ഹൃദയതാളമായ്: ഭാഗം 53

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കാറിൽ ഇരിക്കുമ്പോൾ എമിയും നിവിയും പലവിധ ആലോചനകളിൽ ആയിരുന്നു. ഒരാളുടെ മനസ്സ് തീരുമാനം എടുക്കാൻ ഉഴറുമ്പോൾ മറ്റൊരാളുടെ ഹൃദയം കുറ്റബോധത്തിന്റെ തീച്ചൂളയിൽ എരിയുകയായിരുന്നു. നീയൊക്കെ എന്താടി പിരി പോയത് പോലെ ഇരിക്കുന്നത്. കയറിയപ്പോൾ തുടങ്ങി രണ്ടും നിശബ്ദ ചിത്രം ഓടിക്കുവാ എന്താ കാര്യം???? റോണിയുടെ ചോദ്യം കേൾക്കവേയാണ് അവർ ആലോചനകൾക്ക് വിരാമമിടുന്നത്. എന്റെ പൊന്നോ ഹെവി ഫുഡ് തട്ടിയ ക്ഷീണത്തിൽ ഇരിക്കുവായിരുന്നു ഇനി അതിന്റെ വാലിൽ പിടിച്ചു തൂങ്ങണ്ട. നിവി കയ്യടിച്ചു തൊഴുതു കൊണ്ട് പറഞ്ഞു. അത് കേട്ടതും അവൻ മിററിലൂടെ എമിയെ നോക്കി. നിനക്ക് എന്താടി പറ്റിയെ???? കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു ആകെപ്പാടെ മൂടിക്കെട്ടി നിരാശാ കാമുകി ലൈനിൽ ഇരിക്കുന്നു. അവന്റെ ചോദ്യം കേട്ടവൾക്ക് ഞെട്ടലൊന്നും തോന്നിയിരുന്നില്ല അവളും പ്രതീക്ഷിച്ചിരുന്നു ആ ചോദ്യം. ഒന്നൂല്ലടാ ഇന്ന് മുഴുവൻ ഒരേ നിൽപ്പ് അല്ലായിരുന്നോ ആകെ മൊത്തം ഒരു മടുപ്പ്.

എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി. തളർച്ചയോടെ സീറ്റിലേക്ക് ചാരി കിടന്നവൾ നേരത്തെ മനസ്സിൽ കണ്ടെത്തി വെച്ച ഉത്തരം കൊടുത്തു. ഈ നാട്ടുകാരേം വീട്ടുകാരേം എല്ലാം വിളിച്ചു കൂട്ടിയുള്ള പരിപാടിക്ക് ഇതാ കുഴപ്പം നിന്ന് നിന്ന് കാലും ചിരിച്ചു ചിരിച്ച് വായും കഴക്കും. നമുക്ക് രെജിസ്റ്റർ മാര്യേജ് മതിയല്ലെടി മറിയാമ്മേ??? അതാവുമ്പൊ ഒരു ഒപ്പിൽ കാര്യം തീരും ഇത് ചുമ്മാ നമ്മൾ പൈസ മുടക്കി കല്യാണം നടത്തി നാട്ടുകാരെയും ഒരുപക്കാരവും ഇല്ലാത്ത കുറെ ബന്ധുക്കളെയും ഊട്ടും. എന്നിട്ട് അവർ മൂക്കുമുട്ടെ എല്ലാം വീട്ടിവിഴുങ്ങിയിട്ട് ഇരുന്ന് കുറ്റം പറയും. കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നത് പോലെയുള്ള ഏർപ്പാട് ആണ്. റോണി വല്യ കാര്യത്തിൽ പറഞ്ഞു. രെജിസ്റ്റർ മാര്യേജിന് എന്റെ പട്ടി സമ്മതിക്കും നല്ല അന്തസായിട്ട് പള്ളിയും പട്ടക്കാരും അറിഞ്ഞ് നാലാളെ കൂട്ടി കല്യാണം നടത്താൻ പറ്റുമെങ്കിൽ മതി അല്ലെങ്കിൽ ഞാൻ തേച്ചിട്ട് പോവും. മറിയാമ്മ ചുണ്ട് കോട്ടി അവനെ നോക്കി. ഇതാണ് പെണ്ണുങ്ങളുടെ കുഴപ്പം. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തേപ്പ് ഞാനൊരു തമാശ പറഞ്ഞതല്ലേ മോളെ നിനക്ക് രെജിസ്റ്റർ മാര്യേജിന് താല്പര്യമില്ലെങ്കിൽ വേണ്ട.

