ഹൃദയതാളമായ്: ഭാഗം 68

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് നടക്കുമ്പോഴുണ്ടാവുന്ന ഞെട്ടൽ അതായിരുന്നു സത്യത്തിൽ എല്ലാവരുടെയും അപ്പോഴത്തെ അവസ്ഥ. ഇപ്പൊ ചെന്ന് അവൾക്ക് കൊടുത്ത മുറി പരിശോധിച്ചാൽ വല്ല കഞ്ചാവോ മറ്റോ അവിടെ നിന്ന് കിട്ടാൻ സാധ്യതയുണ്ട്. അല്ലാതെ ഒരു മനുഷ്യൻ ഇങ്ങനെ മാറുവോ???? ഏതോ കൂടിയ ഇനം വലിച്ചു കേറ്റി തലക്ക് പിടിച്ചതാവാനാണ് സാധ്യത. എന്തോ വലിയ കണ്ടുപിടുത്തം പോലെ എമി പറഞ്ഞതും എല്ലാവരും ചിരിച്ചു പോയി. ചിലപ്പൊ വല്ല മാനസാന്തരവും വന്നതാവും. റിയ അവളെ നോക്കി പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് മനസാന്തരം ഒക്കെ വരുവോ????? ചിലപ്പൊ വരുമായിരിക്കും. നീയത് വിടെന്റെ മോളെ എന്നിട്ട് പോവാൻ നോക്ക്. റിയ അവളുടെ തോളിൽ തട്ടി പറഞ്ഞതും അവളൊന്ന് ചിരിച്ച് അച്ചുവിന് നേരെ തിരിഞ്ഞു. പോവാം....... അവൻ പറയുന്നത് കേട്ടവൾ തലയാട്ടി. അച്ചു പോർച്ചിൽ നിന്ന് ബുള്ളറ്റ് എടുത്തതും അവൾ കയറാനായി ഓടി ചെന്നു. അവൻ കലിപ്പിച്ച് ഒന്ന് നോക്കിയതും കാര്യം പിടികിട്ടിയത് പോലെ അവൾ അതേ സ്പീഡിൽ തിരിഞ്ഞോടി അകത്ത് നിന്ന് ഹെൽമെറ്റ്‌ എടുത്തു വെച്ചുകൊണ്ട് വന്ന് അവന് പിന്നിൽ കയറി.

അവനെ വട്ടം പിടിച്ചവൾ ഇരുന്നതും എല്ലാവരെയും ഒന്ന് നോക്കി അവൻ വണ്ടി മുന്നോട്ട് എടുത്തു. എമി തിരിഞ്ഞ് എല്ലാവരെയും നോക്കി കൈവീശി കാണിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വണ്ടി മുന്നോട്ട് പോവുമ്പോഴും എമിയുടെ ചിന്തകളിൽ മുഴുവൻ ലിയയുടെ പ്രകടനങ്ങൾ ആയിരുന്നു. ഇന്നലെ വരെ പുച്ഛിച്ചു നടന്നവൾ ഇന്ന് വന്ന് ഇജ്ജാതി ഡയലോഗ് ഡെലിവറി ഒക്കെ നടത്തി മാപ്പ് ചോദിക്കുന്നതിൽ എന്തോ ഒന്നില്ലേ????? എന്തോ അവളുടെ മാറ്റം അങ്ങോട്ട്‌ ഡൈജസ്റ്റ് ആവുന്നില്ല. ആദ്യമായി പരിചയപ്പെട്ടപ്പോഴുള്ള അവളുടെ പെരുമാറ്റം, സംസാരം അതൊക്കെ വെച്ച് നോക്കുമ്പോൾ എവിടെയോ ഒരു അസ്വാഭാവികത പോലെ. Something is wrong about her. മനസ്സിൽ ചിന്തിച്ചു കൊണ്ടവൾ അച്ചുവിനോട് കൂടുതൽ ചേർന്നിരുന്ന് അവന്റെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു. അതേ....... ഈ ലിയക്ക് ഇച്ചായനോട് എന്തെങ്കിലും രീതിയിലുള്ള അടുപ്പമോ മറ്റോ ഉണ്ടായിരുന്നോ???? I mean any kind of love?????? What???????? പെട്ടെന്നുള്ള അവളുടെ ചോദ്യത്തിന്റെ ഞെട്ടലിൽ അവന്റെ സ്വരം ഉയരുന്നതിനനുസരിച്ച് വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്തു. നടുറോഡിൽ വണ്ടി ബ്രേക്ക് ചെയ്തതും പുറകെ വന്ന വാഹനങ്ങൾ എല്ലാം ചീത്ത വിളിയോടെ അവരെ കടന്നുപോയി.

