ഹൃദയതാളമായ്: ഭാഗം 62

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ... എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ... ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ...... 🎶 സ്റ്റീരിയോയിലൂടെ ഒഴുകിയെത്തുന്ന പാട്ടിൽ ലയിച്ചവൾ ഇരുന്നു. തനിക്കേറെ ഇഷ്ടമുള്ള ഗാനം.... പപ്പ തന്നെ പാടി ഉറക്കുന്ന ഗാനം..... അന്നും ഇന്നും ഈ പാട്ടിനോടും വരികളോടും വല്ലാത്തൊരു ഇഷ്ടമായിരുന്നു. മനസ്സിലൂടെ ഇനിയിയൊരിക്കലും കിട്ടാത്ത മധുരമായ ബാല്യകാല ഓർമ്മകൾ ഒരു തിരശീലയിൽ എന്നത് പോലെ മുന്നിൽ തെളിഞ്ഞു. കുഞ്ഞു കുഞ്ഞു കുസൃതികൾ ഒപ്പിച്ച് അമ്മയുടെ തല്ലിൽ നിന്ന് രക്ഷപെടാൻ പപ്പയുടെ മറവിൽ ഒളിക്കുന്നതും. പപ്പയുടെ കയ്യിൽ തൂങ്ങി ആദ്യമായി കടൽ കാണാൻ പോയതും. പള്ളി പെരുന്നാളിന് കൊതിയോടെ ചൂണ്ടി കാണിക്കുന്നത് എല്ലാം മടി കൂടാതെ വാങ്ങി തരുന്നതും. എല്ലാ പിറന്നാളിനും ഒരു നറുമുത്തവുമായി ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുന്നതും.

ഭക്ഷണം കഴിക്കാൻ മടി കാട്ടുമ്പോൾ വാരി തരുന്നതും. ആ നെഞ്ചിലെ ചൂടിൽ പറ്റിച്ചേർന്ന് ഉറങ്ങുന്നതും അങ്ങനെ അങ്ങനെ ചെറുതും വലുതുമായ ഓർമ്മകളിലൂടെ എല്ലാം മനസ്സ് ഒരു ഓട്ടപ്രതിക്ഷണം നടത്തി. എന്താണ് ഭയങ്കര ആലോചനയിൽ ആണല്ലോ????? കളിയായിയുള്ള അച്ചൂന്റെ ചോദ്യം കേൾക്കുമ്പോഴാണ് അവൾ ഓർമ്മകളിൽ നിന്ന് മുക്തയായത്. അവൾ മറുപടി ഒന്നും പറയാതെ അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു. പപ്പയെ ഓർമ്മ വന്നോ????? മ്മ്മ്മ്മ്........... തലയുയർത്തി നോക്കാതെ തന്നെ അവൾ മൂളി. നമ്മൾ ഇപ്പൊ അങ്ങോട്ട്‌ അല്ലേടാ പോവുന്നത് പിന്നെന്താ????? ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചു കൊണ്ട് അവളുടെ തലയിൽ കവിൾ ചേർത്തുകൊണ്ടവൻ ചോദിച്ചു. വലുതാവണ്ടായിരുന്നു എന്ന് തോന്നുവാ. എന്നും പപ്പയുടെ ആ കുഞ്ഞനായിട്ട് കഴിയാൻ തോന്നുവാ. നേർത്ത ശബ്ദത്തിൽ അവൾ പറഞ്ഞു. പറയണത് കേട്ടാൽ തോന്നും നീ വളർന്ന് പന്തലിച്ചു നിൽക്കുവാണെന്ന്. എടി പെണ്ണേ നീ ഇപ്പോഴും കുഞ്ഞ് തന്നെയാ അതിപ്പൊ ബുദ്ധിയുടെ കാര്യം ആയാലും അങ്ങനെ തന്നെയാ. പിന്നെ മക്കൾ എത്ര വളർന്നാലും അച്ഛനമ്മമാർക്ക് അവർ എപ്പോഴും കൊച്ചുകുട്ടി തന്നെയാ. കുറുമ്പ് കാട്ടി അവരുടെ കയ്യിൽ തൂങ്ങി നടക്കുന്ന കൊച്ചുകുട്ടി.