രണ്ടിന്റെയും സംസാരം കേട്ട് കിളിപോയി ഇരിക്കുകയാണ് എമിയും നിവിയും. ഇതൊക്കെ എപ്പ????? അൽപ്പം ബോധം വന്നതും നിവി ചോദിച്ചു. കൃത്യമായി പറഞ്ഞാൽ ഇന്ന് ഉച്ചക്ക് 1:23ന് ആയിരുന്നു. വെളുക്കെ ഇളിച്ചു കാട്ടി അവൻ പറഞ്ഞു. അപ്പൊ ഇതായിരുന്നല്ലേ രണ്ടിന്റെയും പരിപാടി??? അത് പിന്നെ ഞങ്ങൾക്കും വേണ്ടേ ഒരു ജീവിതം. റോണിയുടെ അതേ സ്റ്റൈലിൽ ഇളിച്ചു കൊണ്ട് മറിയാമ്മ പുറകിലേക്ക് നോക്കി. ആ ഇളി നോക്കിയേ.. എന്താ ചേർച്ച???? ചക്കിക്ക് ഒത്ത ചങ്കരൻ. നിവി കളിയാക്കലോടെ പറഞ്ഞു. തേങ്ക്സ്......... രണ്ടിന്റെയും എക്സ്പ്രഷൻ കണ്ട് നിവി ചിരിച്ചു മറിഞ്ഞു. അവരുടെയെല്ലാം കളിചിരികൾ കാൺകെ ഉള്ളിൽ ഉറഞ്ഞു കൂടിയ സങ്കടങ്ങൾക്ക് നേരിയ ആശ്വാസം അനുഭവപ്പെട്ടു. ഒരു പുഞ്ചിരിയോടെ അവരെ തന്നെ നോക്കി അവൾ മൗനമായി യാത്ര തുടർന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പള്ളിയിൽ നിന്ന് വന്നിട്ട് ഏറെനേരം ആയിരിക്കുന്നു. കുരിശിങ്കൽ എത്തിയ ബന്ധുക്കൾ എല്ലാം തിരികെ പോയിരുന്നു. വന്ന സമയം മുതൽ മുറിയടച്ച് ഇരിക്കുകയാണ് അച്ചു.

മനസ്സ് പ്രക്ഷുബ്ദമായ കടലെന്ന പോലെ കലുഷിതമായിരുന്നു. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളുടെ കാരണം തിരയുകയുയിരുന്നു മനസ്സ്. എത്ര ആലോചിച്ചിട്ടും മറുപടി കിട്ടുന്നില്ല. പറയാൻ പറ്റാത്തത്ര നോവ് ഉള്ളിൽ അനുഭവപ്പെടുന്നു. അവളിലെ ചെറിയൊരു വേദന പോലും തന്നിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു അവൻ. ഇനിയും ഇരുന്നാൽ വട്ടുപിടിക്കും എന്ന് ഉറപ്പായതും പലതും മനസ്സിൽ ഉറപ്പിച്ചവൻ ചാവിയും എടുത്ത് പുറത്തേക്കിറങ്ങി. പുറകിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കെല്ലാം ഇപ്പൊ വരാം എന്ന് മാത്രം മറുപടി കൊടുത്തവൻ വണ്ടിയിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമിയുടെ വീടിന് മുന്നിൽ വണ്ടി നിർത്തി അകത്തേക്ക് കയറാൻ ഒരുങ്ങവേ ചുറ്റിനും അവന് നേരെ അതിശയത്തോടെ പലരുടെയും നോട്ടങ്ങൾ ചെന്ന് വീഴുന്നുണ്ടായിരുന്നു.