അവരുടെല്ലാം സോറി പറഞ്ഞവൻ വണ്ടി മുന്നോട്ട് എടുത്തു. അതിനിടയിൽ അവളെ കലിപ്പിച്ചൊന്ന് നോക്കി. അവന്റെ നോട്ടം കണ്ടതും അവൾ തല താഴ്ത്തി. എനിക്കിത് എന്നാത്തിന്റെ കേടായിരുന്നു എന്റെ മാതാവേ........ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടുവൾ ഇരുന്നു. വണ്ടി എവിടെയോ ഒതുക്കി നിർത്തിയത് അറിഞ്ഞതും അവൾ സംശയത്തോടെ തലയുയർത്തി നോക്കി. ആളൊഴിഞ്ഞ ഒരിടത്താണ് നിർത്തിയത് എന്ന് കണ്ടതും അവൾ ചുറ്റിനും ഒന്ന് നോക്കി അവന് നേരെ തിരിഞ്ഞു. ഇറങ്ങ്........ ഗൗരവത്തിൽ അവൻ പറയുന്നത് കേട്ടവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. ഡീ നിന്നോടാ ഇറങ്ങാൻ......... അവനൊന്ന് കടുപ്പിച്ച് പറഞ്ഞതും അവൾ വേഗം തന്നെ ഇറങ്ങി. ഇനി എന്നെ ഇവിടെ കളയാൻ കൊണ്ടുവന്നത് എങ്ങാനും ആണോ????? വിജനമായ പരിസരമാകെ നോക്കി അവൾ ആലോചിച്ചു. എന്താ നിന്റെ ഉദ്ദേശം?????? പരിസരപഠനം നടത്തി കൊണ്ടിരിക്കുമ്പോഴാണ് അവളാ ചോദ്യം കേൾക്കുന്നത്. മുന്നോട്ട് നോക്കുമ്പോൾ കയ്യും കെട്ടി വണ്ടിയിൽ തന്നെ ഇരിക്കുകയാണവൻ.

ഇപ്പൊ ഇങ്ങനെ ഒരു ചോദ്യത്തിന്റെ പ്രസക്തി എന്താ????? ഗൗരവം വിടാതെ അവൻ ചോദിച്ചു. അത് പിന്നെ അവളുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി. ഞാനെന്തോ മോശം പോലെ ആണ് സംസാരം മുഴുവൻ. അതേ സമയം ഇച്ചായൻ ആനയാണ് ചേനയാണ് നിങ്ങളുടെ തീരുമാനങ്ങൾ എല്ലാം എന്തോ വലിയ സംഭവമാണ് അങ്ങനെ മറ്റും. ഞാൻ എന്തോ നിങ്ങളുടെ പുറകെ നടന്ന് എന്നെ കെട്ടണേ എന്നെ കെട്ടണേ എന്ന് പറഞ്ഞ് നടന്നത് പോലെയാ അവളുടെ വർത്താനം മുഴുവനും. അതും പോരാഞ്ഞിട്ട് രാവിലെ വന്നൊരു കുമ്പസാരവും. എല്ലാം കൂടി കൂട്ടി ആലോചിച്ചപ്പോൾ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ അതാ ചോദിച്ചത്. മുഖം വീർപ്പിച്ചു കൊണ്ടുള്ള അവളുടെ സംസാരം കേട്ടവന് ചിരിയാണ് വന്നത്. എന്റെ പൊന്ന് കൊച്ചേ നീയത് ഇതുവരെ വിട്ടില്ലേ????? ചിരിയോടെ അവൻ ചോദിച്ചതും അവൾ ഒന്നുകൂടി മുഖം വീർപ്പിച്ചു വെച്ചു. ഹാ പിണങ്ങാതെ........ അവൾക്ക് എന്നോട് അങ്ങനെ എന്തെങ്കിലും ഉണ്ടായതായിട്ട് എനിക്കിതുവരെ ഫീൽ ചെയ്തിട്ടില്ല.

