ഹൃദയതാളമായ്: ഭാഗം 58

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

രാത്രി ജോണിന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുകയാണ് എമി. നാളെ മുതൽ ഈ സ്നേഹത്തണലിൽ കഴിയാൻ സാധിക്കില്ല എന്ന ചിന്ത അവളെ വേദനിപ്പിച്ചു. തനിക്ക് എല്ലാം പപ്പ തന്നെ ആയിരുന്നു. ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല. എന്തിനും ഏതിനും തന്റെ ഇഷ്ടങ്ങൾക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. മനസ്സിൽ മുളപൊട്ടിയ പ്രണയത്തെ പോലും യാതൊരു എതിർപ്പും കൂടാതെ അംഗീകരിച്ചു. ഇതിൽപ്പരം ഭാഗ്യം എന്താണ് തനിക്ക് ലഭിക്കാനുള്ളത്????? അവൾ അയാളെ ഇറുകെ പുണർന്ന് നെഞ്ചിൽ മുഖം പൂഴ്ത്തി. കുഞ്ഞാ............ അയാളുടെ വിളിയിൽ വാത്സല്യം നിറഞ്ഞിരുന്നു. മ്മ്മ്മ്............ നാളെ എന്റെ കുഞ്ഞൻ മറ്റൊരു കുടുംബത്തിലേക്ക് പോകുവാ. ഇനി മുതൽ അതായിരിക്കും എന്റെ കുഞ്ഞന്റെ വീട്. അവിടെ ഉള്ളവരെ എല്ലാം എന്റെ കുഞ്ഞൻ സ്വന്തമായി തന്നെ കാണണം. അങ്ങനെയേ എന്റെ കുഞ്ഞൻ കാണൂ എന്ന് പപ്പക്ക് അറിയാം എന്നാലും പറഞ്ഞു തരേണ്ടത് പപ്പയുടെ കടമയാണ്.

നാളെ മുതൽ എന്റെ കുഞ്ഞൻ ഒരു ഭാര്യയാണ് ഒരു മരുമകളാണ് അതുപോലെ ഒരു ഏട്ടത്തി ആണ്. നാളെ തന്നെ ഉത്തമ കുടുംബിനിയായി പക്വതയോടെ വീട് നോക്കി നടത്തണം എന്നൊന്നും പപ്പ പറയില്ല. എന്റെ കുഞ്ഞൻ പതിയെ എല്ലാം പഠിച്ച് പെരുമാറിയാൽ മതി. പിന്നെ ഇവിടുത്തെ പോലെ ഒരുപാട് കുരുത്തക്കേട് ഒന്നും കാണിക്കരുത്. നല്ല കുട്ടിയായി ഇരിക്കണം. അനൂനോട് വഴക്കിന് പോവരുത് പ്രായം കൊണ്ട് നിങ്ങൾ സമപ്രായക്കാർ ആണെങ്കിലും അവൾ മോളുടെ അനിയത്തിയുടെ സ്ഥാനത്താണ് ആ കാര്യം ഓർമ്മ വേണം. അതുപോലെ അച്ചുവുമായി പിണങ്ങി ഇരിക്കരുത്. ഭാര്യയും ഭർത്താവും ആവുമ്പൊ ഇണക്കവും പിണക്കവും ഒക്കെ കാണും പക്ഷെ അതൊരിക്കലും ഒരു രാത്രിക്ക് അപ്പുറം പോവരുത്. പപ്പ പറയുന്നത് മോൾക്ക് മനസ്സിലാവുന്നുണ്ടോ???? മ്മ്മ്മ്........... അവൾ ശ്രദ്ധയോടെ മൂളി. വെളുപ്പിനെ തന്നെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ ഒന്നും എന്റെ മോൾ കയറാൻ പോവുന്നില്ല എന്നെനിക്കറിയാം എങ്കിലും പറയുവാ മൂട്ടിൽ വെയിൽ അടിക്കുന്നത് വരെ കിടന്ന് ഉറങ്ങി കളയരുത് പാവം എന്റെ മരുമകൻ പാട് പെടേണ്ടി വരും. കളിയായി അയാൾ പറഞ്ഞതും ഒരു ചിണുങ്ങലോടെ അവൾ മുഖം വീർപ്പിച്ചു.