അതൊന്നും കണക്കിലെടുക്കാതെ അവൻ അകത്തേക്ക് നടന്നു. അകത്തെ സോഫയിൽ ജെയിംസിനോട് സംസാരിച്ചു കൊണ്ടിരുന്ന ജോൺ അച്ചുവിന്റെ വരവ് കണ്ട് ആശ്ചര്യത്തോടെ എഴുന്നേറ്റു. അങ്കിൾ എനിക്ക് എമിയോട് ഒന്നു തനിച്ച് സംസാരിക്കണം. ഞാൻ അവളെ എന്റെ കൂടെ കൊണ്ടുപൊക്കോട്ടെ ഇരുട്ടും മുന്നേ കൊണ്ടുവന്നാക്കാം. മുഖവുര ഏതുമില്ലാതെ അവൻ ചോദിക്കുന്നത് കേട്ട് അയാളൊന്ന് ഞെട്ടി. അതെങ്ങനെ ശരിയാവും???? ഇന്ന് മനസമ്മതം കഴിഞ്ഞതല്ലേ ഉള്ളൂ ഇപ്പൊ തന്നെ നീ അവളെയും കൂട്ടി പോയാൽ നാട്ടുകാർ എന്ത് വിചാരിക്കും???? ജെയിംസ് ഗൗരവത്തോടെ പറഞ്ഞവനെ നോക്കി. ഒരു അത്യാവശ്യ കാര്യം ആയത് കൊണ്ടാ അങ്കിൾ. അവൻ സൗമ്യമായി പറഞ്ഞു. ആയിരിക്കാം. പക്ഷെ അത്‌ ഇന്ന് തന്നെ വേണം എന്നുണ്ടോ നാളെ ആയാലും നിങ്ങൾക്ക് സംസാരിക്കാമല്ലോ ആരെങ്കിലും തടസ്സം പറഞ്ഞോ???? അതുമല്ലെങ്കിൽ ഫോൺ വിളിച്ച് പറയാല്ലോ???? അയാൾ വീണ്ടും എതിർപ്പുമായി എത്തി. അത് കേട്ട് അവന് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു.

അതെല്ലാം അടക്കി അവൻ ദയനീയമായി ജോണിനെ ഒന്ന് നോക്കി. എമി മുറിയിലുണ്ട് വന്ന പാടെ വയ്യെന്ന് പറഞ്ഞ് കയറി കിടന്നതാ. ചെന്ന് അവളെ വിളിച്ചു കൊണ്ടുപൊക്കോ. അവന്റെ തോളിൽ ഒന്ന് തട്ടി അയാളത് പറയവേ ആശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചവൻ പിന്നെ ഒന്നിനും കാക്കാതെ മുകളിലേക്കുള്ള പടികൾ കയറി. എടാ നീയിത് എന്താ കാണിക്കണേ???? നാട്ടുകാരും ബന്ധുക്കളും കണ്ടാൽ എന്താ പറയാ?????? ജെയിംസ് അൽപ്പം ദേഷ്യത്തിൽ ചോദിച്ചു. അവളിൽ ഏറ്റവും അവകാശമുള്ള ആൾക്കൊപ്പമാണ് ഞാൻ അവളെ പറഞ്ഞു വിടുന്നത്. കല്യാണം കഴിക്കാൻ പോവുന്ന ആളുടെ കൂടെ പുറത്ത് പോവുന്നതൊക്കെ ഇന്നത്തെ കാലത്ത് വല്യ സംഭവം ഒന്നുമല്ല. ഇനി അഥവാ വല്ലവരും വല്ലതും പറഞ്ഞാൽ ഞാൻ അതങ്ങ് സഹിക്കും. ഈ ചിലക്കുന്നവരുടെ ഒന്നും ചിലവിലല്ല ഞാൻ കഴിയുന്നത്. അച്ചൂനേം എന്റെ മോളെ എനിക്കറിയാം അത് മതി. മറ്റാരെയും അതൊന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. ഉറച്ച ശബ്ദത്തിൽ അയാൾ പറയവേ മറുപടി ഒന്നുമില്ലാതെ ജെയിംസ് അവിടെ നിന്ന് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഹെഡ് ബോഡിൽ ചാരി മിഴികൾ പൂട്ടി ആലോചനകളിൽ ഇരുന്ന എമി കണ്ണ് തുറന്നു. മുന്നിൽ അച്ചുവിനെ കണ്ടതും അവൾ ഒന്ന് പിടഞ്ഞുകൊണ്ട് എഴുന്നേറ്റു. അവളുടെ മുഖത്തെ വിഷാദഭാവം കണ്ടതും അവന് ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. അവളെന്തോ ചോദിക്കാൻ തുനിഞ്ഞതും അവൻ പതിയെ നടന്ന് അവൾക്കരികിൽ ചെന്ന് കൈകൾ ഉയർത്തി അവളെ വലയം ചെയ്തു. മുഖം കുനിച്ച് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ച് അവളുടെ കവിളിൽ കൈ ചേർത്തു. എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ വേഗം പോയി മുഖമൊക്കെ കഴുകി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വാ. എനിക്കറിയണം നിന്നെ അലട്ടുന്ന പ്രശ്നം എന്താണെന്ന്. പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞവൻ അവളെ സ്വാതന്ത്രമാക്കി. ഒരുനിമിഷം അവനെയൊന്ന് നോക്കി അവൾ കബോർഡിൽ നിന്ന് മാറാനുള്ള ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി. മുഖമെല്ലാം കഴുകി ഡ്രസ്സ്‌ മാറി പുറത്തേക്ക് ഇറങ്ങുമ്പോൾ അവളെയും കാത്തവൻ ബെഡിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.