നീ ഇപ്പോഴും പപ്പയുടെ പഴയ ആ കുഞ്ഞൻ തന്നെയാ അതിൽ യാതൊരു വ്യത്യാസവും വരാൻ പോവുന്നില്ല. കല്യാണം കഴിഞ്ഞെന്ന് കരുതി അവർക്ക് നിന്നെ വേണ്ടാതെ ആവുമോ????? അതിനവൾ ഇല്ല എന്ന് തലയാട്ടി. പിന്നെന്താ പ്രശ്നം???? വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി എന്റെ കൊച്ച് ഉള്ള സന്തോഷം കളയാതെ നമുക്ക് ഇന്നും നാളെയും അടിച്ചു പൊളിച്ചിട്ട് ഇങ്ങോട്ട് പോരാന്നെ. മുഖം ചരിച്ച് തോളിൽ വെച്ചിരിക്കുന്ന അവളുടെ നെറുകിൽ ഒന്ന് ചുംബിച്ചു കൊണ്ടവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. യാത്രയിൽ ഉടനീളം അവൾ അങ്ങനെ തന്നെ ഇരുന്നു. കാർ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ അവൾ ആവേശത്തോടെ നിവർന്നിരുന്നു. വീടിന്റെ മുറ്റത്ത് അച്ചു കാർ നിർത്തേണ്ട താമസം എമി ചാടി ഇറങ്ങി അകത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. അവളുടെ പോക്ക് കണ്ടവന് ചിരി വന്നു. പതിയെ അവൻ വണ്ടി നിർത്തി ബാഗും വഴിയിൽ വെച്ച് വാങ്ങിയ സാധനങ്ങളും എടുത്ത് പുറത്തേക്കിറങ്ങി. സ്റ്റെല്ലേ ദേ അവർ എത്തിയെന്ന് തോന്നുന്നു.........

കാറിന്റെ ശബ്ദം കേട്ട് വെളിയിലേക്ക് ഇറങ്ങാൻ തുനിഞ്ഞ ജോണിനെ കണ്ടവൾ ഓടി അയാൾക്ക് അരികിൽ എത്തി. പപ്പേ.............. നിറഞ്ഞ ചിരിയോടെ അയാളെ കെട്ടിപ്പിടിച്ച് അവൾ സന്തോഷം പ്രകടിപ്പിച്ചു. കുഞ്ഞാ......... വാത്സല്യത്തോടെ അയാൾ അവളുടെ തലയിൽ തഴുകി. ഈ സമയം അങ്ങോട്ട് എത്തിയ അച്ചുവും സ്റ്റെല്ലയും അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ട് ഒരുനിമിഷം നിന്നു. വാതിൽക്കൽ ബാഗും കവറും തൂക്കി നിൽക്കുന്ന അച്ചൂനെ കണ്ടതും സ്റ്റെല്ല അവളുടെ ചെവിക്ക് പിടിച്ചു. ഓടി ചാടി വരുമ്പോൾ അച്ചൂന്റെ കാര്യം ഓർത്തോ???? എല്ലാ സാധനങ്ങളും അവനെക്കൊണ്ട് ചുമപ്പിച്ചിട്ട് ഇവിടെ വന്ന് പപ്പയെ കെട്ടിപ്പിടിച്ചു നിൽക്കുന്നു. കല്യാണം കഴിഞ്ഞു എന്നുള്ള വല്ല വിചാരവും ഉണ്ടോ നിനക്ക്????? ചെവിക്ക് പിടിച്ച് കിഴുക്കി അവരത് പറയുമ്പോഴാണ് അവളതിനെ പറ്റി ചിന്തിക്കുന്നത് തന്നെ. അവൾ ചുണ്ടുപിളർത്തി ജോണിനെയും അച്ചൂനെയും നോക്കി. വീട്ടിൽ എത്തിയ സന്തോഷത്തിൽ അവൾ മറന്നു പോയതാണ് അമ്മേ. ആദ്യായിട്ടല്ലേ ഇവൾ നിങ്ങളെയൊക്കെ പിരിഞ്ഞ് ഇരിക്കുന്നത് അതിന്റെയാ. അവനൊരു ചെറുപുഞ്ചിരിയോടെ അവളെ ന്യായീകരിച്ചു.