അത് കണ്ടയാൾ അവളെ ചേർത്ത് പിടിച്ചു. ഇനി പപ്പ പറയുന്ന കാര്യങ്ങൾ എന്റെ കുഞ്ഞൻ ശ്രദ്ധിച്ചു കേൾക്കണം. ഒരു കുടുംബം ആവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചില പൊരുത്തക്കേടുകൾ ഒക്കെ ഉണ്ടായി എന്നിരിക്കാം. അതെല്ലാം ആ വീടിന്റെ നാല് ചുവരുകൾ കടന്ന് പോവാൻ പാടില്ല. കുറച്ചൊക്കെ നമ്മളും അഡ്ജസ്റ്റ് ചെയ്യണം. അച്ചൂന്റെ വീട്ടുകാർ എല്ലാം പാവങ്ങൾ ആണെന്ന് അറിയാം. അവർക്കെല്ലാം മോളോട് വല്യ കാര്യവും ആണ് എന്നിരുന്നാലും അവിടെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാലും ആ കുടുംബത്ത് നിന്ന് തന്നെ അതെല്ലാം പരിഹരിക്കണം. അല്ലാതെ ഇപ്പോഴത്തെ ചില പെൺകുട്ടികളെ പോലെ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് പെട്ടിയും തൂക്കി സ്വന്തം വീട്ടിലേക്ക് പോരരുത്. എന്റെ കുഞ്ഞന് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാനുള്ള അനുവാദം ഉണ്ട് പക്ഷെ അതൊരിക്കലും അച്ചൂന്റെ വീട്ടുകാരെ പിണക്കി കൊണ്ടാവരുത്. പറഞ്ഞത് മനസ്സിലാവുന്നുണ്ടോ?????? അതിനവൾ തലയാട്ടി. ഗുഡ് ഗേൾ. അയാൾ അവളുടെ നെറുകിൽ ചുംബിച്ചു.

അപ്പോഴാണ് ഡോറിന് മുന്നിൽ നിന്ന് പരുങ്ങുന്ന റോണിയെ അയാൾ കാണുന്നത്. ഡാ കുറേ നേരമായല്ലോ അവിടെ കിടന്ന് കറങ്ങുന്നു എന്താ കാര്യം???? അയാൾ ഗൗരവത്തിൽ റോണിയെ നോക്കി. അത് പിന്നെ..... ഞാൻ....... അവൻ എന്ത് പറയണം എന്നറിയാതെ നിന്ന് വിക്കി. ഇവളുടെ കൂടെ കിടക്കാനല്ലേ ഈ വെപ്രാളപ്പെട്ട് നടക്കുന്നത്. വാ ഇവിടെ വന്ന് കിടന്നോ. അയാൾ എമിക്ക് അരികിൽ ഒഴിഞ്ഞു കിടന്ന ബെഡ് ചൂണ്ടി കാണിച്ചു പറഞ്ഞു. അത് കേൾക്കേണ്ട താമസം റോണി ചാടി കയറി കിടന്നു. എമി ഒരു പുഞ്ചിരിയോടെ അവനോട്‌ ചേർന്ന് കിടന്നു. ജോണിന്റെയും റോണിയുടെയും കരവലയത്തിനുള്ളിൽ കിടന്നവൾ നിദ്രയിലേക്ക് വഴുതി വീണു. കിടക്കാൻ എത്തിയ സ്റ്റെല്ല ബെഡിൽ കിടക്കുന്ന അവർ മൂവരെയും കണ്ടതും ഒരു ചിരിയോടെ അവരെ പുതപ്പിച്ച് എമിയുടെ നെറ്റിയിൽ ചുംബിച്ച് ലൈറ്റ് ഓഫ് ചെയ്ത് പുറത്തേക്കിറങ്ങി പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പിറ്റേന്ന് രാവിലെ അവളെ വിളിച്ചുണർത്തിയത് സ്റ്റെല്ല ആയിരുന്നു. കല്യാണ ദിവസം തന്നെ സ്റ്റെല്ലയുടെ കണ്ണ് പൊട്ടുന്ന തരത്തിലുള്ള ചീത്ത കേട്ടപ്പോഴാണ് അവൾ ബെഡിൽ നിന്ന് പൊങ്ങിയത്. പിന്നെ എല്ലാം എടി പിടി എന്നായിരുന്നു.

വേഗം പോയി പല്ല് തേച്ച് ഫ്രഷ് ആയി വന്നതും ബ്യൂട്ടീഷൻ എത്തിയിരുന്നു. ഐവറി ഫാബ്രിക്കേറ്റഡ് ഹെവി ഗൗൺ ആയിരുന്നു അവൾക്കായ് തിരഞ്ഞെടുത്തത്. അവർ അവളെ ഗൗൺ ധരിപ്പിച്ചു. മുടി റിങ്ലറ്റ് ബൻ ചെയ്ത് വെയിൽ സെറ്റ് ചെയ്ത് ക്രൗൺ ധരിച്ചു. കഴുത്തിൽ ലൈറ്റ് ഡിസൈനിൽ ഉള്ളൊരു ഡയമണ്ട് നെക്‌ളേസ്‌. ഇരു കയ്യിലും അതിന് ചേരുന്ന ഓരോരോ വളകൾ വീതം അണിഞ്ഞു. അവൾക്ക് ഇണങ്ങുന്ന രീതിയിൽ മേക്കപ്പ് ചെയ്തു. അതിനിടയിൽ സ്റ്റെല്ല അവൾക്ക് ഭക്ഷണം വാരി കൊടുത്തു. അതുവരെ ഇല്ലാത്ത ഒരു തരം ടെൻഷൻ അവൾക്ക് തോന്നി. അതുകൊണ്ട് എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി. എല്ലാവരെയും വിട്ടുപിരിയുന്ന കാര്യം ഓർക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. അല്ലേലും പെൺകുട്ടികളുടെ ജീവിതത്തിൽ പറഞ്ഞിട്ടുള്ളതാണല്ലോ ഈ വേർപാട്. ഒരർത്ഥത്തിൽ ഒരുതരം പറിച്ചു നടൽ. ഒരുങ്ങി കഴിഞ്ഞ് കയ്യിൽ ബൊക്കയും പിടിച്ച് താഴേക്ക് ഇറങ്ങി വരുന്ന മകളെ ജോൺ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു.

തന്റെ നെഞ്ചിൽ കിടന്ന് വളർന്ന തന്റെ പ്രാണനാണ്. ഇന്നലെ വരെ കുറുമ്പ് കാട്ടി നടന്നിരുന്ന വായാടിപെണ്ണ്. എത്രവേഗമാണ് അവൾ വളർന്നത്???? ഇറങ്ങാൻ നേരം അനുഗ്രഹം മേടിക്കുമ്പോൾ എന്തിനോ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. അയാൾ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ചു. അധികം വൈകാതെ തന്നെ അവർ പള്ളിയിലേക്ക് തിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പള്ളിയിൽ എത്തിയപ്പോൾ അച്ചുവും വീട്ടുകാരും എത്തിയിരുന്നു. കാറിൽ നിന്നിറങ്ങിയ എമിയെ കണ്ടതും അച്ചുവിന്റെ കണ്ണുകൾ വിടർന്നു. ചുണ്ടിൽ അവൾക്കായ് മാത്രം ഒരു ചിരി വിടർന്നു. ഒരുവേള അവളുടെ നോട്ടം അവനിൽ എത്തിയതും ഇരുവരുടെയും ചുണ്ടിൽ മനസ്സ് നിറഞ്ഞ ഒരു ചിരി സ്ഥാനം പിടിച്ചു. അവർ ഒരുമിച്ചായിരുന്നു അകത്തേക്ക് കയറിയത്. പൂക്കൾ ഏന്തിയ കുട്ടികൾക്ക് പിന്നാലെ അവർ ഇരുവരും അൾത്താരയ്ക്ക് മുന്നിൽ നിന്നു. 10:30ന് കല്യാണ കുർബാന തുടങ്ങി. അച്ഛൻ ആശിർവദിച്ചു കൊടുത്ത മിന്ന് അച്ചു അവളെ ചാർത്തി.