എന്തോ അതുവരെ തോന്നാത്ത ഒരകൽച്ച അവൾക്കവനോട് തോന്നി. ചതിച്ചു സ്വന്തമാക്കിയതാണോ എന്ന തോന്നലിൽ നിന്നുണ്ടായ ഒരു തരം വേദന. അവളെ കണ്ടതും അവൻ എഴുന്നേറ്റ് അവളുടെ കയ്യിൽ കോർത്തു പിടിച്ചു. കൂടുതൽ ഒന്നും ചോദിക്കാതെ അവളെയും കൂട്ടി അവൻ പുറത്തേക്കിറങ്ങി. അവന്റെ കയ്യും പിടിച്ച് നടക്കുമ്പോഴും എല്ലാം അറിയുമ്പോൾ അവന് തന്റെ സ്വാർത്ഥതയിൽ തന്നോട് ദേഷ്യം തോന്നുമോ എന്ന ഭയമായിരുന്നു മനസ്സിൽ. താഴെ എത്തിയതും അവരെ നോക്കി നിൽക്കുന്ന ജോണിനെ കണ്ടതും അവനെവിട്ട് അവൾ അയാൾക്കടുത്തേക്ക് നടന്നു. പപ്പാ.......... അച്ചു എന്നോട് പറഞ്ഞിരുന്നു എന്റെ കുഞ്ഞൻ പോയിട്ട് വാ..... വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി അയാൾ പറഞ്ഞതും വിളറിയ ഒരു പുഞ്ചിരി അയാൾക്ക് നൽകി അവൾ പുറത്തേക്കിറങ്ങി. തങ്ങളിലേക്ക് നീളുന്ന കണ്ണുകൾ അവൾ കണ്ടിരുന്നെങ്കിലും അതെല്ലാം പാടെ അവഗണിച്ചു കൊണ്ടവൾ അവനൊപ്പം പുറത്തേക്കിറങ്ങി. അവന് പുറകെ വണ്ടിയിൽ കയറുമ്പോഴും എന്നത്തേക്കാളേറെ അവനിൽ നിന്ന് അകലം പാലിച്ചിരുന്നു അവൾ.

