ഹൃദയതാളമായ്: ഭാഗം 65

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ആൽവിച്ചൻ ചിരി മത്സരത്തിൽ പങ്കെടുക്കാൻ എന്ന കണക്ക് എല്ലാവരെയും നോക്കി ഇളിച്ചോണ്ട് നിൽക്കുകയാണ്. അവന്റെ നിൽപ്പ് കണ്ട് എമി ചിരി കടിച്ചു പിടിച്ചു നിന്നു. എനിക്ക് വയ്യ അമ്മച്ചീ ഈ കാട്ടുകോഴിയെ കൊണ്ട്. അവിടെ വന്ന സീനിയർ നേഴ്സിനെ പോയിട്ട് അഡ്മിറ്റ്‌ ആയി കിടക്കണ രോഗികളെ പോലും വെറുതെ വിട്ടിട്ടില്ല. ഇതുപോലെ ഒരു കുരിശിനെ ആണല്ലോ ദൈവമേ നീയെന്റെ തലയിൽ എടുത്തു വെച്ചത്???? റിയ തലയ്ക്കും കൈകൊടുത്ത് സോഫയിലേക്കിരുന്നു. അത്രയും നേരം ഉച്ചത്തിൽ സംസാരിച്ചത് കൊണ്ടവൾ ചെറുതായ് ഒന്ന് കിതച്ചിരുന്നു. കേട്ട് നിന്നവർ എല്ലാം എന്തോന്നെടെ ഇത് എന്നർത്ഥത്തിൽ ആൽവിച്ചനെ ഒരു നോട്ടം. എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല എന്ന കണക്ക് ആൽവിച്ചനും. ഹേ മിസ്റ്റർ എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല???? അപ്പു അവനെ നോക്കി പറഞ്ഞു . മനസ്സിലാവാതിരിക്കാൻ ഞാനെന്താ പ്രഭാകറോ????? ആൽവിച്ചൻ വിത്ത്‌ ഒരു ലോഡ് പുച്ഛം. അതാരാ ഈ പ്രഭാകർ????? അപ്പു തിങ്കി.

ഐജി ഗീത പ്രഭാകറിനെയും ഭർത്താവിനെയും അറിയാത്തവരായി ആരുണ്ട് ഗോപൂ???? ആൽവിച്ചൻ പറയുന്നത് കേട്ടതും ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന കണക്ക് അപ്പു കൈമലർത്തി നിന്നു. അമ്മച്ചീടെ പൊന്നുമോൻ ഒന്നിങ് വന്നേ........ സാറായുടെ സ്നേഹത്തോടെയുള്ള വിളി കേട്ടതും അവൻ അവരുടെ അടുത്തേക്ക് നീങ്ങി നിന്നു. എന്താമ്മച്ചീ????? ചോദിച്ചു തീരേണ്ട താമസം അവന്റെ കയ്യിൽ അടി വീണിരുന്നു. ഗർഭിണി ആയ ഭാര്യയെയും കൊണ്ട് ആശുപത്രിയിൽ പോയിട്ട് അവളുടെ സുഖവിവരം അറിയുന്നതിന് പകരം കണ്ട പെണ്ണുങ്ങളെ വായിനോക്കും അല്ലേടാ????? പറയുന്നതിനൊപ്പം അവരവന്റെ ചെവിയിൽ പിടിച്ച് കിഴുക്കി. ആഹ്..... അമ്മച്ചീ ചെവീന്ന് വിട്..... എന്റെ കാതിപ്പോ പറിഞ്ഞു പോരും...... ചെവിയിലെ പിടുത്തം വീടീക്കാൻ ശ്രമിച്ചു കൊണ്ടവൻ കാറി പൊളിക്കാൻ തുടങ്ങി. മിണ്ടരുത് നീ....... റിയ മോൾടെ സ്ഥാനത്ത് ഞാനെങ്ങാനും ആയിരുന്നെങ്കിൽ കണ്ണ് കുത്തി പൊട്ടിച്ചേനെ.... ഉറഞ്ഞു തുള്ളിക്കൊണ്ട് അവർ പറയുന്നത് കേട്ടതും പോൾ രണ്ടടി മാറി നിന്നു.

