ഹൃദയതാളമായ്: ഭാഗം 7

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എമി പോയ വഴിയേ കിളി പോയത് പോലെ നോക്കി നിൽക്കുകയായിരുന്നു അച്ചു. ഹഹഹ....... അയ്യോ എനിക്ക് ചിരി നിർത്താൻ വയ്യേ..... ഹഹഹഹ..... പുറകിൽ മുഴങ്ങുന്ന ചിരി കേട്ടവൻ തിരിഞ്ഞു നോക്കവെ വയറിൽ കൈവെച്ച് ചിരിയടക്കാൻ പാട് പെടുന്ന അപ്പുവിനെ നോക്കിയവൻ പല്ല് കടിച്ചു. മനസ്സിൽ സൂക്ഷിച്ചു വെച്ച പ്രണയം തുറന്ന് പറഞ്ഞ് എന്നെയാണ് ഇത്രയും നാൾ നീ തേടിയലഞ്ഞത് എന്ന് പറഞ്ഞ് പ്രൊപ്പോസ് ചെയ്യാൻ വന്നപ്പോൾ അവൾ ഇങ്ങോട്ട് വന്ന് ലെറ്റർ തന്നിരിക്കുന്നു അതും സ്വന്തം കൂട്ടുകാരിയുടെ. ഇതിലും ഗതികെട്ടവൻ വേറാരുണ്ട് ദൈവമേ..... ഹഹഹഹഹ ഹയ്യോ എനിക്ക് ചിരിക്കാൻ വയ്യേ. ഊരക്ക് കയ്യും കൊടുത്തവൻ പറയുന്നത് കേട്ട് അച്ചു മുഷ്ടി ചുരുട്ടി കലിപ്പിൽ അവനെ നോക്കി. അച്ചു കലിപ്പിൽ ആണെന്ന് കണ്ടതും അവൻ ഒരുവിധം ചിരിയടക്കി അവനെ നോക്കി. എന്തായാലും ലെറ്റർ കിട്ടിയ സ്ഥിതിക്ക് അത് വായിച്ചു നോക്കാതിരിക്കുന്നത് മര്യാദകേടല്ലേ ഇങ്ങ് താ ചേട്ടൻ വായിക്കാം. അവനാ കത്ത് കയ്യിൽ വാങ്ങി തുറന്നു. എൻ സ്വപ്നപുരുഷന്........ ഏഹ് സ്വപ്‍നപുരുഷനോ???? നീയെന്താടാ ഗന്ധർവ്വനോ??????

പറയുന്നതിനൊപ്പം അവൻ അച്ചുവിനെ ഒന്ന് ചൂഴ്ന്ന് നോക്കി. ഗന്ധർവ്വനല്ലെടാ നീയാ ചെവി ഇങ്ങ് കാണിക്ക് വിശദമായി പറഞ്ഞു തരാം. വോ വേണ്ട കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് പാടാനല്ലേ വേണ്ടാഞ്ഞിട്ടാ........ ചെവിയിൽ കയ്യിട്ടവൻ പറഞ്ഞു കൊണ്ട് കത്തിലേക്ക് നോട്ടം പായിച്ചു. നിങ്ങൾ ആരാണെന്നോ എന്താണെന്നോ ഒന്നും എനിക്കറിയില്ല, പക്ഷെ..... കണ്ടമാത്രയിൽ നിങ്ങളെന്റെ മനസ്സിന്റെ ഉള്ളറയിൽ സ്ഥാനം പിടിച്ചു. ആ ചിരിയിൽ മുഖത്ത് വിരിയുന്ന ഭാവങ്ങളിൽ ഇടയ്ക്കിടെ നെറ്റിയിലേക്ക് അടർന്ന് വീഴുന്ന മുടിയിഴകളിൽ ഞാൻ തന്നെത്തന്നെ മറന്ന് നോക്കി നിന്ന് പോയിട്ടുണ്ട്. അറിയില്ല ഒറ്റ നോട്ടത്തിൽ ഒരാളോട് പ്രണയം തോന്നുമോ എന്ന് ചിലപ്പോൾ നിങ്ങൾക്ക് വിശ്വസിക്കാനാവില്ല എന്നാൽ നിങ്ങളെ കണ്ടമാത്രയിൽ എന്നിൽ ആദ്യാനുരാഗം മുളപൊട്ടി. ഒരു മടങ്ങിവരവ് ആഗ്രഹിക്കാതെ എന്റെ മനസ്സ് ഇന്നും നിങ്ങളിൽ കുരുങ്ങി കിടക്കുന്നു. അങ്ങയുടെ ഹൃദയത്തിൽ എനിക്കായ് ഒരു ചെറിയ സ്ഥാനം കൊതിച്ചുകൊണ്ട് ഞാൻ കാത്തിരിക്കുകയാണ്. അനുകൂലമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