ശേഷം മന്ത്രകോടി കൊടുത്ത് വലതു കരങ്ങൾ ചേർത്ത് പിടിച്ച് സുഖത്തിലും ദുഖത്തിലും ഒരുപോലെ പങ്ക് ചേർന്നുകൊള്ളാം എന്ന് ഏറ്റുചൊല്ലി. കെട്ട് കഴിഞ്ഞ് ഇറങ്ങിയതും എമിയെ കൊണ്ടുപോയി മന്ത്രക്കോടി ഉടുപ്പിച്ചു കൊണ്ടുവന്നു. ഒണിയൻ പിങ്ക് കളറിലുള്ള സാരി ആയിരുന്നു മന്ത്രകോടി. പിന്നെ അങ്ങോട്ട്‌ നിന്നുതിരിയാൻ പോലും സമയം ഇല്ലാത്തത്ര തിരക്കായിരുന്നു. ഫോട്ടോ എടുപ്പും പരിചയപ്പെടലും അങ്ങനെ സമയം നീണ്ടു. അതിനിടയിൽ റോണിയും മറിയാമ്മയും അപ്പുവും നിവിയും പ്രണയിച്ചു നടക്കുന്നു. ആരുമാരും വായിനോട്ടത്തിന് പോയില്ല കഷ്ടകാലത്തിന് എങ്ങാനും പിടിക്കപ്പെട്ടാൽ ചീട്ട് കീറും. ജീവിതം വെച്ചുള്ള കളിയാ. റിയ പിന്നെ ആൾവിച്ചന് നേരത്തെ തന്നെ പണി കൊടുത്തു ജോക്കുട്ടന്റെ ഉത്തരവാദിത്തം അങ്ങോട്ട്‌ ആൽവിച്ചനെ ഏൽപ്പിച്ചു. ചെക്കൻ ഉടുമ്പ് പിടിച്ചത് മാതിരി ആൽവിച്ചന്റെ കഴുത്തിൽ തൂങ്ങി. അതോടെ ആൽവിച്ചൻ ട്രാപ്പ്ഡ്. കല്യാണം കൂടാൻ വന്ന ഗീതമ്മ നിവിയുടെ വീട്ടുകാരെ കണ്ടപ്പോൾ നൈസായി അവരുടെ കല്യാണക്കാര്യം അവതരിപ്പിച്ചു.

നിവിയുടെ വീട്ടുകാർ പൂർണ്ണ സമ്മതം മൂളിയതും ഡിഗ്രി കംപ്ലീറ്റ് ആവുന്നതോടെ രണ്ടിനെയും പിടിച്ച് കെട്ടിക്കാം എന്ന് തീരുമാനിച്ചു. അല്ലെങ്കിൽ പെണ്ണ് പഠിക്കാൻ പോവില്ല എന്ന് വീട്ടുകാർക്ക് അറിയാം. അങ്ങനെ കല്യാണത്തിന് ഇടയിലൂടെ ഒരു കല്യാണമുറപ്പിക്കൽ നടന്നു. ഇതൊന്നും അറിയാതെ അപ്പുവും നിവിയും തൂണും ചാരി നിന്ന് സൊള്ളി. സ്വന്തം ഭാവി കാര്യങ്ങൾ തീരുമാനിച്ചത് പോലും പാവങ്ങൾ അറിഞ്ഞിട്ടില്ല. അനു പിന്നെ ആർക്കോ വേണ്ടി എന്നപോലെ ചടങ്ങുകൾ കൂടി നിൽപ്പുണ്ട്. എല്ലാം കൊണ്ടും സമാധാനപരമായ അന്തരീക്ഷം. സ്റ്റേജിൽ അച്ചുവും എമിയും ഗംഭീര ചിരി മത്സരം നടത്തി കൊണ്ടിരിക്കുന്നു. ആരൊക്കെയോ വരുന്നു പരിചയപ്പെടുന്നു പോവുന്നു. എല്ലാവർക്കും മുന്നിൽ ചിരിച്ചു കൊടുക്കുമ്പോഴും മനസ്സിൽ ഏതാണ് ഇവരൊക്കെ എന്ന ഭാവമാണ്. കുറച്ച് കഴിഞ്ഞതും അവർ മാത്രമുള്ള കുറച്ച് സ്റ്റിൽസ് നോക്കാൻ തുടങ്ങി. എമി അങ്ങനെ എടുക്കണം ഇങ്ങനെ എടുക്കണം എന്നൊക്കെ പറഞ്ഞ് പറ്റാവുന്ന രീതിയിൽ ക്യാമറമാന്മാരെ വെറുപ്പിക്കുന്നുണ്ട്.