പേടിയല്ല ചെറിയൊരു ഭയം. പാവം എന്റെ കൊച്ചിനെ വിഷമിപ്പിക്കുന്നതിന് നിനക്ക് ഞാൻ തരുന്നുണ്ട്. അതും പറഞ്ഞവർ അവന്റെ ചെവിയിലെ പിടി വിട്ടു. ആൽവിച്ചൻ ആ ഗ്യാപ്പിൽ കൈ കൊണ്ട് കാതിൽ വീശാൻ തുടങ്ങി. ചെവിയൊക്കെ ചുവന്ന് നല്ല തക്കാളിപ്പഴം പോലെ ഇരിക്കുവാണേ അപ്പൊ പിന്നെ വേദന കാണില്ലേ???? നീ പറഞ്ഞത് ശരിയാ സാറേ ഇവന് നല്ലൊരു ശിക്ഷ തന്നെ കൊടുക്കണം. ഇപ്പൊ തന്നെ ഇവൻ കാരണം ഒരു പെണ്ണുങ്ങൾക്കും ഈ ഗേറ്റിന് മുന്നിലൂടെ നടന്ന് പോവാൻ പറ്റാത്ത സ്ഥിതിയാണ്. അതുവരെ മിണ്ടാതിരുന്ന പോൾ രംഗത്തെത്തി. അങ്ങനെ ആണെങ്കിൽ എനിക്കും പറയാനുണ്ട്. ഈ നിൽക്കുന്ന ഡാഡി ദിവസവും മോർണിംഗ് വോക്കിന് പോവുന്നത് ആ സൂസി ആന്റിയുടെ കൂടെയാ. കാരണം ചോദിച്ചപ്പോൾ പറയുവാ ഡാഡിക്ക് ആദ്യമായി ക്രഷ് തോന്നിയ പെൺകുട്ടി സൂസി ആന്റി ആയിരുന്നു പോലും. അത് കേട്ടതും എല്ലാവരും കൂടി പോളിനെ ഒരു നോട്ടം. എല്ലാം കയ്യീന്ന് പോയെന്ന കണക്ക് അയാൾ അയാൾ ദയനീയമായി ആൽവിയെ നോക്കി. ആൽവി ഉണ്ടോ വിടുന്നു.

അവൻ അടുത്ത വെടിക്കുള്ള കരിമരുന്ന് നിറയ്ക്കാൻ തുടങ്ങി. അതുപോലെ നമ്മൾ എല്ലാ സാധനങ്ങളും സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങുമ്പോൾ ഈ ഡാഡി മാത്രം ആ ജംഗ്ഷനിലെ കടയിൽ നിന്നേ വാങ്ങൂ. കാരണം എന്താ????? കട നടത്തുന്നത് രമണി ചേച്ചി ആണ്. ഒരുദിവസം ഡാഡി പറയുവാ ആ രമണി ചേച്ചിയുടെ മുടിയാണ് മുടി അമ്മച്ചീടെ മുടി വെറും ചകിരി നാരാണെന്ന്. സ്വന്തം അപ്പന്റെയും അമ്മയുടെയും കുടുംബം തകരണ്ടല്ലോ എന്ന് കരുതിയാ ഞാൻ ഇത്രയും കാലം ഒന്നും പറയാതിരുന്നത്. പക്ഷെ ഇന്നെല്ലാവരും കൂടി എന്നെ കോഴി ആക്കാൻ നോക്കുമ്പോൾ പറയാതിരിക്കാൻ വയ്യാ കോഴിക്ക് ഉണ്ടാവുന്നത് കോഴിക്കുഞ്ഞ് തന്നെ ആയിരിക്കും അല്ലാതെ താറാവും കുഞ്ഞ് ആകണം എന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. ആൽവിച്ചൻ നാടകീയമായി പറഞ്ഞു നിർത്തേണ്ട താമസം സകലരുടെയും ശ്രദ്ധ ചെന്നെത്തിയത് യക്ഷിയെ പോലെ നിന്ന് കിതയ്ക്കുന്ന സാറായിലേക്കാണ്. സാറമ്മേ ഞാൻ.......... പോൾ പറഞ്ഞു പൂർത്തിയാവും മുന്നേ അയാളെ നോക്കി കണ്ണുരുട്ടി ചവിട്ടി കുലുക്കി അകത്തേക്ക് പോയി.