നീയും ഇവളെ സപ്പോർട്ട് ചെയ്യല്ലേ അച്ചൂ പിന്നെ ഇവൾ നിന്റെ തലയിൽ കയറി നിരങ്ങും. ഇവിടെ ഒരാൾ കൊഞ്ചിച്ച് വഷളാക്കി വെച്ചിരിക്കുവാ ഇതിനെ. സ്റ്റെല്ല അവളെ നോക്കി പറഞ്ഞതും അവൾ അത് പിടിക്കാത്തത് പോലെ ചുണ്ട് കൂർപ്പിച്ച് അവരെ നോക്കി. എന്റെ ഭർത്താവ് എന്നെ അല്ലാതെ പിന്നെ അയലത്തെ പെണ്ണുങ്ങളെ പോയി സപ്പോർട്ട് ചെയ്യണോ???? ഈ അമ്മയ്ക്ക് ഒടുക്കത്തെ കുശുമ്പാ. അച്ചുവിന്റെ അടുത്തേക്ക് ചേർന്ന് നിന്നവൾ അവർക്ക് നേരെ ചുണ്ട് കോട്ടി. കണ്ടോ അവളുടെ നാക്ക് കണ്ടോ????? തർക്കുത്തരം അല്ലാതെ വായിൽ നിന്നൊന്നും വരില്ല അസത്ത്. സ്റ്റെല്ല അവളെ തല്ലാൻ ആഞ്ഞതും അവൾ അച്ചുവിന്റെ മറവിലേക്ക് നിന്നു. നിർത്തിക്കേ സ്റ്റെല്ലേ.... അവൾ വന്നിങ്ങോട്ട് കയറിയതല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ???? ഈ നിൽക്കുന്നത് നീ പ്രസവിച്ച കുഞ്ഞ് തന്നെ അല്ലെ???? ഒരുമാതിരി രണ്ടാനമ്മമാരെ പോലെ തൊട്ടതിനും പിടിച്ചതിനും അവളുടെ മെക്കിട്ട് കയറാൻ നിക്കണ്ട. ജോൺ ശാസനയോടെ ശബ്ദമുയർത്തി അവർക്ക് നേരെ ദേഷ്യത്തിൽ നോക്കി.

നിങ്ങൾ വാ മക്കളെ...... അയാൾ അവരെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് നടക്കുന്നതിന് മുന്നേ അച്ചു അവർക്കായി വാങ്ങിയ കവറെല്ലാം സ്റ്റെല്ലയെ ഏൽപ്പിച്ചു. എന്തിനാ മോനെ ഇതെല്ലാം???? എന്റെ വക ഇരിക്കട്ടന്നേ. കണ്ണ് ചിമ്മി ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞ് അകത്തേക്ക് കയറി. ഹാളിലെ സോഫയിൽ ജോണിന് ഇരുവശങ്ങളിലായി അവർ ഇരുന്നു. നിങ്ങൾ ഇരിക്ക് ഞാനിപ്പൊ കുടിക്കാനെടുക്കാം. അവരെ ഒന്ന് നോക്കി സ്റ്റെല്ല തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു. എങ്ങനെ ഉണ്ടായിരുന്നു യാത്രയൊക്കെ????? അയാൾ അച്ചുവിനെ ഒന്ന് നോക്കി. ഇങ്ങോട്ട് കുറച്ച് നേരത്തെ ഡ്രൈവ് അല്ലെ ഉള്ളൂ പപ്പ. ട്രാഫിക് ഒന്നും ഇല്ലാത്തത് കൊണ്ട് സുഖമായി പോന്നു. ഇവൾ രാത്രി ബഹളം ഒന്നും ഉണ്ടാക്കിയില്ലേ അച്ചൂ??? കരച്ചിൽ കണ്ടപ്പോൾ ഞാൻ കരുതി പാതിരാത്രി നീ ഇവളെയും കൊണ്ട് ഇങ്ങോട്ട് വരേണ്ടി വരുമെന്ന്. അയാൾ കളിയാക്കി ചിരിയോടെ ചോദിച്ചു. അയ്യടാ എന്നെ കളിയാക്കുവൊന്നും വേണ്ട. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് എന്റെയും വീട് എന്നൊക്കെ എനിക്കറിയാം. അയാളുടെ ചുമലിൽ ഇടിച്ചു കൊണ്ട് ചുണ്ട് കൂർപ്പിച്ചു പറഞ്ഞു. അത് കണ്ടയാൾ ഒന്ന് ചിരിച്ചു.

