക്ക് വേണ്ടി അവരുടെ പ്രണയത്തിന് മുന്നിൽ നീ സ്വന്തം ഇഷ്ടം മറച്ചു വെച്ചു. പോലീസുകാരെ കണ്ടാൽ പേടിയാണ് എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറിയത് അച്ചുവിനെ മറക്കാൻ വേണ്ടിയായിരുന്നു. അവനെ ഹൃദയത്തിൽ നിന്ന് പറിച്ചറിയാൻ വേണ്ടിയായിരുന്നു ശരിയല്ലേ????? കണ്ണുകളിലേക്ക് നോക്കി അവനത് ചോദിക്കവെ അവൾ ഞെട്ടലോടെ അവനെ നോക്കി.

എനിക്കറിയാം അത് തന്നെയായിരുന്നു കാരണമെന്ന് അത്‌ നിന്റെ ഈ കണ്ണുകളിലൂടെ തന്നെ എനിക്കറിയാം. പ്രണയത്തേക്കാൾ സൗഹൃദത്തിന് സ്ഥാനം കൊടുത്ത നിന്റെ ആ മനസ്സിനെയാണ് ഞാൻ ഇന്ന് എന്നേക്കാൾ ഏറെ സ്നേഹിക്കുന്നത്. ഇന്ന് നിന്റെ ഉള്ളിൽ അച്ചു ഇല്ലെന്ന് എനിക്കറിയാം. ആ പൂർണ്ണബോധ്യം ഉള്ളത് കൊണ്ട് ചോദിക്കുവാ ഈ ഹൃദയത്തിൽ എനിക്കൊരു സ്ഥാനം തന്നൂടെ????? ഇടയ്ക്ക് വെച്ച് ഉപേക്ഷിക്കാനല്ല ജീവിതാവസാനം വരെ കൂടെ കൂട്ടാനാണ്. ഇപ്പൊ ഒരു മറുപടി പറയണ്ട നല്ലോണം ആലോചിച്ചിട്ട് പതിയെ പറഞ്ഞാൽ മതി ഞാൻ കാത്തിരുന്നോളാം. സമ്മതം കിട്ടിയിട്ട് വേണം എനിക്കെന്റെ പാവം അമ്മയെ പെണ്ണ് ചോദിക്കാൻ പറഞ്ഞയക്കാൻ. കേട്ടോടി ഗുണ്ടുമണി. ഒരു ചിരിയോടെ അവളെ നോക്കി കള്ളചിരിയോടെ കണ്ണിറുക്കി കാട്ടി അവൻ നടന്നകന്നു. അവൻ നടന്നകലുന്നത് നോക്കി കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവൾ തറഞ്ഞു നിന്നുപോയി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story