എന്റെ ഓർമ്മ ശരിയാണെങ്കിൽ അവളെ കാണുന്നത് തന്നെ വളരെ ചുരുക്കമായിരുന്നു. ലിയക്ക് താഴെ രണ്ട് അനിയത്തിമാർ ആണ്. ആന്റി പ്രസവിച്ചു കിടന്നപ്പോഴും മറ്റുമായി അവളെ അമ്മവീട്ടുകാർ ആയിരുന്നു നോക്കിയിരുന്നത് അതുകൊണ്ട് തന്നെ അവൾക്ക് അവരോട് ആയിരുന്നു കൂടുതൽ അറ്റാച്ച്മെന്റ്. ഏറെക്കുറെ പഠിച്ചതും വളർന്നതും എല്ലാം അമ്മ വീട്ടിൽ നിന്നായിരുന്നു. വല്ലപ്പോഴും ഫങ്ക്ഷൻസിനാണ് അവളെ കാണാൻ കഴിയുന്നത്. തമ്മിൽ കാണുമ്പോൾ ചിരിക്കും എന്നല്ലാതെ മറ്റൊരു ബന്ധവുമില്ല. അതിന് ശേഷം പിന്നെ ഈയിടെ ആയിരുന്നു അവൾ അപ്പന്റെ ഫാമിലി റിലേറ്റീവ്സുമായി അടുത്തതും മറ്റും. പക്ഷെ ഞങ്ങൾ കസിൻസിന് അവളെ ഒട്ടും ഇഷ്ടമല്ലായിരുന്നു കാര്യം അവളുടെ സ്വഭാവം തന്നെ. എല്ലാവർക്കും മുന്നിൽ അവൾ നല്ലവളായ ഉണ്ണി ഞങ്ങൾ ഒക്കെ ഏതാണ്ട് പുറംപോക്കും. ഞങ്ങളോട് ഒന്ന് മര്യാദക്ക് സംസാരിക്കാറ് കൂടിയില്ല. കണ്ടാൽ തന്നെ ചൊറിയണ വർത്തമാനം മാത്രേ വായിൽ നിന്ന് വരൂ.

അങ്ങനെ ഞാനും ചേട്ടായീം കൂടി അവൾക്ക് ഇട്ട പേരാണ് ചൊറിയൻ പുഴു. പിന്നെ നിന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞത് നിന്നെ വെറുതെ ചൊറിയാൻ വേണ്ടിയിട്ടായിരിക്കും. ഇതുപോലെ തന്നെ ആയിരുന്നു അവൾ ഏട്ടത്തിയോടും പെരുമാറിയിരുന്നതും. ഇതുപോലെ എന്നല്ല ഏട്ടത്തി ഒരു അയ്യോ പാവം ആയത് കൊണ്ട് നിന്നെ പറഞ്ഞതിന്റെ ഒരു നാലിരട്ടി ഏട്ടത്തിയെ പറഞ്ഞിട്ടുണ്ട്. നീ ഇപ്പൊ ചിന്തിച്ചത് പോലെ ചിന്തിക്കാനാണെങ്കിൽ അവൾക്ക് ചേട്ടയോടും എന്തോ ഉണ്ടെന്നല്ലേ????? അവൻ അത് ചോദിക്കുമ്പോഴാണ് അവളും അതിനെ പറ്റി ചിന്തിക്കുന്നത്. ശരിയാണല്ലോ അവൾക്ക് എന്നെ മാത്രമല്ല ഏട്ടത്തിയെയും കണ്ണെടുത്താൽ കണ്ടുകൂടാ. അത് മാത്രമോ അതേ ഗണത്തിൽ പെട്ട അനുവിനെ പോലും കണ്ണിന് പിടിക്കില്ല. ഒരു നെടുവീർപ്പോടെ ആലോചിച്ചവൾ അവനെ നോക്കി. ഇതിനും വേണ്ടി കുനഷ്ട്ട് ചിന്തകൾ ഇതെവിടുന്ന് വരുന്നു????? അത് പിന്നെ പെട്ടെന്നുള്ള അവളുടെ പെരുമാറ്റം കണ്ടപ്പൊ അവൾക്ക് എന്തോ ഒരു ഇന്റൻഷൻ ഉള്ളത് പോലെ തോന്നി അതാ.......