അവളുടെ പ്രവർത്തി അവനിൽ വിഷമവും ദേഷ്യവും മറ്റു പലതും തോന്നിച്ചെങ്കിലും അവൻ ഒന്നും മിണ്ടാതെ മൗനം പാലിച്ചു. ഇരുവരും ഒന്നിച്ച് ആ യാത്ര തിരിക്കുമ്പോൾ ഇരു മനസ്സും ഇരു ചിന്തകളിലായി ഉഴറുകയായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 യാത്ര ചെന്ന് അവസാനിച്ചത് കടൽത്തീരത്ത് ആയിരുന്നു. അവൻ വണ്ടി ബ്രേക്ക് ചെയ്തതും ഒരു ഉലച്ചിലോടെ അവൾ ചിന്തകളിൽ നിന്ന് മുക്തയായി. ചുറ്റിനും ഒന്ന് അലസമായി കണ്ണുകൾ പായിച്ചവൾ ഇറങ്ങി. വണ്ടി പാർക്ക്‌ ചെയ്ത് അവൻ കടലിലേക്ക് നോട്ടം എറിഞ്ഞു നിൽക്കുന്ന അവളെയും പിടിച്ച് വലിച്ച് ആൾതിരക്ക് ഇല്ലാത്ത ഒരിടത്തേക്ക് നിന്നു. ഇനി പറ എന്താ കാര്യം???? അവനത് ചോദിക്കവെ കണ്ണിൽ വെള്ളം നിറച്ചവൾ അവനെ നോക്കി. അത് കണ്ടതും അതുവരെ മനസ്സിൽ അടക്കിയ സങ്കടവും ദേഷ്യവും എല്ലാം പുറത്ത് ചാടി. ചുമ്മാ നിന്ന് മോങ്ങാതെ വാ തുറന്ന് എന്താ കാര്യമെന്ന് പറയുന്നുണ്ടോ. കുറെ നേരമായി നിന്റെ ഈ മൂടിക്കെട്ടിയുള്ള നിൽപ്പ് കണ്ട് ഭ്രാന്ത് എടുത്ത് നിക്കുവാ........ അവൻ സ്വരമുയർത്തി. നിവിക്ക് ഇച്ചായനെ ഇഷ്ടായിരുന്നു...... ഞാൻ..... ഞാനാ എല്ലാത്തിനും കാരണം. എല്ലാം അറിഞ്ഞിട്ടും ഞാൻ..... ഞാനൊന്നും കണ്ടില്ല എന്ന് നടിച്ചു. അവൾ..... അവളെനിക്ക് വേണ്ടി വിട്ടു തന്നതാ.......

ഞാൻ...... ഞാൻ സ്വാർത്ഥയായി പോയില്ലേ???? എല്ലാം മനസ്സിലാക്കിയിട്ടും ചതിച്ചതല്ലേ ഞാൻ?????? വിങ്ങി പൊട്ടിക്കൊണ്ടവൾ പറയുന്നത് കേട്ട് അവൻ ഞെട്ടി. അവന്റെ കണ്ണിലെ പകപ്പ് അവളിലെ സങ്കടങ്ങളുടെ ആഴം കൂട്ടി. നീ ഇതെന്തൊക്കെ പിച്ചും പേയുമാ പറയുന്നത്????? പിച്ചും പേയും ഒന്നുമല്ല സത്യാ പറഞ്ഞേ. അവൾ ഇച്ചായനെ പ്രണയിച്ചിരുന്നു ഞാനാ അത് തകർത്തത്. ആദ്യായിട്ട് അവൾ ഇച്ചായനോടുള്ള ഇഷ്ടം പറയുന്നത് ഞങ്ങളോടായിരുന്നു. നിങ്ങളെ തമ്മിൽ ഒന്നിപ്പിക്കാൻ വേണ്ടിയിട്ടായിരുന്നു ഞാൻ ആ ലെറ്റർ കൊണ്ടുവന്ന് തന്നത്. പക്ഷെ അന്ന് കോളേജ് ഫങ്ക്ഷന്റെ അന്ന് ഞാൻ അത്രയും കാലം തേടി നടന്ന ആളാണ് നിവിക്ക് ഇഷ്ടം തോന്നിയ ആളെന്ന് അറിയവേ സ്വാർത്ഥ ആയിപ്പോയി. ആർക്കും വിട്ടുകൊടുക്കാൻ തോന്നിയില്ല മരിച്ചു പോവും എന്ന് തോന്നി അതുകൊണ്ട് മനഃപൂർവം അവളുടെ വിഷമം ഞാൻ കണ്ടില്ല എന്ന് നടിച്ചു. അവളുടെ കണ്ണിലെ പ്രണയത്തെ ഞാൻ എന്നിലെ സ്വാർത്ഥതയാൽ തകർത്തു കളഞ്ഞു. ഞാൻ ചതിച്ചതാ...... ഞാൻ..... ഞാൻ............