എന്ന്, അങ്ങയുടെ മറുപടിക്കായി കേഴുന്ന ഒരു പാവം ആരാധിക. കത്ത് വായിച്ചു തീർത്ത് കൊണ്ടവൻ അച്ചുവിനെ നോക്കി. എന്നാൽ അവന്റെ നോട്ടം അപ്പോഴും ഇടയ്ക്കിടെ തന്നെ തിരിഞ്ഞു നോക്കി അകത്തേക്ക് പോവുന്ന എമിയിൽ ആയിരുന്നു. ആഹ് നിന്റെ ഒക്കെ ഒരു യോഗമേ..... എത്രയെത്ര ആരാധികമാരാ???? എന്റെയൊക്കെ പുറകെ നടക്കാൻ ഒരു പൂച്ചകുഞ്ഞ് പോലുമില്ലല്ലോ എന്റെ ദേവീ......... ഇവന്റെ തലയിൽ വരച്ച വടികൊണ്ട് ഒരു ഏറെങ്കിലും കിട്ടിയിരുന്നെങ്കിൽ????? അവന്റെ രോദനം കേട്ട് അച്ചു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. വന്നൊണ്ടേൽ വാടാ അല്ലെങ്കിൽ ഇവിടെ വായിനോക്കി നിന്നോ????? കലിപ്പിൽ പറഞ്ഞു കൊണ്ടവൻ ചവിട്ടി തുള്ളി തന്റെ ബുള്ളറ്റിനരികിലേക്ക് പോയി. ഇത് കൊള്ളാം മര്യാദക്ക് വീട്ടിൽ ഉറങ്ങി കിടന്ന എന്നെ കിടക്കപ്പായിൽ നിന്ന് പൊക്കിയെടുത്തോണ്ട് പോന്നിട്ട് എന്നോട് ചാടിക്കടിക്കുന്നോ????? ഇവനിത് എന്തിന്റെ പ്രാന്താ എന്റെ മുത്തപ്പാ........ തലയും ചൊറിഞ്ഞു കൊണ്ടവൻ അച്ചുവിന്റെ കൂടെ കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എന്തായായി കൊടുത്തിട്ട് എന്ത് പറഞ്ഞു????? ആകാംഷ അടക്കാനാവാതെ നിവി ചോദിക്കുന്നത് കെട്ടാനാണ് അവൾ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്ന് ദേഷ്യത്തിൽ പായുന്ന അച്ചുവിൽ നിന്ന് നോട്ടം പിൻവലിക്കുന്നത്. ഒന്നും പറഞ്ഞില്ല. പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞവൾ മുന്നോട്ട് നടന്നു. ഇവൾക്കിത് എന്തുപറ്റി????? നിവി അവൾ പോയ വഴിയേ നോക്കി പറയുമ്പോൾ റോണിയുടെ മനസ്സിലും അതേ സംശയം തന്നെ ആയിരുന്നു. കൂടുതലൊന്നും പറയാതെ അവനും അവൾക്ക് പുറകെ നടന്നു. ക്ലാസ്സിൽ ഇരിക്കുമ്പോഴും അവൾ പതിവിൽ കവിഞ്ഞ് സൈലന്റ് ആയിരുന്നു. നിവിയുടെ ഓരോ ചോദ്യത്തിനും മൂളലിലും തലയാട്ടിലും മറുപടി ഒതുക്കും. നിവി ആണെങ്കിൽ ലെറ്റർ കൊടുക്കാൻ പറ്റിയത് കൊണ്ട് ഫുൾ ഹാപ്പിയാണ്. അവൻ തിരിച്ചു ഓക്കേ പറയുന്നതും സ്വപ്‍നം കണ്ടിരിക്കുവാണ്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. എമി മൂഡോഫ് ആണെന്ന് കണ്ടതും റോണിയും സൈലന്റ് ആയി. അതല്ലെങ്കിലും അങ്ങനെയാണ് അവളുടെ മുഖം ഒന്ന് വാടിയാൽ പിടയുന്നത് അവന്റെ നെഞ്ചായിരിക്കും പിന്നെ ഫുൾ ടൈം ചളി അടിച്ചും തല്ല് കൂടിയും അവളുടെ കൂടെ തന്നെ കാണും.

