ഹൃദയതാളമായ്: ഭാഗം 54

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

തിരികെ വീട്ടിലേക്ക് കയറുമ്പോൾ അവളുടെ ചുണ്ടിൽ ഒരു നറു പുഞ്ചിരി തെളിഞ്ഞിരുന്നു. ശാന്തമായി ഒഴുകുന്ന പുഴ പോലെ മനസ്സ് തെളിഞ്ഞിരുന്നു. ആഹ് വന്നോ??? അവളെ കണ്ടതും ജോൺ ചോദിച്ചു. വരാതെ പിന്നെ ഓടി പോവും എന്ന് കരുതിയോ???? എങ്കിൽ ആ ചിന്ത മനസ്സിൽ നിന്ന് കളഞ്ഞേര് മോനെ പപ്പാ. കിട്ടാനുള്ളതെല്ലാം ഗോൾഡ് ആയിട്ട് വാങ്ങിയേ ഞാൻ പോവൂ. കുറുമ്പൊടെ പറഞ്ഞവൾ അയാളുടെ മൂക്കിൽ വലിച്ചു. ഡീ ഡീ..... അയാൾ കളിയായി അവൾക്ക് നേരെ തല്ലാനായി കയ്യുയർത്തി. അല്ല എന്നിട്ട് എന്റെ മരുമകൻ എന്തേ??? മരുമകൻ എന്നെ ഗേറ്റിന് മുന്നിൽ ഇറക്കിയിട്ട് തിരിച്ചു പോയി വല്യ തിരക്കുള്ള പുള്ളിയല്ലേ????? അവൾ ഗമയോടെ പറഞ്ഞ് അയാളെ നോക്കി. അതൊക്കെ വിട് ഇന്ന് ഇവിടുന്ന് പോയത് പോലെയല്ലല്ലോ എന്റെ കുഞ്ഞന്റെ വരവ്. ആൾ മൊത്തത്തിൽ ഹാപ്പി ആണല്ലോ എന്താ കാര്യം???? സ്വകാര്യം പോലെ അയാൾ ചോദിക്കുന്നത് കേട്ട് അവൾക്ക് ചമ്മൽ തോന്നി. ഒന്ന് പോ പപ്പാ.....

കപടദേഷ്യത്തിൽ ചുണ്ട് കൂർപ്പിച്ച് അയാളുടെ കയ്യിൽ നുള്ളിയിട്ട് അവൾ അകത്തേക്ക് ഓടി. ഒറ്റത്തിനിടയിലും പിറകിൽ നിന്നുയരുന്ന പൊട്ടിച്ചിരി അവൾ കേട്ടിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അയ്യോ എന്റെ അമ്മച്ചീ..... എനിക്ക് വയ്യായെ......... വണ്ടി പാർക്ക്‌ ചെയ്ത് അകത്തേക്ക് കയറുമ്പോൾ തന്നെ കേൾക്കുന്നത് ആൽവിച്ചന്റെ കരച്ചിൽ ആയിരുന്നു. എന്താ കാര്യം എന്ന് നോക്കവെ സോഫയിൽ കമിഴ്ന്നു കിടക്കുന്ന ആൽവിച്ചനെയും അവന്റെ നടുവിന് ചൂട് പിടിച്ചു കൊടുക്കുന്ന സാറായെയും കണ്ടവൻ ആദ്യം ഒന്ന് ഞെട്ടി. ഇതെന്നതാ അമ്മച്ചീ മൂത്ത പുത്രൻ അൽ കോഴിയെ ആരേലും കുനിച്ചു നിർത്തി ഗുണദോഷിച്ചോ???? കളിയാക്കി ചോദിച്ചു കൊണ്ടവൻ വാതിൽക്കൽ നിന്ന് അകത്തേക്ക് കയറി. അത് കേട്ടതും ആൽവി പല്ല് കടിച്ച് അച്ചുവിനെ ഒന്ന് തറപ്പിച്ചു നോക്കി. ഒന്നും പറയണ്ടെന്റെ അച്ചു നിന്റെ പുന്നാര ചേട്ടൻ തെങ്ങിൽ നിന്ന് വീണു നടു ഉളുക്കി കിടക്കുവാ. സാറാ അവന്റെ നടുവിന് ചൂട് വെച്ചുകൊണ്ട് പറഞ്ഞു. തെങ്ങേന്ന് വീണെന്നോ?????