പൂർത്തിയാക്കാൻ ആവാതെ അവൾ വിതുമ്പി. മതി നിർത്തിക്കേ.......... ബാക്കി പറയാൻ അനുവദിക്കാതെ തടഞ്ഞു കൊണ്ടവൻ അവളെ വലിച്ച് നെഞ്ചിലേക്ക് ചേർത്തു. ആരും ആരെയും ചതിച്ചിട്ടില്ല. നീയൊരു ചതിയും ചെയ്തിട്ടുമില്ല. അവളെക്കാൾ മുന്നേ എന്നെ നെഞ്ചിൽ ഏറ്റിയവൾ നീയാ. ഒന്ന് കാണാൻ പോലും കഴിയും എന്ന് ഉറപ്പ് ഇല്ലാഞ്ഞിട്ട് കൂടി എനിക്കായ് കാത്തിരുന്നതും നീ തന്നെയാ. മനഃപൂർവം അല്ലെങ്കിൽ കൂടി നിന്നെയെനിക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് എന്നിട്ടും നീയെനിക്ക് വേണ്ടി കാത്തിരുന്നു. ഇതെല്ലാം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പോലും ഞാൻ ഒരിക്കലും നിവിയെ സ്വീകരിക്കില്ല അവളെ പ്രണയത്തോടെ ഒന്ന് നോക്കുക പോലുമില്ല കാരണം അതിനേക്കാൾ എത്രയോ മുന്നേ എന്റെ നെഞ്ചിൽ പതിഞ്ഞ മുഖമാണിത്. അവളുടെ മുഖം ഉള്ളം കയ്യിൽ കോരിയെടുത്തു കൊണ്ടവൻ പറഞ്ഞു. നീ ഒരു തെറ്റും ചെയ്തിട്ടില്ലെടി. ഇത് നമ്മുടെ പ്രണയമാണ് അവിടെ നീയും ഞാനും മാത്രേ ഉള്ളൂ. അവിടേക്ക് കടന്നു വരാൻ ആർക്കും കഴിഞ്ഞിട്ടുമില്ല ഇനി കഴിയുകയുമില്ല. എമി അച്ചുവിന് ഉള്ളതാ അത് ഇപ്പൊ മാത്രമല്ല എന്നും അങ്ങനെ തന്നെയാ. ഈ ഡ്രാക്കുളയുടെ മാത്രാ നീ. കുറ്റബോധത്തിന്റെ ഒരു കണിക പോലും മനസ്സിൽ തോന്നേണ്ട കാര്യമില്ല.

നമുക്കിടയിലേക്ക് മൂന്നാമത് ഒരാളുടെ പേര് പോലും വരുന്നത് എനിക്കിഷ്ടമല്ല. നീയെന്റെയാ ഞാൻ നിന്റെയും. നിവിക്ക് തോന്നിയത് വെറുമൊരു ഇൻഫാക്ചുവേഷൻ മാത്രമായിരിക്കും. നമ്മുടെ പ്രണയം തിരിച്ചറിഞ്ഞത് കൊണ്ടാണ് അവൾ ഉള്ളിൽ തോന്നിയ ഇഷ്ടത്തെ മുളയിലേ നുള്ളിയത്. ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ സ്വാഭാവികമാണ് എന്നുകരുതി എല്ലാ ഇഷ്ടവും സ്വന്തമാവണം എന്നുണ്ടോ???? അർഹതപ്പെട്ടതേ കിട്ടൂ. ഇനി നീ എനിക്ക് വേണ്ടി കാത്തിരുന്നില്ലെങ്കിൽ പോലും ഞാൻ തേടിപ്പിടിച്ച് നിന്നെ സ്വന്തമാക്കിയേനെ. നിനക്കിനി മറ്റൊരു പ്രണയം ഉണ്ടായിരുന്നെങ്കിൽ പോലും ഏത് വിധേനയും നിന്നെ ഞാൻ സ്വന്തമാക്കിയിരുന്നേനെ കാരണം നിന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥനാണ്. പ്രണയം മിക്കപ്പോഴും സ്വാർത്ഥത നിറഞ്ഞതായിരിക്കും. വിട്ടുകൊടുക്കാൻ മടിക്കും ആ ചുണ്ടുകൾ മറ്റൊരു പേര് ഉച്ഛരിക്കരുത് എന്ന് വാശി പിടിക്കും. മറ്റൊരാളെ നോക്കുന്നത് പോലും അരോചകമായി തോന്നും.