അവളുടെ വെറുപ്പിക്കൽ സഹിക്കാൻ കഴിയാതെ അവസാനം അവർ കയ്യും തൊഴുത് നിന്നുപോയി. പൊന്നു പെങ്ങളെ വെറുതെ വിട് ക്യാമറയും തൂക്കിപ്പിടിച്ച് നടക്കാനല്ലാതെ മേലനങ്ങി പണിയെടുക്കാൻ ഞങ്ങൾക്ക് അറിഞ്ഞൂടാ. എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ. ദയനീയമായി അവർ അപേക്ഷിച്ചതും എമി അത് ഇഷ്ടപ്പെടാത്തത് പോലെ ചുണ്ട് കോട്ടി അവരെ കൂർപ്പിച്ചു നോക്കി. ഇതിനെ എവിടുന്ന് ഒപ്പിച്ചെടുത്തു എന്ന ഭാവത്തിൽ അവർ അച്ചുവിനെ ഒന്ന് നോക്കി. വഴിയിലൂടെ തുള്ളി പോയതിനെ കടി കൊടുത്ത് തലയിൽ എടുത്തു വെച്ചത് കൊണ്ട് അച്ചു അവരെ നോക്കി ഇളിച്ചു കാണിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഫുഡ് എല്ലാം ബുഫെ സിസ്റ്റം ആയിരുന്നു. അപ്പവും സ്റ്റൂവും കപ്പയും മീൻകറിയും അതുകഴിഞ്ഞ് ചോറ് വേണ്ടവർക്ക് അത് അല്ലെങ്കിൽ ഫ്രൈഡ് റൈസ്. എല്ലാത്തിനും ചോയ്സ് ഉണ്ട്. എല്ലാം കഴിഞ്ഞ് വെറൈറ്റി ഓഫ് ഐസ്ക്രീംസ്. (ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളത് സെലക്ട്‌ ചെയ്യാം ഇനി ഞാൻ ഒന്നും തന്നില്ല എന്ന് പറയരുത് എൻജോയ് എൻജോയ് 😜)