പക്ഷെ ഇത്തവണ അവൻ ചോദിക്കുന്നതിനെല്ലാം അവൾ ഒഴിഞ്ഞു മാറാൻ തുടങ്ങി. നിവി ഇരിക്കുന്നത് കൊണ്ടാണ് അവൾ മനസ്സ് തുറക്കാത്തത് എന്നവളുടെ മുഖത്തെ ദയനീയ ഭാവം കണ്ടപ്പോൾ അവന് പിടികിട്ടി. പിന്നെ മറുത്തൊന്നും ആലോചിക്കാതെ അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങി. കാര്യം അറിയാതെ പകച്ച് തങ്ങളെ തന്നെ നോക്കുന്ന നിവിയെയും അരുന്ധതി മിസ്സിനെയും ക്ലാസ്സിലെ കുട്ടികളുടെയും നോട്ടം അവഗണിച്ചു കൊണ്ടവൻ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി. അവർ സ്ഥിരമായിരിക്കുന്ന നെല്ലിമരച്ചോട്ടിൽ എത്തിയതും അവൻ അവളിലെ പിടി വിട്ടു. ഇനി പറ എന്താ നിന്റെ പ്രശ്നം???? റോണിയുടെ ചോദ്യം കേട്ടതും അവൾ അവന്റെ മുഖത്തേക്ക് നോക്കി. അറിയില്ല......... നിസ്സംഗതയോടെ അവനോട് പറഞ്ഞു. ദേ എമീ ഒരൊറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ????? നീയെന്നാടി ആളെ വടിയാക്കുന്നോ???? എടാ സത്യായിട്ടും എനിക്കറിയില്ല എന്നാ പറ്റിയെന്ന്. അവനെ കണ്ടത് മുതലാ എനിക്കിങ്ങനെ ഒക്കെ..... തല താഴ്ത്തി കൊണ്ടവൾ പറഞ്ഞു. ഏതവനെ????? അവൻ നെറ്റി ചുളിച്ച് അവളെ നോക്കി. നിവിക്ക് ഇഷ്ടം തോന്നിയില്ലേ അവൻ..... ദൂരേക്ക് ദൃഷ്ടി പായിച്ചു കൊണ്ടവൾ പറഞ്ഞു. അവനെ കണ്ടപ്പോൾ നീയിത്ര മൂഡോഫ് ആകാൻ എന്താ കാര്യം?????

എനിക്കറിയില്ല..... അവന്റെ അരികിലേക്ക് നടക്കുമ്പോൾ മുതൽ ആഗ്രഹിച്ചതെന്തോ നേടാൻ പോവുന്നു എന്ന് തോന്നിപ്പോയി..... അവനെന്റെ ആരോ ആണെന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ......... ശരിക്കും അവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്... പക്ഷെ എവിടെ എങ്ങനെ എന്നൊന്നും അറിയില്ല........ അവന്റെ അടുത്ത് നിന്ന് വന്നത് മുതൽ മനസ്സ് അസ്വസ്ഥമായി പോയി. നിവി ഇഷ്ടപ്പെടുന്ന ആളോട് എനിക്കങ്ങനെ ഒരു ഫീലിംഗ്സ് തോന്നുന്നത് ഓർക്കുമ്പോൾ എന്തോ സങ്കടമോ കുറ്റബോധമോ എന്തൊക്കെയോ തോന്നുന്നു. അറിയില്ല ഡാ എന്താ ഇങ്ങനെയൊക്കെ എന്ന്..... അസ്വസ്ഥതയോടെ അവൾ മുഖം വെട്ടിക്കുന്നതിനൊപ്പം കണ്ണുകളിൽ നനവ് പടർന്നിരുന്നു. ഏയ് എമീ...... കൂൾ...... എടാ ഒന്നുല്ല..... നിനക്ക് ചിലപ്പൊ വെറുതെ തോന്നിയതായിരിക്കും. നീയത് വിട് കൊച്ചേ....... അവളുടെ കവിളിൽ തലോടി അവൻ പറഞ്ഞതും അവളവന്റെ തോളിലേക്ക് ചാഞ്ഞു. ഇനി നിനക്ക് ശരിക്കും അങ്ങനെ ഒരു ഫീലിംഗ്സ് ഒക്കെ തോന്നിയിട്ടുണ്ടെങ്കിൽ നമുക്ക് നൈസയായിട്ട് നിവിയെ അങ്ങ് തേച്ച് അവനെ കേറി അങ്ങ് പ്രേമിക്കാം എപ്പടി??????