അതും പറഞ്ഞവൾ ഒന്ന് ഇളിച്ചു. എന്ത് ഇന്റൻഷൻ???? ഇനി അവളെ ഇനി ഒന്ന് ഇതുപോലെ കാണണമെങ്കിൽ ഒന്നുകിൽ ഏതെങ്കിലും ഫാമിലി ഫങ്ക്ഷൻ വരണം അല്ലെങ്കിൽ അനുവിന്റെ കല്യാണം അതല്ലാതെ വേറെ ഒരു തരത്തിലും അവളെ കാണാനുള്ള സാഹചര്യം ഉണ്ടാവില്ല പിന്നെന്തിന് നമ്മൾ വെറുതെ വേണ്ടാത്തത് ചിന്തിക്കണം????? എന്നാലും.......... ഒരെന്നാലുമില്ല. അവൾ മാറിയാലും മാറിയില്ലെങ്കിലും നമുക്ക് ഒന്നൂല്ല. ഇനി വീണ്ടും അവൾ എന്തെങ്കിലും പണിയായിട്ട് വന്നാൽ തിരിച്ച് പതിനാറിന്റെ പണി കൊടുക്കാൻ നമുക്കറിയാം അതുകൊണ്ട് വെറുതെ എന്റെ കൊച്ച് അതുമിതും ചിന്തിച്ച് തല പുകയ്ക്കണ്ട. രാവിലെ മുതൽ വയറ് കാലിയല്ലേ അതുകൊണ്ടാണ് ഇങ്ങനത്തെ ചിന്തകൾ വരുന്നത് കേട്ടിട്ടില്ലേ വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവും അതുകൊണ്ട് പൊന്നുമോൾ വണ്ടിയിൽ കയറാൻ നോക്ക് ഗീതൂസിന്റെ അടുത്ത് പോയി നല്ല ഒന്നാന്തരം നെയ്റോസ്റ്റ് കഴിക്കാം. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവനത് പറഞ്ഞതും അതേ ചിരി അവളിലേക്കും പടർന്നു.

ഒരു ചിരിയോടെ തിരികെ വണ്ടിയിലേക്ക് കയറിയിരിക്കുമ്പോൾ ഉള്ളം ശാന്തമായിരുന്നു. ഇനി വല്ലപ്പോഴും കാണാൻ മാത്രം ഇടയുള്ള ആളെ കുറിച്ച് ചിന്തിച്ച് എന്തിന് ഉള്ള സമാധാനം കളയണം???? ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് വേണ്ടത്. മനസ്സിൽ ചിന്തിച്ചു കൊണ്ടവൾ അവന്റെ ചുമലിൽ തല ചേർത്തിരുന്നു. തഴുകി തലോടി പോവുന്ന കാറ്റിൽ അതുവരെ നിലനിന്നിരുന്ന അസ്വസ്ഥതകൾ എല്ലാം അലിഞ്ഞില്ലാതായി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അപ്പുവിന്റെ വീട്ടിൽ എത്തിയതും വണ്ടി പുറത്ത് വെച്ച് ഇരുവരും അകത്തേക്ക് കയറി. അകത്ത് കയറിയതും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഡൈനിങ്ങ് ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് എടുത്തു വെക്കുന്ന ഗീതയെ കണ്ടതും അവർ പരസ്പരം ഒന്ന് നോക്കി. കണ്ണുകളിൽ കുറുമ്പിനൊപ്പം ഇരുവരുടെയും ചുണ്ടിൽ ഒരു കുസൃതി ചിരി വിടർന്നു. മെല്ലെ ശബ്ദമുണ്ടാക്കാതെ അവരെ പിന്നിൽ നിന്ന് ഇരുവശങ്ങളിലായി പുണർന്നു. ഗീതൂസേ........ കൊഞ്ചലോടെയുള്ള വിളിക്കൊപ്പം അവരുടെ ഇരുചുമലിലും അവർ തല ചേർത്ത് വെച്ചു.

മനുഷ്യൻ ഇപ്പൊ പേടിച്ച് ചത്തേനെ. രണ്ടിനും കുറുമ്പ് കൂടുന്നുണ്ട്....... പറയുന്നതിനൊപ്പം രണ്ടുപേരുടെയും ചെവിയിൽ മെല്ലെ പിടിച്ചു. മറുപടിയായി പൊട്ടിച്ചിരിച്ചു കൊണ്ടവർ അവരുടെ ഇരുകവിളിലും ചുണ്ട് അമർത്തി. എന്താ വൈകിയത് ഞാൻ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് സമയം എത്രയായെന്നോ???? പരിഭവത്തോടെ അവർ പറഞ്ഞു. എന്റെ പൊന്ന് ഗീതൂസേ ഈ ഉറക്കപ്രാന്തി ഒന്ന് എഴുന്നേറ്റിട്ട് വേണ്ടേ ഇറങ്ങാൻ. കുംഭകർണ്ണനെ തോൽപ്പിക്കും വിധമാ ഇവിടെ ഓരോരുത്തരുടെ ഉറക്കം. അത് കേട്ടതും അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു. ഡാ വേണ്ടാ..... എന്റെ കുഞ്ഞിനെ വെറുതെ കളിയാക്കാൻ നിക്കണ്ട. എമിയെ ചേർത്ത് പിടിച്ചവർ പറഞ്ഞതും അവൾ അവനെ നോക്കി നാക്ക് നീട്ടി കാണിച്ചു. അല്ല അപ്പു എന്തേ കണ്ടില്ലല്ലോ???? ഡാ അപ്പൂ....... അവന്റെ റൂമിലേക്ക് നോക്കി അച്ചു വിളിച്ചു കൂവി. ദേ വരുന്നെടാ........ മറുപടിക്കൊപ്പം അവൻ റൂമിൽ നിന്നിറങ്ങി സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നു.

നിന്നെ കാണാനില്ല കാണാനില്ല എന്ന് പറഞ്ഞ് ഇവിടെ ഒരാൾ സ്വൈര്യം തരാഞ്ഞിട്ട് ഫോണെടുത്ത് നിന്നെ വിളിക്കാനായിട്ട് കയറിയതാ. അതും പറഞ്ഞവൻ എമിയുടെ തലയിൽ ഒന്ന് കൊട്ടി. മറുപടിയായി അവൾ അവന്റെ വയറിൽ ഇടിച്ചു. എന്റെ അമ്മേ......... ഇടിയുടെ പവറിൽ അവൻ വയറ്റിൽ കൈ വെച്ച് നിലവിളിച്ചു. എടാ ഇത് കണ്ടാടാ ഈ കുരിപ്പ് എന്നെ ഇടിച്ചത്?????? അച്ചൂനോട് ആണ് പറഞ്ഞതെങ്കിലും അതിന് മറുപടി പറഞ്ഞത് ഗീതയായിരുന്നു. കണക്കായിപ്പോയി വെറുതെ നിന്ന കൊച്ചിന്റെ തലയിൽ കൊട്ടാൻ നിന്നോട് ആരെങ്കിലും പറഞ്ഞോ???? വന്ന ഉടനെ അതിനോട് തല്ല് കൂടാൻ പൊയ്ക്കോണം. അതും പറഞ്ഞവർ അവന്റെ കയ്യിൽ അടിച്ചു. അല്ല എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ ഇതിപ്പൊ ഞാനാണോ അതോ ഇവളാണോ അമ്മയുടെ സന്താനം????? തല്ക്കാലം ഇപ്പൊ ഇവളാണ് എനിക്ക് വലുത് വെറുതെ നിന്ന് വാചകം അടിക്കാതെ വല്ലതും തിന്നണമെങ്കിൽ വന്നിരിക്കാൻ നോക്ക്. അവനെ നോക്കി ചുണ്ട് കോട്ടി അവർ അടുക്കളയിലേക്ക് നടന്നു.