ആഹ്.... റിയമോൾക്ക് കരിക്ക് വേണമെന്ന് പറഞ്ഞ് തെങ്ങേൽ വലിഞ്ഞു കയറിയതാ പകുതി എത്തിയപ്പോ ആരാണ്ട് പടക്കം പൊട്ടിക്കണ ശബ്ദം കേട്ട് ഞെട്ടി പിടുത്തം കിട്ടാതെ അലച്ച് താഴെ വീണതാ. പള്ളിയുടെ ഇടത്തോട്ട് തിരിഞ്ഞാൽ റോഡ് സൈഡിൽ നിന്ന് തന്നെ കരിക്ക് വാങ്ങാൻ കിട്ടിയേനെ അതെങ്ങനെയാ ബുദ്ധിയുമില്ല ബോധോമില്ല. ഹോട്ബാഗ് അവന്റെ നടുവിൽ വെച്ചു കൊണ്ടവർ പറഞ്ഞു. ആഹ് അമ്മച്ചീ പൊള്ളുന്നു......... ചൂട് തട്ടിയതും ആൽവി കാറി. മിണ്ടാതെ കിടന്നോണം. നല്ലോണം ചൂട് പിടിച്ചില്ലെങ്കിൽ നാളെ നീര് വീഴും. ദിവസോം ഓരോന്ന് ഒപ്പിച്ചു കൂട്ടിക്കോളും. ദേഷ്യത്തിൽ അവർ പറയുന്നത് കേട്ട് തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ എന്ന കണക്ക് താടിക്ക് കയ്യും കൊടുത്ത് എതിർവശത്തിരുന്ന റിയയെ അവനൊന്ന് നോക്കി. മറുപടിയായി റിയ ഇളിച്ചു കാണിച്ചു. ഇങ്ങനാണ് പോക്കെങ്കിൽ എനിക്ക് വേണ്ടി ഒരു പെട്ടി ഞാൻ ഇപ്പോഴേ ബുക്ക്‌ ചെയ്യേണ്ടി വരും. കെട്ട്യോളുടെ കൈ കൊണ്ട് ചാകാനായിരിക്കും ഹതഭാഗ്യനായ എന്റെ വിധി.

വൈ ദിസ്‌ കൊലവെറി ജീസസ്????? അവൻ മുകളിലേക്ക് കൈമലർത്തി ചോദിച്ചു കൊണ്ടവൻ സോഫയിലേക്ക് മുഖം പൂഴ്ത്തി. റിയക്ക് അവന്റെ അവസ്ഥ കണ്ട് ഒരേ സമയം ചിരിയും വിഷമവും തോന്നി. താൻ കാരണം ആണല്ലോ ഇങ്ങനെ ഒരവസ്ഥ വന്നത് എന്നോർത്ത് മനസ്സിൽ ചെറിയൊരു കുറ്റബോധവും. സാറായുടെ കയ്യിൽ നിന്ന് ഹോട് ബാഗ് വാങ്ങി അവൾ തന്നെ പതിയെ ചൂട് വെച്ചുകൊണ്ട് അവനരികിൽ ഇരുന്നു. നടു വേദനയ്ക്ക് ഒരു ആശ്വാസം അനുഭവപ്പെട്ടതും അവൻ മെല്ലെ മയക്കത്തിലേക്ക് വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വൈകിട്ട് ഇരുട്ട് വീണ് തുടങ്ങിയതും നിവിയെ വിളിക്കാൻ എത്തിയതാണ് നിവിയുടെ അച്ഛൻ ഉത്തമൻ. മനസമ്മതം പ്രമാണിച്ച് പെട്ടിയും കിടക്കയും വാരികെട്ടി കക്ഷി എമിയുടെ വീട്ടിൽ തമ്പടിച്ചിട്ട് ഇത് നാലാം ദിവസം ആണ്. പരിപാടി കഴിഞ്ഞ് ആളെ തിരികെ കൂട്ടിക്കൊണ്ട് പോവാൻ എത്തിയതാണ്. അങ്കിളെ ഇന്നൊരു ദിവസം കൂടി ഇവൾ ഇവിടെ നിന്നോട്ടെ നാളെ രാവിലെ തന്നെ ഇവളെ ഞങ്ങൾ വീട്ടിൽ കൊണ്ടാക്കി തരാം പ്ലീസ് പ്ലീസ് പ്ലീസ്.....