ആ ചിന്തകളിൽ ഹൃദയത്തിൽ ശ്വാസത്തിൽ പോലും താൻ മാത്രമായിരിക്കണം എന്ന് വാശി പിടിക്കും. അതാണ് പ്രണയം...... ചിലപ്പപ്പോൾ അങ്ങനെയാണ് പ്രണയം. അതുകൊണ്ട് എന്റെ കൊച്ച് വെറുതെ അതും ഇതും ചിന്തിച്ചു കൂട്ടി വിഷമിക്കാതെ ഇരുന്നെ. ഒലിച്ചിറങ്ങിയ അവളുടെ കണ്ണുനീർ തുള്ളികളെ ചുണ്ടുകളാൽ ഒപ്പിയെടുത്ത് അവൻ അവളെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു. അവന്റെ നെഞ്ചിൽ മുഖം ചേർത്ത് നിൽക്കവെ ഉള്ളിലെ സംഘർഷങ്ങൾക്ക് അയവ് വന്നിരുന്നു. അവനെ ശക്തിയായി പുണർന്നു കൊണ്ടവൾ അവനോട് ചേർന്ന് നിൽക്കവേ അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചവൻ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 തീർന്നോ നിന്റെ കരച്ചിലും പിഴിച്ചിലും??? നെഞ്ചിൽ നിന്ന് അടർത്തി മാറ്റി അവനത് ചോദിക്കവെ അവളൊന്ന് ഇളിച്ചു. ഇത്രയും നേരം മനുഷ്യനെ ആധി കയറ്റിയിട്ട് നിന്ന് ഇളിക്കുന്നത് നോക്ക്. നീ ആരാടി സീരിയലിലെ നായികയോ ഇങ്ങനെ നിന്ന് മോങ്ങാൻ????? വെറുതെ ഓരോ പൊട്ടത്തരങ്ങൾ തനിയെ ചിന്തിച്ചു കൂട്ടുക എന്നിട്ട് നിന്ന് അവളുടെ ഒരു കരച്ചിൽ. പല്ല് കടിച്ചുകൊണ്ട് അവൻ പറയവേ അവൾ ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.

അല്ല വല്യ കാര്യത്തിൽ ചതിച്ചു പിടിച്ചു എന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ എങ്ങാനും അവൾ എന്നോടുള്ള സ്നേഹം പറഞ്ഞിരുന്നെങ്കിൽ കൂട്ടുകാരിക്ക് വേണ്ടി വിട്ടുകൊടുക്കുമായിരുന്നോ????? ഗൗരവത്തിൽ അവൻ ചോദിച്ചതും അവൾ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവനെയൊന്ന് നോക്കി. മുഖത്തെ ഗൗരവം മായ്ക്കാതെ അവൻ പിരികം ഉയർത്തവേ അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി. എന്റെയാ.... എന്റെ മാത്രം....... അത്ര മാത്രം പറഞ്ഞവൾ അവന്റെ ഇടനെഞ്ചിൽ ചുണ്ട് ചേർത്തു. അവളുടെ മറുപടി അവനിൽ ഒരു ചിരി വിടർത്തി. നെഞ്ചിൽ ചേർന്ന് നിൽക്കുന്ന അവളുടെ മുഖം കയ്യിൽ കോരിയെടുത്ത് അവന് മാത്രം അവകാശപെട്ട അവളുടെ മേൽചുണ്ടിലെ മറുകിൽ അവൻ അമർത്തി ചുംബിച്ചു. പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ ഞെട്ടി ഒരു ചടപ്പോടെ അവൾ ചുറ്റിനും നോക്കി. ആരും കണ്ടിട്ടില്ല എന്നുറപ്പായതും ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടവൾ അവനെ നോക്കി പേടിപ്പിച്ചു. അത് കണ്ടതും അവൻ കുസൃതിയോടെ അവളുടെ ഇരുകവിളിലും മാറി മാറി ചുംബിച്ചു. അവന്റെ ചുണ്ടുകൾ വീണ്ടും മുഖത്ത് അലയാൻ തുടങ്ങിയതും അവൾ അവന്റെ നെഞ്ചിൽ പല്ലുകൾ ആഴ്ത്തി. ആഹ്...........