അവരുടെ പോക്ക് നോക്കി ഏതാണ്ട് പോയ ആരെയോ പോലെ അവൻ നിന്നു. അവന്റെ നിൽപ്പ് കണ്ട് അച്ചുവും എമിയും വാ പൊത്തി ചിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഗീത കൊണ്ടുവന്ന് വെച്ച നല്ല മൊരിഞ്ഞ ചൂട് നെയ് റോസ്റ്റ് കീറിയെടുത്ത് ചമ്മന്തിയിലും സാമ്പാറിലും മുക്കി വായിലേക്ക് വെച്ചു. എരിവും പുളിയും നെയ്യുടെ രുചിയും എല്ലാം നാവിൽ അറിഞ്ഞതും വായിൽ കപ്പലൊടിക്കാൻ പാകത്തിന് വെള്ളം ഊറി. എന്റെ ഗീതൂസേ ഒരു രക്ഷേം ഇല്ല അടിപൊളി........ പറയുന്നതിനൊപ്പം അവൾ അവരുടെ കവിളിൽ മുത്തി. ഗീതൂസിന്റെ മാസ്റ്റർപീസ് ഐറ്റം ആണിതെന്ന് ഇച്ചായൻ പറഞ്ഞപ്പൊ ഞാൻ ഇത്ര കരുതിയില്ലാട്ടോ. എന്നാ ഒരു ടേസ്റ്റാ. കൊതിയോടെ കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. ഇതൊന്നും ഒന്നുമല്ല മോളെ അമ്മ ഒരു സ്പെഷ്യൽ ടൈപ്പ് ബിരിയാണി ഉണ്ടാക്കും. അതിന്റെ മണം ഒന്നടിച്ചാൽ ഉണ്ടല്ലോ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല. അപ്പു പറയുന്നത് കേട്ട് ആണോ എന്നർത്ഥത്തിൽ അവളൊന്ന് നോക്കിയതും അവർ ചിരിച്ചു കാണിച്ചു.

നിവിയുടെ ഒരു ഭാഗ്യം കെട്ടി വന്നാൽ ദിവസവും ഇതുപോലെ വെറൈറ്റി ഫുഡ് കഴിക്കാലോ?????? പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൾക്ക് ബോധം വന്നത്. അവൾ നാക്ക് കടിച്ച് അവരെ നോക്കി. മ്മ്മ്മ്.... ഒന്നും മറയ്ക്കണ്ട ഞാനെല്ലാം അറിയുന്നുണ്ട്. അതിന് മറുപടിയായി അവൾ ചിരിച്ചു കാണിച്ചു. ഞാനും പലതും അറിയുന്നുണ്ട്....... അച്ചു അത് പറഞ്ഞതും അവരെല്ലാം അവനെ നെറ്റി ചുളിച്ച് നോക്കി. ഞങ്ങളുടെ കെട്ടിന്റെ അന്ന് വേറെ ആരുടെയൊക്കെയോ കല്യാണം ഉറപ്പിച്ച വിവരം ഞാനറിഞ്ഞു. അപ്പുവിനെ ഒന്ന് നോക്കി അവനത് പറഞ്ഞപ്പോഴേക്കും ഗീത എല്ലാം കയ്യീന്ന് പോയി എന്ന രീതിയിൽ തലയിൽ കൈവെച്ചു പോയി. ആരുടെ കല്യാണം????? അപ്പു സംശയത്തോടെ ചോദിച്ചു. അച്ചു തിരികെ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും മുകളിൽ അപ്പുവിന്റെ ഫോൺ റിങ് ചെയ്തിരുന്നു. ഓഫീസിൽ നിന്നായിരിക്കും ഞാനൊന്ന് നോക്കട്ടെടാ........ അത്രയും പറഞ്ഞവൻ എഴുന്നേറ്റ് മുകളിലേക്ക് പോയി. അല്ല ഇച്ചായൻ ഇത് ആരുടെ കല്യാണകാര്യം ആണ് പറഞ്ഞത്????