എടാ യൂദാസേ നീ കൂടെ നിന്ന് ഒറ്റി അല്ലേടാ????? പോൾ പല്ല് കടിച്ചു കൊണ്ട് ആൽവിച്ചന് നേരെ ചീറി. എനിക്ക് എന്റെ നിലനിൽപ്പ് നോക്കണ്ടേ ഡാഡി????? ആൽവി അയാളെ നോക്കി ഇളിച്ചു കാണിച്ചു. എനിക്ക് വയ്യെന്റെ മാതാവേ ഇന്നവൾ എന്നെ വെട്ടി പുഴുങ്ങും. അയാൾ തലയിൽ കൈവെച്ച് നിന്ന് പറഞ്ഞു. എടാ അച്ചൂ എങ്ങനെയെങ്കിലും ഡാഡിയെ ഒന്ന് രക്ഷിക്കെടാ. അയാൾ അപേക്ഷാഭാവത്തിൽ അവനെയൊന്ന് നോക്കി. ഞാനില്ല. തനിയെ വരുത്തി വെച്ചതല്ലേ അനുഭവിച്ചോ.... വയസ്സാം കാലത്താ കിളവന്റെ കോഴിത്തരം. അതും പറഞ്ഞ് അച്ചു അകത്തേക്ക് കയറി പോയി. മോളെ എമീ......... ഐ ആം വെരി സോറി ഡാഡി. ഈ കാര്യത്തിൽ ഞാൻ അമ്മച്ചീടെ പക്ഷത്താ. ഏട്ടത്തിയുടെയും അമ്മച്ചീടെയും സ്ഥാനത്ത് ഞാനെങ്ങാനും ആയിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ ചിരവക്ക് തല്ലിയേനെ. അതും പറഞ്ഞ് അവളും അച്ചുവിന് പുറകെ പോയി. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ആയുധമെടുക്കാൻ ഇവളെന്താ ഉണ്ണി ആർച്ചയോ????? അതൊക്കെ എന്റെ റിയ. അവളെന്റെ മാലാഖയാ മാലാഖ.

ആൽവിച്ചൻ അപ്പു കേൾക്കാൻ പാകത്തിന് പറഞ്ഞു. അതെയതെ പക്ഷെ പാവം മാലാഖ വന്ന് പെട്ടത് ഒരു ഭൂലോക ഉടായിപ്പിന്റെ കയ്യിലും. അപ്പു തിരികെ കളിയാക്കി. റിയ പതിയെ സോഫയിൽ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നാടക്കാൻ തുനിഞ്ഞതും ആൽവി അവളെ ചെന്ന് പിടിക്കാൻ ആഞ്ഞു. അവന്റെ വരവ് കണ്ടതും അവൾ ഒരൊറ്റ നോട്ടമായിരുന്നു. അതോടെ ആൽവിച്ചൻ പഴയ പടി പോയി നിന്നു. സംഭവം മാലാഖയൊക്കെ തന്നെയാ പക്ഷെ എപ്പോഴാ ഭദ്രകാളി ആവുന്നത് എന്ന് പറയാൻ പറ്റില്ല അതുകൊണ്ട് ഒരു കയ്യകലത്തിൽ നിൽക്കുന്നതാ സേഫ്. അവൻ റിയ പോവുന്നതും നോക്കി നെടുവീർപ്പിട്ട് തിരിഞ്ഞതും കാണുന്നത് നഖവും കടിച്ച് നിൽക്കുന്ന പോളിനെയാണ്. ഹെൽപ് വല്ലതും വേണോ ഡാഡി????? അവൻ ഒരു പ്രത്യേക താളത്തിൽ ചോദിച്ചതും അയാൾ അവനെ കലിപ്പിച്ച് ഒന്ന് നോക്കി. ഡാഡി ഉങ്കളുക്ക് നാൻ രണ്ട് നിമിഷം ടൈം തരേൻ മുടിഞ്ചാ അമ്മച്ചീടെ കണ്ണിൽ പെടാതെ വല്ല തീർത്ഥാടനത്തിനും പൊക്കോ ഇനി അതേ രക്ഷയുള്ളൂ. ആൽവിച്ചൻ അതും പറഞ്ഞ് റൂമിലേക്ക് പോയി.