എമി കെഞ്ചി പറഞ്ഞു കൊണ്ട് അയാളെ നോക്കി. ഇത്രയും ദിവസം ഒരു എതിർപ്പും ഇല്ലാതെ ഇവളെ ഇവിടെ നിർത്തിയതല്ലേ മോളെ ഇനി കല്യാണത്തിന് വിടാം എന്ന് മാത്രമല്ല ഞങ്ങൾ എല്ലാവരും തലേന്ന് തന്നെ എത്തിയേം ചെയ്യാം ഇന്ന് ഇവൾ എന്റെ കൂടെ പോരട്ടെ വീട്ടിൽ ഒരാൾ മകളെ കാണാതെ വിഷമിച്ച് ഇരിക്കുവാ. അയാൾ എമിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. ആര് വിഷമിച്ച് ഇരിക്കുവാണെന്നാ???? രണ്ടാഴ്ച കഴിഞ്ഞിട്ട് വീട്ടിലേക്ക് തിരിച്ചു വന്നാൽ മതിയെന്നും പറഞ്ഞ് ഉന്തി തള്ളി എന്നെ ഓടിച്ചു വിട്ട അമ്മയുടെ കാര്യാണോ അച്ഛൻ പറയുന്നത്????? നിവി അന്തം വിട്ടുകൊണ്ട് ചോദിച്ചു. ഞാനില്ലാത്ത വീട് സ്വർഗം ആണെന്ന് പറഞ്ഞ് നടക്കുന്ന ആളാ. തള്ളുമ്പോൾ കുറച്ച് മയത്തിലൊക്കെ തള്ള് അച്ഛാ.... നിവി പുച്ഛത്തോടെ ചുണ്ട് കോട്ടി. നീയും അവളും കൂടി ചേരാത്തത് എന്റെ കുഴപ്പം കൊണ്ടാണോ???

തള്ളേടേം മോൾടേം ഇടയിൽ കിടന്ന് നട്ടം തിരിയുന്നത് ഞാനാ. ആണല്ലോ??? അപ്പൊ അച്ഛനും വേണ്ടേ കുറച്ച് വിശ്രമം. Take rest അച്ഛാ take rest. ഞാൻ നാളെ കാലത്ത് യുദ്ധം വെട്ടാനുള്ള ആയുധങ്ങളുമായി അവിടെ എത്താം. ഇപ്പൊ പോ മോനെ ദിനേശാ....... തൊള് ചരിച്ച് ലാലേട്ടൻ സ്റ്റൈലിൽ അവൾ പറയുന്നത് കേട്ടയാൾ അവളെ തല്ലാനായി കൈ ഉയർത്തിയതും അവൾ എമിയുടെ പുറകിലേക്ക് മാറി നിന്ന് അയാളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. മര്യാദക്ക് പോയി ബാഗും എടുത്തോണ്ട് വാടി...... അയാൾ ശാസനയോടെ പറഞ്ഞു. അമ്പട പുളുസു.... ഭീസണി എന്നോട് വേണ്ട മിച്ചർ. ഞാൻ വരില്ല വരില്ല വരില്ല. മൂന്നു തരം ലേലം ഉറപ്പിച്ചിരിക്കുന്നു. നിന്ന് കാല് കഴക്കണ്ട കോൺട്രാക്ടർ ചെന്നാട്ടെ. ഇല്ലാത്ത ഗൗരവം വാരി വിതറി അവൾ പറയുന്നത് കേട്ടയാൾ പല്ല് കടിച്ചു. ഇവളെ ഇന്ന് ഞാൻ....... കപട ദേഷ്യത്തിൽ അവളുടെ ചെവി പിടിച്ചു കിഴുക്കാൻ ശ്രമിച്ചതും അവൾ ഓടി മുകളിലേക്ക് കയറി. വിട്ടേക്ക് ഉത്തമാ. നാളെ കാലത്ത് മോളെ ഞാൻ വീട്ടിൽ കൊണ്ടുവന്ന് ആക്കിക്കോളാം.