അവൾ അപ്പു പോയ വഴിയേ നോക്കിയിരിക്കുന്ന അവന്റെ കയ്യിലൊന്ന് തട്ടി. വേറെ ആരുടെ അപ്പുവിന്റെ തന്നെ. അപ്പുവേട്ടന്റെയോ?????? അതിശയത്തോടെ അവളുടെ ശബ്ദമുയർന്നു. ആടി. നമ്മുടെ കല്യാണത്തിന്റെ അന്ന് നിവിയുടെ വീട്ടുകാരും ഉണ്ടായിരുന്നല്ലോ അന്ന് ഇരുകൂട്ടരും പഠിപ്പ് കഴിഞ്ഞ് രണ്ടിനെയും പിടിച്ചു കെട്ടിക്കാൻ തീരുമാനിച്ചു എന്നാണ് ഞാൻ അറിഞ്ഞത്. എന്നിട്ട് അവൾ ഇതുവരെ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ???? എമി പരിഭവത്തോടെ അതിൽപ്പരം സങ്കടത്തോടെ പറഞ്ഞു. അപ്പൊ ഇവനോ???? ഏത് നേരവും നിഴൽ പോലെ കൂടെ ഉണ്ടായിരുന്ന എന്നോട് ഒരു വാക്ക് ഈ പന്നി പറഞ്ഞില്ല. അതിന് അവർ ഇത് വല്ലതും അറിഞ്ഞിട്ട് വേണ്ടേ????? ഗീത പറയുന്നത് കേട്ടവർ സംശയത്തോടെ അവരെ നോക്കി. എന്നു വെച്ചാൽ???? അതായത് രണ്ടിന്റെയും കല്യാണം ഞങ്ങൾ ഉറപ്പിച്ച കാര്യം അവർ അറിഞ്ഞിട്ടില്ല. ഒരു സർപ്രൈസ് ആക്കി വെച്ചിരിക്കുവാ. അത് കേട്ട് രണ്ടുപേരും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി. അവരുടെ ഇരുപ്പ് കണ്ടതും ഗീത മുഴുവൻ പ്ലാനിങ്ങും വിവരിച്ചു.

ഗീതൂസേ ഇത് ഇച്ചിരി കടന്ന കയ്യല്ലേ???? കുറച്ച് നേരത്തേക്ക് അല്ലെ അച്ചൂ. ആ സമയത്ത് രണ്ടുപേരുടെയും മുഖത്ത് ഉണ്ടാവുന്ന സന്തോഷം നേരത്തെ പറഞ്ഞ് നടത്തിയാൽ കിട്ടൂല്ലല്ലോ. അത് കേട്ട് അവർക്കും ശരിയാണെന്ന് തോന്നി. സംഭവം ഒക്കെ അടിപൊളി ആണ്. പക്ഷെ സർപ്രൈസ് പൊളിയാൻ സാധ്യതയുണ്ട് ദേ ഇവൾ ഇപ്പൊ തന്നെ വേണേൽ പോയി നിവിയോട് പറഞ്ഞു കളയും. അയ്യടാ. ഞാനൊന്നും പറയാൻ പോവുന്നില്ല. അവർക്ക് രണ്ടുപേർക്കും സർപ്രൈസ് കൊടുക്കാൻ ഞാനും ഉണ്ട് കൂടെ. അതും പറഞ്ഞവൾ അച്ചൂനെ നോക്കി പുച്ഛിച്ചു. നിവിയോട് ഞാനൊന്നും പറയില്ല പക്ഷെ റോണിയോട് പറയാതിരിക്കാൻ പറ്റില്ല. അവൻ അറിയാത്ത രഹസ്യം ഒന്നും എനിക്കില്ല അതുകൊണ്ടാ. ആഹ് ബെസ്റ്റ്. അവനോട് പറയുന്നതിനേക്കാൾ നല്ലത് മനോരമയുടെ ഫ്രണ്ട് പേജിൽ കൊടുക്കുന്നതാ. ഇല്ല അവൻ ആരോടും പറയില്ല.