അവൻ പറയുന്നത് കേട്ടതും അവൾ തലയുയർത്തി അവനെ നോക്കി കണ്ണുരുട്ടി. ഈൗ...... ചോറി നീ നിന്റെ പ്രാണനാഥൻ ഡ്രാക്കുളയെയും കാത്തിരിക്കുന്ന കാര്യം ഞാൻ മറന്നുപോയി. ഇളിച്ചു കൊണ്ട് അവൻ പറഞ്ഞതും എമി അവന്റെ കയ്യിൽ പിച്ചി. ഔ.... എന്നാത്തിനാടി കോപ്പേ എന്നെ പിച്ചിയത്?????? അവൾ നുള്ളിയ ഭാഗത്ത്‌ തിരുമി കൊണ്ടവൻ അവളെ കൂർപ്പിച്ചു നോക്കി. ഡ്രാക്കുള എന്ന് അങ്ങേരെ ഞാനല്ലാതെ മറ്റാരും വിളിക്കണ്ട കേട്ടോടാ കാട്ടുകോഴി....... അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു. അയ്യോ ഞാൻ വിളിക്കുന്നില്ലേ????? തലയ്ക്ക് മീതെ കൈതൊഴുതുകൊണ്ടവൻ പറയുന്നത് കേട്ടവൾക്ക് ചിരി വന്നുപോയി. ചിരിച്ചോ ചിരിച്ചോ നിന്റെ ഒറ്റൊരാളുടെ പ്രേമം കാരണം ബാക്കിയുള്ളവന് കിടക്കപ്പൊറുതിയില്ല. എങ്ങനെയെങ്കിലും ആ അപ്പുവേട്ടനെ ഒന്ന് കിട്ടിയാൽ മതിയായിരുന്നു അങ്ങേരെ കിട്ടിയാൽ പിന്നെ നിന്റെ കാമുകനെ കണ്ടുപിടിക്കാൻ എളുപ്പാ രണ്ടും ചങ്കും കരളുമല്ലേ???? റോണി പറയുന്നത് കേട്ടവളൊന്ന് നിശ്വസിച്ചു. ആകെപ്പാടെ അറിയാവുന്ന ആ പേരും വെച്ച് കഴിഞ്ഞ മൂന്നുകൊല്ലമായി അങ്കം തുടങ്ങിട്ടിട്ട് അങ്ങേരുടെ കെട്ട് കഴിയുന്നതിനുമുന്നേ എങ്കിലും ആളെ കണ്ടെത്താൻ പറ്റിയാൽ മതിയായിരുന്നു. നീ മിണ്ടരുത് കോപ്പേ....