ജോൺ പറയുന്നത് കേട്ടയാൾ ഒന്ന് ചിരിച്ചു. പെണ്ണിന്റെ നാക്കിന് തീരെ ലൈസെൻസ് ഇല്ല. ലൈസെൻസിന് ഞാൻ അപേക്ഷ കൊടുത്തിട്ടുണ്ട് കിട്ടുവാണെങ്കിൽ അറിയിക്കാം. അയാൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൾ വിളിച്ചു കൂവി. ഈ പെണ്ണ്..... എങ്കിൽ ഞാൻ ഇറങ്ങട്ടെ ഇനി നിന്നാൽ അവൾ വീണ്ടും എന്നെ നാറ്റിക്കും. ഒരു ചിരിയോടെ അയാൾ പറയുന്നത് കേട്ട് ജോൺ അയാൾക്കൊപ്പം പുറത്തേക്ക് ഇറങ്ങാനായി തുനിഞ്ഞു. പോവുന്നതിന് മുന്നേ എമിയുടെ തലയിൽ ഒന്ന് തഴുകി യാത്ര പറഞ്ഞിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചുവിന്റെ വീട്ടിൽ നിന്ന് നേരം വൈകി ആണ് അപ്പു തിരികെ വീട്ടിൽ എത്തുന്നത്. അവൻ വരുന്നതും കാത്ത് ഗീത ഹാളിൽ തന്നെ ഉണ്ടായിരുന്നു. അമ്മ ഉറങ്ങിയില്ലായിരുന്നോ????? ഞാൻ എങ്ങനെയാടാ ഉറങ്ങുന്നത് എന്റെ മകൻ എപ്പോഴാ മരുമകളെയും കൊണ്ട് വരുന്നത് എന്നറിയില്ലല്ലോ. പണ്ടത്തെ പോലെ ഇപ്പൊ ടിക്ടോക്ക് ഇല്ലെന്ന് കരുതി മരുമകളെ നിലവിളക്ക് ഇല്ലാതെ അകത്തേക്ക് കയറ്റാൻ പറ്റില്ലല്ലോ. ഒരു ഊന്നലോടെ അവർ പറയുന്നത് കേട്ടവൻ ഇളിച്ചു.