ആഹ് പിന്നില്ലേ പപ്പേ ഇന്നലെ ഇച്ചായൻ എന്നെ ഒരു കുന്നിന്റെ മോളിൽ കൊണ്ടുപോയി. എന്ത് രസാന്നോ അവിടം കാണാൻ. എമി ആവേശത്തോടെ അയാളോട് പറയാൻ തുടങ്ങി. ഒത്തിരി മിന്നാമിനുങ്ങും കാറ്റും ചെടികളും മരങ്ങളും ഒക്കെ ആയിട്ട് നല്ല ഭംഗിയാ കാണാൻ. നല്ല തണുപ്പാ അവിടെ നിൽക്കുമ്പോൾ. ആകാശത്തെ നക്ഷത്രങ്ങളേയും അമ്പിളി മാമനെയും ഒക്കെ നോക്കി പാറയുടെ മുകളിൽ കിടക്കാൻ നല്ല രസാ. ഇന്നലെ രാത്രി മുഴുവൻ ഞങ്ങൾ അവിടെ ആയിരുന്നു ഇന്ന് രാവിലെയാ വീട്ടിൽ എത്തിയത് അത്രയ്ക്ക് നല്ല സ്ഥലാ. അവൾ അനുഭവിച്ച കുഞ്ഞു കുഞ്ഞ് സന്തോഷങ്ങൾ പോലും അയാൾക്ക് മുന്നിൽ വിവരിക്കാൻ തുടങ്ങി. സന്തോഷത്തോടെ ഓരോന്ന് പറയുന്ന അവളെ കാൺകെ അയാളുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. ഇതിനേക്കാൾ നല്ലൊരു ജീവിതം തന്റെ മകൾക്ക് ഇനി കിട്ടാനില്ല എന്നയാൾ തിരിച്ചറിയുകയായിരുന്നു. അതിനിടയിൽ സ്റ്റെല്ല അവർക്ക് കുടിക്കാൻ ജ്യൂസുമായി എത്തി. അതും കുടിച്ച് വിശേഷങ്ങൾ പങ്കുവെച്ച് അവരിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

റോണി എന്തേ പപ്പാ???? ഞാൻ എത്തിയിട്ട് അവനെന്നെ ഒന്ന് കാണാൻ പോലും വന്നില്ലല്ലോ??? അവൾ പരിഭവത്തോടെ പറഞ്ഞു. ഒന്നും പറയണ്ട മോളെ നീ വരുന്നത് അറിഞ്ഞിട്ട് രാവിലെ തന്നെ ഇങ്ങോട്ട് പോന്നതാ ചെക്കൻ അപ്പോഴാ ചേട്ടത്തിയുടെ വകയിലെ ചിറ്റപ്പനോ മറ്റോ മരിച്ചെന്ന് അറിഞ്ഞത്. അവിടെ പോയിരിക്കുവാ. പോവാൻ മടിഞ്ഞ് നിൽക്കുവായിരുന്നു ഞാനാ നിർബന്ധിച്ചു വിട്ടത്. മിക്കവാറും അടക്കിന് പോലും നിൽക്കാതെ അവൻ ഇങ്ങോട്ട് പോരും. അത് കേട്ടവൾ ഒന്ന് ചിരിച്ചു. സമയം എത്രയായി എന്ന് വിചാരം വല്ലതുമുണ്ടോ???? ഉച്ച ഊണിനുള്ള നേരമായി. ചെല്ല് നിങ്ങൾ പോയി ഈ ഡ്രസ്സൊക്കെ മാറിയിട്ട് വാ പിള്ളേരെ ഇനി ഭക്ഷണം കഴിച്ചിട്ടാവാം വിശേഷം പറച്ചിൽ. അവർ മൂന്നുപേരുടെയും സംസാരം നീണ്ടപ്പോൾ സ്റ്റെല്ല ഓർമ്മപ്പെടുത്തി. പിന്നെ രണ്ടും കൂടി എഴുന്നേറ്റ് മുറിയിലേക്ക് പോയി. വേഷമൊക്കെ മാറി താഴേക്ക് വന്നപ്പോൾ അവരെയും കാത്ത് ഡൈനിങ്ങ് ടേബിളിൽ വിവിധതരം വിഭവങ്ങൾ ഉണ്ടായിരുന്നു.