നീയൊറ്റൊരുത്തി കാരണാ അവനെ പറ്റി ഒന്നും അറിയാൻ പറ്റാഞ്ഞത്. അവളുടെ ഒലക്കേമ്മേല ഒരു ദേഷ്യം കാരണം അന്നവന്റെ പേര് പോലും എനിക്ക് തിരക്കാൻ പറ്റാഞ്ഞത് അല്ലായിരുന്നെങ്കിൽ അവന്റെ പേരും ഡീറ്റെയിൽസും എന്തിനേറെ അവന്റെ ജാതകം വരെ ഞാൻ എടുത്തേനെ എന്നിട്ട് അവളുടെ ഒരു പ്രസംഗം....... അവൻ ദേഷ്യത്തിൽ പറയുന്നത് കേട്ടവൾ ഇളിച്ചു. ഇളിക്കല്ലേ ഇളിക്കല്ലേ.... അന്നെന്തായിരുന്നു ഇഷ്ടമല്ല വെറുപ്പാണ് കണ്ണിൽ കാണുന്നത് തന്നെ ദേഷ്യാണ് എന്നിട്ട് ദേ ഇപ്പൊ അവനെയും കാത്ത് ഇരിക്കുന്നു. ഉളുപ്പുണ്ടോടീ????? ഇല്ലേയില്ല...... നിന്റെ കൂടെയല്ലേ സഹവാസം പിന്നെങ്ങനെ ഉണ്ടാവാനാ???? അത് കേട്ടവൻ പല്ല് കടിച്ചു. വല്ലാണ്ട് പല്ലിന്റെ ബലം ടെസ്റ്റ്‌ ചെയ്യണ്ട ചിലപ്പോൾ കൊഴിഞ്ഞു പോവും ബാ നമുക്ക് പോയി രണ്ട് സമൂസ താങ്ങാം. എമി അവന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞു. ഭക്ഷണത്തെ നിന്ദിക്കാൻ പാടില്ലാത്തത് കൊണ്ട് മാത്രം ഞാൻ വരാം. അപ്പൊ ചലോ ക്യാന്റീൻ....... അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ ക്യാന്റീനിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അപ്പുവിന്റെ വീടിന് മുന്നിൽ ഒരിരമ്പലോടെ അച്ചുവിന്റെ ബുള്ളറ്റ് വന്ന് നിന്നു. അവൻ വണ്ടി നിർത്തിയ പാടെ അപ്പു ചാടിയിറങ്ങി ശ്വാസം വലിച്ചു വിട്ടു. കൊല്ലാൻ കൊണ്ടുപോയതാണോടാ പുല്ലേ...... മനുഷ്യന്റെ നല്ല ജീവൻ പോയി...........

നെഞ്ചിൽ കൈവെച്ചവൻ പറഞ്ഞതും അച്ചു ബുള്ളറ്റിൽ നിന്നിറങ്ങി ഹെൽമെറ്റ്‌ ഊരി മുടിയൊതുക്കി അകത്തേക്ക് നടന്നു. അകത്തേക്ക് കയറിയപ്പോഴേ ഡൈനിങ്ങ് ടേബിളിൽ ഫുഡ്‌ നിരത്തുന്ന അപ്പുവിന്റെ അമ്മ ഗീതയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൻ പയ്യെ ശബ്ദമുണ്ടാക്കാതെ ചെന്ന് അവരെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു. ഗീതൂസേ.......... ഒരു കൊഞ്ചലോടെ അവരുടെ തോളിൽ തലവെച്ചവൻ വിളിച്ചതും അവരവന്റെ കയ്യിൽ പതിയെ അടിച്ചു. പേടിപ്പിക്കുന്നോടാ തല്ലുകൊള്ളി..... അത് കേട്ടതും അവൻ പൊട്ടിച്ചിരിച്ചു. എന്റെ സാറാക്കോച്ചും ഗീതുവും എന്താ ചേർച്ച. അതെങ്ങനാ രണ്ടും ചങ്ക്‌സ് അല്ലേ???? അവൻ പറയുന്നത് കേട്ടവർ ചിരിച്ചു പോയി. അല്ല ഇതെന്താ പെട്ടെന്ന് പോന്നത് ആളെ കണ്ടില്ലേ????? ഒരു കള്ളചിരിയോടെ അവർ ചോദിച്ചു. ആളെ കാണുകയും ചെയ്തു പ്രേമലേഖനവും കിട്ടി പക്ഷെ അവളുടെ കൂട്ടുകാരിയുടെ ആണെന്ന് മാത്രം. അപ്പു പുറകിൽ നിന്ന് വിളിച്ചു പറഞ്ഞതും അവർ ആണൊ എന്നർത്ഥത്തിൽ അവനെ നോക്കി. അച്ചു ആണെങ്കിൽ ഇപ്പൊ ചുവരിൽ തൂക്കും എന്ന കണക്ക് അവനെ നോക്കി. നീയിങ്ങനെ അറ്റവും മൂലയും പറയാതെ മുഴുവൻ കാര്യം പറയെട ചെറുക്കാ..... ഗീത അവനോട് പറയേണ്ട താമസം നടന്നതെല്ലാം ഒന്ന് വിടാതെ അവൻ അവരോട് പറഞ്ഞു.