വേദനയിൽ കുതിർന്ന ശബ്ദത്തോടെ അവൻ അവളിൽ നിന്ന് വിട്ടുമാറി. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. നെഞ്ചും തടവി നിൽക്കുന്ന അവനെ നോക്കി അവൾ നാക്ക് നീട്ടി. ഡീ............ കൈ നീട്ടി അവളെ പിടിക്കാൻ ആഞ്ഞതും അവൾ പൊട്ടിച്ചിരിയോടെ ഒഴിഞ്ഞു മാറി മുന്നോട്ട് ഓടി. പിന്നാലെ അവനും. അവനെ കളിപ്പിച്ച് ഓടവേ അതുവരെ മനസ്സിൽ നിറഞ്ഞ ഭാരം വിട്ടൊഴിഞ്ഞിരുന്നു. നീണ്ട നേരത്തെ ഓട്ടത്തിനൊടുവിൽ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി കൂടുമ്പോൾ കിതപ്പിനിടയിലും ഇരുവരും പൊട്ടിച്ചിരിച്ചു പോയി. വീണ്ടും ഏറെ നേരം ആ കടൽത്തീരത്ത് ചിലവഴിച്ചിട്ടാണ് അവർ തിരികെ പോയത്. തിരികെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തുമ്പോൾ ഇറങ്ങി അകത്തേക്ക് പോവാൻ തുനിഞ്ഞ അവളെ അവൻ കയ്യിൽ പിടിച്ചു നിർത്തി. പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി ഇരുന്ന് മോങ്ങാൻ നിക്കരുത്. ബഹളം വെച്ച് നടക്കുന്ന എന്റെ പൊടിക്കുപ്പി ആയിരുന്നാൽ മതി. പിന്നെ ഇന്ന് തന്നെ നിവിയോട് എല്ലാം തുറന്ന് സംസാരിക്കണം.

ഫ്രണ്ട്സിനിടയിൽ ഒന്നും മറച്ചു വെക്കാൻ പാടില്ല എന്ത് തന്നെ ആയാലും തുറന്ന് പറഞ്ഞാൽ തീരാവുന്നതേ ഉള്ളൂ എല്ലാം. എന്നിട്ട് അവളെ അപ്പുവിന് ഒന്ന് സെറ്റാക്കി കൊടുത്തേര്. ഒറ്റ കണ്ണിറുക്കി അവൻ പറയുന്നത് കേട്ടവൾ ചിരിച്ചു. അതൊക്കെ ഏറ്റ്. ഇനി വിട്ടേ ഞാൻ പോട്ടെ. അവന്റെ പിടിയിൽ നിന്ന് കൈ അയക്കാൻ നോക്കി അവൾ പറഞ്ഞു. അത് കേട്ടവൻ ചുറ്റിനും ഒന്ന് നോക്കി അവളെ വലിച്ചടുപ്പിച്ച് നിർത്തി നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്ത് അവളെ സ്വാതന്ത്രയാക്കി. ഇനി പൊക്കോ. ഒരു ചിരിയോടെ അവൻ കണ്ണ് ചിമ്മി. അവൾ തിരിഞ്ഞു നടക്കുന്നതും നോക്കി അവൻ വണ്ടിയിൽ തന്നെ കൈകെട്ടി ഇരുന്നു. പിന്നെ പോവാനായി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യാൻ ഒരുങ്ങിയതും പോയ ആൾ സ്പീഡിൽ ഓടി തിരികെ വന്ന് അവന്റെ കവിളിൽ ഒന്ന് മുത്തി. ലവ് യൂ ഡ്രാക്കൂ.......... ഉച്ചത്തിൽ വിളിച്ചു കൂവിക്കൊണ്ടവൾ തിരിഞ്ഞോടി. അവൾ പോയ വഴിയേ നോക്കി ഒരു ചിരിയോടെ കവിളിൽ തലോടി അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്ന് തിരിച്ചു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story