കണ്ടായിരുന്നല്ലേ?????? കുറുക്കന്റെ കണ്ണ് ഏത് നേരവും കോഴിക്കൂട്ടിൽ തന്നെ ആയിരുന്നത് കൊണ്ട് കണ്ടുപിടിക്കാൻ അധികം താമസം ഇല്ലായിരുന്നു. അവരവനെ കളിയാക്കി. മറുപടിയായി വളിച്ച ഒരു ചിരി ചിരിച്ച് അവൻ അവരുടെ മടിയിൽ തല വെച്ച് കിടന്നു. അമ്മേടെ അഭിപ്രായം എന്താ???? ഭാവി മരുമകൾ എങ്ങനുണ്ട്????? ഒറ്റ കണ്ണിറുക്കി കൊണ്ടവൻ ചോദിക്കുന്നത് കേട്ടവർ ഒന്ന് പുഞ്ചിരിച്ചു. നല്ല മോളാടാ എനിക്ക് അങ്ങ് ഒരുപാട് ഇഷ്ടായി. നമ്മുടെ എമിയെ പോലെ പൊട്ടിത്തെറിച്ചു നടക്കുന്ന ഒരു പെണ്ണ്. പരിചയപ്പെട്ട സമയം തൊട്ട് വാ പൂട്ടിയിട്ടില്ല. കലപില കലപില എന്ന് വായിട്ടലച്ച് കൊണ്ടിരിക്കും. വാത്സല്യത്തോടെ അവന്റെ മുടിയിൽ വിരലോടിച്ച് കൊണ്ടവർ പറഞ്ഞു. ആഹാ അപ്പൊ അമ്മായിയമ്മയും മരുമകളും പരിചയപ്പെട്ടു എന്നർത്ഥം. നീ ഇത്ര കാര്യയായിട്ട് നോക്കുമ്പോ ഞാൻ പരിചയപ്പെട്ട് ഇരിക്കണ്ടേ???? അവന്റെ മുഖത്തെ അതേ കുസൃതിയോടെ അവർ പറഞ്ഞു.

നിവി മോളെ എത്രയും വേഗം ഈ വീട്ടിലെ മരുമകൾ ആയിട്ട് കൊണ്ടുവന്നാൽ മതി. അവർ ആവേശത്തോടെ പറഞ്ഞു. ശെടാ ഇതിപ്പൊ അമ്മായിയമ്മയും മരുമകളും ഒറ്റ കെട്ട്. നിങ്ങൾ എന്തൊരു അമ്മായിയമ്മയാണ്?????? കണ്ണും തുറിപ്പിച്ച് ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി വരുന്ന സീരിയൽ അമ്മായിയമ്മമാരെ കണ്ടു പഠിക്കണം. ഇതൊരുമാതിരി മക്കളെക്കാൾ കാര്യത്തിലാ മരുമക്കളെ നോക്കുന്നത്. ഞങ്ങൾ ആൺപിള്ളേരെ ഒക്കെ തവിട് കൊടുത്ത് വാങ്ങിയതാണോ ഞങ്ങൾക്കൊന്നും ഒരു വിലയും ഇല്ലേ??? സ്വന്തം കുടുംബത്ത് തന്നെ കലഹം ഉണ്ടാക്കാൻ നോക്കുന്ന നിന്നെയൊക്കെ പിന്നെ പൂജാമുറിയിൽ എടുത്ത് വെച്ച് പൂജിക്കാം. കൊഞ്ചാതെ എണീറ്റു പോടാ ചെക്കാ....... അതും പറഞ്ഞവർ അവന്റെ തലയിൽ കിഴുക്കി. മ്മ്മ്ഹ്ഹ്..... ഞാൻ പോവൂല. അതും പറഞ്ഞ് ഒരു ചിണുങ്ങലോടെ അവരെ കെട്ടിപ്പിടിച്ചു വയറിലേക്ക് മുഖം ചേർത്ത് കിടന്നു. അവന്റെ പ്രവർത്തിയിൽ ഒരു ചിരിയോടെ അവന്റെ മുഖത്തും മുടിയിലും എല്ലാം വിരലോടിച്ച് കൊണ്ടവർ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഫുഡ് ഒക്കെ കഴിച്ച് റോണിയുടെ പ്രണയം പൂത്തുലഞ്ഞതിന്റെ സന്തോഷം പങ്ക് വെച്ച് എമിയുടെ റൂമിലെ ബെഡിൽ ഇരിക്കുകയായിരുന്നു മൂവർ സംഘം. എമിയും നിവിയും തരം കിട്ടുന്നതിനനുസരിച്ച് റോണിയെ കളിയാക്കുന്നുണ്ട് അവനെല്ലാം ഒരു ചിരിയോടെ ആസ്വദിച്ചു. നിവി............ കളിചിരികളിൽ മുഴുകി ഇരിക്കുമ്പോഴാണ് അവൾ വിളിക്കുന്നത്. മ്മ്മ്...... അവൾ മുഖമുയർത്തി എമിയെ നോക്കി. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുവോ????? മുഖവുരയോടെ എമി ചോദിക്കവെ അവളുടെ നെറ്റി ചുളിഞ്ഞു. എന്താടി????? നീ ആദ്യം ഞാൻ ചോദിച്ചതിന് മറുപടി താ. സത്യം പറയുവോ ഇല്ലയോ????? ഞാൻ എപ്പോഴാ നിങ്ങളോട് കള്ളം പറഞ്ഞിട്ടുള്ളത്???? നീ ചോദിക്ക്. അത്‌ കേട്ടതും എമിയൊന്ന് ശ്വാസം വലിച്ചു വിട്ടു. നീ ഇച്ചായനെ പ്രണയിച്ചിരുന്നില്ലേ????? അവളുടെ ചോദ്യം കേട്ടതും നിവിയും റോണിയും ഒരുപോലെ ഞെട്ടി. നീ എന്തൊക്കെയാ ഈ പറയുന്നത്???? ഉള്ളിലെ പതർച്ച മറച്ചു വെച്ചവൾ ചോദിച്ചു. ഞാൻ സത്യമായ കാര്യമാണ് പറഞ്ഞത്.

കണ്ട മാത്രയിൽ മനസ്സ് കീഴടക്കിയ ഊരും പേരും ഒന്നും തന്നെ അറിയാത്ത അയാളെ നീ പ്രണയിച്ചിരുന്നു. അത് ഞാൻ നിന്റെ കണ്ണുകളിൽ വ്യക്തമായി കണ്ടതുമാണ്. കളളം പറഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല. എമിയുടെ വാക്കുകൾ കേട്ട് അവൾ ഒരു നിമിഷം നിശബ്ദമായി. റോണി എല്ലാം കേട്ടതിന്റെ പകപ്പിൽ അവരിരുവരെയും മാറി മാറി നോക്കി. പരസ്പരം ഒന്നും മിണ്ടാതെ ഏറെ നേരം കടന്നുപോയി. നീ പറഞ്ഞത് ശരിയാ. ഞാൻ അയാളെ സ്നേഹിച്ചിരുന്നു. നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ടവൾ പറഞ്ഞു. ആദ്യമായി കണ്ട മാത്രയിൽ തോന്നിയ ഒരു അട്ട്രാക്ഷൻ. അത് വെറുതെ മനസ്സിൽ ഇട്ട് സ്വപ്നമായി വളർത്തി അതിന് പ്രണയം എന്ന പരിവേഷം നൽകി. അവളൊന്ന് നിർത്തി. അവളുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു അവർ. അത് കണ്ടതും അവളൊരു ചിരിയോടെ ബാക്കി തുടർന്നു. ശരിക്കും പ്രണയം ഒന്നും ആയിരുന്നില്ല അത്. വെറുതെ മനസ്സിൽ തോന്നിയ ഒരു പൊട്ടത്തരത്തിന് ഞാനിട്ട പേരായിരുന്നു അത്. യഥാർത്ഥ പ്രണയം എന്താണെന്ന് തിരിച്ചറിയുമ്പോഴാണ് എന്റെ മണ്ടത്തരം എനിക്ക് തന്നെ മനസ്സിലാവുന്നത്. ശരിക്കും നീയാണ് എമി എനിക്ക് തിരിച്ചറിവ് നൽകിയത്. നിങ്ങളുടെ പ്രണയം, കാത്തിരിപ്പ്,

തമ്മിൽ ഇത്രയും നാളും കാണാതിരുന്നിട്ട് കൂടി ഒരു കാണാചരടിനാൽ ബന്ധിക്കപ്പെട്ട നിങ്ങളുടെ മനസ്സ് ഇതെല്ലാമാണ് യഥാർത്ഥ പ്രണയം എന്താണെന്ന് എന്നെ പഠിപ്പിച്ചത്. ശരിക്കും നിങ്ങളുടെ പ്രണയം എനിക്ക് അത്ഭുതം തന്നെയാണ്. തമ്മിൽ ഇത്രയേറെ ആഴത്തിൽ സ്നേഹിക്കാൻ നിങ്ങളെ കൊണ്ടേ സാധിക്കൂ. പഴക്കമുള്ള വീഞ്ഞ് പോലെ അത്രയും തീവ്രതയേറിയ പ്രണയം. സത്യം പറയാല്ലോ എനിക്കൊന്നും ഇതുപോലെ ഒരാളെ സ്നേഹിക്കാനോ കാത്തിരിക്കാനോ കഴിയില്ല. നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രേ ഉള്ളൂ അതുകൊണ്ട് തന്നെയാ മനസ്സിൽ തോന്നിയ ഒരു കുഞ്ഞിഷ്ടം ഞാൻ അങ്ങ് നുള്ളി എറിഞ്ഞത്. ഇത് മൂലം നമ്മുടെ സൗഹൃദത്തിന് ഒരു കോട്ടവും തട്ടാൻ പാടില്ലായിരുന്നു അതാ ഞാനത് നിങ്ങളിൽ നിന്ന് മറച്ചു വെച്ചത്. എനിക്ക് ഈ ലോകത്ത് കിട്ടിയതിൽ ഏറ്റവും ബെസ്റ്റ് അത് നിങ്ങൾ രണ്ടുപേരുടെയും സൗഹൃദം തന്നെയാണ്. എനിക്കറിയാം നിങ്ങളുടെ മനസ്സിൽ നിങ്ങളോളം സ്ഥാനം മറ്റാർക്കും കൊടുക്കില്ല എന്ന്. എന്നിട്ടും എനിക്കാ ഹൃദയത്തിൽ ചെറിയൊരിടമെങ്കിലും നിങ്ങൾ നൽകി അത് കളയാൻ മനസ്സ് അനുവദിച്ചില്ല. സോറി ഡാ.......

അവൾ പറഞ്ഞു തീർന്നതും എമി അവളെ ഇറുകെ പുണർന്നു. നിനക്ക് ഞങ്ങളുടെ മനസ്സിൽ ഉള്ള സ്ഥാനം ഒരിക്കലും പോവൂലടാ ജീവിതകാലം മുഴുവൻ നീ ഞങ്ങളിൽ ഒരാൾ തന്നെ ആയിരിക്കും. പിന്നെ എനിക്ക് ഇവനും ഇവന് ഞാനും കുഞ്ഞിലേ മുതൽ അങ്ങനെ വളർന്നത് കൊണ്ട് മറ്റൊരാളെ അതിനിടയിൽ കാണാൻ കഴിയില്ല എന്നുള്ളത് സത്യം തന്നെയാ. പക്ഷെ നീ ഇടിച്ചു കയറി ഞങ്ങളിലേക്ക് വന്നത് മുതൽ ഞങ്ങളുടെ മനസ്സിൽ മറ്റാർക്കും തട്ടിയെടുക്കാൻ കഴിയാത്തൊരിടം നിനക്കുണ്ട്. അത് മറ്റാർക്കും ഞങ്ങൾ കൊടുത്തിട്ടില്ല ഇനി കൊടുക്കയുമില്ല. നീ ഞങ്ങൾക്ക് ഞങ്ങളുടെ സ്വീറ്റ് ബെസ്റ്റി തന്നെ ആടി അല്ലേടാ???? പിന്നല്ലാതെ....... അതും പറഞ്ഞവൻ അവരുടെ കൂടെ ചേർന്നു. സൗഹൃദത്തിന്റെ സഹോദര്യത്തിന്റെ വിശ്വാസത്തിന്റെ പരസ്പരപൂരകങ്ങൾ ആയി മാറുകയായിരുന്നു അവർ. പരസ്പരം പുണർന്ന് അങ്ങനെ നിൽക്കുമ്പോഴാണ് ടേബിളിൽ ഇരുന്ന എമിയുടെ ഫോൺ റിങ് ചെയ്യുന്നത്. ശബ്ദം കേട്ടതും അവർ അകന്നു മാറി. റോണി തന്റെ സൈഡിൽ ഇരുന്ന ഫോൺ കൈനീട്ടി എടുത്തു. നിന്റെ ഡ്രാക്കുവാ പോയി സൊള്ളിയിട്ട് വാ. ഫോൺ അവൾക്ക് നേരെ നീട്ടി അവൻ പറഞ്ഞതും. മുഖത്ത് ഫിറ്റ്‌ ചെയ്തു വെച്ച ഇളിയോടെ അവൾ ഫോണും വാങ്ങി പുറത്തേക്ക് ഇറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ടെറസ്സിൽ ചെന്ന് നിന്ന് കാൾ അറ്റൻഡ് ചെയ്തവൾ കാതിലേക്ക് ചേർത്തു. ഡ്രാക്കു.......❤️ കൊഞ്ചലോടെ അതിൽപ്പരം സന്തോഷത്തോടെ അവൾ വിളിച്ചു. അവളുടെ വിളി അവന്റെ ചുണ്ടിൽ ഒരു കള്ളചിരി വിടർത്തി. എന്റെ കൊച്ച് ഇന്ന് ഒരുപാട് ഹാപ്പി ആണല്ലോ????? അതേല്ലോ....... കുസൃതിയോടെ അവൾ മറുപടി കൊടുത്തു. അപ്പൊ നിവിയുമായി എല്ലാം സംസാരിച്ച് തീർത്തല്ലേ????? എങ്ങനെ മനസ്സിലായി???? അവൾ അതിശയമൂറുന്ന സ്വരത്തിൽ ചോദിച്ചു. നിന്റെ ശബ്ദം കേട്ടപ്പോൾ മനസിലായി carm and cool. അത് കേട്ടവൾ ഒന്ന് പുഞ്ചിരിച്ചു. സത്യം പറയാല്ലോ ഉള്ളിൽ നിന്നൊരു വലിയ ഭാരം ഒഴിഞ്ഞു പോയത് പോലെയാ ഇപ്പൊ തോന്നുന്നത്. ഇപ്പൊ ഞാൻ എത്ര സന്തോഷത്തിൽ ആണെന്ന് അറിയോ???? പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഹാപ്പി ആണ് ഞാൻ. ആഹ്ലാദത്തോടെ അവൾ പറഞ്ഞു. അല്ല എന്റെ പാവം അപ്പൂന്റെ കാര്യത്തിൽ കൂടി ഭവതി ഒരു നീക്ക് പോക്ക് ഉണ്ടാക്കി തരണം അല്ലെങ്കിൽ ദിവസവും രാത്രി എനിക്കൊരു പെണ്ണും സെറ്റാവുന്നില്ലേ എന്ന് പറഞ്ഞുള്ള അവന്റെ കരച്ചിൽ ഞാൻ തന്നെ കേൾക്കണം. അച്ചു താഴ്മ അഭിനയിച്ചു പറഞ്ഞു. ഭയപ്പെടേണ്ട മകനെ ഞാൻ നിന്നോട് കൂടെ......... സ്റ്റൈലിൽ പറഞ്ഞു കൊണ്ടവൾ ചിരിച്ചു. കിലുങ്ങനെ ഉള്ള അവളുടെ പൊട്ടിചിരി അവിടെ മുഴങ്ങി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story