അധികം താമസിക്കാതെ അകത്ത് നിന്ന് ഒരു അയ്യോ വിളി കേട്ടു. അതോടെ ഇനി അവിടെ നിന്നാൽ ഒരു കൊലപാതകത്തിന് സാക്ഷി പറയേണ്ടി വരും എന്ന് മനസ്സിലാക്കിയ അപ്പു നിസായി അച്ചൂനോട് യാത്ര പറഞ്ഞ് അവിടെ നിന്ന് മുങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റൂമിലേക്ക് ആടി പാടി പോവുന്ന വഴിക്കാണ് മുകളിലെ സെറ്റിയിൽ ഇരുന്ന് തമ്മിൽ തമ്മിൽ പുച്ഛിക്കുന്ന ലിയയെയും അനുവിനെയും കാണുന്നതും. കാണുന്നവർക്കെല്ലാം രണ്ടും പുച്ഛത്തിന്റെ അംബാസിഡർമാരാണ് എന്ന് തോന്നും അമ്മാതിരി പുച്ഛിക്കലാണ്. ഇതിന് വീട്ടിലും പോവണ്ടേ???? ഏതെങ്കിലും ബന്ധുവീട്ടിൽ ഫങ്ക്ഷൻ ഉണ്ടെന്ന് അറിഞ്ഞാൽ അപ്പൊ കുറ്റീം പറിച്ച് പോന്നോളും ഇതുപോലെ ഓരോന്ന്. മനസ്സിൽ ആലോചിച്ചു കൊണ്ട് രണ്ടിനെയും നോക്കി അറഞ്ചം പുറഞ്ചം പുച്ഛം വാരി വിതറി അവൾ മുറിയിലേക്ക് നടന്നു. ഫോണിലെ സംസാരം അവസാനിപ്പിച്ച് തിരിഞ്ഞു നോക്കിയ അച്ചു കാണുന്നത് വാ നിറച്ച് ആരെയോ ചീത്ത വിളിച്ചോണ്ട് വരുന്ന എമിയെയാണ്.

അവളുടെ വീർത്ത മുഖവും ചുണ്ട് കൂർപ്പിച്ചുള്ള പിറുപിറുക്കലും കണ്ടവന് ചിരിയാണ് വന്നത്. ഒന്ന് അമർത്തി ചിരിച്ചുകൊണ്ടവൻ കബോർഡിൽ നിന്നൊരു ഷർട്ട്‌ എടുത്തിട്ടു. എന്താടാ??? ആരെയാ ഇത്ര കാര്യായിട്ട് പ്രാകുന്നത്????? ഷർട്ടിന്റെ ബട്ടൺ ഓരോന്നായി ഇട്ട് അവളിലേക്ക് നടന്നടുത്തുകൊണ്ടവൻ ചോദിച്ചു. വേറാര്???? ആ ലിയ ഭൂതം തന്നെ. വീട്ടിൽ പോലും പോവാതെ ഇവിടെ കടിച്ചു തൂങ്ങി കിടക്കുവല്ലേ ഹും..... അവൾ ചുണ്ട് കോട്ടി. അവനൊരു ചിരിയോടെ അവളുടെ തലയിൽ തട്ടി. തലയും തിരുമി അവനെ കൂർപ്പിച്ച് നോക്കുമ്പോഴാണ് അവൻ എങ്ങോട്ടോ പോവാൻ തയ്യാറെടുക്കുന്നത് കണ്ടത്. അല്ല ഇതെങ്ങോട്ടാ????? അവൾ നെറ്റി ചുളിച്ച് അവനെയൊന്ന് നോക്കി. ഡിജിപി സിദ്ധാർഥ് സർ വിളിച്ചിരുന്നു ഒന്ന് കോർട്ടേഴ്സ് വരെ ചെല്ലാൻ പറഞ്ഞു. എന്തെങ്കിലും അത്യാവശ്യ കാര്യത്തിനായിരിക്കും ഫോണിലൂടെ പറയാൻ പറ്റാത്ത കാര്യങ്ങളൊക്കെ സർ അങ്ങോട്ട്‌ വിളിപ്പിച്ചാ സാധാരണ പറയാറ്. ഒരു പുഞ്ചിരിയോടെ പറഞ്ഞവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