അച്ചു ഒന്നും മിണ്ടാതെ അവിടെ കിടന്ന ചെയറിൽ ഇരുന്നു. നീ വിഷമിക്കാതെ മോനെ. അവൾ നിന്നെ ഇത്രയും കാത്തിരുന്നിട്ടുണ്ടെങ്കിൽ അവൾ നിനക്കുള്ളത് തന്നാ. നിന്നെ മനസ്സിലാവാത്തത് കൊണ്ടല്ലേ അവൾ കൂട്ടുകാരിക്ക് വേണ്ടി ആ കത്ത് കൊണ്ടുവന്ന് തന്നത്. നോക്കിക്കോ നിന്നെയാണ് അവൾ അന്വേഷിച്ചു നടന്നത് എന്നറിഞ്ഞാൽ അവൾ അവളുടെ പ്രണയം തുറന്ന് പറയും ഞാനാ പറയുന്നത്. ഗീത അവന്റെ തലയിൽ തഴുകികൊണ്ട് പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഇനി അവൾ തുറന്നു പറഞ്ഞില്ലെങ്കിലും അവൾ എന്റെയാ. കുറെ കാലമായി ഈ നെഞ്ചിൽ കൊണ്ടുനടക്കുന്നത് വെറുതെയല്ല. അവളുടെ കൂട്ടുകാരി അല്ല അപ്പൻ വന്ന് എതിർത്താൽ പോലും അവളെ ഞാൻ മിന്ന് കെട്ടിയിരിക്കും. ഒരു ചിരിയോടെ അവൻ പറഞ്ഞുകൊണ്ട് ചെയറിലേക്ക് ചാഞ്ഞിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പ്ലേറ്റിൽ ഇരുന്ന സമൂസ തിന്നുന്നതിനിടക്കാണ് മുതുകിൽ നല്ല ഉഗ്രൻ തല്ല് വീഴുന്നത്. അമ്മേ....... രണ്ടും ഒരുമിച്ച് കാറിക്കൊണ്ട് മുതുകിൽ കൈവെച്ചു. പ്ഫാ ഇരപ്പകളെ...... സമൂസ തിന്നാനായിരുന്നെങ്കിൽ ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ ഞാനും വരില്ലായിരുന്നോ???? ഏതാണ്ട് സിനിമ സ്റ്റൈലിൽ രണ്ടും കൂടി പോന്നപ്പോൾ ഇതിനാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ ബിസ്‌മുണ്ട്........

മുന്നിൽ നിന്ന് മൂക്ക് പിഴിയുന്നത് പോലെ കാണിച്ചവൾ പറയുന്നത് കേട്ടവർ പരസ്പരം നോക്കി. ചേട്ടാ മൂന്നു സമൂസയും രണ്ട് കട്ലറ്റും ഒരു പഫ്സും....... അവൾ വിളിച്ചു പറയുന്നത് കേട്ടവർ വാ തുറന്ന് ഇരുന്നു പോയി. ഇതാർക്കാ ഇത്രയും?????? എമി അറിയാതെ ചോദിച്ചു പോയി. എനിക്ക്......... നിനക്കോ?????? ഞെട്ടലോടെ അവർ ചോദിച്ചു. എനിക്ക് തന്നെ. അപ്പോഴേക്കും അതെല്ലാം ടേബിളിൽ വന്ന് നിരന്നിരുന്നു. നീ ഇത്രയും തിന്നോ????? മുന്നിലെ പ്ലേറ്റുകളിലേക്ക് നോക്കി റോണി ചോദിച്ചു. അതെന്താ ഞാൻ തിന്നാൽ ഇറങ്ങില്ലേ??? അവൾ ഒറ്റപിരികം പൊക്കി അവനെ നോക്കി. തിന്നോ തിന്നോ.......... അവൻ കൈകൂപ്പി കൊണ്ട് പറഞ്ഞു. പിന്നെ അവിടെ നടന്നത് ഒരാക്രമണം ആയിരുന്നു. ഒരു കയ്യിൽ പഫ്സും മറുകയ്യിൽ സമൂസയും എടുത്തു ഒരേ സമയം മാറി മാറി തിന്നുന്ന അവളെ കണ്ട് അവർ തലയിൽ കൈവെച്ച് ഇരുന്നു പോയി. അവളുടെ തീറ്റ കണ്ട് ക്യാന്റീനിലെ സകലരും അവളെ നോക്കി. എല്ലാവരും നോക്കുന്നത് കണ്ടതും അവൾ പ്ലേറ്റിൽ നിന്ന് തലയുയർത്തി പറക്കും തളികയിലെ ബസന്തിയെ പോലെ ചിരിച്ചു കാണിച്ചു. ഇതെന്ത് ജീവി എന്ന കണക്ക് എല്ലാവരും അവളെ നോക്കി ഇരുന്നു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കോളേജ് വിട്ട് വീട്ടിൽ എത്തിയതും എമി കയ്യിലിരുന്ന ബാഗ് സോഫയിൽ വലിച്ചെറിഞ്ഞിട്ട് അടുക്കളയിലേക്ക് ഓടി.

സ്റ്റെല്ല അവിടെ പഴംപൊരി ഉണ്ടാക്കുന്നത് കണ്ടതും അവൾ ഓടിച്ചെന്ന് രണ്ടെണ്ണം എടുത്തു കയ്യിൽ പിടിച്ചു. ആഹ് വന്നോ????? നീ കൈകഴുകിയിട്ടാണോ എടുത്തത്???? ഓഹ് കയ്യൊക്കെ ഇനി കഴിച്ചിട്ട് കഴുകാം. പറയുന്നതിനൊപ്പം അവൾ കയ്യിലിരുന്ന പഴംപൊരിയിൽ കടിച്ചു. ഓഹ് ഇങ്ങനെ ഒരു പെണ്ണ്..... ആ ബാഗ് അവിടെ വലിച്ചെറിഞ്ഞിട്ടിട്ടായിരിക്കും വരവ് അല്ലെ?????? അവർ തിരിഞ്ഞു നിന്ന് ചോദിച്ചു. അതേ അതാണല്ലോ ശീലം....... അവൾ തോള് ചരിച്ച് ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞതും സ്റ്റെല്ല അവളെ തല്ലാനായി കൈപൊക്കി. അത് കണ്ടതും കുറുമ്പൊടെ മാറി അവരെ നോക്കി നാക്ക് നീട്ടി അവൾ ഓടി. അവൾ ഓടി ഹാളിൽ എത്തിയതും ജോൺ ബാങ്കിൽ നിന്ന് തിരികെ എത്തിയിരുന്നു. ജോണിനെ കണ്ടതും അവൾ അയാളെ പിടിച്ചിരുത്തി കോളേജിലെ വിശേഷങ്ങൾ പറയാൻ തുടങ്ങി. അവൾ വാതോരാതെ പറയുന്നതൊക്കെ ചിരിയോടെ കേട്ട് അവളെ തലോടി അയാളിരുന്നു. പറയുന്നതിനിടെ അവൾ കയ്യിലിരുന്ന പഴംപൊരിയിൽ കടിക്കും ഇടയ്ക്ക് ജോണിന്റെ വായിലും വെച്ച് കൊടുക്കും. അവസാനം സ്റ്റെല്ല വന്ന് ഒച്ചയിട്ടപ്പോൾ രണ്ടും എഴുന്നേറ്റ് ഫ്രഷാവാൻ മുറിയിലേക്കോടി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാത്രി എല്ലാവരും അത്താഴം കഴിക്കാൻ ഇരിക്കുമ്പോഴാണ് അച്ചു അവിടേക്ക് എത്തുന്നത്.