ചെക്കനും പെണ്ണും അങ്ങോട്ടും ഇങ്ങോട്ടും ഭക്ഷണം വാരി കൊടുക്കുന്നതിന്റെ ഫോട്ടോ എടുക്കാൻ ഓടി വന്ന ക്യാമറ ചേട്ടന്മാരെ ഇതൊക്കെ ഓൾഡ് പോസ് ആണെന്ന് പറഞ്ഞ് എമി ഓടിച്ചു വിട്ടു. കൊച്ചിനെ നേരത്തെ കളിയാക്കിയതിന്റെ അമർഷമുണ്ടെ. രാവിലെ കാര്യായിട്ട് ഒന്നും കഴിക്കാത്തത് കൊണ്ട് തന്നെ എമി ആസ്വദിച്ച് തന്നെ കഴിച്ചു. ഇത്തവണ അധികം ആക്രാന്തം കാണിക്കാൻ പോയില്ല ഒന്നുമില്ലേലും ഒരു ഐപിഎസുകാരന്റെ ഭാര്യ അല്ലെ ആ മര്യാദ എങ്കിലും കാണിക്കണ്ടേ???? കഴിച്ച് കഴിഞ്ഞ് എല്ലാ ഫ്ലേവറുകളിലുമുള്ള ഐസ്ക്രീമുകളും കഴിച്ചിട്ടാണ് എഴുന്നേറ്റത്. അവളുടെ ഐസ്ക്രീം തീറ്റി കണ്ടപ്പോഴേ രാത്രി മിക്കവാറും തനിക്ക് പണിയുണ്ടാക്കി വെക്കും എന്ന് മനസ്സിലാക്കിയ അച്ചു അവളെ ചൂട് വെള്ളം കുടിപ്പിച്ചിട്ടാണ് എണീപ്പിച്ചത്. അല്ലെങ്കിൽ തോണ്ട വേദന തല വേദന പനി ഇതുവല്ലതും വരുത്തി വെച്ച് പാതിരാത്രി ഹോസ്പിറ്റലിൽ ഓടേണ്ടി വരും. ഇതാവുമ്പോൾ ഒരുവിധം കുഴപ്പങ്ങൾ ഉണ്ടാവില്ല. അങ്ങനെ ഫുഡ് അടിയും ബഹളവും എല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പള്ളിയിലെ പരിപാടി എല്ലാം കഴിഞ്ഞതും എല്ലാവരും കുരിശിങ്കലേക്ക് തിരിച്ചു. അച്ചുവിനും എമിക്കും ഒപ്പം ആൽവിച്ചനും റിയയും ജോക്കുട്ടനും ആയിരുന്നു കാറിൽ കയറിയത്. ആൽവി ആയിരുന്നു കാർ ഓടിച്ചത്. ബാക്കി എല്ലാവരും പുറകെ തന്നെ ഉണ്ട്. കല്യാണം നടന്നതിൽ അച്ചുവിനെക്കാൾ സന്തോഷം ജോക്കുട്ടനാണ് കളിക്കാൻ ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ആശാൻ. കാറിൽ കയറിയതും എമിയും ജോക്കുട്ടനും സംസാരവും കളിയും തുടങ്ങി. അതിനിടയിൽ റിയയുടെ വീർത്ത വയറിൽ കൈ ചേർത്ത് അനക്കം അറിയുകയും ചെയ്യുന്നുണ്ട്. വാവേ.... അറിയോടാ എന്നെ???? നിന്റെ ആന്റി ആടാ പൊന്നെ. എമി റിയയുടെ വയറിൽ മുഖം ചേർത്ത് പറഞ്ഞു. അഞ്ചാറ് പിരി പോയ ഒരു വട്ട് കേസ് ആണ് വാവേ എന്റെ കുഞ്ഞ് ഇവളുടെ കൂടെ കൂടല്ലേ വഷളായിപ്പോവും. ഒരു കാട്ടുകോഴിയുടെ പ്രൊഡക്ട് ആയി ജനിക്കുന്നതിലും വലിയ അപമാനം ഒന്നും ഇനി കുഞ്ഞിന് വരാനില്ല. എമി ചുണ്ട് കോട്ടി പറഞ്ഞു. പുല്ല് വേണ്ടായിരുന്നു......... അച്ചു അവനെ കളിയാക്കി ചിരിച്ചു. അത് കണ്ട് ഒരു പണി കൊടുക്കാൻ തോന്നിയെങ്കിലും ഇന്നലത്തെ ചവിട്ടിന്റെ വേദന ഇപ്പോഴും മാറാത്തത് കൊണ്ട് ആ ആഗ്രഹം മുളയിലേ നുള്ളി.

അല്ലെങ്കിൽ കൊച്ച് ജനിക്കുന്നതിന് മുന്നേ അപ്പൻ വികലാംഗ പെൻഷന് അപേക്ഷിക്കേണ്ടി വരും. അതുകൊണ്ട് ആൽവിച്ചൻ വായ്ക്ക് സിബ് ഇട്ടു. സംസാരം ആരോഗ്യത്തിന് ഹാനീകരം. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുരിശിങ്കൽ എത്തിയതും സാറാ എമിയേയും അച്ചുവിനെയും നെറ്റിയിൽ കുരിശു വരച്ച് എമിയുടെ കയ്യിൽ കത്തിച്ചു വെച്ച മെഴുകുതിരിയുമായി കൈപിടിച്ച് അകത്തേക്ക് കയറ്റി. പ്രാർത്ഥനാ മുറിയിൽ തിരിവെച്ച് പ്രാർത്ഥിച്ച് പിന്നീടുള്ള ചടങ്ങുകളിലേക്ക് കടന്നു. ചടങ്ങുകൾ എല്ലാം കഴിഞ്ഞതും എമിയുടെ വീട്ടുകാർ പോവാനിറങ്ങി. അത് കണ്ടതും അതുവരെ പുഞ്ചിരിയോടെ നിന്ന എമിയുടെ കണ്ണുകൾ കലങ്ങി. ജോൺ മുന്നോട്ട് വന്ന് എമിയുടെ കൈ പിടിച്ച് അച്ചുവിന് അരികിൽ എത്തി. ഒന്ന് കണ്ണ് നിറയാൻ പോലും അനുവദിക്കാതെ വളർത്തിയ എന്റെ ജീവനെയാണ് കൈപിടിച്ചു തരുന്നത് നോക്കിക്കോളണേ....... നിറകണ്ണുകളോടെ അത്രമാത്രം പറഞ്ഞ് ജോൺ അവളെ അവന്റെ കയ്യിലേക്ക് ചേർത്ത് വെച്ചു.