വേഗം വരുവോ???? വാടിയ മുഖത്തോടെ അവളവനെ നോക്കി. വരാടി..... അതും പറഞ്ഞവൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ച് കവിളിൽ ചുണ്ട് ചേർത്തു. വരുമ്പൊ എന്തെങ്കിലും വാങ്ങിയിട്ട് വരണോ???? മ്മ്മ്മ്..... ഒന്നും വേണ്ട എന്തെങ്കിലും വേണമെങ്കിൽ ഞാൻ വിളിച്ചു പറഞ്ഞോളാം. വല്ല മിട്ടായിയോ ഐസ്ക്രീമോ വല്ലതും ആയിരിക്കും അല്ലാതെ എന്റെ കൊച്ച് വേറൊന്നും ചോദിക്കില്ലല്ലോ. അത് കേട്ടവൾ ഒന്ന് ഇളിച്ചു. ശരി ഞാനെന്നാൽ ഇറങ്ങുവാ. ഞാനും വരുന്നു. അവന്റെ കയ്യിൽ തൂങ്ങി അവൾ പറഞ്ഞു. എങ്ങോട്ട്????? വരാന്ത വരെ. ഭർത്താവ് പോവുമ്പോൾ വാതിൽക്കൽ ചെന്ന് നിന്ന് ടാറ്റാ കൊടുക്കുന്നവർ ആണ് ഭാരതീയ സ്ത്രീകൾ എന്നറിയില്ല എന്നുണ്ടോ???? ഗൗരവത്തോടെ അവൾ പിരികം പൊക്കിയും താഴ്ത്തിയും അവൾ ചോദിച്ചു. ആണോ???? എങ്കിലേ ഉത്തമ ഭാര്യമാർ ചെയ്യുന്ന മറ്റൊരു കാര്യം കൂടിയുണ്ട് അതിതുവരെ ചെയ്തു തന്നില്ലല്ലോ???? ഒരു കള്ളചിരിയോടെ അവൻ പറയുന്നത് കേട്ടവൾ എന്തെന്നർത്ഥത്തിൽ അവനെ കൂർപ്പിച്ച് നോക്കി. മനസ്സിലായില്ലേ????? മ്മ്ച്ചും......

. ശരി ഞാൻ പറഞ്ഞു തരാം. അതും പറഞ്ഞവൻ അവളെ വട്ടം പിടിച്ച് കാതിൽ എന്തോ രഹസ്യമായി പറഞ്ഞു. അവൻ പറയുന്നത് കേട്ടതും അവൾ കണ്ണും തള്ളി നിന്നുപോയി. അവളുടെ നിൽപ്പ് കണ്ട് അവന് ചിരി പൊട്ടി. എന്തേ നടക്കുവോ????? ചുണ്ടിൽ ഊറിയ ചിരിയോടെ അവൻ ചോദിക്കുന്നത് കേട്ടതും അവൾ ഇല്ല എന്ന് തലയാട്ടി. അപ്പൊ പിന്നെ ഇനി ഇതുപോലെ ഉത്തമ ഭാര്യ കളിക്കാൻ നിക്കരുത്. നീ നീയായിട്ട് ഇരുന്നാൽ മതി കേട്ടോടി പൊടിക്കുപ്പി???? കവിളിൽ ഒന്ന് നുള്ളി അവൻ പറഞ്ഞതും അവൾ തലകുലുക്കി. എന്റെ കൊച്ചിന്റെ തലയിൽ ഇതുപോലുള്ള ചിന്ത ഒന്നും വരില്ല എന്നറിയാം അതുകൊണ്ട് ചോദിക്കുവാ ഈ ഉത്തമ ഭാര്യാവേഷം ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാ???? നിവിയുടെ. അവൻ ഇളിയോടെ പറഞ്ഞു. ആഹ് ബെസ്റ്റ്. അപ്പൊ അവൾ അപ്പുവിന് എന്തുകൊണ്ടും ചേരും. ബോധമില്ലാ പെണ്ണിന് ബുദ്ധിയില്ലാ ചെക്കൻ. അവന്റെ പറച്ചിൽ കേട്ട് അവൾ ചിരിച്ചുപോയി. നീ ചിരിക്കണ്ട.