സ്റ്റെല്ല മരുമകനെ ഊട്ടുമ്പോൾ എമി അത്‌ നോക്കി പുച്ഛിച്ച് പപ്പയുടെ കയ്യിൽ നിന്ന് വാങ്ങി കഴിച്ചു. വയറും മനസ്സും നിറഞ്ഞാണ് അവർ കഴിച്ച് എഴുന്നേറ്റത്. കഴിച്ചു കഴിഞ്ഞ് കുറച്ച് നേരം പുറത്തെ ഗാർഡനിലും മറ്റും നടക്കുമ്പോഴാണ് റോണി എത്തുന്നത്. വന്ന പാടെ ആരെയും നോക്കാതെ ചെക്കൻ വിശക്കുന്നു എന്ന് പറഞ്ഞ് രണ്ട് പ്ലേറ്റ് ചോറ് അകത്താക്കി. വിശപ്പ് അടങ്ങി പാത്രത്തിൽ നിന്ന് തലയുയർത്തുമ്പോഴാണ് മുന്നിൽ തന്നെ നോക്കി ദഹിപ്പിക്കുന്ന രണ്ട് കണ്ണുകളെ അവൻ കാണുന്നത്. വായിൽ വെച്ച ചിക്കന്റെ പീസ് ഇറക്കാൻ പോലും ആവാതെ അവനിരുന്നുപോയി. മ്മ്മ്മ്മ്മ്... മ്മ്മ്മ്മ്..... ചിക്കൻ വായിൽ വെച്ചവൻ അവളെ നോക്കി. എന്നതാ???? മുത്തേ എപ്പൊ വന്നെടി????? വായിലിരുന്ന ചിക്കൻ വിഴുങ്ങി കൊണ്ടവൻ ഒരു ഇളിയോടെ എഴുന്നേറ്റ് ചോദിച്ചു. ഞാൻ വന്നിട്ട് കൊല്ലം പത്തിരുപതു കഴിഞ്ഞു. അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി. സോറീ ഡീ വിശപ്പ് കാരണം കണ്ണ് കാണാൻ വയ്യായിരുന്നു. അതുകൊണ്ട് നിന്നെ കണ്ടില്ല.

നിനക്കിറിയില്ലേ വിശന്നാൽ ക്യാപ്റ്റൻ കൂളിന് പോലും ലൂസസ് ഹിസ് കൂൾ അപ്പൊ എന്റെ കാര്യം പറയാനുണ്ടോ???? ഒന്ന് ക്ഷമിക്ക് മോളെ. അവൻ അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ടും എമി കുലുങ്ങിയില്ല. അവസാനം റോണി അവന്റെ പ്ലേറ്റിൽ ഇരുന്ന കട്ലറ്റ് കൊടുത്ത് അവൻ പ്രശ്നം പരിഹരിച്ചു. പിന്നെ രണ്ടും കൂടി കെട്ടിപ്പിടുത്തമായി സംസാരമായി. എമി യാത്രയെ പറ്റിയൊക്കെ വിവരിക്കുന്നത് കേട്ടതും ഫസ്റ്റ് നൈറ്റ് നടന്നില്ല എന്നറിഞ്ഞ് റോണി പുറത്ത് നിൽക്കുന്ന അച്ചുവിനെ ഒന്ന് ചൊറിയനായി ഇറങ്ങി. അളിയാ............ തേനിൽ ചാലിച്ച അവന്റെ വിളി കേട്ടതും അച്ചു ഒരു സംശയത്തോടെ അവനെ നോക്കി. ഒന്നും നടന്നില്ലല്ലേ????? റോണി ഇളിയോടെ ചോദിക്കുന്നത് കേട്ടതും അച്ചു ഒന്ന് ചിരിച്ചു. എന്റെ അളിയൻ ഒന്നിങ് വന്നേ ഒരു രഹസ്യം പറഞ്ഞു തരാം. അതും പറഞ്ഞവൻ റോണിയുടെ തോളിലൂടെ കയ്യിട്ട് ലോക്ക് ചെയ്ത് കാതിൽ മലയാള ഭാഷയുടെ മഹത്വം ചൊല്ലി കൊടുത്തു. അവന്റെ ഭാഷാ സ്നേഹത്തിന് മുന്നിൽ പകച്ചുപോയി