അതിന് ഞാൻ ഗ്യാരണ്ടി. അതും പറഞ്ഞവൾ ഗീതയുടെ കയ്യിൽ പിടിച്ചു ശരി ശരി സമ്മതിച്ചിരിക്കുന്നു പക്ഷെ ഒരു കാരണവശ്ചാലും അവർ രണ്ടുപേരും ഇതറിയാൻ പാടില്ല. അച്ചൂ നിന്നോട് കൂടിയാ ഞാൻ പറയുന്നത്. ഡബിൾ ഓക്കേ....... ഇരുവരും ചിരിയോടെ ഒരുമിച്ച് പറഞ്ഞു തീർന്നതും അപ്പു തിരികെ വന്നിരുന്നു. ആരായിരുന്നു????? അവൻ വന്നതും വിഷയം മാറ്റാൻ എന്നത് പോലെ അച്ചു ചോദിച്ചു. ഓഫീസിൽ നിന്നായിരുന്നു. നാളത്തെ ഒരു പ്രോജക്ടിന്റെ കാര്യം പറയാൻ വിളിച്ചതാ. പറയുന്നതിനൊപ്പം അവൻ ചെയറിലേക്ക് ഇരുന്നു. അല്ല നീ നേരത്തെ ആരുടെ കല്യാണ കാര്യാ പറഞ്ഞത്????? അത്.... അത് ഒന്നൂല്ലടാ നമ്മുടെ നിധിന്റെ കല്യാണമുറപ്പിക്കൽ ഞങ്ങളുടെ കെട്ടിന്റെ അന്നായിരുന്നല്ലോ അതാ പറഞ്ഞത്. ആണോ?????? ആഹ്.... അതേ അതേ അന്നായിരുന്നു. അല്ല നീയെന്താ ഇന്ന് ഓഫീസിൽ പോവാതിരുന്നത്?????

പതർച്ച മറച്ചു വെച്ചവൻ ചോദിച്ചു. നിന്റെ ഏത് കിളിയാടാ പോയി കിടക്കുന്നത്????? ഇന്നെനിക്ക് ഓഫ്‌ ആണെന്ന് ഇന്ന് രാവിലെ കൂടി ഞാൻ പറഞ്ഞതല്ലേ????? ശ്ശോ എന്റെ ഒരു കാര്യം ഞാൻ അതങ്ങ് മറന്നുപോയി. മ്മ്മ്മ്........... അപ്പു അമർത്തി ഒന്ന് മൂളി. ഇനി ഇരുന്നാൽ അവന് ഡൗട്ട് അടിക്കും എന്ന് ഉറപ്പായതും അച്ചു പതിയെ അവിടെ നിന്ന് എഴുന്നേറ്റു. നീ മതിയാക്കിയോടാ????? മതി ഗീതൂസേ വിശപ്പ് കെട്ടു. ഒരു ചിരിയോടെ പറഞ്ഞവൻ കൈ കഴുകാനായി പോയി. അധികം വൈകാതെ എമിയും നൈസായി എഴുന്നേറ്റു. ഇവർക്കിത് എന്തുപറ്റി എന്ന കണക്ക് അപ്പു അവരുടെ പോക്കും നോക്കി താടിക്ക് കയ്യും കൊടുത്തിരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story