ഇതുപോലെ വല്ല മണ്ടത്തരവും കേട്ട് അതുമായി എന്റെ അടുത്ത് വന്നാലുണ്ടല്ലോ ആ ചെവിയിൽ പറഞ്ഞത് ഞാനങ്ങ് പ്രാവർത്തികമാക്കും വേണോ???? അയ്യോ വേണ്ടായേ. ഉത്തമ ഭാര്യയവാനുള്ള എന്റെ ശ്രമം ഞാൻ ദേ ഇവിടെ ഉപേക്ഷിച്ചു. അവൾ തൊഴു കയ്യോടെ പറഞ്ഞു. അപ്പൊ എന്നെ യാത്രയാക്കാൻ പോരുന്നില്ലേ?????? ഞാനില്ല. അത് വേണ്ട എന്റെ കൊച്ച് ആഗ്രഹിച്ച് വന്നതല്ലേ ടാറ്റ തന്നിട്ട് പോരാം വാ..... അവനത് പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ അവന്റെ കയ്യിൽ തൂങ്ങി. അവളെയൊന്ന് നോക്കി അവൻ ചിരിയോടെ അവളുടെ ചുമലിലൂടെ കയ്യിട്ട് താഴേക്ക് നടന്നു. രണ്ട് മുറികളിൽ ഇപ്പൊ കാല് പിടുത്തം ആണെന്ന് അറിയാവുന്നത് കൊണ്ട് ആരോടും പറയാൻ പോയില്ല. എമിയെ നോക്കി കൈവീശി കാണിച്ചവൻ ബുള്ളറ്റും എടുത്ത് പോയി. അവൻ പോവുന്നതും നോക്കി അവൾ കുറച്ച് നേരം വരാന്തയിൽ നിന്നിട്ട് അവൾ അകത്തേക്ക് കയറി പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നിവിയും റോണിയും മറിയാമ്മയും കൂടി കോളേജ് വിട്ടതും ബസ്സ്റ്റോപ്പിൽ കാത്ത് നിൽപ്പാണ്. മറിയാമ്മയും നിവിയും ഒരേ റൂട്ട് ആയതിനാൽ ഇപ്പൊ ഒരുമിച്ചാണ് പോക്കും വരവും. എമിയുടെ കുറവ് ഉണ്ടെങ്കിലും ഒരാഴ്ച്ചക്കുള്ളിൽ അവൾ എത്തും എന്നറിയാവുന്നത് കൊണ്ട് ഒരു സന്തോഷമുണ്ട്.

ബസ് വരുന്ന വഴിയിലേക്ക് ഒന്ന് നോക്കി തിരിയുമ്പോൾ കാണുന്നത് ഒരു തൂണിന്റെ അപ്പുറവും ഇപ്പുറവും ചാരി നിന്ന് സൊള്ളുന്ന റോണിയേയും മറിയാമ്മയേയും ആണ്. ചെക്കൻ എന്തൊക്കെയോ അവളോട് പറയുന്നുണ്ട്. അവൾ ആണെങ്കിൽ നാണിച്ച് ചുവന്ന് തുടുത്ത് നിൽപ്പുണ്ട്. ഡേയ് ഡേയ് മതിയെടെ.... ഇനിയും നിന്ന് പഞ്ചാര അടിച്ചാൽ അവൾക്ക് ഷുഗർ വരും. നിവി കളിയാക്കി പറഞ്ഞു. ഇവൾക്ക് ഷുഗർ വന്നാൽ ഞാൻ സഹിച്ചു. നീ ആദ്യം കണ്ണ് കടിക്കുള്ള മരുന്ന് വാങ്ങാൻ നോക്ക്. റോണി അവളെ നോക്കി പുച്ഛിച്ചു. നിവി എന്തോ പറയാൻ ആഞ്ഞതും ബസ് വന്നിരുന്നു. അത് കണ്ടവൾ അവന്റെ വയറിൽ ഇടിച്ചിട്ട് മറിയാമ്മയേയും വലിച്ച് ബസ്സിലേക്ക് കയറി. റോണി വയറും തടവി നിന്നെ ഞാൻ എടുത്തോളാമെടി എന്ന ഭാവത്തിൽ പുറത്ത് നിന്ന് അവളെ നോക്കി. ഒരു കൊട്ട പുച്ഛം അവന് നേരെ എറിഞ്ഞവൾ ബസ്സിന്റെ കമ്പിയിൽ പിടിച്ചു നിന്നു. കോളേജ് പിള്ളേരുടെ തിരക്ക് കാരണം നിവിയും മറിയാമ്മയും രണ്ട് വശങ്ങളിൽ ആയിപ്പോയി. നിവി തോളിൽ കിടന്ന ബാഗ് ഊരി സീറ്റിൽ ഇരിക്കുന്ന ഒരു സ്ത്രീയുടെ കയ്യിൽ കൊടുത്ത് നിവർന്നു നിന്നു. ബസ് മുന്നോട്ട് ചലിച്ചു തുടങ്ങി. അവൾ പുറത്തെ കാഴ്ചകളിലേക്ക് നോക്കി അങ്ങനെ നിന്നു. ഡീ ഗുണ്ടുമണി........