അതോടെ എമിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല അവൾ അയാളുടെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു. എന്നെ കൂടി കൊണ്ടുപോ പപ്പേ.... എനിക്ക് എന്റെ പപ്പയെ വിട്ട്........ പോവണ്ട....... പൊട്ടിക്കരച്ചിലോടെ പണിപ്പെട്ട് വാക്കുകൾ കൂട്ടിച്ചേർത്തവൾ ഏങ്ങലടിച്ചു. കണ്ട് നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. റോണി നിറഞ്ഞ കണ്ണുകളോടെ ആ കാഴ്ച നോക്കി നിന്നു. തന്റെ ജീവന്റെ ഒരു ഭാഗമാണ്. ഓർമ്മ വെച്ച കാലം മുതൽ തോളിൽ കയ്യിട്ട് കൂടെ ഉണ്ടായിരുന്നവൾ ഇന്ന് മറ്റൊരു വീട്ടിൽ. അവന് സങ്കടം അടക്കാൻ കഴിഞ്ഞില്ല. അടുത്തെ തൂണിൽ ചാരി നിന്നവൻ കരച്ചിൽ അടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും ജോൺ ഏറെ പണിപ്പെട്ട് അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി. എമി നിറഞ്ഞ മിഴികളോടെ നിസ്സഹായമായി അയാളെ നോക്കി. വിതുമ്പുന്ന ചുണ്ടുകളോടെ അയാൾ അവളുടെ നെറുകിൽ ചുണ്ട് ചേർത്ത് അവിടെ നിന്നിറങ്ങി. സ്റ്റെല്ലയും ആലീസും എല്ലാം അവളെ കെട്ടിപ്പിടിച്ചു കരഞ്ഞ് യാത്ര പറഞ്ഞു.

എമിയുടെ കണ്ണുകൾ അപ്പോഴും ആരെയോ തേടികൊണ്ടിരുന്നു. അവസാനം വരാന്തയുടെ അറ്റത്ത് പിന്തിരിഞ്ഞു നിൽക്കുന്ന രൂപത്തെ കണ്ടതും അവൾ ആരെയും ശ്രദ്ധിക്കാതെ അങ്ങോട്ട്‌ ഓടി. പിന്നിൽ നിന്നവനെ ഇറുകെ പുണരുമ്പോൾ അവളുടെ കണ്ണുനീർ വീണ് അവന്റെ ഷർട്ട്‌ നനഞ്ഞു. ആ നിമിഷം തന്നെ അവൻ തിരിഞ്ഞ് അവളെ ഇറുകെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. രണ്ടുപേരുടെയും കണ്ണുകൾ മത്സരിച്ച് നിറഞ്ഞു. സഹോദരസ്നേഹത്തിന്റെ ആഴം തിരിച്ചറിയുന്ന നിമിഷങ്ങൾ. ആർക്കും വിട്ടുകൊടുക്കില്ല എന്നത് പോലെ അവൻ എമിയെ നെഞ്ചിലേക്ക് അടക്കി പിടിച്ചു. ഇനിയും നോക്കി നിന്നാൽ രണ്ടും കരഞ്ഞ് കുളമാക്കും എന്ന് മനസ്സിലാക്കി അച്ചു അവളെ അവനിൽ നിന്ന് പറിച്ചു മാറ്റി. ജെയിംസ് റോണിയെ ബലമായി പിടിച്ച് കാറിലേക്ക് കയറ്റി. ആ കാഴ്ച കണ്ട് എമി അച്ചുവിനെ കെട്ടിപ്പിടിച്ചു നിന്ന് കരഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. കാറുകൾ ഗേറ്റ് കടന്നു പോയതും സങ്കടം സഹിക്കാനാവാതെ അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് നിന്ന് തേങ്ങി......... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story