നീ എവിടായിരുന്നെടാ ഇത്രയും നേരം??????? സാറാ അവനെ കണ്ടതും ചോദിച്ചു. ഗീതൂന്റെ അടുത്തായിരുന്നു. സാറായോട് പറഞ്ഞവൻ അകത്തേക്ക് കയറാൻ ഭാവിച്ചു. അല്ല അച്ചു നീയൊന്നും കഴിക്കുന്നില്ലേ???? വേണ്ട ഏട്ടത്തി ഞാൻ കഴിച്ചിട്ടാ വന്നത്. ചോദ്യം ചോദിച്ച റിയയോട് ഒരു ചിരിയോടെ മറുപടി പറഞ്ഞവൻ സ്റ്റെയർ കയറാൻ തുനിഞ്ഞതും അനു അവന് തടസമായി മുന്നിൽ നിന്നു. അവൻ നെറ്റിച്ചുളിച്ച് അവളെ നോക്കി. നാളെ എന്റെ കോളേജിലെ ഫങ്ക്ഷന് ഗസ്റ്റ് ആയിട്ട് വരുന്നുണ്ടോ???? ഗൗരവത്തിൽ അവൾ ചോദിച്ചു. അതിപ്പൊ നീയെന്തിനാ അറിയുന്നത്???? ചോദിച്ചതിന് ഉത്തരം താ വരുന്നുണ്ടോ എന്ന്????? അവരുടെ സംഭാഷണം കേട്ടതും എല്ലാവരും അങ്ങോട്ട്‌ കണ്ണുകൾ പായിച്ചു. ആഹ് വരുന്നുണ്ട്. അവൻ അത്രയും പറഞ്ഞ് അവളെ മറികടന്ന് പോവാനാഞ്ഞു. എന്റെ കോളേജിൽ ഇയാൾ വരണ്ട. അവനെ പോവാൻ സമ്മതിക്കാതെ അവൾ പറഞ്ഞു. അത് പറയാൻ നീയാരാ?????? അവൻ ഗൗരവത്തിൽ അവളെ നോക്കി. നിങ്ങൾ അങ്ങോട്ട്‌ വരുന്നത് എനിക്കിഷ്ടമല്ല അതിലുപരി വെറുമൊരു ips ഓഫീസർ ആയ നിങ്ങൾ എന്റെ ചേട്ടൻ ആണെന്ന് പറയുന്നത് എനിക്ക് നാണക്കേടാണ്. അനൂ.........

സാറാ ശബ്ദമുയർത്തി അവളെ വിളിച്ചു. അലറണ്ട ഞാൻ പറയും ഇയാൾ നാളെ അവിടെ വന്നാൽ ഞാനെന്റെ പഠിപ്പ് നിർത്തും. ദേഷ്യത്തിൽ അനു അവനെ നോക്കി. നിർത്തിക്കോ....... അച്ചു ഭാവവ്യത്യാസം ഏതുമില്ലാതെ പറഞ്ഞു. അത് കേട്ടതും അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി. നീ എന്തൊക്കെ പറഞ്ഞാലും നാളെ ഞാൻ കോളേജിലെ ഫങ്ക്ഷന് വന്നിരിക്കും കാരണം അത് ഞാൻ പഠിച്ച കോളേജ് ആണ്. വരരുത് എന്ന് പറയാൻ നിനക്ക് യാതൊരു അർഹതയുമില്ല കാരണം നിനക്ക് ഇങ്ങനെ ഒരു ചേട്ടൻ ഇല്ലായെന്ന് നീ നേരത്തെ പറഞ്ഞതാണ്. അഗസ്റ്റി എന്ന നിന്റെ ഇച്ചായൻ നിന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞതാണ് അതുകൊണ്ട് നിനക്കെന്നെ ചോദ്യം ചെയ്യാനോ തടയാനോ യാതൊരു അർഹതയുമില്ല. പിന്നെ നീ പഠിപ്പ് നിർത്തുകയോ നിർത്താതെ ഇരിക്കുകയോ ഒക്കെ നിന്റെ ഇഷ്ടം i just dont care. എന്തായാലും കോളേജ് ഫങ്ക്ഷന് ഞാൻ വന്നിരിക്കും. അവൻ അത്രയും പറഞ്ഞവൻ അകത്തേക്ക് കയറിപ്പോയി. അവന്റെ പോക്കും നോക്കി പകയോടെ അവൾ പല്ല് കടിച്ചു....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story