കാതിനരികിലായി ആ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കവെ തൊട്ടടുത്തായി നിൽക്കുന്ന അപ്പുവിനെ കണ്ടതും അവളുടെ കണ്ണുകൾ അവിശ്വസനീയതയോടെ മിഴിഞ്ഞു. ഏഹ്.... ഇതെങ്ങനെ????? അവൾ വിശ്വാസം വരാതെ ചോദിച്ചു. ബൈക്ക് കംപ്ലയിന്റ് ആയി അതുകൊണ്ട് ബസ്സിൽ പോവാം എന്ന് കരുതി. എന്നിട്ട് ബൈക്ക് എവിടെ വെച്ചു???? ബൈക്ക് അടുത്തുള്ള ഒരു വർക്ക്‌ഷോപ്പിൽ കൊടുത്തിട്ട് പോന്നു നാളെ ചെന്ന് വാങ്ങണം. അതും പറഞ്ഞവൻ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു. അപ്പോഴേക്കും കണ്ടക്ടർ വന്ന് ടിക്കറ്റ് എടുത്ത് പോയി. ഗുണ്ടുമണി എന്നും ഈ ബസ്സിനാണോ പോവുന്നത്????? കണ്ടക്ടർ പോയതും ഒരു ചിരിയോടെ അവൻ ചോദിക്കവെ അവൾ മുഖം വീർപ്പിച്ചു. എന്നെ എന്തിനാ അങ്ങനെ വിളിക്കുന്നത്????? എനിക്കത് ഇഷ്ടാവുന്നില്ലാട്ടോ. ചുണ്ട് കൂർപ്പിച്ച് അവൾ പറയുന്നത് കേട്ടവൻ ചിരിച്ചു. പിന്നെ ഗുണ്ടുമണിയെ ഗുണ്ടുമണി എന്നല്ലാതെ സ്ലിം ബ്യൂട്ടി എന്ന് വിളിക്കണോ???? അവൻ കളിയാക്കി ചിരിച്ചു. അത് കൂടി ആയപ്പോൾ അവൾ ദേഷ്യത്തിൽ മുഖവും വീർപ്പിച്ച് മുഖം തിരിച്ച് നിന്നു. ഏയ്..... നിവീ....... ഡാ........ അവൻ അവളെ തോണ്ടി വിളിക്കാൻ തുടങ്ങി. അവിടെ നോ റെസ്പോൺസ്.