റോണിയുടെ ബാല്യം. അവൻ ഒരുനിമിഷം അച്ചുവിനെ നോക്കി നിന്നു. ഇവിടെ ഭയങ്കര പൊന്നീച്ചയുടെ ശല്യം എന്നാ ഞാനങ്ങോട്ട്. അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു. എന്റെ ഭാഗത്തും തെറ്റുണ്ട് അളിയൻ ഒരു പോലീസിൽ ആണെന്നുള്ള കാര്യം ഞാൻ ഓർക്കേണ്ടതായിരുന്നു. കാതിലൂടെ പുകയും പറത്തി അവൻ അകത്തേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാത്രി ഭക്ഷണം ഒക്കെ കഴിച്ച് കിടക്കാനായി മുറിയിലേക്ക് പോവുമ്പോഴാണ് ജോണിന്റെ മുറിയിൽ അയാളെ കെട്ടിപ്പിടിച്ചു കിടക്കുന്ന എമിയെ കാണുന്നത്. കുറച്ച് നേരം അവൻ അവരെ ഒന്ന് നോക്കി നിന്നു. ഇനി വല്ലപ്പോഴുമല്ലേ എമിക്ക് ഇതുപോലെ പപ്പയെ അടുത്ത് കിട്ടൂ എന്നോർത്തവൻ അവരെ ശല്യം ചെയ്യാതെ മുറിയിലേക്ക് പോയി. മുറിയിൽ ചെന്ന ഉടൻ അവൻ വീട്ടിലേക്ക് വിളിച്ചു. എല്ലാവർക്കും എമിയെ കുറിച്ച് അറിഞ്ഞാൽ മതി. പപ്പയുടെ കൂടെ ആണെന്ന് അറിഞ്ഞപ്പൊ ചെറിയൊരു വിഷമം തോന്നിയെങ്കിലും അപ്പനും മകളും കൂടി സംസാരിക്കട്ടെ എന്ന് പറഞ്ഞവർ കാൾ വെച്ചു.

എല്ലാവർക്കും അവൾ എത്ര പ്രിയപ്പെട്ടത് ആണെന്ന് അവൻ ആലോചിക്കുകയായിരുന്നു. ശൂ ശൂ........ ആലോചനകളിൽ മുഴുകി നിൽക്കുമ്പോഴാണ് ആ ശബ്ദം കേൾക്കുന്നത്. അത്‌ കേട്ടവൻ തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ അതാ റോണി വിത്ത്‌ ട്രേഡ് മാർക്ക്‌ ഇളി. എമിയും അച്ചുവും ഉള്ളത് കൊണ്ട് ചെക്കൻ വീട്ടിൽ പോയില്ല. എന്താടാ ഒരു കള്ളലക്ഷണം????? അച്ചു ഗൗരവത്തിൽ പിരികം പൊക്കി കാണിച്ചതും അവൻ കയ്യിലിരുന്ന ബിയർ ഉയർത്തി കാണിച്ചു. ഇതെവിടുന്ന് ഒപ്പിച്ചു????? അളിയനോടുള്ള സ്നേഹം കാരണം എന്റെ സ്വന്തം ക്യാഷ് മുടക്കി രോഹിയെ കൊണ്ട് ഞാൻ വാങ്ങിപ്പിച്ചതാ. റോണി നിഷ്കു ആയി പറഞ്ഞു. അയ്യാ എന്താ സ്നേഹം????? എന്റെ കൂടെ കുടിച്ചാൽ ആരും ഒന്നും പറയില്ലല്ലോ അല്ലെ???? അടവ് എന്റെ അടുത്ത് ഇറക്കണ്ട. ഈൗ..... കണ്ടുപിടിച്ചു കളഞ്ഞല്ലോ. മ്മ്മ്.....

എന്തായാലും എന്റെ അളിയൻ കഷ്ടപെട്ട് സംഘടിപ്പിച്ചതല്ലേ വാ നമുക്ക് കഴിക്കാം. അച്ചു അവന്റെ തോളിൽ കയ്യിട്ടു. എങ്കിൽ വാ നമുക്ക് ടെറസിൽ പോവാം ബാക്കി കുപ്പി ഒക്കെ അവിടെയാ. റോണി ആവേശത്തോടെ പറഞ്ഞു. അപ്പൊ ഇനിയും ഉണ്ടോ സാധനം???? പിന്നല്ലാതെ??? ഒരെണ്ണം കൊണ്ടൊക്കെ എന്താവാനാ????? ഡാ ഡാ...... ഇപ്പ്രാവശ്യത്തേക്ക് ഞാനൊന്നും പറയുന്നില്ല. പക്ഷെ ഇനി ഇതുപോലെ ആവർത്തിച്ചാൽ ഉണ്ടല്ലോ????? അച്ചു ഭീഷണി പോലെ പറഞ്ഞതും അവൻ കൈകൂപ്പി. അയ്യോ ഇനി ഇല്ലായെ. കമ്പനിക്ക് ഒരു പോലീസുകാരനെ കിട്ടിയത് കൊണ്ട് വാങ്ങിച്ചതാണേ...... അവന്റെ പറച്ചിൽ കേട്ട് അച്ചു ഒന്ന് ചിരിച്ചു. പിന്നെ രണ്ടും കൂടി തോളിൽ കയ്യിട്ട് ടെറസ്സിലേക്ക് നടന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story