അവൻ പയ്യെ അടുത്തുള്ള സീറ്റിലേക്ക് ചാരി നിന്ന് തിരിഞ്ഞു നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കാൻ ശ്രമിച്ചു. നിവിയെ എത്തി നോക്കുന്നതിനിടിയിൽ ചാരി നിന്ന സീറ്റിൽ ഇരുന്ന ഒരു പെണ്ണിനെ അറിയാതെ അവനൊന്ന് തട്ടി. അങ്ങോട്ട്‌ മാറി നിക്കെടാ അലവലാതി. അവൻ പെണ്ണുങ്ങളെ മുട്ടിയുരുമാൻ വന്നിരിക്കുന്നു. ചാടി എഴുന്നേറ്റുള്ള ആ പെണ്ണിന്റെ അലറൽ കേട്ട് കിളിപോയി നിൽക്കുകയാണ് അപ്പു. നിവിക്ക് അപ്പോഴേക്കും ഏകദേശ കാര്യങ്ങൾ പിടികിട്ടി. ആ പെണ്ണിന്റെ വിളിച്ചു കൂവൽ കേട്ടതും ഓരോരുത്തരായി അവന് നേരെ എഴുന്നേൽക്കാൻ തുടങ്ങി. എന്താ മോനെ കുറേ നേരം ആയല്ലോ നിന്റെ സൂക്കേട് തുടങ്ങിയിട്ട്. ഞങ്ങൾ മാറ്റി താരാടാ നിന്റെ അസുഖം. ബസ്സിൽ നിന്നൊരു തടിമാടൻ മുന്നോട്ട് വന്നു. അപ്പുവാണെങ്കിൽ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്താ ഇപ്പൊ ഇവിടെ നടന്നേ എന്ന കണക്ക് നിൽപ്പാണ്. ചേട്ടാ.... ചേട്ടാ.... ഒന്നും ചെയ്യല്ലേ. ഇതെന്റെ അമ്മാവന്റെ മകനാണ്. ആളൊരു രോഗിയാണ്. ഇടയ്ക്കിടെ തലകറക്കം വരും അതുകൊണ്ട് അറിയാതെ ആ ചേച്ചിയുടെ മേലേക്ക് ചാഞ്ഞതാ അല്ലാതെ മനഃപൂർവം അല്ല. ഒന്ന് ക്ഷമിക്കണേ ചേട്ടാ..... പ്രശ്നം രൂക്ഷമാവും മുന്നേ നിവി ഇടപെട്ടതും അവിടെ നിന്നവരെല്ലാം അവനെ സഹതാപത്തോടെ നോക്കി.

അയ്യോ സോറി ചേട്ടാ പെട്ടെന്ന് ദേഹത്ത് തട്ടിയപ്പോൾ ഞാൻ അറിയാതെ പറഞ്ഞു പോയതാ. ആ പെൺകുട്ടി സങ്കടത്തോടെ അവനെ നോക്കി. ഏയ് സാരമില്ല. ക്ഷമിക്കണം മോനെ അസുഖം ഉള്ള ആളാണ് എന്നറിഞ്ഞില്ല. ഈ മോൾ പറഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങൾ എല്ലാവരും കൂടി മോനെ തെറ്റിദ്ധരിച്ചേനെ. ആ തടിമാടൻ ചേട്ടൻ സഹതാപത്തോടെ അവന്റെ ചുമലിൽ തട്ടി. അപ്പുവിന്റെ കിളികൾ അപ്പോഴും ഓൺ ദി എയർ ആയത് കൊണ്ട് ചുമ്മാ ഒന്ന് തലയാട്ടി. അവന്റെ നിൽപ്പും ആൾക്കാരുടെ പറച്ചിലും കേട്ട് തികട്ടി വന്ന ചിരി ഒരുവിധത്തിൽ അടക്കി പിടിച്ച് അവൾ നിന്നു. പിന്നെ ഓരോരുത്തരായി അവനോട് ക്ഷമ ചോദിക്കാൻ തുടങ്ങി. പാടില്ലാത്ത ആളാണെന്ന് കരുതി അവരെല്ലാം കൂടി ഒരു സീറ്റിൽ അവനെ പിടിച്ചിരുത്തി. ചുണ്ട് കടിച്ച് പിടിച്ച് നിവി അതെല്ലാം നോക്കി നിന്നു. ഇനിയും ചിരി അടക്കി വെക്കാൻ കഴിയില്ല എന്ന സ്ഥിതി ആയപ്പോഴേക്കും ബസ് അവളുടെ സ്റ്റോപ്പിൽ എത്തിയിരുന്നു അപ്പുവിനെ ഒന്ന് നോക്കിയിട്ട് അവൾ വേഗത്തിൽ ബസ്സിൽ നിന്നിറങ്ങി. അവളിറങ്ങി ബസ് മുന്നോട്ട് എടുത്തതും അതുവരെ അടക്കി പിടിച്ച ചിരി അവൾ പുറത്ത് വിട്ടു. അന്യഗ്രഹ ജീവികളുടെ ഇടയിൽ പെട്ടത് പോലെയുള്ള അപ്പുവിന്റെ നിൽപ്പ് ഓർത്ത് പരിസരം മറന്നവൾ പൊട്ടിചിരിച്ചു പോയി.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story